UPDATES

വായന/സംസ്കാരം

നമ്മുടെ കുട്ടികള്‍ എന്തുകൊണ്ട് മലയാളം പഠിക്കണം

10-ക്ലാസ് വരെ മലയാളം നിര്‍ബന്ധമാക്കിയ നടപടി അഭിനന്ദനാര്‍ഹം

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി 2017 ഏപ്രില്‍ 11 ന് അഴിമുഖത്തില്‍ എഴുതിയ ലേഖനം കേരളപ്പിറവി ദിനത്തില്‍ പുനപ്രസിദ്ധീകരിക്കുന്നു.

മലയാളം മറക്കുന്ന മലയാളികള്‍ എന്നുപറയുമ്പോള്‍ പെറ്റമ്മയെ മറക്കുന്ന മക്കളെന്നാണര്‍ത്ഥം. മലയാളികളുടെ മാതൃഭാഷയായ മലയാളം ഇന്ന് മലയാളികളാല്‍ തന്നെ അവഗണിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുന്നതിന്റെ കാഴ്ചകളാണ് നമുക്ക് കാണാനാവുക. ദൃശ്യമാധ്യമങ്ങളുടെ പേമാരിക്കാലത്ത്, ചാനലുകളിലെ അവതാരകരാണ് മലയാളത്തെ കശാപ്പുചെയ്യുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് എന്നു കാണാനാവും. ഇതിലേറേ ആശ്ചര്യകരം മലയാളികളുടെ സ്വന്തം മാതൃഭാഷയായ മലയാളത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചുകൊണ്ട് ഉത്തരവു പുറപ്പെടുവിച്ചത് ഈ അടുത്തകാലത്താണ് എന്നതാണ്. എന്നാല്‍ ഉത്തരവുകളും പരിഗണനകളുമെല്ലാം കാറ്റില്‍പ്പറത്തികെണ്ട് നമ്മുടെ ഭാഷയെ എല്ലായിടവും അവഗണിക്കുന്നതിന്റെ അനുഭവങ്ങളാണ് ഔദ്യോഗികമായിത്തന്നെ കാണാവുന്നത്.

കേരളത്തിലെ സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതു ന്നെ 2011 മേയ് അഞ്ചിനാണ്. എന്തായാലും കഴിഞ്ഞ ദിവസം പത്താംക്ലാസ് വരെയുള്ള സ്‌കൂള്‍ പഠനത്തില്‍ മലയാളം നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വന്നിരിക്കുന്ന ഈയവസരത്തില്‍ ചെറുതല്ലാത്ത ആശ്വാസവും ആഹ്ളാദവുമാണ് ഭാഷ സ്‌നേഹികള്‍ക്ക് കൈവന്നിരിക്കുന്നത്. കാരണം, ഇന്നു മലയാളികളില്‍, പ്രത്യേകിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് മഹത്തരമെന്നു ധരിച്ചുവശായ മാതാപിതാക്കളുടെ ന്യൂജനറേഷന്‍ മക്കളില്‍ പലര്‍ക്കും മലയാളം എഴുതാനോ വായിക്കാനോ അറിയില്ല. സ്വയമേ മലയാളം പഠിക്കുന്നില്ലെങ്കില്‍ നിര്‍ബന്ധിതമായി മലയാളം പഠിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം നിറവേറ്റപ്പെടേണ്ടാതാണ് എന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ ബോധ്യത്തെ അഭിനന്ദിക്കാതെ വയ്യ.

മലയാളം നാവിനും പേനയ്ക്കും വഴങ്ങാത്ത ഒരു ദുരന്ത തലമുറ ഇതിനകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ആവര്‍ത്തനം ഒഴിവാക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് ഈ ഓര്‍ഡിനന്‍സ് നിറവേറ്റാന്‍ പോകുന്നത്. അടുത്തകാലംവരെ കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കാനുള്ള ശ്രമമില്ലായിരുന്നു. അതിലേറെ പരിതാപകരമാണ് കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം സംസാരിച്ചാല്‍ നിര്‍ബന്ധപൂര്‍വ്വം വിടുതല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരുന്നുവെന്നുള്ളത്. അത് പലപ്പോഴും അധ്യാപകരുടെ പലവിധ ക്രൂരതകള്‍ക്കും കുട്ടികള്‍ ഇരയാകുന്ന ഘട്ടത്തിലേക്ക് വരെ എത്തിച്ചേര്‍ന്നിരുന്ന വാര്‍ത്തകള്‍ നമുക്ക് അപരിചിതമല്ല . ഇതെല്ലാം ഇവിടെ നടക്കുമ്പോള്‍ പണ്ഡിതവരേണ്യരും അധികൃതരുമൊക്കെ ഇവിടെ എന്തെടുക്കുകയായിരുന്നു എന്ന ചോദ്യം വരുന്നത് സ്വാഭാവികം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം തമിഴന്റേയും കന്നടക്കാരന്റെയുമൊക്കെ മാതൃഭാഷാ സ്‌നേഹത്തെ, ഭാഷാഭിമാനത്തെ നമിക്കുകതന്നെ വേണം. അവര്‍ക്ക് മാതൃഭാഷ ജീവനില്‍ നിന്നും ജീവിതത്തില്‍ നിന്നും വേറിട്ടതല്ല എന്നതില്‍ മലയാളികള്‍ക്ക് പാഠങ്ങളുണ്ട്.

നാം മലയാളികള്‍ മാതൃഭാഷയെ ജീവതത്തോട് ചേര്‍ത്തു നിര്‍ത്തി ഊറ്റം കൊള്ളുന്നത് ‘എനിക്ക് മലയാലം റെറ്റ് ചെയ്യാനോ, റീഡ് ചെയ്യാനോ അരിയില്ല’ എന്നഭിമാനിച്ച് കൊണ്ടാണ്. ദൃശ്യമാധ്യമങ്ങളിലൂടെ പേരെടുത്ത ചിലയാളുകള്‍ മലയാളം പറയുന്നതുതന്നെ മലയാളത്തെ ഇംഗ്ലീഷില്‍ എഴുതി മലയാളത്തില്‍ ഉച്ഛരിച്ചാണ് എന്നതറിയുമ്പോള്‍ ചുരുങ്ങിയ പക്ഷം നാം ഒന്നു ഞെട്ടേണ്ടതെങ്കിലുമാണ്. മറിച്ച് നാം ചെയ്യുന്നത് അത്യധികം ആരാധനയോടെ അവരുടെ വാക്‌സാമര്‍ത്ഥ്യത്തെ വാനോളം പുകഴ്ത്തുകയാണ്. മലയാള ലിപികളും വാക്കുകളും അര്‍ത്ഥങ്ങളുമൊക്കെ വക്കൊടിഞ്ഞും വലിഞ്ഞുനീണ്ടും വികലമാകുന്നതിന്റെ വേദനയുടെ അസ്വസ്ഥത നമ്മുടെ മനസ്സിനെ മഥിക്കുന്നില്ല. ഇത് ജുഗുപസാവഹമാണ്. ആത്യന്തികമായി മാപ്പര്‍ഹിക്കാത്ത കുറ്റവും.

മാധ്യമങ്ങളുടെ ആധിക്യവും ആധിപത്യവും, നമ്മുടെ ഭാഷയുടേയും സംസ്‌കാരത്തിന്റെയും വളര്‍ച്ചയെ സഹായിക്കേണ്ടതാണ്. എന്നാല്‍ അവ മഹത്തായ നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും മീതെ അധിനിവേശം നടത്തുകയാണ് ചെയ്യുന്നത്. ഭാഷയുടെ ഉപയോഗവും ഉച്ഛാരണവും മുതല്‍ എല്ലാം നമ്മള്‍ അറിഞ്ഞുകൊണ്ടുതന്നെ ആംഗലേയവത്കരിക്കുകയാണ്. അവിടെ നമ്മുടെ ഭാഷയുടെ മഹത്വം അവഗണിക്കപ്പെടുകയാണ്. നമ്മള്‍ നമ്മുടെ മലയാളത്തെ ഇംഗ്ലീഷിലാക്കി സ്വന്തം സ്വത്വങ്ങള്‍ നഷ്ടപ്പെടുത്തുന്നു. അതിന് ദൃശ്യമാധ്യമങ്ങള്‍ അവറ്റകളെക്കൊണ്ടാവോളം സൗകര്യങ്ങളൊരുക്കുന്നു. അപ്പോഴും മലയാളത്തിലെ മാധ്യമങ്ങളുടെ എണ്ണത്തില്‍ നാം ഊറ്റം കൊള്ളുന്ന സമൂഹമായി തുടരുകയും ചെയ്യുന്നു.

‘അമ്പത്താറക്ഷരമല്ല
അമ്പത്തൊന്നക്ഷരവുമ-
ല്ലെന്റെ മലയാളം…

മലയാളമെന്ന നാലക്ഷരവുമല്ല
അമ്മ എന്ന ഒരൊറ്റക്ഷരമാണ്
മണ്ണ് എന്ന ഒരൊറ്റക്ഷരമാ
ണെന്റെ മലയാളം’

എന്നു കുഞ്ഞുണ്ണി മാഷ് പാടിയ പോലെ, നമ്മുടെ (എന്റെ) മലയാളം നമ്മുടെ അമ്മയും മണ്ണുമാണെന്നുമുള്ള തിരിച്ചറിവ് ഓരോ മലയാളിക്കുമുണ്ടാവണം. സ്വന്തമായി ഒരു ഭാഷയുണ്ടായിരിക്കുകയെന്നത് എത്ര വലിയ അനുഗ്രഹമാണെന്ന് ആ ഭാഷ ഇല്ലാതാകുമ്പോഴേ മനസ്സിലാകൂ. മാതൃഭാഷയെ പുച്ഛിക്കുന്നവര്‍ മലയാള ഭാഷയുടെ മഹത്വം മനസ്സിലാക്കാത്തവരാണ്. മാതൃഭാഷയെ അവഗണിച്ചാലും സാരമില്ല, താത്കാലികവും പ്രായോഗികവുമായ നേട്ടങ്ങള്‍ ഉണ്ടായാല്‍ മതി എന്നു വിചാരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പുമുറിക്കുന്ന മണ്ടത്തരം ചെയ്യുന്നവരാണെന്നേ പറയാനാകൂ. തികച്ചും താത്കാലികമായ നേട്ടങ്ങള്‍ക്ക് വേണ്ടി, ചില മുന്‍വിധികളില്‍ കുടുങ്ങി മലയാളം മറക്കുന്ന മലയാളി വാസ്തവത്തില്‍ അത്യന്തം ദയനീയ സ്ഥിതിയിലാണെന്നതാണ് സത്യം.

ഭാര്യ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുമ്പോഴെ, കുട്ടി ജനിക്കുമ്പോള്‍ത്തന്നെ ഇംഗ്ലീഷിന്റെ മണവും വായുവും ശ്വസിക്കാനും സംസാരിക്കണമെന്ന ആഗ്രഹത്തോടെ, പ്രസവം ഇംഗ്ലണ്ടില്‍ വെച്ച് നടത്താന്‍ ആലോചിക്കുന്ന ഭര്‍ത്താവ്- ഇതു വെറും കവി കല്‍പന മാത്രമല്ല, ഇന്നത്തെ സമൂഹത്തിന്റെ ചിന്താഗതിയെ വളച്ചൊടിക്കലുകള്‍ ഇല്ലാതെ, തുറന്നു കാണിക്കുന്ന കവി ഒരു കാലഘട്ടത്തിന്റെ നെടുവീര്‍പ്പാണ് പങ്കുവെക്കുന്നത്..!

പുതു തലമുറക്ക് മലയാളം എഴുതാനും വായിക്കാനും കഴിയാതായെങ്കില്‍ അത് അവരുടെ കുറ്റമല്ല എന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ. മക്കള്‍ക്ക് നല്ലത് വരട്ടെ എന്ന വിചാരത്തില്‍, ഇംഗ്ലീഷിന്റെ പിന്നാലെ അവരെ അയച്ച മാതാപിതാക്കളെയും അവരെ അതിന് പ്രേരിപ്പിച്ച സമൂഹമനോഭാവത്തെയുമാണ് പഴി പറയേണ്ടത്. ആരോഗ്യം നന്നാകട്ടെ എന്നു കരുതി കുട്ടികള്‍ക്ക് മാരകമായ ഔഷധം കൊടുക്കുന്നത് പോലെയാണത്. മലയാള ഭാഷയുടെ ആദ്യ പാഠങ്ങള്‍ നല്‍കാതെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് അയക്കുന്ന രക്ഷിതാക്കളുടെ മനോഭാവം മാറേണ്ടതുണ്ട്. മാതൃഭാഷയില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് വിഷയങ്ങള്‍ പഠിക്കാന്‍ എളുപ്പമാകും. ഇതിലൂടെ കൂടുതല്‍ വിജ്ഞാനം വശത്താക്കാന്‍ സാധിക്കും. മലയാള ഭാഷ നന്നായി പഠിപ്പിച്ചതിന് ശേഷമായിരിക്കണം മറ്റു ഭാഷകള്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ പരിശീലനം നല്‍കേണ്ടത്. കുട്ടികളെ മലയാളം നന്നായി എഴുതാനും വായിപ്പിക്കാനും പഠിപ്പിക്കണം. മാതൃഭാഷ പഠിച്ചാല്‍ മറ്റു ഭാഷകള്‍ കൈപിടിയിലൊതുക്കാന്‍ കുട്ടികള്‍ക്ക് എളുപ്പമാകും.

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിച്ച് മലയാളം മറന്ന് പോകുന്ന വിദ്യാര്‍ഥികള്‍ സമൂഹത്തിലെ പ്രധാന സ്ഥാപനങ്ങളില്‍ എത്തുകയും മലയാളം പഠിച്ച കുട്ടികള്‍ക്ക് അത്തരം അവസരങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ആപത്കരമാണ്. ഇംഗ്ലീഷ് പഠിക്കാന്‍ മലയാളം പഠിക്കാതിരിക്കുന്നതാണ് നല്ലതെന്ന മൂഢവിശ്വാസം ചിലര്‍ക്കുണ്ട്. ഈ വിഷയത്തില്‍ രക്ഷിതാക്കളുടെ മാനോഭാവത്തിന് മാറ്റം വരണം. മലയാള ഭാഷ നന്നായി പഠിക്കാന്‍ കുട്ടികള്‍ക്ക് ബാല്യത്തില്‍ തന്നെ പരിശീലനം നല്‍കണം. ഇതിലൂടെ മാത്രമേ അവര്‍ക്ക് നമ്മുടെ സംസ്‌കാരവും പൈതൃകവും പഠിക്കാന്‍ സാധിക്കുകയുള്ളൂ. മാതൃഭാഷയില്‍ നിന്ന് അകലുമ്പോള്‍ അവര്‍ നമ്മുടെ പൈതൃകത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അകലുന്നു. മലയാളി എന്ന സ്വത്വവിചാരത്തിന് ഇളക്കം തട്ടുന്നു. ഇതൊന്നും നല്ല സൂചനകളല്ല.

എന്റെ മോന്‍/മോള്‍ക്ക് മലയാളം അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്ന മലയാളികളുണ്ട്!
ഈ സ്ഥിതി ഇപ്പോള്‍ കുറെയൊക്കെ മാറി വരുന്നുണ്ട്. എത്ര നല്ല ഇംഗ്ലീഷ് പറഞ്ഞാലും നമ്മളൊരിക്കലും ഇംഗ്ലീഷുകാരാവുകയില്ല. എന്നാല്‍ ആ വ്യര്‍ത്ഥശ്രമത്തിനിടയില്‍ നമ്മള്‍ മലയാളിയല്ലാതായിത്തീരുക മാത്രം ചെയ്യുന്നു. പല ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും മലയാളം പറഞ്ഞാല്‍ ഫൈന്‍ ഈടാക്കുന്ന അവസ്ഥയുണ്ട്. ഇത്തരക്കാരാണ് മലയാള ഭാഷയെ അപമാനിക്കുന്നത്. കൊച്ചു കുട്ടികള്‍ക്ക് പോലും സ്വന്തം ഭാഷയില്‍ മറ്റു കുട്ടികളുമായി ആശയ വിനിമയം നടത്തുന്നതിന് ചങ്ങലക്കിടുന്ന പ്രവണത. ഇത് വിദ്യാര്‍ഥികളില്‍ സംഘര്‍ഷം ഉണ്ടാക്കും. ഇംഗ്ലീഷിന് നല്‍കുന്ന പ്രാധാന്യമെങ്കിലും മലയാളത്തിനും നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറാകണം. മലയാളത്തെ കുറിച്ചുള്ള സമൂഹത്തിന്റെ മനോഭാവത്തിന് തന്നെ മാറ്റം വരണം. അല്ലെങ്കില്‍ ഈ ഭാഷ അധികം വൈകാതെ അപ്രത്യക്ഷമാകുന്ന ദുരന്തത്തിനും നാം സാക്ഷിയാകും ..!

‘ഏതൊരു വേദവുമേതൊരു ശാസ്ത്രവുമേതൊരു
കാവ്യവുമേതൊരാള്‍ക്കും ഹൃത്തില്‍പ്പതിയേണമെങ്കില്‍
സ്വഭാഷ തന്‍ വക്ത്രത്തില്‍നിന്നു താന്‍ കേള്‍ക്കവേണം…’

മഹാകവി വള്ളത്തോളിന്റെ ഈ വരികളില്‍നിന്നു മാതൃഭാഷയുടെ ജീവല്‍ പ്രാധാന്യമെന്താണെന്നു വ്യക്തമാകും ഏതൊരാള്‍ക്കും. ചിന്തയുടെ മാധ്യമം ഭാഷയാണ്, വിദ്യാഭ്യാസത്തിന്റെ മാധ്യമവും ഭാഷ തന്നെ.

മലയാളം, ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ്. ഇതു ദ്രാവിഡ ഭാഷാ കുടുംബത്തില്‍പ്പെടുന്നു. ഇന്ത്യയില്‍ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് മലയാളം. മലയാള ഭാഷ ‘കൈരളി’ എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ് മലയാളം. കേരളത്തിനും ലക്ഷദ്വീപിനും പുറമേ ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉള്‍പ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങള്‍ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു.

മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികള്‍ എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയര്‍ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.90 കോടി ജനങ്ങള്‍ മലയാള ഭാഷ സംസാരിക്കുന്നുണ്ട്. ദ്രാവിഡഭാഷാ കുടുംബത്തില്‍ ഉള്‍പ്പെടുന്ന മലയാളത്തിന്, ഇതര ഭാരതീയ ഭാഷകളായ സംസ്‌കൃതം, തമിഴ് എന്നീ ഉദാത്തഭാഷകളുമായിപ്രകടമായ ബന്ധമുണ്ട്.
മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് തന്റെ പ്രിയ ഭാഷയെക്കുറിച്ചുള്ള ആകുലതകളും വിഷമതകളും പങ്കുവച്ചിരുന്നതു ശ്രദ്ധാര്‍ഹമാണ് :

‘കേരളത്തില്‍ ഒരു രംഗത്തും മലയാളമറിയുക എന്നതു പോലും അനിവാര്യമാണെന്ന അവസ്ഥയുണ്ടായിട്ടില്ല. ഭരണഭാഷ മലയാളമാക്കുന്നതിനു ഒരു വകുപ്പ് സെക്രട്ടേറിയേറ്റിലുണ്ട്.. അത് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍, ഇംഗ്ലീഷില്‍ എഴുതി ഉണ്ടാക്കുന്നത് വാക്കിനു വാക്ക് മലയാളമാക്കുന്നതിനുള്ള അഭ്യസമാണവിടെ നടന്നത്..’

പ്രാഥമിക വിദ്യാഭ്യാസത്തില്‍ മാതൃഭാഷയ്ക്കുള്ള മൗലിക പ്രാധാന്യം ഇനിയും നാം മനസ്സിലാക്കാന്‍ കൂട്ടാക്കുന്നില്ല എന്നതാണ് നിര്‍ഭാഗ്യകരമായ അനുഭവം. ഒരു കുട്ടി അവന്‍ പിറന്നു വളര്‍ന്ന പരിസ്ഥിതിയെ സ്വന്തം ഭാഷയില്‍ തന്നെ മനസ്സിലാക്കിയേ മതിയാവൂ. വീട്ടുമുറ്റത്ത് വിടരുന്ന പിച്ചിയും അരിമുല്ലയും കുടമുല്ലയുമെല്ലാം വക തിരിച്ചു മനസിലാക്കാനും അതോരോന്നിനെയും വ്യത്യസ്ത ഗന്ധത്തിലൂടെ തിരിച്ചറിയാനും ആ പ്രത്യേക ഭാഷാനാമങ്ങളില്‍ തന്നെ അവയെ അറിയണം. അവക്കെല്ലാം കൂടി Jasmine എന്ന ഒരൊറ്റ പേര് പോരാ എന്ന് ചുരുക്കം. അതിനുള്ള തുടക്കമാവട്ടെ ഇടതുപക്ഷ സര്‍ക്കാരിന്റെ മലയാള ഭാഷ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പുതിയ നിയമ പരിഷകാരം!

ഈയവസരത്തില്‍ സര്‍ക്കാര്‍ ഉത്തരവ് നിര്‍ണായകമാണ്. ഗവണ്‍മെന്റിന്റെ ഇച്ഛാശക്തി ആ ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. അത്രയും നല്ലത്. പക്ഷേ ആശയത്തിനും പ്രവൃത്തിക്കുമിടയില്‍ കുറച്ച് ദൂരമുണ്ട്. ഇപ്പോഴും മലയാളം ഉപയോഗിക്കാവുന്ന, ഉപയോഗിക്കേണ്ട അനേകം സന്ദര്‍ഭങ്ങളില്‍ നാം ഇംഗ്ലീഷ് ഉപയോഗിക്കുന്നു. നിയമം കൊണ്ട് മാത്രം മാറ്റാനാവില്ല, മനോഭാവം മാറണം. അത് സാവധാനമേ നടക്കൂ. ജനങ്ങള്‍ ആവശ്യപ്പെടണം. ഒപ്പം നിയമവും വേണം. ഇംഗ്ലീഷില്‍ എഴുതുകയും സംസാരിക്കുകയും ചെയ്യുന്നതിന് പ്രത്യേക മേന്മയൊന്നും ഇല്ലെന്ന് പൊതുസമൂഹം തിരിച്ചറിയുന്ന അവസ്ഥ ഉണ്ടാവണം.

2013 മെയ് മാസം 23 ന് നമ്മുടെ മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചു. പണ്ഡിതനും കവിയും ഭരണ നിപുണനുമായ ശ്രീ. കെ. ജയകുമാര്‍ തലവനായി മലയാള സര്‍വ്വകലാശാലയും നിലവില്‍ വന്നു. യുനസ്‌കോയുടെ ശ്രേഷ്ഠഭാഷ പട്ടികയില്‍ മലയാളത്തിന് പതിനാറാമത്തെ സ്ഥാനമുണ്ട്. ഇത്രമാത്രം ഭാഷകളുള്ള ഈ ലോകത്തില്‍ നമ്മുടെ ഭാഷയ്ക്ക് ശ്രേഷ്ഠഭാഷകളില്‍ പതിനാറാം സ്ഥാനമുണ്ട് എന്നത് അത്യാഹ്ളാദവും അഭിമാനവും നല്‍കുന്നതാണ്. ഇന്ത്യന്‍ ഭാഷകളില്‍ സംസ്‌കൃതം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകള്‍ക്കൊപ്പം നമ്മുടെ ഭാഷ മലയാളവും ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നത് ഏതൊരു മലയാളിക്കും ആത്മാഭിമാനമുണ്ടാക്കേണ്ടതാണ്. എന്നാല്‍ എന്റെ മോന്‍/മോള്‍ക്ക് മലയാളം അറിയില്ല എന്ന അഭിമാനപൂര്‍വ്വം പറയുന്ന രക്ഷിതാക്കള്‍ മനസ്സിലാക്കണം കാലാന്തരത്തില്‍ ആ മക്കള്‍ അവര്‍ക്ക് അമ്മയേയും അച്ഛനേയുമറിയില്ലെന്നു പറയുന്നവരായി വളരുമെന്ന്. അതൊരു തിരിച്ചറിവായി, ഒരു തിരുത്തലായി മനസ്സിലുണ്ടാകണം.

മഹാകവി പി. കുഞ്ഞിരാമന്‍നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസകാരം കിട്ടിയപ്പോള്‍ പുരസ്‌കാര സ്വീകരണത്തിനായി കവി ഡല്‍ഹിയിലെത്തി. പുരസ്‌കാര സ്വീകരണത്തിനുശേഷം കൈപ്പറ്റു രസീതില്‍ അദ്ദേഹം അഭിമാനപൂര്‍വ്വം മലയാളത്തില്‍ പേരെഴുതി ഒപ്പിട്ടു. എന്നാല്‍ കൈയ്യൊപ്പ് ഇംഗ്ലീഷില്‍ വേണമെന്ന് കാര്യദര്‍ശി ഉദ്യോഗസ്ഥന്‍ ശഠിച്ചപ്പോള്‍ ഭാഷാഭിമാനം കൊണ്ട് ആ കവി പൊട്ടിത്തെറിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.

‘ഈ ഭാഷകൊണ്ടാണ് ഞാനിവിടെയെത്തിയത്. ഈ ഭാഷ വേണ്ടെങ്കില്‍ നിങ്ങളുടെ നക്കാപ്പിച്ച കാശെനിക്കും വേണ്ട.’ കവിയുടെ കത്തിജ്വലിക്കുന്ന ഭാവവും വാക്കുകളും അധികൃതരുടെ പിടിവാശി കളഞ്ഞുവെന്നുമാത്രമല്ല; അവര്‍ കവിയോട് മാപ്പിരക്കുകയും ചെയ്തു എന്നത് ഭാഷാപ്രണയ ചരിത്രം.

‘ജനനീ ജന്മഭുമിശ്ച
സ്വര്‍ഗാദപി ഗരീയസി’ എന്ന ആപ്ത വാക്യം അനുസരിച്ച് പെറ്റമ്മയ്ക്കും പിറന്ന ഭുമിക്കും നാം പ്രാധാന്യം കല്‍പ്പിക്കുന്നതുപോലെ, മാതൃഭാഷയ്ക്കും അര്‍ഹമായ സ്ഥാനം നല്‍കേണ്ടതാണ്. പ്രതിസന്ധികള്‍ തരണം ചെയ്തു വളര്‍ച്ചയുടെ പുതിയ പടികള്‍ കടന്ന് ഔന്നത്യത്തിന്റെ ഗിരിശൃംഗങ്ങളിലേക്ക് നമ്മുടെ മലയാള ഭാഷ മുന്നേറുമെന്നു പ്രത്യാശിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍