UPDATES

ട്രെന്‍ഡിങ്ങ്

നിധീഷിനെ സര്‍ക്കാര്‍ കൈവിട്ടില്ല; ഫെല്ലോഷിപ്പ് തുക അനുവദിച്ചു

ദളിത് വിദ്യാര്‍ത്ഥിയായ നിധീഷ് ഒമ്പതുമാസം മുമ്പ് അപേക്ഷിച്ച ഫെല്ലോഷിപ്പ് തുക അനുവദിച്ചു കിട്ടാത്തതുമായി ബന്ധപ്പെട്ട്‌ മാധ്യമ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് നടപടി

ജര്‍മനിയിലെ ഗോട്ടിംഗെന്‍ സര്‍വകലാശാലയിലെ എം എ റിസര്‍ച്ച് വിദ്യാര്‍ത്ഥി നിധീഷ് കെ സുന്ദറിന് ഒടുവില്‍ സര്‍ക്കാരിന്റെ സഹായം. ഒമ്പതു മാസങ്ങള്‍ക്കു മുമ്പ് ഫെല്ലോഷി്പ്പിന് അപേക്ഷിച്ചിട്ടും സര്‍ക്കാര്‍ സഹായം വൈകുന്നതിനാല്‍ കടുത്ത മാനസികസംഘര്‍ഷം അനുഭവിക്കുന്ന നിധീഷിനെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് നിധീഷിന് പണം അനുവദിച്ചതായി പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ അറിയിച്ചത്. ഇരുപത് ലക്ഷത്തി തൊണ്ണൂറ്റിയൊമ്പതിനായിരം രൂപയാണ് അനുവദിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങി. നിധീഷിന്റെ അപേക്ഷ പരിഗണിക്കുന്നതിന് വകുപ്പ് തലത്തില്‍ ബോധപൂര്‍വമായ കാലതാമസം വന്നിട്ടുണ്ടോയെന്നു പ്രത്യേകം പരിശോധിക്കുമെന്നും ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിധീഷിന്റെ സാഹചര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് അഴിമുഖം ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്.

മന്ത്രി ബാലന്‍, ജാതിയും ദാരിദ്ര്യവും നിധീഷ് എന്ന ദളിത്‌ ഗവേഷകനെ കൂടി കൊലയ്ക്ക് കൊടുക്കാന്‍ അനുവദിക്കരുത്

മന്ത്രി എ കെ ബാലന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നിധീഷ് കെ സുന്ദറിന് ജര്‍മനിയില്‍ പഠിക്കുവാന്‍ ഇരുപത് ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരം രൂപയുടെ ധനസഹായം അനുവദിച്ചു.

ജര്‍മനിയിലെ Gottingen യൂണിവേഴ്‌സിറ്റിയില്‍ Master Program Modern Indian Studies എന്ന കേഴ്‌സിന് പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിധീഷ് കെ സുന്ദറിന് പഠനസഹായമായി ഇരുപത് ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരം രൂപ കേരള സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് (10.08.2017) നല്‍കുകയുണ്ടായി.

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വിദേശ പഠനങ്ങള്‍ക്കുള്ള ധനസഹായം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച് വരുന്നുണ്ട്. രാജ്യത്ത് ഇല്ലാത്ത കോഴ്‌സുകള്‍ക്കോ, പ്രഗല്‍ഭമായ സര്‍വകലാശാലകള്‍ നടത്തുന്ന സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകള്‍ക്കോ മാത്രമാണ് ഇങ്ങനെ ധനസഹായം അനുവദിക്കുന്നത്. അപേക്ഷകള്‍ വരുന്ന മുറയ്ക്ക് വകുപ്പ് തല പരിശോധനകള്‍ക്ക് ശേഷം മാത്രം തുക അനുവദിക്കുന്ന രീതിയാണ് ഇതുവരെ തുടര്‍ന്ന് പോരുന്നത്.
വിദേശപഠനത്തിന് ആഗ്രഹിക്കുന്ന കുട്ടികള്‍ മുന്‍കൂറായി സര്‍ക്കാര്‍ അനുമതിക്ക് അപേക്ഷിച്ച് പോകുന്ന പക്ഷം സര്‍ക്കാര്‍ തലത്തിലുള്ള പരിശോധനകള്‍ കാലവിളംബമില്ലാതെ നല്‍കുവാനും അതുവഴി വിദേശത്ത് പോകുമ്പോള്‍ തന്നെ അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കാനും മറ്റ് പ്രയാസങ്ങള്‍ ഒഴിവാക്കുവാനും കഴിയും. അത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുവാന്‍ ആവശ്യമായ മാനദണ്ഡം ആവിഷ്‌കരിക്കണമെന്ന് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിധീഷ് കെ സുന്ദറിന്റെ അപേക്ഷ പരിഗണിക്കുന്നതിന് വകുപ്പ് തലത്തില്‍ ബോധപൂര്‍വ്വമായ കാലതാമസം വന്നിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കുകയും ഉദ്യോഗസ്ഥതല വീഴ്ചയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും.

ഇപ്പോള്‍ അനുവദിച്ച തുക എത്രയും പെട്ടെന്ന് നിധീഷിന് എത്തിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുവാനും വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍