UPDATES

ആദിവാസിക്കുട്ടികളെ എസ്എസ്എല്‍സി പരീക്ഷയെഴുതിക്കാതെ വയനാട്ടിലെ സര്‍ക്കാര്‍ സ്‌കൂള്‍

ഹാജര്‍ നിലയിലെ കുറവ് പറഞ്ഞുകൊണ്ട് മൂന്ന് വിദ്യാര്‍ഥികളെയാണ് സ്‌കൂള്‍ അധികൃതര്‍ പരീക്ഷയെഴുതിക്കാതിരുന്നത്.

ആദിവാസിക്കുട്ടികളെ എസ്എസ്എല്‍സി പരീക്ഷയെഴുതിക്കാതെ വയനാട്ടിലെ സര്‍ക്കാര്‍ സ്‌കൂള്‍. ഹാജര്‍ നിലയിലെ കുറവ് പറഞ്ഞുകൊണ്ട് മൂന്ന് വിദ്യാര്‍ഥികളെയാണ് സ്‌കൂള്‍ അധികൃതര്‍ പരീക്ഷയെഴുതിക്കാതിരുന്നത്. വയനാട് പനമരം നീര്‍വാരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷയെഴുതാനുള്ള അവസരം നിഷേധിച്ചത്. ഒരുവശത്ത് ആദിവാസിവിഭാഗങ്ങളിലെ കുട്ടികളെ പരമാവധി സ്‌കൂളിലെത്തിക്കുകയും പഠനം തുടരാനുള്ള അവസരമൊരുക്കുകയും ചെയ്യുന്ന പദ്ധതികളും സംവിധാനങ്ങളുമുള്ളപ്പോഴാണ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരുടെ ഭാഗത്തു നിന്ന് തന്നെ ഇത്തരമൊരു പ്രവര്‍ത്തി.

സ്‌കൂളിന്റെ വിജയശതമാനം കൂട്ടാനായി ആദിവാസി വിദ്യാര്‍ഥികളെ പരീക്ഷയെഴുതിക്കാതിരിക്കുകയായിരുന്നു എന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. കുട്ടികളെ പരീക്ഷയെഴുതിക്കുന്നില്ല എന്ന് രേഖപ്പെടുത്തിയ പേപ്പറില്‍ ഒപ്പിട്ടുനല്‍കാന്‍ വിദ്യാര്‍ഥികളുടെ അമ്മമാരോട് അധ്യാപകര്‍ ആവശ്യപ്പെട്ടതാും ആരോപണമുണ്ട്. സ്‌കൂള്‍ അധികൃതരുടെ നടപടി മൂലം പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന അമ്മാനി പാറവയല്‍ പണിയ കോളനിയിലെ ബബീഷിന്റെ അമ്മ ജാനു പറയുന്നത്: “പരീക്ഷയെഴുതിക്കണം എന്ന് ഞാനും കൂടി ചെന്ന് പറഞ്ഞതാണ്. അന്നേരമാണ് എഴുതാന്‍ പറ്റില്ലാന്ന് പറയുന്നത്. അങ്ങനെ തറപ്പിച്ച് പറയാന്‍ കാരണമെന്തെന്ന് ഞങ്ങള്‍ക്കറിയണം. കുട്ടികളെന്താ ചെയ്തത്? ഇന്ന സംഗതികൊണ്ടാണ് കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ പറ്റില്ല എന്നത് ഇവര് ഞങ്ങളോട് പറയണ്ടേ? പക്ഷെ ഞങ്ങളോട് അത്തരം കാര്യങ്ങളൊന്നും പറഞ്ഞില്ല. എന്നുമാത്രമല്ല മൂന്ന് പേര്‍ ഞങ്ങളുടെ പണിസ്ഥലത്തെത്തി ഒരു കടലാസ് കാണിച്ചിട്ട് ഒപ്പിട്ട് തരണമെന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് എഴുതാനും വായിക്കാനുമറിയില്ല. അവര് പേപ്പറുമായി വന്ന് ഇതില്‍ ഒപ്പിടാന്‍ പറഞ്ഞു. ഞങ്ങള്‍ ഒപ്പിട്ടുകൊടുത്തു. പിന്നെ ഞാന്‍ ഇതെന്തിനാമെന്ന് ചോദിച്ചപ്പഴാണ്, ‘കുട്ടികള്‍ക്ക് ഇക്കൊല്ലം പരീക്ഷയെഴുതാന്‍ പറ്റില്ല. ഈ വര്‍ഷം പരീക്ഷയെഴുതിയാല്‍ അവര് തോറ്റുപോകും. അടുത്തകൊല്ലം എഴുതാനുള്ള സംവിധാനം ഉണ്ടാക്കാന്‍ വേണ്ടീട്ടാണ് ഇതില്‍ ഒപ്പിടാന്‍ പറഞ്ഞത്’ എന്ന് പറഞ്ഞത്. പിന്നീട് ഞാന്‍ കുട്ടികളേയും കൂട്ടി സ്‌കൂളിലേക്ക് പോയി. കുട്ടികള്‍ക്ക് ഇക്കൊല്ലം തന്നെ പരീക്ഷയെഴുതണമെന്നാണ് പറയുന്നത് എന്ന് പ്രിന്‍സിപ്പിലിനോട് പറയാന്‍. പക്ഷെ അവര്‍ എഴുതാന്‍ പറ്റില്ല എന്ന് തന്നെ പറഞ്ഞു.

ചെങ്ങലോട് ആശുപത്രിയില്‍ ഇവരെ കൊണ്ടുപോയിട്ടുണ്ട്. സുഖമില്ലാത്ത കുട്ടികളെ ചികിത്സിക്കുന്ന സ്ഥലത്ത്. രണ്ട് തവണ കൊണ്ടുപോയി. ആദ്യം കൊണ്ടുപോയിട്ട് എന്തൊക്കെയോ വായിക്കാന്‍ കൊടുക്കുകയും കണക്ക് ചെയ്യിപ്പിക്കുകയുമൊക്കെ ചെയ്തു. പരീക്ഷ വേറെയാരെയെങ്കിലും വച്ച് എഴുതിപ്പിക്കാന്‍ പറ്റുമോ എന്നറിയാന്‍ വേണ്ടിയാണ് അവിടെ കൊണ്ടുപോയത്. പരീക്ഷ വേറെ ആളെക്കൊണ്ട് എഴുതിക്കാമെന്ന് പറഞ്ഞപ്പോള്‍, വേണ്ട എന്റെ പരീക്ഷ വേറെയാള്‍ എഴുതണ്ട, ജയിച്ചാലും തോറ്റാലും എന്റെ പരീക്ഷ ഞാന്‍ തന്നെ എഴുതിക്കോളാന്ന് അവന്‍ പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി കൊടുക്കാന്ന് ഞാന്‍ കുട്ടികളോട് പറഞ്ഞെങ്കിലും അവിടം വരെ പോവാന്‍ വണ്ടിക്കാശില്ലായിരുന്നു. ബസ് സമരം നടക്കുന്ന സമയായിരുന്നകൊണ്ട് ഓട്ടോവിളിച്ച് തന്നെ പോണം. 100 രൂപയെങ്കിലും വേണം അവിടംവരെ പോവാന്‍.”

പരീക്ഷ എഴുതാന്‍ അവസരം ലഭിക്കാതിരുന്ന ബബീഷ്, അമല്‍, അനീഷ് എന്നിവരുടെ പേരുവിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. തങ്ങളുടെ ഹാജര്‍നിലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ജയിക്കാനിടയില്ലെന്ന ധാരണയില്‍ മനപ്പൂര്‍വം ഒഴിവാക്കിയതാവാമെന്നുമാണ് ബബീഷും അമലും പ്രതികരിച്ചത്: “ഇനിയിങ്ങോട്ട് വന്നിട്ട് കാര്യമില്ല, അടുത്ത വര്‍ഷം പരീക്ഷയെഴുതാം എന്ന് പറഞ്ഞാണ് മടക്കിയയച്ചത്. ഒരു കുട്ടി പതിനഞ്ച് ദിവസം പോവാതിരുന്നാല്‍ മാത്രല്ലേ പേര് വെട്ടുകയുള്ളൂ. ഇത് ഞങ്ങള്‍ കുറച്ച് ദിവസേ പോവാതിരുന്നുള്ളൂ. ക്രിസ്മസ് പരീക്ഷയെഴുതിയിരുന്നു. പരീക്ഷയ്ക്ക് മുമ്പുള്ള രാത്രികാല പഠനത്തിനും ക്യാമ്പിനുമൊന്നും വരണ്ടെന്ന് പറഞ്ഞിരുന്നു. തോറ്റാലും സാരമില്ല, പരീക്ഷ എഴുതണം എന്ന് പറഞ്ഞപ്പോള്‍ ഇനി ഇങ്ങോട്ടുവരണ്ട, അടുത്തവര്‍ഷം പരീക്ഷയെഴുതാം എന്നാണ് അധ്യാപകര്‍ പറഞ്ഞത്. പേരുവെട്ടിയതിനാല്‍ ഈ വര്‍ഷം പരീക്ഷയെഴുതാനാവില്ലെന്നും പറഞ്ഞു.”

പത്താംക്ലാസില്‍ 52 വിദ്യാര്‍ഥികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 49 പേരാണ് പരീക്ഷയെഴുതിയത്. എന്നാല്‍ നിയമപ്രകാരമുള്ള ഒഴിവാക്കലുകള്‍ മാത്രമാണ് നടന്നിരിക്കുന്നതെന്നാണ് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ മോഹനന്‍ പറയുന്നത്. പഠനത്തില്‍ താത്പര്യം പുലര്‍ത്താതിരുന്ന, ക്ലാസില്‍ വരാതിരുന്ന കുട്ടികളെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് സ്‌കൂളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു: “പത്താംക്ലാസില്‍ 52 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ഇരുപതാളും ആദിവാസി വിഭാഗക്കാരാണ്. പണിയ, കാട്ടുനായ്ക്ക, കുറുമ, ഊരാളി ആദിവാസി വിഭാഗങ്ങളിലെ കുട്ടികളാണ്. അതില്‍ കുറുമ കുട്ടികള്‍ സ്‌കൂളില്‍ വരാറുണ്ട്. ബാക്കി കുട്ടികള്‍ അങ്ങനെ സ്‌കൂളില്‍ വരാറില്ല. അധ്യാപകരുടേയും പഞ്ചായത്തുമെമ്പര്‍മാരുടേയും പ്രമോട്ടര്‍മാരുടേയും നേതൃത്വത്തില്‍ സ്‌കൂള്‍ തുറന്നതുമുതല്‍ പല പ്രാവശ്യം കോളനി സന്ദര്‍ശിച്ച് ഈ കുട്ടികളെ സ്‌കൂളിലേക്ക് വരുത്താന്‍ ശ്രമിച്ചിരുന്നു. പലരും സ്‌കൂളിലേക്ക് തിരിച്ചുവന്നു. എന്നാല്‍ ഈ പറഞ്ഞ കുട്ടികള്‍ സ്‌കൂളിലേക്ക് വരവില്ല. 14 ദിവസം വരില്ല, പതിനഞ്ചാമത്തെ പേരുവെട്ടുന്ന ദിവസം വന്നിട്ട് ക്ലാസില്‍ ഇരിക്കും. ഗ്രാന്റ് കൊടുക്കേണ്ടതുള്ളതുകൊണ്ട് ഇടക്ക് ഹാജര്‍ ഒക്കെ കൊടുത്തിട്ട് ഡിസംബര്‍ വരെ ആ കുട്ടികള്‍ വന്നു എന്ന് വേണമെങ്കില്‍ പറയാം. ജനുവരി മാസമായതോടെ സ്‌കൂളില്‍ ക്യാമ്പ് ആയി. ക്യാമ്പ് തുടങ്ങുന്നതിന് മുമ്പ് ഈ കുട്ടികളുടെ വീട്ടില്‍ ഒന്നുകൂടിപ്പോയി. ഇനി വന്നില്ലെങ്കില്‍ പേര് വെട്ടുമെന്നും, ക്യാമ്പിലെങ്കിലും പങ്കെടുത്തില്ലെങ്കില്‍ ജയിക്കാനാവില്ലെന്നും, വരുകയാണെങ്കില്‍ കൃത്യമായി വരിക അല്ലെങ്കില്‍ ഇനി വരണ്ട എന്നാണ് ഞങ്ങള്‍ പറഞ്ഞത്. പിന്നേയും ആ കുട്ടികള്‍ വന്നില്ല. രണ്ട് മൂന്ന് ദിവസത്തെ ഹാജരും കൊടുത്ത് അവര്‍ക്ക് വേണ്ടി നോക്കിയിരിക്കുകയാണ്. ഫെബ്രുവരി പതിനേഴാണ് എസ്എസ്എല്‍സി ലിസ്റ്റ് ഫൈനലൈസ് ചെയ്യേണ്ട ദിവസം. പതിനഞ്ചാം തീയതി വരെ ഇവരെ കാണാഞ്ഞിട്ട് അവരുടെ വീട്ടില്‍ പോയി ചേദിച്ചു. അപ്പോള്‍ അവരിപ്പോള്‍ എഴുതുന്നില്ല, പഠിച്ചിട്ടില്ല , അടുത്തകൊല്ലം എഴുതിക്കൊള്ളാം എന്ന് കുട്ടികള്‍ പറയുകയും രക്ഷിതാക്കള്‍ പോയ അധ്യാപകര്‍ക്ക് ഫോമില്‍ ഒപ്പിട്ടുകൊടുക്കുകയും ചെയ്തു. ആ ഫോം പരീക്ഷാ കമ്മീഷ്ണര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇവരെ കാന്‍സല്‍ ചെയ്ത് പരീക്ഷാ കമ്മീഷ്ണര്‍ ഓര്‍ഡര്‍ ഇടുകയും ചെയ്തു. എന്നിട്ടും പരീക്ഷാ ജോയിന്റ് കമ്മീഷ്ണറെ ഇക്കാര്യം പറയാന്‍ ഞാന്‍ വിളിച്ചിരുന്നു. കാര്യങ്ങള്‍ വിശദമാക്കിയപ്പോള്‍ സ്‌കൂളില്‍ വരാത്ത കുട്ടികളെ ഒഴിവാക്കുക എന്നത് നിങ്ങള്‍ക്ക് പ്രത്യേകം പറഞ്ഞുതരണ്ട കാര്യമുണ്ടോ എന്നാണ് എന്നോട് അവര്‍ ചോദിക്കുന്നത്. മാനുഷിക പരിഗണനവച്ച് വീടുകളില്‍ പോയിനോക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതെല്ലാം എത്രയോ തവണ ഞങ്ങള്‍ ചെയ്തതായതിനാല്‍ ഇനി നിയമപ്രകാരം തന്നെ നീങ്ങാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇത് ചെയതത്. അല്ലാതെ പരീക്ഷയെഴുതാന്‍ വന്ന കുട്ടിയെ ഞങ്ങള്‍ എഴുതിക്കാതെ പറഞ്ഞുവിട്ടിട്ടില്ല.”

നിയമത്തെ മാത്രം മുന്നില്‍ നിര്‍ത്തിയാല്‍ സ്‌കൂള്‍ അധികൃതരുടെ നടപടിയായിരിക്കാം ശരി. എന്നാല്‍ മാനുഷികവും ധാര്‍മ്മികവുമായ വശങ്ങള്‍ പരിശോധിക്കുമ്പോഴാണ് ആദിവാസി കുട്ടികളോട് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ കാണിച്ച നെറികേട് ബോധ്യമാവുക. ചെറിയ ക്ലാസ്സുകളില്‍ തന്നെ പഠനമുപേക്ഷിച്ച് പോവുന്ന ആദിവാസി വിഭാഗത്തിലെ കുട്ടികളെ ഏത് വിധേനയും തിരികെ സ്‌കൂളുകളിലേക്കെത്തിക്കാനാണ് സര്‍ക്കാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ സ്‌കൂളുകളിലേക്കെത്തുന്ന വിദ്യാര്‍ഥികളെ പഠനത്തില്‍ പ്രോത്സാഹിപ്പിക്കുവാനും അവര്‍ക്ക് പരമാവധി അവസരങ്ങള്‍ നല്‍കാനും മുന്‍കയ്യെടുക്കേണ്ട അധ്യാപകര്‍ തന്നെ പേര് വെട്ടാനും പരീക്ഷ എഴുതിക്കാതിരിക്കാനും നിയമവശങ്ങള്‍ മാത്രം തേടുന്ന സമീപനമാണ് വിമര്‍ശിക്കപ്പെടുന്നത്.

വിദ്യാര്‍ത്ഥികളുടെ എണ്ണം തികയ്ക്കാന്‍ വില പറഞ്ഞ് ആദിവാസിക്കുട്ടികളെ കൊണ്ടുവരുന്നു; ആരോപണം നിഷേധിച്ച് സ്കൂള്‍ അധികൃതര്‍

പൊന്‍മണിയുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റു കുട്ടികള്‍ എന്തുചെയ്യും സര്‍?

‘വാലായിപ്പുരകള്‍’ക്കും ‘സത്രങ്ങള്‍’ക്കും ഇടയില്‍ ഇടമലക്കുടിയിലെ കുട്ടികളുടെ വിദ്യാഭ്യാസ ജീവിതം

ഇടമലക്കുടിയിലെ കുട്ടികള്‍ക്ക് ഇനി അവിടെ തന്നെ പഠിക്കാം; സ്കൂള്‍ അനുവദിച്ചു ധനമന്ത്രിയുടെ പ്രഖ്യാപനം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍