അഴിമുഖം പ്രതിനിധി
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും കുറഞ്ഞ ശമ്പളം 17,000 രൂപയും കൂടിയത് 1.20 ലക്ഷം രൂപയുമായി നിശ്ചയിച്ച് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് നായര്‍ അധ്യക്ഷനായ പത്താം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന് അനുസരിച്ച് ശമ്പള പരിഷ്കരണം നടപ്പിലാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയതിന് തുല്യമാകും. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് എല്‍ഡി ക്ലര്‍ക്കിന് അടിസ്ഥാന ശമ്പളം 21,000 രൂപയും യുഡി ക്ലര്‍ക്കിന് 26,500 രൂപയും ഹൈസ്കൂള്‍ അധ്യാപകരുടേത് 30,700 രൂപയും സെക്രട്ടറിയേറ്റ് അസിസ്റ്റന്റിന്റേത് 28,000 രൂപയും ആയി ഉയരും. പെന്ഷന് പ്രായം 56-ല്‍ നിന്ന് 58 വയസ്സാക്കി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് പൂര്‍ണ പെന്ഷന് ലഭിക്കുന്നതിന് വേണ്ട കുറഞ്ഞ സര്‍വീസ് 30 വര്‍ഷമായിരുന്നത് 25 വര്‍ഷമാക്കി കുറയ്ക്കാനും ശുപാര്‍ശ ചെയ്യുന്നുണ്ട്. അതേസമയം ശമ്പള പരിഷ്കരണം 10 വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന് ധനവിനിയോഗ അവലോകന സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കമ്മീഷന് റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും. ഇന്ന് സമര്‍പ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ധനമന്ത്രി കെഎം മാണി അഡ്വക്കേറ്റ് ജനറല്‍ പിസി ഐപ്പ് അന്തരിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലേക്ക് പോയതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പണം മാറ്റിയത്.