UPDATES

2000 പേര്‍ക്ക് പട്ടയം നല്‍കിയ സര്‍ക്കാര്‍, പുനരധിവസിപ്പിച്ച ചെങ്ങറ സമരക്കാരുടെ ജീവിതം കൂടി അറിയണം

2009-10 കാലയളവില്‍ താക്കോല്‍ ദാനം കഴിഞ്ഞ് പെരിയ കാലിയടുക്കത്തെത്തിയ കോളനിക്കാര്‍ക്ക് ഇനിയും പട്ടയം കിട്ടിയിട്ടില്ല.

ചെങ്ങറ; കേരളത്തിന്റെ ഭൂസമര ചരിത്രത്തിലെ പകരം വെയ്ക്കാനാകാത്ത ഏടെന്ന് ആരും നിസ്സംശയം പറയും. അഞ്ച് വര്‍ഷക്കാലത്തോളം കാട്ടു മൃഗങ്ങളേയും മനുഷ്യരേയും ഭയന്ന് പട്ടിണിയുടെ പടുകുഴിയില്‍ പെട്ടുഴഞ്ഞ് അവര്‍ സമരം ചെയ്തു… എന്നാല്‍ സമരക്കാരെ സര്‍ക്കാര്‍ പുനരധിവസിപ്പിച്ചതോ? പുല്ലുപോലും മുളയ്ക്കാത്ത മൊട്ടപ്പറമ്പിലും. 2009-10 കാലയളവില്‍ താക്കോല്‍ ദാനം കഴിഞ്ഞ് പെരിയ കാലിയടുക്കത്തെത്തിയ കോളനിക്കാര്‍ക്ക് ഇനിയും പട്ടയം കിട്ടിയിട്ടില്ല.

സമരത്തിനൊടുക്കം എറണാകുളത്തും പാലക്കാടും കണ്ണൂരും കാസറഗോഡുമൊക്കെയായി സമരക്കാര്‍ക്ക് സര്‍ക്കാര്‍ഭൂമി പതിച്ചുനല്‍കിയിരുന്നു. കാസര്‍ഗോഡ് പെരിയയില്‍ പുരയിടവും അന്‍പത് സെന്റ് ഭൂമിവീതം 85 കുടുംബങ്ങള്‍ക്കായി വീതിച്ചുനല്‍കി. 320 സ്‌ക്വയര്‍ഫീറ്റ് കണക്കാക്കിയുള്ള പുരയിടം അടങ്ങുന്ന അന്‍പത് സെന്റ്ഭൂമി സ്വന്തം പേരില്‍ വരുമെന്ന് സ്വപ്‌നം കണ്ട് നിരവധിപേര്‍ നാടുപേക്ഷിച്ച് പെരിയയിലെത്തി. എന്നാല്‍, സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഉപജീവനമാര്‍ഗ്ഗമായ കൃഷി ചെയ്ത് ജീവിക്കാന്‍ പാറ നിറഞ്ഞ ഈ പ്രദേശത്ത് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ നൂറോളം കുടുംബക്കാര്‍ നാട്ടിലേക്ക് തിരിച്ചുപോയി. ജില്ലയില്‍ ചീമേനി, കള്ളാര്‍, മഞ്ചേശ്വരം പ്രദേശങ്ങളിലും പുനരധിവാസത്തിന്റെ ഭാഗമായി ചെങ്ങറ സമരക്കാര്‍ താമസിച്ചുവരുന്നുണ്ട്. കുടിവെള്ളമില്ലാതെ, വൈദ്യുതിയില്ലാതെ അങ്ങനെ പല തരത്തിലും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍.

ഇവര്‍ക്കൊരു സൊസൈറ്റിയുണ്ട്. കെ.ആര്‍ നാരായണന്‍ ഇന്‍ഹാബിറ്റന്‍സ് കോ-ഒാപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റി വഴിയാണ് ചെങ്ങറ പുനരധിവാസ ഫണ്ടായി എസ്.സി ഡിപ്പാര്‍ട്ട്‌മെന്റ് അനുവദിച്ച 1,13,70000 രൂപ കോളനിക്കാര്‍ക്ക് ലഭിച്ചത്. കള്ടറാണ് ഇതിന്റെ ചെയര്‍മാന്‍. കോളനിയിലെ താമസക്കാരനായ തോമസാണ് സെക്രട്ടറി. തുടക്കം വളരെ ഗംഭീരമായിരുന്നെങ്കിലും, ഇന്ന് വലിയ പ്രവര്‍ത്തനമൊന്നും സൊസൈറ്റി വഴി നടക്കുന്നില്ല.

“ഉടുതുണി മാത്രമെടുത്ത് വവണ്ടികയറിയ ഞങ്ങള്‍ വീട് കിട്ടുമല്ലോ എന്നോര്‍ത്ത് ഇവിടെ തന്നെ പിടിച്ചു നിന്നു. ഉപജീവന മാര്‍ഗ്ഗമെന്ന് പറഞ്ഞ് ജില്ലാ പഞ്ചായത്ത് പശുക്കളെ തന്നിരുന്നു, എന്നാല്‍ വെയിലത്ത് നൊരയും പതയുമൊക്കെ വന്നേച്ച് രണ്ടു മൂന്നെണ്ണം ചത്തുപോയി. പശുക്കളെ പോറ്റി കടം കയറിയപ്പോള്‍ ഞങ്ങളതീങ്ങളെ വിറ്റുകളഞ്ഞു. പിന്നെ സ്വയം തൊഴിലിന് എന്ന് പറഞ്ഞ് ഒരു കെട്ടിടത്തിനകത്ത് കുറച്ച് പണിസാധനങ്ങള്‍ (കാര്‍പ്പെന്ററി വര്‍ക്ക്, തയ്യല്‍ മെഷീന്‍, പേപ്പര്‍ ഗ്ലാസ് നിര്‍മ്മാണ യന്ത്രം) ഒക്കെ വാങ്ങിവെച്ചിട്ട് ആറ് വര്‍ഷം തികയുന്നു. ഒരു ട്രെയ്‌നിംഗ് പോലും തരാതെതന്നെ സെന്റര്‍ ഉദ്ഘാടനം ചെയ്യാന്‍ പോക്വാ…” കോളനിയിലെ മണിയന്‍ പറയുന്നു.

സര്‍ക്കാര്‍ ഇവര്‍ക്കായി അനുവദിച്ച അന്‍പത് സെന്റ് ഭൂമിയില്‍ എട്ട് സെന്റ് പുരയിടം കഴിഞ്ഞ് 42 സെന്റ് അവിടെ നിന്നും മാറിയാണ് സ്ഥിതിചെയ്യുന്നത്. ചീങ്കപ്പാറയും ചെങ്കല്ലും നിറഞ്ഞ പ്രദേശത്ത് കൃഷിചെയ്യുക എന്നതാകട്ടെ അതികഠിനവും പരാജയം നിശ്ചയമായതുമായ പ്രവര്‍ത്തിയായി പരിണമിക്കാനേ വഴിയുള്ളൂ. അനുഭവത്തില്‍ ഇതെല്ലാം പഠിച്ചതോടെ കോളനക്കാര്‍ കൃഷിയിടത്തെത്തന്നെ മറന്നമട്ടാണ്.

“ഞങ്ങള്‍ എണ്‍പത്തഞ്ച് കുടുംബങ്ങള്‍ക്കായി കുടിവെള്ളത്തിന് ആശ്രയിക്കേണ്ടത് ഒരു കുഴല്‍ കിണറിനെയാണ്. നിര്‍മ്മാണ പ്രവര്‍ത്തികളെല്ലാം നടക്കുമ്പോള്‍ കുത്തിയ കിണറാണത്. അതിന് ശേഷം നാല് ഭാഗങ്ങളിലായി കിണറുകള്‍ കുത്തിത്തരാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും എവിടംവരേയും എത്തീല. ഓരോ തവണയും കളക്ടര്‍മാര്‍ മാറിമാറി വരുമ്പോള്‍ അവരെല്ലാം കാറിലിവിടേം വരാറുണ്ട്. മുഴുവനൊന്ന് ചുറ്റിക്കണ്ട് മടങ്ങിപ്പോകും… ഞങ്ങള്‍ക്കൊരു ഉപകാരവുമില്ല. ജീവിതത്തിലെ അഞ്ച് വര്‍ഷം സമരം ചെയ്ത് മാത്രം തീര്‍ത്ത ഞങ്ങളുടെ വരും തലമുറയ്ക്ക് ഇപ്പോഴീ മണ്ണില്‍ യാതൊരു അവകാശവുമില്ലല്ലോ… ഇതെന്ത് ന്യായമാണ്. 2000 പേര്‍ക്ക് പട്ടയം അനുവദിച്ച സര്‍ക്കാരെന്തേ, ഞങ്ങള്‍ 85 പേരെ കാണാതെ പോയീ…” ഇടുക്കി സ്വദേശിയായ ഓമന പറയുന്നു.

“ആ കാണുന്ന തുളസിത്തറ കണ്ടോ? വീട്ടുമുറ്റത്തോട് ചേര്‍ന്ന് കിടക്കുന്ന തുളസിത്തറ കാണിച്ച് കോളനിയിലെ ലീല പറഞ്ഞു തുടങ്ങി. അതെന്റെ അമ്മയെ അടക്കിയ ഇടമാണ്. സമരമുഖത്ത് തണല്‍മരത്തോട് ചേര്‍ന്ന് പായ വിരിച്ച് കിടന്നിരുന്ന അമ്മയെ ക്യാമറയില്‍ പകര്‍ത്താന്‍ പലരും വന്നു. സമരത്തിന്റെ തീഷ്ണത, അല്ലേല്‍ സമരത്തിന്റെ മുഖം അങ്ങനെ കുറച്ചുനാള്‍ അമ്മയായിരുന്നു. പുനരധിവാസത്തിന്റെഭാഗമായി ഇവിടെയെത്തിയ ശേഷമാണ് അമ്മ മരിച്ചത്. അടക്കാന്‍ ഞങ്ങള്‍ക്ക് വേറെ ഇടമില്ലല്ലോ. ഇതുപോലെ അടക്കളയ്ക്കടുത്തും മുറ്റത്തോട് ചേര്‍ന്നും ഇവിടെ പലരേയും അടക്കിയിട്ടുണ്ട്. ശ്മശാനത്തിനെന്ന് പറഞ്ഞ് സ്ഥലം കണ്ടെത്തിയെങ്കിലും അത് സംബന്ധിച്ച് ഇതുവരേയും ഓര്‍ഡറൊന്നുമായില്ല.”

ഇടയ്ക്ക് രണ്ടു മൂന്ന് കടലാസുകളുമായി ശശി കയറിവന്നു. കൈവശാവകാശ സര്‍ട്ടിഫിക്കറ്റും, പട്ടയം എളുപ്പം ലഭിക്കുമെന്നും പറഞ്ഞ് പത്തനംതിട്ട ജില്ലയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ച ഉറപ്പ് രേഖയും, റവന്യൂ മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും പറഞ്ഞ് തന്ന കത്ത്… ഓരോന്നായി ശശി നിരത്താന്‍ തുടങ്ങി. കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു; ‘ഈ സ്ഥലം പെതു ആവശ്യങ്ങള്‍ക്കായി വേണ്ടി വന്നാല്‍ ഒഴിപ്പിച്ചെടുക്കുന്നതാണ്. ഇതില്‍ പറയുന്ന സ്ഥലത്തിന് മേല്‍ കൈവശക്കാരന് യാതൊരുവിധ ഉടമസ്ഥാവകാശവും നല്‍കുന്നില്ല. പട്ടയം ലഭിക്കുമെന്നതിന് ഉറപ്പായി കൈവശരേഖ കണക്കാക്കുവാന്‍ പാടുള്ളതല്ല.‘ പത്തനംതിട്ടയില്‍ നിന്ന് കാസര്‍ഗോഡിന് വണ്ടി കയറുമ്പോള്‍ രേഖയിന്‍ പുറത്ത് എളുപ്പം പട്ടയം ലഭിക്കുമെന്നായിരുന്നു, ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ ചെങ്ങറയില്‍ നടത്തിയതിനേക്കാള്‍ വലിയ സമരം ഇനി പട്ടയം ലഭിക്കാന്‍ ചെയ്യേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഞങ്ങള്‍… ശശി പറഞ്ഞു നിര്‍ത്തി.

ഇവിടുത്തെ ആണുങ്ങള്‍ക്കൊന്നും പ്രത്യേകിച്ചൊരു ജോലിയുമില്ല. വരത്തന്മാരായി കണ്ട് ഇവിടുത്തുകാര്‍ ഒരു ജോലിക്കും ഞങ്ങളെ വിളിക്കില്ല. സമയം കളയാനായി വീട്ടിലേക്കുള്ള വിറക് വെട്ടിയും, കൃഷിഭൂമിയില്‍ ഒരു കാര്യവുമില്ലെങ്കിലും പണിയെടുത്തും അവര്‍ ജീവിക്കുന്നു. പെണ്ണുങ്ങള്‍ ഇവിടുത്തെ വീടുകളില്‍ അടുക്കളപ്പണികളൊക്കെ ചെയ്തും ഹോംനേഴ്‌സുമാരായും മക്കളെ പഠിപ്പിക്കാനും, ഭക്ഷണത്തിനുമായുള്ള വക കണ്ടെത്തുന്നു. കോളനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ പറയുന്നു.

ഈ വിഷയത്തില്‍ കാസര്‍ഗോഡ് ജില്ലാകളക്ടര്‍ ജീവന്‍ ബാബു പ്രതികരിക്കുന്നതിങ്ങനെ,
ചെങ്ങറ കോളനിയിലെ ആളുകള്‍ക്ക് പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കേണ്ടത് എസ്.സി ഡിപ്പാര്‍ട്ട്മെന്റ് ആണ്. അവര്‍ക്ക് സ്വയം തൊഴിലിനായി ഒരു തൊഴില്‍ കേന്ദ്രം നിര്‍മ്മിച്ചിട്ടുണ്ട്. ഈ കെട്ടിടത്തില്‍ വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് അവ തുറന്നു പ്രവര്‍ത്തിക്കും. അവര്‍ക്കെല്ലാമായി വിതരണം ചെയ്ത പശുക്കളെ അവര്‍ വില്‍ക്കുകയാണ് ചെയ്തത്. പട്ടയം ലഭിക്കുന്ന മുറയ്ക്ക് അവര്‍ ഈ സ്ഥലം വിറ്റ് നാട്ടിലേക്ക് തിരിച്ച് പോകില്ല എന്നൊന്നും പറയാനൊക്കില്ല. ഒരു കോളനിക്ക് മാത്രമായി ശ്മശാനം അനുവദിക്കാന്‍ സാധിക്കില്ല. പഞ്ചായത്ത് വകയായി അവിടെ ഒരു ശ്മശാനമുണ്ട്. നിലവില്‍ അവര്‍ക്കാവശ്യമായ സഹായങ്ങളെല്ലാം സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്.

ഇടതു സര്‍ക്കാര്‍ ഇന്നലെ സംസ്ഥാനത്തെ 2000 പേര്‍ക്ക് പട്ടയം അനുവദിച്ചു. റവന്യൂ മന്ത്രിയുടെ നാടു കൂടിയായ കാസര്‍ഗോഡാണ് ചടങ്ങു നടന്നത്. എന്നാല്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി വര്‍ഷങ്ങള്‍ സമരം ചെയ്ത് തീര്‍ത്ത് ജനതയ്ക്കുള്ളത് ഇന്നും സ്വപ്നം മാത്രമാണ്; എന്നെങ്കിലും ഒരു നാള്‍ തങ്ങളുടെ തലമുറകള്‍ക്കും അവകാശമുണ്ടെന്ന് ഉറപ്പിച്ച് പറയാനാകുന്ന തരത്തില്‍ താമസിച്ചുവരുന്ന മണ്ണ് സ്വന്തമാകുമെന്നും, ഒരുനാള്‍ ഇതുപോലൊരു പട്ടയവിതരണ വേദിയില്‍ തങ്ങള്‍ക്കും പട്ടയം ലഭിക്കുമെന്നുമുള്ള സ്വപ്നം.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍