UPDATES

ടാറ്റയ്ക്കും ഹാരിസണിനും കുടപിടിച്ച് സര്‍ക്കാര്‍; രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കുന്നു

നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്ത്

ടാറ്റ, ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകള്‍ നിയമവിരുദ്ധമായും അനധികൃതമായും കൈയ്യടക്കി വെച്ചിരിക്കുന്ന അഞ്ചു ലക്ഷം (5,20,000) ഏക്കര്‍ തോട്ട ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കുന്നു. കുത്തകകള്‍ അനധികൃതമായി കൈയ്യടക്കി വെച്ചിരിക്കുന്ന ഭൂമിയേറ്റെടുക്കാന്‍ നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞുകൊണ്ട് റവന്യൂ വകുപ്പ് 2016 സെപ്റ്റംബര്‍ 8-ന് നിയമവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് മറുപടിയായി 2017 ഏപ്രില്‍ 4-ന് നിയമവകുപ്പ് സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് ഭരണവകുപ്പിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലാണ്, രാജമാണിക്യം റിപ്പോര്‍ട്ട് ഏതൊക്കെ നിയമങ്ങളുടെ അടിസ്ഥാനത്തിലാണോ ഭൂമിയേറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ആ നിയമങ്ങളെയൊക്കെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

തോട്ടംഭൂമി ഏറ്റെടുക്കുന്നതിന് ഭൂസംബന്ധമായ മുഴുവന്‍ നിയമങ്ങളും പരിശോധിച്ച് നിയമപരമായ മുഴുവന്‍ സാധ്യതകളും അക്കമിട്ട് നിരത്തി സമഗ്രമായ റിപ്പോര്‍ട്ടാണ് ഡോ. എം.ജി രാജമാണിക്യം സര്‍ക്കാരിന് നല്‍കിയത്. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് 1947, കേരള ഭൂസംരക്ഷണ നിയമം 1957, കേരള ഭൂപരിഷ്‌കരണ നിയമം 1963 & 1969, ടാറ്റ ഭൂമി ഏറ്റെടുക്കല്‍ (ഭേദഗതി) നിയമം 1971, ഫെറ നിയമം 1947 &1973, ഇന്ത്യന്‍ കമ്പനി ആക്ട്‌സ് 1956, ഇടവക അവകാശം ഏറ്റെടുക്കല്‍ നിയമം 1955 തുടങ്ങിയ നിയമങ്ങളുടെയും നിവേദിത പി ഹരന്‍, ജസ്റ്റിസ് എല്‍ മനോഹരന്‍ കമ്മറ്റി റിപ്പോര്‍ട്ട് തുടങ്ങി ആറോളം കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെയും വിവിധ തിരുവിതാംകൂര്‍ ലാന്റ് റവന്യൂ മാന്വല്‍സിന്റെയും സുപ്രീംകോടതി വിധിയുടെയും ഹൈക്കോടതി വിധിയുടെയും അടിസ്ഥാനത്തിലാണ് ടാറ്റ-ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകകള്‍ കൈയ്യടക്കി വെച്ചിരിക്കുന്ന 5 ലക്ഷത്തില്‍ അധികം ഭൂമി നിയമവിരുദ്ധമായും അനധികൃതമായും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുമാണെന്ന് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എം ജി രാജമാണിക്യം റിപ്പോര്‍ട്ടില്‍ സമര്‍ത്ഥിച്ചത്.

എന്നാല്‍, സമഗ്രമായ ഈ റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് സര്‍ക്കാര്‍ ഭരണതലത്തില്‍ തടത്തുന്നത് എന്നാണ് സംശയം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കലിനെക്കുറിച്ച് നിയമസഭയില്‍ നിരന്തരം ചോദ്യം ചോദിക്കുകയും ഭൂമിയേറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്ന എ കെ ബാലന്‍ ഇന്ന് നിയമവകുപ്പ് മന്ത്രിയാണ്. അതേ മന്ത്രിയുടെ വകുപ്പാണ് രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ അതിലെ നിര്‍ദ്ദേശങ്ങള്‍ ദുര്‍ബലമാണെന്ന തരത്തില്‍ ദുര്‍വ്യാഖ്യാനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്! അധികാരമേറ്റയുടനെ ഹാരിസണ്‍ ഉള്‍പ്പടെയുള്ള ഭൂമിയേറ്റെടുക്കല്‍ കേസില്‍ വിശദമായി പഠിക്കുകയും സര്‍ക്കാരിന് അനുകൂലമായി വാദിക്കുകയും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ഭട്ടിനെ മാറ്റുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. പിന്നീട് സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടറായി കൊണ്ടുവന്ന രഞജിത്ത് തമ്പാന്‍, മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഹാരിസണ്‍ ഭൂമി മുറിച്ച് വിറ്റ ആനന്ദവല്ലി കേസില്‍ ഹാരിസണിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാക്കുകയും ഹാരിസണ്‍ ഭൂമി സ്വകാര്യഭൂമിയാണെന്ന് വാദിക്കുകയും ചെയ്ത ആളാണ്. ഇത് ഏറെ വിവാദമായതിനെത്തുടര്‍ന്നാണ് രഞ്ജിത്ത് തമ്പാനെ മാറ്റുന്നതും പ്രേമചന്ദ്ര പ്രഭുവിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി കൊണ്ടുവരുന്നതും. എന്നാല്‍ കോടതിയില്‍ കൃത്യസമയത്ത് സത്യവാങ്മൂലം നല്‍കാത്തതുകൊണ്ട് ഭൂമി ഏറ്റെടുക്കല്‍ കേസുകളില്‍ സര്‍ക്കാരിന് പ്രതികൂലമായ വിധിയാണ് വന്നുകൊണ്ടിരിക്കുന്നത്.

ടിആര്‍ ആന്‍ഡ് ടി കമ്പനി കയ്യേറിയ 7500 ഏക്കര്‍ ഭൂമി ഏറ്റെടുത്തതുകൊണ്ട് 2016 ജൂണ്‍ 10ന് സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഉത്തരവ് ഇറക്കിയിരുന്നു. ഈ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കമ്പനി 2016 ആഗസ്റ്റ് 11ന് ഹൈക്കോടതിയെ സമീപിക്കുകയും സര്‍ക്കാര്‍ ഭാഗം വാദിക്കാന്‍ ആളില്ലാത്തതുമൂലവും സര്‍ക്കാര്‍ അഡ്വക്കേറ്റ് സത്യവാങ്മൂലം നല്കാത്തതിനാലും ഒക്ടോബര്‍ 21ന് കമ്പനിക്ക് അനുകൂലമായി ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ നല്‍കുകയാണ് ഉണ്ടായത്. മാത്രവുമല്ല വന്‍കിട കുത്തകള്‍ കൈവശം വെയ്ക്കുന്ന ഭൂമി ഏറ്റെടുത്തതുകൊണ്ട് സ്‌പെഷ്യല്‍ ഓഫീസര്‍ 2015 ഡിസംബര്‍ 30ന് ഇറക്കിയ അതിപ്രധാന ഉത്തരവും കോടതി ഇതോടൊപ്പം സ്റ്റേ ചെയ്തു. ഈ സ്റ്റേ പിന്‍പറ്റിയാണ് ബ്രൈമൂര്‍ 700 ഏക്കര്‍ ഭൂമി 2016 ഒക്ടോബര്‍ 20-നും ആര്‍ബിടി (റായ് ബഹദൂര്‍ ടാക്കൂര്‍) 900 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ നടപടി 2016 നവംമ്പര്‍ 16ല്‍ വാദിക്കാന്‍ ആളില്ലാതെ ഹൈക്കോടതി സ്റ്റേ ചെയ്യുന്നത്. ഏറ്റവും ഒടുവില്‍ എവിടിയ്ക്ക് അനുകൂലമായും വിധി വന്നിരിക്കുന്നു.

ഭൂമിയേറ്റെടുക്കല്‍ കേസുകളില്‍ പഠിച്ച് വാദിക്കാനാളില്ലാതെ പ്രതികൂലമായി വിധി വരുമ്പോഴും സര്‍ക്കാര്‍ ക്രിയാത്മകവും രാഷ്ട്രീയവുമായ നടപടികള്‍ സ്വീകരിക്കാതെയിരിക്കുകയും കുത്തകള്‍ കൈയ്യടക്കി വെച്ചിരിക്കുന്ന 5 ലക്ഷത്തിലധികം ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച രാജമാണിക്യം റിപ്പോര്‍ട്ട് ദുര്‍ബലപ്പെടുത്താന്‍ റിപ്പോര്‍ട്ടില്‍ നിരത്തിയിരിക്കുന്ന നിയമപരമായ സാധുതകള്‍ക്ക് പ്രസക്തിയില്ല എന്ന റിപ്പോര്‍ട്ട് നിയമവകുപ്പില്‍ നിന്ന് നല്‍കുകയുമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ അറിയാതെ ഒരു കാരണവശാലും ഇത്തരം ഒരു റിപ്പോര്‍ട്ട് നിയമവകുപ്പ് നല്‍കുകയില്ലെന്ന് വ്യക്തമാണ്.

നിയമ സെക്രട്ടറി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിന്റെ കാതലായവശങ്ങള്‍ പരിശോധിക്കാം.

ഭൂമിയേറ്റെടുക്കല്‍ പ്രഹസനമാക്കുന്ന സിപിഐയും റവന്യൂ വകുപ്പും

രാജമാണിക്യം റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ച സമഗ്രമായ നിയമനിര്‍മ്മാണത്തിന് പകരം Andhra pradesh Land Grabbing Prohibition Act-ന്റെ മാതൃകയില്‍ പുതിയ നിയമം കൊണ്ടുവരാനാണ് റവന്യൂ വകുപ്പ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറുകയുകയും പിടിച്ചടക്കുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള നിയമമാണിത്. സ്വാതന്ത്യത്തിന് മുന്‍പ് വിദേശ കമ്പനികള്‍ നാട്ടുരാജ്യങ്ങളുമായി കാരാര്‍ ഒപ്പിടുകയും ആ കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്നും ഭൂമി കയ്യടക്കി വെച്ചിരിക്കുന്ന കമ്പനികളുടെ ഉടമസ്ഥതയില്‍ തീര്‍പ്പ് കല്‍പ്പിക്കാനോ നിയമവിരുദ്ധമായി ഭൂമി കയ്യേറി വെച്ചിരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനോ ഈ നിയമം അപര്യാപ്തമാണ്. മാത്രമല്ല, കേരള ഭൂസംരക്ഷണ നിയമം ഈ നിയമത്തെക്കാള്‍ ശക്തവുമാണ്. സ്വാതന്ത്യത്തിന് മുന്‍പുള്ള കമ്പനികളുടെ ഭൂഉടമസ്ഥത പരിശോധിക്കാന്‍ ഡോ. എം ജി രാജമാണിക്യം ഐഎഎസിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കുന്നത് കേരള ഭൂസംരക്ഷണ നിയമപ്രകാരമാണ്.

നിലവിലുള്ള നിയമത്തെക്കാള്‍ ശക്തവും സമഗ്രവുമായ നിയമനിര്‍മ്മാണം രാജമാണിക്യം റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോള്‍ നിലവിലുള്ള നിയമത്തെക്കാള്‍ ദുര്‍ബലമായ നിയമം നിര്‍മ്മിക്കാന്‍ റവന്യൂ-ഭരണ വകുപ്പ് നിര്‍ദ്ദേശിക്കുന്നത് നിയമനിര്‍മ്മാണം എന്ന ആവശ്യത്തെ തന്ത്രപൂര്‍വ്വം മറികടന്നുകൊണ്ട് ടാറ്റയുള്‍പ്പടെയുള്ള കുത്തകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എന്നു പറയേണ്ടി വരും. സമഗ്രമായ നിയമ നിര്‍മ്മാണം നടന്നാല്‍ ടാറ്റ-ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകകള്‍ അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്ന മുഴുവന്‍ ഭൂമിയും ഏറ്റെടുക്കേണ്ടി വരും. പ്രത്യക്ഷത്തില്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് ബഹളമുണ്ടാക്കുന്ന സിപിഐക്കോ റവന്യൂ വകുപ്പിനോ ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ യാതൊരുവിധ താത്പര്യവുമില്ലെന്ന് കഴിഞ്ഞ ഇരുപത് വര്‍ഷത്തെ അവരുടെ നടപടികള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.

ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍ ഒന്നൊന്നായി തോല്‍ക്കുന്നു, ഹാരിസണ്‍ ഭൂമി ഏറ്റെടുക്കുന്നതിന് ആറ് കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഒരു നടപടിയും എടുക്കാതെ പുതിയ കമ്മീഷനുകളെ നിയോഗിച്ചുകൊണ്ടേയിരിക്കുന്നു, ടാറ്റ കയ്യേറ്റം നടത്തിയിട്ടില്ല എന്ന നിലപാട് സ്വീകരിക്കുന്നു. ഏറ്റവും ഒടുവില്‍ രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അന്ത:സത്ത മുഴുവന്‍ ഇല്ലാതാക്കുന്ന തരത്തില്‍ സമഗ്ര നിയമനിര്‍മ്മാണം നടത്താതെ കേരള ഭൂസംരക്ഷണ നിയമത്തെക്കാള്‍ ദുര്‍ബലമായ Andhra pradesh Land Grabbing Prohibition Atc-ന്റെ മാതൃകയില്‍ പുതിയ നിയമം കൊണ്ടുവരുന്നതിന്റെ സാധുത ആരാഞ്ഞുകൊണ്ട് നിയമവകുപ്പിനോട് നിയമോപദേശം ആരായുകയും നിയമവകുപ്പ് അത്തരത്തില്‍ ഉപദേശം നല്‍കുകയും ചെയ്തിരിക്കുന്നു. ഇത് രാജമാണിക്യം റിപ്പോര്‍ട്ടിനെ അട്ടിമറിക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ്?

ഇന്ത്യക്ക് സ്വാതന്ത്യം നല്‍കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡെന്‍സ് ആക്ടിന്റെ വകുപ്പ് ഏഴ് 1 (ബി) ഉപവകുപ്പ് പറയുന്നു.

ടേബിള്‍ 1

‘ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് നിലവില്‍ വന്നതോടുകൂടി വിദേശ ഭരണാധികാരികള്‍ക്ക് ഇന്ത്യയിലുള്ള എല്ലാ അവകാശങ്ങളും നഷ്ടമാകുന്നതും വിദേശ ഭരണാധികാരികളും നാട്ടുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചിട്ടുള്ള ഉടമ്പടികളും അവകാശങ്ങളും അതിനാല്‍ റദ്ദ് ആകുന്നതും ആയിരിക്കും’. ഈ നിയമപരമായ സാധുതയില്‍ നിന്നുകൊണ്ടാണ് വിദേശ കമ്പനികള്‍ ഇന്ത്യന്‍ നാട്ടുരാജ്യമായ തിരുവിതാംകൂറുമായി സ്വാതന്ത്യത്തിന് മുന്‍പ് ഉണ്ടാക്കിയ കരാറിന് നിയമസാധുതയില്ലെന്ന് രാജമാണിക്യം റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.

ടേബിള്‍ 2 – ഇന്‍ഡിപെന്‍ഡന്‍സ് ആക്ടിനെ കുറിച്ച് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന ഭാഗം

എന്നാല്‍ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് കമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ രാഷ്ട്രീയ കരാര്‍ അല്ലായെന്നും ഈ വകുപ്പ് രാഷ്ട്രീയ കരാറിന് മാത്രമാണ് ബാധകമെന്ന വിചിത്രമായ വാദമാണ് നിയമവകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. സ്വാതന്ത്യത്തിന് മുന്‍പ് പരമാധികാര സ്റ്റേറ്റ് ആയിരുന്ന നാട്ടുരാജ്യങ്ങളും വിദേശകമ്പനികളുമായി വ്യക്തമായ വ്യവസ്ഥയുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച കരാര്‍ രാഷ്ട്രീയ കരാര്‍ തന്നെയാണ്. അത് വ്യാപാര കരാര്‍ അല്ലായിരുന്നു. പ്രത്യേകിച്ച് വ്യാപാരവുമായി ബന്ധപ്പെട്ട് ഇവിടെ എത്തിയ കമ്പനികള്‍ പതുക്കെ പതുക്കെ നാട്ടുരാജ്യങ്ങളുടെ രാഷ്ട്രീയവും ആഭ്യന്തരവുമായ കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ട് ഇവിടുത്തെ ഭരണാധികാരികള്‍ കൂടിയായി മാറിയ സാഹചര്യത്തില്‍ ആ കരാറുകള്‍ രാഷ്ട്രീയ കരാറുകള്‍ അല്ലെന്ന സംശയം നിയമവകുപ്പിന് മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളു.

ഫെറ നിയമത്തിന്റെ പ്രസക്തി
രാജമാണിക്യം റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ച നിയമനിര്‍മ്മാണം ‘ഫെറ നിയമത്തിന്റെ ലംഘനമാകു’മെന്ന വളരെ അവ്യക്തമായ റിപ്പോര്‍ട്ടാണ് നിയമവകുപ്പ് നല്‍കിയിരിക്കുന്നത്. യാഥാര്‍ത്ഥത്തില്‍ രാജമാണിക്യം സ്ഥാപിച്ച വാദങ്ങള്‍ ശരിയാണെന്ന് പറയാതെ പറയുകയാണ് നിയമ വകുപ്പ് ചെയ്യുന്നത്.

ടേബിള്‍ 3 – ഫെറ നിയമത്തെക്കുറിച്ച് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന ഭാഗം

നാളിതുവരെ ഉണ്ടായ വാദങ്ങള്‍ക്ക് വിഭിന്നമായി ടാറ്റ കൈവശപ്പെടുത്തിയ ഭൂമി അനധികൃതവും നിയമവിരുദ്ധവുമാണെന്ന് ഫെറ നിയമത്തിന്റെ അടിസ്ഥാനത്തിലും, ഹാരിസണ്‍ വ്യാജ ആധാരത്തിലൂടെയാണ് റവന്യൂ ഭൂമി കൈയ്യടക്കി വെച്ചിരിക്കുന്നതെന്ന് തെളിവുകളുടെ അടിസ്ഥാനത്തിലും രാജമാണിക്യം റിപ്പോര്‍ട്ടില്‍ സ്ഥാപിച്ചത്. 1897ല്‍ ബ്രിട്ടീഷ് കമ്പനി നിയമ പ്രകാരമാണ് സ്‌കോട്ട്‌ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ദി കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസിംഗ് കമ്പനി നിലവില്‍ വരുന്നത്. 1973ല്‍ ഫെറ നിയമം വന്നതോടു കൂടി വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ ഭൂമി കയ്യടക്കി വെക്കാന്‍ കഴിയില്ല എന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു.

തുടര്‍ന്ന് ഇന്ത്യയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ കണ്ണന്‍ ദേവന്‍ പ്രൊഡ്യൂസ് കമ്പനി, ആംഗ്ലോ അമേരിക്കന്‍ ഡയറക്ട് ടീ ട്രേഡിംഗ് കമ്പനി, അമാല്‍ഗമേറ്റഡ് ടി എസ്റ്റേറ് കമ്പനി എന്നീ കമ്പനികള്‍ 1976 വരെ കൈവശം വെച്ചിരുന്ന ഭൂമി 1977 ഏപ്രില്‍ 18ന് ടാറ്റ ഫിന്‍ലെ മുയിര്‍ എന്ന പുതിയ കമ്പനിയിലേക്ക് ഭൂമിയുള്‍പ്പടെയുള്ള സ്വത്തുക്കള്‍ മാറ്റുന്നത്. 1.83 കോടി രൂപയ്ക്ക് 95,783.94 ഏക്കര്‍ ഭൂമി ദേവികുളം സബ് രജിസ്റ്റര്‍ ഓഫീസിലാണ് ടാറ്റ ഫിന്‍ലെ കമ്പനിയിലേക്ക് മാറ്റുന്നത്. 1973ലെ ഫെറ നിയപ്രകാരം ഒരു വിദേശ കമ്പനിയുടെ ഭൂമി കൈമാറ്റത്തിന് ആര്‍ബിഐയുടെ അറിവിലൂടെ മാത്രമേ നിയമസാധുത ലഭ്യമാകുകയുള്ളു. എന്നാല്‍ 1977-ല്‍ നടന്ന ഭൂമി കൈമാറ്റം ആര്‍ബിഐയുടെ അനുമതിയോടെ ആയിരുന്നില്ല. എന്നുമാത്രമല്ല രജിസ്‌ട്രേഷന്‍ ആക്ട്, കേരള സ്റ്റാമ്പ് ആക്ട്, 1964ലെ കേരള റവന്യൂ ആക്ട് തുടങ്ങിയ ഒരു നിയമങ്ങള്‍ക്കും ബാധകമായല്ല ടാറ്റയിലേക്ക് ഈ ഭൂമി കൈമാറ്റം നടന്നത്.

1972ലെ സുപ്രീം കോടതി വിധിക്ക് ശേഷം 57,250 ഏക്കര്‍ ഭൂമി പാട്ടത്തിന് ലഭിച്ച കമ്പനിക്ക് എങ്ങനെയാണ് 95,783.94 ഏക്കര്‍ ഭൂമി ടാറ്റ ഫിന്‍ലെ കമ്പനിയ്ക്ക് വില്‍ക്കാന്‍ കഴിയുന്നത്? അനധികൃതമായി ഭൂമി കയ്യടക്കി വെച്ചിരുന്ന വിദേശ കമ്പനിയായ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസിംഗ് കമ്പനിക്ക് ഭൂമി നഷ്ടപ്പെടും എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യന്‍ കമ്പനിയായ ടാറ്റായുമായി ചേര്‍ന്ന് ടാറ്റ ഫിന്‍ലെ കമ്പനിയിലേക്ക് ഭൂമി കൈമാറ്റം വ്യാജമായി നടത്തുന്നത്. മാത്രവുമല്ല വിദേശ കമ്പനിയായ ദി കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസിംഗ് കമ്പനി കൈവശം വെച്ചിരിക്കുന്ന ഭൂമിയേറ്റെടുക്കുവാന്‍ കേരള സര്‍ക്കാര്‍ 1971-ല്‍ ടാറ്റ ഭൂമിയേറ്റെടുക്കല്‍ (ഭേദഗതി) നിയമം പാസാക്കുകയും ഇതിനെ കമ്പനി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ 1972-ല്‍, ദി കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസിംഗ് കമ്പനി കൈവശം വെയ്ക്കുന്ന 1,27,904 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമി ആണെന്നും ഭൂമി എത്രയും പെട്ടെന്ന് ഏറ്റെടുക്കണമെന്ന് വിധിച്ചു. അപകടം മനസ്സിലാക്കിയ കമ്പനി ഭൂപരിഷ്‌കരണ നിയമത്തിലെ കൈവശ കൃഷിക്കാരന്‍ (Cultivating Tenant) എന്ന പഴുതിലൂടെ ലാന്‍ഡ് ബോര്‍ഡിനെ പാട്ടഭൂമിക്കായി സമീപിച്ചു. ലാന്‍ഡ് ബോര്‍ഡ് കൃഷി ആവശ്യത്തിന് മാത്രമായി കര്‍ശന വ്യവസ്ഥകളോടെയാണ് 57,250 ഏക്കര്‍ ഭൂമി കമ്പനിക്ക് പാട്ടത്തിന് നല്‍കുന്നത്. ഈ ഭൂമിയുള്‍പ്പടെയാണ് 1977ല്‍ ടാറ്റയിലേക്ക് കൈമാറ്റം ചെയ്തത്.

പാട്ടത്തിന് നല്‍കിയ ഭൂമി കൃഷി ആവശ്യത്തിനല്ലാതെ മറിച്ച് വില്‍ക്കുവാന്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസിംഗ് കമ്പനിക്ക് യാതൊരു അധികാരവും ഇല്ല. അനധികൃത ഭൂമി കൈയ്യേറ്റത്തിന്റെയും ഭൂമി മുറിച്ച് വില്‍ക്കലിന്റെയും അടിസ്ഥാനത്തില്‍ കേരള ഭൂസംരക്ഷണ നിയമ പ്രകാരം 9 എഫ്ഐആറുകളാണ് ടാറ്റയ്‌ക്കെതിരെ വിജിലന്‍സ് ഇട്ടിരിക്കുന്നത്. കമ്പനിയുടെ സീലോ, ഒപ്പോ ഇല്ലാത്ത വ്യാജ ആധാരം ഇപ്പോള്‍ വിജിലന്‍സിന്റെ പക്കലാണ് ഉള്ളത്. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ടാറ്റക്കെതിരെയുള്ള വിജിലന്‍സ് കേസുകളെല്ലാം നിലച്ചിരിക്കുകയാണ്.

ടേബിള്‍ 4- രാജമാണിക്യം റിപ്പോര്‍ട്ട്

ചുരുക്കിപ്പറഞ്ഞാല്‍ ടാറ്റ കൈവശ കൃഷിക്കാരന്‍ (Cultivating Tenant) എന്ന നിലയില്‍ ഭൂമി കൈവശം വെച്ചിരിക്കുന്നത് നിയമവിരുദ്ധവും അനധികൃതവുമാണ് എന്ന് ഫെറ നിയമത്തിന്റെ അടിസ്ഥാനത്തല്‍ രാജമാണിക്യം സ്ഥാപിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ നല്‍കാതെ അല്ലെങ്കില്‍ രാജമാണിക്യം റിപ്പോര്‍ട്ട് പറയുന്നത് ശരിയാണെന്ന് പറയാതെ ‘ഫെറ നിയമത്തിന്റെ ലംഘനം ആകുമെന്ന’ അവ്യക്തത സൃഷ്ടിക്കാന്‍ ആണ് നിയമവകുപ്പ് ശ്രമിക്കുന്നത്. ഫെറ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാജമാണിക്യം ഉന്നയിച്ച നിയമപരമായ വാദങ്ങള്‍ ശരിവെച്ചാല്‍ ഏറ്റെടുക്കേണ്ടി വരുന്നത് ടാറ്റയുടെ ഭൂമിയാണല്ലോ.

ടേബിള്‍ 5- നിയമവകുപ്പ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലെ ഭാഗം

നിയമ വകുപ്പ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലെ ഏറ്റവും ഗുരുതരമായ വീഴ്ച ഹാരിസണ്‍ ഉള്‍പ്പടെയുള്ളവര്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത് അനധികൃതമല്ലെന്നും (Unauthorised Occupation) കൈവശപ്പെടുത്തല്‍ (Possession) ആണെന്നുള്ളതുമാണ്. ഹാരിസണിന്റെ കുടിയാന്‍ എന്ന വാദത്തെ തള്ളിക്കൊണ്ടും വ്യാജ ആധാരത്തിലൂടെയാണ് ഭൂമി കയ്യടക്കിയതെന്നും ബോധ്യപ്പെട്ടതുകൊണ്ടാണ് ഹാരിസണ്‍ ഭൂമി ഏറ്റെടുക്കാന്‍ 2013 ഫെബ്രുവരി 16ലെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി വരുന്നത്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഹാരിസണിന്റെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളിലെ 38,051 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകൊണ്ട് ഉത്തരവിറക്കുന്നത്. ഈ ഏറ്റെടുക്കലിനെ പൂര്‍ണ്ണമായും ശരിവെച്ചുകൊണ്ടും ഹാരിസണ്‍ അനധികൃതവും നിയമവിരുദ്ധവുമായാണ് ഭൂമി കൈവശപ്പെടുത്തിയിരുന്നതെന്ന് 2015 നവംബര്‍ 26ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നു. എന്നാല്‍ ഹൈക്കോടതി വിധിയെയും നാളിതുവരെയുള്ള റിപ്പോര്‍ട്ടുകളെയും അട്ടിമറിക്കുന്ന നീക്കമാണ് ഇപ്പോള്‍ നിയമവകുപ്പിന്റെ ഭാഗത്തു നിന്ന് നടന്നു കൊണ്ടിരിക്കുന്നത്. ഇത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ് എന്നാണ് അനേഷണം നടക്കേണ്ടത്.

ടേബിള്‍ 6 – നിയമവകുപ്പ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലെ ഭാഗം

 

ഭൂപരിഷ്‌കരണത്തിന്റെ ഏറ്റവും വലിയ പരാജയമായിരുന്നു തോട്ടം മേഖലയെ ഭൂപരിഷ്‌കരണ നിയമ പരിധിയില്‍ നിന്ന് മാറ്റിയത്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് രാജമാണിക്യം എല്ലാ എസ്റ്റേറ്റുകളെയും ഭൂപരിധിക്കുള്ളിലേക്ക് കൊണ്ടുവന്ന് അധികഭൂമി തിരിച്ചു പിടിക്കുന്നത്തിന് ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്യണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചത്. ഈ വസ്തുതയെ മറച്ചുവെച്ചുകൊണ്ടാണ് നിയമവകുപ്പ് ഭൂപരിഷ്കരണ നിയമത്തില്‍ തോട്ടംഭൂമി വരില്ലെന്ന പതിവ് പല്ലവി ആവര്‍ത്തിക്കുന്നത്. 1970ല്‍ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുമ്പോള്‍ ഹാരിസണ്‍ ഇന്ന് കൈയ്യടക്കി വെച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥത ബ്രിട്ടീഷ് കമ്പനിയില്‍ ആയിരുന്നു. 1963ലെ ഭൂപരിഷ്‌കരണ നിയമം 8(3) വകുപ്പ് പ്രകാരം സര്‍ക്കാര്‍ മിച്ചഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് മുന്‍പ് ഭൂമി കൈമാറ്റം പാടില്ലെന്ന വ്യവസ്ഥയും കമ്പനി ലംഘിച്ചു. 1978 വരെ ഭൂമി കൈവശം വെച്ചിരുന്ന ബ്രിട്ടീഷ് കമ്പനി എങ്ങനെ കൈവശ കൃഷിക്കാരന്‍ ആകും. ഹാരിസണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ കോടതിയില്‍ പറഞ്ഞിരുന്നത് തങ്ങള്‍ ‘കുടിയാന്‍’ ആണെന്നാണ്. ഇതേ വാദം നിയവകുപ്പും ആവര്‍ത്തിക്കുന്നതില്‍ നിന്ന് ഇവരുടെ താല്‍പര്യമെന്തെന്ന് വ്യക്തമാണ്.

സമഗ്രമായ രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പിലാക്കാതെ, ടാറ്റ, ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകള്‍ കൈവശം വെച്ചിരിക്കുന്ന 5 ലക്ഷത്തിലധികം ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന ഏറ്റവും കാതലായ നിര്‍ദ്ദേശത്തെയും അട്ടിമറിച്ചുകൊണ്ട് വീണ്ടും പുതിയൊരു അന്വേഷണ കമ്മീഷനെ നിയമിക്കാനും കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതികള്‍ രൂപീകരിക്കുന്നതിനുമുള്ള നിയമോപദേശമാണ് നിയമ സെക്രട്ടറി റിപ്പോര്‍ട്ടിലൂടെ നല്‍കിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലിനായി രൂപം കൊടുത്ത 1999ലെ സുമിത എന്‍ മേനോന്‍ റിപ്പോര്‍ട്ട്, 2005ലെ നിവേദിത പി ഹരന്‍ റിപ്പോര്‍ട്ട്, ജസ്റ്റിസ് എല്‍ മനോഹരന്‍ കമ്മറ്റി റിപ്പോര്‍ട്ട്, 2010 ഡി സജിത് ബാബു റിപ്പോര്‍ട്ട് തുടങ്ങി ഒടുവില്‍ ഡോ. എം ജി രാജമാണിക്യം റിപ്പോര്‍ട്ടിലും യാതൊരു നടപടിയും സ്വീകരിക്കാതെ വീണ്ടും ഒരു അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ നിയമവകുപ്പ് നിര്‍ദ്ദേശിക്കുന്നത് രാജമാണിക്യം റിപ്പോര്‍ട്ടിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് പകല്‍ പോലെ വ്യക്തമാണ്. കോടതി വ്യവഹാരങ്ങളില്‍ ഇടപെടാതെയും ശ്രദ്ധചെലുത്തത്തെയും കോടതിയില്‍ തെളിവുകളും സത്യവാങ്മൂലവും നല്‍കാത്ത അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനെതിരെ നടപടി സ്വീകരിക്കാതെയും തോട്ടം കുത്തകളെ രക്ഷിക്കുന്നതിനുള്ള നിലപാടാണ് സര്‍ക്കാരും റവന്യൂ-നിയമ വകുപ്പുകള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത് എന്നതും വ്യക്തമാണ്. ഈ സാഹചര്യത്തില്‍ കോടതി വ്യവഹാരങ്ങളിലൂടെ തോട്ടംഭൂമി ഏറ്റെടുക്കല്‍ പരിഹരിക്കണമെന്ന് നിയമ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്, ഉറപ്പായും ടാറ്റ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കുത്തകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ്. തോട്ടം കുത്തകള്‍ക്ക് കോടതികളില്‍ നിന്ന് അനുകൂലമായ വിധി വന്നു കഴിഞ്ഞാല്‍ ‘കോടതി ഉത്തരവല്ലേ, സര്‍ക്കാരിന് എന്ത് ചെയ്യാന്‍ കഴിയും’ എന്നു പറഞ്ഞ് സര്‍ക്കാരിന് കയ്യൊഴിയാമല്ലോ!

മരിച്ചാല്‍ അടക്കാന്‍ ഒരുതുണ്ട് ഭൂമിയില്ലാതെ കേരളത്തില്‍ രണ്ടര ലക്ഷം കുടുംബങ്ങള്‍ ഔദ്യോഗിക കണക്കിലും അഞ്ചേകാല്‍ ലക്ഷം കുടുംബങ്ങള്‍ ഈ കണക്കില്‍ പെടാതെയും ജീവിക്കുന്നുണ്ട്. കേരളത്തിലെ ദളിതരുടെ 79 ശതമാനം 26,193 കോളനികളിലായാണ് കഴിയുന്നത്. 14,000 കോളനികളില്‍ ആദിവാസികളും 10,000ല്‍ അധികം ലയങ്ങളില്‍ തോട്ടംതൊഴിലാളികളും 522 കോളനികളില്‍ മത്സ്യത്തോഴിലാളികളും ഒരുതുണ്ട് ഭൂമിയില്ലാതെ കഴിയുമ്പോഴാണ് കേരളത്തിന്റെ 58 ശതമാനം റവന്യൂ ഭൂമി ഇരുന്നൂറോളം വരുന്ന കുത്തകകള്‍ വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും അനധികൃതമായും കൈയ്യടക്കി വെച്ച് അനുഭവിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സന്തോഷ്‌ കുമാര്‍ കെ.

സന്തോഷ്‌ കുമാര്‍ കെ.

സാമൂഹ്യപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍