UPDATES

കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളുടെയും സ്വത്ത്‌, വരവു ചെലവുകള്‍ ഇനി സര്‍ക്കാര്‍ പരിശോധിക്കും, വിശ്വാസികള്‍ക്ക് കൂടുതല്‍ പങ്കാളിത്തം; ചര്‍ച്ച് ആക്ടിനെതിരെ പ്രതിഷേധവും ശക്തം

ഇക്കാലമത്രയും സ്വതന്ത്രമായി നിലകൊണ്ട ക്രിസ്ത്യന്‍ സഭാ സ്വത്ത് വിനിമയത്തെക്കുറിച്ച് വ്യക്തമായ വ്യവസ്ഥകളോടെയും ഭരണരീതികളില്‍ പോലും കാര്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുമാണ് കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് കരട് ബില്‍

പത്ത് വര്‍ഷത്തിന് ശേഷം കേരള ചര്‍ച്ച് ബില്‍ വീണ്ടും ചര്‍ച്ചയാവുന്നു. ക്രിസ്തീയ സഭകളിലെയും പള്ളികളിലെയും സ്വത്ത് കൈകാര്യം ചെയ്യല്‍ സംബന്ധിച്ച കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ബില്‍ 2019ന് കരട് രൂപമായി. കരട് രൂപം ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ക്രിസ്തീയ സഭകളെ ഏറെക്കുറെ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ബില്‍ നിയമമാകാന്‍ പോകുന്നത്. ഇക്കാലമത്രയും സ്വതന്ത്രമായി നിലകൊണ്ട ക്രിസ്ത്യന്‍ സഭാ സ്വത്ത് വിനിമയത്തെക്കുറിച്ച് വ്യക്തമായ വ്യവസ്ഥകളോടെയും ഭരണരീതികളില്‍ പോലും കാര്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുമാണ് കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കരട് ബില്‍. ജസ്റ്റിസ് കെടി തോമസ് ചെയര്‍മാനായും കെ ശശിധരന്‍ നായര്‍ വൈസ് ചെയര്‍മാനായും കെ ജോര്‍ജ് ഉമ്മന്‍, എന്‍ കെ ജയകുമാര്‍, ലിസമ്മ അഗസ്റ്റിന്‍ എന്നിവര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കുന്ന നിയമ പരിഷ്‌കരണ കമ്മീഷനാണ് കരട് പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 14ന് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തോട് പരസ്യമായും രഹസ്യമായും പ്രതികൂലിച്ച് ക്രിസ്തീയ വിഭാഗങ്ങള്‍ എത്തിയിട്ടുണ്ട്. 2009ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ചെയര്‍മാനായ ഭരണപരിഷ്‌ക്കരണ കമ്മീഷനാണ് ഇത്തരമൊരു നിയമനിര്‍മ്മാണം നിര്‍ദ്ദേശിച്ചത്. ബില്ലിന്റെ കരടുരൂപം കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയുമുണ്ടായി. എന്നാല്‍ പിന്നീട് അനക്കമില്ലാതെ കിടന്ന ബില്ലാണ് പൊടിതട്ടിയെടുത്ത് കെ ടി തോമസിന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ വീണ്ടും അവതരിപ്പിക്കുന്നത്.

പള്ളികളുടെ ഭരണത്തില്‍ വിശ്വാസികള്‍ക്കും കൂടി പങ്കാളിത്തം ഉറപ്പ് വരുത്തുന്ന ബില്‍ ആണിത്. സഭാസ്വത്ത് കൈകാര്യം ചെയ്യുന്നതിലും കൈമാറ്റം ചെയ്യുന്നതിലുമടക്കം പള്ളികള്‍ക്കും സഭകള്‍ക്കും പിഴവുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ ഇവ നിയന്ത്രിക്കുന്നതിന് ഒരു നിയമം ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ 26(ഡി) അനുഛേദ പ്രകാരം എല്ലാ മതവിഭാഗങ്ങള്‍ക്കും നിയമാനുസൃതം വസ്തുവകകള്‍ കൈകാര്യം ചെയ്യാന്‍ അവകാശമുണ്ട്. നിലവില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ വസ്തുവകകള്‍ കൈാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമമില്ല. കേരളത്തിലെ ക്രൈസ്തവ സഭകള്‍ കാലകാലങ്ങളായി ആര്‍ജിച്ചിരിക്കുന്ന സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നത് ബിഷപ്പുമാരോ അതത് വിഭാഗങ്ങളുടെ ഇടവകകളുടെ അധികാരികളോ ആണ്. മതിയായ കൂടിയാലോചനകളും മറ്റുമില്ലാതെ വസ്തുവകകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതും പണയപ്പെടുത്തിയും ദേവാലയങ്ങള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് വിശ്വാസികകളുടെ മനോവീര്യത്തെ തകര്‍ക്കുന്നു. നിലവില്‍ ഇത്തരം വിഷയങ്ങളില്‍ പരാതി നല്‍കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ അത്തരത്തില്‍ ഒരു നിയമം ഉണ്ടാകേണ്ടത് ഉചിതമാണെന്ന് സര്‍ക്കാര്‍ കരുതുന്നതുകൊണ്ടാണ് ഈ കരട് ബില്‍ അവതരിപ്പിക്കുന്നത് എന്ന് സര്‍ക്കാര്‍ അതില്‍ വ്യക്തമാക്കുന്നു. കേരളത്തിലെ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും പള്ളികളും സഭകളും ബില്ലിന്റെ പരിധിയില്‍ വരും.

ക്രൈസ്തവ സഭകളുടേയും വിവിധ ക്രൈസ്ത വിഭാഗങ്ങളുടെയും മുഴുവന്‍ സ്ഥാവര-ജംഗമ സ്വത്തുക്കളും സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥകളോടെയാണ് ബില്‍. വരവ് ചെലവ് കണക്കുകള്‍ വര്‍ഷാവര്‍ഷം സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെയായിരിക്കണം ഇത് സമര്‍പ്പിക്കേണ്ടത്. ക്രൈസ്തവ സഭകളുടേയും മറ്റ് വിഭാഗങ്ങളുടേയും മുഴുവന്‍ വരവ് ചെലവ് കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യും. ഇടവക തലം മുതല്‍ ഇത് നടപ്പാക്കും. ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥന് കൈമാറുകയും ഈ ഉദ്യോഗസ്ഥന്‍ സഭയുടേയോ ഇതരവിഭാഗങ്ങളുടേയോ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്യും. സഭയുടെ മുഴുവന്‍ സ്വത്തുക്കളുടേയും കണക്കുകള്‍ സര്‍ക്കാരില്‍ ബോധിപ്പിക്കണം. മെമ്പര്‍ഷിപ്പ് തുക, സംഭാവനകള്‍, വിശ്വാസികള്‍ നല്‍കുന്ന സംഭാവനകള്‍, സേവനപ്രവര്‍ത്തനങ്ങളും ശുശ്രൂഷകളും നടത്തുന്നതിനുള്ള ഫണ്ട് എന്നിങ്ങനെ എല്ലാ വരവുചെലവ് കണക്കുകളും സര്‍ക്കാരില്‍ ബോധിപ്പിക്കണം. എപ്പിസ്‌കോപ്പിക്കല്‍ സഭകളും പെന്തക്കോസ്ത് വിഭാഗങ്ങളുമുള്‍പ്പെടെ കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നിയമം ബാധകമാവും.

സഭാസ്വത്ത് ഭരണത്തിലോ വ്യവഹാരങ്ങളിലോ വിനിയോഗത്തിലോ തര്‍ക്കമുണ്ടായാല്‍ അത് ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിടാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ക്രൈസ്തവ സഭയിലോ ഇതരവിഭാഗങ്ങളിലോ ഉള്ള ആര്‍ക്കും ഫണ്ട് വിനിയോഗമോ സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചോ പരാതികളുണ്ടെങ്കില്‍ ട്രൈബ്യൂണലിനെ സമീപിക്കാം. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയുടെ പദവി വഹിച്ചിരുന്നയാളോ അംഗമായ ഏകാംഗ ട്രൈബ്യൂണലോ ജില്ലാ ജഡ്ജി അധ്യക്ഷനായും ജില്ലാ ജഡ്ജി ആവാന്‍ യോഗ്യതയുള്ള രണ്ട് പേരും ഉള്‍പ്പെടുന്ന മൂന്നംഗ ട്രൈബ്യൂണലോ ആണ് കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന വകുപ്പ് എട്ട് പ്രകാരമാണ് സര്‍ക്കാര്‍ രൂപീകരിക്കുന്ന ഈ ട്രൈബ്യൂണല്‍ നിലവില്‍ വരിക.

ഭരണകാര്യങ്ങളിലും കാര്യമായ മാറ്റം ബില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സഭയുടെ വസ്തുവകകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം ഡിനോമിനേഷനുകള്‍ക്കായിരിക്കും. വരിസംഖ്യ, സംഭാവന, നേര്‍ച്ചകളായി ലഭിക്കുന്ന തുക, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്ക്കുന്ന ഫണ്ട് തുടങ്ങി എല്ലാ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ ഈ ഡിനോമിനേഷന് അധികാരമുണ്ടാവും. തങ്ങളുടെ അധികാരപരിധിയില്‍ ഉള്‍പ്പെട്ട ഇടവകകളുടെ ഭരണചുമതലയും ഡിനോമിനേഷനാവും. ചര്‍ച്ച് കമ്മിഷണറുമുണ്ടാവും. ഇടവക മുതല്‍ രൂപതവരെയുള്ള കമ്മിറ്റികളില്‍ വിശ്വാസികള്‍ക്കും ഇടവകക്കാര്‍ക്കും പങ്കാളിത്തമുണ്ടാവും. ബില്‍ നിയമമാവുന്ന അന്ന് മുതല്‍ ഇതെല്ലാം നടപ്പില്‍ വരും.

അതേസമയം ബില്‍ കരട് വിജ്ഞാപനം ഇറക്കിയപ്പോള്‍ തന്നെ എതിര്‍പ്പും രൂക്ഷമാണ്. ചര്‍ച്ച് ആക്ട് സഭയെ തകര്‍ക്കാനുള്ള കമ്മ്യുണിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്നാണ് കത്തോലിക്ക കോണ്‍ഗ്രസ് വിമര്‍ശിച്ചത്. കെസിബിസിയും മറ്റും ഇതേവരെ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. എന്നാല്‍ സഭാ അധ്യക്ഷന്‍മാര്‍ യോഗങ്ങള്‍ ചേര്‍ന്ന് സര്‍ക്കാര്‍ നീക്കത്തെ ചെറുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായാണ് വിവരം. അതിനിടെ പുതിയ ബില്ലിന്റെ കരടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് പൂര്‍ണമായും യോജിക്കാനാവില്ല എന്ന് പറഞ്ഞ് ഓള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി. വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ബില്‍ നിയമമാക്കുക എന്നത് കൗണ്‍സിലിന്റെ എക്കാലത്തേയും ആവശ്യമാണ്. 2009ലെ ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ ചെയര്‍മാന്‍ ആയുള്ള നിയമപരിഷ്‌കരണ കമ്മീഷന്‍ തയ്യാറാക്കിയ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്ലില്‍ നിന്ന് ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തുകൊണ്ടാണ് പുതിയ ബില്‍ കരട് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് കൗണ്‍സില്‍ നേതാവ് ഷൈജു ആന്റണി പ്രതികരിച്ചു. “ഇപ്പോള്‍ വന്നിരിക്കുന്ന കരട് ബില്‍ ചര്‍ച്ച് ആക്ട് അല്ല. ഇപ്പോള്‍ വന്നിരിക്കുന്നത് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നിയമത്തിന്റെ കരട് രേഖയാണ്. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നിരീക്ഷണം അതില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഭരണതലത്തിലോ, അധികാരസ്ഥാനങ്ങങ്ങളെക്കുറിച്ചോ യാതൊരുവിധ നിര്‍ദ്ദേശവുമില്ലാതെയാണ് കരട് ബില്‍. അതുകൊണ്ട് തന്നെ ഇത് കേവലം സാമ്പത്തിക കാര്യങ്ങളിലേക്ക് ചുരുക്കപ്പെട്ടുപോവാം. അധികാരഘടന മാറാതെ സാമ്പത്തിക കാര്യങ്ങള്‍ നിരീക്ഷിച്ചതുകൊണ്ട് വലിയ ഫലമുണ്ടാവുകയുമില്ല. പ്രധാനപ്പെട്ട നിര്‍ദ്ദേശം ട്രൈബ്യൂണല്‍ സ്ഥാപിക്കുക എന്നതാണ്. കൃഷ്ണയ്യര്‍ തയ്യാറാക്കിയ ബില്ലില്‍ പരാതികള്‍ പരിഹരിക്കാന്‍ ഒരു കൗണ്‍സില്‍ വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ കരട് ബില്ലില്‍ ട്രൈബ്യൂണല്‍ രൂപീകരണമായത്. ട്രൈബ്യൂണല്‍ ഗവണ്‍മെന്റ് ബോഡി അല്ല എന്നതാണ് പ്രധാന പ്രശ്‌നം. രണ്ട് ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ കോടതികളെ സമീപിക്കാനുള്ള അവസരം അതിന് മുമ്പോ ശേഷമോ ഉണ്ടാവില്ല. നീതി നിഷേധിക്കപ്പെടാനുള്ള സാധ്യതയാണ് കണക്കുകൂട്ടുന്നത്. എന്തായാലും ഒന്നുമില്ലാത്തതിനേക്കാള്‍ നല്ലതാണ് ഇത്രയെങ്കിലും വരുന്നത്. എന്നാല്‍ ഉറപ്പിച്ച് പറയാം ഇത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സമര്‍പ്പിച്ച ചര്‍ച്ച് ബില്‍ അല്ല.”

എറണാകുളം-അങ്കമാലി അതിരൂപതകളിലെ ഭൂമിക്കച്ചവട വിവാദമാണ് ബില്‍ നിയമമാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് ചിലരുടെ പക്ഷം. നേരത്തെ നിയമമുണ്ടായിരുന്നെങ്കില്‍ ഇതുപോലുള്ള ഭൂമിക്കച്ചവടങ്ങള്‍ ഉണ്ടാവില്ലായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും ചുരുക്കമല്ല. മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ കോട്ടയത്ത് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ഹിയറിങ് സംഘടിപ്പിക്കും. മാര്‍ച്ച് ആറ് വരെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. 2009ല്‍ സമര്‍പ്പിച്ച ബില്ലില്‍ വെള്ളം ചേര്‍ക്കാതെ അതേപടി വീണ്ടും അവതരിപ്പിക്കണമെന്നാണ് ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സലിന്റെ ആവശ്യം.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍