UPDATES

‘ഒരില നുള്ളാന്‍ പോയിട്ട് ഈ ഭൂമിയിലേക്ക് കാല് വെക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല’

സര്‍ക്കാര്‍ ഉടമസ്ഥതയിലാകേണ്ട വനഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതി കച്ചവടത്തിനും കൊള്ളയ്ക്കും വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് പൊന്തന്‍പുഴ.

പെരുംപെട്ടി വില്ലേജ് ഓഫീസിന് മുന്നില്‍ കെട്ടിയ ഒരു തുണിത്തൊട്ടിലില്‍ ഒന്നരവയസ്സുകാരന്‍ മിഥുന്‍ ഉറങ്ങുകയാണ്. കാറ്റും മഴയും വന്ന് തണുപ്പ് വീശുമ്പോള്‍ മാത്രം ഒന്ന് കരയും. സ്വന്തം വീടുള്ളപ്പോള്‍ തന്നെയുംകൊണ്ട് അച്ഛനും അമ്മയും തെരുവിലേക്കിറങ്ങിയതെന്തിനെന്ന് അവനറിയില്ല. ഒരു സമരപ്പന്തലില്‍ ഏച്ചുകെട്ടിയ തുണിത്തൊട്ടിലിലാണ് താനുറങ്ങുന്നതെന്നും. അവന്റെ ജീവിതത്തോട് ചേര്‍ന്ന പൊന്തന്‍പുഴ വനം സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതി നല്‍കിയതും അവനറിയില്ല. പക്ഷെ അറിഞ്ഞുകൊണ്ടല്ലെങ്കിലും അവനും ഒരു സമരത്തിലാണ്. തനിക്കും വരുംതലമുറകള്‍ക്കും വേണ്ടിയുള്ള അതിജീവന പോരാട്ടത്തിന്റെ ഭാഗമാണ്. മിഥുന്റെ അച്ഛനും അമ്മയും കുഞ്ഞു സഹോദരിയും, അവിടം കൊണ്ടും തീരുന്നില്ല, അവനറിയാത്ത അവന്റെ നാട്ടുകാരായവരെല്ലാം ഇന്ന് പോരാടുകയാണ്. കുടിയറക്കപ്പെടാതിരിക്കാനും പൊന്തന്‍പുഴ വനം സ്വകാര്യവല്‍ക്കരിക്കാതിരിക്കാനും. ഇന്ന് ആ വനവും അവന് സ്വന്തമായിരുന്ന ഇടങ്ങളുമെല്ലാം അനേകം സ്വകാര്യ വ്യക്തികളുടേതായി കഴിഞ്ഞു. പക്ഷെ പൊതുസ്വത്തായ വനം മുറിച്ച് പലരുടേതാക്കാന്‍ അനുവദിക്കില്ല എന്നുറച്ച് തന്നെയാണ് പെരുംപെട്ടി നിവാസികള്‍. ‘മരിച്ചാലും സാരമില്ല, വനത്തില്‍ നിന്ന് ഒരു ഇല നുള്ളാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല’ ആള്‍ഭേദമില്ലാതെ നാവുകള്‍ പറഞ്ഞുകൊണ്ടിരുന്നത് ഇത് മാത്രം.

ഏഴായിരം ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന സംരക്ഷിത വനമാണ് പൊന്തന്‍പുഴ. കേരളത്തിലെ തന്നെ ഏറ്റവും വലിയ സംരക്ഷിതവനം. പശ്ചിമഘട്ടത്തിന്റെ ഒരു കൈ. അങ്ങനെയൊക്കെ വിശേഷിപ്പിക്കാവുന്ന പ്രശാന്ത സുന്ദരമായ ഈ വനം ഇനി എത്രനാള്‍ ഇങ്ങനെ വനമായി നിന്നേക്കും? ഒരു കാടിനെ മുറിച്ചെടുത്ത് സ്വകാര്യ ഭൂമിയാക്കാന്‍ ഇനി അധികം കാലം വേണ്ടി വന്നേക്കില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം ഈ വനഭൂമി 283 സ്വകാര്യ വ്യക്തികളുടേതാണ്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള, ജൈവസമ്പത്തുകളാല്‍ സമ്പുഷ്ടമായ സംരക്ഷിത വനമേഖല സര്‍ക്കാര്‍ കെടുകാര്യസ്ഥതമൂലം സ്വകാര്യ വ്യക്തികള്‍ക്ക് സ്വന്തമായി എന്ന് വേണം പറയാന്‍. അര നൂറ്റാണ്ടുകാലത്തെ കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ പൊന്തന്‍പുഴ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായി. 2018 ജനുവരി 10നായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്.

അതോടെ തങ്ങള്‍ക്കവകാശപ്പെട്ട പൊന്തന്‍പുഴയിലെ സ്ഥലം തിരക്കി വിവിധ ദേശങ്ങളില്‍ നിന്ന് ആളുകള്‍ എത്താന്‍ തുടങ്ങി. ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍ നിന്നും ഷൊര്‍ണൂരില്‍ നിന്നുപോലും കൂട്ടത്തോടെയും അല്ലാതെയും ആളുകള്‍ എത്തിത്തുടങ്ങി. തനിക്ക് അവകാശപ്പെട്ട ഭൂമി അന്വേഷിച്ച് എത്തിയ ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയെ നാട്ടുകാര്‍ തടയുകയും തിരികെ അയക്കുകയും ചെയ്തതാണ് പൊന്തന്‍പുഴയില്‍ നിന്ന് ലഭിക്കുന്ന അവസാന വര്‍ത്തമാനം. രാജാവില്‍ നിന്ന് കൈവശം കിട്ടിയ ഭൂമിയെന്ന് അവകാശമുന്നയിച്ച് നിരവധിപേര്‍ എത്തുമ്പോള്‍ വനാതിര്‍ത്തിയില്‍ താമസിച്ചിരുന്ന 1200 കുടുംബങ്ങള്‍ തെരുവിലേക്കിറങ്ങേണ്ടിയും വരികയാണ്. ജൈവസമ്പത്തിന്റെ കലവറയായ ഒരു വനത്തെ കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുന്ന സര്‍ക്കാരിനെതിരെ, ഒന്നര നൂറ്റാണ്ടിലധികമായി പെരുമ്പട്ടി, പൊന്തന്‍പുഴ വനാതിര്‍ത്തിയില്‍ താമസിക്കുന്നയാളുകളെ കുടിയൊഴിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയാണ് പൊന്തന്‍പുഴ-വലിയകാവ് വന സംരക്ഷണ സമിതി സമരം ചെയ്യുന്നത്.

പൊന്തന്‍പുഴ-ഭൂമിശാസ്ത്രവും ചരിത്രവും

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പടര്‍ന്നു കിടക്കുന്നതാണ് പൊന്തന്‍പുഴ വലിയകാവ് വനം. റാന്നി, എരുമേലി, ഫോറസ്റ്റ് ഡിവിഷനുകളില്‍ പെട്ട ആലപ്ര, വലിയകാവ്, കറിക്കാട്ടൂര്‍ റിസര്‍വുകള്‍ ചേരുന്ന വനം. ആഴത്തിലും പരപ്പിലുമുള്ള പാറക്കെട്ടുകള്‍, വലുതും ചെറുതുമായ മരങ്ങളുമുള്ള ഇടത്തട്ട് വനം. ഇലപൊഴിയുന്നതും പൊഴിയാത്തതുമായ മരങ്ങളുടെ സമുച്ചയം. കുറ്റിക്കാടുകള്‍, അടിത്തട്ടില്‍ വളരുന്ന സസ്യങ്ങള്‍, വള്ളിപ്പടര്‍പ്പുകള്‍, ഔഷധസസ്യങ്ങള്‍ അങ്ങനെ പോകുന്നു വനത്തിന്റെ പ്രത്യേകത. മണിമലയാറില്‍ ചെന്നവസാനിക്കുന്ന പുഴകളുടെ കൈവഴികള്‍ നിറഞ്ഞ കാട്. കുറച്ചുകൂടി ശാസ്ത്രീയമായി വിലയിരുത്തിയാല്‍ മുന്നൂറ്റുമ്പതിലധികം ഉറുമ്പുകള്‍, 174 തരം തുമ്പികള്‍, 269 ഇനം ഒച്ചുകള്‍, 320ഇനം ശലഭങ്ങള്‍, ആയിരത്തിലധികം പ്രാണികള്‍, അഞ്ഞൂറിലേറെ പക്ഷികള്‍, 120 ഇനം സസ്തനികള്‍, പാമ്പുകള്‍ അങ്ങനെ സമ്പുഷ്ടമായ ജൈവകലവറ. പൂര്‍ണമായും വനമായ, വനംവകുപ്പിലേക്ക് ചേരേണ്ട പൊന്തന്‍പുഴ എങ്ങനെയാണ് സ്വകാര്യ ഉടമസ്ഥതകളിലേക്കെത്തുന്നത്. അതറിയാന്‍ ചരിത്രത്തിന്റെ പിറകേ പോവണം.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, 1753ല്‍ തിരുവിതാംകൂര്‍ രാജാവിനെ യുദ്ധത്തില്‍ സഹായിച്ചതിന് പ്രത്യുപകാരമായി എഴുമറ്റൂര്‍ നൈതല്ലൂര്‍ കൈപ്പുഴ കോവിലകത്തിന് പൊന്തന്‍പുഴ വനഭൂമി നല്‍കി. മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത് ചെമ്പ് പട്ടയത്തില്‍ നീട്ട് നല്‍കി എന്നാണ് അവകാശവാദം. 1906ല്‍ ദിവാന്‍ മാധവറാവു പൊന്തന്‍പുഴയെ വനമായി പ്രഖ്യാപിച്ചു. തിരുവല്ല, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ഉള്‍പ്പെട്ട ആറേമുക്കാല്‍ ചതുരശ്ര മൈല്‍ സ്ഥലം 1891ലെ വനനിയമം രണ്ടാം റഗുലേഷന്‍ നാലാം വകുപ്പ് പ്രകാരം വലിയകാവ് റിസര്‍വ് വനമായി ഏറ്റെടുക്കാനും വിജ്ഞാപനമുണ്ടായി. കറിക്കാട്ടൂര്‍, വലിയകാവ്, ആലപ്ര പ്രദേശങ്ങള്‍ റിസര്‍വ് ആയി പ്രഖ്യാപിച്ചത് 1904, 1905, 1906 വര്‍ഷങ്ങളില്‍ പുറത്തിറക്കിയ വിജ്ഞാപനപ്രകാരമാണ്. ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന കാലം മുതല്‍ ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടങ്ങി. പിന്നീട് സംസ്ഥാന രൂപീകരണത്തിന് ശേഷം 1959ല്‍ സര്‍ക്കാര്‍ പുനര്‍വിജ്ഞാപനത്തിലൂടെ ഭൂമി ഏറ്റെടുത്തു.

നിയമപോരാട്ടങ്ങള്‍

1940കളില്‍ തന്നെ ഭൂമി കൈവശം വച്ചിരുന്ന നൈതല്ലൂര്‍ കോവിലകം അത് പാലാ സ്വദേശിയായ ഒരാള്‍ക്ക് മറിച്ചു നല്‍കി എന്ന് പറയപ്പെടുന്നു. തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒത്താശയോടെ തന്നെ ഭൂമി മറിച്ചുവിറ്റു. 1959ല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ അടുത്തവര്‍ഷം തന്നെ ഭൂമിയുടെ മുകളില്‍ അവകാശമുന്നയിച്ച് പല സ്വകാര്യ വ്യക്തികളും കോടതിയെ സമീപിച്ചു. അനുകൂലവിധിയും നേടി. എന്നാല്‍ വനംവകുപ്പ് അപ്പീല്‍ പോയി. 1979ല്‍ സര്‍ക്കാരിന് അനുകൂലമായ വിധി തന്നെ വരുന്നു. പിന്നീട് 1981ലാണ് പുതിയ കേസുകളുടെ തുടക്കം. നൈതല്ലൂര്‍ കോവിലകത്ത് നിന്ന് വാങ്ങിയ ഭൂമിയാണെന്നും കൈവശം പട്ടയമുണ്ടെന്നും കാണിച്ച് പാലാ സ്വദേശിയായ ചെറിയത്ത് ജോസഫ് കോടതിയെ സമീപിച്ചു. കോവിലകത്തിന്റെ അവകാശികള്‍ അടങ്ങുന്ന ട്രസ്റ്റ് ഉള്‍പ്പെടെ 283 അംഗങ്ങള്‍ ജോസഫിനൊപ്പം കേസില്‍ കക്ഷിചേരുകയും ചെയ്തു. കോട്ടയം ജില്ലാ കോടതിയിലും എറണാകുളം ജില്ലാ കോടതിയിലുമായി കേസ് സമര്‍പ്പിച്ചു. ആ കോടതികളില്‍ നിന്നും കേസ് തള്ളിപ്പോയി. അതോടെ കേസ് ഹൈക്കോടതിയിലെത്തി. എന്നാല്‍ 1986ല്‍ നിര്‍ണായകമായ ഒരു വിധി കോടതികള്‍ പുറപ്പെടുവിച്ചു. പൂര്‍ണമായും വ്യാജരേഖകള്‍ ചമച്ച് നിമമവ്യവസ്ഥിതിയെ തന്നെ കബളിപ്പിക്കുകയാണ് ഹര്‍ജിക്കാര്‍ ചെയ്യുന്നതെന്ന് കണ്ടെത്തി കേസ് നിലനില്‍ക്കില്ലെന്ന് കോടതി വിധിച്ചു. എന്നാല്‍ വനഭൂമിയില്‍ അവകാശമുന്നയിക്കുന്നവര്‍ പിന്നീട് സുപ്രീംകോടതിയെ സമീപിച്ചു. 2003ലാണ് സുപ്രീംകോടതി ഈ കേസില്‍ വിധിപറയുന്നത്. ഇതുവരെയുള്ള എല്ലാ കാര്യങ്ങളും റദ്ദ് ചെയ്യണമെന്നും കേസ് പുതുതായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി കേസ് ഹൈക്കോടതിക്ക് തിരിച്ചയച്ചു.

വര്‍ഷങ്ങള്‍ നീണ്ട വാദങ്ങള്‍ക്കും വിസ്താരങ്ങള്‍ക്കും ശേഷം ഹൈക്കോടതി 2018 ജനുവരി 10ന് വിധി പുറപ്പെടുവിച്ചു. ഭൂമിയുടെ അവകാശമുന്നയിച്ച 283പേര്‍ക്കുമായി വനഭൂമി നല്‍കുന്നതായിരുന്നു ആ വിധി. 1971ലെ സ്വകാര്യവനം പിടിച്ചെടുക്കുന്നത് സംബന്ധിച്ച നിയമവും, 2003ലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്ന നിയമവുമുള്‍പ്പെടെ നിരവധി നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ശ്രമിച്ചില്ല എന്ന ആരോപണമാണ് സമരസമിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. 283പേര്‍ക്കായി കോടതിയില്‍ ഹാജരായ 75 അഭിഭാഷകരുടെ വാദങ്ങള്‍ക്കെതിരെ നിരത്താന്‍ നിരവധി രേഖകളും നിയമസാധ്യതകളുമുണ്ടായിരിക്കെ അത് ഉപയോഗപ്പെടുത്തിയില്ല. വനം സ്വകാര്യവല്‍ക്കരിച്ച് ലാഭങ്ങളുണ്ടാക്കാനുള്ള സര്‍ക്കാര്‍ വകുപ്പുകളുടേയും ഉദ്യോഗസ്ഥരുടേയും കള്ളക്കളികള്‍ക്ക് സര്‍ക്കാര്‍ അഭിഭാഷകന്‍ കൂട്ടുനിന്നതുകൊണ്ട് മാത്രമാണ് കേസ് അവര്‍ക്ക് അനുകൂലമായി വന്നതെന്ന അഭിപ്രായവും സമരസമിതി പ്രവര്‍ത്തകര്‍ക്കുണ്ട്.

സമരസമിതി പ്രവര്‍ത്തകനും നാട്ടുകാരനുമായ ജെയിംസ് കണ്ണിമല പറയുന്നത്, ‘നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പൊന്തന്‍പുഴ വനഭൂമിയില്‍ അവകാശ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതാണ്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് രാജാക്കന്‍മാരുടേയും ജന്മികളുടേയും കൈവശമായിരുന്ന വനഭൂമി സ്വാഭാവികമായും സര്‍ക്കാരിന് ഏറ്റെടുക്കാം. എന്നാല്‍ ഈ ഭൂമിയുടെ കാര്യത്തില്‍ വര്‍ഷങ്ങളായി കോടതി വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അത് സാധിച്ചിട്ടില്ല.സര്‍ക്കാര്‍ അഭിഭാഷകന്റെ കഴിവുകേട് കൊണ്ടാണ് ഇപ്പോള്‍ ഭൂമി സ്വകാര്യവല്‍ക്കരിക്കാനുള്ള ഉത്തരവ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സുശീലഭട്ട് ആയിരുന്നു കേസ് വാദിച്ചിരുന്നത്. രേഖകള്‍ വേണ്ടത്ര ലഭ്യമാവാതിരുന്നിട്ടുകൂടി അവര്‍ പുറത്തുനിന്നൊക്ക രേഖകള്‍ സംഘടിപ്പിച്ചാണ് വാദിച്ചിരുന്നത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന് സുശീലഭട്ടിനെ മാറ്റി പുതിയ അഭിഭാഷകനെ കൊണ്ടുവന്നു. അതോടെ ഭൂമാഫിയകള്‍ക്കും വനംമാഫിയകള്‍ക്കുമൊക്കെ അനുകൂലമായ വിധി വരാന്‍ പാകത്തിന് ബാലിശമായി സര്‍ക്കാര്‍ വാദം. ഞങ്ങള്‍ ഹൈക്കോടതി വിധിന്യായത്തെ കേരളത്തിലെ വനംമാഫിയയുടെ ‘വിശുദ്ധ ഗ്രന്ഥം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആ വിധിയില്‍ കൃത്യമായി പറയുന്ന ഒരു കാര്യമുണ്ട്. ‘1971ലേയും 2003ലേയും വനനിയമങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ സൂചിപ്പിക്കാത്തതിനാല്‍ ആ വിഷയങ്ങളിലേക്ക് കടക്കുന്നില്ല’ എന്ന്. അതായത് പട്ടയത്തിന്റെ സാധുത പരിശോധിക്കണമെന്നോ വനസംരക്ഷണ നിയമങ്ങളുടെ കീഴില്‍ വരുന്ന പ്രദേശമാണ് പൊന്തന്‍പുഴയെന്നോ കോടതിയെ വേണ്ടതരത്തില്‍ ധരിപ്പിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനായിട്ടില്ല എന്ന് തന്നെയാണ്.

സുശീല ഭട്ട്

ഇനി രണ്ടാമത്തെ ഒരു പ്രധാനപ്പെട്ട കാര്യം. ചെമ്പുപട്ടയം നീട്ട് പ്രകാരം ലഭിച്ചു എന്നാണ് അവകാശവാദമുന്നയിക്കുന്നവര്‍ പറയുന്നത്. മാര്‍ത്താണ്ഡവര്‍മ്മയുടെ രാജശാസന പ്രകാരം കോവിലകത്തിന് ലഭിച്ച വനഭൂമിയാണെന്നാണ് അവകാശം. ആയിരിക്കാം. പക്ഷെ അതിന് തെളിവായി ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് മുമ്പ് തന്നെ പല കോടതികളും കണ്ടെത്തിയിരുന്നു. 1753ലെ നീട്ട് പ്രകാരമാണ് ഈ പ്രദേശങ്ങള്‍ കോവിലകത്തിന് ലഭിച്ചതെന്നാണ് അവകാശവാദം. ഇങ്ങനെയൊരു നീട്ട് ഉണ്ടോയെന്ന കാര്യം ഹൈക്കോടതി പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ അസ്സല് നീട്ട് ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. അക്കാലത്ത് മലയാളം ലിപി ഉപയോഗിക്കാറില്ലായിരുന്നു. വട്ടെഴുത്തില്‍ എഴുതപ്പെട്ടതെന്ന് കരുതുന്ന ആ നീട്ടിന്റെ ലിപി മാറ്റം വരുത്തിയ പകര്‍പ്പിന്റെ പകര്‍പ്പ് മാത്രമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. മാര്‍ത്താണ്ഡവര്‍മ്മ ചെമ്പോല എഴുതാനായി ഉപയോഗിച്ചിരുന്നില്ലെന്നുള്ള അറിവുമുണ്ട്. തൃപ്പടിദാനം രേഖ പോലും അദ്ദേഹം പനയോലയിലാണ് എഴുതിയത്. ചെമ്പിന്റെ കാലപ്പഴക്കം, ഭാഷ, അവയെല്ലാം ശാസ്ത്രീയമായി പരിശോധിക്കാനുള്ള തീരുമാനം കോടതിയില്‍ നിന്നുണ്ടായില്ല. എന്നുമാത്രമല്ല, ഈ നീട്ടും അനുബന്ധരേഖകളുമെല്ലാം കെട്ടിച്ചമച്ചവയും വ്യാജവുമാണെന്നും കൃത്രിമരേഖകളുടെ കൂമ്പാരം സൃഷ്ടിച്ച് നിയമവ്യവസ്ഥയെ കബളിപ്പിക്കാന്‍ കക്ഷികള്‍ ശ്രമിക്കുന്നു എന്നുമാണ് 1991 മാര്‍ച്ച് 18ലെ ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നത്. അങ്ങനെ ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഹാജരാക്കിയ രേഖകളുടെ ശാസ്ത്രീയ അടിസ്ഥാനത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദ്യം ചെയ്യണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല.

വലുതും ചെറുതുമായ നിരവധി വൃക്ഷങ്ങള്‍ ഉള്ള വനമാണ് പൊന്തന്‍പുഴ. പക്ഷെ ഹര്‍ജിക്കാര്‍ ഹര്‍ജിയില്‍ ഇവിടെ കുറ്റിക്കാട് മാത്രമേയുള്ളൂ എന്നാണ് പറഞ്ഞിരിക്കുന്നത്. നാമമാത്രമായി വനസ്വഭാവമുള്ള വരണ്ടസ്ഥലം, ഇടവിട്ടി കൃഷിചെയ്യുന്ന മലവാരം എന്നിങ്ങനെയാണ് വനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ആരെങ്കിലും ഒരാള്‍ ഇവിടെ വന്ന് പഠിക്കുകയോ തെളിവെടുപ്പ് നടത്തുകയോ ചെയ്താല്‍ ഈ വാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് നേരില്‍ കാണാം. സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തുകളിച്ചിട്ട് ഇപ്പോള്‍ സര്‍ക്കാര്‍ ജനങ്ങളുടെ കണ്മില്‍ പൊടിയിടാനായി ഒരു പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. പക്ഷെ അത് ബാലിശമായ ഒന്നാണ്. 2003 മുതല്‍ 2018 വരെ നടന്ന വാദങ്ങള്‍ക്കിടെ ഏതാനും ചില രേഖകള്‍ ഹാജരാക്കാന്‍ വിട്ടുപോയി. അത് ഹാജരാക്കാന്‍ അനുവദിക്കണം എന്ന പറഞ്ഞാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അത് നിലനില്‍ക്കില്ലെന്ന് കാണുമ്പഴേ അറിയാം.’

ആകര്‍ഷണം വലിയ പാറക്കെട്ടുകളും വന്‍മരങ്ങളും

പൊന്തന്‍പുഴയില്‍ അവകാശമുന്നയിക്കുന്നവര്‍ക്ക് സ്വന്തം ഭൂമി എവിടെയാണ് സ്ഥിതി ചെയ്യുന്നത് പോലുമറിയില്ല. എന്നാല്‍ ഹൈക്കോടതി വിധി വന്നതോടെ വനഭൂമിയിലേക്കുള്ള ഇടിച്ചുകയറലിന് കാരണങ്ങളുണ്ട്. കോടികളുടെ കണക്ക് പറഞ്ഞാല്‍ തീരാത്തത്രയും പാറക്കെട്ടുകളാണ് പൊന്തന്‍പുഴയിലുള്ളത് എന്നതാണ് അതില്‍ പ്രധാനം എന്ന് തന്നെ കണക്കാക്കാം. ക്വാറികളുടെ ഇടിച്ചുനിരത്തലില്‍ ഏറ്റവുമധികം പ്രത്യാഘാതമനുഭവിക്കുന്ന ജില്ലകളാണ് പത്തനംതിട്ടയും കോട്ടയവും. അശാസ്ത്രീയമായ പാറപൊട്ടിക്കലുകള്‍ക്കായി തീറെഴുതി കൊടുത്തതാണ് പത്തനംതിട്ട ജില്ലയുടെ ഭൂരിഭാഗവും. പരിസ്ഥിതി പ്രവര്‍ത്തകരുടേയും നിയമസംവിധാനങ്ങളുടേയും നിരന്തര ഇടപെടലുകള്‍ക്ക് പോലും ജില്ലയിലെ കുന്നുകളെയും പാറക്കെട്ടുകളേയും രക്ഷിക്കാനായിട്ടില്ല. ആ സാഹചര്യത്തിലാണ് എത്ര കൊല്ലം പൊട്ടിച്ചാലും തീരാത്തത്ര ആഴവും പരപ്പുമുള്ള പാറക്കൂട്ടങ്ങള്‍ പൊന്തന്‍പുഴ വനത്തിനകത്ത് കിട്ടുന്നത്. വനഭൂമി എന്നത് മാറി സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയാവുമ്പോള്‍ ആര്‍ക്കും തോന്നിയത് പോലെ ക്വാറികള്‍ തുടങ്ങാമെന്നുമാവും. കൂട്ടുപാറ, നാഗപ്പാറ, ആവോലിമല അങ്ങനെ പെരുന്തന്‍പുഴയിലെ പാറകളേയും മലകളേയും ലക്ഷ്യം വച്ച് തന്നെയാണ് പലരുടേയും വരവ്. ആവോലി മലയില്‍ വര്‍ഷങ്ങളായി അമിറ്റി റോക്സ് എന്ന പേരില്‍ ഒരു ക്വാറി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ വനഭൂമിയോട് ചേര്‍ന്നുള്ള ക്വാറിപ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ഗോപിനാഥന്‍പിള്ള എന്ന എഴുപതുകാരന്‍ നടത്തിയ പോരാട്ടം താല്‍ക്കാലികമായി വിജയിച്ചിരിക്കുകയാണ്. എന്നാല്‍ സ്വകാര്യ ഉടമസ്ഥതയിലേക്ക് ഭൂമി മാറുന്നതോടെ വനഭൂമിയോട് ചേര്‍ന്നുള്ള ക്വാറി എന്ന തടസ്സം ഉണ്ടാവില്ല. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വന്‍മരങ്ങളുടെ വലിയ ശേഖരവുമാണ് വനമാഫിയയെ കാത്തിരിക്കുന്നത്.

അനിശ്ചിതകാല സമരം

ഒന്നരനൂറ്റാണ്ടുകള്‍ക്കും മുമ്പ് വനാതിര്‍ത്തികളില്‍ കുടിയേറിയ 1200 കുടുംബങ്ങളാണ് പൊന്തന്‍പുഴ- വലിയകാവ് വനസംരക്ഷണ സമിതിയുടെ കീഴില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. സമരസമിതി നേതാവ് സന്തോഷ് പെരുമ്പെട്ടി പറയുന്നു, ‘ഞങ്ങളാരും വനഭൂമി കയ്യേറിയവരല്ല. ഇരുന്നൂറ് വര്‍ഷത്തോളമായി തലമുറ തലമുറയായിട്ട് ഇവിടെ താമസിക്കുന്നവരാണ്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും നിങ്ങള്‍ക്ക് പട്ടയം തരാം എന്ന് പറയുന്നതല്ലാതെ ഇക്കാലത്തനിടയില്‍ അത് നടന്നിട്ടില്ല. ഹൈക്കോടതി ഉത്തരവോടെ 1200 കുടുംബങ്ങളാണ് ഇവിടെ നിന്ന് കുടിയൊഴിക്കപ്പെടുക. ഞങ്ങള്‍ക്ക് വനഭൂമി വേണ്ട. വനത്തോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ ചെറിയ കൃഷിയും മറ്റുമായി ജീവിക്കുന്നവരാണ്. ആരും വലിയ ഭൂസ്വത്തുള്ളവരുമല്ല. 500 ഏക്കര്‍ ഭൂമിയാണ് 1200 കുടുംബങ്ങള്‍ക്കുമായിട്ടുള്ളത്. നാലും അഞ്ചും സെന്റുള്ളവരുണ്ട്, അര ഏക്കറും ഒരേക്കറുമുള്ളവരുണ്ട്. അതില്‍ കൂടുതലൊന്നും ആര്‍ക്കുമില്ല. ഞങ്ങള്‍ക്ക് വനനിയമങ്ങളുടെ ഭാഗമാകാതെ പട്ടയം നല്‍കണം. അത് നിയമപരമായി ലഭിക്കുന്നത് വരെ പോരാട്ടം തുടരും. അത് ഞങ്ങളുടെ ആവശ്യം. മറ്റൊരര്‍ഥത്തില്‍ സര്‍ക്കാരിനും കൂടി വേണ്ടിയുള്ള സമരമാണ് ഞങ്ങളുടേത്. വനം സ്വകാര്യവല്‍ക്കരിക്കാതെ സര്‍ക്കാരിലേക്ക് തന്നെ എത്തിക്കാനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

ഹൈക്കോടതി ഉത്തരവിലൂടെ വനഭൂമി സ്വകാര്യ ഭൂമിയാക്കിയാല്‍ നിയമനിര്‍മ്മാണത്തിലൂടെ സര്‍ക്കാരിന് ആ ഭൂമി തിരികെ പിടിക്കാവുന്നതേയുള്ളൂ. കോടതിവിധിയെ മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി പൊതുമുതല്‍, കേരളത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന വനസമ്പത്ത് സംരക്ഷിക്കണമെന്നാണ് ഞങ്ങള്‍ പറയുന്നത്. ഇനി ഒരു കാര്യം കൂടി പറയാം. സ്വന്തം ഭൂമിയാണെന്ന് പറഞ്ഞ് ഒരാളും ഈ വനഭൂമിയില്‍ കയറാമെന്ന് കരുതണ്ട. ഒരില നുള്ളാന്‍ പോയിട്ട് ആ ഭൂമിയിലേക്ക് കാല് വക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഒരൊറ്റയൊരുത്തനും അതുംപറഞ്ഞ് ഇങ്ങോട്ട് വരികയും വേണ്ട. ഹൈക്കോടതി വിധി നടപ്പാക്കാനൊരുങ്ങിയാല്‍ ഞങ്ങളത് തടയും.’

ഓരോ ദിവസം ഓരോ കുടുംബമാണ് സമരം മുന്നോട്ടുകൊണ്ടുപോവുന്നത്. വനത്തില്‍ അവകാശം സ്ഥാപിക്കാനെത്തുന്നവരെക്കുറിച്ച് രഹസ്യ വിവരങ്ങള്‍ നല്‍കാനുള്ള ജാഗ്രതാ സമിതികളും സമരസമിതി രൂപീകരിച്ചിട്ടുണ്ട്. അത് അങ്ങനെ തുടരുന്നു.

സര്‍ക്കാര്‍ ഉടമസ്ഥതയിലാകേണ്ട വനഭൂമി സ്വകാര്യവല്‍ക്കരിച്ച് കച്ചവടത്തിനും കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കാന്‍ സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും കൂട്ടുനില്‍ക്കുന്നത് എങ്ങനെയെന്നതിന്റെ മികച്ച ഉദാഹരണമാണ് പൊന്തന്‍പുഴ. സമരസമിതിക്കാര്‍ പറയുന്നത് പോലെ ‘വനഭൂമിയില്‍ നിന്ന് മരുഭൂമിയിലേക്ക് ഒരു മഴുവിന്റെ ദൂരം മാത്രം’ എന്ന തിരിച്ചറിവിലേക്ക് ഭരണകൂടങ്ങള്‍ എത്താന്‍ ഇനിയുമെത്രനാള്‍ കാത്ത് നില്‍ക്കേണ്ടി വരും.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍