UPDATES

കേരളം

വരള്‍ച്ചാ ലഘൂകരണ പദ്ധതി കൊള്ളാം; പക്ഷെ കഴിഞ്ഞ കൊല്ലം നട്ട മരങ്ങള്‍ എവിടെപ്പോയി?

ഓര്‍മ്മമരം പദ്ധതി എങ്ങുമെത്താതെ വന്നപ്പോഴാണ് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകള്‍ക്കായി 80.20 കോടി രൂപയുടെ വരള്‍ച്ചാ ലഘൂകരണ പദ്ധതി വരുന്നത്.

കേരളത്തില്‍ ഏറ്റവുമധികം വരള്‍ച്ച ബാധിച്ച വയനാട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളായ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകളില്‍ സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതിക്കായി 80 കോടി രൂപയുടെ പദ്ധതി. ഇതിന്റെ ഉത്ഘാടനം കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് മുള്ളന്‍കൊല്ലി പഞ്ചായത്തില്‍  നിര്‍വഹിച്ചു. പക്ഷേ കൃത്യം ഒരു വര്‍ഷം മുന്‍പ് ഇതേ മന്ത്രി ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ കബനീനദിയുടെ തീരത്ത് ഉത്ഘാടനം നിര്‍വഹിച്ച ‘ഓര്‍മ്മമരം’ പദ്ധതി ഇന്ന് എവിടെ എന്ന ചോദ്യം മാത്രം ബാക്കി നില്‍ക്കുന്നു.

കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളാണ് പ്രധാനമായും കബനീനദി ഉള്‍പ്പെടുന്ന വാര്‍ഡുകള്‍. കര്‍ണാടകയില്‍ നിന്നുള്ള ചൂടുള്ള കാലാലസ്ഥയെയും കാറ്റിനെയും പ്രതിരോധിക്കാന്‍ ഗ്രീന്‍ബെല്‍റ്റ്, വരള്‍ച്ചയെ പ്രതിരോധിക്കുക, മഴക്കുറവിന് പരിഹാരം, നഷ്ടപ്പെട്ട പച്ചപ്പ് വീണ്ടെടുക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് ജില്ലാ ഭരണകൂടത്തിന്റയും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ പദ്ധതിക്ക് രൂപം നല്‍കിയത്. 1500-ല്‍ അധികം തണല്‍ മരങ്ങള്‍ കബനിക്കരയില്‍ വെച്ചുപിടിപ്പിക്കാനാണ് തീരുമാനമെടുത്തത്. ജൂണ്‍ 5ന് തന്നെ പദ്ധതി നടപ്പാക്കുകയും ചെയ്തു. പക്ഷേ ആ മര തൈകള്‍ നട്ട 33 ഏക്കറിലധികം വരുന്ന സ്ഥലവും ഇന്ന് തരിശുനിലമായി കിടക്കുകയാണ്. രാത്രിയില്‍ കാട്ടാനകളുടെ വിഹാര കേന്ദ്രവും. പകല്‍ സമയത്ത് ജനങ്ങള്‍ കന്നുകാലികളേയും മേച്ച് മരതൈകള്‍ മുഴുവനും നശിപ്പിച്ചതോടെ കബനീനദിക്കരയില്‍ ഓര്‍മ്മിക്കാന്‍ പോലും ഒരു തൈ കാണാന്‍ പറ്റാത്ത വിധം ഓര്‍മ്മമരം പദ്ധതി അവതാളത്തിലായിരിക്കുകയാണ്. മരം നട്ടതല്ലാതെ അതിനെ സംരംക്ഷിക്കാന്‍ ഒരു വിധത്തിലുള്ള നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്നത് തന്നെയാണ് കാരണം .

മരം നട്ടതല്ലാതെ അതിലേക്ക് പിന്നെ പഞ്ചായത്തോ അധികൃതരോ തിരിഞ്ഞു നോക്കിയിട്ടില്ല. ഞങ്ങള്‍ നാട്ടുകാര്‍ ഈ കാര്യത്തില്‍ കാഴ്ചക്കാര്‍ മാത്രമാണ്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ തന്നെ ഈ നാട്ടുകാരായ യുവാക്കള്‍ക്കോ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ക്കോ ചെറിയ പ്രതിഫലം നല്‍കി മരത്തൈകളുടെ സംരക്ഷണം ഏല്‍പ്പിച്ചിരുന്നെങ്കില്‍ അത് ഇത്തരത്തില്‍ നശിച്ചു പോകില്ലായിരുന്നു. പകല്‍ പോലും ആനയിറങ്ങുന്ന സ്ഥലങ്ങളാണിത്. പലയിടത്തും ഫെന്‍സിങ്ങ് പോലും ഇല്ല. ഭയപ്പാടോടെയാണ് ഞങ്ങള്‍ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്. ഞങ്ങളുടെ ജീവന്‍ പോലും സംരക്ഷിക്കാന്‍ സര്‍ക്കാരോ അധികൃതരോ തയാറാവുന്നില്ല. പിന്നെങ്ങനെ അവര്‍ മരത്തൈകള്‍ സംരക്ഷിക്കാന്‍ തയാറാവും. കൃത്യമായി പരിപാലനം നടത്തിയിരുന്നെങ്കില്‍ ആ മരത്തൈകള്‍ നശിച്ചു പോകില്ലായിരുന്നു” എന്നും നാട്ടുകാരനും വ്യാപാരിയുമായ തോമസ്

പറയുന്നു.

പ്രധാനമായും ജില്ലാ ഭരണകൂടത്തിന്റ നേതൃത്വത്തില്‍ വിഭാവനം ചെയ്ത ഓര്‍മ്മമരം പദ്ധതിയില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒരു ലക്ഷത്തോളം തൈകളാണ് ജില്ലയില്‍ വിതരണം ചെയ്തത്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വെച്ച് പിടിപ്പിക്കുന്ന മരങ്ങളോടൊപ്പം ജല സ്രോതസുകള്‍ സംരക്ഷിക്കുന്നതിനും പദ്ധതി ലക്ഷ്യമിട്ടിരുന്നു. മരത്തൈകളുടെ തുടര്‍ സംരക്ഷണത്തിനായി ഈ പദ്ധതി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരാമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് തന്നിരുന്നു. എന്നാല്‍ അത് ലഭിച്ചില്ല. പഞ്ചായത്ത് ഫണ്ട് കൊണ്ട് മരത്തൈകള്‍ സംരംക്ഷിക്കാനുള്ള പണം തികയില്ല. അതുകൊണ്ട് തന്നെ തുടര്‍ച്ചയായി വേതനം നല്‍കി ആളുകളെ പരിപാലിക്കാന്‍ നിര്‍ത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ജനങ്ങള്‍ വര്‍ഷങ്ങളായി അവിടെ കാലി മേയിക്കുന്നുണ്ട്. അതു തടയാനാവില്ല.

“ആന കയറുന്നതിന് ഞങ്ങളെന്ത് ചെയ്യാനാണ്? ജില്ലാ പഞ്ചായത്തിന്റ കീഴിലാണ് ആ കാര്യങ്ങളൊക്കെ ചെയ്യേണ്ടത്”– എന്ന് മാത്രമാണ് കബനിക്കരയിലെ ഏറ്റവും വലിയ വാര്‍ഡായ ഏഴാം വാര്‍ഡിലെ മെമ്പര്‍ ജീന ഷാജി പറയുന്നത്. നിലവില്‍ ഈ സ്ഥലം വനം വകുപ്പ് ഏറ്റെടുത്ത് ജണ്ട കെട്ടി പുതിയ മരത്തൈകള്‍ വെച്ച് പിടിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ആനശല്യം ഓരോ ദിവസം കഴിയുന്തോറും രൂക്ഷമാകുന്നുമുണ്ട്.

‘മരങ്ങള്‍ നട്ട അന്ന് മുതല്‍ അയല്‍ക്കൂട്ടം പദ്ധതിക്കോ തൊഴിലുറപ്പ് പദ്ധതിയിലോ ഉള്‍പ്പെടുത്തി മരത്തൈകള്‍ സംരംക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കില്‍ ലക്ഷ്യം നിറവേറ്റാന്‍ കഴിയുമായിരുന്നു. മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ ആര്‍ക്കും കഴിയും. സംരക്ഷിക്കലാണ് ഏറ്റവും പ്രധാനം. പിന്നീട് ജില്ലാ ഭരണകൂടവും ഈ കാര്യത്തില്‍ വേണ്ട ശ്രദ്ധ ചെലുത്തിയില്ല.” നാട്ടുകാരെ ഉള്‍പ്പെടുത്തി വനം വകുപ്പുമായി ബന്ധപ്പെട്ട് പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും സംഭവിച്ചത് പോലുള്ള വീഴ്ചകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഏഴാം വാര്‍ഡ് മെമ്പറായ പിവി സെബാസ്റ്റ്യന്‍ പറയുന്നുണ്ട്.

ഓര്‍മ്മമരം പദ്ധതി എങ്ങുമെത്താതെ വന്നപ്പോഴാണ് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകള്‍ക്കായി 80.20 കോടി രൂപയുടെ വരള്‍ച്ചാ ലഘൂകരണ പദ്ധതി വരുന്നത്. കാര്‍ഷിക സംസ്‌കാരം ഇന്ന് നേരിടുന്ന പ്രതിസന്ധിയെ നേരിടുന്നതിനാണ് സര്‍ക്കാര്‍ സഹായത്തോടെ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നാടിന് നഷ്ടപ്പെട്ട ജലസംഭരണ ശേഷി വീണ്ടെടുക്കാനായാല്‍ വരള്‍ച്ച ലഘൂകരിച്ച് നഷ്ടപ്പെട്ടവയെ തിരിച്ചു കൊണ്ടുവരാനാവുമെന്ന് മാസങ്ങളോളം ഈ മേഖലയില്‍ പഠനം നടത്തിയ വിദഗ്ധര്‍ പറയുന്നു. ആ പഠനനിരീക്ഷണങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ പദ്ധതിയും നിലവില്‍ വരുന്നത്. മൂന്ന് വര്‍ഷം കൊണ്ട് ലക്ഷ്യം കൈവരിക്കാനാണ് ശ്രമം നടത്തുന്നത്. മൂന്ന് പഞ്ചായത്തുകളിലുമായി ആകെ 15220 ഹെക്ടര്‍ പ്രദേശം പദ്ധതി പരിധിയില്‍ വരുന്നുണ്ട്. 4030 ഹെക്ടര്‍ വനവും 2777 ഹെക്ടര്‍ വയലുമുള്ള പ്രദേശത്തിന്റ ജലസംരംക്ഷണ പ്രവര്‍ത്തകളാണ് നടപ്പിലാക്കുക. 80.20 കോടി രൂപയില്‍ 90 ശതമാനം ഫണ്ടിന്റ വിഹിതവും ലഭിക്കുന്നത് മുള്ളന്‍കൊല്ലി പഞ്ചായത്തിന് തന്നെയാണ്.

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍