UPDATES

ട്രെന്‍ഡിങ്ങ്

ക്രൈസ്തവ സഭകളുടെ സ്വത്ത് ഉപയോഗത്തില്‍ കടിഞ്ഞാണിടാന്‍ ചര്‍ച്ച് ആക്ടുമായി സര്‍ക്കാര്‍

കേരള നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ ആണ് ചര്‍ച്ച് ആക്ട് കരട് വിജ്ഞാപനം ഇറക്കിയത്

ക്രൈസ്തവ സഭകളുടെയും വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെയും സ്വത്ത് ഉപയോഗത്തിനു കടിഞ്ഞാണിടാനായി സര്‍ക്കാര്‍ ചര്‍ച്ച് ആക്ട് കൊണ്ടുവരുന്നു. ഇതിനായി കരട് ബില്ല്  പ്രസിദ്ധീകരിച്ചു. ക്രൈസ്തവ സഭകളുടേയും വിവിധ ക്രൈസ്ത വിഭാഗങ്ങളുടെയും മുഴുവന്‍ സ്ഥാവര-ജംഗമ സ്വത്തുക്കളും സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥകളോടെയാണ് ബില്‍. വരവ് ചെലവ് കണക്കുകള്‍ വര്‍ഷാവര്‍ഷം സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. കേരള നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ ആണ് ചര്‍ച്ച് ആക്ട് കരട് വിജ്ഞാപനം ഇറക്കിയത്.

ഓരോ സ്ഥാപനവും ഇടവകകളും വരവ് ചെലവ് കണക്കുകള്‍ വര്‍ഷാവര്‍ഷം സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെ സമര്‍പ്പിക്കണം. പരാതികള്‍ കേള്‍ക്കുന്നതിനായി ട്രൈബ്യൂണല്‍ സ്ഥാപിക്കാനും കരട് വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു. ക്രൈസ്തവ സഭകളുടേയും മറ്റ് വിഭാഗങ്ങളുടേയും മുഴുവന്‍ വരവ് ചെലവ് കണക്കുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യും. ഇടവക തലം മുതല്‍ ഇത് നടപ്പാക്കും. ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥന് കൈമാറുകയും ഈ ഉദ്യോഗസ്ഥന്‍ സഭയുടേയോ ഇതരവിഭാഗങ്ങളുടേയോ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കണം.

സഭയുടെ മുഴുവന്‍ സ്വത്തുക്കളുടേയും കണക്കുകള്‍ സര്‍ക്കാരില്‍ ബോധിപ്പിക്കണം. മെമ്പര്‍ഷിപ്പ് തുക, സംഭാവനകള്‍, വിശ്വാസികള്‍ നല്‍കുന്ന സംഭാവനകള്‍, സേവനപ്രവര്‍ത്തനങ്ങളും ശുശ്രൂഷകളും നടത്തുന്നതിനുള്ള ഫണ്ട് എന്നിങ്ങനെ എല്ലാ വരവുചെലവ് കണക്കുകളും സര്‍ക്കാരില്‍ ബോധിപ്പിക്കണം. എപ്പിസ്‌കോപ്പിക്കല്‍ സഭകളും പെന്തക്കോസ്ത് വിഭാഗങ്ങളുമുള്‍പ്പെടെ കേരളത്തിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നിയമം ബാധകമാവും.

പരാതികള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച് ട്രൈബ്യൂണല്‍ സ്ഥാപിക്കണം എന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയുടെ പദവി വഹിച്ചിരുന്നയാളോ അംഗമായ ഏകാംഗ ട്രൈബ്യൂണലോ ജില്ലാ ജഡ്ജി അധ്യക്ഷനായും ജില്ലാ ജഡ്ജി ആവാന്‍ യോഗ്യതയുള്ള രണ്ട് പേരും ഉള്‍പ്പെടുന്ന മൂന്നംഗ ട്രൈബ്യൂണലോ ആണ് കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. ക്രൈസ്തവ സഭയിലോ ഇതരവിഭാഗങ്ങളിലോ ഉള്ള ആര്‍ക്കും ഫണ്ട് വിനിയോഗമോ സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചോ പരാതികളുണ്ടെങ്കില്‍ ട്രൈബ്യൂണലിനെ സമീപിക്കാം. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും.

2009ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കേരള ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനായിരിക്കെ ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ ആക്ട് നടക്കാപ്പണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അതില്‍ തുടര്‍നടപടികളുണ്ടായിരുന്നില്ല. എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവട വിവാദത്തിന് ശേഷം കേരളത്തില്‍ ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് സഭാ പരിഷ്‌ക്കരണവാദികള്‍ നിരന്തരമായി ആവശ്യമുന്നയിച്ചിരുന്നു. സഭയുടെ സാമ്പത്തിക ഇടപാടുകളില്‍ പലരും സംശയമുന്നയിച്ച് രംഗത്തെത്തുകയും ചെയ്തു.

മാര്‍ച്ച് ആറിനുള്ളില്‍ ബില്ല് സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. ദ കേരള ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്)ബില്‍ 2019 എല്ലാ പേരിലാണ് കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍