എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ ചുമതലകളില്‍ നിന്നും ഒഴിവാക്കുക വഴി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരേ വത്തിക്കാന്‍ ശിക്ഷാനടപടി തന്നെയാണ് സ്വീകരിച്ചരിക്കുന്നതെന്ന് വൈദികരും വിശ്വാസികളും. അതിരൂപത ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍ കര്‍ദിനാള്‍ ആലഞ്ചേരിയും കൂട്ടാളികളും ഭൂമിയിടപാടില്‍ തെറ്റ് ചെയ്തിട്ടുണ്ടെന്നും ആ തെറ്റിനുള്ള ശിക്ഷയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നുമാണ് അതിരൂപത സംരക്ഷണ സമിതി, അല്‍മായ മുന്നേറ്റം എന്നിവര്‍ ചൂണ്ടിക്കാണിക്കുന്നത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയ കര്‍ദിനാള്‍ ആലഞ്ചേരിക്ക് അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ ചുമതല കൂടി നിറവേറ്റുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മെത്രാപ്പോലീത്ത വികാരിയെ നിയമിച്ചിരിക്കുന്നതെന്നായിരുന്നു സിനഡിന്റെ വാദം. എന്നാല്‍ കര്‍ദിനാളിന്റെ അധികാര നഷ്ടത്തിന്റെ യഥാര്‍ത്ഥകാരണം ഭൂമിയിടപാട് തന്നെയാണെന്നാണ് വൈദികരുടെയും വിശ്വാസികളുടെയും സംഘടനകള്‍ ഉറപ്പിച്ചു പറയുന്നത്.
കര്‍ദിനാളിനെ അതിരൂപത ഭരണചുമതലകളില്‍ നിന്നും നീക്കിയതിനു സിനഡ് നല്‍കിയ വിശദീകരണം ഇങ്ങനെയാണ്; സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലുള്ള ശ്രമകരമായ ദൗത്യവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് എന്ന ഉത്തരവാദിത്വവും ഒരുമിച്ച് നിറവേറ്റുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് പുതിയ മെത്രപ്പോലീത്ത വികാരിയെ നിയമിച്ചിരിക്കുന്നത്. അതിരൂപതയ്ക്ക് പുതിയ ഭരണ സംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ച് 2007 മുതല്‍ സിനഡില്‍ ആലോചനകള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സീറോ മലബാര്‍ സഭയുടെ രൂപതകള്‍ കേരളത്തിന് പുറത്തും ഇന്ത്യക്ക് വെളിയിലും വര്‍ദ്ധിച്ചതോടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍ കൂടുതല്‍ സമയം സഭയുടെ പൊതു ആവശ്യങ്ങള്‍ക്കു വേണ്ടി കര്‍ദിനാള്‍ ആലഞ്ചേരിക്ക് കണ്ടെത്തേണ്ടി വരികയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് 2019 ജനുവരിയിലെ സിനഡില്‍ എടുത്ത തീരുമാനം റോമിനെ അറിയിച്ചതിന്റെ പുറത്ത് പൗരസ്ത്യ തിരുസംഘത്തിന്റെ അംഗീകാരത്തോടെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ അനുദിന ഭരണനിര്‍വഹണത്തിനായി നിയമിക്കുന്നത്.
എന്നാല്‍ വിശ്വാസികളുടെ സംഘടനയായ അല്‍മായ മുന്നേറ്റം പറയുന്നത്, മെത്രാപ്പോലീത്ത വികാരിയെ നിയമിച്ചുകൊണ്ട് വത്തിക്കാനിലെ ഓറിയന്റ് കോണ്‍ഗ്രിഷന്‍ നല്‍കിയ കത്തില്‍ ഭൂമിക്കച്ചവടത്തില്‍ ഗുരുതരമായ വീഴ്ച്ചകള്‍ സംഭവിച്ചുവെന്നും അതിന്റെ ഉത്തരവാദിത്തം കര്‍ദിനാളിനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നുമാണ്. അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയനും വക്താവ് ഫാ. ജോസ് വൈലികോടത്തും ഇതേ കാര്യം തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതിരൂപതയിലെ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്കും കൂട്ടാളികള്‍ക്കും തെറ്റ് പറ്റിയിരുന്നു. ഫാ. ബെന്നി മാരാംപറമ്പില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഈ തെറ്റ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കാനോ തെറ്റ് തിരുത്താനോ നിയമനടപടികള്‍ക്ക് വിധേയനാകാനോ കര്‍ദിനാള്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് വൈദികരും വിശ്വാസികളും കര്‍ദിനാള്‍ ആലഞ്ചേരിയെ അതിരൂപതയുടെ ഭരണചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം വത്തിക്കാന്‍ അംഗീകരിക്കുകയാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ പൂര്‍ണവും സ്വതന്ത്രവുമായി ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് ആയി മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി ആന്റണി കരിയിലിനെ നിയമിച്ചതിലൂടെ നടന്നിരിക്കുന്നത്.
അതേസമയം, അതിരൂപതയുടെ ഇനിയുള്ള കാര്യങ്ങളില്‍ വിശ്വാസികളും പുരോഹിതസമൂഹവും കൂടുതല്‍ ജാഗ്രതയോടെ ഇടപെടുമെന്ന ഓര്‍മപ്പെടുത്തലും അതിരൂപത സംരക്ഷണ സമിതിയിലെ വൈദികര്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ അനുഭവം കൊണ്ട് ഇവിടുത്തെ വൈദികരും അല്‍മായരും ഏറെ പ്രബുദ്ധരായിട്ടുണ്ടെന്നും അതിനാല്‍ ഇനി മുതല്‍ അതിരൂപതയുടെ എല്ലാ കാര്യങ്ങളിലും, പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍ എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കും. അധികാരികളുടെ മാത്രം ഇഷ്ടത്തിന് മുമ്പോട്ട് പോകാന്‍ അനുവദിക്കില്ലെന്നുമാണ് വൈദികര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഭൂമിയിടപാടിലൂടെ അതിരൂപതയ്ക്ക് ഉണ്ടായ കോടികളുടെ നഷ്ടം നികത്താന്‍ നിര്‍ദേശങ്ങള്‍ ഇല്ലാതെ പോയതില്‍ സിനഡിനെ കുറ്റപ്പെടുത്തുകയുമാണ് വൈദിക-വിശ്വാസി സമൂഹം. പുതിയ മെത്രാപ്പോലീത്ത വികാരി ഈ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഇവര്‍ പറയുന്നു. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്ത വരുത്തേണ്ടതുണ്ടെന്ന ആവശ്യവും ഇതിനൊപ്പം ഉയര്‍ത്തിയിട്ടുണ്ട്. ഭൂമി കച്ചവടത്തെ കുറിച്ച് അന്വേഷിക്കാന്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ നിയോഗിച്ച ഇഞ്ചോടി കമ്മീഷന്‍ റിപ്പോര്‍ട്ടും കെപിഎംജി റിപ്പോര്‍ട്ടും പുറത്തുവിടാതിരുന്നതിലൂടെ ഭൂമിയിടപാടിനെ കുറിച്ച് ആദ്യം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഫാ. ബെന്നി മാരാംപറമ്പില്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ സിനഡ് ശരിവയ്ക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് തങ്ങള്‍ക്ക് മനസിലായിരിക്കുന്നതെന്നും അതിനാല്‍ വത്തിക്കാന്റെ ഉത്തരവ് അനുസരിച്ച് ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട നഷ്ടം സിനഡ് നികത്തണമെന്നും അല്‍മായ മുന്നേറ്റവും അതിരൂപത സംരക്ഷണവും ആവശ്യപ്പെടുന്നു.
വ്യാജരേഖ കേസിന്റെ കാര്യത്തിലും സിനഡ് ഉചിതമായ തീരുമാനം എടുത്തില്ലെന്ന പ്രതിഷേധവും വൈദിക-വിശ്വാസി സമൂഹത്തിനുണ്ട്. വ്യാജരേഖ കേസില്‍ചെയ്യാത്ത കുറ്റത്തിന് വൈദികരും വിശ്വാസികളും ഇപ്പോഴും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. എഫ്‌സിസി സംഭാഗമായിരുന്ന സി. ലൂസി കളപ്പുരയ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചാല്‍ ഫാ. അഗസ്റ്റിന്‍ വട്ടോളിക്കെതിരേ നടപടിയെടുക്കുമെന്ന സിനഡിന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തിനെതിരയും അതിരൂപത സംരക്ഷണ സമിതിയും അല്‍മായ മുന്നേറ്റവും എതിര്‍പ്പ് പ്രകടിപ്പിച്ചു. ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ ഫാ. വട്ടോളിയെ പോലുള്ളവരെ മനസിലാക്കി പിന്തുണ കൊടുക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും വൈദികരും വിശ്വാസികളും പറയുന്നു.
അതിരൂപതയുടെയും അതിരൂപത സ്ഥാപനങ്ങളുടെയും ഭരണസംവിധാനത്തില്‍ വിശ്വാസികളെക്കൂടി ഉള്‍പ്പെടുത്തി മാറ്റങ്ങള്‍ വരുത്തണമെന്ന ആവശ്യവും മെത്രാപ്പോലീത്ത വികാരിക്കു മുന്നില്‍ വയ്ക്കുന്നുണ്ട്. ബഡ്ജറ്റിനു വിധേയമായി ചെലവുകള്‍ നടത്തണമെന്നും അതിരൂപതയുടെ കണക്കുകള്‍ മാസാമാസം പ്രസിദ്ധീകരിക്കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍, വൈദിക സമിതി എന്നിവിടങ്ങളില്‍ കൂടി ഈ കണക്കുകള്‍ അവതരിപ്പിക്കണമെന്നും വിശ്വാസികള്‍ പറയുന്നു. ഈ ആവശ്യങ്ങള്‍ പുതിയ ഭരണാധികാരിക്കു മുന്നില്‍ വയ്ക്കുമെന്നും അവ അംഗീകരിച്ചുകിട്ടും വരെ പോരാട്ടം തുടരമെന്നും അല്‍മായ മുന്നേറ്റം പ്രതിനിധികള്‍ വ്യക്തമാക്കുന്നു.
ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തീരുമാനങ്ങള്‍ എല്ലാം തങ്ങളുടെ പോരാട്ടത്തിന്റെ വിജയമായാണ് അതിരൂപതയിലെ വൈദികരും വിശ്വാസികളും അവകാശപ്പെടുന്നത്. അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇപ്പോള്‍ കാണിക്കുന്ന അതേ ജാഗ്രത തങ്ങള്‍തുടരുമെന്നും ഇവര്‍ ഓര്‍മപ്പെടുത്തുന്നു.