UPDATES

ഒരു ബിഗ്‌ സല്യൂട്ട് നല്‍കേണ്ടതുണ്ട് കേരള ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വീസിന്…

ഈ നാളുകളത്രയും ഊണും ഉറക്കവും കളഞ്ഞ്, അപകടങ്ങള്‍ നേരിട്ട്, അസുഖങ്ങള്‍ പിടിപ്പെട്ട് ജോലി ചെയ്തിട്ടും അവരിനിയും വിശ്രമിക്കാന്‍ ഇരുന്നിട്ടില്ല; പ്രളയത്തിന്റെ ബാക്കിപത്രങ്ങളായ വീടും റോഡും നാടും ശുചിയാക്കുകയാണവര്‍

കനത്ത മഴ തുടരുകയാണ്, സമയം രാത്രി ഏഴു മണി കഴിഞ്ഞു കാണണം, ഇരുട്ട് മൂടിക്കിടക്കുന്നു…  വിറയ്ക്കുന്ന ശരീരത്തോട് ചേര്‍ത്ത് അത്രനേരവും കാത്തുപിടിച്ച തന്റെ പ്രാണനെ ആ അച്ഛന്‍ മറ്റൊരു കൈകളിലേക്ക് കൈമാറി. ഇല്ല, കൈവിടില്ല എന്ന ഉറപ്പോടെ വീടിന്റെ സണ്‍ ഷെയ്ഡില്‍ നിന്നുകൊണ്ട് ആ ചോര കുഞ്ഞിനെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സേനാംഗം തന്റെ കൈകളിലേക്ക് ഏറ്റു വാങ്ങി… താഴെ വെള്ളം കുത്തിയൊഴുകി കൊണ്ടിരിക്കുകയാണ്… ഡിങ്കിയില്‍ (റബര്‍ ബോട്ട്) ഉണ്ണികൃഷ്ണന്‍ തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു… തന്റെ കൈകളിലേക്ക് ഏറ്റുവാങ്ങിയ ആ ചെറു പ്രാണന് ആറോ ഏഴോ മാസം പ്രായം കാണും. ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നുപോലും അറിയില്ല… കരച്ചിലില്ല, പക്ഷേ, കുതറുന്നുണ്ട്… തന്റെ കൈയൊന്ന് ചെറുതായി വിറച്ചാല്‍, പിടിയൂര്‍ന്നാല്‍… താഴെ ആരോടോ ഉള്ള വാശിയെന്നപോലെ കുത്തിയൊഴുകി പായുകയാണ് വെള്ളം… ഇല്ല, ഒരു പോറല്‍ പോലും നിനക്കേല്‍ക്കില്ല, അതിന് സമ്മതിക്കില്ല… ഒരു തരി മഴത്തുള്ളിപോലും നിന്റെ മേല്‍ വീഴാതെ നോക്കും… ആ ചോരക്കുഞ്ഞിനെ തന്റെ നെഞ്ചോട് ചേര്‍ത്ത് ഇറുക്കി പിടിച്ചുകൊണ്ട് ഉണ്ണികൃഷ്ണന്‍ ഡിങ്കിയില്‍ ഇരുന്നു…. ആ കുടുംബത്തിലെ എല്ലാവരേയും രക്ഷിച്ചുകൊണ്ടാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യുവിന്റെ റബര്‍ ബോട്ട് സുരക്ഷിതമായ കരയിലെത്തിയത്. അത്ര നേരം താന്‍ അടക്കിപ്പിടിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറുമ്പോള്‍ അവര്‍ കണ്ണീരോടെ ഉണ്ണികൃഷ്ണനെ കൈകൂപ്പി….

ഒരു മഹാപ്രളയത്തിന്റെ കൈയില്‍ നിന്നും ആ ചോരകുഞ്ഞിനെപ്പോലെ സ്റ്റേഷന്‍ ഓഫിസറായ ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഫയര്‍ ആന്‍ഡ് റെസ്ക്യു സേനാംഗങ്ങള്‍ എറണാകുളം ജില്ലയില്‍ നിന്നു മാത്രം രക്ഷിച്ചിച്ചെടുത്ത് പതിനയ്യായിരത്തോളം പേരെ… മുപ്പത്തയ്യായിരിത്തോളം പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു… സംസ്ഥാനം അതിന്റെ ചരിത്രത്തില്‍ നേരിട്ട ഏറ്റവും വലിയ ദുരന്തത്തില്‍ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു സേനയുടെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് വാക്കുകളാലോ വരികളാലോ പറഞ്ഞുതീര്‍ക്കാനാവാത്തതാണ്…

"</p "</p "</p "</p

നിലയ്ക്കാത്ത പേമാരിയും വെള്ളപ്പൊക്കവും സകലതും തകര്‍ത്ത് മുന്നേറിയ ദിവസങ്ങളിലല്ല, കേരളത്തിലെ ഫയര്‍ ആന്‍ഡ് റസക്യു സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അവര്‍ അതിനും മാസങ്ങള്‍ക്കും മുമ്പേ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റി തുടങ്ങിയിരുന്നു. മേയ് 29-ന് മഴക്കെടുതിയുടെ ദുരിതങ്ങള്‍ ആരംഭിച്ച നാള്‍ മുതല്‍ അവര്‍ കര്‍മനിരതരായിരുന്നു. “ഈ ദിവസങ്ങളില്‍ തന്നെ അഞ്ഞൂറോളം ഫോണ്‍കോളുകള്‍ വന്നു തുടങ്ങിയിരുന്നു. മരം വീണതും റോഡ് ഇടിഞ്ഞതും വീട് തകര്‍ന്നതുമൊക്കെയായി ജനങ്ങളുടെ ആവലാതികള്‍ പലതായിരുന്നു. ഞങ്ങള്‍ ഇറങ്ങി, സമയം കളയാതെ ഓരോയിടത്തും ഓടിയെത്തി ജോലി ചെയ്തു. ഒഴുക്കില്‍പ്പെട്ടവരെ മുങ്ങിയെടുത്തു, പല ജീവനുകളും രക്ഷിച്ചു കരയിലെത്തിച്ചു… ഓഗസ്റ്റ് 9-ന് ഡാം തുറക്കുമെന്ന മുന്നറിയിപ്പ് കിട്ടുന്നതിനും മുന്നേ സംഭവിച്ചേക്കാവുന്ന അപകടം മുന്നില്‍ കണ്ട് ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എറണാകുളം ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളിലും തയ്യാറെടുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കിട്ടാവുന്നത്ര വിഭവങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. മറ്റ് ജില്ലകളില്‍ നിന്നും ആളും സഹായവും തേടി. വെള്ളം കയറാനുള്ള പ്രദേശങ്ങളുടെ ലിസ്റ്റ് എടുത്തു. അവിടുത്തെ സ്റ്റേഷന്‍ ഓഫിസറുമാരെ നേരില്‍ പോയി കണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടു… പ്രദേശങ്ങളില്‍ സഞ്ചരിച്ച് പഠനം നടത്തി… അങ്ങനെ എല്ലാ തയ്യാറെടുപ്പുകളും നടത്തി. പക്ഷേ, ദുരന്തം കുതിച്ചു പാഞ്ഞെത്തിയത് കേരളത്തില്‍ പലയിടങ്ങളിലായി ഒരുമിച്ചായിരുന്നു. അതോടെ തയ്യാറെടുപ്പുകളില്‍ ചിലത് പാളി… മറ്റ് ജില്ലകളിലെ സ്‌റ്റേഷനുകളില്‍ നിന്നും ആളെ എത്തിക്കാമെന്ന കണക്കൂട്ടല്‍ പിഴച്ചു. ഉടന്‍ തന്നെ തൃശൂര്‍ അക്കാദമിയില്‍ നിന്നും ട്രെയിനിംഗ് പിരീഡിലുള്ളവരെയും എത്തിച്ച് ആള്‍ബലം കൂട്ടി… ഇവിടെ കൈവശമുള്ള രക്ഷാവസ്തുക്കളുമായി ഈ ദുരന്തത്തെ നേരിടണം എന്നു മനസിലാക്കി… എങ്കിലും ഞങ്ങള്‍ പകച്ചില്ല, ചിന്തിച്ചിരുന്നില്ല… ഒരു ജീവന്‍ പോലും നഷ്ടപ്പെടരുത് എന്നല്ലായിരുന്നു, ഒരാള്‍ക്കുപോലും ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷിക്കണം എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം… അത് നടപ്പാക്കാന്‍ കഴിഞ്ഞു എന്നതാണ് ഞങ്ങള്‍ക്ക് ഇപ്പോഴുള്ള സന്തോഷം”,  എറണാകുളം ഗാന്ധിനഗറിലുള്ള ഫയര്‍ ആന്‍ഡ് റെസക്യു ഓഫിസില്‍ ഇരുന്ന് സ്റ്റേഷന്‍ ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ പറയുകയാണ്.

വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെയെല്ലാം ലിസ്റ്റ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീം ആദ്യം തന്നെ എടുത്തിരുന്നു. കടുങ്ങല്ലൂര്‍, യു സി കോളേജ്, ഏലൂര്‍ക്കര, കമ്പനിപ്പടി, ആലുവ തുരുത്ത്, ദേശം, കുഞ്ഞുണ്ണിക്കര, ഉളിയന്നൂര്‍, ചൊവ്വല്ലൂര്‍, കുറവന്‍കര, കാലടി, നെടുമ്പാശ്ശേരി, ചേലാമറ്റം, പാറക്കടവ്, നെടുമ്പാശ്ശേരി, പറവൂര്‍, ആലങ്ങാട്, ചെറിയനാട്, കുത്തിയതോട്, പറപ്പള്ളി എന്നിവിടങ്ങളില്‍ എല്ലാം വെള്ളത്തിന് ദുരന്തം വിതയ്ക്കാന്‍ കഴിയുമെന്ന് അവര്‍ കണ്ടെത്തി. ഓഗസ്റ്റ് 14 ആം തീയതി ആലുവയില്‍ ഒരു കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ദുരന്തഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ചെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും സുരക്ഷിതമായി മാറാനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കൂടെ നില്‍ക്കുകയും ചെയ്തു. പക്ഷേ, പതിനഞ്ച് വൈകുന്നേരത്തോടെ പൊടുന്നനെ പ്രകൃതി രൗദ്രഭാവം പൂണ്ടു വിനാശകാരിയായതോടെ എല്ലാം തകരാറിലായി. മുന്നറിപ്പ് നല്‍കിയിട്ടും തങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന് പറഞ്ഞ് പിന്‍തിരിഞ്ഞു നിന്നവര്‍ ഉള്‍പ്പെടെ അകപ്പെട്ടു… എല്ലാവരിലും മരണഭയം… പക്ഷേ, ഫയര്‍ ആന്‍ഡ് റെസക്യു സംഘത്തിലെ ഒരാള്‍ പോലും ഭയന്നില്ല. അരയ്‌ക്കൊപ്പം വെള്ളത്തിലും കഴുത്തൊപ്പം വെള്ളത്തിലും നീന്തി ചെന്ന് ആളുകളെ രക്ഷപ്പെടുത്തി. വെള്ളം ഉയര്‍ന്ന് വീടുകള്‍ മുക്കി തുടങ്ങിയപ്പോള്‍ കനത്ത ഒഴുക്കിനെ വകവയ്ക്കാതെ ഡിംഗിയില്‍ തുഴഞ്ഞു ചെന്നു. വീടൊപ്പം വെള്ളം പൊങ്ങി നില്‍ക്കുകയാണ്… വെള്ളം മാത്രമല്ല, അപകടങ്ങള്‍ പലതും തങ്ങള്‍ക്ക് താഴെയുണ്ടെന്ന് അറിയാമായിരുന്നിട്ടും പിന്മാറിയില്ല. ഉണ്ണികൃഷ്ണന്‍ പറയുന്നതുപോലെ, ‘രക്ഷാപ്രവര്‍ത്തനത്തിറങ്ങുന്ന ഞങ്ങളില്‍ എത്രപേര്‍ തിരിച്ചു വരുമെന്ന് പോലും അറിയില്ല…’ പക്ഷേ, തങ്ങളുടെ സുരക്ഷിതത്വത്തിന് രണ്ടാം സ്ഥാനം മാത്രമാണ് നല്‍കിയത്, തങ്ങള്‍ക്ക് രക്ഷിക്കേണ്ടവരുടെ ജീവന് തന്നെയായിരുന്നു ആദ്യസ്ഥാനം. നമ്മള്‍ കാരണം ഒരാള്‍ക്ക് പോലും ഒരു പരിക്കുപോലും ഏല്‍ക്കരുതെന്നായിരുന്നു ഓരോ സേനാംഗത്തിന്റെയും നിശ്ചദാര്‍ഢ്യം.

“ഞങ്ങളുടെ ബോട്ടുകള്‍ക്ക് ആ ഒഴുക്കിനെ പിടിച്ചു നില്‍ക്കാന്‍ പലപ്പോഴും കഴിഞ്ഞില്ല. പക്ഷേ, ഞങ്ങള്‍ പിടിച്ചു തന്നെ നിന്നു. ആയിരക്കണക്കിന് ആളുകളാണ് രക്ഷിക്കൂ എന്നു നിലവിളിച്ച് ഞങ്ങളോട് അപേക്ഷിച്ചു കൊണ്ടിരിക്കുന്നത്. അവരെ കൈവിടാന്‍ പറ്റില്ലല്ലോ… നേവി പോലും മടിച്ചു നിന്നിടങ്ങളിലേക്കുപോലും അപകടങ്ങള്‍ അവഗണിച്ച് ഞങ്ങള്‍ ഇറങ്ങി ചെന്നു. പല വീടുകളുടെയും ഗേറ്റുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വീടിനൊപ്പം ചെന്നു നിര്‍ത്തിയാലേ ആളുകളെ രക്ഷിച്ചെടുക്കാന്‍ കഴിയൂ. ഭയങ്കരമായ അടിയൊഴുക്കുണ്ടായിട്ടും ഞങ്ങള്‍ വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് ചെന്ന് ഗേറ്റിന്റെ കുറ്റികള്‍ തുറന്നു… അപ്പോഴൊന്നും നമ്മുടെ സുരക്ഷിതത്വത്തെ കുറിച്ച് ആലോചിച്ചുപോലുമില്ല”; ലീഡിംഗ് ഫയര്‍മാന്‍ അജയ കുമാറിന്റെ വാക്കുകള്‍…

“ഒരു വയസുപോലും തികയാത്ത കുഞ്ഞുങ്ങള്‍, തൊണ്ണൂറു വയസ് കഴിഞ്ഞ വൃദ്ധര്‍, രോഗികള്‍, അപകടം പറ്റി കിടപ്പിലായവര്‍, പ്രസവിച്ചു കിടക്കുന്ന സ്ത്രീകള്‍… രക്ഷപ്പെടുത്തേണ്ടവര്‍ പലതരത്തിലായിരുന്നു. ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളെ തോല്‍പ്പിച്ചാണ് ഞങ്ങള്‍ ഈയുള്ളവരെയെല്ലാം രക്ഷിച്ചെടുത്തത്. പലപ്പോഴും വളരെ സാഹസികമായിരുന്നു ഓരോ റെസ്ക്യുവും. അതിലൊന്നും പോലും കൈയില്‍ നിന്നൊരു പിഴവ് വരുത്താതെ ചെയ്യാന്‍ കഴിഞ്ഞെന്നതാണ് ഞങ്ങളുടെ ആശ്വാസം”; രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു ബെഞ്ചമിന്‍ പറയുന്നു.

തങ്ങള്‍ക്കൊപ്പം നിന്ന മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയുമെല്ലാം നന്ദിയോടെ സ്മരിക്കുന്നുണ്ട് ഇവര്‍. “സ്ഥിഗതികള്‍ രൂക്ഷമാവുകയും നമ്മുടെ കൈവശം ഉള്ള ബോട്ടുകള്‍ പോരാതെ വരികയുമൊക്കെയുള്ള അവസ്ഥ വന്നതോടെ മത്സ്യത്തൊഴിലാളികളുടെ സേവനം ആവശ്യപ്പെട്ടാലോ എന്ന് റീജീയണല്‍ ഓഫിസറോട് ചര്‍ച്ച ചെയ്തു. അദ്ദേഹം ഉടന്‍ തന്നെ തഹസില്‍ദാറെ ബന്ധപ്പെടുകയും അവിടെ നിന്നു വിവരം കളക്ടറുടെ അടുക്കല്‍ എത്തുകയും ചെയ്തു. കളക്ടര്‍ ഫിഷറീസ് ഡയറക്ടറെ വിളിച്ചു. അദ്ദേഹം ഉടനടി തീരുമാനം എടുക്കുകയും അമ്പത് വള്ളങ്ങളും മത്സ്യത്തൊഴിലാളികളെയും എറണാകുളത്തേക്ക് അയയ്ക്കാമെന്നു പറയുകയും ചെയ്തു. ഇരുപത്തിനാല് വള്ളങ്ങള്‍ ലോറിയില്‍ കയറ്റി അയച്ചിട്ടുണ്ടെന്നും ഞങ്ങള്‍ക്ക് താമസിയാതെ വിവരം കിട്ടി. അമ്പത് വള്ളങ്ങള്‍ പറഞ്ഞിടത്ത് അമ്പത്തിയഞ്ച് വള്ളങ്ങളാണ് വന്നത്. അതുപോലെയാണ് നാട്ടുകാരുടെ സേവനം. ഞങ്ങള്‍ക്കൊപ്പം വന്നു, എപ്പോള്‍ വേണമെങ്കിലും നേരിടാവുന്ന അപകടങ്ങളെ അവര്‍ ഭയന്നില്ല… റോഡ് ഏത്, എവിടെയാണ് ഗെയിറ്റ്, കാനയുണ്ടോ എന്നൊന്നും അറിയാതെയാണ് ഞങ്ങള്‍ പോകുന്നത്. അപ്പോഴൊക്കെ കൃത്യമായി വഴി പറഞ്ഞ് ഞങ്ങളെ അപകടത്തില്‍പ്പെടുത്താതെ എത്തേണ്ടയിടങ്ങളില്‍ എത്തിക്കാന്‍ സഹായം ചെയ്ത നാട്ടുകാരുണ്ട്. നാളെ ഞങ്ങള്‍ എവിടെ വരണം, എപ്പോള്‍ വരണം എന്ന് ആവേശത്തോടെയാണ് അവര്‍ ഞങ്ങളെ വിളിച്ചു ചോദിച്ചുകൊണ്ടിരുന്നത്. ഈ വലിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഞങ്ങളോടൊപ്പം നിന്ന ഓരോരുത്തരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയാണ്”; ലീഡിംഗ് ഫയര്‍മാനായ സന്തോഷ് കുമാര്‍ പറയുന്നു.

സഹപ്രവര്‍ത്തകരെ ഓര്‍ത്ത് ഭയന്നുപോയ നിമിഷങ്ങളും ഇവര്‍ക്കുണ്ടായിട്ടുണ്ട്. ചൊവ്വര, ദേശം ഭാഗങ്ങളില്‍ രക്ഷപ്രവര്‍ത്തനത്തിന് പോയ സംഘം തിരിച്ചെത്താന്‍ താമസം വന്നപ്പോള്‍ അവരുടെ ഉള്ളുകാളി. എന്തുപറ്റിയെന്ന് അറിയാന്‍ ഒരുവഴിയുമില്ല. തിരക്കിപോകാന്‍ തയ്യാറായിട്ട് പൊലീസ് തടഞ്ഞു. അത് കൂടുതല്‍ ദുരന്തം ഉണ്ടാക്കുമെന്ന് പറഞ്ഞ് തങ്ങളെ തടഞ്ഞപ്പോഴും ഉള്ളില്‍ ഭയത്തിനൊപ്പം ഒരു വിശ്വാസം ഉണ്ടായിരുന്നു, പോയവര്‍ തിരിച്ചുവരും… അവര്‍ക്കതിന് കഴിയുമെന്ന്… അങ്ങോട്ട് പോയതിനെക്കാള്‍ രൂക്ഷമായി വെള്ളം കലിപൂണ്ടതോടെയാണ് റസ്ക്യു സംഘത്തിന് തിരികെ വരാന്‍ കഴിയാതെ വന്നത്. ബോട്ടിന്റെ എഞ്ചിന്‍ കേടായി, മരത്തില്‍ കെട്ടിയിടേണ്ടിയും വന്നു. പക്ഷേ അപ്പോഴും തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നോക്കുകയായിരുന്നില്ല, കുടുങ്ങിക്കിടന്നവരെ രക്ഷിക്കുകയായിരുന്നു. മറ്റൊരു ബോട്ട് ചെന്നാണ് പിന്നീട് എല്ലാവരേയും തിരിച്ചു കൊണ്ടുവന്നത്.

ചെളിയും വെള്ളവും ഓയിലും കുതിര്‍ന്ന യൂണിഫോമില്‍ തന്നെ ദിവസങ്ങളോളം പലര്‍ക്കും ജോലി ചെയ്യേണ്ടി വന്നു. രാത്രി രണ്ടു മണിവരൊയൊക്കെ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍… നാട്ടുകാര്‍ നല്‍കിയ വസ്ത്രങ്ങള്‍ ധരിച്ചും തുടര്‍ന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍… ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും കിട്ടിയ ഭക്ഷണം കഴിച്ചുകൊണ്ട് തുടര്‍ന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍…. അവരങ്ങനെ വിശ്രമം എന്തെന്നറിയാതെ, സ്വന്തം ജീവന്റെ സുരക്ഷിതത്വം നോക്കാതെ ജനങ്ങളെ ആശ്വാസത്തിന്റെ കരകളില്‍ എത്തിക്കാന്‍ പാടുപെടുകയായിരുന്നു…. ഒടുവില്‍ തിരിച്ചു പോരുമ്പോള്‍ തലയില്‍ മുത്തം നല്‍കിയും നെഞ്ചോട് ചേര്‍ത്ത് പിടിച്ചും എല്ലാ ദൈവങ്ങളെയും വിളിച്ച് അനുഗ്രഹിച്ചും അവരെ യാത്രയാക്കിയ മനുഷ്യര്‍… മറക്കില്ല ജീവനുള്ളിടത്തോളം കാലമെന്ന് അവര്‍ പറഞ്ഞ വാക്കുകള്‍ മാത്രം മതി തങ്ങള്‍ ചെയ്ത ജോലിയുടെ മഹത്വത്തിന്റെ മതിപ്പ് മനസിലാക്കാനെന്ന് പറയുകയാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീമിലെ ഓരോരുത്തരും…

"</p "</p "</p

മറ്റൊന്നു കൂടി അറിയണം; ഈ നാളുകളത്രയും ഊണും ഉറക്കവും കളഞ്ഞ്, അപകടങ്ങള്‍ നേരിട്ട്, അസുഖങ്ങള്‍ പിടിപ്പെട്ട് ജോലി ചെയ്തിട്ടും അവരിനിയും വിശ്രമിക്കാന്‍ ഇരുന്നിട്ടില്ല… പ്രീ ഡിസാസ്റ്ററിന്റെ ഭാഗമായി നിന്നു, ഡ്യൂറിംഗ് ഡിസാസ്റ്ററിന്റെ ഭാഗമായി… ഇനി പോസ്റ്റ് ഡിസാസ്റ്ററിന്റെ ഭാഗമായി ജോലികളുണ്ട്… അതായത് പ്രളയത്തിന്റെ ബാക്കിപത്രങ്ങളായി കിടക്കുന്ന വീടും റോഡും നാടും ശുചിയാക്കണം…. ആ പ്രവര്‍ത്തിയുടെ തിരക്കിലാണവര്‍ ഇപ്പോള്‍… പ്രളയകാലത്ത് വെള്ളത്തിന്റെ ഭീഷണിയില്‍ നിന്നും ഓരോരുത്തരെ രക്ഷിച്ചെടുക്കുമ്പോള്‍ തന്നെയായിരുന്നു, തീപിടുത്തം ഉണ്ടായിടത്തേക്കും കെമിക്കല്‍ ചോര്‍ന്നിടത്തേക്കുമെല്ലാം അവര്‍ ഓടിയെത്തിയത്… അതേ… അവര്‍ വിശ്രമിക്കുന്നേയില്ല… നമുക്ക് വേണ്ടി ജോലിയെടുത്തുകൊണ്ടേയിരിക്കുന്നു… സല്യൂട്ട്… കേരള ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വീസ്… എ ബിഗ് സല്യൂട്ട്…

 

‘ലോസ്റ്റ്‌… എവരിതിംഗ് ലോസ്റ്റ്‌… പക്ഷേ ഞങ്ങള്‍ തിരിച്ചുപിടിക്കും; ഈ കാലത്തെ മറികടക്കും’; പ്രളയാനന്തരവും അവര്‍ ജീവിക്കുന്നത് ഇങ്ങനെയാണ്

കേരളത്തെ വെള്ളത്തില്‍ നിന്നുയര്‍ത്തിയെടുത്ത മനുഷ്യര്‍; ‘ഞങ്ങള്‍ ഉള്ളിടത്തോളം നിങ്ങള്‍ പേടിക്കേണ്ട; ഇതൊക്കെ ഞങ്ങള്‍ കുറേ കണ്ടതാണ്’

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍