UPDATES

ജോലി കോളേജിലാണ്; പക്ഷേ, കൂലി സ്കൂളിലേക്കാളും കുറവ്; ഗസ്റ്റ് ലക്ചര്‍മാരുടെ ദുരിതങ്ങള്‍

കേരളത്തിലെ 2500-ൽപ്പരം വരുന്ന സർക്കാർ-എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ താത്കാലിക അധ്യാപകര്‍ ജനുവരി 25 വ്യാഴാഴ്ച്ച സൂചനാ പണിമുടക്ക് നടത്താനൊരുങ്ങുന്നു; ഫലമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം

ദീഷ്‌ണ സി.

ദീഷ്‌ണ സി.

കേരളത്തിലുടനീളം പ്രത്യക്ഷ സമര ആഹ്വാനവുമായി കോളേജ് ഗസ്റ്റ് അധ്യാപകരുടെ സംഘടന. ഓൾ കേരള കോളേജ് ഗസ്റ്റ് ലെക്ച്ചേഴ്സ് യൂണിയൻ എന്ന സംഘടനയ്ക്ക് കീഴിലുള്ള, കേരളത്തിലെ 2500-ൽപ്പരം വരുന്ന സർക്കാർ-എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ താത്കാലിക അധ്യാപകരാണ് ജനുവരി 25 വ്യാഴാഴ്ച്ച സൂചനാ പണിമുടക്ക് നടത്താനൊരുങ്ങുന്നത്. ക്ലാസുകൾ പൂർണമായും ബഹിഷ്‌കരിച്ചുകൊണ്ടാണ് സമരം നടത്തുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് താത്ക്കാലിക അധ്യാപകർ ഒരു സമരത്തിന് തയ്യാറെടുക്കുന്നത്. വേതന വ്യവസ്ഥയിലും ജോലി സമയങ്ങളിലും കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കണമെന്നും, വർഷങ്ങളായി പ്രതിഫലം ഇല്ലാതെ പണിയെടുക്കുന്ന ഗസ്റ്റ് അധ്യാപകർക്കുള്ള മുഴുവൻ ശമ്പളവും ചേർത്ത് നൽകണമെന്നും തുടങ്ങിയ പത്തോളം ആവശ്യങ്ങളാണ് ഗസ്റ്റ് ലെക്ച്ചേഴ്സ് യൂണിയൻ മുന്നോട്ട് വെക്കുന്നത്. ഇരുപത്തഞ്ചാം തീയതി നടക്കാനിരിക്കുന്ന സൂചന പണിമുടക്കിൽ അനുകൂല തീരുമാനങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ ഫെബ്രുവരി അഞ്ചു മുതൽ അനിശ്‌ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.

2010ൽ നടപ്പിലാക്കിയ സേവന വേതന വ്യവസ്ഥയനുസരിച്ചാണ് നിലവിൽ ഗസ്റ്റ് അധ്യാപകർക്ക് വേതനം നൽകി വരുന്നത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തുടങ്ങി മറ്റു വിഭാഗങ്ങളിലെല്ലാം താത്കാലിക അധ്യാപകരുടെ സേവനത്തിൽ വർധനവുണ്ടായപ്പോൾ, കൂടുതൽ വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യമുള്ള ആർട്‌സ് ആൻഡ് സയൻസ് കോളേജ് അധ്യാപകരുടെ വേതനത്തിൽ മാറ്റം വന്നിരുന്നില്ല. നിലവിൽ മറ്റു വിഭാഗത്തേക്കാൾ താഴ്ന്ന വരുമാനമാണ് കേരളത്തിലെ ഗവണ്മെന്റ്-എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകർക്ക് ലഭിക്കുന്നത്. പ്രത്യക്ഷത്തിൽ വേതനം ലഭിക്കുന്നവരുടെ ലിസ്റ്റിൽ പേരുള്ള പലർക്കും വർഷങ്ങളായി പ്രതിഫലമൊന്നും കിട്ടാറില്ലെന്നുള്ളതാണ് മറ്റൊരു വസ്തുത. കേരളത്തിലെ നല്ലൊരു ശതമാനം താത്ക്കാലിക കോളേജ് അധ്യാപകരും വർഷങ്ങളായി പ്രതിഫലം ലഭിക്കാതെയുള്ള അധ്യാപനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലഭിക്കുന്ന തുച്ഛ വേതനത്തിന് തന്നെ മണിക്കൂറുകളോളം നിർത്താതെ ക്ലാസ്സുകൾ എടുക്കേണ്ട അവസ്ഥയുമാണുള്ളതെന്ന് സംഘടന വ്യക്തമാക്കുന്നു.

‘ഉന്നതകല’യില്‍ ദളിതര്‍ക്കെന്ത് കാര്യം? തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത്‌ നൃത്താധ്യാപികയെ പുറത്തുനിര്‍ത്തുമ്പോള്‍

ഓൾ കേരളാ കോളേജ് ഗസ്റ്റ് ലെക്ച്ചേഴ്‌സ് യൂണിയൻ പ്രസിഡന്റും, കാസർകോഡ് ഇകെ നായനാർ മെമ്മോറിയൽ ഗവ. കോളേജിലെ ഫിസിക്സ് വിഭാഗം താത്കാലിക അധ്യാപകനുമായ ഡോ. രജിത് പി.പി സംസാരിക്കുന്നു: “നെറ്റും പിഎച്ച്ഡി യോഗ്യതയും നേടിയ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്ന ഞങ്ങൾക്കുള്ള വേതനം ഹയർസെക്കൻഡറി മേഖലയിൽ ജോലി ചെയ്യുന്നതിനേക്കാൾ കുറവ്, അല്ലെങ്കിൽ ഹൈസ്ക്കൂൾ മേഖലയിലുള്ളവർക്ക് സമാനം എന്നത് യുക്തിസഹമല്ല. സ്ഥിരം അധ്യാപകരുടെ എണ്ണം വളരെക്കുറവും, താത്ക്കാലിക അധ്യാപകരുടെ എണ്ണം കൂടുതലുമാണ് കേരളത്തിലെ കോളേജുകളിൽ. അക്കാദമിക് കാര്യങ്ങളിലെ ഏറിയ പങ്കും കൈകാര്യം ചെയ്യുന്നത് ഗസ്റ്റ് അധ്യാപകർ തന്നെയാണ്. പിഎച്ച്ഡി ചെയ്യുന്ന കാലത്ത് സ്റ്റൈപ്പന്റായി 28,000 രൂപ ലഭിച്ചിരുന്നുവെങ്കിൽ, ജോലിക്ക് പ്രവേശിച്ച ശേഷം 20,000 രൂപ പോലും തികച്ച് ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ പറഞ്ഞ തുച്ഛ വേതനം പോലും വർഷങ്ങളായി ലഭിക്കാത്തവരുമുണ്ട് എന്നതാണ് മറ്റൊരു വസ്തുത.

2010ലെ ഉത്തരവ് പ്രകാരം യുജിസി നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള അധ്യാപകർക്ക് മണിക്കൂറിന് 500 രൂപ നിരക്കിലും, യോഗ്യതയില്ലാത്തവർക്ക് 300 രൂപ നിരക്കിലുമാണ് വേതനം നൽകുന്നത്. യോഗ്യതകളിൽ വ്യത്യാസമുണ്ടെങ്കിലും ഇരുകൂട്ടരും ചെയ്യുന്നത് ഒരേ ജോലി തന്നെയാണ്. ഇതുപ്രകാരം യോഗ്യതകൾ ഉള്ളവർക്ക് ഹൈസ്കൂൾ താൽക്കാലിക അധ്യാപകർക്ക് സമാനമായും ഇല്ലാത്തവർക്ക് എൽപി മേഖലയിൽ ഉള്ളതിന് സമാനമായുമാണ് വേതനം ലഭിക്കുന്നത്. ഭൂരിഭാഗം വരുന്ന അധ്യാപരും കുടുംബ ഉത്തരവാദിത്തങ്ങൾ ഉള്ളവരായിരിക്കും. ആയതിനാൽ തന്നെ ഇത്തരം അവസ്ഥകളിൽ ജോലി ഉപേക്ഷിച്ച് മറ്റൊരു തൊഴിൽ തേടുകയല്ലാതെ മാർഗമില്ല. സാമ്പത്തിക ചൂഷണം അത്രയധികം വളർന്ന സാഹചര്യത്തിലാണ് സമരം ചെയ്യണമെന്ന ആവശ്യം രൂപപ്പെടുന്നത്. പരാതികളും നിവേദനങ്ങളുമായി മുഖ്യമന്ത്രിയടക്കമുള്ളവരെയും ഹയർ എഡ്യുക്കേഷൻ ഡിപ്പാർട്മെന്റിനെയും പലവട്ടം സമീപിച്ചെങ്കിലും ഫലം ഒന്നുമുണ്ടായില്ല. സംഘടനാ തലത്തിലും വ്യക്തിയുടെ പേരിലും നിരവധി അപേക്ഷകൾ ഞങ്ങൾ നൽകിയിരുന്നു. അത്തരമൊരു പരാതിയെ സർക്കാർ ഗൗനിക്കുന്നില്ല എന്ന സാഹചര്യമാണുള്ളത്.”

‘അവളൊക്കെ ആ ജാതിയിലുള്ളതാ…’; എം.ജിയിലെ ആദ്യ (ഏക) ആദിവാസി അധ്യാപിക ജീവിതം പറയുന്നു

കേരളത്തിലെ ഒട്ടുമിക്ക ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ സ്ഥിര അധ്യാപകരുടെ എണ്ണത്തിന്റെ രണ്ടോ മൂന്നോ ഇരട്ടിയാണ് താത്ക്കാലിക അധ്യാപകരുടെ എണ്ണം. വിദ്യാർഥികളുടെ സെമസ്റ്റർ സിലബസുകളുടെ പകുതിയിലധികവും കൈകാര്യം ചെയ്യുന്നതും ഇക്കൂട്ടർ തന്നെയാണ്. ഇത്രയധികം ഭാരം പേറിയിട്ടും പലപ്പോഴും ഒരു ഹൈസ്കൂൾ അല്ലെങ്കിൽ യുപി താത്ക്കാലിക അധ്യാപകർക്കുള്ള വേതനം മാത്രം കിട്ടി സംതൃപ്തി അണയേണ്ടി വരുന്നെന്ന് അധ്യാപകർ പറയുന്നു.

“മുൻപും ചെറിയ രീതിയിലുള്ള പ്രതിഷേധങ്ങളെല്ലാം സംഘടന പ്രകടിപ്പിച്ചിരുന്നെങ്കിലും വിദ്യാർഥികളുടെ പഠനത്തെ തടസ്സപ്പെടുത്തകരുതെന്ന നിർബന്ധം ഞങ്ങൾക്കുണ്ടായിരുന്നത് കൊണ്ട് ക്ലാസ്സുകൾ ബഹിഷ്കരിച്ചൊരു സമരമൊന്നും നടത്തിയിരുന്നില്ല. പക്ഷെ ഇതേ അവസ്ഥയിൽ ഇനിയും തുടരാൻ വയ്യ എന്ന നിലയിൽ എത്തിച്ചേർന്നതിനാലാണ് സൂചനാ പണിമുടക്കിനും, ഫലം കണ്ടില്ലെങ്കിൽ അനിശ്ചിത കാല സമരത്തിനും തയ്യാറെടുക്കുന്നത്. സാമ്പത്തിക ചൂഷണം ഒന്നുകൊണ്ടു മാത്രം, ഒരുപാട് ആഗ്രഹിച്ചു പ്രവേശിച്ച അധ്യാപനമെന്ന തൊഴിലിൽ നിന്നും പലരും ഇന്ന് പിന്തിരിഞ്ഞുകൊണ്ടിരിക്കുന്നു.ഈ അവസ്ഥ മാറുമെന്ന ഉറപ്പ് ലഭിക്കുന്നതുവരെ സമരങ്ങളുമായി സംഘടന മുന്നോട്ട് പോകും.” ഡോ. രജിത് പറയുന്നു.

ഇതാണ് പ്രധാനപ്പെട്ട ആവശ്യങ്ങള്‍

1. 2016 ജൂൺ മുതൽ മുൻകാല പ്രാബല്യത്തിൽ വേതനം അടിയന്തിരമായി വർധിപ്പിക്കുക.
2. തുല്യ ജോലിക്ക് തുല്യ വേതനം എന്ന നിയമ വ്യവസ്ഥ പാലിച്ച് ഫെബ്രുവരി 28 നകം കുടിശ്ശിക സഹിതം എല്ലാ വേതനവും വിതരണം ചെയ്യുക.
3. ഗസ്റ്റ് അധ്യാപകരെ രണ്ടാം തരം പൗരന്മാരായി കാണുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക.
4. എയ്ഡഡ് കോളേജ് ഗസ്റ്റ് അധ്യാപകരുടെ വേതനം ഓരോ മാസവും കൃത്യമായി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുക.
5. ജോലി ചെയ്യുന്ന കാലഘട്ടം സർവീസ് കാലവധിയായി പരിഗണിക്കുക.
6. വിദ്യാർത്ഥികളുടെയും കോളേജുകളുടെയും സുഗമമായ പ്രവർത്തനത്തിന് സ്ഥിരാധ്യാപകർക്കുള്ള എല്ലാ സേവന വ്യവസ്ഥയും ഗസ്റ്റ് അധ്യാപകർക്കും ബാധകമാക്കുക.
7. വേതനത്തോട് കൂടിയ നിശ്ചിത അവധികൾ, സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുക്കുന്നതിന് ആവശ്യമായ ഡ്യൂട്ടി ലീവുകൾ അനുവദിക്കുക.
8. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമ്പത്തിക ലാഭം മാത്രം നോക്കാതെ ആവശ്യമായ തസ്തിക സൃഷ്ടിച്ച് അധ്യാപകരെ നിയമിക്കുക.
9. ഉന്നത വിദ്യാഭ്യാസ മേഖലയോടുള്ള അലംഭാവവും അനാസ്ഥയും അവസാനിപ്പിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുക.
10. അധ്യായന വർഷത്തിന്റെ മധ്യത്തിലുള്ള നിയമനങ്ങളും, സ്ഥലം മാറ്റങ്ങളും നിയന്ത്രിച്ച് ഒരു അധ്യായന വർഷം മുഴുവൻ ജോലി സുരക്ഷ ഉറപ്പാക്കുക.

ചുരിദാര്‍ ധരിക്കുന്നതും ഫേസ്ബുക്കില്‍ ഫോട്ടോ ഇടുന്നതും അഴിഞ്ഞാട്ടമോ? ചോദിക്കുന്നത് ഒരു അധ്യാപികയാണ്

കോളേജ് അധ്യാപകരുടെ ശമ്പളം കൂട്ടുന്നത് നല്ല കാര്യം; പക്ഷേ നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസ്ഥയോ?

മാറേണ്ടത് അധ്യാപകരോ കുട്ടികളോ അല്ല, അവര്‍ക്കിടയിലെ അകലങ്ങളാണ് ഇല്ലാതാകേണ്ടത്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍