UPDATES

ഹാദിയ കേസ് എന്‍ഐഎ ഏറ്റെടുക്കുന്നു?

ഹാദിയ കേസുള്‍പ്പെടെ സംസ്ഥാനത്തെ മിശ്രവിവാഹങ്ങള്‍ സംബന്ധിച്ച് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുന്നു എന്നും വിവരം

ഹാദിയ കേസ് എന്‍.ഐ.എ. അന്വേഷിക്കാന്‍ സാധ്യത. കഴിഞ്ഞ ദിവസം കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ വൈക്കത്തെ വീട്ടിലെത്തി ഹാദിയയുടെ അച്ഛന്‍ അശോകന്റെ മൊഴി എടുത്തതായാണ് വിവരം. ഇതോടെ ഏറെ ചര്‍ച്ചയായ ഹാദിയ കേസ് പുതിയ വഴിത്തിരിവിലാണെന്നാണ് കേരള പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

രണ്ട് മാസം മുമ്പ് കേരള ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കുകയും രക്ഷിതാക്കളുടെ സംരക്ഷണയില്‍ അവരെ അയക്കുകയും ചെയ്തിരുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഹൈക്കോടതി വിധിയുടെ പകര്‍പ്പ് സോളിസിറ്റര്‍ ജനറല്‍ വാങ്ങിയിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇത് കേന്ദ്ര ഏജന്‍സിയ്ക്ക് കൈമാറിയതായും അറിയുന്നു. ഹാദിയയുടേതും തിരുവനന്തപുരം സ്വദേശിനി നിമിഷയുടേതുമുള്‍പ്പെടെ അടുത്ത കാലത്ത് മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചവരുടെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സിക്ക് ലഭിച്ചതായാണ് ഹാദിയ കേസ് അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇത്തരം കേസുകളിലും എന്‍.ഐ.എ. അന്വേഷണത്തിന്റെ സാധ്യത അവര്‍ തള്ളിക്കളയുന്നില്ല.

കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹാന്‍സ് രാജ് ഗംഗാറാം കേരളം സന്ദര്‍ശിച്ചപ്പോള്‍ ആര്‍.എസ്.എസ് നേതാക്കള്‍ ഹാദിയയുടേയും നിമിഷയുടേയുമുള്‍പ്പെടെ കേരളത്തില്‍ വിവാദമായ സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതായാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം. അടുത്തകാലത്തുണ്ടായ മതപരിവര്‍ത്തനങ്ങളും വിവാഹങ്ങളുമുള്‍പ്പെടെ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നതായിരുന്നു ഇവരുടെ ആവശ്യം. മാവോയിസ്റ്റ് ഭീഷണി അടക്കമുള്ള ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ വരവും ഔദ്യോഗിക കൂടിക്കാഴ്ചകളുമെങ്കിലും മതപരിവര്‍ത്തന വിവാദം അടക്കം സംസ്ഥാനത്തെ ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വത്തില്‍ നിന്ന് വിവരശേഖരണവും സന്ദര്‍ശനത്തിന്റെ അജണ്ടകളില്‍ ഉണ്ടായിരുന്നതായാണ് സൂചനകള്‍.

ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും. യുവതി വീട്ടുതടങ്കലിലാണെന്നും അവരെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഡി.ജി.പി.ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഷഫിന്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെയാണ് ഹാദിയയുടെ വിവാഹം നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി വിവാഹം റദ്ദാക്കിയത്. എന്നാല്‍ ഇസ്ലാം മതവിശ്വാസ പ്രകാരം വിവാഹത്തിന് മാതാപിതാക്കളുടെ സാന്നിധ്യം ആവശ്യമില്ലെന്നും രക്ഷിതാക്കളുടെ സാന്നിധ്യം മാത്രം മതിയെന്നും ഷഫിന്‍ സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഹാദിയയുടെയും കൊല്ലം സ്വദേശിയായ ഷഫിന്റെയും വിവാഹം മെയ് 24നാണ് ഹൈക്കോടതി റദ്ദാക്കിയത്. പെണ്‍കുട്ടിയുടെ വിവാഹത്തില്‍ മാതാപിതാക്കളുടെ പങ്കാളിത്തം അനിവാര്യമാണെന്ന കോടതി വിധിയും ഹാദിയ അനുഭവിക്കേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനവും ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിവച്ചിരുന്നു. എന്നാല്‍ ഹാദിയയുടെ രക്ഷിതാവായിരിക്കാന്‍ ഷഫിന് അധികാരമോ അവകാശമോ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി യുവതിയെ പോലീസ് സംരക്ഷണയില്‍ വൈക്കത്തെ വീട്ടിലെത്തിക്കാനും നിര്‍ദ്ദേശം നല്‍കി. വിവാഹത്തിന് മുമ്പേ ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

വൈക്കത്തെ വീട്ടിലെത്തിച്ച ഹൈദിയ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഏറെ ചര്‍ച്ചയായി. 27 പോലീസുകാരുടെ സംരക്ഷണയിലാണ് അവര്‍ ഇപ്പോള്‍. ഷഫിന്‍ തന്റെ ഭര്‍ത്താവാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതും വിവാഹം കഴിച്ചതെന്നും വീട്ടുതടങ്കലിലാവുന്നതിന് മുമ്പ് ഹാദിയ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

ഹാദിയ കേസുള്‍പ്പെടെ സംസ്ഥാനത്തെ മിശ്രവിവാഹങ്ങള്‍ സംബന്ധിച്ച് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുന്നു എന്നുള്ളതാണ് മറ്റൊരു പുതിയ വാര്‍ത്ത. മിശ്രവിവാഹത്തിന് പിന്നിലെ തീവ്രവാദ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം എന്നാണ് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം. ‘വിവാഹത്തിലേക്ക് നയിച്ച കാരണം, വിവാഹത്തിന് മുമ്പും ശേഷവുമുള്ള സാമ്പത്തിക സ്ഥിതി എന്നിവയാണ് പ്രധാനമായും അന്വേഷിക്കുക. മിശ്രവിവാഹങ്ങളെ ഐ.എസുമായി ബന്ധപ്പെടുത്തി നിരവധി അഭ്യൂഹങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ആ പ്രചാരണങ്ങളെല്ലാം തെറ്റാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. പക്ഷെ ഇക്കാര്യത്തില്‍ തുടരന്വേഷണം ആവശ്യമാണ്’- സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മിശ്രവിവാഹിതരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പ്രത്യേക രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍