UPDATES

ട്രെന്‍ഡിങ്ങ്

ഹാദിയ മാത്രമല്ല, ആ കുടുംബമൊട്ടാകെ അനുകമ്പയും കരുതലും അര്‍ഹിക്കുന്നുണ്ട്: ഹാദിയയുടെ വീട് സന്ദര്‍ശിച്ചവര്‍

അടിയന്തിരമായി ഭരണകൂടമിടപെട്ട് ഒരു പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ വലിയ വിപത്തായിരിക്കും കാത്തിരിക്കുന്നത്- സണ്ണി എം. കപിക്കാടും കെ.കെ ഷാഹിനയും സംസാരിക്കുന്നു

വൈക്കം ടി.വി പുരത്തുള്ള ഹാദിയയുടെ വീട്ടില്‍ ഹാദിയയെയും വീട്ടുകാരെയും കാണുക എന്ന ഉദ്ദേശത്തോടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആറു പേര്‍ ശനിയാഴ്ച സന്ദര്‍ശിച്ചിരുന്നു. സണ്ണി.എം. കപിക്കാട്, കെ.കെ ഷാഹിന, അഡ്വ. അനില ജോര്‍ജ്, ഡോ. വി.സി ഹാരിസ്, എലിസബത്ത്‌ ഫിലിപ്പ്, വി.ഡി ജോസ് എന്നിവരടങ്ങുന്ന സംഘത്തിന് ഹാദിയയെ കാണാനായില്ല. ഹാദിയയുടെ അച്ഛന്‍ അശോകനുമായി സംസാരിച്ചതിന് ശേഷം ഇവര്‍ക്ക് മടങ്ങേണ്ടി വന്നു. വീട് സന്ദര്‍ശിച്ചതും അശോകനുമായി സംസാരിച്ചതും സംബന്ധിച്ചുള്ള വിവരങ്ങള്‍ സണ്ണി എം. കപിക്കാടും കെ.കെ ഷാഹിനയും പങ്കുവയ്ക്കുന്നു.

ഭരണകൂടം ഇടപെട്ട് ഹാദിയയെയും വീട്ടുകാരെയും രക്ഷിക്കണമെന്നും അല്ലാത്തപക്ഷം വലിയ ദുരന്തങ്ങള്‍ ഉണ്ടായേക്കുമെന്നും സണ്ണി എം. കപിക്കാട് പറയുന്നു.

സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

“പുറത്ത് കേള്‍ക്കുന്ന കഥകളല്ല എന്നാണ് എനിക്ക് ആദ്യം തോന്നിയ കാര്യം. ഹാദിയയെ അവരുടെ വീട്ടുകാര്‍ തടങ്കലില്‍ വക്കുകയും പുറത്തു നിന്ന് വരുന്നവരെ കാണിക്കാതിരിക്കുകയും അങ്ങനെ ആ കുട്ടിയുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതാണ് നമ്മുടെ മുന്നിലുള്ള കഥ. അത് യാഥാര്‍ഥ്യമാണ്. അത്തരം കാര്യങ്ങള്‍ അവിടെ നടക്കുന്നുമുണ്ട്. എന്നാല്‍ എനിക്ക് അവിടെ പോയപ്പോള്‍ മനസ്സിലായ കാര്യം ആ കുടുംബം തന്നെ പരിപൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ് എന്നതാണ്. തന്റെ കുടുംബത്തെ എല്ലാവരും കൂടി തകര്‍ക്കുകയാണെന്നാണ് ഹാദിയയുടെ അച്ഛന്‍ അശോകന്‍ ഞങ്ങളോട് പറഞ്ഞത്.

എന്റെ നോട്ടത്തില്‍ ഒരു പത്ത് പോലീസുകാര്‍ പുറത്തും രണ്ട് പോലീസുകാര്‍ അകത്തുമുണ്ട്. രണ്ട് വലിയ നിരീക്ഷണ ക്യാമറ അവിടെ സ്ഥാപിച്ചിട്ടുണ്ട്. വലിയ സര്‍ച്ച്‌ലൈറ്റ് വച്ചിട്ടുണ്ട്. എന്തോ ഭീകരമായ കുറ്റകൃത്യം അവിടെ നടന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എല്ലാ സന്നാഹങ്ങളും അവിടെയുണ്ട്. കോടതി വിധിയില്‍ ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടണം എന്ന് മാത്രമേ പറയുന്നുള്ളൂ. പക്ഷെ ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ പോലീസുകാര്‍ ഞങ്ങളോട് പറയുന്നത്, ഇവിടെ ആരും വരാന്‍ പാടില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നാണ്. ഞങ്ങള്‍ക്കൊപ്പം അഡ്വ. അനില ജോര്‍ജ് ഉണ്ടായിരുന്നു. താനൊരു വക്കീലാണെന്നും ആ വിധിയില്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞാണ് അനില ആ പോലീസുകാരനെ നിശ്ബ്ദനാക്കുന്നത്.

കാവല്‍ പോലീസുകാര്‍ വലിയ പ്രശ്‌നക്കാരാണ്. കുറേപ്പേര്‍ ഞങ്ങളോട് സൗഹാര്‍ദ്ദപരമായാണ് സംസാരിച്ചത്. രണ്ടുപേര്‍ മാത്രമാണ് പോലീസ് മുറയെടുക്കാന്‍ ശ്രമിച്ചത്. ആര് ചെന്നാലും അവിടെ ആരും വരാന്‍ പാടില്ലെന്ന് കോടതി വിധിയുണ്ടെന്നാണ് പോലീസുകാര്‍ പറയുന്നത്. അവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അവര്‍ വീട്ടില്‍ ചെന്ന് ചോദിച്ചിട്ട്, കാണാന്‍ പറ്റില്ലെന്ന് പറഞ്ഞു എന്ന് പറഞ്ഞാല്‍ നമ്മള്‍ തിരിച്ച് പോന്നോളണം എന്നാണ്. അവരുടെ മുറ്റത്ത് പോലും കയറ്റില്ല. ഇക്കാര്യത്തില്‍ കോടതിവിധിയുണ്ടെന്ന ഒറ്റ കാരണത്താല്‍ എല്ലാ ഭരണകൂട സംവിധാനവും പിന്‍വലിഞ്ഞിരിക്കുകയാണ്.

ഞങ്ങള്‍ കോട്ടയം ജില്ലാ കളക്ടറെ കണ്ടിരുന്നു. കോടതിവിധിയായതുകൊണ്ട് ഇടപെടാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. കോടതി ഒരു വിധി പ്രഖ്യാപിക്കുന്ന സമയത്തെ അന്തരീക്ഷമല്ല ഇപ്പോള്‍ നിലവിലുള്ളത്, തികച്ചും ഭിന്നമായ മറ്റൊരു അന്തരീക്ഷമാണ് നിലവിലുള്ളതെന്നും, അതുകൊണ്ട് അതന്വേഷിച്ച് നടപടിയെടുക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ പരാതി നല്‍കിയാല്‍ അത് വച്ചുകൊണ്ട് എസ്.പിയെ വിളിച്ച് അന്വേഷിക്കാനുള്ള ഏര്‍പ്പാട് ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ പരാതി നല്‍കുന്നത്.

പിന്നീട് സ്ഥലം എംഎല്‍എയെ ഫോണില്‍ വിളിച്ചു. കോടതി വിധിയാണ്, തനിക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് എംഎല്‍എ സി.കെ ആശ പറഞ്ഞത്. ‘നിങ്ങളുടെ നിയോജകമണ്ഡലത്തില്‍ ഒരു പെണ്‍കുട്ടി കുറേ നാളുകളായി തടവിലാണെന്നും ആ പെണ്‍കുട്ടിയുടെ ജീവന്‍ അപകടത്തിലാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ എന്തു കോടതിവിധിയുടെ കാര്യമാണ് നിങ്ങള്‍ പറയുന്നത്’ എന്ന് ഞങ്ങള്‍ ചോദിച്ചു. ഇവരെല്ലാം കയ്യൊഴിഞ്ഞമട്ടാണ്.

യഥാര്‍ഥത്തില്‍ ആര്‍.എസ്.എസ്സിന്റേയും മുസ്ലീം സംഘടനകളുടേയും രാഷ്ട്രീയ താത്പര്യങ്ങള്‍ ഏറ്റുമുട്ടുന്ന ഒരു സ്ഥലമായി ആ വീട് മാറിയിട്ടുണ്ട്. ആ വീട് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഹാദിയയ്ക്ക് മാത്രമല്ല അവളുടെ മാതാപിതാക്കള്‍ക്കും മനുഷ്യാവകാശം ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് തീരുമാനമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. തീരുമാനങ്ങള്‍ പുറത്തെ ശക്തികളാണ് എടുത്തുകൊണ്ടിരിക്കുന്നത്. ആ വീട് ഒരു സംഘര്‍ഷ സ്ഥലമായി മാറിയിരിക്കുന്നതിന്റെ മുഴുവന്‍ സമ്മര്‍ദ്ദവും ഹാദിയയുടെ അച്ഛനില്‍ കാണാന്‍ കഴിഞ്ഞു. ഇരുപത്തിനാല് വയസ്സുവരെ ഞാനെന്റെ മകളെ വളര്‍ത്തിയില്ലേ, എനിക്ക് അവളെ അങ്ങനെ വെറുതെ വേണ്ടെന്നു വയ്ക്കാന്‍ പറ്റുമോ എന്നാണ് അയാള്‍ ചോദിക്കുന്നത്. പിതാവെന്ന രീതിയില്‍ അയാളുടെ വികാരത്തെ മാനിക്കാന്‍ ജനാധിപത്യ സമൂഹത്തിന് ഒരു മര്യാദയുണ്ട്. അല്ലാതെ ഹാദിയ കേസ് എന്ന് മാത്രം പറയുന്നത് അര്‍ഥശൂന്യതയാണെന്നാണ് ഇന്നലെ എനിക്ക് ബോധ്യപ്പെട്ടത്.

കോടതി വിധിയുടെ മറവില്‍ ആ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അവസാനിപ്പിക്കാനാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. യഥാര്‍ഥത്തില്‍ ഹാദിയയെയും മാതാപിതാക്കളെയും രക്ഷിക്കാനുള്ള ഒരു പദ്ധതിയാണ് സര്‍ക്കാരിന് മുന്നില്‍ വയ്ക്കേണ്ടത്. ഈ മാസം 27ന് മുഖ്യമന്ത്രിയെ കാണും. അവരുടെ വീട്ടില്‍ പോവുന്നതിന് മുമ്പ് വൈക്കത്ത് മനുഷ്യാവകാശ സമ്മേളനം നടത്തുക എന്നായിരുന്നു കരുതിയിരുന്നത്. അവിടെ ചെന്നപ്പോഴാണ് മനുഷ്യാവകാശ സമ്മേളനമല്ല, യഥാര്‍ഥത്തില്‍ ഭരണസംവിധാനത്തെ ഇടപെടീക്കുക എന്നതാണ് ചെയ്യേണ്ടതെന്ന് മനസ്സിലായി.

ഹാദിയയുടെ അച്ഛന്‍ ഒരു യുക്തിവാദിയും സിപിഐക്കാരനുമായിരുന്നു. താനൊരു ബിജെപിക്കാരനോ ആര്‍എസ്എസുകാരനോ ആയിരുന്നില്ല, ഇപ്പോഴും അല്ല എന്നാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ഈ പ്രശ്‌നം വന്നപ്പോള്‍ അവര്‍ വന്ന് ഇടപെട്ടു എന്നേയുള്ളൂ എന്നും അയാള്‍ പറയുന്നുണ്ട്.

നാട്ടുകാര്‍ വന്ന് ആക്രമിക്കും എന്ന് പറയുന്നതൊക്കെ വെറുതെ പറയുന്നതാണ്. ഞങ്ങള്‍ രണ്ട് മണിക്കൂറോളം അവിടെ നിന്നിട്ട്, നിങ്ങള്‍ എന്തിനാണ് വന്നതെന്നോ എന്താ കാര്യമെന്നോ ചോദിച്ചിട്ടില്ല. അവിടെ ഒരാള്‍ക്കൂട്ടവും ഉണ്ടായില്ല. അതെല്ലാം ഉണ്ടാക്കിയെടുക്കുന്ന സങ്കല്‍പ്പങ്ങളാണ്. അവിടെ ചെന്ന് മുദ്രാവാക്യം വിളിച്ചാല്‍ ചിലപ്പോള്‍ ആളുകള്‍ കൂടുമായിരിക്കും. നമ്മള്‍ വളരെ പക്വമായി ഇടപെടുക എന്നുള്ളതാണ് പ്രധാനം. അതിനാല്‍ മനുഷ്യാവകാശ സമ്മേളനം നീട്ടിവയ്ക്കാന്‍ തീരുമാനിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ വീട്ടുകാര്‍ക്ക് അവിടെ ഒരു സാധാരണ ജീവിതം സാധ്യമല്ല. ഒന്നുകില്‍ ഒരു കൂട്ട ആത്മഹത്യ അല്ലെങ്കില്‍ അവര്‍ നാടുവിട്ട് പോവേണ്ട അവസ്ഥയാണുള്ളത്. അടിയന്തിരമായി ഭരണകൂടമിടപെട്ട് ഒരു പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ വലിയ വിപത്തായിരിക്കും കാത്തിരിക്കുന്നത്.”

ഹാദിയയ്ക്ക് മാത്രമല്ല ആ കുടുംബമൊന്നാകെ സമൂഹത്തിന്റെ കാരുണ്യവും അനുകമ്പയും അര്‍ഹിക്കുന്നുവെന്ന് ഷാഹിന പറയുന്നു.

ഷാഹിന സംസാരിക്കുന്നു

“ഹാദിയയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കാണുമ്പോള്‍ എനിക്ക് വ്യക്തിപരമായി നിരാശ തോന്നുണ്ട്. ഒരു ഭാഗത്ത് മതത്തിന് വേണ്ടി വാദിക്കുന്നയാളുകള്‍. ഒരുതരം വാശിയും വയലന്‍സുമാണ് ആളുകള്‍ പ്രകടിപ്പിക്കുന്നത്. ഹാദിയയെ കാണാന്‍ പോവേണ്ട ആവശ്യമില്ല, അത് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമാണ് എന്ന് വലിയ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വക്താക്കളാണെന്ന് പറയുന്ന മതേതരവാദികള്‍ പോലും പറയുന്നു. അവര്‍ പ്രകടിപ്പിക്കുന്നത് പോലും മതവിരുദ്ധതയുമാണ്. യഥാര്‍ഥത്തില്‍ ഹാദിയ മാത്രമല്ല, ആ കുടുംബമൊട്ടാകെ അനുകമ്പയും കരുതലും അര്‍ഹിക്കുന്നുണ്ട്.

ഇത് ഒരു കുടുംബത്തിലെ പ്രശ്‌നമാണ്, ഹാദിയയുടെ അച്ഛനും അമ്മയുമാണല്ലോ അവളെ അവിടെ പിടിച്ചുവച്ചിരിക്കുന്നത്, ഇതില്‍ മറ്റുള്ളവര്‍ക്ക് എന്ത് കാര്യം എന്നതു പോലുള്ള വാദങ്ങള്‍ സ്ത്രീവിരുദ്ധതയില്‍ നിന്ന് വരുന്നതാണ്. അനന്തകാലത്തേക്ക് പ്രായപൂര്‍ത്തിയായ സ്ത്രീകളെ വീട്ടില്‍ പൂട്ടിയിടാനാവില്ല. അതേസമയം അവളുടെ അച്ഛനെ വില്ലനാക്കുന്ന കാമ്പയിനോടും എനിക്ക് യോജിപ്പില്ല. ഞങ്ങള്‍ കണ്ടിടത്തോളം അതിഭയങ്കരമായ വൈകാരിക സമ്മര്‍ദ്ദത്തിലാണ് ആ മനുഷ്യന്‍. ഒടുഞ്ഞുതൂങ്ങി നിന്നാണ് അദ്ദേഹം ഞങ്ങളോട് സംസാരിച്ചത് പോലും. ഹാദിയയുടെ മാത്രമല്ല അയാളുടേയും ശാരീരിക, മാനസിക ആരോഗ്യത്തെക്കുറിച്ച് എനിക്ക് വലിയ ഉത്കണ്ഠയുണ്ട്. ഇങ്ങനെ പോയാല്‍ ആ കുടുംബം സമ്പൂര്‍ണമായ ഒരു തകര്‍ച്ചയിലേക്ക് പോകും. പോലീസും ഭരണകൂടവും കാവല്‍ നിന്നുകൊണ്ട് ഒരു കുടുംബത്തെയൊട്ടാകെ തകര്‍ച്ചയിലേക്ക് തള്ളിവിടുകയാണ്. ഇക്കാര്യത്തില്‍ സമാധാനപരമായ ഒരു ഇടപെടല്‍ നടത്താന്‍ ആര്‍ക്കെങ്കിലും കഴിയേണ്ടതാണ്.

ഹാദിയയുടെ സ്വാതന്ത്ര്യം മാത്രമല്ല യഥാര്‍ത്ഥത്തില്‍ ഇവിടുത്തെ പ്രശ്‌നം. ആ കുടുംബം തന്നെ സ്ഥാപിതതാത്പര്യക്കാരുടെ പിടിയിലാണ്. ഇതില്‍ നിന്ന് മുതലെടുക്കാന്‍ താത്പര്യമുള്ള വര്‍ഗീയ ശക്തികള്‍ ഇതില്‍ കളിക്കുന്നുണ്ട്. ഇരുഭാഗത്തു നിന്നുമുള്ള വര്‍ഗീയശക്തികള്‍ ഇതില്‍ വലിയരീതിയില്‍ മുതലെടുപ്പ് നടത്തുകയാണ്. അവരെയെല്ലാം മാറ്റിനിര്‍ത്തിയിട്ട് കുറേക്കൂടി അനുഭാവപൂര്‍ണമായി, ഇവരുടെയെല്ലാം ക്ഷേമം പരിഗണിച്ചുകൊണ്ടുള്ള ഒരു ഇടപെടലാണ് ഈ വിഷയത്തിലുണ്ടാവേണ്ടത്.

ഞങ്ങള്‍ ഹാദിയയുടെ വീട് സന്ദര്‍ശിച്ച ശേഷം കളക്ടര്‍ക്ക് പരാതി നല്‍കി. അതില്‍ പ്രധാനമായും പറഞ്ഞിരിക്കുന്നത് അടിയന്തിരമായി ഒരു മെഡിക്കല്‍ സംഘത്തെ അവിടേക്ക് അയക്കണമെന്നാണ്. ഇവരുടെയൊക്കെ ശാരീരികവും മാനസികവുമായ ആരോഗ്യനില പരിശോധിക്കണം. ഇത്രയധികം ദിവസങ്ങള്‍ ജീവിതത്തില്‍ മറ്റൊന്നും ചെയ്യാതെ സമ്പൂര്‍ണമായ തടവില്‍ അവര്‍ കഴിയുകയാണ്. ഹാദിയ മാത്രമല്ല വാസ്തവത്തില്‍ അവിടെ തടവില്‍ കഴിയുന്നത്. ഹാദിയയുടെ അച്ഛനും അമ്മയുമൊക്കെ തടവിലാണ്. ആ കുടുംബത്തിന്റെ ചുറ്റും നില്‍ക്കുന്ന മതാന്ധത ബാധിച്ച ഒരു വിഭാഗം ആളുകള്‍. അതേസമയം തന്നെ മതേതരവാദികളുടെ കോടതി തീരുമാനിക്കട്ടെ എന്ന തരത്തിലുള്ള യാന്ത്രികമായ നിലപാടുകളും. ആളുകള്‍ക്ക് മതവിരുദ്ധത പ്രകടിപ്പിക്കാനുള്ള സമയമല്ല ഇത്. കരുണയും കരുതലും ആവശ്യമുള്ള കുറച്ചു മനുഷ്യര്‍ക്ക് അത് കൊടുക്കാന്‍ നമ്മള്‍ ശ്രമിക്കുമ്പോള്‍, നിങ്ങളെന്തിനാണ് അങ്ങോട്ട് കെട്ടിക്കേറി പോവുന്നത്, നിങ്ങളെയാരെങ്കിലും അങ്ങോട്ട് ക്ഷണിച്ചോ തുടങ്ങിയ വാദങ്ങള്‍ കൊണ്ട് നേരിടുന്നത് അങ്ങേയറ്റം ദു:ഖകരമാണ്. ഒരു കരുണയുമില്ലാത്ത മനുഷ്യര്‍ക്കേ അങ്ങനെ സംസാരിക്കാനാവൂ.

അവിടെ ചെന്ന് എന്തെങ്കിലും തരത്തിലൊരു പ്രശ്‌നമുണ്ടാക്കാനോ, മീഡിയയെ അറിയിച്ച് അതൊരു സംഭവമാക്കാനോ ഒന്നുമല്ല ഞങ്ങളവിടെ പോയത്. അവരെ കാണാന്‍ കഴിയുമെങ്കില്‍ അതിന് ശ്രമിക്കുക, ഹാദിയയോടും വീട്ടുകാരോടും സംസാരിക്കുക എന്നത് തന്നെയായിരുന്നു ഉദ്ദേശം. ഇതൊന്നുമല്ലാത്ത ഒരു ലോകം പുറത്തുണ്ടെന്ന് അവരെ മനസ്സിലാക്കിക്കുകയായിരുന്നു ലക്ഷ്യം. ഞാനൊരു യുക്തിവാദിയായതാണ് എന്റെ തെറ്റ്, ഞാനെന്റെ മകളെ പണ്ടേ ഹിന്ദുമതം പഠിപ്പിച്ചിരുന്നെങ്കില്‍ ഇങ്ങനെ വരില്ല എന്നാണ് ഹാദിയയുടെ അച്ഛന്‍ ഞങ്ങളോട് പറഞ്ഞത്. അങ്ങനെയൊരു കണ്‍ക്ലൂഷനിലേക്ക് അയാളെത്തുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പുറത്ത് നില്‍ക്കുന്ന, നമ്മള്‍ എല്ലാവരുമടങ്ങുന്ന മതേതര സമൂഹത്തിന്റേത് തന്നെയാണ്.

ഒരാള്‍ മകളെ കാണാതായാല്‍ അന്വേഷിക്കുകയും, കോടതിയില്‍ പോവുകയും ചെയ്യുന്നത് വളരെ സ്വാഭാവികമാണ്. അങ്ങനെയുള്ള ഒരു ഘട്ടത്തില്‍ ഉടന്‍ തന്നെ ആ അവസരം നോക്കി ഹിന്ദുവര്‍ഗീയവാദികള്‍ അവിടെക്കയറി ഇടപെട്ടു. അവര്‍ അത്തരത്തില്‍ ഒരവസരം നോക്കിയിരിക്കുന്നവരാണ്. അങ്ങനെ ഒരു വിഭാഗമാളുകള്‍. മറുവശത്ത് ഹാദിയയുടെ സ്വാതന്ത്ര്യം മാത്രമാണ് ഞങ്ങളുടെ പ്രശ്‌നം, അവരുടെ മാതാപിതാക്കള്‍ ഞങ്ങളുടെ ശത്രുക്കളാണ് എന്നമട്ടിലുള്ള കാമ്പയിന്‍ നടത്തുന്നയാളുകളുണ്ട്. ഹാദിയയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ പെണ്‍കുട്ടികളെക്കുറിച്ചല്ല ഇത് പറയുന്നത്. അവര്‍ നടത്തിയ ഇടപെടലിനെ, അവരെടുത്ത റിസ്‌കിനെയൊക്കെ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. അവരുടെ പ്രായത്തിലുള്ളയാളുകള്‍, അവര്‍ക്ക് ശരിയെന്ന് തോന്നുന്നതാണ് ചെയ്തത്. അതിന് വലിയ ധൈര്യം വേണം. എന്നാല്‍ മറ്റുചിലരുണ്ട്. ഹാദിയയുടെ സ്വാതന്ത്ര്യം മാത്രമാണ് പ്രശ്‌നമെന്ന് പറയുന്നവര്‍.

ഇക്കൂട്ടത്തില്‍ പ്രധാനമായി പറയേണ്ട മറ്റൊന്ന്, ആയിഷയായ ആതിര, തിരിച്ച് ആതിരയായപ്പോള്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. ആതിരയ്ക്ക് ഇസ്ലാം മതത്തില്‍ താത്പര്യം തോന്നി. ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി അവള്‍ ഇസ്ലാം മതം സ്വീകരിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നു. അതെല്ലാം അവള്‍ സ്വമേധയാ ചെയ്തതാണ്. അതില്‍ മറ്റേതെങ്കിലും സംഘടനകള്‍ക്ക് പങ്കില്ല എന്ന് ആതിര വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ അവള്‍ ഇറങ്ങിപ്പോന്നതിന് ശേഷം നടന്ന കാര്യങ്ങളെക്കുറിച്ച് അവള്‍ പറയുന്നത് നമ്മള്‍ ശ്രദ്ധിക്കണം.

അവള്‍ ഇറങ്ങിയയുടനെ ചിലയാളുകള്‍ വണ്ടിയില്‍ എത്തി കൂട്ടിക്കൊണ്ടുപോയി. എന്നിട്ട് അവരാദ്യം ചെയ്തത് അവളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി വയ്ക്കുക എന്നതാണ്. പിന്നീട് ഏതൊക്കയോ വീടുകളില്‍ മാറിമാറിത്താമസിപ്പിച്ചു. ഏതാണ്ട് പതിനേഴ് ദിവസം ആ പെണ്‍കുട്ടിയെക്കുറിച്ച് അവളുടെ വീട്ടുകാര്‍ക്ക് യാതൊരു വിവരവുമില്ല എന്ന സാഹചര്യമായിരുന്നു. സ്വന്തം മകള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാത്ത അവസ്ഥയിലാണ് അവരുണ്ടായിരുന്നത്. ആതിരയെ കൂട്ടിക്കൊണ്ട് പോയവരുടെ യഥാര്‍ഥ താത്പര്യമെന്താണ്?

എന്റെ അഭിപ്രായം അവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നാണ്. കാരണം കേരളത്തിലെ, ഇന്ത്യയിലെ സാഹചര്യത്തില്‍ ഒരാള്‍ക്ക് മതം പഠിക്കാനുള്ള എല്ലാവിധ സാഹചര്യവുമുണ്ട്. ഒരു പെണ്‍കുട്ടിക്ക് സ്വന്തം വീട്ടിലെ സാഹചര്യങ്ങളില്‍ മതംമാറാന്‍ കഴിയില്ലെങ്കില്‍ അതിന് മറ്റ് സംവിധാനങ്ങളുണ്ട്. നിയമവിധേയമായ അത്തരം സംവിധാനങ്ങളെ ഉപയോഗപ്പെടുത്താതെ കടത്തിക്കൊണ്ട് പോവുന്ന വിധത്തില്‍ പെരുമാറുകയും മൊബൈല്‍ ഫോണ്‍ വാങ്ങി വയ്ക്കുകയും എന്നിട്ട് വീട്ടുകാര്‍ ഹേബിയസ് കോര്‍പ്പസ് കൊടുക്കട്ടെ, അപ്പോള്‍ സംഗതികള്‍ എളുപ്പമാവുമെന്നൊക്കെ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും കേരളത്തില്‍ ഛിദ്രമുണ്ടാക്കാനാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

ഒരു പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നിട്ട്, മാതാപിതാക്കള്‍ക്ക് അവളെക്കുറിച്ച് ഒരു വിവരവുമില്ലാതിരിക്കുമ്പോള്‍, അവരുടെയടുത്ത് നിന്ന് അത്തരം വിവരങ്ങള്‍ പരമാവധി മറച്ചുവയ്ക്കുകയും അവര്‍ കേസ് കൊടുക്കുന്നത് വരെ അവളെ ഒളിപ്പിച്ച് വയ്ക്കുകയുമൊക്കെ ചെയ്യുന്നയാളുകളെ കണ്ടെത്തി അവര്‍ക്കെതിരെ കേസ് എടുക്കാനുള്ള സംവിധാനമുണ്ടാവണം. ആതിരയെ കോടതി വീട്ടുകാരുടെ കൂടെ അയയ്ക്കുകയും, അതേസമയം അവള്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം വേണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം കുട്ടിയെക്കുറിച്ച് കുറേ ദിവസത്തേക്ക് വിവരമൊന്നുമില്ലായിരുന്നു. പിന്നീട് അവളെ മറ്റൊരു കേന്ദ്രത്തില്‍ കൊണ്ടുപോയി തിരിച്ചുള്ള മതംമാറ്റം. അപ്പോള്‍ ആരൊക്കെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ഒരു പെണ്‍കുട്ടിക്ക് അല്ലെങ്കില്‍ ആണ്‍കുട്ടിക്ക് സ്വന്തം ഇച്ഛയനുസരിച്ച് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും അല്ലെങ്കില്‍ ഒരു മതവും വേണ്ട എന്നുവച്ച് ജീവിക്കാനുമൊക്കെയുള്ള അവകാശവും സ്വതന്ത്രമായ തിരഞ്ഞെടുപ്പും ഒരു സ്വതന്ത്രമായ ജനാധിപത്യ സമൂഹത്തില്‍ സാധ്യമാവണം. അതിനുപകരം അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും കുറേ സ്ഥാപിത താത്പര്യക്കാര്‍ നടത്തുന്ന വടംവലിയായി ഇത് മാറുകയാണ്. ആതിര പത്രസമ്മേളനം നടത്തി. പക്ഷെ അവളെത്രത്തോളം സ്വതന്ത്രയാണ്, അല്ലെങ്കില്‍ അവളുടെ തിരഞ്ഞെടുപ്പ് തന്നെയാണോ ഇത് എന്ന കാര്യത്തില്‍ എനിക്ക് യാതൊരുറപ്പുമില്ല.

ഹാദിയയുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് ഹാദിയയ്ക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യം കിട്ടുമ്പോള്‍ മാത്രമേ നമുക്ക് മനസ്സിലാകൂ. ഹാദിയ ചെയ്തത് ശരിയോ തെറ്റോ എന്ന ചര്‍ച്ചയ്‌ക്കൊന്നും യാതൊരു പ്രസക്തിയുമില്ല. അടിയന്തിരമായി വേണ്ടത്, ഹാദിയയ്ക്ക് സംസാരിക്കാനുള്ള അവകാശമുണ്ടാവുക എന്നതാണ്. അവള്‍ക്ക് സ്വതന്ത്രമായി സമൂഹത്തോട് സംവദിക്കാനാവണം, അവളുടെ ഇച്ഛയ്ക്കനുസരിച്ച് ജീവിക്കാനാവണം. അതോടൊപ്പം തന്നെ ഹാദിയയുടെ കുടുംബത്തെ വൈകാരികമായി സമ്മര്‍ദ്ദത്തിലാക്കുന്നത് ആരാണ് എന്ന് കണ്ടെത്തി അവരുടെ കയ്യില്‍ നിന്ന് ഈ കുടുംബത്തെ തന്നെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇരുവശത്തും നടക്കുന്നത് കൊലവിളിയാണ്. അനുതാപത്തോടെ ആ കുടുംബത്തിന്റെ അവസ്ഥയെ കാണുന്നതിന് പകരം ഒരുതരം കൊലവിളി നടത്തിക്കൊണ്ടിരിക്കുകയാണ് ആളുകള്‍. ദേവികയേയും സച്ചിദാനന്ദന്‍ മാഷിനെപ്പോലെയുമുള്ള ആളുകളുടെ ഇടപെടലാണ് എനിക്കിതില്‍ ഒരു പ്രതീക്ഷ തരുന്നത്.

സര്‍ക്കാര്‍ കാണിക്കുന്ന നിസംഗതയും അലംഭാവവുമാണ് ഏറ്റവും വിമര്‍ശിക്കപ്പെടേണ്ട കാര്യം. ഇത്രയും പേര്‍ ആ പെണ്‍കുട്ടിയെ കാണാന്‍ ശ്രമിച്ചിട്ടും അതെല്ലാം പരാജയപ്പെടുന്ന സാഹചര്യത്തില്‍ സ്ഥലം എംഎല്‍എയോ വനിതാ കമ്മീഷന്‍ അധ്യക്ഷയോ അവിടെ പോവാന്‍ തയ്യാറാവുന്നില്ല എന്നത് വളരെ ഖേദകരമാണ്. സ്ഥലം എംഎല്‍എ ഇക്കാര്യത്തില്‍ ഒന്നും മിണ്ടിയിട്ടില്ല. അവര്‍ക്ക് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാന്‍ പറ്റില്ല. ഒരു ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണിത്.

കണ്ടിടത്തോളം കഠിനമായ വൈകാരിക സമ്മര്‍ദ്ദത്തില്‍ ജീവിക്കുന്ന മൂന്ന് പേരാണ് ഹാദിയയും അച്ഛനും അമ്മയും. ഒരുപക്ഷേ ആ കുടുംബത്തിലെ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അത് കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിധിതന്നെ മാറ്റിയെഴുതുന്ന ഒരു സംഗതിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ മുസ്ലീങ്ങളുടെ ഇടയില്‍ വലിയതോതില്‍ അരക്ഷിതത്വം ഉണ്ടാക്കാനും വലിയ രീതിയിലുള്ള സാമുദായിക ധ്രുവീകരണത്തിനും അത് ഇടയാക്കും. ആ ഒരു ഗൗരവം ഇടതുപക്ഷ സര്‍ക്കാരിന് മനസ്സിലായില്ലെങ്കില്‍ ഈ സര്‍ക്കാരിനെ ഇടതുപക്ഷ സര്‍ക്കാര്‍ എന്ന് വിളിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല.

ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്റെ പേരില്‍ ഇല്ലാത്ത കേസുകള്‍ ഉണ്ടാക്കാന്‍ പോലീസ് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നതായാണ് മനസ്സിലാക്കേണ്ടത്. ആര്‍എസ്എസും ബിജെപിയും ഭരിക്കുന്ന ഒരു സംസ്ഥാനത്തെ പോലീസ് ആണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ അത് സ്വാഭാവികമാണ്. കേരളത്തില്‍ അങ്ങനെ നടക്കുന്നു എന്നുള്ളത് വലിയ നാണക്കേടാണ്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍