UPDATES

ട്രെന്‍ഡിങ്ങ്

ഹാദിയയുടെ മാതാപിതാക്കളെ ശശികല സന്ദര്‍ശിച്ചതായി വിവരം; ഹാദിയയ്ക്ക് ശാരീരികോപദ്രവം ഏല്‍ക്കുന്നുവെന്നും ആരോപണം

പലപ്പോഴും ഹാദിയയുടെ വീട്ടില്‍ നിന്ന് വലിയ അലര്‍ച്ചയും ബഹളവും കേള്‍ക്കാറുണ്ടെന്ന് അയല്‍വാസികള്‍

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയ്ക്ക് ശാരീരികോപദ്രവം ഏല്‍ക്കേണ്ടി വരുന്നതായി ആരോപണം. അടുത്തിടെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ഹാദിയയുടെ അച്ഛനേയും അമ്മയേയും വൈക്കത്തെത്തി സന്ദര്‍ശിച്ചിരുന്നു എന്നും അതിനു ശേഷമാണ് വീട്ടിലെ സാഹചര്യം കൂടുതല്‍ മോശമായതെന്നുമാണ് ലഭിക്കുന്ന വിവരം. വൈക്കത്തെത്തിയ ശശികല, ഹാദിയയുടെ അച്ഛനേയും അമ്മയേയും അവര്‍ക്കരികിലേക്ക് വിളിപ്പിക്കുകയായിരുന്നു എന്നാണ് വിശ്വസനീയ വൃത്തങ്ങള്‍ പറയുന്നത്. മെയ് മാസം അവസാന ആഴ്ച മുതല്‍ വൈക്കം ടി.വി പുരത്തെ വീട്ടില്‍ 27 പോലീസുകാരുടെ കാവലിലാണ് ഹാദിയയുടെ ജീവിതം.

‘നിസ്‌കരിക്കുമ്പോള്‍ പോലും ഹാദിയയെ പിടിച്ച് തള്ളുകയും മറ്റും ചെയ്യും. നിസ്‌കരിക്കുന്നത് വീട്ടുകാര്‍ക്കിഷ്ടമല്ല. എന്നാല്‍ ഹാദിയ എല്ലാ നേരവും മുടങ്ങാതെ നിസ്‌കരിക്കുകയും ചെയ്യും. ഇതാണ് വീട്ടുകാരെ പ്രകോപിപ്പിക്കുന്നത്. മതം മാറ്റത്തില്‍ നിന്ന് പിന്‍മാറണമെന്ന കാര്യമാണ് പ്രധാനമായും വീട്ടുകാരും വീട്ടില്‍ ഹാദിയയെ കാണാന്‍ വരുന്നവരും ആവശ്യപ്പെടുന്നത്. എന്നാല്‍ പലപ്പോഴും ഹാദിയ അത് ചെവികൊടുക്കാറില്ല. ചിലപ്പോള്‍ അവര്‍ വല്ലാതെ അസ്വസ്ഥയാവുകയും ശബ്ദമുയര്‍ത്തി സംസാരിക്കുകയും ചെയ്യും. പലപ്പോഴും അവരെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യാറുണ്ട്’- ഹാദിയയുടെ വീടുമായി അടുത്ത ബന്ധമുള്ള ഒരാള്‍ അഴിമുഖത്തോട് പറഞ്ഞു.

പലപ്പോഴും ഹാദിയയുടെ വീട്ടില്‍ നിന്ന് വലിയ അലര്‍ച്ചയും ബഹളവും കേള്‍ക്കാറുണ്ടെന്ന് ഒരു അയല്‍വാസിയും പറയുന്നു. ‘പൊലീസ് കാവലായതോടെ വളരെ അടുത്ത് താമസിക്കുന്നവരെ പോലും ആ വീട്ടിലേക്ക് കയറ്റാറില്ല. അതുകൊണ്ട് അതിനുള്ളില്‍ എന്ത് നടക്കുന്നു എന്നറിയില്ല. പക്ഷെ ആ കൊച്ച് ഒരുപാട് സഹിക്കുന്നുണ്ടെന്ന് ഒരിക്കല്‍ അതിന്റെ കോലം ഒരു നോക്ക് കണ്ടപ്പോള്‍ മനസിലായി. ആകെ ക്ഷീണിച്ച് അവശയായ പോലെയായിരുന്നു. ആദ്യം ഭക്ഷണമൊന്നും കഴിക്കാറില്ലായിരുന്നെങ്കിലും ഇപ്പോള്‍ അതില്‍ നിന്ന് വ്യത്യാസങ്ങള്‍ വന്നു എന്നാണ് ആ വീടുമായി അടുപ്പമുള്ളവര്‍ പറയുന്നത്. വീടിന്റെ വാതിലും ജനലുമെല്ലാം എപ്പോഴും അടുഞ്ഞുകിടക്കും. മുമ്പെങ്ങും ഇല്ലാത്തരീതിയില്‍ പല ശബ്ദങ്ങളും വീട്ടില്‍ നിന്ന് കേള്‍ക്കാറുണ്ട്. ചിലപ്പോള്‍ വഴക്കിടുന്നതുപോലത്തെ ശബ്ദങ്ങളാവും, മറ്റു ചിലപ്പോള്‍ വലിയ അലര്‍ച്ചയും. എന്തായാലും ഈ സ്ഥിതി തുടര്‍ന്നാല്‍ അത് ആ കൊച്ചിന്റെ ശാരീരിക, മാനസികാവസ്ഥകള്‍ക്ക് അത്ര നല്ലതായിരിക്കുമെന്ന് തോന്നുന്നില്ല’

ഹാദിയ കേസ് കേരള ക്രൈബ്രാഞ്ച് അന്വേഷിക്കുന്നതിനൊപ്പം എന്‍.ഐ.എ.യും അന്വേഷിക്കാന്‍ സുപ്രീകോടതി നിര്‍ദ്ദേശിച്ചിരുന്നു. “കേസ് അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ ഹാദിയയെ കോടതിയില്‍ വിളിച്ചുവരുത്തി അഭിപ്രായം കേട്ടശേഷമേ ഉത്തരവുണ്ടാവൂ എന്ന് കോടതി പറഞ്ഞിട്ടുണ്ട്” എന്ന് സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ അനില വിശ്വനാഥന്‍ പറഞ്ഞു. “എന്നാല്‍ അതേവരെ തടങ്കലിന് സമാനമായ രീതിയിലുള്ള ജീവിതം ഹാദിയ ജീവിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. പരിപൂര്‍ണ മനുഷ്യാവകാശ ലംഘനമാണ് അവിടെ നടക്കുന്നത്. ഹൈക്കോടതി ഉത്തരവിലുള്ളത് ഹാദിയ എന്ന അഖിലയ്ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തിയില്ലാത്തതിനാല്‍ രക്ഷിതാക്കളുടെ സംരക്ഷണയില്‍ വിടുന്നു എന്നാണ്. ആവശ്യമെങ്കില്‍ സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം പോലീസിനേയും ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവിടെ നടന്നുകൊണ്ടിരിക്കുന്നത് മറ്റൊന്നാണ്.

"</p

പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ, ആരെയും കാണാനാവാതെ, മൊബൈല്‍ ഫോണോ, പത്രമാധ്യമങ്ങളോ ഇല്ലാതെ പരിപൂര്‍ണമായും മനുഷ്യനെന്ന നിലക്കുള്ള എല്ലാ അവകാശങ്ങളും റദ്ദാക്കിക്കൊണ്ടുള്ള തടവ് ജീവിതം തന്നെയാണ് ഹാദിയ അനുഭവിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് ഇത് നടപ്പാക്കുന്നത്. എന്നാല്‍ ഇക്കാര്യം ചോദ്യം ചെയ്യുന്നവരെ ഹാദിയയുടെ വീടിന് കാവല്‍ നില്‍ക്കുന്ന പോലീസുകാര്‍ കോടതി ഉത്തരവ് പറഞ്ഞ് ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. വനിതാ പോലീസുകാര്‍ക്കൊപ്പമാണ് ഹാദിയ കിടന്നുറങ്ങുന്നത് പോലും. ഇതെവിടുത്തെ നീതിയാണ്. നിയമസംവിധാനങ്ങള്‍ ആ സ്ത്രീയെ സ്വതന്ത്രയാക്കാന്‍ ശ്രമിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്’- അഡ്വ. അനില പറഞ്ഞു.

ഹാദിയയുടെയും കൊല്ലം സ്വദേശിയായ ഷഫിന്റെയും വിവാഹം മെയ് 24നാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹാദിയ അനുഭവിക്കേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് പൊതുസമൂഹത്തിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചകള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഹാദിയയെ കാണാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അച്ഛന്‍ അശോകന്‍ അതിന് അനുമതി നിഷേധിക്കുകയായിരുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍