UPDATES

ഹാദിയയ്ക്ക് കടുത്ത മാനസികാസ്വാസ്ഥ്യമെന്ന് സൂചന; നിസഹായരായി മാതാപിതാക്കള്‍

കനത്ത പോലീസ് സുരക്ഷയില്‍ ഹാദിയ ഒന്നരമാസമായി വീട്ടുതടങ്കലില്‍ കഴിയുകയാണ്

വിവാഹം അസാധുവാക്കി ഹൈക്കോടതി രക്ഷിതാക്കള്‍ക്കൊപ്പമയച്ച ഹാദിയ കടുത്ത മാനസികാസ്വാസ്ഥ്യമനുഭവിക്കുന്നതായി സൂചന. ഹാദിയയുടെ സുരക്ഷയ്ക്കായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മുമ്പ് വീട്ടുകാരോട് നിസ്സഹകരണമായിരുന്നെങ്കിലും കൂട്ട് നില്‍ക്കുന്ന പോലീസുകാരോട് മാന്യമായാണ് ഹാദിയ ഇടപെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആര് എന്ത് ചോദിച്ചാലും മിണ്ടില്ല. ഖുര്‍ആന്‍ മാത്രം വായിച്ച് മുറിയില്‍ ഇരിക്കും. ചിലപ്പോള്‍ എന്തെങ്കിലും ചോദിച്ചാല്‍ കടുത്ത ദേഷ്യത്തോടെയുള്ള മറുപടികളാണ് വരിക. അമ്മയോടും അച്ഛനോടും വളരെ മോശം വാക്കുകളാണ് ഉപയോഗിക്കുന്നത്. പോലീസുകാരെപ്പോലും ‘എടാ, പോടീ’ എന്നൊക്കെയാണ് വിളിക്കുന്നത്. ഒന്നരമാസമായി ഇത്രയും പോലീസുകാരുടെ സംരക്ഷണയില്‍ ഒരു മുറിക്കുള്ളില്‍ കഴിയേണ്ടി വരുന്ന അവസ്ഥ അവര്‍ക്ക് വലിയ തോതില്‍ മാനസികാഘാതമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാവുന്നത്.

ഇതേ സമയം ഹാദിയയുടെ അച്ഛനും അമ്മയ്ക്കും മകളുടെ ആരോഗ്യത്തില്‍ കടുത്ത ആശങ്കയുണ്ട്. ഇപ്പോള്‍ മകളുടെ ജീവന്‍ രക്ഷിക്കാന്‍ വേണമെങ്കില്‍ മതം മാറാന്‍ പോലും അവര്‍ തയ്യാറാണെന്നാണ് മനസ്സിലാവുന്നത്. അവരും യഥാര്‍ഥത്തില്‍ നിസ്സഹായരാണ്. പോലീസുകാര്‍ക്കും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത്രയൊക്കെ പ്രതിസന്ധികളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോവേണ്ടി വന്നിട്ടും ഹാദിയയുടെ തീരുമാനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. അഖിലയായി ജീവിക്കാന്‍ അവര്‍ക്ക് താത്പര്യമില്ല. താനിപ്പോള്‍ ഹാദിയയാണ്, അഖിലയല്ല, ഇനി അഖിലയാവുകയുമില്ല എന്ന് അവര്‍ പറയാറുണ്ട്.’ ഉദ്യോഗസ്ഥന്‍ അഴിമുഖത്തോട് പറഞ്ഞു.

കനത്ത പോലീസ് സുരക്ഷയില്‍ ഹാദിയ ഒന്നരമാസമായി വീട്ടുതടങ്കലില്‍ കഴിയുകയാണ്. ഇതിനിടെ ഇസ്ലാം മതത്തിലേക്ക് മാറിയ അഖില എന്ന ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ്. യുവതി വീട്ടുതടങ്കലിലാണെന്നും അവരെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഡി.ജി.പി.ക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഷഫിന്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെയാണ് ഹാദിയയുടെ വിവാഹം നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി വിവാഹം റദ്ദാക്കിയത്. എന്നാല്‍ ഇസ്ലാം മതവിശ്വാസ പ്രകാരം വിവാഹത്തിന് മാതാപിതാക്കളുടെ സാന്നിധ്യം ആവശ്യമില്ലെന്നും രക്ഷിതാക്കളുടെ സാന്നിധ്യം മാത്രം മതിയെന്നും ഷഫിന്‍ സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഹാദിയയുടെയും കൊല്ലം സ്വദേശിയായ ഷഫിന്റെയും വിവാഹം മെയ് 24നാണ് ഹൈക്കോടതി റദ്ദാക്കിയത്. പെണ്‍കുട്ടിയുടെ വിവാഹത്തില്‍ മാതാപിതാക്കളുടെ പങ്കാളിത്തം അനിവാര്യമാണെന്ന കോടതി വിധിയും ഹാദിയ അനുഭവിക്കേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനവും ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിവച്ചിരുന്നു. എന്നാല്‍ ഹാദിയയുടെ രക്ഷിതാവായിരിക്കാന്‍ ഷഫിന് അധികാരമോ അവകാശമോ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി യുവതിയെ പോലീസ് സംരക്ഷണയില്‍ വൈക്കത്തെ വീട്ടിലെത്തിക്കാനും നിര്‍ദ്ദേശം നല്‍കി.

മതം മാറിയത് തന്റെ ഇഷ്ടപ്രകാരമാണെന്നും ഷഫിന്‍ തന്റെ ഭര്‍ത്താവാണെന്നും ഹാദിയ കോടതിയിലും മാധ്യമങ്ങളോടും പറഞ്ഞിരുന്നെങ്കിലും ഇത് വിലപ്പോയില്ല. കോടതി ഉത്തരവ് പ്രകാരം മെയ് 26ന് പോലീസ് കാവലില്‍ ഹാദിയയെ വൈക്കത്തെ വീട്ടിലെത്തിച്ചു. 27 പോലീസുകാരെയാണ് ഹാദിയയുടെ സംരക്ഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. പോലീസ് സംരക്ഷണയില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് അഴിമുഖം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്രം വായിക്കാനോ, ടി.വി.കാണാനോ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ കഴിയാതെ, വീടിന് പുറത്തിറങ്ങാന്‍ പോലുമാവാതെ പൂര്‍ണമായും വീട്ടുതടങ്കലിലാണ് ഹാദിയ കഴിയുന്നതെന്നായിരുന്നു വിവരം. ഒന്നരമാസമായിട്ടും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടില്ല എന്നാണ് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഹാദിയയ്ക്ക് സംരക്ഷണമെന്ന പേരില്‍ പോലീസ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന ആരോപണം ടി.വി പുരം സ്വദേശികളില്‍ ചിലര്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും ഉന്നയിച്ചിരുന്നു. ‘മനുഷ്യാവകാശ ലംഘനം മാത്രമേ അവിടെ നടക്കുന്നുള്ളൂ എന്ന് പലര്‍ക്കും അറിയാം. പക്ഷെ തീവ്രവാദബന്ധം ഭയന്ന് ആരും ഇക്കാര്യത്തില്‍ ഇടപെടുന്നില്ല. മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനുമെല്ലാം പരാതി നല്‍കിയിട്ടുണ്ട്. പക്ഷെ ഇതേവരെ ആരും നടപടി സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം വോട്ട് പോവുന്നത് ഭയന്ന് ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. മുമ്പ് തുറന്ന് അഭിപ്രായം പറഞ്ഞ പ്രദേശവാസികളാരും ഭയം കാരണം ഇപ്പോള്‍ അതിന് മുതിരുന്നില്ല. ആര്‍.എസ്.എസ് ശക്തികള്‍ക്ക് നേരിട്ട് പങ്കുള്ളതിനാലാണിത്. ഹാദിയയ്ക്ക് കൗണ്‍സിലിങ് നല്‍കാനായി ഹിന്ദു സന്ന്യാസിമാരടക്കം അവിടെ വന്നുപോയതായാണ് അറിവ്. സ്ഥിരമായി രണ്ട് സ്ത്രീകള്‍ കൗണ്‍സലിങ്ങിനെത്തുന്നുണ്ട്. പക്ഷെ ആ പെണ്‍കുട്ടി ഇപ്പോഴും പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് പറഞ്ഞ് കേട്ട അറിവ്.’ ടി.വി.പുരം സ്വദേശി പറഞ്ഞു. ജീവനില്‍ ഭയമുള്ളതുകൊണ്ട് തന്റെ പേര് പ്രസിദ്ധീകരിക്കുവാന്‍ താത്പര്യമില്ലെന്നും ഹാദിയയുടെ അയല്‍വാസി കൂടിയായ ഇദ്ദേഹം വ്യക്തമാക്കി.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍