UPDATES

കാട് കയറുന്നവരാണ് മലംപണ്ടാരങ്ങളെന്ന് പറഞ്ഞ് ഇനിയും ഉഴപ്പരുത്; ഈ ജനതയ്ക്ക് സര്‍ക്കാരിന്റെ താങ്ങ് ആവശ്യമുണ്ട്

നിയമം മലംപണ്ടാരങ്ങളുടെ പരമ്പരാഗത സവിശേഷതകളെക്കൂടി പരിഗണിക്കുന്നുണ്ടെങ്കിലും അവരങ്ങോട്ടുമിങ്ങോട്ടും എപ്പോഴും മാറുന്നവരല്ലേ എന്ന ഉഴപ്പന്‍ ചോദ്യമാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്

പത്തനംതിട്ട ളാഹ മേഖലയിലെ ആദിവാസി വിഭാഗമായ മലംപണ്ടാരങ്ങളുടെ ജീവിതം. അഴിമുഖം റിപ്പോര്‍ട്ടര്‍ ആരതി എം ആറിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആദ്യ ഭാഗം ഇവിടെ വായിക്കാം-ശബരിമലയിലേക്കുള്ള വഴിയില്‍ വെള്ളം തേടി പലായനം ചെയ്യേണ്ടി വരുന്ന കുറച്ച് മനുഷ്യര്‍ ജീവിക്കുന്നുണ്ട്‌: മലംപണ്ടാരങ്ങള്‍

ളാഹ ബസ് സ്റ്റോപ്പിലേക്ക് തിരികെ നടക്കുമ്പോഴാണ് ഒരു കുന്നിന്‍ മുകളില്‍ നീല ടാര്‍പ്പോളിന്‍ പൊതിഞ്ഞ മൂന്ന് കുടിലുകള്‍ ശ്രദ്ധയില്‍ പെട്ടത്. രാധാമണിയുടെയും അമ്പിളിയുടെയുമൊക്കെ കൂടാരങ്ങള്‍ക്ക് സമാനമായ കുടിലുകള്‍. ഞങ്ങള്‍ അങ്ങോട്ട് കയറിച്ചെല്ലുമ്പോള്‍ പതിനാറ് വയസ് തോന്നിക്കുന്ന നിഷ തന്റെ ആറ് മാസം പ്രായമുള്ള കുഞ്ഞ് നിഷാന്തുമായി കുടിലിന് മുന്നില്‍ കുത്തിയിരിക്കുകയാണ്. വയസ് ചോദിച്ചപ്പോള്‍ 21 ആയി എന്നാണ് അവള്‍ മറുപടി പറഞ്ഞത്. മുതിര്‍ന്നവരാരുമില്ലേന്ന് ചോദിച്ചപ്പോള്‍ നിഷ എഴുന്നേറ്റ് മകനെ ഭര്‍ത്താവിന്റെ കൈയില്‍ ഏല്‍പിച്ചിട്ട് താഴേക്ക് നീളുന്ന റോഡിലേക്കിറങ്ങി. ആളെ വിളിച്ചിട്ട് വരാമെന്ന് പറഞ്ഞു നടന്ന് മറഞ്ഞു.

‘അവിടെയുള്ള വീട്ടില്‍ എല്ലാവരും ഫോട്ടോ എടുക്കാന്‍ പോയി. അവരുടെ വീട്ടിന് കാവലിരിക്കാന്‍ പോയതാണ്. ഇപ്പോ വരും’ നിഷയുടെ ഭര്‍ത്താവ് സനോജ് ഞങ്ങളോട് പറഞ്ഞു. കുറച്ച് നേരത്തിനുള്ളില്‍ തന്നെ രണ്ട് സ്ത്രീ രൂപങ്ങള്‍ അകലെ നിന്നും നടന്ന് അടുത്ത് വന്നു. ഞങ്ങളുടെ അടുത്ത് എത്തിയപ്പോഴേക്കും രാധ വേഗം കുറച്ചു. നിഷ മകന്റെയടുത്തേക്ക് നടന്ന് നീങ്ങി.

‘ഞങ്ങളിവിടെ 25 വര്‍ഷമായി ഉണ്ട്. ഉണക്കലാകുമ്പോ ഞങ്ങള്‍ വെള്ളമുള്ള ഇടങ്ങളിലേക്ക് മാറും.’ നാല്പത് വയസായ രാധ പറഞ്ഞു. രാധയ്ക്ക് ആറ് മക്കളാണ് ഉള്ളത്. വടശ്ശേരിക്കര, ചിറ്റാര്‍, അട്ടത്തോട് സ്‌കൂളുകളിലായി അവര്‍ പഠിക്കുകയാണ്. ദൂരേക്ക് ചൂണ്ടിക്കൊണ്ട് രാധ തുടര്‍ന്നു. ‘അവിടെ ആരുമില്ല. പ്രൊമോട്ടര്‍ വന്ന് ഫോട്ടോ എടുക്കാന്‍ കൊണ്ടുപോയി. ആളില്ലെങ്കില്‍ കുരങ്ങും പട്ടിയുമൊക്കെ ആഹാരസാധനങ്ങള്‍ കൊണ്ട് പോകും.’ അടച്ചുറപ്പില്ലാത്ത വീടുകളുടെ അരക്ഷിതാവസ്ഥ എത്ര ഭീതിയുടേതാണെന്ന് ഞാനോര്‍ത്തു.

അവിടെ നിന്നിറങ്ങി വീണ്ടും നടന്നപ്പോള്‍ ആളില്ലാത്ത കൂടാരങ്ങള്‍ കണ്ടുവെങ്കിലും അങ്ങോട്ട് കയറാന്‍ നിന്നില്ല. വടശ്ശേരിക്കരയിലുള്ള മഹിളാ സമഖ്യയുടെ ഓഫീസിലേക്ക് ചെല്ലണമായിരുന്നു. ളാഹയിലേക്ക് വന്ന ബസ് തന്നെയാണ് തിരിച്ച് പോകാനും കിട്ടിയത്.

വനംവകുപ്പ്, ട്രൈബല്‍ വകുപ്പ്, മഹിളാ സമഖ്യ, പ്ലാനിങ് ബോര്‍ഡ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് പത്തനംതിട്ടയിലെ ആദിവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ എത്തിക്കാനുമുള്ള ഉത്തരവാദിത്തമുള്ളത്. ആദിവാസി മേഖലയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യങ്ങളും മറ്റു സാമൂഹ്യ സുരക്ഷക്കും വേണ്ട പ്രവര്‍ത്തനങ്ങളുമാണ് കേരളാ മഹിളസമഖ്യ നടത്തിവരുന്നത്. വടശ്ശേരിക്കരയിലുള്ള മഹിളാ സമഖ്യയുടെ ഓഫീസിലേക്കാണ് പിന്നീട് തിരിച്ചത്.

കേരളാ മഹിളാ സമഖ്യയുടെ പത്തനംതിട്ട ജില്ലാ ഡെവലപ്‌മെന്റ് ഓഫീസര്‍ ശാലിനി മലംപണ്ടാരങ്ങളുടെ സാമൂഹികമായ സവിശേഷതകള്‍ വിവരിച്ചു. ‘മലംപണ്ടാരങ്ങള്‍ ഇടുക്കി, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് കാണുന്നത്. സെമിനൊമാഡിക് ആയ ഇവര്‍ കാട്ട് വിഭവങ്ങള്‍ ശേഖരിച്ചാണ് ഉപജീവനം നത്തുന്നത്. അതുകൊണ്ട് ഓരോ സീസണ്‍ അനുസരിച്ച് ഇവര്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറിക്കൊണ്ടിരിക്കും. ജലലഭ്യത മറ്റൊരു പ്രശ്‌നമാണെന്നേയുള്ളൂ. ഇഞ്ച. പൊന്നമ്പൂ, പാച്ചോറ്റി (മരത്തൊലി), വയണപ്പൂവ്, തേന്‍, കുന്തിരിക്കം തുടങ്ങിയവയാണ് ഇവര്‍ ശേഖരിക്കുന്നത്.’

കുടിവെള്ള പ്രശ്നം കാരണം ഒക്ടോബര്‍ 12ന് മുമ്പ് തന്നെ ളാഹയിലേക്ക് കുടിയേറി വന്ന മലംപണ്ടാരങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് അറിഞ്ഞതെന്നാണ് ശാലിനി പറഞ്ഞത്. ‘ശബരിമല പ്രശ്‌നത്തിനെ തുടര്‍ന്ന് നിലക്കലിലുണ്ടായിരുന്ന മലംപണ്ടാരങ്ങളെ മറ്റിടങ്ങളിലേക്ക് മാറ്റി എന്ന് അറിഞ്ഞിരുന്നു. അവര്‍ എങ്ങോട്ടാണ് പോയതെന്ന് അറിയില്ലായിരുന്നു. ഇന്നലെയാണ് അവര്‍ ളാഹയിലുണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്.’

‘അട്ടത്തോട് തന്നെ ഒരു എല്‍പി സ്‌കൂള്‍ ഉണ്ട്. 20 വര്‍ഷത്തിന് മുന്നേ അത് യുപി സ്‌കൂളാക്കി മാറ്റാന്‍ തീരുമാനമുണ്ടായെങ്കിലും പക്ഷേ തുടങ്ങിയിട്ട് രണ്ട് വര്‍ഷമാകുന്നതേയുള്ളൂ. കുട്ടികള്‍ക്ക് വേണ്ടി എടുത്തിട്ടുള്ള സ്ഥലത്തിലാണ് ഇപ്പോള്‍ പെട്രോള്‍ പമ്പ് വന്നത്. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുന്നതാണ് ഈ പെട്രോള്‍ പമ്പ്.’ ളാഹയിലെ ആദിവാസി ജനതയെ കുറിച്ച് ചോദിച്ച് എത്തിയ എനിക്ക് അട്ടത്തോടിലെ കാര്യങ്ങള്‍ പറഞ്ഞു തരികയായിരുന്നു അവര്‍.

മലംപണ്ടാരങ്ങള്‍ പോലെയുള്ള ആദിവാസി ഗോത്രവിഭാഗത്തിലെ കുട്ടികളെ സ്‌കൂളിലെത്തിക്കുന്നതിനായി ട്രൈബല്‍ ഡിപ്പാര്‍ട്‌മെന്റ് ഗോത്രസാരഥി എന്നൊരു പദ്ധതി നടപ്പാക്കിയിരുന്നു. ട്രൈബല്‍ വകുപ്പ് തന്നെ ജീപ്പോ മറ്റോ വാടകയ്‌ക്കെടുത്ത് കുട്ടികളെ സ്‌കൂളുകളില്‍ കൊണ്ടുവിടുകയാണ് ചെയ്യുക. എന്നാല്‍ പലപ്പോഴും ഇത് പരാജയമാണെന്ന് ശാലിനി വിലയിരുത്തുന്നു. ‘ഇവര്‍ സ്ഥലം മാറുമ്പോള്‍ ഇവരെ ലൊക്കേറ്റ് ചെയ്യാന്‍ പറ്റാറില്ല. അതുമല്ല ഏകദേശ സമയമനുസരിച്ചാകും ഇവര്‍ കാട്ടില്‍ നിന്നിറങ്ങി വരിക. അതുകൊണ്ട് തന്നെ വണ്ടി കിട്ടാതെ വരുന്ന അവസ്ഥയുണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ കൂടുതല്‍ ദിവസവും സ്‌കൂളില്‍ പോകാത്ത അവസ്ഥയാണ്.’ ശാലിനി വിശദീകരിച്ചു.

‘2016ല്‍ ആള്‍ട്ടര്‍നേറ്റീവ് ലേര്‍ണിങ് സെന്ററുകള്‍, രാജാംപാറ, പ്ലാപ്പള്ളി എന്നിവടങ്ങളില്‍ സാക്ഷരതാ മിഷന്റെ സഹായത്തോടെ തുടങ്ങിയിരുന്നു. പക്ഷേ അതും പരാജയപ്പെട്ടു. ഇവര്‍ മാറുന്നതിനനുസരിച്ച് അധ്യാപകര്‍ക്ക് അവരുടെ കൂടെ പോകാന്‍ പറ്റില്ലല്ലോ?’ ശാലിനി ചോദിക്കുന്നു.

സ്‌കൂളിലേക്ക് പെണ്‍കുട്ടികളെ എത്തിക്കാനുള്ള ബ്രിഡ്ജ് കോഴ്‌സാണ് മഹിളാ സമഖ്യ നടപ്പാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 1998ല്‍ എംഎച്ച്ആര്‍ഡിയുടെ കീഴില്‍ തുടങ്ങിയ പ്രോജക്ട് ഇപ്പോള്‍ കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണെന്നും മറ്റ് സംസ്ഥാനങ്ങളില്‍ തുടരുന്നില്ലെന്നും ശാലിനി പറഞ്ഞു.

മഹിളാ സമഖ്യയുടെ ഓഫീസിനുള്ളില്‍ നിന്ന് തിരിച്ചിറങ്ങുമ്പോള്‍ വലതുവശത്തെ മുറിയുടെ വാതിലിനരികില്‍ നിരവധി ബാഗുകള്‍ ശ്രദ്ധയില്‍പ്പെട്ടു. അതിനുള്ളിലേക്ക് നോക്കുമ്പോള്‍ അത് നിറയെ പുതിയ ഉപയോഗ യോഗ്യമായ തുണികളായിരുന്നു. പല കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായി നാപ്കിനുകളും മറ്റും ശേഖരിച്ചുവെച്ചിരിക്കുന്നു. കുട്ടികളുടെ നാപ്കിനുകള്‍ കണ്ടപ്പോള്‍ തന്നെ അടുത്ത തവണ വരുമ്പോള്‍ എനിക്ക് തുണി കൊണ്ടുവരണം എന്ന് പറഞ്ഞ അനന്തുവിനെയാണ് ഓര്‍മ വന്നത്. ബസില്‍ 17 രൂപ ടിക്കറ്റില്‍ എത്തിപ്പെടാവുന്ന ദൂരത്ത് ആ റൂമില്‍ കിടന്നതൊക്കെ ആവശ്യമുള്ള അഭയാര്‍ത്ഥികളുണ്ടെന്ന ബോധം ആകെയുലച്ചു.

ശാലിനി ഉള്‍ക്കാടുകളിലുള്ള മലംപണ്ടാരങ്ങളുടെ സാമൂഹികജീവിതത്തെ വിവരിക്കുകയായിരുന്നു. ‘കാടിനുള്ളില്‍ അലഞ്ഞ് നടക്കുന്നത് കൊണ്ട് എവിടെയാണ് ഇവര്‍ക്ക് വനാവകാശ നിയമപ്രകാരം സ്ഥലം വേണ്ടതെന്ന് കൃത്യമായി ലൊക്കേറ്റ് ചെയ്തിട്ടില്ല. ഇവരെ റിസെറ്റില്‍ ചെയ്യാനായി ളാഹ ബിഎസ്എന്‍എല്‍ ഓഫീസിന് പിറകിലായി കുറച്ച് സ്ഥലമെടുത്തിട്ടുണ്ട്.പക്ഷേ 90 കുടുംബക്കാര്‍ക്കായി ഭാഗിക്കുമ്പോള്‍ ഒരാള്‍ക്ക് ഒമ്പത് സെന്റില്‍ താഴെ മാത്രമാണ് കിട്ടുക. വനാവകാശപ്രകാരം ഒരു കുടുംബത്തിന് 2 ഏക്കറാണ് കുറഞ്ഞത് നല്‍കേണ്ടത്.’ ശാലിനി പറഞ്ഞു.

‘2006ലാണ് വനാവകാശ നിയമം വരുന്നത്. 2009ഓട് കൂടി നിയമം നടപ്പിലാക്കാനുള്ള നടപടികള്‍ കേരളാ സര്‍ക്കാര്‍ കൈക്കൊള്ളുകയും ചെയ്തു. അച്ഛന്‍ കോവില്‍ ഭാഗത്തുള്ള മലംപണ്ടാരങ്ങള്‍ ഇങ്ങനെ സ്ഥലം മാറുന്ന ഒരു രീതി ഇപ്പോള്‍ പിന്തുടരുന്നില്ല. വനാവകാശ നിയമം നടപ്പിലാക്കാനായി ആദ്യം ഇവരുടെ ഊരുകൂട്ടം ഉണ്ടാക്കുകയാണ് വേണ്ടത്. ഇവര്‍ക്ക് പഞ്ചായത്തില്‍ സ്വയം ഊരുക്കൂട്ടമായി അപേക്ഷ നല്‍കാവുന്നതാണ്. ളാഹയിലെ മലംപണ്ടാരങ്ങളെ ഫോറസ്റ്റ് റൈറ്റ് കമ്മിറ്റിയില്‍ ലിസ്റ്റ് ചെയ്തുവെങ്കില്‍ ഇവര്‍ക്കും ഭൂമി നല്‍കേണ്ടതാണ്. എല്ലാ ആദിവാസി വിഭാഗത്തിനും അവരുടെ പരമ്പരാഗതമായ ഭൂമിയില്‍ താമസിക്കാനുള്ള അധികാരമുണ്ട്. സെമിനൊമാഡിക് ആയ ഗോത്രവര്‍ഗത്തിന് അവര്‍ സ്ഥിരമായി മാറിത്താമസിക്കുന്ന രണ്ടോ മൂന്നോ സ്ഥലങ്ങളിലായി 10 ഏക്കര്‍ ഭൂമി നല്‍കാന്‍ അധികാരമുണ്ട്. വീട്, കൃഷിഭൂമി എന്നിവ വ്യക്തിയുടെ അവകാശമായും വനം, വനവിഭവങ്ങളും കമ്മ്യൂണിറ്റിയുടെ അവകാശവുമായാണ് ഇവരുടെ കാര്യത്തില്‍ പരിഗണിക്കേണ്ടത്. അല്ലാതെ ഇവരെ കോളനിവത്കരിക്കുക എന്നത് ഇന്നത്തെ അവസ്ഥയില്‍ നിയമവിരുദ്ധമാണ്.’ അസിസ്റ്റന്‍റ് പ്രൊഫസറും ഗവേഷകനുമായ ഡോ. അമിതാഭ് ബച്ചന്‍ വിശദീകരിച്ചു.

നിയമം മലംപണ്ടാരങ്ങളുടെ പരമ്പരാഗത സവിശേഷതകളെക്കൂടി പരിഗണിക്കുന്നുണ്ടെങ്കിലും അവരങ്ങോട്ടുമിങ്ങോട്ടും എപ്പോഴും മാറുന്നവരല്ലേ എന്ന ഉഴപ്പന്‍ ചോദ്യമാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. മഞ്ഞത്തോട് എന്ന സ്ഥലത്ത് ഭൂമി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഫോറസ്റ്റില്‍ നിന്ന് ഭൂമി വിട്ടുകിട്ടാത്തതുകൊണ്ടുള്ള കാലതാമസമാണ് ഉണ്ടാകുന്നത്. കൂടാതെ ട്രൈബല്‍ ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് ഇവര്‍ക്ക് എല്ലാ മാസവും 15 കിലോ അരി, എണ്ണ, ഒരു കിലോ പയര്‍, കടല എന്നിവ എത്തിക്കാറുണ്ടെന്നും പത്തനംതിട്ട ട്രൈബല്‍ ഓഫീസര്‍ അജി അറിയിച്ചു.

‘ആളുകള്‍ ഇവരെ പല രീതിയിലും ചൂഷണം ചെയ്യാറുണ്ട്. കച്ചവടസാധ്യതകള്‍ അറിയാത്തവരാണ് ഇവര്‍. തേന്‍, കുന്തിരിക്കം തുടങ്ങി ഇവര്‍ ശേഖരിക്കുന്ന സാധനങ്ങള്‍ ഇങ്ങനെ ഭക്ഷണവുമായി എത്തുന്നവര്‍ ചുളുവില്‍ വാങ്ങി വലിയ വിലക്ക് മറിച്ച വില്‍ക്കാറുണ്ട്. വനാവകാശ നിയമം നടപ്പിലാക്കിയ എല്ലാ സ്ഥലത്തും വനസംരക്ഷമസമിതി വേണമെന്നാണ്. ഇവിടെ ശബരിമലയില്‍ എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയാണുള്ളത്. അതിലെ അംഗങ്ങളാണ് മലംപണ്ടാരങ്ങള്‍. അവര്‍ക്ക് വഴിയോരത്ത് കട വെക്കാനുള്ള അവകാശമുണ്ട്. പക്ഷേ അവര്‍ പുറത്ത് നിന്നു വരുന്നവര്‍ക്ക് വാടകയ്ക്ക് നല്‍കും. ഇവര്‍ക്ക് തുച്ഛമായ വരുമാനമാണ് ഇതിലൂടെ കിട്ടുക.‘ ശാലിനി പറയുന്നു. ‘ഇതല്ലാതെ ചില ട്രസ്റ്റുകള്‍, എന്‍ജിഒ, പള്ളികള്‍ തുടങ്ങി സംഘടനകളില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ കൊണ്ടെത്തിക്കാറുണ്ട്. അതൊരു ട്രെന്‍ഡാണ്. ഒരിക്കല്‍ ഭക്ഷ്യവിഷബാധ ഉണ്ടായി. അതില്‍പ്പിന്നെ പാകം ചെയ്ത ഭക്ഷണം നല്‍കരുതെന്ന് വിലക്കിയിട്ടുണ്ട്. ഒരിക്കല്‍ കേന്ദ്രീയ വിദ്യാലയ സ്‌കൂള്‍ യൂണിഫോം ഇട്ട് ഒരു കുടുംബം ഇവിടെ ഉണ്ടായിരുന്നു. പഴയ തുണികള്‍ വീട്ടില്‍ നിന്ന് ഒഴിവാക്കാന്‍ ചിലര്‍ ഇവര്‍ക്ക് കൊണ്ടു നല്‍കാറുണ്ട്. ഹരികിഷോര്‍ കളക്ടറായിരുന്ന സമയമായിരുന്നു. അങ്ങനെ പഴയ തുണി കൊണ്ട് നല്‍കുന്നത് അദ്ദേഹം തന്നെ നിര്‍ത്തലാക്കി. മഹിളാ സമഖ്യയില്‍ നിന്നു പുതിയ തുണികള്‍ എത്തിക്കാറുമുണ്ട്.’ ശാലിനിയുടെ വാക്കുകള്‍ തുണികള്‍ കൂട്ടിയിട്ടിരുന്ന മുറിയിലേക്കാണ് കൊണ്ടുപോയത്.

മക്കളെ പഠിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ രജനി, നല്ല വെള്ളം കിട്ടുന്ന സ്ഥലം ഏതായാലും ഞങ്ങള്‍ക്ക് നല്ലതാണെന്ന് പറഞ്ഞ രാധാമണി, എനിക്ക് തുണി വേണമെന്ന് പറഞ്ഞ അനന്തു അങ്ങനെ എല്ലാവരും ചെന്നെത്താവുന്ന ദൂരങ്ങളിലുണ്ട്. അവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഇനിയെങ്കിലും കണ്ണ് തുറക്കേണ്ടതാണ്. അവര്‍ ഇനിയും പോകുമെന്ന് പറഞ്ഞ് തിരികെ കാടു കയറുന്നത് വരെ ഇനിയും കാത്തിരിക്കരുത്.

ശബരിമലയിലേക്കുള്ള വഴിയില്‍ വെള്ളം തേടി പലായനം ചെയ്യേണ്ടി വരുന്ന കുറച്ച് മനുഷ്യര്‍ ജീവിക്കുന്നുണ്ട്‌: മലംപണ്ടാരങ്ങള്‍

കേരളം ശബരിമലകൊണ്ടാടിയ ഈ മാസം അട്ടപ്പാടിയില്‍ മരിച്ചത് 4 ശിശുക്കള്‍; 2018ല്‍ ഇതുവരെ 10 മരണം

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍