UPDATES

ട്രെന്‍ഡിങ്ങ്

രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ ധീരത കാട്ടുമോ? ഹാരിസണിലെ സുപ്രീം കോടതി വിധി പറയുന്നത്

കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നിരുന്നെങ്കിൽ ഇപ്പോഴത്തെ ഏറ്റെടുക്കൽ നടപടിയെയെല്ലാം സാധൂകരിക്കാൻ കഴിയുമായിരുന്നു

ഹാരിസൺ മലയളമടക്കമുള്ള വിവിധ പ്ലാന്റേഷനുകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 38170.92 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസർക്ക് കോടതിയുടെ അധികാരമുണ്ടെന്ന കേരള സർക്കാര്‍ വാദത്തെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് സുപ്രീംകോടതി ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ തള്ളിയത്. സർക്കാരിനു വേണ്ടി ഹാജരായ വക്കീലിന് വാദമുഖങ്ങൾ നിരത്താനുള്ള അവസരം പോലും നൽകിയില്ല. കേരള ഹൈക്കോടതി ഈ വിഷയത്തിലെടുത്ത നിലപാട് തികച്ചും ശരിയാണെന്ന് ജസ്റ്റിസ് നരിമാനും ഇന്ദു മൽഹോത്രയുമടങ്ങിയ ബഞ്ച് വ്യകതമാക്കുകയും കേരളത്തിന്റെ വക്കീൽ ജയദീപ് ഗുപ്തയ്ക്ക് ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കാനുള്ള അവസരം പോലും നല്‍കാതെ അപ്പീൽ തള്ളുകയും ചെയ്തു.

1957ലെ ഭൂനിയമം (Kerala Land Conservancy Act of 1957) അനുസരിച്ച് ഭൂമി ഏറ്റെടുക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥന് അധികാരമുണ്ടെന്ന ദുർബലമായ വാദത്തെയാണ് സുപ്രീംകോടതി മിനിറ്റുകൾ മാത്രമെടുത്ത് ചുരുട്ടിക്കൂട്ടിയത്. വാദത്തിന്റെ ദൗർബല്യം കൊണ്ടായിരിക്കണം, കേസുകൾ പഠിച്ച് കോടതിമുറിയിൽ വരുന്നതിൽ ഖ്യാതിയുള്ള നരിമാൻ അതിന്മേൽ അധികം വിശദീകരണങ്ങൾക്ക് തയ്യാറാകാതെ അഞ്ചു മിനിറ്റിനുള്ളിൽ കാര്യങ്ങളെല്ലാം കഴിച്ചത്. പതിനായിരക്കണക്കിന് ഏക്കർ വരുന്ന ഭൂമിയുടെ ഉടമസ്ഥതയിന്മേലുള്ള തർക്കത്തെ ഒരു സ്പെഷ്യൽ ഓഫീസറെ വെച്ച് തീർപ്പാക്കാൻ ശ്രമിക്കേണ്ടെന്ന ലളിതമായ ന്യായം മാത്രമാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇനി വിവിധ സിവിൽ കോടതികളിൽ പോയി ഭൂമികളിന്മേലുള്ള അവകാശം സ്ഥാപിച്ചെടുക്കുകയാണ് വ്യവഹാരപരമായി നേക്കിയാൽ പ്രാഥമികമായ പോംവഴി.

കേരള ഭൂസംരക്ഷണ നിയമപ്രകാരം എംജി രാജമാണിക്യം സ്പെഷ്യൽ ഓഫീസറായി നിയമിക്കപ്പെട്ടത് 2013-ൽ അന്നത്തെ യുഡിഎഫ് സർക്കാരിന്റെ താത്പര്യത്തിലാണ്. ഇതിന് ഒരു കോടതിവിധിയുടെ പിൻബലവുമുണ്ടായി. വിവിധ ജില്ലകളിലായി പരന്നു കിടക്കുന്ന പതിനായിരക്കണക്കിന് ഏക്കർ തോട്ടഭൂമി തങ്ങളുടേതാണെന്ന് വരുത്തിത്തീർക്കാൻ ഹാരിസൺ മലയാളം കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 1957-ലെ ഭൂസംരക്ഷണ നിയമപ്രകാരം ഭൂമി തിരിച്ചുപിടിക്കാവുന്നതാണെന്ന് വിധിയുണ്ടായി. 2013 ഫെബ്രുവരി 13-നായിരുന്നു ഈ വിധി. അന്നത്തെ റവന്യൂ സ്പെഷ്യൽ പ്ലീഡറായിരുന്ന സുശീല ഭട്ടിന്റെ ശ്രമഫലമായാണ് ഇതിനുള്ള വഴിയൊരുങ്ങിയത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളിലായുള്ള കയ്യേറ്റഭൂമി തിരിച്ചു പിടിക്കുന്നതിന് സ്പെഷ്യൽ ഓഫീസറെ നിയമിക്കാമെന്നാണ് സർക്കാർ അന്ന് തീരുമാനിച്ചത്. ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥന് പതിച്ചുകൊടുക്കുകയോ ഏറ്റെടുക്കുകയോ ചെയ്യാവുന്ന ഭൂമിയുടെ അളവ് പരിമിതമാണ് എന്നിരിക്കെ ഈ നടപടിയിൽത്തന്നെ പിഴവുണ്ടായിരുന്നു. 2015ൽ ഈ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു.

സംസ്ഥാനത്താകെ ഹാരിസൺ മലയാളത്തിന്റേതായി 74,334 ഏക്കറിലധികം ഭൂമിയാണുള്ളത്. ഇതിൽ 30,019.95 ഏക്കർ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്നാണ് കണ്ടെത്തൽ. ബാക്കി വരുന്ന എണ്ണായിരം ഏക്കറിലധികം ഭൂമി ഹാരിസണിൽ നിന്ന് ഭൂമി വാങ്ങിയവരുടെയും മറ്റ് കയ്യേറ്റക്കാരുടെയും പക്കലാണുള്ളത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഈ ഭൂമി മൊത്തമായി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും കോടതിയിൽ ഈ നിലപാടല്ല സർക്കാരിന്റേത്. അധികഭൂമി തിരിച്ചുപിടിക്കുകയെന്നതു മാത്രമാണ് നിലപാട്. ഈ നിലപാട് തന്നെയും ശരിയായി സ്ഥാപിക്കാൻ സർക്കാർ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നാണ് ആരോപണം നിലനിൽക്കുന്നത്.

ഇപ്പോൾ കോടതിയിൽ നിന്നുണ്ടായ തിരിച്ചടിയിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ പറയുന്നു. ഭൂമിസംരക്ഷണ നിയമപ്രകാരം ഉടമസ്ഥതാ തർക്കമുള്ള ഭൂമി വ്യവഹാരത്തിൽ സിവിൽ കേസ് ഫയൽ ചെയ്യുക മാത്രമാണ് പോംവഴി. ഈ കേസില്‍ ഉടമസ്ഥതാ തര്‍ക്കമുണ്ടെന്നാണ് ഹാരിസൺ വാദിക്കുന്നത്. അങ്ങനെ വരുമ്പോൾ അത് സിവിൽ കോടതിയിൽ പോയി തീർത്തതിനു ശേഷമേ മുമ്പോട്ടു പോകാനാകൂ. തർക്കമുണ്ടെന്ന് ഹാരിസൺ മലയാളം പറയുമ്പോൾ, അതല്ല ഭൂമി സർക്കാരിന്റേത് മാത്രമാണെന്നും തർക്കമില്ലെന്നും സർക്കാർ‍ നിയോഗിച്ച സ്പെഷ്യൽ ഓഫീസർ പറഞ്ഞതു കൊണ്ട് കാര്യമായില്ല.

Also Read: ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ എവിടെയാണ് ഭൂമിയുള്ളതെന്ന് രാജമാണിക്യം ചൂണ്ടിക്കാണിച്ചിരിക്കുന്നു; നടപ്പാക്കാന്‍ ധൈര്യമുണ്ടോ ഇടതുസര്‍ക്കാരിന്?

വ്യാജമായി ചമച്ചതോ, അധികാരപരിധി വിട്ട് ഉദ്യോഗസ്ഥർ നൽകിയതോ ആയ രേഖകളുടെ ബലത്തിലാണ് ഹാരിസൺ തങ്ങളുടെ വാദങ്ങളെല്ലാം മുമ്പോട്ടു വെക്കുന്നതെന്ന് ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നു. ഈ രേഖകളുടെ സാധുത സംബന്ധിച്ച് പരിശോധിക്കേണ്ട സാഹചര്യം നിലവിലുണ്ട്. ഇതിനു കാരണം ഹാരിസൺ മലയാളം പതിറ്റാണ്ടുകളോളം തർക്കമേതുമില്ലാതെ ഈ ഭൂമി കൈവശം വെച്ചു എന്നതാണ്. ഇതാണ് ഹൈക്കോടതിയും സുപ്രീംകോടതിയും എടുത്ത നിലപാടുകളുടെ കാതൽ. എന്നാൽ കോടതിയുടെ നടപടിയിൽ ഒരു വിയോജിപ്പുള്ളതും ഹരീഷ് പറയുന്നു. വാദം കേൾക്കാതിരുന്നതിനു കാരണം നിയമജ്ഞർക്കെല്ലാം മനസ്സിലായിട്ടുണ്ടാകും. എന്നാൽ ജനങ്ങളെക്കൂടി ബോധ്യപ്പെടുത്തുക എന്നത് ഒരു ആവശ്യമായിരുന്നു. ഇതിനു വേണ്ടി വാദം കേൾക്കുകയും വിശദമായി വിധി പ്രസ്താവിക്കുകയും ചെയ്യാമായിരുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂമിക്കേസാണിതെന്ന പരിഗണന നൽകാമായിരുന്നു എന്നൊരഭിപ്രായവുമുണ്ട്.

ഹാരിസൺ മലയാളത്തിന്റെ പക്കലുള്ള രേഖകൾ വ്യാജമാണെന്ന് തെളിയിക്കുകയാണ് സർക്കാരിനു മുമ്പിലുള്ള വഴികളിലൊന്ന് എന്ന് ഹരീഷ് വാസുദേവൻ വിശദീകരിക്കുന്നു. സിവിൽ കേസിൽ കുടുങ്ങി കാലം പോകുന്നത് തടയണമെന്നാണെങ്കിൽ കോടതിയോട് ഒരു റിട്ടയേഡ് ജഡ്ജിയെ വെച്ച് ഒരു കമ്മറ്റി രൂപീകരിക്കാൻ സർക്കാരിന് ആവശ്യപ്പെടാമായിരുന്നു. ഈ കമ്മറ്റിയെ കാര്യങ്ങൾ ബോധിപ്പിക്കാം. ഇത് ഇനിയും ചെയ്യാവുന്ന കാര്യമാണ്. സർക്കാരിന് ഒരു ഭൂപരിഷ്കരണ നിയമം കൂടി കൊണ്ടുവരാൻ എല്ലാ സാധ്യതയും തുറന്നു കിടക്കുന്നുണ്ട്. ഭൂമിയില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യരുണ്ട് കേരളത്തിൽ. പതിനായിരം ഏക്കറിൽ കൂടുതൽ ആർക്കും ഭൂമി കൈവശം വെക്കേണ്ടതില്ലെന്ന് നിയമം കൊണ്ടുവരാം. സർക്കാർ എന്തുകൊണ്ടതിന് തുനിയുന്നില്ല? എന്നും അദ്ദേഹം ചോദിക്കുന്നു.

നിയമങ്ങൾ

ഹാരിസൺ മലയാളത്തിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാക്കുന്ന പ്രധാന നിയമങ്ങൾ മൂന്നെണ്ണമാണ്. ഇവയിൽ ഏറ്റവും പ്രധാനമായത് ഇന്ത്യയുടെ വിദേശനാണ്യ വിനിമയ നിയമമാണ്. 1973-ൽ പാസ്സാക്കിയ ഈ നിയമപ്രകാരം ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഏതുതരം സ്ഥാപനവുമായും സാമ്പത്തിക ഇടപാട് നടത്തണമെങ്കിൽ അതിന് ആർബിഐയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഈ നിയമം പച്ചയായി ലംഘിച്ചാണ് ഹാരിസൺ മലയാളം പ്രവർത്തിക്കുന്നത്. മുൻകാലത്തെ മദ്രാസ് പ്രസിഡൻസിയുടെയും തിരു-കൊച്ചിയുടെയുമെല്ലാം നിയമങ്ങളെ പിൻവലിച്ച് നിലവിൽ വന്ന 1957ലെ കേരള ലാൻഡ് കൺസർവൻസി ആക്ടിലെ നിയമങ്ങള്‍ അനുശാസിക്കുന്ന കയ്യേറ്റം സംബന്ധിച്ച ചട്ടങ്ങളെയും ഹാരിസൺ മലയാളം ലംഘിക്കുന്നുണ്ട്. കമ്പനി ലംഘിക്കുന്ന മറ്റൊരു നിയമം 1963-ലെ കേരള ഭുപരിഷ്കരണ നിയമമാണ്.

Also Read: ടാറ്റയ്ക്കും ഹാരിസണിനും കുടപിടിച്ച് സര്‍ക്കാര്‍; രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കുന്നു

‘കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല’

ഇപ്പോഴത്തെ വിധിന്യായത്തിൽ കേസിന്റെ മെറിറ്റിലേക്ക് കോടതി കടക്കുകയുണ്ടായില്ലെന്ന് മുൻ റെവന്യൂ സ്പെഷ്യൽ പ്ലീഡറായിരുന്ന സുശീല ഭട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താൽത്തന്നെ ഹാരിസൺ മലയാളത്തിന് അനുകൂലമായ വിധിയാണിതെന്നൊന്നും പറഞ്ഞുകൂടാ. വെറും സാങ്കേതികതയിൽ മാത്രമൂന്നിയുള്ള ഒരു വിധിയാണിത്. കേസിന്റെ മെറിറ്റിലേക്ക് കോടതി കടക്കുകയേയുണ്ടായിട്ടില്ല. കോടതി മെറിറ്റിലേക്ക് കടന്നിരുന്നെങ്കിൽ ഇപ്പോഴത്തെ ഏറ്റെടുക്കൽ നടപടിയെയെല്ലാം സാധൂകരിക്കാൻ കഴിയുമായിരുന്നു. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ പുറപ്പെടുവിച്ച ഒരു വിധിയുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ ഓഫീസർ നിയമനം നടന്നതെന്നും സുശീലാ ഭട്ട് ചൂണ്ടിക്കാട്ടുന്നു. സിവിൽ കോടതികളിൽ പോയി എല്ലാ കേസുകളും തീർപ്പാക്കുക എന്നതിൽ പ്രായോഗികതയുടെ പ്രശ്നം കൂടിയുണ്ട്. വൻകിടക്കാർക്കു വേണ്ടി പ്രത്യേക നീതിന്യായങ്ങൾ നടപ്പാക്കുന്നത് ശരിയല്ല. സുപ്രീംകോടതിയും ഹൈക്കോടതിയും ഇപ്പോഴും ഹാരിസൺ മലയാളത്തിന്റെയോ മറ്റും പ്ലാന്റേഷനുകളുടെയോ ഉടമസ്ഥാവകാശം സ്ഥാപിച്ചിട്ടില്ലെന്നും സുശീല ഭട്ട് പറയുന്നു.

‘സിപിഐക്ക് ഹാരിസൺ പ്രശ്നത്തിൽ ധാർമിക-രാഷ്ട്രീയ ഉത്തരവാദിത്തമുണ്ട്’

നിയമനിർമാണം മാത്രമാണ് ഇനിയൊരു പോംവഴിയെന്ന് ഈ വിഷയത്തില്‍ നിരവധി വാര്‍ത്തകള്‍ പുറത്തു കൊണ്ടുവന്നിട്ടുള്ള മാധ്യമപ്രവർത്തകനായ ആർ സുനിൽ ചൂണ്ടിക്കാട്ടുന്നു. ഭൂമി സർക്കാർ ഏറ്റെടുക്കുക എന്നതിന് തടസ്സങ്ങൾ റവന്യൂ വകുപ്പിനകത്തു തന്നെയുണ്ട്. സുപ്രീംകോടതിയിൽ നിന്ന് പൊടുന്നനെയൊരു വക്കീൽ ഇറങ്ങിവന്ന് വാദിച്ച് ജയിക്കാൻ പറ്റിയ കേസല്ല ഇത്. ചരിത്രപരമായ പ്രശ്നങ്ങൾ അനവധിയുള്ള കേസ്സാണ്. അവ മൊത്തം പഠിച്ചിട്ടുള്ളയാൾക്കേ വാദിക്കാനാകൂ. സുശീലാ ഭട്ട് വാദിച്ചിരുന്നപ്പോൾ എല്ലാ കോടതിവിധികളും അനുകൂലമായിരുന്നു. ഇതിന്റെ കാരണമെന്തായിരുന്നു എന്നാലോചിക്കേണ്ടതുണ്ട്. ട്രേഡ് യൂണിയനുകളുടെയും പാർട്ടികളുടെയുമെല്ലാം ഫണ്ടിങ് സോഴ്സായി മാറിയിരിക്കുകയാണ് ഹാരിസൺ മലയാളം – സുനിൽ പറയുന്നു.

Also Read: സുശീല ആര്‍ ഭട്ടിനെ പറഞ്ഞു വിടുന്നവരോട്; നിങ്ങളുടെ കൂറ് ആരോടാണ്?

നേരത്തെ തന്നെ വേണ്ടപോലെ വ്യവഹാരങ്ങൾ നടത്താതിരുന്നതിന്റെ ദൗർബല്യമാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്ന് ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദൻ വിശദീകരിക്കുന്നു. ഇനി സർക്കാരിന്റെ മുമ്പിലുള്ള ഒരു പോംവഴി പൊതുതാൽപര്യം പ്രമാണിച്ച് നിയമനിർമാണം നടത്തി ഈ ഭൂമിയെല്ലാം സർക്കാരിലേക്ക് കൂട്ടുക, പാരിസ്ഥിതികമായി ദുർബലമായ ഇത്തരം മേഖലകളിൽ, ഗാഡ്ഗിൽ റിപ്പോർട്ടിന്റെയെല്ലാം പശ്ചാത്തലത്തിൽ എസ്റ്റേറ്റുകൾ ആവശ്യമില്ലെന്ന നയം രൂപീകരിക്കപ്പെടണം. ഭൂമി വീണ്ടെടുത്ത് പ്രളയത്തിലകപ്പെട്ടും അല്ലാതെയും ഭൂമിയില്ലാതെ ജീവിക്കുന്നവർക്ക് കൈമാറാൻ തയ്യാറാകണം. കേരളത്തിന്റെ ഭൂപ്രകൃതിയെ നിലനിർത്താൻ പറ്റുന്ന രീതിയിലുള്ള ഒരു ഭൂവിനിയോഗ നയം രൂപീകരിക്കണം. വൻകിട എസ്റ്റേറ്റുകളുള്ളയിടങ്ങളിൽ പ്രകൃതിക്ക് ദോഷങ്ങളാണ് അധികം. ഉരുൾപൊട്ടലിനും മറ്റും വേറെയും കാരണങ്ങളുണ്ടെങ്കിലും ഇതും ഒരു കാരണമാണ്.

ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളമാണല്ലോ സർക്കാർ ഉദ്ദേശിക്കുന്നത്. അതല്ല, ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയില്ലാത്തവർക്ക് വിതരണം ചെയ്യുകയാണ് വേണ്ടത്. ഭൂപരിഷ്കരണാനന്തര കേരളത്തിൽ ഇടതുപക്ഷ സർക്കാരുകളുടെ സമയങ്ങളിൽ റവന്യൂ വകുപ്പ് കൈകാര്യം ചെയ്തു വന്നിരുന്ന സിപിഐക്ക് ധാർമികമായും രാഷ്ട്രീയമായും ഈ പ്രശ്നങ്ങളിലെല്ലാം ഉത്തരവാദിത്തമുണ്ട്. എങ്കിലും അതിലേക്ക് മാത്രം കാര്യങ്ങളെ ചുരുക്കുന്നത് ശരിയല്ല -ഗീതാനന്ദന്‍ പറയുന്നു.

ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ എവിടെയാണ് ഭൂമിയുള്ളതെന്ന് രാജമാണിക്യം ചൂണ്ടിക്കാണിച്ചിരിക്കുന്നു; നടപ്പാക്കാന്‍ ധൈര്യമുണ്ടോ ഇടതുസര്‍ക്കാരിന്?

ടാറ്റയ്ക്കും ഹാരിസണിനും കുടപിടിച്ച് സര്‍ക്കാര്‍; രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കുന്നു

സുശീല ആര്‍ ഭട്ടിനെ പറഞ്ഞു വിടുന്നവരോട്; നിങ്ങളുടെ കൂറ് ആരോടാണ്?

സന്ദീപ് കരിയന്‍

സന്ദീപ് കരിയന്‍

അഴിമുഖം സ്റ്റാഫ് റൈറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍