UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാഹവാഗ്ദാനം നല്‍കി ‘ബലാത്സംഗം’ ചെയ്ത കേസിലെ പ്രതിയെ കേരള ഹൈക്കോടതി വെറുതെ വിട്ടു

കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി പ്രതിയെ ഏഴ് വര്‍ഷം തടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു

27 വയസുള്ള വിദ്യാസമ്പന്നയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി ‘ബലാത്സംഗം’ ചെയ്ത കേസിലെ പ്രതിയെ കേരള ഹൈക്കോടതി വെറുതെ വിട്ടു. എഞ്ചിനീയറിംഗ് ബിരുദമുള്ള ഒരു യുവതിയെ ഒരാള്‍ക്ക് എളുപ്പത്തില്‍ നിരവധി തവണ വിവാഹവാഗ്ദാനം നടത്തി പീഡിപ്പിക്കാമെന്ന കഥ വിശ്വസനീയമല്ലെന്ന് ജസ്റ്റിസ് പി ഉബൈദ് വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരിയോ വിദ്യാഭ്യാസമില്ലാത്തതോ ആയ ഒരു സ്ത്രീയെ പോലും മൂന്നോ നാലോ തവണയില്‍ കൂടുതല്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കാന്‍ സാധ്യമല്ലെന്നും കോടതി പറഞ്ഞു.

പ്രതി യുവതിയെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തുകയും ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു എന്നാണ് കേസ്. തുടര്‍ന്ന് നിരവധി തവണ വിവാഹ വാഗ്ദാനം നല്‍കി ഇവരെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി പ്രതിയെ ഏഴ് വര്‍ഷം തടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ യുവതിയുടെ വീട്ടില്‍ വച്ചാണ് മൂന്നോ നാലോ തവണ ബന്ധപ്പെട്ടത് എന്നതും ഹൈക്കോടതി പ്രതിക്ക് അനുകൂലമായി ചൂണ്ടിക്കാട്ടി. യുവതിയുടെ പൂര്‍ണ സമ്മതമില്ലാതെ ഇത്തരം ഒരു സ്ഥിതിവിശേഷം ഉണ്ടാവില്ല. പ്രതിയും യുവതിയും തമ്മിലുള്ള ബന്ധം നിയമവിരുദ്ധവും അവിശുദ്ധവുമായിരുന്നുവെന്ന് ഇവര്‍ പരസ്പരം അയച്ച ചില ഇ-മെയിലുകള്‍ ചൂണ്ടിക്കാട്ടി കോടതി അഭിപ്രായപ്പെട്ടു. പല ഘട്ടത്തില്‍ പൂര്‍ണ സമ്മതത്തോടെയും ആഗ്രഹപ്രകാരവുമാണ് യുവതി പ്രതിയുമായി ബന്ധപ്പെട്ടതും കോടതി ചൂണ്ടിക്കാട്ടി.

ഇരുവരും തമ്മില്‍ അവര്‍ക്ക് മാത്രം അറിയാവുന്ന ചില കാരണങ്ങളാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും പ്രതി ബന്ധത്തില്‍ നിന്നും പിന്മാറുകയും ചെയ്തപ്പോഴാണ് ബലാല്‍സംഗ കുറ്റാരോപണവുമായി യുവതി രംഗത്തെത്തുന്നത്. വിചാരണ കോടതി തെറ്റായാണ് പ്രതിയെ കുറ്റവാളിയാക്കി ശിക്ഷിച്ചതെന്നും ഹൈക്കോടതി വിധിന്യായത്തില്‍ പറഞ്ഞു. വിവാഹിതനായ ഒരു പുരുഷനുമായി വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലായാല്‍ പോലും ഉഭയ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും സ്ത്രീ ഗര്‍ഭിണിയാവുകയും ചെയ്താല്‍ അത് അവിഹിതബന്ധമായി മാത്രമേ കാണാനാവൂ എന്നും ബലാല്‍സംഗമായി പരിഗണിക്കാനാവില്ലെന്നും സമാനമായ ഒരു കേസില്‍ ഡല്‍ഹി ഹൈക്കോടതി അടുത്തകാലത്ത് ഉത്തരവിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍