UPDATES

കേരളം

കോടതിവിധി മൂലം ജോലി പോവുക 3600-ലേറെ എംപാനലുകാര്‍ക്ക്; കെഎസ്ആര്‍ടിസിയും കട്ടപ്പുറത്താകും

മിനിമം വേതനത്തിലും ചെറിയ തുക ദിവസക്കൂലിയായി കൈപ്പറ്റിക്കൊണ്ട് തൊഴിലെടുക്കുന്ന എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള നടപടി മനുഷ്യത്വരഹിതവും കെഎസ്ആര്‍ടിസിക്കു വന്‍ നഷ്ടമുണ്ടാക്കുന്നതുമാണ് എന്നാണ് ജീവനക്കാര്‍ പറയുന്നത്

ശ്രീഷ്മ

ശ്രീഷ്മ

കെഎസ്ആര്‍ടിസിയില്‍ പത്തുവര്‍ഷത്തില്‍ത്താഴെ മാത്രം സര്‍വീസുള്ള എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള കോടതിവിധിക്കെതിരെ പ്രതിഷേധം പുകയുന്നു. പി എസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടുള്ള ഉത്തരവിലാണ് താത്ക്കാലിക എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് ലിസ്റ്റിലുള്ളവരെ ജോലിക്കായി പരിഗണിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരും, നൂറ്റിയിരുപതു ദിവസത്തില്‍ കുറവു മാത്രം ജോലിക്കെത്തിയിട്ടുള്ളവരുമായ ജീവനക്കാരെ ഒരാഴ്ചയ്ക്കകം പിരിച്ചുവിടാനാണ് ഉത്തരവിലെ പരാമര്‍ശം.

നൂറ്റിയിരുപതു ദിവസത്തില്‍ത്താഴെ ജോലി ചെയ്തിട്ടുള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കുമെങ്കിലും, പത്തു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍ എന്ന നിബന്ധനയനുസരിച്ച് ജോലി നഷ്ടപ്പെടുന്നവര്‍ 3600-ഓളം വരും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മിനിമം വേതനത്തിലും ചെറിയ തുക ദിവസക്കൂലിയായി കൈപ്പറ്റിക്കൊണ്ട് തൊഴിലെടുക്കുന്ന സാധാരണക്കാരായ ജീവനക്കാരെ പിരിച്ചു വിടാനുള്ള നടപടി മനുഷ്യത്വരഹിതവും കെഎസ്ആര്‍ടിസിക്കു തന്നെ വലിയ ആഘാതം സൃഷ്ടിക്കുന്നതുമാണെന്നാണ് വിലയിരുത്തല്‍.

ഏറ്റവുമൊടുവില്‍ 2007-2008 കാലഘട്ടത്തിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി എംപാനല്‍ ജീവനക്കാരെ നിയമിച്ചിട്ടുള്ളത്. ഇപ്പോള്‍ ജോലി ചെയ്യുന്നവരില്‍ ഹൈക്കോടതി വിധി പ്രകാരം പുറത്താക്കപ്പെടുന്ന 3600-ല്‍ ഏറിയപങ്കും പത്തുവര്‍ഷത്തിനടുത്ത് സര്‍വീസ് അവകാശപ്പെടാനുള്ളവരാണ്. അതായത്, ഒമ്പതു വര്‍ഷമോ അതിലധികമോ ജോലി ചെയ്തിട്ടുള്ളവരെയാണ് വിധി ബാധിക്കുക.

ഇനിയൊരു ജോലിക്ക് ശ്രമിക്കാനുള്ള പ്രായപരിധി കടന്നവരാണ് മിക്കപേരും എന്ന് എംപാനല്‍ ജീവനക്കാരനായ നിധീഷ് പറയുന്നു. “മൂവായിരത്തിനും നാലായിരത്തിനുമിടയില്‍ ജീവനക്കാരെ ബാധിക്കുന്ന വിധിയാണ്. 480 രൂപയാണ് എംപാനല്‍കാര്‍ക്ക് ഒരു ദിവസം കിട്ടുന്നത്. കൂലിപ്പണിക്ക് പോയാല്‍പ്പോലും എണ്ണൂറു രൂപ കിട്ടുന്നിടത്താണ് ഈ തുകയക്ക് ആളുകള്‍ ജോലി ചെയ്യുന്നത്. ഇരുപതു ദിവസത്തോളം ട്രെയിനിങ്ങുമെടുത്തിട്ടുണ്ട് ഞങ്ങളെല്ലാവരും. അലവന്‍സൊന്നുമില്ലാതെ തന്നെ അത്രയും ദിവസം ട്രെയിനിങ്ങിനും പോയി. ജീവനക്കാര്‍ക്കു കിട്ടുന്ന ആനുകൂല്യങ്ങളൊന്നുമില്ല. ഈ സര്‍ക്കാര്‍ അമ്പതു രൂപ കൂട്ടിയിട്ടാണ് 480 രൂപയായത്. പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്നെ ഞാന്‍ ജോലിക്കു കയറുമ്പോള്‍ അത് നൂറ്റിപ്പത്തു രൂപയായിരുന്നു.”

ഏറ്റവും താഴെക്കിടയിലുള്ളവരാണ് എംപാനല്‍ ജീവനക്കാരായി എത്തുന്നതെന്നും, ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും അങ്ങേയറ്റം ആശങ്കയിലാണെന്നും കൂടി നിധീഷ് പറഞ്ഞുവയ്ക്കുന്നുണ്ട്. പലരും കുടുംബത്തിന്റെ ഏക അത്താണികളാണ്. അതേസമയം, ജീവനക്കാരുടെ വ്യക്തിജീവിതത്തെ മാത്രമല്ല, കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെയാകെ പ്രതികൂലമായി ബാധിക്കാന്‍ പോകുന്ന നീക്കമാണിതെന്ന് മറ്റു ജീവനക്കാരും വിശദീകരിക്കുന്നു.

കെഎസ്ആര്‍ടിസി ജീവനക്കാരനും ബി.എം.എസ് നേതാവുമായ രമേശ് പറയുന്നതിങ്ങനെ:  “3600-ഓളം പേരെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നതെങ്കിലും ബാധിക്കപ്പെടുന്നവരുടെ എണ്ണം കണക്കുകള്‍ പ്രകാരം അതിലും കൂടാനേ വഴിയുള്ളൂ. ഒരു കാരണവശാലും പ്രായോഗികമല്ലാത്ത കാര്യമാണ് ഇപ്പോള്‍ നടപ്പാക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. ഇത്രയും പേര്‍ ഉടനെ പുറത്തുപോകുന്നത് കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെത്തന്നെ ബാധിക്കും. കണ്ടക്ടര്‍മാരാണ് ഇവരില്‍ കൂടുതലെങ്കിലും, എല്ലാ മേഖലയിലും ഇതിന്റെ പ്രശ്‌നങ്ങള്‍ വരും. അത്ര പെട്ടന്ന് പ്രായോഗികമായി നടപ്പില്‍ വരുത്താവുന്ന നീക്കമല്ല ഇതെന്ന് എം.ഡി തന്നെ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്നതിനെക്കുറിച്ച് കോടതി വ്യക്തമായി ചോദിച്ചിട്ടുമില്ല.”

അഡ്വൈസ് ലഭിച്ച് കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ തഴയാനാവില്ല. അതേസമയം എംപാനല്‍ ജീവനക്കാരെ ഒറ്റയടിക്ക് പറഞ്ഞയയ്ക്കാനും സാധിക്കില്ല. അതുകൊണ്ടു തന്നെ, ഏറ്റവും ചുരുങ്ങിയത് അല്പം സാവകാശമെങ്കിലും ഇക്കാര്യത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് എറണാകുളത്ത് ഡ്രൈവറായ രമേശ് പങ്കുവയ്ക്കുന്നത്. വിഷയത്തില്‍ ഉടനടി നടപടിയെടുക്കുന്നത് പ്രായോഗികമല്ലെന്ന നിലപാട് കെ.എസ്.ആര്‍.ടി എം.ഡി ടോമിന്‍ തച്ചങ്കരി എടുത്തിട്ടുണ്ട് എന്നത് വലിയ ആശ്വാസമാണ് ജീവനക്കാര്‍ക്കു നല്‍കുന്നത്.

“പെട്ടന്നൊന്നും പിരിച്ചുവിടാനാകില്ല എന്ന് എം.ഡി പറഞ്ഞത് പ്രതീക്ഷയാണ്. പി.എസ്.സി ലിസ്റ്റിലുള്ള നാലായിരത്തഞ്ഞൂറു പേര്‍ക്ക് ട്രെയിനിങ്ങൊക്കെ കൊടുത്തു വരുമ്പോഴേക്കും ജോലിക്ക് ആളില്ലാതെ കെഎസ്ആര്‍ടിസി പ്രതിസന്ധിയിലാകും. ഓപ്പറേറ്റിംഗുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളുണ്ടാകും. ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് എം.ഡി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. പത്തുവര്‍ഷത്തിനടുത്ത് ജോലി ചെയ്തിട്ടുള്ളവരാണ് അധികവും. ചില്ലറ ദിവസങ്ങള്‍ക്കു വേണ്ടി മാത്രം നില്‍ക്കുന്നവരെ പിരിച്ചുവിടുന്നതില്‍ എന്തു ന്യായമാണുള്ളത്. അവര്‍ക്കും കുടുംബങ്ങളുള്ളതാണ്. പി.എസ്.സി തെരഞ്ഞെടുത്തവര്‍ക്ക് ജോലി കൊടുക്കണം. അതു പക്ഷേ, ഇവരെ മാറ്റിനിര്‍ത്തിക്കൊണ്ടാകരുത്. പെട്ടന്നു ചെയ്യാന്‍ പറ്റുന്ന ഒരു ജോലിയല്ല ഇതെന്നും, പരിശീലനം ആവശ്യമാണെന്നും മനസ്സിലാക്കി സര്‍ക്കാരിന് കോടതി കൂടുതല്‍ സമയമനുവദിക്കണം”, കണ്ടക്ടറായി ജോലി നോക്കുന്ന മോഹനന്‍ പറയുന്നു.

ഇരുകൂട്ടരെയും പരിഗണിച്ചുകൊണ്ടുള്ള തീരുമാനമാണ് ഇക്കാര്യത്തില്‍ എടുക്കേണ്ടതെന്നും, എംപാനല്‍കാരെ തഴയുന്നത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ വിശ്വാസ്യതയെത്തന്നെ തകര്‍ക്കുമെന്നുമാണ് സിഐടിയു സെക്രട്ടറി കെ.കെ ദിവാകരന്റെ പക്ഷം. “പി.എസ്.സിക്കാരെ അഅഡ്വൈസ് ചെയ്തിട്ട് വിളിക്കാതിരുന്നത് തെറ്റായ നിലപാടു തന്നെയാണ്. പക്ഷേ അതിനായി നിരവധി വര്‍ഷത്തെ സര്‍വീസുള്ള എംപാനല്‍ ജീവനക്കാരെ മാറ്റി നിര്‍ത്തരുത്. മിനിമം കൂലി ഏറ്റവും ചുരുങ്ങിയത് അറുന്നൂറ്റമ്പത് കൊടുക്കുന്നിടത്ത് നാന്നൂറും നാന്നൂറ്റമ്പതും വാങ്ങി ജോലി ചെയ്തവരെയാണ് നഷ്ടപരിഹാരം പോലും നല്‍കാതെ പിരിച്ചുവിടാന്‍ നോക്കുന്നത്. മനുഷ്യത്വരഹിതമാണത്. ഇതിനു മുന്‍പുണ്ടായിരുന്ന എംപാനല്‍ ജിവനക്കാരെ രണ്ടു തവണ സ്ഥിരപ്പെടുത്തിയിട്ടുള്ളതാണ്. എന്നിട്ടും ഇത്തവണ ഇങ്ങനെ സംഭവിക്കുന്നത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെതിരെയുള്ള വലിയ ഭീഷണിയാണ്. സര്‍ക്കാര്‍ ഇതില്‍ ഇടപെടുക തന്നെ വേണം.

കോര്‍പ്പറേഷന്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ് എന്നതാണ് അടുത്ത പ്രശ്‌നം. അങ്ങിനെയാണെങ്കില്‍ ഇപ്പോള്‍ ജോലിയിലുള്ളവര്‍ കൂടി പുറത്തു പോകേണ്ടി വരും. ഇപ്പോള്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍, സ്ഥാപനത്തെ വികസിപ്പിക്കുക മാത്രമേ ഒരു പോംവഴിയുള്ളൂ. കൂടുതല്‍ മേഖലകളിലേക്ക് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം. മാത്രമല്ല, യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധമില്ലാത്ത കുറേ ആശയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമവും ഉപേക്ഷിക്കണം. ഇത്രയേറെ ധനസഹായം സര്‍ക്കാര്‍ ചെയ്തിട്ടും അതിന്റെ പ്രതിഫലനം കാണാനില്ല. തൊഴിലാളികള്‍ അസംതൃപ്തരാണ്. അവരെ ആരും ഒരു ഘടകമായിപ്പോലും കാണുന്നില്ല. തൊഴിലാളികളെ അധഃകൃതരും അടിമകളുമായി കാണുന്ന മാനേജ്‌മെന്റിന്റെ നടപടി തിരുത്തണം. സ്ഥാപനത്തെത്തന്നെ നിലനിര്‍ത്തിയിരുന്ന പ്രധാന ഘടകമാണ് എംപാനലുകാര്‍. അസംതൃപ്തരായ തൊഴിലാളികളെ കൂടുതല്‍ അസംതൃപ്തരാക്കാനേ ഈ ഉത്തരവ് ഉപകരിക്കുകയുള്ളൂ.”

കോര്‍പ്പറേഷന്‍ കൂടുതല്‍ സര്‍വീസുകളാരംഭിച്ചു വേണം ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ എന്നുതന്നെയാണ് ഐഎന്‍ടിയുസി യൂണിറ്റ് സെ്ക്രട്ടറി ജിന്‍സിനും പറയാനുള്ളത്. “ജീവിതത്തിന്റെ നല്ലൊരു ഭാഗം ഈ തൊഴിലില്‍ കഴിച്ചു കൂട്ടിയവരാണ് എംപാനല്‍ ജീവനക്കാര്‍. അതുപോലെ പി.എസ്.സി ലിസ്റ്റിലുള്ളവരെയും മാറ്റിനിര്‍ത്താന്‍ പറ്റില്ല. സര്‍വീസുകള്‍ കൂട്ടുക എന്നതാണ് ചെയ്യാവുന്ന ഒരു കാര്യം. പെര്‍മനെന്റുകാര്‍ ലീവില്‍ പോകുമ്പോഴാണ് എംപാനലുകാര്‍ ജോലി ചെയ്യുന്നത്. അവര്‍ക്ക് ജോലി അപ്പോള്‍ മാത്രമേ കിട്ടുള്ളൂ. ആകെ ബസ് സര്‍വീസുകളുടെ പതിമൂന്നു ശതമാനം എന്ന നിലയില്‍ നിന്നും ഇരുപത്തിയേഴു ശതമാനം എന്ന അവസ്ഥയിലേക്ക് കെഎസ്ആര്‍ടിസി ഇപ്പോള്‍ എത്തിയിട്ടുണ്ട്. അത് ഇനിയും വര്‍ദ്ധിപ്പിച്ച് മുന്നോട്ടു വരേണ്ടതുണ്ട്.”

നിലവിലെ പ്രശ്‌നത്തെക്കുറിച്ചുള്ള ഉത്കണ്ഠ പങ്കുവയ്ക്കുന്നതിനിടെ, വരാനിരിക്കുന്ന മറ്റൊരു പ്രതിസന്ധിയെക്കുറിച്ചും രമേശ് സൂചിപ്പിക്കുന്നു. “ഇതു കൂടാതെ, സ്ഥിരപ്പെടുത്തിയ മൂവായിരത്തോളം പേര്‍ക്ക് ഇനി വേറൊരു പണി വരാനുണ്ട്. 2011-ല്‍ സ്ഥിരപ്പെടുത്തിയ ആളുകളെയും പറഞ്ഞുവിടാനുള്ള തീരുമാനം സുപ്രീം കോടതി വഴി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അവിടെയും ഉദ്യോഗാര്‍ത്ഥികള്‍ കേസിനു പോയതു തന്നെയാണ് പ്രശ്‌നം. അതില്‍പ്പെടാന്‍ പോകുന്നവരില്‍ 1700- അധികം കണ്ടക്ടര്‍മാരും, കുറച്ച് ഡ്രൈവര്‍മാരും, മെക്കാനിക്കുകളുമെല്ലാമുണ്ട്. അതിനെതിരെ കേസിനു പോകാനുള്ള പ്രാരംഭ നടപടികള്‍ നടക്കുകയാണ്.”

എംപാനല്‍ ജീവനക്കാരെ പരിഗണിക്കണമെന്ന് ഐകകണ്‌ഠേന ആവശ്യപ്പെടുമ്പോഴും, പി.എസ്.സി ലിസ്റ്റില്‍ പേരുള്ള ഉദ്യോഗാര്‍ത്ഥികളെ ജീവനക്കാര്‍ പോലും തള്ളിപ്പറയുന്നില്ല. ഒമ്പതിനായിരം പേരുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും അയ്യായിരത്തോളം പേര്‍ക്ക് നിയമനമായിരുന്നു. ബാക്കിയുള്ളവരെ പരിഗണിക്കുന്നതിലുള്ള അനിശ്ചിതത്വത്തെത്തുടര്‍ന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ പി.എസ്.സിയും കക്ഷി ചേര്‍ന്നിട്ടുണ്ട്.

സ്ഥിരജോലിക്കാര്‍ 26 ദിവസം ജോലി ചെയ്താല്‍ മതിയെങ്കില്‍, എംപാനല്‍കാര്‍ മാസത്തില്‍ മുപ്പതു ദിവസവും ജോലിക്കെത്തുന്നവരാണ്. വേതനം കുറവായതിനാല്‍ എല്ലാ ദിവസവും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവരാണിവര്‍. കാലങ്ങളായി എംപാനല്‍ ജീവനക്കാരായി ജോലി നോക്കുന്നവരെ മാനുഷിക പരിഗണന കണക്കിലെടുത്ത് നേരത്തേ കോര്‍പ്പറേഷന്‍ സ്ഥിരപ്പെടുത്തിയിരുന്നു. തങ്ങളെയും കാലക്രമേണ സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ മുന്നോട്ടുപോയിരുന്നവര്‍ക്കാണ് ഓര്‍ക്കാപ്പുറത്ത് ഹൈക്കോടതിയുടെ പ്രഹരമേറ്റിരിക്കുന്നത്. ഇത്രയേറെ ജീവനക്കാരെ ഒറ്റയടിക്ക് ബാധിക്കുന്ന വിഷയമായതിനാല്‍ കോടതി വിധി പുനഃപരിശോധിക്കാന്‍ തയ്യാറാകുമെന്നു തന്നെയാണ് ഇവരുടെ വിശ്വാസം.

തങ്കമ്മയില്‍ അവസാനിക്കുമോ ഇത്? കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യത; ആത്മഹത്യ ചെയ്തത് 32 പേര്‍

10,000 കോടിയിലേറെ ആസ്തി, 3000 കോടി ബാധ്യത; പലിശ കൊടുത്ത് മുടിയുന്ന കെഎസ്ആര്‍ടിസി

സര്‍ക്കാരേ, പെന്‍ഷന്‍ കാശ് കിട്ടീട്ട് സുഖിക്കാനല്ല, ജീവിക്കാനാണ്; ഈ കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാര്‍ എന്തു ചെയ്യണം?

തച്ചങ്കരിയുമായി പ്രശ്നങ്ങളില്ല; എല്ലാ കുറ്റങ്ങളും തൊഴിലാളിയുടെ തലയില്‍ വയ്ക്കാന്‍ പറ്റില്ല; ആനത്തലവട്ടം ആനന്ദന്‍/അഭിമുഖം

“അച്ഛാ.. എനിക്ക് പുതിയ ബാഗും ഉടുപ്പും വേണ്ട”; ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മകള്‍ക്ക് പറയാനുള്ളത്

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍