UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു; മുന്‍പ് മരിച്ചത് 13 പേര്‍

2015-ല്‍ ഈ അസുഖം ബാധിച്ച 113 പേരില്‍ 13 പേര്‍ മരിച്ചിരുന്നു

ദീഷ്‌ണ സി.

ദീഷ്‌ണ സി.

വയനാട്ടിൽ വീണ്ടും കുരങ്ങുപനിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് ജില്ലാ ആരോഗ്യവകുപ്പ്. കുരങ്ങിൽ നിന്നും മനുഷ്യരിലേക്കും വളർത്തുമൃഗങ്ങളിലേക്കും പകരുന്ന രോഗത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം അടിയന്തിര കണ്‍ട്രോള്‍ സെൽ രൂപീകരിച്ചു. മുൻവർഷങ്ങളിൽ 113 പേർ ചികിത്സ തേടിയ രോഗം ബാധിച്ച് ഇതുവരെ 13 പേർ മരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 1957ല്‍ കര്‍ണ്ണാടകയിലെ ഷിമോഗ ജില്ലയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്.

കുരങ്ങിന്റെ ശരീരത്തിൽ കാണപ്പെടുന്ന ചെള്ളിൽ അടങ്ങിയിരിക്കുന്ന ക്യാസനർ ഫോറസ്റ്റ് ഡിസീസ് (കെ എഫ് ഡി) വൈറസാണ് കുരങ്ങുപനിക്ക് കാരണമാകുന്നത്. കുരങ്ങുകളിൽ പനിക്ക് സമാനമായി ആരംഭിക്കുന്ന രോഗം ക്രമേണ മരണത്തിനും, മനുഷ്യരിലേക്കും വളർത്തു മൃഗങ്ങളിലേക്കും പകരുന്നതിനും കാരണമാകുന്നു. വൈറസ് അടങ്ങിയിരിക്കുന്ന ചെള്ള് കടിക്കുന്ന മനുഷ്യരിൽ രോഗം പിടിപെടുമെങ്കിലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരിലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

ദിവസങ്ങൾക്ക് മുൻപ് ബത്തേരിയിൽ ചത്ത നിലയിൽ കാണപ്പെട്ട കുരങ്ങിൽ നിന്നും ശേഖരിച്ച സാമ്പിൾ, വൈറോളജി ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വയനാട്ടിലെ കുരങ്ങുപനിയുടെ സാന്നിധ്യം തിരിച്ചറിയാനായത്. വനപ്രദേശങ്ങളിൽ രോഗസാധ്യത കൂടുതലുള്ളതിനാൽ വനാതിർത്തിയിലോ കൃഷിയിടങ്ങളിലോ ചത്തതോ അവശനിലയിലോ കാണപ്പെടുന്ന കുരങ്ങുകളെ സംബന്ധിച്ച വിവരങ്ങൾ കണ്‍ട്രോള്‍ സെല്ലിൽ ഉടൻ തന്നെ അറിയിക്കണമെന്ന നിർദേശം ആദിവാസികൾക്കിടയിലും വനപ്രദേശത്തോട് ചേർന്നുള്ള മറ്റു ജനങ്ങളിലും എത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുൻവർഷങ്ങളിൽ രോഗബാധ്യത കൂടുതൽ കണ്ടെത്തിയതിനാൽ പൂതാടി, സുൽത്താൻ ബത്തേരി, നൂൽപ്പുഴ, പുൽപ്പള്ളി, മുള്ളംകൊല്ലി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ആരോഗ്യവകുപ്പിന്റെ കർശന നിർദേശങ്ങളും പരിശോധനകളും പ്രധാനമായും നടത്തുന്നത്.

കുരങ്ങു പനി; വയനാട്ടിലെ ആദിവാസി കോളനികളില്‍ നിന്നും ഭീതിയൊഴിയുന്നില്ല

കുരങ്ങിന് സമാനമായി മനുഷ്യരിലും പനിയിൽ തുടങ്ങുന്ന രോഗം രണ്ടോ മൂന്നോ ആഴ്ചയ്ക്ക് ശേഷമാണ് ഗുരുതരാവസ്ഥയിലെത്തുന്നത്. പനിയുടെ ആദ്യഘട്ടങ്ങളിൽ രോഗസ്ഥിരീകരണം സാധ്യമായാൽ ഫലപ്രദമായ വാക്സിനേഷൻ ലഭ്യമാണെങ്കിലും, രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാൻ കാരണമാകുന്നു. ഈ വർഷം മനുഷ്യരിൽ കുരങ്ങുപനി കണ്ടെത്തിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വൈറസ് പെരുകുന്നത് എന്നത് കൊണ്ട് ഈ വർഷം രോഗം പിടിപെടുന്നവരുടെ എണ്ണം ഉയർന്നേക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു (ക്രമാതീതമായി വൈറസ് പെരുകിയത് മൂന്ന് വർഷങ്ങൾക്ക് മുൻപാണ്). ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം രൂപീകൃതമായ സെല്ലിനും ആരോഗ്യവകുപ്പിനുമൊപ്പം, ഗ്രാമപഞ്ചായത്തുകളുടെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്ത പ്രതിരോധ പ്രവർത്തനം സമഗ്രമായി ആരംഭിച്ചതായി ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.

“ഫോറസ്റ്റ് ഏരിയകളിൽ രോഗസാധ്യത കൂടുതലുണ്ട് എന്നതിനാൽ കാടുകളിൽ പ്രവേശിക്കരുതെന്നും ചത്ത കുരങ്ങുകളെ സംബന്ധിച്ച പെട്ടന്നുള്ള വിവരങ്ങൾ സെല്ലിൽ കൈമാറണമെന്നും ആദിവാസികൾക്കും വനപ്രദേശങ്ങളിലുള്ള മറ്റു ജനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. രോഗപ്രതിരോധ നടപടി കണക്കിലെടുത്ത് രൂപീകരിച്ച പ്രത്യേക കണ്‍ട്രോള്‍ സെൽ വാക്സിനേഷനും അവബോധ ക്ലാസ്സുകളും ട്രൈബൽ ഏരിയകളിൽ ആരംഭിച്ചു കഴിഞ്ഞു. ആരോഗ്യവകുപ്പിന്റെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ തൊട്ടടുത്ത ദിവസം തന്നെ മുൻവർഷങ്ങളിൽ രോഗം സ്ഥിരീകരിച്ച ഏരിയകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. അതീവ ഗൗരവമേറിയ രോഗത്തെ സംബന്ധിച്ച് മാധ്യമങ്ങൾ വഴി ജനങ്ങളെ ബോധവാന്മാരാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും“, ജില്ലാ കളക്ടർ എസ്. സുഹാസ് പ്രതികരിക്കുന്നു.

രോഗ ലക്ഷണങ്ങൾ

• വിറയലോട് കൂടിയുള്ള പനി, തലവേദന, വയറിളക്കം, ഛർദ്ദി, കഴുത്ത് വേദന, കണ്ണിന് ചുവപ്പു നിറം, മൂക്കിൽ നിന്ന് രക്ത സ്രാവം.

• രോഗികളിൽ ശ്വേത രക്താണുക്കൾ, അരുണ രക്താണുക്കൾ, പ്ലേറ്റ്ലറ്റുകൾ എന്നിവയുടെ അളവ് കുറയുന്നു.

• ചിലരിൽ ഒന്നോ രണ്ടോ ആഴ്ച്ചക്കുള്ളിൽ രോഗം മാറാനും മറ്റു ചിലരിൽ വീണ്ടും പനിയുണ്ടായി ആന്തരാവയവങ്ങളെ ബാധിച്ച് മരണം സംഭവിക്കാനും ഇടയുണ്ട്.

• രക്ത പരിശോധനയിലൂടെ മാത്രം രോഗ സ്ഥിരീകരണം നടത്തുന്ന, 3-13 ശതമാനം വരെ മരണ നിരക്കുള്ള ഒരു രോഗമാണ് കുരങ്ങുപനി.

പ്രതിരോധ മാർഗങ്ങൾ

• രോഗം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ മനുഷ്യരുടെയും വളർത്തു മൃഗങ്ങളുടെയും വനത്തിലേക്കുള്ള പ്രവേശനം പൂർണമായും ഒഴിവാക്കുക.

• അനിവാര്യ സന്ദർഭങ്ങളിൽ വനത്തിൽ പോകേണ്ടി വരുന്നവർ നിർബന്ധമായും ചെള്ളിനെ അകറ്റാനുള്ള ലേപനങ്ങൾ (DEET മുതലായ ക്രീമുകൾ) ഉപയോഗിക്കുക.

• ദേഹം മുഴുവൻ മൂടുന്ന രീതിയിലുള്ള വസ്ത്രം ധരിക്കുക, കാലുകളിൽ ഗംബൂട്ട് ധരിക്കുക.

• വനത്തിൽ പോയി വരുമ്പോൾ ശരീരവും വസ്ത്രവും പരിശോധിച്ച് ചെള്ളില്ലെന്ന് ഉറപ്പുവരുത്തുക. ചൂടുവെള്ളവും കാർബോളിക് സോപ്പും ഉപയോഗിച്ച് കുളിക്കുകയും വസ്ത്രങ്ങൾ അലക്കുകയും ചെയ്യുക.

• കുരങ്ങുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക.

• അവശ നിലയിലുള്ളതോ, ചത്തതോ ആയ കുരങ്ങുകൾ ശ്രദ്ധയിൽപ്പെട്ടാൽ വനംവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ്, KFD കണ്‍ട്രോള്‍ സെൽ (No.1077) എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അറിയിക്കുക.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍