UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പകര്‍ച്ചവ്യാധികള്‍ ഒരു പാരിസ്ഥിതിക പ്രശ്നമാണ്- ഡോ. ബി ഇക്ബാല്‍ പറയുന്നു

Avatar

മനുഷ്യരിലും പക്ഷി-മൃഗാദികളിലും ബാധിക്കുന്ന പകര്‍ച്ച വ്യാധികള്‍ കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വലിയ ആശങ്ക പടര്‍ത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. അടുത്തകാലത്തായി മനുഷ്യരില്‍ ബാധിച്ച പല അസുഖങ്ങളും, പക്ഷിപ്പനിയും കുരങ്ങു പനിയുമെല്ലാം നാട്ടില്‍ വല്ലാത്ത പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. എല്ലാവരും ഈ സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാന്‍ ആരോഗ്യവകുപ്പിന് കഴിയാതെ പോയി എന്നാണ് കുറ്റപ്പെടുത്തുന്നത്. യഥാര്‍ത്ഥത്തില്‍ ആരോഗ്യവകുപ്പാണോ കുറ്റക്കാര്‍? പകര്‍ച്ചവ്യാധികളെ പാരിസ്ഥിതിക പ്രശ്‌നമായി കണ്ട് പരിശോധിച്ചാല്‍ കുറ്റക്കാര്‍ തത്വത്തില്‍ നമ്മളോരുത്തരും തന്നെയായി മാറുമെന്നാണ് ഡോ.ബി ഇക്ബാല്‍ പറയുന്നത്. 

പറഞ്ഞു പരത്തുന്ന തരത്തില്‍ ഭയാനകമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും കേരളത്തില്‍ നിലനില്‍ക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. രോഗങ്ങള്‍ എല്ലാക്കാലത്തും വന്നുപോയിക്കൊണ്ടിരിക്കുന്നു, പ്രത്യേകിച്ച് പകര്‍ച്ച വ്യാധികള്‍. എങ്കില്‍ തന്നെ കഴിഞ്ഞ പത്തുവര്‍ഷമെടുത്താല്‍ പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരാനും കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയ്ക്ക് കാര്യക്ഷമമായി തന്നെ ഇവയെ തടയാനും നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഇന്നും നമ്മുക്കിടയില്‍ പകര്‍ച്ചവ്യാധികളടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഭയം സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അതിനെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുത്തിയല്ല കാണേണ്ടത്, പാരിസ്ഥിതിക പ്രശ്‌നമായാണ്.

മാലിന്യം തന്നെയാണ് എല്ലാത്തിനും കാരണം. മാലിന്യവിമുക്തമല്ലാത്തൊരു സമൂഹത്തില്‍ നിന്ന് രോഗങ്ങള്‍ ഒഴിയില്ല. നിസ്സംശയം പറയാം, ഇന്നത്തെ ബഹുഭൂരിപക്ഷം പ്രശ്‌നങ്ങള്‍ക്കും ഭീഷണി ഉയരുന്നത് പരിസ്ഥിതിയില്‍ നിന്നു തന്നെയാണ്. നീക്കം ചെയ്യാതെ കെട്ടികിടക്കുന്ന മാലിന്യങ്ങളാണ് എവിടെയും കാണുന്നത്. ഈ പാരിസ്ഥിതിക പ്രശ്‌നത്തിന് പരിഹാരം കാണാനും നമ്മള്‍ പരാജയപ്പെടുന്നു. ഇത്തരമൊരു അവസ്ഥ നിലനില്‍ക്കെ ആരോഗ്യവകുപ്പിന്റെ അനാസ്ഥയെന്നു മുദ്രാവാക്യം വിളിക്കുന്നതില്‍ എന്തു യുക്തി? അടിസ്ഥാന പ്രശ്‌നത്തിന് പരിഹാരം കാണാതെ പരാജയപ്പെട്ടു നില്‍ക്കുന്ന തദ്ദേശഭരണ സംവിധാനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം ഉയര്‍ത്തേണ്ടത്. മാലിന്യനിര്‍മാര്‍ജനത്തില്‍ ഇവര്‍ തീര്‍ത്തും നിറംകെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കാര്യക്ഷമമായ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ എത്ര സ്ഥലത്ത് നടക്കുന്നുണ്ട്? ഉള്ളയിടങ്ങളില്‍ തന്നെ അതിനെ ചുറ്റി രാഷ്ട്രീയമുള്‍പ്പെടെയുള്ള വിവാദങ്ങള്‍ ഉയരുന്നു. സ്വയം നന്നാക്കാനും മറ്റുള്ളവരെ കൊണ്ടു നന്നാക്കിക്കാനും തയ്യാറാകാത്ത ചിന്താഗതി നാടിനെ പിന്നോട്ടടിക്കാനെ ഉതകൂ.

ബെസ്റ്റ് ഓഫ് അഴിമുഖം 

നാം സൂക്ഷിക്കണം; ലോക ഹൃദയ ദിനത്തില്‍ മലയാളി ഓര്‍മ്മിക്കേണ്ടത്
ഫ്‌ളക്‌സ് നിരോധനം: അത്ര ലഘുവല്ല കാര്യങ്ങള്‍
ഒരു വാട്ട്‌സ് ആപ്പ് ക്രൈം
‘രണ്ടാം എന്‍ഡോസള്‍ഫാ’നിലേക്ക് ഒരു നാട് മുങ്ങുന്ന വിധം
മനസ് നിറയും (വയറും) ഈ നിറവിനെയറിഞ്ഞാല്‍

ജലമാലിന്യം, വായു മാലിന്യം, ഭൂമി മാലിന്യം എന്നിവയില്‍ നിന്ന് നിരന്തരം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയായി നാം തീര്‍ന്നിരിക്കുകയാണ്. ഉപഭോക്തൃ സംസ്‌കാരത്തിന്റെ ഉത്പന്നം തന്നെയാണ് ഈ സാഹചര്യമെന്നതും മറക്കരുത്. മലയാളികളുടെ അന്ധമായ ഉപഭോഗാസക്തി തന്നെയാണ് ഒരു കാരണം. കണ്ണില്‍ കാണുന്നതെല്ലാം വാങ്ങിച്ചു കൂട്ടാന്‍ മത്സരിക്കുകയാണ്. എല്ലാം തനിക്ക് നല്ലതാണെന്നാണ് വിചാരം, ഒന്നിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ച് ചിന്തിക്കില്ല. എന്തൊക്കെ വീട്ടില്‍ കൊണ്ടുവരണം എന്നുപോലും ചിന്തിക്കില്ല. കുപ്പിയിലും കവറിലുമെല്ലാം കിട്ടുന്നത് വാങ്ങി വീട്ടില്‍ കൊണ്ടുവരുന്നു, ഇവയുടെ മാലിന്യങ്ങള്‍ (പ്ലാസ്റ്റിക് ഉള്‍പ്പെടെ) കൃത്യമായി നിര്‍മാര്‍ജനം ചെയ്യാതെ എവിടെയെങ്കിലുമൊക്കെ എറിഞ്ഞു കളയുന്നു. ഒരു തുണിക്കടയില്‍ കയറി തനിക്ക് വേണ്ട വസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ കാണിക്കുന്ന ജാഗ്രത ആ വസ്ത്രം പായ്ക്ക് ചെയ്തു തരുന്ന കവര്‍ എന്തു ചെയ്യണം എന്ന കാര്യത്തില്‍ ഒരാളും കാണിക്കുന്നില്ല. വീട്ടിലെവിടെയെങ്കിലും വയ്ക്കും പിന്നെയെടുത്ത് പറമ്പിലോ റോഡുവക്കിലോ കളയും. അതവിടെ നശിക്കാതെ കിടന്ന് പരിസ്ഥിതിക്കു ദോഷകരമായി തീരും. ഈ അജ്ഞത അല്ലെങ്കില്‍ അവഗണന തന്നെയാണ് പിന്നീടൊരിക്കല്‍ രോഗമായി നമ്മളെ പിടികൂടുന്നതും. ഷോപ്പിംഗിനു പോവുന്ന ഒരാള്‍ ഓരോ കടയില്‍ കയറി സാധനം വാങ്ങുമ്പോഴും അവയൊരോന്നും ഓരോ കവറിലാക്കി വാങ്ങുകയാണ്, അഞ്ച് സാധനങ്ങള്‍ വാങ്ങിയാല്‍ അഞ്ചു കവര്‍ നമുക്ക് വേണം, ഇതൊരു സ്റ്റാറ്റസ് കാണിക്കല്‍ കൂടിയാണ്, ഞാനിതാ ഇത്രയും സാധനങ്ങള്‍ വാങ്ങി എന്നു മുന്നില്‍ വരുന്നവനെ ബോധ്യപ്പെടുത്തണമല്ലോ. എന്നാല്‍ ഈ സാധനങ്ങളെല്ലാം കൂടി ഒറ്റ കവറില്‍ വാങ്ങിയിരുന്നെങ്കില്‍ അത്രയും മാലിന്യം നാട്ടില്‍ കുറയില്ലായിരുന്നോ. മാലിന്യങ്ങള്‍ കുന്നുകൂടുമ്പോള്‍ കൊതുകുകളും പെരുകുന്നു. കേരളത്തില്‍ ഇപ്പോഴും കൊതുകുകള്‍ നിലനില്‍ക്കുന്നണ്ടെന്നത് മറക്കരുത്. കൊതുകുകള്‍ വാഹകരാണ്. കൂടുതല്‍ വൈറസുകളെ അവ പരത്തിക്കൊണ്ടേയിരിക്കും.

ഈ കാരണങ്ങള്‍, ഇന്നു മനുഷ്യന്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു പാരിസ്ഥിതിക പ്രശ്നം ആണെന്നതിന് തെളിവുകളാണ്. പരിസ്ഥിതി മലിനീകരണത്തിന്റെ ഒരു ഇരയായി നമ്മുടെ ആരോഗ്യവകുപ്പും മാറുന്നുവെന്നുമാത്രം. എങ്കില്‍പ്പോലും കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കാന്‍ കഴിയുന്നുമുണ്ട്. പക്ഷിപ്പനി നിയന്ത്രണവിധേയമാക്കിയതും മനുഷ്യരിലേക്ക് പടരാതെ തടഞ്ഞു നിര്‍ത്തിയതുമെല്ലാം അഭിനന്ദനാര്‍ഹമായ നേട്ടങ്ങള്‍ തന്നെയാണ്. എന്നാല്‍പ്പോലും പിഴവുകള്‍ ഇല്ലായെന്നും പറയുന്നില്ല. പല പോരായ്മകളും കേരളത്തിന്‍െ പൊതുആരോഗ്യസംവിധാനം കൊണ്ടുനടക്കുന്നുണ്ട്. മോണിറ്ററിംഗിലും സര്‍വയലന്‍സിലുമെല്ലാം നമുക്ക് പിഴവുകള്‍ സംഭവിക്കുന്നുണ്ട്. ശുചിത്വ മിഷനും മലിനീകരണനിയന്ത്രണ ബോര്‍ഡുമടക്കം നിലവിലുള്ള വിവിധ ആരോഗ്യ-പരിസ്ഥിതി പ്രവര്‍ത്തനങ്ങളെല്ലാം തന്നെ കൂടുതല്‍ ഫങ്ഷന്‍ ചെയ്യണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സേവനം യഥാവിധം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണം. സര്‍ക്കാര്‍ മേല്‍നോട്ടം കാര്യക്ഷമമാക്കണം. ഈ കോട്ടങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നിടത്ത് അവരെ കണ്ണടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല. ആരോഗ്യവകുപ്പിനെ ടാര്‍ഗറ്റ് ചെയ്യുന്നവര്‍ അതിലും വലിയ പരിസ്ഥിതിദോഷത്തെ കാണാതെ പോകരുത്.

ജനങ്ങള്‍ കൂടതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടിയിരിക്കുന്നു. വ്യക്തിതലത്തില്‍ തന്നെ ഒരു ശുചിത്വസംസ്‌കാരം ഉടലെടുക്കണം. അവനവന്‍ നന്നായാല്‍ അത് സമൂഹം നന്നാകുന്നതിന് തുല്യമാണ്. മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കണം. മാലിന്യങ്ങളാകുന്ന വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുക, വീടും പരിസരവും സമൂഹവും ശുചിയായി സൂക്ഷിക്കുക തുടങ്ങി നമ്മുടെ ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ത്ഥമായി ചെയ്യുകയാണെങ്കില്‍ രോഗങ്ങളുടെ ഭീതിയില്‍ നിന്നും നമുക്ക് രക്ഷപ്പെടാം. ശുചിത്വ കേരളം സുന്ദരകേരളം എന്നു വിളിച്ചു പറഞ്ഞാല്‍ പോര, അത് പ്രാവര്‍ത്തികമാക്കുക തന്നെ വേണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍