UPDATES

ട്രെന്‍ഡിങ്ങ്

കൊടും ചൂട്, ഉഷ്ണതരംഗം; മാര്‍ച്ച് 10,12,13 തീയതികളെ പേടിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ്; ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇങ്ങനെ

വിവിധ വകുപ്പുകള്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദ്ദേശവും ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ചു

ചുട്ടുപൊള്ളി വടക്കന്‍ കേരളം. കോഴിക്കോട്, പാലക്കാട് മലപ്പുറം ജില്ലകളില്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നു. എന്നാല്‍ ഇന്ന് അനുഭവപ്പെടുന്നതിലും ഭീതിദമായ അവസ്ഥ ഇനി വരാനിരിക്കുന്നു എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ദുരന്തനിവാരണ വകുപ്പ്. ഇപ്പോള്‍ വടക്കന്‍ കേരളത്തെ ബാധിച്ചിരിക്കുന്ന ഉഷ്ണതരംഗം അധികം വൈകാതെ മറ്റ് ജില്ലകളിലേക്കും എത്തുമെന്നാണ് ദുരന്തനിവാരണ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഈ മാസം 10, 12,13 തീയതികളില്‍ സംസ്ഥാനത്തൊട്ടാകെ ഉയര്‍ന്ന താപനില അനുഭവപ്പെടാനിടയുണ്ടെന്ന് ദുരന്തനിവാരണ വകുപ്പ് ഡയറക്ടര്‍ ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. വരും ദിവസങ്ങളില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കാനുള്ള സാധ്യതയും ദുരന്തനിവാരണ കേന്ദ്രം മുന്നോട്ട് വക്കുന്നു.

ചൂട് നാല്‍പ്പത് ഡിഗ്രിയില്‍ കൂടുക എന്നത് കേരളത്തില്‍ അപൂര്‍വ്വമാണ്. തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലെ ജനങ്ങളോട് അതീവജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദുരന്തനിവാരണ കേന്ദ്രം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

– പൊതുജനങ്ങള്‍ 11 am മുതല്‍ 3 pm വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
– നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക
– രോഗങ്ങള്‍ ഉള്ളവര്‍ 11 am മുതല്‍ 3 pm വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക
– പരമാവധി ശുദ്ധജലം കുടിക്കുക
– അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
– വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.
– തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.

വിവിധ വകുപ്പുകള്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദ്ദേശവും ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അവ ഇങ്ങനെ

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്
• ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഉഷ്ണതരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ നേരിടാന്‍ സന്നദ്ധരാവാന്‍ നിര്‍ദേശം നല്‍കുക.
• പൊതുജനതാല്പര്യാര്‍ത്ഥം കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ബോധവല്‍ക്കരണത്തിനുതകുന്ന പോസ്റ്ററുകളും ബ്രോഷറുകളും പാംഫ്ലറ്റുകളും സജ്ജമാക്കുക.
• ശുദ്ധജലം, മരുന്നുകള്‍, ORS, ഐസ് പാക്കുകള്‍ തുടങ്ങിയവയുടേയും ആവശ്യാനുസരണമുള്ള സ്റ്റോക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റ് ആശുപത്രികളിലും ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
• ആശാ വര്‍ക്കര്‍മാരെയും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരേയും ഉപയോഗിച്ച് ഊര്‍ജിതമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക.
• റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സൂര്യാഘാത കേസുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ സമയബന്ധിതമായി ജില്ലാ നോഡല്‍ ഓഫീസറായ ജില്ലാ കളക്ടര്‍മാരെയും സ്റ്റേറ്റ് നോഡല്‍ ഓഫീസറായ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയേയും അറിയിക്കുക.

തൊഴില്‍- നൈപുണ്യ വികസന വകുപ്പ്
• തൊഴില്‍ ദാതാക്കള്‍, ഫാക്ടറി മാനേജര്‍മാര്‍, പുറം തൊഴിലില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, പൊതുമരാമത്ത് വകുപ്പ് തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍, പൊതുമരാമത്ത് വകുപ്പ് സൂപ്പര്‍വൈസര്‍മാര്‍, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് സൂര്യാഘാതം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും അവയെ നേരിടാനുള്ള മാര്‍ഗങ്ങളെയും സംബന്ധിച്ച് അടിയന്തിരമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക.
• സൂര്യതാപമേല്‍ക്കാനിടയുള്ള തൊഴില്‍ ഏര്‍പ്പെടുന്നവരുടെ തൊഴില്‍ സമയം പുനഃക്രമീകരിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുക. സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യത കൂടുതലുള്ള പകല്‍ 11 മുതല്‍ 3 മണി വരെ വിശ്രമം അനുവദിക്കുന്ന തരത്തിലാണ് സമയ പുനഃക്രമീകരണം നടത്തേണ്ടത്.
• നിര്‍മാണ സൈറ്റുകളിലും മറ്റ് തൊഴിലിടങ്ങളിലും കുടിവെള്ള ലഭ്യതയും എമെര്‍ജന്‍സി മെഡിസിന്‍സ്, ORS, വിശ്രമ സൗകര്യം എന്നിവ ഉറപ്പ് വരുത്തുക.
• ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് കൂടി ബോധവല്‍ക്കരണം എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. മലയാളത്തിലും ഇതര ഭാഷകളിലും തൊഴിലാളികള്‍ക്കായി പ്രത്യേക ബ്രോഷറുകള്‍, നോട്ടീസുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ തയ്യാറാക്കി വിതരണം ചെയ്യുക.
• തൊഴിലിടങ്ങളില്‍ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ലേബര്‍ കമ്മിഷണര്‍ പരിശോധന നടത്തി ഉറപ്പ് വരുത്തുക.

മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ്
• വളര്‍ത്തു മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും കന്നുകാലികള്‍ക്കും തണലും കുടിവെള്ളവും വീടുകളിലും ഫാമുകളിലും ഉറപ്പ് വരുത്തുക. അതിനായി പൊതുജനങ്ങള്‍ക്കിടയില്‍ വിപുലമായ ക്യാമ്പയിന്‍ നടത്തുക.
• സൂര്യാഘാതം മൂലം മൃഗങ്ങള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെ സംബന്ധിച്ച് വെറ്റിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തുക.
• മൃഗാശുപത്രികളില്‍ ആവശ്യത്തിനുള്ള മരുന്നുകളും സൗകര്യങ്ങളും ഉറപ്പ് വരുത്തുക.
• തീവ്രമായ ചൂടനുഭവപ്പെടുന്ന സമയങ്ങളില്‍ കാലികളെ മേയാന്‍ വിടുന്നത്നിയന്ത്രിക്കുകയും ആവശ്യമായ ബോധവല്‍ക്കരണം ബന്ധപ്പെട്ട വിഭാഗം ജനങ്ങളില്‍ നടത്തുക.
• ജലവിഭവ വകുപ്പുമായി സഹകരിച്ച് കൊണ്ട് മൃഗങ്ങള്‍ക്കുള്ള വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുന്ന തരത്തില്‍ വിപുലമായ ഒരു പദ്ധതിക്ക് രൂപം നല്‍കുക. അലഞ്ഞു തിരയുന്ന കന്നുകാലികള്‍, പക്ഷികള്‍ എന്നിവക്കുള്ള ജല ലഭ്യത കൂടി പരിഗണിക്കണം.

വിദ്യാഭ്യാസ വകുപ്പ്
• സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ സ്‌കൂള്‍ അസ്സെംബ്ളികള്‍ ഒഴിവാക്കുകയോ സമയ ദൈര്‍ഘ്യം പരമാവധി ചുരുക്കുകയോ ചെയ്യുക. ഉഷ്ണ തരംഗ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കഴിഞ്ഞാല്‍ അസ്സെംബ്ലി നിര്‍ബന്ധമായി ഒഴിവാക്കുക.
• സ്‌കൂളിലെ പി.ഇ.റ്റി പീരിയഡുകള്‍ നിയന്ത്രിക്കുക. വിദ്യാര്‍ത്ഥികളെ തുറസ്സായ മൈതാനങ്ങളില്‍ വിടാതിരിക്കുക.
• സ്‌കൂളിലെ കായിക-കലാ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക. സൂര്യാഘാതമേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് ഉറപ്പ് വരുത്തുക.
• വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുക. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ORS, എമെര്‍ജന്‍സി മെഡിസിന്‍ എന്നിവ ലഭ്യമാക്കുക.
• ക്ലാസ് മുറികളില്‍ വായു സഞ്ചാരം സാധ്യമാക്കുക. തുറസ്സായ സ്ഥലങ്ങളിലേക്ക് ക്ലാസുകള്‍ മാറ്റുന്നത് ഒഴിവാക്കുക.
• അധ്യാപകര്‍ക്കും മറ്റ് ഓഫീസ് ഉദ്യോഗസ്ഥര്‍ക്കും പ്രാഥമിക ശുശ്രൂഷയുടെ പരിശീലനം നല്‍കുക.
• മുഴുവന്‍ വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും സൂര്യാഘാതത്തെ സംബന്ധിച്ചും അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ബോധവല്‍ക്കരണം നടത്തുക. അത് ഒരു ജനകീയ ക്യാമ്പയിന്‍ ആയി വളര്‍ത്തിയെടുക്കുക.
• സൂര്യാഘാതം, ഉഷ്ണതരംഗം, വരള്‍ച്ച തുടങ്ങിയവയെ സംബന്ധിച്ച് ഭൂമിശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തില്‍ മുഴുവന്‍ പൊതു-സ്വകാര്യ വിദ്യാലയങ്ങളിലും ബോധവല്‍ക്കരണം നടത്തണം.
• സൂര്യ രശ്മികളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതിനെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കുക.
• പൊതുവിദ്യാലയങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും അംഗനവാടികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വ്വകലാ ശാലകളിലും സൂര്യാഘാതത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പ് വരുത്തേണ്ടതാണ്.
• ഉഷ്ണതരംഗ ജാഗ്രതാ നിര്‍ദേശം ഒരു പ്രദേശത്ത് പുറപ്പെടുവിക്കപ്പെട്ടാല്‍ വിദ്യാഭാസ സ്ഥാപനങ്ങളുടെ സമയം പുനക്രമീകരിക്കാവുന്നതാണ്.

തദ്ദേശ സ്വയംഭരണ വകുപ്പ്
• പ്രാദേശികമായി പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കുടിവെള്ളം ലഭിക്കുന്നതിന് ആവശ്യമായ പൊതു സംരംഭങ്ങള്‍ സ്ഥാപിക്കുക.
• തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും വിശ്രമ സൗകര്യങ്ങള്‍ ഒരുക്കുക.
• പൊതുവൃക്ഷങ്ങള്‍ ഉണങ്ങി പോകുന്നത് ഒഴിവാക്കാന്‍ വെള്ളമൊഴിക്കാന്‍ വേണ്ട നടപടികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കുക.
• ജലവിഭവ വകുപ്പുമായും കേരള വാട്ടര്‍ അതോറിറ്റിയുമായും സഹകരിച്ച് കൊണ്ട് കുടിവെള്ള ക്ഷാമം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക.
• കുളങ്ങള്‍, തോടുകള്‍ തുടങ്ങിയവ വൃത്തിയാക്കി സംരക്ഷിക്കുക. മൃഗങ്ങള്‍ക്ക് കൂടി ജലലഭ്യത ഉറപ്പ് വരുത്തുക.
• സൂര്യാഘാതം സംബന്ധിച്ചുള്ള ബോധവല്‍ക്കരണ ക്യാമ്പയിന്‍ പൊതുജനങ്ങള്‍ക്കിടയില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുക.

വനം വകുപ്പ്
• വനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ജല ലഭ്യത ഉറപ്പാക്കുക.
• കുടിവെള്ളം തേടി വന്യമൃഗങ്ങള്‍ കാട് വിട്ടിറങ്ങുന്നത്തിനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള ജാഗ്രത പാലിക്കുക.
• കാട്ടുതീ സാധ്യത പരിഗണിച്ച് കാട്ടുതീ പ്രതിരോധത്തിനായി വനം വകുപ്പിന്റെ Standard Operating Procedure പ്രകാരം ഉള്ള എല്ലാ നടപടി ക്രമങ്ങളും ഉറപ്പാക്കുക.

ടൂറിസം വകുപ്പ്
• വിനോദസഞ്ചാര മേഘലയില്‍ സൂര്യാഘാത സാധ്യത ഒഴിവാക്കുവാനായി വിനോദ സഞ്ചാരികള്‍ക്ക് ഇതോട് അനുബന്ധിച്ച് നല്‍കിയിട്ടുള്ള ലഘുലേഖ പ്രിന്റ് ചെയ്ത് നല്‍കുക.
• വിനോദസഞ്ചാര സ്ഥലങ്ങളില്‍ ശുദ്ധജലവും, അടിയന്തിര ശുശ്രൂഷയ്ക്കുള്ള കിയോസ്‌ക്കളും തയ്യാറാക്കുക.

പോലീസ്
• തീവ്രമായ വെയില്‍ എല്‍ക്കുവാന്‍ സാധ്യതയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരോടും 11 am മുതല്‍ 3 pm വരെ കുട ഉപയോഗിക്കുവാന്‍ നിര്‍ദേശിക്കുക.
• ഇത്തരം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥരും ചെറിയ സ്റ്റീല്‍ കുപ്പിയില്‍ ചുരുങ്ങിയത് 1 ലിറ്റര്‍ കുടിവെള്ളം കയ്യില്‍ കരുതുവാന്‍ നിര്‍ദേശിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍