UPDATES

ട്രെന്‍ഡിങ്ങ്

തലസ്ഥാനമാണിത്; വെള്ളക്കെട്ടില്‍ മുങ്ങി ജനം; പരസ്പരം പഴി ചാരി അധികൃതര്‍

ഓപ്പറേഷന്‍ അനന്ത നിന്നു പോയത് ആരുടെ താത്പര്യ പ്രകാരമാണ്?

“രാവിലെ തിരക്കുള്ള സമയം പച്ചക്കറി വില്‍ക്കുന്നത് മാത്രമേയുള്ളൂ. എന്നും ഇരിക്കുന്ന സ്ഥലത്ത് വെള്ളം പൊങ്ങി, അങ്ങനെ വ്യാഴാഴ്ച കച്ചവടം ഒന്നും നടന്നില്ല”- കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡിന് സമീപം അന്നന്നു കിട്ടുന്ന പച്ചക്കറി വില്‍ക്കുന്ന സരോജത്തിന്റെ വാക്കുകളാണ്. കഴിഞ്ഞ ദിവസം രാവിലെ പൊടുന്നനെ പെയ്ത മഴ പതിവ് തെറ്റിക്കാതെ തമ്പാനൂരിനെയും കിഴക്കേക്കോട്ടയെയും വെള്ളത്തില്‍ മുക്കി. കൂടെ സരോജത്തെ പോലുള്ളവരുടെ ഒരു ദിവസത്തെ അന്നവും. പ്രതീക്ഷിച്ചിരിക്കാതെയാണ് രാവിലെ നഗരത്തില്‍ അതിശക്തമായ മഴ പെയ്തത്. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന മഴ ജനങ്ങളെ വലച്ചു.

“ഓണം കഴിഞ്ഞു കട തുറന്നതാണ്. ഇവിടെ മഴ പെയ്താലുടന്‍ വെള്ളം പൊങ്ങും. പക്ഷെ ഇത്തവണ അത് കടയുടെ ഉള്ളില്‍ വരെയെത്തി. കഴിഞ്ഞതവണ റോഡ് വികസനത്തിനായി സ്ഥലമൊക്കെ അളന്നതാണ്. എന്നാല്‍ ഒന്നും നടന്നില്ല. ഇവിടേക്ക് വരുന്ന വഴിയുടെ അരികുതകര്‍ന്ന് ഓടയിലേക്കു വീണു. കടയില്‍ ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ആണുള്ളത്. ചാക്കും തുണിയുമൊക്കെ സംഘടിപ്പിച്ചാണ് ഇന്നലെ വെള്ളം മെഷീനില്‍ എത്താതെ നോക്കിയത്” – വഞ്ചിയൂര്‍ ഭാഗത്ത് ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന ദേവി പറയുന്നു.

ഓണം കഴിഞ്ഞ് ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഏറ്റവും പ്രശ്‌നം അനുഭവിച്ചത് തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡ് മാര്‍ഗം സഞ്ചരിച്ചവരാണ്. പല സ്ഥാപനങ്ങളും മത്സര പരീക്ഷ പരിശീലനകേന്ദ്രങ്ങളും ഇവിടെയുണ്ട്. ഓടയും റോഡുമെല്ലാം ഒരുപോലെയിരിക്കും. ചില ഓടകളുടെ ഇടയില്‍ സ്ലാബില്ല. വെള്ളം നിറഞ്ഞൊഴുകുന്നത് കാരണം ഇതൊന്നും കാണാന്‍ പറ്റില്ല. കഴിഞ്ഞ വര്‍ഷം ഇതുപോലൊരു മഴയില്‍ ഒരാള്‍ കുഴിയില്‍ വീണുപോയിട്ടുണ്ട്. അതുകൊണ്ട് പേടിച്ചിട്ടു റോഡില്‍ കയറി നടക്കും. അവിടെ വണ്ടികാണും. വണ്ടിയും തട്ടാതെ ഓടയിലും വീഴാതെ പോയാലെ പറ്റുള്ളൂ, ഒരു വിദ്യാര്‍ഥിനി പറയുന്നു.

"</p

നഗരത്തില്‍ മഴപെയ്യുമ്പോള്‍ ഒഴുകിയെത്തുന്നത് ചെളിവെള്ളം മാത്രമല്ല. സ്ലാബില്ലാത്ത ഓടകളില്‍ നിന്നുള്ള ഡ്രെയിനേജ് ഉള്‍പ്പെടെ റോഡിലും പരിസരത്തുമുള്ള എല്ലാവിധ മാലിന്യങ്ങളും ഇതിലുള്‍പ്പെടും. ‘കറുത്ത വെള്ളമാണ് ഒഴുകി വരുന്നത്. അതിനകത്ത് ഇല്ലത്തതായിട്ടു ഒന്നും കാണില്ല. ഇതു മുഴുവന്‍ നനഞ്ഞാണ് ക്ലാസ്സില്‍ എത്തുന്നത്. മഴകാരണം തന്നെ സമയം താമസിക്കും. ബാങ്ക് പരിശീലനമാണ്. ഒരു നിമിഷം പോലും കളയാനില്ല. ചിലപ്പോള്‍ കാലും കയ്യും കഴുകാന്‍ പറ്റാതെ പോയി ക്ലാസ്സിലിരിക്കേണ്ടി വരും. പിന്നെയുള്ള അവസ്ഥ പറയണ്ടല്ലോ. ഇല്ലാത്ത രോഗങ്ങളൊക്കെ വന്നോളും’- ചിത്ര എസ്.എസ് കോവില്‍ റോഡില്‍ ബാങ്ക് പരിശീലനക്ലാസ്സില്‍ എത്തിപ്പെട്ട അവസ്ഥയെപ്പറ്റി വിവരിക്കുകയാണ്.

എസ് എസ് കോവില്‍ റോഡുപോലെ പ്രശ്‌നം നിലനില്‍ക്കുന്നയിടമാണ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍. കനത്ത മഴ പെയ്തു കഴിഞ്ഞാല്‍ ഈ പ്രദേശങ്ങളിലെ വീടുകളില്‍ അടക്കം വെള്ളം കയറുന്നു. ‘കഴിഞ്ഞ ദിവസം പെട്ടെന്ന് പെയ്ത മഴയായതുക്കൊണ്ട് കുറെ വീട്ടുസാധനങ്ങള്‍ നനഞ്ഞു. മഴ ഇരുണ്ടുകൂടിയൊക്കെയാണ് പെയ്യുന്നതെങ്കില്‍ നല്ല മഴ കാണുമെന്നു തോന്നിയാല്‍ ഞങ്ങള്‍ വേറെ വീടിലേക്കൊക്കെ സാധനം മാറ്റും. ഇത്തവണ അതിനൊന്നും സമയം കിട്ടിയില്ല. പെട്ടെന്ന് പെയ്തതുകൊണ്ട് താഴെ ഇരുന്ന സാധനങ്ങള്‍ എല്ലാം നനഞ്ഞു‘. രാജാജി നഗറിലെ വീട്ടമ്മയായ രാജേശ്വരി പറയുന്നു.

എന്റെ വീട് പാല്‍കുളങ്ങര പൊതുജനം റോഡിലാണ്. കിഴക്കേക്കോട്ടയിലൊക്കെ മഴപെയ്തു വെള്ളം പൊങ്ങിയാല്‍ ഞങ്ങളുടെ പ്രദേശത്തേക്കുമെത്തും. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ എന്റെ കാറിന്റെ എന്‍ജിനില്‍ വെള്ളം കയറി. വാങ്ങീട്ട് ആറു മാസമേ ആകുന്നുള്ളൂ. പെന്‍ഷന്‍ കാശിനാണ് വാങ്ങിയത്. അതിപ്പോ ഓടുന്നില്ല; മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രിയന്‍ പറയുന്നു.

ഞാന്‍ ജോലിക്ക് പോകുമ്പോള്‍ മോനെ ഡേ കെയറില്‍ ആക്കിയിട്ടാണ് പോകുന്നത്. കഴിഞ്ഞ ദിവസം പെട്ടെന്ന് മഴ പെയ്തപ്പോള്‍ ആകെ വലഞ്ഞുപോയി. രണ്ട് വയസാണ് മോന്. വെള്ളം പെട്ടെന്ന് അവന്റെ ഉയരത്തിലേക്ക് പൊങ്ങി. എന്റെ കയ്യില്‍ എന്റെ ബാഗ്, മോന്റെ ബാഗ്. ഈ വെള്ളത്തില്‍ സാരിയും ഒതുക്കി മോനെയുമെടുത്തു ബാഗും തൂക്കി നടക്കാന്‍ പറ്റില്ല. മഴ കഴിയും വരെ അവനെയും പിടിച്ചു ഒരു കടയിലിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്ന ശ്രീലേഖ പറയുന്നു.

തലസ്ഥാന നഗരിയില്‍ ജനത്തിരക്കേറിയ തമ്പാനൂര്‍ പോലുള്ള പ്രദേശങ്ങള്‍ മഴ പെയ്താല്‍ വെള്ളത്തിനടിയില്‍ ആകുന്ന അവസ്ഥ ഇപ്പോഴും തുടരുന്നത് എന്തുകൊണ്ടാണ്? ഇതേ കുറിച്ച് ബന്ധപ്പെട്ടവരോട് അന്വേഷിക്കുമ്പോള്‍ അവര്‍ പരസ്പരം പഴിചാരുകയാണ്. കോര്‍പ്പറേഷനും പി.ഡബ്ല്യു.ഡി വിഭാഗത്തിനും ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ സംശയങ്ങള്‍ ബാക്കിയാണ്. ആര്, ഏതു ചുമതല നിര്‍വഹിക്കണമെന്നതില്‍ അവര്‍ക്കിടയില്‍ ഒരു തീരുമാനം ഉണ്ടായിട്ടില്ല.

പ്രധാനമായും ഈ പ്രശ്‌നം വന്നിരിക്കുന്നത് ഓടകളില്‍ പ്ലാസ്റ്റിക് നിറഞ്ഞ് അടഞ്ഞത് കാരണമാണ്. ഓടകളൊക്കെ കോര്‍പ്പറേഷനും ആരോഗ്യ വിഭാഗവും ചേര്‍ന്ന് വൃത്തിയാക്കുന്നുണ്ടായിരുന്നു. ഇത്തവണ പ്രശ്‌നം വന്ന സ്ഥലങ്ങളെല്ലാം വലിയ ഓടകളാണുള്ളത്. അവയുടെ ചുമതല പി.ഡബ്ല്യു.ഡി – ഇറിഗേഷന്‍ വിഭാഗത്തിനാണ്. ഓപ്പറേഷന്‍ അനന്ത ഫലപ്രദമായി നടത്തിയിരുന്നെങ്കില്‍ ഒരുപരിധിവരെ പ്രശ്‌നങ്ങള്‍ ഒഴിവായേനെ. എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടേ കാര്യമുള്ളൂ; കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍ ജയചന്ദ്രകുമാര്‍ പറയുന്നു.

പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് ഓഫീസിര്‍ക്ക് മറ്റൊരഭിപ്രയമാണ് ഉള്ളത്. ഈ വകുപ്പില്‍ നിന്നു ചെയ്യാന്‍ കഴിയുന്നത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്. വൃത്തിയാക്കിയ ഓടകളില്‍ പിന്നെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. പെട്ടെന്ന് മഴ പെയ്യുമ്പോള്‍ സ്വാഭാവികമായും വെള്ളം തങ്ങിനില്‍ക്കും . കാരണം വെള്ളം പോകേണ്ട ഇടങ്ങളെല്ലാം പ്ലാസ്റ്റിക് നിറഞ്ഞിരിക്കുകയാണ്. അത് വൃത്തിയാക്കേണ്ടത് നഗരസഭയുടെ ചുമതലയാണ്. ഇപ്പോള്‍ പെട്ടെന്ന് ഈ അവസ്ഥയെ മറികടക്കാന്‍ ദുരന്തനിവാരണ വകുപ്പുമായി ബന്ധപ്പെട്ടിട്ടേ കാര്യമുള്ളൂ.

"</p

പൊതുമരാമത്ത് സ്‌പെഷ്യല്‍ സെക്രട്ടറിയും തിരുവനന്തപുരം മുന്‍ ജില്ല കളക്ടറുമായ ബിജു പ്രഭാകര്‍ പ്രതികരിച്ചതിങ്ങനെ; പെട്ടെന്ന് ഒരു മഴപെയ്ത് ഓടകള്‍ക്ക് താങ്ങാവുന്നതിനെക്കാള്‍ വെള്ളം വന്നു നിറഞ്ഞാല്‍ ഏതു രാജ്യത്താണെങ്കിലും വെള്ളം പൊങ്ങും. ഇവിടെ മനസിലാക്കേണ്ടൊരു കാര്യം ഇത്തവണ വെള്ളം കഴിഞ്ഞ തവണത്തെക്കാള്‍ വേഗം ഒഴുകി പോയി എന്നുള്ളതാണ്. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഒരുപാട് ഓടകള്‍ വൃത്തിയാക്കിയിരുന്നു. ചിലതിന്റെ വീതി കൂട്ടിയിരുന്നു. എസ്.എസ്.കോവില്‍ റോഡുവരെ അനന്ത എത്തിയിരുന്നില്ല.

റെയില്‍വേ സ്റ്റേഷന്റെ താഴെക്കൂടെയുള്ള കള്‍വര്‍ട്ട് നൂറ്റിനാല്‍പ്പത് അടി നീളവും നാലു മീറ്ററോളം ഉയരവുമുള്ളതാണ്. പ്രശ്‌നം എന്താണെന്നു വെച്ചാല്‍ അതില്‍ മൂന്ന് മൂന്നേകാല്‍ മീറ്ററോളം മണ്ണായിരുന്നു. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി എഴുന്നൂറ് ടണ്‍ മണ്ണാണ് അതിനകത്ത് നിന്നുമാറ്റിയത്. ഇനി ചെയ്യേണ്ടിയിരുന്നത് ആ പൈപ്പിന്റെ അവസാനമായി രണ്ട് പൈല്‍ കുറ്റികളുണ്ട്. രണ്ട് രണ്ടര മീറ്ററോളം പൊക്കം വരും. ഈ മാലിന്യങ്ങള്‍ ഒഴുകി പോകാതെ അതിലാണ് തങ്ങി നില്‍ക്കുന്നത്. അത് അവിടെ നിന്ന് മാറ്റണമായിരുന്നു. എന്നാല്‍ അതിനു മുന്‍പേ ഓപ്പറേഷന്‍ അനന്ത സാമ്പത്തിക കാരണങ്ങള്‍ കൊണ്ടും ചില എംഎല്‍എമാരുടെ ഇടപെടലുകള്‍ കൊണ്ടും നിര്‍ത്തി വയ്ക്കപ്പെട്ടു. സര്‍ക്കാരും തിരഞ്ഞെടുപ്പ് ചൂടിലേക്ക് പോയി.

രണ്ടാമത്തെ കാര്യം. സെക്രട്ടറിയേറ്റ്, ആര്‍ട്‌സ് കോളേജ്, വിമണ്‍സ് കോളേജ് എന്നിങ്ങനെ പല സ്ഥലങ്ങളിലെ വെള്ളം ഒഴുകി തമ്പാനൂര്‍, കിഴക്കേക്കോട്ട വഴി പാറ്റൂരിലേക്കാണു പോകുന്നത്. രണ്ട് മലപോലെയുള്ള പ്രദേശങ്ങളിലെ വെള്ളമെല്ലാം ഒഴുകിയെത്തുന്നത് തമ്പാനൂരിലേക്കാണ്. അനന്തയുടെ രണ്ടാം ഘട്ടമായി സെക്രട്ടറിയേറ്റിലെ വെള്ളം നേരെ പാറ്റൂരിലേക്ക് തിരിച്ചു വിടാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അനന്ത രണ്ടാം ഘട്ടത്തിലേക്ക് കടന്നില്ല. ഇവിടെ ഏഴ് മീറ്റര്‍ നീളമുള്ള ഓടകള്‍ ഉണ്ടായിരുന്നു. പകുതിയും കയ്യേറിയിരുന്നു. ഇറിഗേഷന്‍ വിഭാഗത്തിന്റെ കീഴിലായിരുന്നു. അനന്ത വഴി കയ്യേറ്റമെല്ലാം ഒഴിപ്പിച്ചു. ഇനിയുമുണ്ട് കാര്യങ്ങള്‍ ചെയ്യാന്‍. പ്രധാന പ്രശ്‌നം ഇതൊന്നുമല്ല ചില സംഘടിത ഗുണ്ടാ സംഘങ്ങളുണ്ട്, അവര്‍ രാത്രിയില്‍ ഈ ഓടകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുവന്നുതള്ളുകയാണ്. ചില വ്യാപാരസ്ഥാപനങ്ങളും ഇവര്‍ക്ക് കൂട്ടാണ്. സ്ലാബില്ലാത്ത ഓടകളില്‍ ഇവരിതുകൊണ്ട് ഇടുന്നു. മഴപെയ്യുമ്പോള്‍ ഇവയെല്ലാം എവിടെയെങ്കിലും അടിഞ്ഞു കൂടുന്നു.

പി.ഡബ്ല്യു.ഡി ഓടകള്‍ വൃത്തിയാക്കണം എന്നൊക്കെ പറയുന്നത് കാര്യക്ഷമമായ കാര്യമല്ല. അത് നഗരസഭയുടെ കടമയാണ്. അനന്തയുടെ സമയത്ത് എത്രമാത്രം ക്യാമറകളാണ് ഓരോ ഇടത്തായി സ്ഥാപിച്ചത്. അതിലെത്രയെണ്ണം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ തന്നെ എത്രപേര്‍ മാലിന്യം വലിച്ചെറിയുമ്പോള്‍ പിടിക്കപ്പെടുന്നു. ഓടകള്‍ നിര്‍മിക്കുമ്പോള്‍ അത് നിലനിര്‍ത്താനുള്ളതും വൃത്തിയായി സൂക്ഷിക്കാനുള്ളതുമായ മാര്‍ഗങ്ങളും ഉണ്ടാകണം. എന്നാല്‍ മാത്രമേ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കുകയുള്ളൂ- അദ്ദേഹം പറയുന്നു.

വകുപ്പുകള്‍ ഓരോ തവണ ഉത്തരവാദിത്വങ്ങള്‍ പരസ്പരം മാറ്റുമ്പോള്‍ ദുരിതത്തിലാകുന്നത് പൊതുജനമാണ്. ഓരോ തവണ തലസ്ഥാന നഗരി വെള്ളത്തിലാകുമ്പോഴും ഇവിടെ താമസിക്കുന്നവരെ മാത്രമല്ല അത് ബാധിക്കുന്നത്, മറ്റു പലസ്ഥലങ്ങളില്‍ നിന്നും തലസ്ഥാനത്തേക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്കായി വരുന്നവരെ കൂടിയാണ്. എന്തെങ്കിലും ഒരു വലിയ ദുരന്തത്തിനായി കാത്തുനില്‍ക്കാതെ ഓപ്പറേഷന്‍ അനന്ത പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുകയും എല്ലാ വകുപ്പുകളും ഒരുപോലെ സഹകരിച്ച് തലസ്ഥാനത്തിന്റെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തുകയും തന്നെവേണം.

ഈ വിഷയത്തില്‍ പ്രതികരണത്തിനായി പല തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ശില്‍പ മുരളി

ശില്‍പ മുരളി

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍