UPDATES

ട്രെന്‍ഡിങ്ങ്

നാളെയും മറ്റന്നാളും പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കുക: മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് ജനങ്ങളുടെ സഹകരണത്തോടെ നടപടിയെടുക്കണം

പത്തോളം ജില്ലകളില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില വര്‍ധിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മുന്നറിയിപ്പ് പ്രകാരം നാളെയും മറ്റന്നാളും സൂര്യാഘാതത്തിനും ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഈ ദിവസങ്ങളില്‍ 45 മുതല്‍ 54 ഡിഗ്രി വരെയും 54ന് മുകളിലുമായിരിക്കും ഹീറ്റ് ഇന്‍ഡക്‌സ് എന്നാണ് പറയുന്നത്. സൂര്യാഘാതം ഏല്‍ക്കാതിരിക്കാനുള്ള മുന്നറിയിപ്പുകളും അവര്‍ നല്‍കുന്നുണ്ട്. മുന്നറിയിപ്പുകള്‍ ഇങ്ങനെ.

കനത്ത വേനലിനെയും അത് മൂലമുണ്ടാകാന്‍ ഇടയുള്ള കുടിവെള്ള ക്ഷാമത്തെയും ആരോഗ്യ പ്രശ്‌നങ്ങളെയും സൂര്യാഘാതം, സൂര്യതാപം എന്നിവയെയും മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള പ്രതിരോധ പ്രതികരണ പ്രവര്‍ത്തനങ്ങളാണ് മാര്‍ച്ച് ആദ്യവാരം തൊട്ട് തന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും നേതൃത്വത്തില്‍ ആരംഭിച്ച് കേരളമൊട്ടുക്കെ നടപ്പിലാക്കി വരുന്നത്.

കനത്ത വേനല്‍ കുടിവെള്ള ക്ഷാമത്തിലേക്ക് നയിച്ചാലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചു കേരളത്തില്‍ ഔദ്യോഗികമായി വരള്‍ച്ച പ്രഖ്യാപിക്കുവാനും ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് സഹായം നേടുവാനും സാധാരണ സ്ഥിതിയില്‍ സാധിക്കില്ല. അത് കൂടി മുന്നില്‍ കണ്ട് കൊണ്ടുള്ള പദ്ധതികള്‍ക്കാണ് സംസ്ഥാന തലത്തില്‍ രൂപം നല്‍കിയിരിക്കുന്നത്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് ഉഷ്ണതരംഗം, സൂര്യാഘാതം, സൂര്യതാപം എന്നിവയെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു ഉത്തരവിറക്കി. മാര്‍ച്ച് 9 ലെ ഈ ഉത്തരവ് വഴി ബാധിക്കപ്പെടുന്ന പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ദുരിതാശ്വാസ സഹായത്തിന് അവസരമുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ ജില്ലാ കളക്ടര്‍മാര്‍ക്കും 50 ലക്ഷം രൂപ വീതം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ഇതിനോടകം തന്നെ നല്‍കി കഴിഞ്ഞിരിക്കുന്നു. കുടിവെള്ളക്ഷാമം നേരിടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുവാനും വാഹനങ്ങളില്‍ വെള്ളം ലഭ്യമാക്കുവാനും അത് ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ വാഹനങ്ങളില്‍ ജി പി എസ് ഘടിപ്പിച്ച് നിരീക്ഷിക്കുവാനും മറ്റുള്ള പ്രതിരോധ-പ്രതികരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ഈ ഫണ്ട് ജില്ലകളില്‍ ഉപയോഗിച്ച് വരുന്നു. സംസ്ഥാനത്ത് 4467 വാട്ടര്‍ കിയോസ്‌കുകള്‍ ഇതിനോടകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. മുഴുവന്‍ കിയോസ്‌കുകളും പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിഷയത്തിന്റെ ഗൗരവം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും ബഹുമാനപ്പെട്ട മുഖ്യമന്ത്രി നേരിട്ട് തന്നെ വിവിധ വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ജില്ലാ കളകര്‍മാരുടെയും യോഗം മാര്‍ച്ച് 5 ന് തന്നെ വിളിച്ചു ചേര്‍ക്കുകയും സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു. ജലവിഭവ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് കൊണ്ട് ജല സംരക്ഷണ പ്രവര്‍ത്തനം ഒരു ജനകീയ ക്യാമ്പയിന്‍ ആയി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയുണ്ടായി.

കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വരള്‍ച്ചാ പ്രവര്‍ത്തനങ്ങള്‍ക്കുമായി തദ്ദേശസ്ഥാപനം മുതല്‍ ജില്ലാതലം വരെ ജനകീയ സമിതികള്‍ രൂപീകരിക്കണമെന്നാണ് ഉന്നതതല യോഗം തീരുമാനിച്ചത്. പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് ജനങ്ങളുടെ സഹകരണത്തോടെ നടപടിയെടുക്കണം. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ വനംവകുപ്പ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൊഴിലുറപ്പ്, കുടുംബശ്രീ, അംഗന്‍വാടി, ആശപ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിക്കൊണ്ട് വെള്ളം പാഴാക്കാതിരിക്കാനും കുടിവെള്ള സ്രോതസുകള്‍ സംരക്ഷിക്കാനും വിപുലമായ ബോധവത്കരണം നടത്തി വരുന്നു. ജലവിഭവ വകുപ്പിന്റെ ‘ജലം ജീവാമൃതം’ ക്യാമ്പയിന്‍ സംസ്ഥാനമൊട്ടാകെ നടന്നു വരുന്നു. ജലവിതരണത്തിന് കലണ്ടര്‍ രൂപീകരിച്ചു കൊണ്ട് ഓരോ സ്ഥലത്തേയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ജലവിതരണത്തിന് പ്രായോഗികമായ നടപടികള്‍ കൈക്കൊള്ളാനാണ് തീരുമാനിച്ചിരിക്കുന്നത്. ജലസ്രോതസുകളിലെ മലിനീകരണം തടയാന്‍ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഉപേക്ഷിക്കപ്പെട്ട ക്വാറികളെ ജലസ്രോതസായി വിനിയോഗിക്കണം. ഇവിടത്തെ വെള്ളം പരിശോധിച്ച്, അളവ് കണക്കാക്കണം. ക്വാറിയിലെ വെള്ളം ആവശ്യമായ സ്ഥലങ്ങളില്‍ ടാങ്കറുകളില്‍ എത്തിക്കണം. കുടിവെള്ള വിതരണ ടാങ്കറുകളുടെ ശുചിത്വം ഉറപ്പാക്കണം. വേനല്‍ മഴയില്‍ വീടുകളുടെ ടെറസില്‍ പതിക്കുന്ന ജലം ഫില്‍ട്ടര്‍ ചെയ്ത് കിണറുകളില്‍ എത്തിക്കുന്നത് പരിഗണിക്കണം. ജലസ്രോതസുകളുടെ സംരക്ഷണത്തിനും ശുചീകരണത്തിനും ഉടനടി നടപടിയെടുക്കണം. ഈ കാര്യങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും നിര്‍ദേശം നല്‍കിയിരുന്നു. നാണ്യവിളകള്‍ക്ക് വെള്ളം എത്തിക്കാന്‍ കൃഷിവകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിച്ചു വരുന്നു.

ഡാമുകളില്‍ നിന്നുള്ള ജലം വിതരണം ചെയ്യുന്ന കനാലുകളിലെ തടസങ്ങള്‍ ഒഴിവാക്കണം. ജലവിതരണത്തിലെ നഷ്ടം പരമാവധി ഒഴിവാക്കണമെന്നും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സൂര്യാഘാതത്തെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കുകയും അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു. തൊഴില്‍ സമയം പുനഃക്രമീകരിക്കുന്നത് ഉള്‍പ്പെടെ സുപ്രധാന തീരുമാനങ്ങളാണ് സംസ്ഥാനത്ത് കൈക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ ആളുകളിലേക്ക് മുന്നറിയിപ്പുകള്‍ എത്തിക്കുവാനും പ്രതിരോധ മാര്‍ഗങ്ങള്‍ വലിയ ജനകീയ ക്യാമ്പയിന്‍ ആയി വളര്‍ത്തിയെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി തുടരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍