UPDATES

ജീവന് വില പറയുന്ന ബേബി മെമ്മോറിയലുകാര്‍ക്ക് മനസിലാകില്ല ഈ കഫീല്‍ ഖാന്‍മാരുടെ ‘ഉറക്കം കെടല്‍’

ഉറങ്ങാൻ വിടാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുരുകുന്ന തന്റെ മനസ്സാക്ഷി ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയം സംബന്ധിച്ച സന്ദേശമാണ് തികച്ചും നിഷ്കളങ്കവും തുറന്നതുമായ ഭാഷയിലൂടെ കഫീൽ ഖാൻ നമുക്ക് കൈമാറിയത്.

കേരളത്തിലെ നിപ വൈറസ് ബാധയോട് ലോകത്തെവിടെയുമുള്ളവർ ആശങ്കയോടും അനുതാപത്തോടും കൂടിയാണ് പ്രതികരിക്കുന്നത്. കേരളത്തിന് പുറത്തു ജോലി ചെയ്യുന്ന മലയാളികളായ പ്രഗത്ഭ ഡോക്ടര്‍മാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് സേവനം നൽകുന്നുണ്ട്. ഉയർന്ന മാനുഷികതയോടെ പെരുമാറേണ്ട ജീവിത സന്ദർഭങ്ങളിലൊന്നാണിതെന്ന് ആരെയും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല. മരുന്നില്ലാത്ത രോഗത്തിനാണ് മനുഷ്യർ കീഴ്പ്പെട്ടിരിക്കുന്നത്. മരണനേരത്ത് ആശ്വാസം പകരുക മാത്രമേ ഭൂരിഭാഗം കേസുകളിലും ചെയ്യാനുള്ളൂ എന്നതാണ് സ്ഥിതി.

ഈ സന്ദർഭത്തിലാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്ന് ആ വാർത്ത വരുന്നത്. നിപ വൈറസ് ബാധിച്ച രോഗിയുടെ ബന്ധുക്കളോട് ഒന്നര ലക്ഷം രൂപയാണ് ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർ മുൻകൂറായി ആവശ്യപ്പെട്ടത് എന്ന് സൌത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്തത്. ഒന്നര ലക്ഷം രൂപ ഉടനെ എത്തിച്ചില്ലെങ്കിൽ വെന്റിലേറ്ററിലുള്ള രോഗിയെ അതിൽ നിന്നും മാറ്റാന്‍ പോകുകയാണെന്നായിരുവന്നു ഭീഷണി. കേരള സർക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞ ഒരു വിഷയമല്ലായിരുന്നെങ്കിൽ ആവശ്യപ്പെട്ട പണം കെട്ടേണ്ടി വരുമായിരുന്നു ആ കുടുംബത്തിന്. സംഭവമറിഞ്ഞ മന്ത്രി ടിപി രാമകൃഷ്ണൻ നേരിട്ടിടപെട്ടാണ് ആശുപത്രിയുടെ അറവ് കത്തി പിൻവലിപ്പിച്ചത്.

ഈ സന്ദർഭത്തിലാണ് കോഴിക്കോടു നിന്ന് പത്തുമൂവായിരം കിലോമീറ്ററുകൾ അകലെ നിന്ന് ഒരു മനുഷ്യന്റെ സന്ദേശമെത്തുന്നത്. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ സ്ഥിതി ചെയ്യുന്ന ബാബ രാഘവ് ദാസ് മെഡിക്കൽ കോളജിലെ മെഡിക്കൽ ഓഫീസറായ ഡോ. കഫീൽ ഖാൻ കേരളത്തിൽ വൈറസ് ബാധിത മേഖലകളിൽ ജോലി ചെയ്യാൻ തയ്യാറാണെന്ന് കാണിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു.

ഇശാ നമസ്കാരത്തിനു ശേഷം ഉറങ്ങാൻ കിടന്ന തനിക്ക് ഉറക്കം വന്നില്ലെന്നു പറഞ്ഞായിരുന്നു കഫീൽ ഖാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കം. കേരളത്തിലെ നിപ വൈറസ് ബാധയാണ് ഡോ. കഫീൽ ഖാന്റെ ഉറക്കം കെടുത്തിയത്. തനിക്ക് പരിചയമുള്ള മലയാളികളെ ടാഗ് ചെയ്ത് കഫീൽ ഖാൻ ഇട്ട പോസ്റ്റ് പക്ഷെ, തനിക്ക് പ്രതീക്ഷയുള്ള മലയാളിയുടെ രാഷ്ട്രീയ മുഖ്യധാരയോടാണ് സംസാരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിഷ്കളങ്കരായ രോഗികൾക്കു വേണ്ടി പ്രവർത്തിക്കാൻ തന്നെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. രോഗിയെ പരിചരിച്ച് വൈറസ് ബാധയേറ്റു വാങ്ങി മരണത്തിന് കീഴടങ്ങിയ സിസ്റ്റർ ലിനിയെ സ്മരിച്ച കഫീൽ സഹജീവികളോടുള്ള തന്റെ കലവറയില്ലാത്ത സ്നേഹം പ്രകടിപ്പിക്കുന്ന വാക്കുകളാണ് പിന്നീട് പറഞ്ഞത്. മനുഷ്യരെ സേവിക്കാൻ തനിക്ക് അറിവും കഴിവും ബലവും അള്ളാഹു നൽകട്ടെ എന്ന പ്രാർത്ഥനയും അദ്ദേഹം പങ്കുവെച്ചു.

ആരോടായിരുന്നു ആ വാക്കുകൾ എന്ന കാര്യത്തിൽ സംശയമില്ല. എന്തായിരുന്നു ആ വാക്കുകളിലൂടെ പുറത്തു വന്ന സന്ദേശമെന്നതിലും സംശയിക്കേണ്ട കാര്യമില്ല. രാജ്യത്ത് എല്ലാ വിഭാഗങ്ങൾക്കും ഏറ്റവും മികച്ച ആരോഗ്യപരിപാലന ലഭ്യത ഉറപ്പുവരുത്തുന്ന ഒരു സംസ്ഥാനത്തോടാണ് ‍ഡോ. കഫീൽ ഖാൻ തന്റെ സ്നേഹവും പരിചരണ സന്നദ്ധതയും അറിയിച്ചത്. അതിൽ ഒരു പ്രതിഷേധത്തിന്റെ ചുവ കൂടി അടങ്ങിയിട്ടുണ്ടായിരുന്നു. കുഞ്ഞുങ്ങൾ ശ്വാസം പിടഞ്ഞ് മരിക്കുമ്പോൾ വർഗീയത പൂണ്ട മനസ്സോടെ ‘പ്രതികാര’ത്തിന് മുന്നിട്ടിറങ്ങിയ ഒരു മുഖ്യമന്ത്രിയുടെ നാട്ടിൽ നിന്നാണ് കഫീൽ ഖാൻ സംസാരിച്ചത്. ഉറങ്ങാൻ വിടാതെ തിരിഞ്ഞുംമറിഞ്ഞും കിടന്നുരുകുന്ന തന്റെ മനസ്സാക്ഷി ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയം സംബന്ധിച്ച സന്ദേശമാണ് തികച്ചും നിഷ്കളങ്കവും തുറന്നതുമായ ഭാഷയിലൂടെ കഫീൽ ഖാൻ നമുക്ക് കൈമാറിയത്.

ഇടയിൽ, ലോകമൊന്നാകെ തങ്ങളുടെ മാനുഷികതയെയും സ്നേഹത്തെയും പുറത്തു കാട്ടാൻ ശ്രമിക്കുമ്പോൾ ശവംതീനിക്കഴുകന്മാരായി കാത്തിരിക്കുന്ന ബേബി മെമ്മോറിയൽ പോലുള്ള ആശുപത്രികളോടും നിശ്ശബ്ദമായ ഭാഷയിൽ കഫീൽ ഖാന്റെ വാക്കുകൾ സംസാരിച്ചു. അവരെ തോൽപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വരികൾക്കിടയിൽ പറഞ്ഞു വെച്ചു.

മുൻപും കഫീൽ ഖാൻമാർ നമുക്കിടയിലുണ്ടായിട്ടുണ്ട്. അവരോട് ചേരാനുള്ള തന്റെ പ്രവണത കൂടിയാണ് ഈ സന്ദേശം. ആരോഗ്യം ബിസിനസ്സാക്കുന്ന ഭരണകൂടങ്ങളാൽ അവരെല്ലാം എക്കാലത്തും വേട്ടയാടപ്പെട്ടിട്ടുമുണ്ട്. ശ്വാസം മുട്ടുന്ന കുഞ്ഞുങ്ങളുടെ പിടച്ചിൽ കാണാനരുതാതെ ഓക്സിജൻ സിലിണ്ടറുകൾക്കായി പാതിരാത്രിയിൽ നഗരത്തിലെമ്പാടും പാഞ്ഞു നടന്ന കഫീൽ ഖാനും പിന്നീട് വേട്ടയാടപ്പെട്ടു. ഗോരഖ്പൂരിലെ അരക്ഷിതമായ ജീവിതത്തിനിടയിൽ അദ്ദേഹം കണ്ടെത്തുന്ന ആശ്വാസത്തിന്റെ ഇടം കൂടിയാണ് കേരളം. ദൈവത്തോടുള്ള പ്രാർത്ഥനയ്ക്കു ശേഷവും സമാധാനം കണ്ടെത്താനാകാതെ പിടയുന്ന മനസ്സുകൾ രാജ്യത്തെമ്പാടും ഇനിയുമുണ്ട്. അവരുടെ അസ്വാസ്ഥ്യങ്ങൾക്കുള്ള പരിഹാരമായി ഉയരുന്ന പ്രത്യയശാസ്ത്രത്തെയാണ് ബദൽ എന്നു വിളിക്കേണ്ടത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

സന്ദീപ് കരിയന്‍

സന്ദീപ് കരിയന്‍

അഴിമുഖം സ്റ്റാഫ് റൈറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍