UPDATES

ഇനിയൊരിഞ്ച് ഭൂമി കൈയേറ്റക്കാരില്‍ നിന്നും സര്‍ക്കാരിന് തിരിച്ചു കിട്ടുമോ? മറുപടി പറയണം, സിപിഐക്കാര്‍ പ്രത്യേകിച്ചും

ഹാരിസണ്‍ മലയാളം കേസില്‍ ഹൈക്കോടതിയിലെ തോല്‍വി സര്‍ക്കാര്‍ മനപൂര്‍വ്വം ഉണ്ടാക്കിയെടുത്തതോ?

ഹാരിസണ്‍ മലയാളത്തിന്റെ കൈവശം ഉള്ളതും കമ്പനി കൈമാറ്റം ചെയ്തതുമുള്‍പ്പടെയുള്ള 38,000 ഏക്കറോളം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. സെപ്ഷ്യല്‍ ഓഫിസര്‍ ആയിരുന്നു രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഭൂമിയേറ്റെടുക്കല്‍ നടപടിയാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. രാജമാണിക്യം റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതി കേസുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികളും തള്ളിയിരിക്കുന്നു. ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ ഭൂമിയേറ്റെടുക്കലിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് കമ്പനിക്ക് അനുകൂലമായ വിധി ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

പ്രത്യക്ഷത്തില്‍ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് തിരിച്ചടിയേറ്റെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുമ്പോഴും ഇങ്ങനെയൊരു തിരിച്ചടി സര്‍ക്കാര്‍ മനഃപൂര്‍വം ഉണ്ടാക്കിയെടുത്തതാണെന്നതാണ് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയം. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സംസ്ഥാനതാത്പര്യത്തിനല്ല, മറിച്ച് കമ്പനികള്‍ക്ക് അനുകൂലമായി തരത്തിലാണ് പ്രവര്‍ത്തിച്ചതെന്നത് വെറും ആക്ഷേപമായി മാത്രം കാണേണ്ടതല്ല.

രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമിയേറ്റെടുക്കുന്നതിനെതിരേ കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പലതവണയായി സര്‍ക്കാരിനോട് അഫിഡവിറ്റ് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ അഫിഡവിറ്റ് കൊടുക്കുകയോ കേസ് വാദിക്കാന്‍ പ്രാപ്തനായ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുകയോ ചെയ്യാതെ ഉരുണ്ടു കളിക്കുകയായിരുന്നു സര്‍ക്കാര്‍. അതിന്റെ ഫലമാണ് ഇന്നത്തെ കോടതി വിധി.

തോട്ടം, വനം ഭൂമി ഏറ്റെടുക്കലുകളുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാരുകള്‍ തോല്‍ക്കുന്ന ചരിത്രമാണ് കൂടുതലും. ഇതിനൊരു അപവാദം ഉണ്ടാകുന്നത് 2013 ല്‍ ആണ്. സൂശീല ആര്‍ ഭട്ട് എന്ന പ്ലീഡര്‍ റവന്യു വകുപ്പിനുവേണ്ടി കോടതിയില്‍ വാദിക്കാന്‍ എത്തിയപ്പോഴാണ് കമ്പനികള്‍ വെള്ളം കുടിച്ചു തുടങ്ങിയത്. ടാറ്റ-ഹാരിസണ്‍ കേസുകള്‍ 11 വര്‍ഷത്തോളം നന്നായി പഠിച്ച സുശീല ഭട്ട് ആ ബലം വച്ച് വാദിച്ചപ്പോഴാണ് 2013 ല്‍ ജസ്റ്റീസ് ആശയുടെ സിംഗിള്‍ ബഞ്ച് ഹാരിസണിന്റെ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവ് ഇടുന്നത്. ഇതുപ്രകാരം ഭൂമിയേറ്റെടുക്കലുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ 2016 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നത്. സിപിഐക്ക് പതിവുപോലെ റവന്യു വകുപ്പ്. ഭൂമിയുടെ അവകാശത്തിനു വേണ്ടി സമരം ചെയ്ത പാര്‍ട്ടി ഭരണം കിട്ടിയതിനു തൊട്ടു പിന്നാലെ ചെയ്തത് സുശീല ആര്‍ ഭട്ടിനെ റവന്യു വകുപ്പിന്റെ പ്ലീഡര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയായിരുന്നു. പകരം, അതിനെക്കാള്‍ മിടുക്കന്‍ എന്ന വിശേഷണത്തോടെ രഞ്ജിത്ത് തമ്പാനെ തല്‍സ്ഥാനത്ത് നിയമിച്ചു. ഹാരിസണിനുവേണ്ടി കോടതിയില്‍ വാദിച്ചിട്ടുള്ള ആളായിരുന്നു രഞ്ജിത്ത് തമ്പാന്‍ എന്നറിയാതെയല്ല, അദ്ദേഹത്തെ തന്നെ കമ്പനിക്ക് എതിരേ വാദിക്കാന്‍ വേണ്ടി സിപിഐ നിയോഗിച്ചത്. പിന്നീട് വിവാദം ചൂടുപിടിച്ചപ്പോള്‍ രഞ്ജിത്തിനെ ഒഴിവാക്കി. അതിനുശേഷം ആറോളം പ്ലീഡര്‍മാരെ നിയോഗിച്ചു. നിലവില്‍ പ്രേമചന്ദ്ര പ്രഭുവാണ് പ്ലീഡര്‍. പതിനൊന്നു വര്‍ഷത്തോളം ടാറ്റയുടേയും ഹാരിസണിന്റെയും ഭൂമി വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കുകയും കോടതിയില്‍ കൃത്യമായ സമയങ്ങളില്‍ ഹാജരായി ആവശ്യമായ രേഖകളും തെളിവുകളും അഫിഡവിറ്റുകളും നല്‍കുകയും സംസ്ഥാനതാത്പര്യത്തിന് മാത്രം പ്രാമുഖ്യം കൊടുത്തുകൊണ്ടും കേസുകളുമായി മുന്നോട്ടു പോയിരുന്ന സുശീല ഭട്ടിന്റെ സ്ഥാനത്തേക്ക് ബന്ധപ്പെട്ട കേസുകളെക്കുറിച്ച് അവശ്യംവേണ്ട തയ്യാറെടുപ്പുകള്‍ പോലും നടത്താത്ത പ്ലീഡര്‍മാരെ മാറ്റി മാറ്റി നിയമിക്കുമ്പോള്‍ റവന്യു വകുപ്പിന് യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു ലക്ഷ്യമെന്നത് ജനങ്ങള്‍ക്ക് ഇനിയാണെങ്കിലും ആ വകുപ്പിനോടോ അത് കൈയാളുന്ന പാര്‍ട്ടിയോടോ ചോദിക്കാം. ഇപ്പോള്‍ തന്നെ ഉണ്ടായിരിക്കുന്ന പ്രതികൂല വിധി പ്ലീഡറുടെ വീഴ്ചയില്‍ നിന്നുണ്ടായതാണ്. ഇക്കാര്യത്തില്‍ ഒരു സര്‍ക്കാര്‍ വക്കീലിനെ മാത്രം കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല, അദ്ദേഹം സര്‍ക്കാരിന്റെ പ്രതിനിധി മാത്രമാണ്. ഒരു വക്കീല്‍ ഭരണകൂടത്തിന്റെ താത്പര്യത്തിനു മുകളില്‍ നിന്നു പ്രവര്‍ത്തിക്കുകയില്ലല്ലോ!

സിഡിയുടെ പിന്നാലെ പോയ മാധ്യമങ്ങള്‍ കാണാതെ പോയ കോടതി നിരീക്ഷണം

2016 ല്‍ ഇടതു മുന്നണി അധികാരത്തില്‍ വന്നതിനുശേഷവും 2017 ലും ഹൈക്കോടതിയില്‍ യാതൊരുവിധ അഫിഡവിറ്റും കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം. കേസില്‍ കൃത്യമായ വാദം നടത്താന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് കോടതി ഹാരിസണിന് അനുകൂലമായ വിധി നല്‍കിയിരിക്കുന്നത്. ഇവിടെ ആരാണ് യഥാര്‍ത്ഥ കുറ്റക്കാരെന്ന് സാമാന്യയുക്തിവച്ച് ബോധ്യപ്പെടും.

ഇപ്പോഴത്തെ കോടതി വിധി ഹാരിസണ്‍ ഭൂമിയില്‍ മാത്രമല്ല സംസ്ഥാനത്തിന് തിരിച്ചടി നല്‍കുന്നതെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തോട്ടം വനം മേഖലകളില്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ ഭൂമി അന്യാധീനമായി കൈവശപ്പെടുത്തിയിരിക്കുന്നവര്‍ക്കൊക്കെ ഹാരിസണിന്റെ വിജയം നേടാനാകുമെന്നതാണ് മനസിലാക്കേണ്ടത്. കമ്പനികളുടെ അനധികൃത ഭൂമി തിരിച്ചെടുക്കുന്നതില്‍ നിര്‍ണായക ഘടകമായി മാറുമായിരുന്ന രാജമാണിക്യം റിപ്പോര്‍ട്ടിനെതിരേ സര്‍ക്കാരില്‍ നിന്നും ഗൂഢനീക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആ റിപ്പോര്‍ട്ട് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഭരണകൂടവും സ്വകാര്യ കമ്പനികളും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ തെളിവുകളായിരുന്നുവെന്നും ആക്ഷേപങ്ങള്‍ ഉണ്ട്. ഈ കാര്യങ്ങള്‍ വളരെ വ്യക്തമായി പഠിച്ച് എഴുതിയിട്ടുള്ള പരിസ്ഥിതി-മാധ്യമ പ്രവര്‍ത്തകനായ സന്തോഷ് കുമാര്‍, അദ്ദേഹം 2017 ജൂണില്‍ കേരളീയം മാസികയില്‍ എഴുതിയ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. കേരളത്തില്‍ തോട്ടം ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ടുണ്ടായ തീരുമാനങ്ങളില്‍ അതിനിര്‍ണായകമായ ഒന്നായിരുന്നു ഡോ. രാജമണിക്യം ഐഎഎസിനെ സ്‌പെഷ്യല്‍ ഓഫിസറായി നിയോഗിച്ചത്. 1947 ന് മുമ്പ് വിദേശ കമ്പനികള്‍ കൈവശം വച്ചിരുന്നതും സ്വാതന്ത്ര്യാനന്തരം നിയമവിരുദ്ധമായും ഇന്ത്യന്‍ കമ്പനികളുട പേരിലും ബിനാമി ഇടപാടുകളിലൂടെയും കൈവശപ്പെടുത്തിയതുമായ തോട്ടം ഭൂമിയുടെ ഉടമസ്ഥത പരിശോധിക്കാനും, അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരേ കേരള ഭൂസംരക്ഷണം നിയമം 1957 ന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് രാജമാണിക്യത്തെ സ്‌പെഷല്‍ ഓഫിസറായി റവന്യു വകുപ്പ് നിയോഗിക്കുന്നത്. അദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് തോട്ടം കമ്പനികള്‍ കൈവശം വച്ചിരിക്കുന്നത് പാട്ടം ഭൂമിയാണെന്ന നാളിതുവരെ ഉണ്ടായിരുന്ന ധാരണകള്‍ തെറ്റാണെന്ന് തെളിയുന്നത്. ടാറ്റ, ഹാരിസണ്‍, ആംഗ്ലോ അമേരിക്കന്‍ കമ്പനി ലിമിറ്റഡ്, ട്രാവന്‍കൂര്‍ റബ്ബര്‍ കമ്പനി, പീരുമേട് ടീ കമ്പനി തുടങ്ങിയ തോട്ടം കമ്പനികള്‍ വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും അനധികൃതമായും കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 58 ശതമാനം വരുന്ന 5,20,000 ഏക്കര്‍ തോട്ടം ഭൂമി കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് തന്റെ റിപ്പോര്‍ട്ടില്‍ രാജമാണിക്യം സമര്‍ത്ഥിച്ചു. തോട്ടം ഭൂമി ഏറ്റെടുക്കുന്നതിന് തോട്ടം ഭൂമി സംബന്ധമായ മുഴുവന്‍ നിയമങ്ങളും പരിശോധിച്ച്, നിയമപരമായ മുഴുവന്‍ സാധ്യതകളും അദ്ദേഹം റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുകയും ചെയ്തിരുന്നു.

ഒടുവില്‍ ഹാരിസണിന്റെ അനധികൃത ഭൂമി ഏറ്റെടുക്കുന്നു; വന്‍ തട്ടിപ്പിന്റെ നീണ്ട വര്‍ഷങ്ങളിലൂടെ

ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് 1947, കേരള ഭൂസംരക്ഷണ നിയമം 1957, കേരള ഭൂസംരക്ഷണ നിയമം 1963 & 1969, കണ്ണന്‍ ദേവന്‍ ഭൂമി ഏറ്റെടുക്കല്‍(ഭേദഗതി) നിയമം 1971, ഫെറ നിയമം 1947 & 1973, ഇന്ത്യന്‍ കമ്പനി ആക്റ്റ്‌സ് 1956, ഇടവക അവകാശം ഏറ്റടുക്കല്‍ നിയമം 1955 തുടങ്ങിയ നിയമങ്ങളുടേയും, നിവേദിത പി ഹരന്‍, ജസ്റ്റിസ് എല്‍ മനോഹരന്‍ തുടങ്ങിയ കമ്മിഷന്‍ റിപ്പോര്‍ട്ടുകളുടേയും വിവിധ തിരുവിതാംകൂര്‍ ലാന്റ് റവന്യൂ മാന്വലിന്റെയും, 1972 ലെ സുപ്രീം കോടതി വിധിയുടേയും ഹൈക്കോടതി വിധികളുടേയും അടിസ്ഥാനത്തിലാണ് ടാറ്റ-ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഭൂമി കൈയടക്കിവച്ചിരിക്കുന്നത് എന്നാണ് രാജമാണിക്യം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. കമ്പനികള്‍ കൈവശം വച്ചിരിക്കുന്ന ഈ ഭൂമി നിയമനിര്‍മാണത്തിലൂടെ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാമെന്നും കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഭൂമിയുടെ പുനര്‍വിതരണം ശാസ്ത്രീയമായി നടപ്പിലാക്കണമെന്നും തന്റെ റിപ്പോര്‍ട്ടില്‍ രാജമാണിക്യം ഊന്നിപ്പറഞ്ഞിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2015 ഡിസംബര്‍ 30 ന് രാജമാണിക്യത്തെ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഭൂമി ഏറ്റെടുക്കുന്നതിന് അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടെ റവന്യു സ്‌പെഷല്‍ ഓഫിസറായി നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നത്. തുടര്‍ന്ന് ഹാരിസണിന്റെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ നാലു ജില്ലകളിലെ 38,051 ഏക്കര്‍ ഭൂമി 2015 ല്‍ ഏറ്റെടുത്തുകൊണ്ട് ഭൂമിയേറ്റെടുക്കല്‍ നടപടിക്ക് രാജമാണിക്യം തുടക്കം കുറിക്കുകയും ചെയ്തു. എന്നാല്‍ 2016 ല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഭൂമിയേറ്റെടുക്കല്‍ നിലച്ചു. സുശീല ഭട്ടിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നീക്കി. ഇതിന്റെയെല്ലാം തുടര്‍ച്ചയെന്നോണം നിയമവകുപ്പ് സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്, രാജമാണിക്യം റിപ്പോര്‍ട്ടിന് നിയമ സാധുതയില്ലെന്ന്. രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോട്ടം കമ്പനികള്‍ അനധികൃതമായി കൈയടക്കി വച്ചിരിക്കുന്ന ഭൂമിയേറ്റെടുക്കുവാന്‍ നിര്‍ദേശങ്ങള്‍ ആരാഞ്ഞുകൊണ്ട് 2016 സെപ്തംബര്‍ എട്ടിന് റവന്യു വകുപ്പ് നിയമ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് 2017 ഏപ്രില്‍ നാലിന് നിയമവകുപ്പ് സെക്രട്ടറി, രാജമണിക്യം റിപ്പോര്‍ട്ടില്‍ ഭൂമിയേറ്റെടുക്കലിന് ആധാരമാക്കിയിട്ടുള്ള നിയമങ്ങള്‍ക്കൊന്നും നിയമസാധുതയില്ലെന്ന് പറഞ്ഞത്. ഹൈക്കോടതി വിധി വരുന്നതിനും മുന്നേ തന്നെ രാജമാണിക്യം റിപ്പോര്‍ട്ട് അസാധുക്കുവാനുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ തന്നെ നടന്നിരുന്നുവെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്.

ഹാരിസണ്‍ ഭൂമി ബ്രിട്ടീഷ് രാജ്ഞിയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ഉള്ളത്. വ്യാജ പ്രമാണങ്ങളിലൂടെയാണ് ഭൂമി നേടിയതെന്നു ഹൈക്കോടതി കണ്ടെത്തിയടതോടെ 2015 നുശേഷം ഹാരിസണിനെതിരേ വലിയ തോതില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ തങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്ന സാഹചര്യം മനസിലാക്കി കമ്പനി പിരിച്ചു വിടുകയാണെന്ന് കാണിച്ച് ബ്രിട്ടീഷ് സര്‍ക്കരിന് ഹാരിസണ്‍ കത്തെഴുതി. എന്തുകൊണ്ടാണ് പിരിച്ചുവിടുന്നതെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ഷോകോസ് നോട്ട് അയച്ചിട്ടും അതിനു മറുപടി നല്‍കാതെ വന്നതോടെ 2017 ല്‍ ഹാരിസണ്‍ കമ്പനി പിരിച്ചുവിട്ടു. നഷ്ടം കാരണമല്ലാതെ ഒരു കമ്പനി പിരിച്ചുവിട്ടാല്‍ ആ ആസ്തി മുഴുവന്‍ സര്‍ക്കാരിലേക്ക് (രാജ്ഞിയിലേക്ക്) വന്നു ചേരും. അതിന്‍പ്രകാരമാണ് ഹാരിസണിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശം ബ്രീട്ടീഷ് രാജ്ഞിയുടെ കൈവശം എത്തുന്നത്. എന്നാല്‍ ഇന്ത്യയുടെ പരമാധികാര നിയമത്തെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ടാണ് ഇത്തരത്തില്‍ ഭൂമി കൈവശം വച്ചിരിക്കുന്നത്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് എന്തുകൊണ്ട് കഴിഞ്ഞില്ല? കഴിയാതെ പോയതല്ല, അതിനായി ശ്രമിച്ചില്ല. ചെയ്തിരുന്നെങ്കില്‍ ഇന്നത്തേതുപോലൊരു വിധിയാകില്ല ഉണ്ടാവുക.

സര്‍ക്കാര്‍ ഹാരിസണുമായി ഒത്തുകളിച്ചു എന്നതിന് തെളിവാകുന്നത് രാജമാണിക്യം റിപ്പോര്‍ട്ടിനെ എതിര്‍ത്തുകൊണ്ട് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളാണ്. വിദേശ കമ്പനികള്‍ ഇന്ത്യന്‍ നാട്ടുരാജ്യമായ തിരുവിതാംകൂറുമായി സ്വാതന്ത്ര്യത്തിന് മുമ്പ് ഉണ്ടാക്കിയ കരാറിന് നിയമസാധുതയിലെന്ന് രാജമാണിക്യം സമര്‍ത്ഥിക്കുന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടിന്റെ വകുപ്പ് 7,1(b) ഉപവകുപ്പ് വച്ചാണ്. അതില്‍ പറയുന്നത്; ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്റ്റ് നിലവില്‍ വന്നതോടുകൂടി വിദേശ ഭരണാധികാരികള്‍ക്ക് ഇന്ത്യയിലുള്ള എല്ലാ അവകാശങ്ങളും നഷ്ടമാകുന്നതും വിദേശ ഭരണാധികാരികളും നാട്ടുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചിട്ടുള്ള ഉടമ്പടികളും അവകാശങ്ങളും അതിനാല്‍ റദ്ദ് ആകുന്നത് ആയിരിക്കുമെന്നുമാണ്.

ടാറ്റയ്ക്കും ഹാരിസണിനും കുടപിടിച്ച് സര്‍ക്കാര്‍; രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കുന്നു

എന്നാല്‍ രാജമാണിക്യം ചൂണ്ടികാണിക്കുന്ന ഈ വസ്തുതയെ നിയമവകുപ്പ് ഖണ്ഡിക്കുകയാണ്. അവര്‍ പറയുന്നത്, ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ടിലെ ഉപവകുപ്പ് രാഷ്ട്രീയ കരാറുകള്‍ക്ക് മാത്രമാണ് ബാധകമെന്നും ഇന്ത്യന്‍ നാട്ടുരാജ്യങ്ങളുമായി ബ്രിട്ടീഷ് കമ്പനികള്‍ ഉണ്ടാക്കിയിരിക്കുന്നത് രാഷ്ട്രീയ കരാര്‍ അല്ലെന്നുമാണ്. രാഷ്ട്രീയ കരാര്‍ അല്ലാത്തവ സ്വാതന്ത്ര്യാനന്തരവും നിലനില്‍ക്കുമെന്നും നിയമവകുപ്പ് പറയുന്നു. സാമാന്യയുക്തി കൊണ്ട് ചിന്തിച്ചാല്‍ നിരര്‍ത്ഥകം എന്നു വ്യക്തമാക്കുന്ന ന്യായവാദങ്ങള്‍ ഉയര്‍ത്തി രാജമാണിക്യം റിപ്പോര്‍ട്ടിനെ ഇല്ലാതാക്കാന്‍ തന്നെയാണ് നിയമവകുപ്പ്(സര്‍ക്കാര്‍)ശ്രമിച്ചതെന്ന് ആര്‍ക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. ഹൈക്കോടതി തന്നെ വ്യാജരേഖള്‍ ചമച്ച് ഭൂമി സ്വന്തമാക്കിയെന്ന് ഹാരിസണിനെതിരേ പറഞ്ഞപ്പോഴും അതല്ല, അവര്‍ പാട്ടത്തിനെടുത്ത ഭൂമിയാണെന്ന് കോടതിയോട് തിരിച്ചു പറഞ്ഞതും സര്‍ക്കാര്‍ തന്നെയാണ്.

ഈ കോടതി വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണെന്ന് സുശീല ഭട്ടും ഇത്തരുണത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് മേല്‍വിവരിച്ച കാര്യങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ്. ഇനിയൊരു തുണ്ടുപോലും സര്‍ക്കാരിന് തട്ടിപ്പുകാരില്‍ നിന്നും തിരിച്ചു പിടിക്കാന്‍ സാധിക്കില്ലെന്നും ഈ വിഷയങ്ങളില്‍ ഗഹനമായ പഠനം നടത്തിയിട്ടുള്ള സുശീല ഭട്ട് പറയുമ്പോള്‍, ഭൂരഹിതവരുടെ ദുരവസ്ഥ തുടരുമെന്നും അവര്‍ നിസ്സാഹയതോടെ മാധ്യമങ്ങളെ അറിയിക്കുമ്പോള്‍…സര്‍ക്കാരിന്, പ്രത്യേകിച്ച് റവന്യു ഭരിക്കുന്ന സിപിഐ എന്ത് മറുപടിയാണ് പറയാന്‍ പോകുന്നത്?

ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ എവിടെയാണ് ഭൂമിയുള്ളതെന്ന് രാജമാണിക്യം ചൂണ്ടിക്കാണിച്ചിരിക്കുന്നു; നടപ്പാക്കാന്‍ ധൈര്യമുണ്ടോ ഇടതുസര്‍ക്കാരിന്?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍