അഴിമുഖം പ്രതിനിധി
സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സോളാര്‍ കേസ് സിബിഐ അന്വേഷിക്കണം എന്ന ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് കമാല്‍പാഷ സരിതയെ വിമര്‍ശിച്ചത്. സരിതയ്ക്ക് വിശ്വാസ്യതയില്ലെന്ന് കോടതി പറഞ്ഞു. സരിതയുടെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.
രാഷ്ട്രീയക്കളിയില്‍ കോടതിക്ക് താല്പര്യമില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിക്ക് എതിരെ പരാതിയുമായി വന്നിരിക്കുന്നുവെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ പരാതിയുണ്ടെങ്കില്‍ സരിത അത് ഉന്നയിക്കണം.
എന്തിന് ശ്രീധരന്‍നായരെ കൂട്ടുപിടിക്കുന്നുവെന്ന് സരിതയോട് കോടതി ആരാഞ്ഞു. പരാതി ഉണ്ടെങ്കില്‍ ശ്രീധരന് നായര്‍ വരട്ടെ. പരാതിക്കാരനുവേണ്ടിയെങ്ങനെ പ്രതി കേസ് നടത്തും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കഴമ്പുള്ള കേസുകള്‍ പരിഗണനയിലുണ്ടെന്നും കോടതിയുടെ സമയം മെനക്കെടുത്തരുതെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്ന് സരിത പറഞ്ഞു.