UPDATES

ട്രെന്‍ഡിങ്ങ്

തിരുവനന്തപുരം വിമാനത്താവളം: ലേലനടപടികൾ താൽക്കാലികമായിരിക്കുമെന്ന് ഹൈക്കോടതി; കേരളവുമായി ഏറ്റുമുട്ടാൻ നിൽക്കരുതെന്ന് കോടിയേരി

കേരളത്തിന്റെ സഹായമില്ലാതെ അദാനിക്ക് വിമാനത്താവളം നടത്തിക്കൊണ്ടു പോകാനാകില്ലെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനുള്ള തുടർ ലേലനടപടികൾ താൽക്കാലികമായിരിക്കുമെന്ന് ഹൈക്കോടതി. കോടതിയുടെ അന്തിമവിധിക്ക് അനുസൃതമായിരിക്കും നടപടികളുടെ സാധുതയെന്ന് കോടതി വ്യക്തമാക്കി. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്ഐഡിസി) സമർപ്പിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 28നാണ് ടെൻഡറിന്റെ തുടർനടപടികൾ തുടങ്ങുക.

ലേലനടപടികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കെഎസ്ഐഡിസി കോടതിയെ സമീപിച്ചിരുന്നെങ്കിലും ലേലം തടയുകയുണ്ടായില്ല. തിരുവിതാംകൂർ രാജഭരണകാലത്താണ് വിമാനത്താവളം തുടങ്ങിയത്. അന്ന് സ്ഥലം സൗജന്യമായാണ് നൽകിയത്. കേന്ദ്രം കൈയൊഴിയുകയാണെങ്കിൽ വിമാനത്താവളം സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നാണ് സംസ്ഥാന സർക്കാരിന്റെ ആരോപണം.

2018 ഡിസംബർ 14നാണ് ടെൻ‍ഡർ ക്ഷണിച്ചത്. ലേലനടപടിയുടെ ഭാഗമായ ആർഎഫ്പി രേഖകളിലെ അവ്യക്തകൾ തീർത്ത് 2019 ഫെബ്രുവരി എട്ടുവരെ തിരുത്തലുകൾ നടന്നതിനാൽ ടെൻഡർ സമർപ്പിക്കാൻ ആറ് ദിവസമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് ഹരജിക്കാർ ആരോപിച്ചു. നിയമവിരുദ്ധമായ രീതിയിലാണ് ടെൻഡർ നടപടികൾ നടന്നതെന്നും ഹരജിക്കാർ ആരോപിച്ചു. ടെൻഡർ നടപടികൾ റദ്ദാക്കണമെന്ന ഹരജിക്കാരുടെ ആവശ്യം പക്ഷെ പരിഗണിക്കപ്പെട്ടില്ല.

സംസ്ഥാന സർക്കാറിന് കീഴിലെ കെ.എസ്.ഐ.ഡി.സി ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും രണ്ടാമത് എത്താനേ കഴിഞ്ഞുള്ളൂ. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തിലും അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയത്. സ്വകാര്യവത്കരണത്തിനെതിരായ ഹരജി ഹൈകോടതി തള്ളി.

മറ്റു കക്ഷികൾ മുമ്പോട്ടു വെക്കുന്ന ലേലത്തുക കെഎസ്ഐഡിസിയെക്കാൾ 10% മാത്രമാണ് കൂടുതലെങ്കിൽ കരാർ സര്‍ക്കാര്‍ ഏജൻസിക്ക് കിട്ടുന്ന രീതിയില്‍ കേന്ദ്രം ഇളവനുവദിച്ചിരുന്നു. എന്നാൽ ഇത് മുൻകൂട്ടിക്കണ്ട് അദാനി ഗ്രൂപ്പ് വൻതുക കൂട്ടി വിളിച്ചു. തിരുവനന്തപുരത്തിന് പുറമെ മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിലെ ലേലത്തിലും അദാനി തന്നെയാണ് ഒന്നാമതെത്തിയത്.

അതെസമയം സ്വകാര്യവൽക്കരണത്തിനെതിരെ സിപിഎം ശക്തമായി രംഗത്തുണ്ട്. ലേലം അദാനി ഗ്രൂപ്പിന് ഉറപ്പിക്കാതെ കേരളത്തിന് കൈമാറാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ സഹായമില്ലാതെ അദാനിക്ക് വിമാനത്താവളം നടത്തിക്കൊണ്ടു പോകാനാകില്ലെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുത്തു വേണം കേന്ദ്രം മുമ്പോട്ടു പോകാനെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിമാനത്താവള ലേലം കേന്ദ്രം പ്രഹസനമാക്കി മാറ്റിയതായി അദ്ദേഹം ആരോപിച്ചു.

സർക്കാരിനെ ശത്രുപക്ഷത്ത് നിർത്തി ലാഭമുണ്ടാക്കാമെന്ന് അദാനി കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും രണ്ടുനാൾ മുമ്പ് പ്രസ്താവിച്ചിരുന്നു. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ലെന്നും മോദിയുമായി പരിചയമുണ്ട് എന്നതാണ് കാര്യമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍