UPDATES

രഹ്ന ഫാത്തിമ ചോദിക്കുന്നു: എന്റെ അദ്ധ്വാനവും കഴിവും കൊണ്ട് നേടിയ പ്രമോഷന്‍ നിഷേധിക്കുന്നതെങ്ങനെ, സദാചാര സങ്കല്‍പ്പങ്ങള്‍ക്ക് തൊഴിലിടത്തിലെന്ത് പ്രസക്തി?

രഹന ഫാത്തിമയ്ക്ക് എതിരെയുള്ള പോലീസ് കേസും അവര്‍ നേരിടുന്ന വകുപ്പ് തല അന്വേഷണവും പരിഗണിച്ചാണ് പ്രമോഷന്‍ ട്രെയിനിങ്ങില്‍ നിന്ന് അവരെ ഒഴിവാക്കിയതെന്നും വ്യക്തി വിരോധത്തിന്റെ പേരിലല്ലെന്നുമാണ് ബിഎസ്എന്‍എല്‍ പറയുന്നത്‌

രഹന ഫാത്തിമയുടെ വകുപ്പ് തല പരീക്ഷയുടെ ഫലം ബിഎസ്എന്‍എല്‍ തടഞ്ഞുവെച്ചതിനെതിരെ ഹൈക്കോടതി ഉത്തരവ്. രഹനയുടെ പരീക്ഷ ഫലം പ്രസിദ്ധീകരിക്കാനും യോഗ്യത മാര്‍ക്ക് നേടിയിട്ടുണ്ടെങ്കില്‍ പരിശീലന പരിപാടിയില്‍ രഹനയെ ഉള്‍പ്പെടുത്താനും ഇന്നലെ കോടതി ഉത്തരവിട്ടു.

2018 ജനുവരി 28ന് ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് വേണ്ടി നടത്തിയ വകുപ്പ് തല പരീക്ഷയുടെ ഫലമാണ് ബിഎസ്എന്‍എല്‍ തടഞ്ഞുവെച്ചത്. ഇതുമൂലം പരീക്ഷ വിജയിച്ചവര്‍ക്കായി നടത്തുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ രഹനയ്ക്ക് സാധിക്കാത്ത സാഹചര്യമായിരുന്നു. ഇക്കാരണത്താലാണ് കോടതിയെ സമീപിച്ചതെന്ന് രഹന വ്യക്തമാക്കുന്നു.

ജനുവരി 28നാണ് ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള വകുപ്പ് തല പരീക്ഷ നടക്കുന്നത്. ഓണ്‍ലൈന്‍ പരീക്ഷ ആയിട്ടുകൂടി ഏതാണ്ട് ഒരു വര്‍ഷം കൊണ്ടാണ് ഫലപ്രഖ്യാപനത്തിന്റെയും ട്രെയിനിങ്ങിന്റെയും കാര്യത്തില്‍ തീരുമാനം ഉണ്ടാവുന്നത്. ഇത്ര കഷ്ടപ്പാടുകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ എനിക്ക് കിട്ടിയ അര്‍ഹമായ പ്രമോഷനാണ് യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഒരു ആരോപണത്തിന്റെ പേരില്‍ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. 2005 – ലാണ് ഗ്രൂപ്പ് D തസ്തികയില്‍ ഞാന്‍ ബിഎസ്എന്‍എല്‍ ജീവനക്കാരിയാവുന്നത്. തുടര്‍ന്ന് വകുപ്പ് തല പരീക്ഷ എഴുതി ടെലികോം ടെക്‌നീഷ്യനായി. ആ തസ്തികയില്‍ ഇരുന്നാണ് ജൂനിയര്‍ എഞ്ചിനീയര്‍ പരീക്ഷ എഴുതുന്നത്. പരീക്ഷയില്‍ വിജയിച്ചവരുടെ ഓള്‍ ഇന്ത്യ ലിസ്റ്റില്‍ ഞാന്‍ ഉള്‍പ്പെട്ടിരുന്നു. അതു മുന്‍പേ തന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

മേഖല തിരിച്ചുള്ള ഫലപ്രസിദ്ധീകരണത്തിന്റെ ഭാഗമായാണ് കേരളത്തില്‍ പരീക്ഷ വിജയിച്ചവരുടെ ഫലം കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് പ്രസിദ്ധപ്പെടുത്തിയത്. കേരളത്തില്‍ നിന്ന് ഇരുപത്തഞ്ചു പേര്‍ പരീക്ഷ ജയിച്ചതില്‍ എന്റെ ഒഴികെ ഇരുപത്തി നാലുപേരുടെയും പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ട്രെയിനിങ്ങിനു വിളിക്കുകയും ചെയ്തു. എന്തുകൊണ്ട് എന്നെ മാത്രം ഒഴിവാക്കുന്നു എന്നതിന്റെ കാരണം തേടി ബിഎസ്എന്‍എല്‍ ഭവനിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗവുമായി പല തവണ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിശദീകരണം അവര്‍ തന്നില്ല. ആ ഒരു സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുന്നത്’.രഹ്ന പറഞ്ഞു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കെട്ടിച്ചമയ്ക്കപ്പെട്ട ഒരു കേസിന്റെ പേരില്‍ തന്റെ ജീവിതവും കരിയറും അവസാനിച്ചു എന്ന് ചിന്തിക്കുന്നവരാണ് ഇതിന്റെ പിന്നിലെന്ന് രഹന ആരോപിക്കുന്നു. പോലീസ് അറസ്റ്റ് ചെയ്തു അരമണിക്കൂറിനുള്ളില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത അധികൃതര്‍ കേസില്‍ ജാമ്യം കിട്ടി ഇത്ര ദിവസങ്ങളായിട്ടും സസ്‌പെന്‍ഷനെ സംബന്ധിച്ച് യാതൊരു വിവരങ്ങളും നല്‍കുന്നില്ലെന്നും രഹന പറയുന്നു.

ശബരിമല വിവാദങ്ങളൊക്കെ വരുന്നതിനു മുന്‍പ് രേഷ്മ രമേശ് എന്ന സ്ത്രീ രഹന ഫാത്തിമയ്‌ക്കെതിരെ ബിഎസ്എന്‍എല്‍ അധികൃതര്‍ക്ക് പരാതി കൊടുത്തിരുന്നു. രഹന ഫാത്തിമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന എഴുത്തും ചിത്രങ്ങളും സദാചാര വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു പരാതി. ആ പരാതി സ്വീകരിച്ചു കൊണ്ട് രഹനയ്ക്ക് എതിരെ വകുപ്പ് തല അന്വേഷണവും ബിഎസ്എന്‍എല്‍ ആരംഭിച്ചിരുന്നു.

ശബരിമല വിവാദങ്ങളും രഹനയുടെ അറസ്റ്റും ഈ വകുപ്പ് തല അന്വേഷണത്തിന്റെ പരിധിയില്‍ പെടുത്തിയാണ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്ന് ബിഎസ്എന്‍എല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായ സാനി ജോസഫ് അഴിമുഖത്തോട് പറഞ്ഞു. ‘വിജിലന്‍സ് ക്ലിയറന്‍സ് കിട്ടുന്ന മുറയ്ക്ക് മാത്രമേ പ്രമോഷന്‍ കാര്യങ്ങളിലേയ്ക്ക് ജീവനക്കാരെ പരിഗണിയ്ക്കാറുള്ളു. ബിഎസ്എന്‍എല്‍ തുടര്‍ന്നു പോരുന്ന ചട്ടമാണത്. രഹന ഫാത്തിമയ്ക്ക് എതിരെയുള്ള പോലീസ് കേസും അവര്‍ നേരിടുന്ന വകുപ്പ് തല അന്വേഷണവും പരിഗണിച്ചാണ് പ്രമോഷന്‍ ട്രെയിനിങ്ങില്‍ നിന്ന് അവരെ ഒഴിവാക്കിയത്. അല്ലാതെ മറ്റാരുടെയെങ്കിലും വ്യക്തി വിരോധത്തിന്റെ പേരിലല്ല. വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാക്കി അതിന്റെ റിപ്പോര്‍ട്ട് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ അവരുടെ സസ്‌പെന്‍ഷന്‍ എപ്പോള്‍ അവസാനിക്കും എന്ന് പറയാനാവൂ ‘.

എന്നാല്‍ ഏത് തരത്തിലുള്ള വകുപ്പ് തല അന്വേഷണത്തിനോടും തനിക്ക് എതിര്‍പ്പില്ലെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും രഹന വ്യക്തമാക്കുന്നു. ‘ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് എന്റെ പേഴ്‌സണല്‍ സമയങ്ങളിലാണ്. നാളിതുവരെ ജോലിയില്‍ ഏതെങ്കിലും രീതിയിലുള്ള വീഴ്ചയോ കൃത്യവിലോപമൊ ഞാന്‍ വരുത്തിയിട്ടില്ല. മറ്റ് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ മോഡലിങ്ങ് ചെയ്യാറില്ല, അവര്‍ ബോഡി പൊളിറ്റിക്‌സ് സംസാരിക്കാറില്ല എന്നതിന്റെ പേരില്‍ ഞാന്‍ ചെയ്യുന്നത് എന്തോ ക്രിമിനല്‍ കുറ്റമാണെന്ന ധാരണയിലാണ് ഈ വകുപ്പ് തല അന്വേഷണം ആരംഭിച്ചത്. ഓരോ വ്യക്തികളുടെയും സദാചാര സങ്കല്പവും മൂല്യ ബോധവും ഒക്കെ വ്യത്യസ്തമായിരിക്കും.

സാനി ജോസഫ്, ഷീല ദേവി , ഗീത എന്നീ മേലുദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്റെ ബിക്കിനി ഇട്ട ഫോട്ടോസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ബിഎസ്എന്‍എലിന്റെ സല്‍പ്പേര് കളഞ്ഞു എന്നു പറഞ്ഞും റമ്യൂണറേഷന്‍ ഇല്ലാതെ ആര്‍ട്ട്‌സിനിമയില്‍ ആക്റ്റ് ചെയ്തതിന് പെര്‍മിഷന്‍ എടുത്തില്ല എന്ന നിലനില്‍ക്കാത്ത വകുപ്പ് ചേര്‍ത്തും ആക്ഷന്‍ എടുക്കാന്‍ കേസ് ഉണ്ടാക്കിയത്. അവരുടെ സദാചാര പ്രശ്‌നങ്ങള്‍ ആണ് ഇതില്‍ പ്രതിഫലിച്ചത്. തികച്ചും വ്യക്തിപരമായ ഇത്തരം കാര്യങ്ങള്‍ക്ക് ഒരു തൊഴിലിടത്തില്‍ എന്ത് പ്രസക്തി എന്നാണ് ഞാന്‍ ചോദിക്കുന്നത്.

ഞാന്‍ സോഷ്യല്‍ മീഡിയയിലും പൊതു സമൂഹത്തിലും ചെയ്യുന്ന കാര്യങ്ങളോട് തീവ്ര മത ചിന്തകരായ പലര്‍ക്കും എതിര്‍പ്പുണ്ട്. അവര്‍ വ്യക്തി വിദ്വെഷത്തിന്റെ പേരില്‍ കൊടുത്ത ഈ പരാതിയെയും അതിന്മേലുള്ള അന്വേഷണത്തെയും ഞാന്‍ ഭയപ്പെടുന്നുമില്ല. എന്നാല്‍ അതിന്റെ പേരില്‍ എന്റെ അധ്വാനവും കഴിവും ഉപയോഗിച്ച് നേടിയെടുത്ത പ്രമോഷന്‍ നിഷേധിക്കുന്നത് എനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. എന്റെ വാദത്തിനു പ്രസക്തിയുണ്ടെന്ന് ബോധ്യപ്പെട്ടിട്ടാണ് അനുകൂലമായ വിധി കോടതി ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

മുപ്പത്തിയൊന്നാം തീയതി ആരംഭിക്കുന്ന ട്രെയിനിങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ഇപ്പോഴത്തെ പ്രതീക്ഷ.കൃത്യമായി പരീക്ഷയും വകുപ്പ് തല പ്രമോഷനും ഒന്നും നടക്കുന്ന പൊതുമേഖലാ സ്ഥാപനമല്ല ബിഎസ്എന്‍എല്‍. ഒരു ഓണ്‍ലൈന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാന്‍ തന്നെ ഒരു വര്‍ഷമെടുത്തു. അതുകൊണ്ട് ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ഈ തവണ മാറി നിന്ന് അടുത്ത അവസരത്തിനായി കാത്തിരിക്കുക എന്ന് പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല’.

സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല കയറാന്‍ ശ്രമിച്ചെന്നും കറുത്ത വസ്ത്രമണിഞ്ഞു തുട കാണുംവിധം സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചെന്നും ആരോപിച്ചാണ് നവംബര്‍ 27 നു രഹന ഫാത്തിമയെ ജോലി സ്ഥലത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ 295 A വകുപ്പാണ് രഹനയ്ക്ക് എതിരെ ചുമത്തിയിരുന്നത്. രഹന ഫാത്തിമയുടെ അറസ്റ്റിനെതിരെയും അവര്‍ക്ക് ജാമ്യം നിഷേധിച്ചതിനെതിരെയും നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഡിസംബര്‍ 14 നു ഹൈക്കോടതി രഹനയക്ക് ജാമ്യം അനുവദിക്കുകയും പിറ്റേന്ന് അവര്‍ ജയില്‍ മോചിതയാവുകയും ചെയ്തു.

രഹന ഫാത്തിമ സംസാരിക്കുന്നു; ശബരിമലയില്‍ ബിജെപിയുടെ ‘ബി ടീം’ ആരാണെന്ന് ഇപ്പോള്‍ ആളുകള്‍ക്ക് മനസിലായിട്ടുണ്ടാവും

വനിതാ മതില്‍ എന്തിനെന്ന് പോലും അറിയാത്ത പ്രതിപക്ഷ നേതാവ് ചോദ്യങ്ങൾ ഉന്നയിക്കുന്നു: മുഖ്യമന്ത്രി

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍