UPDATES

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചാര്‍ത്തിയ മൂന്ന് യുഎപിഎ കേസുകള്‍ കൂടി തള്ളി; ഇനിയുള്ളത് നാല്‍പ്പതോളം കേസുകള്‍

മറ്റ് കേസുകളിലെ വിചാരണ തുടരുന്നതിനാല്‍ രൂപേഷിന് ജയിലില്‍ തന്നെ തുടരേണ്ടി വരും

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ മൂന്ന് യുഎപിഎ കേസുകള്‍ കൂടി ഹൈക്കോടതി ഇന്ന് റദ്ദാക്കി. വളയം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകലും കുറ്റ്യാടി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസുമാണ് റദ്ദാക്കിയത്. യുഎപിഎ കേസുകളും രാജ്യദ്രോഹക്കുറ്റവുമാണ് റദ്ദാക്കിയത്. കേസുകളിലെ ഈ വകുപ്പുകള്‍ മാത്രമാണ് റദ്ദാക്കിയത്. കേസിലെ ബാക്കിയുള്ള ഐപിസി വകുപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. പ്രത്യേക അനുമതിയോടെ മാത്രമാണ് ഈ വകുപ്പുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ ചട്ടങ്ങള്‍ പാലിക്കാതെ വകുപ്പുകള്‍ ചുമത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഈ മൂന്ന് കേസുകളും റദ്ദാക്കിയത്. രൂപേഷിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്ന കേസുകളാണ് ഹൈക്കോടതി റദ്ദാക്കുന്നത്.

പ്രോസിക്യൂഷന്‍ അനുമതിക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാലതാമസമുണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആദ്യ മാവോവാദി കേസില്‍ രൂപേഷിന്റെമേല്‍ 2013ല്‍ കര്‍ണാടക ബാഗമണ്ഡല പൊലീസ് ചുമത്തിയ യു.എ.പി.എ കുടക് മടിക്കേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നു. വയനാട്ടില്‍ പശ്ചിമഘട്ടം കേന്ദ്രീകരിച്ച പ്രത്യേക മാവോവാദി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യു.എ.പി.എ ചുമത്തിയിരുന്നത്. നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിച്ചു, സംഘടനയുടെ ലഘുലേഖകള്‍ വിതരണം ചെയ്തു എന്നിവയാണ് രൂപേഷിനെതിരായ കേസുകള്‍. കേസുകള്‍ ദുര്‍ബലമായതാണ് ഇന്നത്തെ ഹൈക്കോടതി വിധികൊണ്ട് തങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടമെന്ന് രൂപേഷിന്റെ ഭാര്യ ഷൈമ അഴിമുഖത്തോട് പ്രതികരിച്ചു.

കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സെഷന്‍സ് കോടതിയില്‍ രൂപേഷ് നല്‍കിയ ഹര്‍ജി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് രൂപേഷ് നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ വളയം, കുറ്റ്യാടി പോലീസ് സ്‌റ്റേഷനുകളില്‍ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയതായി കോടതി നിരീക്ഷിച്ചു. തന്റെ പേരില്‍ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയത് സൂക്ഷ്മമായി പഠിക്കാതെയാണെന്ന് രൂപേഷ് വാദിച്ചു. കൂടാതെ പ്രോസിക്യൂഷന്‍ അനുമതി വാങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേസ്വഭാവമുള്ള നാല്‍പ്പതോളം കേസുകള്‍ രൂപേഷിന് മേല്‍ ഇനിയുമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡ്വ. കെ എസ് മധുസൂദനന്‍ അഴിമുഖത്തോട് പ്രതികരിച്ചു. കേസ് ചുമത്താന്‍ അനുമതി തേടുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാണ് കേസുകള്‍ റദ്ദാക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് കേസുകള്‍ പോലെയല്ല യുഎപിഎ. സര്‍ക്കാര്‍ അനുമതി കൊടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ നിയമിക്കുന്ന ഒരു അധികാരി ഈ തെളിവുകള്‍ പരിശോധിച്ച് അനുമതി കൊടുക്കേണ്ടതാണോ അല്ലയോയെന്ന് ശുപാര്‍ശ ചെയ്യണം. ആ ശുപാര്‍ശ കിട്ടിയതിന് ശേഷമാണ് സര്‍ക്കാര്‍ ഈ അനുമതി കൊടുക്കുന്നത്. പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥന്‍ നല്‍കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ ഈ അധികാരി സര്‍ക്കാരിന് ശുപാര്‍ശ നല്‍കണമെന്നും പിന്നീട് വീണ്ടും ഏഴ് ദിവസത്തിനകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നുമാണ് നിയമം. മൊത്തത്തില്‍ പതിനാല് ദിവസത്തിനുള്ളിലാണ് തീരുമാനമെടുക്കേണ്ടത്.

ഇതിന് മുമ്പുള്ള നിയമങ്ങളായ ടാഡയിലോ പോട്ടയിലോ ഒന്നും ഇത്തരത്തിലുള്ള സമയബന്ധിതമായ വ്യവസ്ഥകളുണ്ടായിരുന്നില്ല. ടാഡയില്‍ ജില്ലയിലെ പോലീസ് മേധാവിയാണ് അനുമതി നല്‍കേണ്ടത്. അവിടെ അധികാരിയുടെ ശുപാര്‍ശ ആവശ്യമുണ്ടായിരുന്നില്ല. പോട്ടയില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. അവിടെയും അധികാരിയുടെ ശുപാര്‍ശ ആവശ്യമില്ലായിരുന്നു. അതുപോലെ തീരുമാനം സമയബന്ധിതമാകണമെന്ന വ്യവസ്ഥയും ഉണ്ടായിരുന്നില്ല. യുഎപിഎ കര്‍ശനമായ ഒരു നിയമമായതിനാല്‍ സര്‍ക്കാര്‍ ഉചിതമായി പെരുമാറിയെന്ന് വരണമെന്നതിനാലാണ് ഇത് സമയബന്ധിതമാക്കിയത്. അതിനായാണ് ഒരു അധികാരിയെ നിയമിക്കുന്നതും. ആ അതോറിറ്റി തീരുമാനമെടുക്കുന്നത് അനന്തകാലം നീട്ടിക്കൊണ്ട് പോകുമെന്നത് മനുഷ്യാവകാശ ലംഘനമാകുമെന്നതിനാലാണ് സമയവും നിശ്ചയിച്ചത്. ഇങ്ങനെ സമയം നിശ്ചയിച്ചില്ലെങ്കില്‍ യുഎപിഎ കേസില്‍ ഒരാളെ കുറ്റപത്രം സമര്‍പ്പിക്കാതെ 180 ദിവസം വരെ അകത്തിടാനാകും. കുറ്റപത്രത്തില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ട് കഴിഞ്ഞാല്‍ അയാള്‍ക്ക് പിന്നെ പുറത്തുകടക്കാന്‍ സാധിക്കാതെ വരികയും ചെയ്യും. അത് അയാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കാര്യമാണ്. അതിനാലാണ് യുഎപിഎയില്‍ തീരുമാനമെടുക്കുന്നത് സമയബന്ധിതമാക്കുന്നത്. യുഎപിഎ കേസുകളില്‍ നാലും ആറും ചാപ്റ്ററുകളില്‍ വരുന്ന കുറ്റങ്ങള്‍ക്കാണ് ഈ അനുമതി ആവശ്യമുള്ളത്. നാലാം ചാപ്റ്ററില്‍ വരുന്നത് ഇരുപതാം വകുപ്പും ആറാം ചാപ്റ്ററില്‍ വരുന്നത് 38-ാം വകുപ്പുമാണ്.

രൂപേഷിന്റെ കേസില്‍ അധികാരിയെന്ന് പറയുന്നത് മൂന്ന് പേരുള്ള ഒരു കമ്മിറ്റിയായിരുന്നു. ലോ സെക്രട്ടറി, ഹോം സെക്രട്ടറി, പോലീസ് മേധാവി എന്നിവരാണ് ആ കമ്മിറ്റിയിലുണ്ടായിരുന്നത്. പിന്നീട് ഈവര്‍ഷം മെയ് അഞ്ചിന് റിട്ടയേര്‍ഡ് ജഡ്ജി പി എസ് ഗോപിനാഥന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിക്ക് കൂടി രൂപം നല്‍കി. സര്‍ക്കാര്‍ അധികാരികള്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കാതിരുന്നപ്പോഴാണ് ജസ്റ്റിസ് ഗോപിനാഥന്‍ കമ്മിറ്റി നിലവില്‍ വന്നത്. എന്നാല്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട അന്വേഷണവും അദ്ദേഹത്തിനുണ്ടായിരുന്നത് കൊണ്ട് അദ്ദേഹത്തിനും ഏഴ് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാനായില്ല. ഇത്തരത്തില്‍ ആറ് മാസത്തോളം കാലതാമസമുണ്ടായതിനെ തുടര്‍ന്നാണ് രൂപേഷിനെതിരായ കേസുകള്‍ കോടതി റദ്ദാക്കിയതെന്ന് അഡ്വ. മധുസൂദനന്‍ അറിയിച്ചു. ഈ വിധികൊണ്ട് പ്രസ്തുത കേസുകളിലെ വിചാരണ ഇനിയുണ്ടാകില്ലെന്ന് മാത്രമാണ് നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചച്ചേര്‍ത്തു. എന്നാല്‍ മറ്റ് കേസുകളിലെ വിചാരണ തുടരുന്നതിനാല്‍ രൂപേഷിന് ജയിലില്‍ തന്നെ തുടരേണ്ടി വരും. നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ് രൂപേഷ്.

also read:ഫഹീമ ഇനി ഹോസ്റ്റലില്‍ താമസിക്കും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കും; ഹൈക്കോടതി വിധിയില്‍ സന്തോഷിച്ച് ഉപ്പയും മകളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍