UPDATES

ട്രെന്‍ഡിങ്ങ്

വ്യാജരേഖ കേസ്; ഒത്തുതീര്‍പ്പ് ആയിക്കൂടേയെന്ന് ഹൈക്കോടതി, വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ഇരുവിഭാഗവും

വ്യാജരേഖ കേസില്‍ ഒത്തുതീര്‍പ്പ് ആയിക്കൂടേയെന്നു ഹൈക്കോടതി. വ്യാജരേഖ കേസില്‍ തങ്ങള്‍ക്കെതിരേയുള്ള നിയമനടപടികള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഫാ. പോള്‍ തേലക്കാട്, ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗിക്കുമ്പോഴായിരുന്നു ഹൈക്കോടതി ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടു വച്ചത്. ഒരു മധ്യസ്ഥനെ ഉള്‍പ്പെടുത്തി കേസ് സമവായത്തില്‍ അവസാനിപ്പിക്കാനുള്ള സാധ്യത ആരാഞ്ഞ കോടതി മധ്യസ്ഥനായി റിട്ട.ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പേര് നിര്‍ദേശിക്കുകയും ചെയ്തു. ഇരുപക്ഷത്തനും സ്വീകാര്യനെന്ന നിലയിലാണ് ജ. കുര്യന്‍ ജോസഫിന്റെ പേര് നിര്‍ദേശിച്ചത്.

എന്നാല്‍ യാതൊരുവിധ ഒത്തു തീര്‍പ്പിനും സാധ്യതയില്ലെന്ന മട്ടിലാണ് കര്‍ദിനാള്‍ വിഭാഗവും എറണാകുളം-അങ്കമാലി അതിരൂപതയും നിലപാട് എടുത്തിരിക്കുന്നത്. ഒത്തുതീര്‍പ്പിനുള്ള ആലോചനകളൊന്നും തന്നെ തങ്ങള്‍ നടത്തിയിട്ടില്ലെന്നും കോടതിയുടെ ഭാഗത്തു നിന്നും ഏത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു പരാമര്‍ശം ഉണ്ടായതെന്ന് അറിയില്ലെന്നുമാണ് അതിരൂപതയിലെ വൈദികര്‍ പറയുന്നത്.

അതേസമയം അതിരൂപതയില്‍ നടന്ന ഭൂമിയിടപാടില്‍ നിലനില്‍ക്കുന്ന കേസുകള്‍ പിന്‍വലിച്ചാല്‍ വ്യാജരേഖ കേസിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പിനു തയ്യാറാകമെന്ന സൂചനയാണ് കര്‍ദിനാള്‍ പക്ഷം ആദ്യം മുന്നോട്ടു വച്ചത്. ഒത്തുതീര്‍പ്പിന്റെ കാര്യം കോടതി മുന്നോട്ടു വച്ചപ്പോള്‍ കര്‍ദിനാളിനെതിരേ തത്പരകക്ഷികള്‍ കൊടുത്തിരിക്കുന്ന മറ്റ് കേസുകള്‍ ഉണ്ടെന്നായിരുന്നു വ്യാജരേഖ കേസ് സിനഡിനുവേണ്ടി ഫയല്‍ ചെയ്ത ഫാ. ജോബി മാപ്രകാവിലന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍ സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യാജരേഖ കേസ് പിന്‍വലിക്കാനോ ഒത്തുതീര്‍പ്പാക്കാനോ നിലവില്‍ സഭയ്ക്ക് ഉദ്ദേശമില്ലെന്നാണ് വ്യക്തമാക്കിയത്. കോടതിയില്‍ ഒത്തുതീര്‍പ്പ് സാധ്യതകളുമായി ബന്ധപ്പെട്ട് നടന്ന സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജരേഖ കേസ് പിന്‍വലിക്കുന്നതിന് തീരുമാനമായി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് മീഡിയ കമ്മിഷന്‍ സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂര്‍ പറഞ്ഞത്. ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരം പ്രതികളുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ ഇത്തരം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്. വ്യാജരേഖകളുടെ ഉറവിടത്തിന്റെ നിജസ്ഥിതി കണ്ടെത്തേണ്ടതു തന്നെയാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുള്ളതായി തോന്നുന്നില്ല; മീഡിയ കമ്മിഷന്‍ സെക്രട്ടറി പറയുന്നു. വ്യാജരേഖ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സഭാ സിനഡിന്റെ തീരുമാന പ്രകാരമാകയാല്‍ സമവായത്തിനുള്ള ഏതൊരു നിര്‍ദേശവും പരിഗണിക്കുന്നത് സഭയുടെ ബന്ധപ്പെട്ട സമിതികളില്‍ നടത്തുന്ന കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്ന് മീഡിയ കമ്മീഷന്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍