UPDATES

പ്രവാസി സംരംഭകന്റെ ആത്മഹത്യ: ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തു; പികെ ശ്യാമളയ്ക്കെതിരെ സിപിഎം നടപടിയെടുത്തേക്കും

ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ബഞ്ചാണ് ഈ കേസ് പരിഗണിക്കുക.

തന്റെ ബിസിനസ്സ് സംരംഭത്തെ തകർത്തതിൽ മനംനൊന്ത് പ്രവാസി സംരംഭകൻ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ മുനിസിപ്പാലിറ്റിക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തു.

കേസ് ഇന്നു തന്നെ പരിഗണിക്കുമെന്നാണ് അറിയുന്നത്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ബഞ്ചാണ് ഈ കേസ് പരിഗണിക്കുക.

സംഭവത്തിൽ ആന്തൂർ നഗരസഭാധ്യക്ഷ പികെ ശ്യാമളയ്ക്കെതിരെ നടപടി വേണമെന്ന് സിപിഎം തളിപ്പറമ്പ് ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തതോടെ ഈ ആവശ്യത്തിന് ബലമേറിയിട്ടുണ്ട്. എംവി ജയരാജന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് നടപടിക്ക് ശുപാർശ ചെയ്തത്. ഉത്തരവാദിത്വത്തിൽ നിന്നും ശ്യാമളയ്ക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നാണ് ഏരിയാ കമ്മറ്റിയുടെ വിലയിരുത്തൽ. നടപടിയെടുക്കുന്നത് സംബന്ധിച്ച് ജില്ലാക്കമ്മറ്റിയിൽ ചര്‍ച്ചയുണ്ടാകുമെന്നും വിവരം ലഭിക്കുന്നു.

അതെസമയം ഏരിയ കമ്മറ്റി യോഗത്തിൽ പികെ ശ്യാമള വികാരഭരിതയായി സംസാരിച്ചുവെന്ന് റിപ്പോർട്ടുണ്ട്. സിപിഎം സംസ്ഥാന നേതാവ് എംവി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയാണ് ശ്യാമള.

വിഷയത്തിൽ പാട്ടിയുടെ നിലപാട് വ്യക്തമാക്കാൻ നാളെ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തും.

ജൂൺ 18നാണ് സാജനെ കൊറ്റാളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൈജീരിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് സമ്പാദിച്ച പതിനാറ് കോടിയോളം രൂപയാണ് ഈ ഓഡിറ്റോറിയത്തിനായി സാജന്‍ ചെലവഴിച്ചത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി നമ്പറിന് അപേക്ഷിച്ചപ്പോള്‍ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നഗരസഭ അത് തടഞ്ഞുവയ്ക്കുകയായിരുന്നു. നിര്‍മ്മാണ് പ്രവര്‍ത്തനം നടക്കുന്നതിനിടെ നിയമലംഘനം ചൂണ്ടിക്കാട്ടി കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സാജന്‍ നല്‍കിയ പരാതിയില്‍ ഉന്നതതല സംഘം നടത്തിയ അന്വേഷണത്തില്‍ നിയമലംഘനമില്ലെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരുടെ നടപടി നഗരസഭാ ചെയര്‍പേഴ്‌സന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും പാര്‍ത്ഥ ബില്‍ഡേഴ്‌സ് മാനേജര്‍ സജീവന്‍ ആരോപിക്കുന്നു.

സ്വാഭാവിക നടപടിക്കായി സമയമെടുത്തെന്നും അനുമതി വൈകിച്ചില്ലെന്നുമാണ് നഗരസഭയുടെ വിശദീകരണം. എന്നാല്‍ ആന്തൂര്‍ നഗരസഭ പൂര്‍ണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ളതാണ്. സാജന്‍ അപേക്ഷ നല്‍കിയിട്ട് നാല് മാസത്തോളമായിട്ടും അനുമതി നല്‍കാത്തതാണ് ആത്മഹത്യയിലെത്തിച്ചതെന്നാണ് സാജന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയോട് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.

അതേസമയം പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിലെ ചിലര്‍ക്ക് സാജനോടുള്ള വ്യക്തി വൈരാഗ്യമാണ് അനുമതി നിഷേധിക്കുന്നതിന് കാരണമായതെന്നാണ് അറിയുന്ന മറ്റൊരു വിവരം. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വ്യക്തിവൈരാഗ്യം തീര്‍ത്തുവെന്നാണ് സാജന്റെ ഭാര്യ ബീന പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍