UPDATES

ശബരിമല Live: യുവതി മലകയറില്ല; പിന്മാറ്റം പോലീസുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്

മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലം അടുത്തിരിക്കെ സര്‍ക്കാരിനും പോലീസിനും ഹൈന്ദവസംഘടനകള്‍ക്കും ഇന്ന് അഞ്ച് മണി മുതല്‍ നടതുറന്നിരിക്കുന്ന ഓരോ മണിക്കൂറും നിര്‍ണായകമാണ്.

ശബരിമലയില്‍ ദര്‍ശനത്തിന് സുരക്ഷയാവശ്യപ്പെട്ട് എത്തിയ യുവതി മലകയറുന്നതില്‍ നിന്ന് പിന്മാറി. രണ്ട് മണിക്കൂര്‍ നേരത്തെ പോലീസ് അനുനയ ശ്രമത്തിനൊടുവിലാണ് യുവതി പിന്മാറിയത്. എന്നാല്‍ ഭര്‍ത്താവ് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

ദര്‍ശനത്തിന് സംരക്ഷണമാവശ്യപ്പെട്ട് പമ്പയില്‍ പോലീസ് സ്‌റ്റേഷനിലെത്തിയ ചേര്‍ത്തല സ്വദേശി അഞ്ജുവിനെയും കുടുംബത്തെയും അനുനയിപ്പിച്ച് മടക്കിയയക്കാന്‍ പോലീസ്. യുവതി പിന്മാറാമെന്ന് സമ്മതിച്ചു. എന്നാല്‍ ഭര്‍ത്താവ് ദര്‍ശന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പോലീസ് ഉന്നത ഉദ്യോഗസ്ഥരുമായി കുടുംബം ചര്‍ച്ച തുടരുകയാണ്. എണ്ണായിരത്തിലധികം തീര്‍ഥാടകര്‍ക്കിടയിലൂടെ യുവതിയെ എത്തിക്കുന്നത് പ്രായോഗികമല്ല എന്ന കാര്യം പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് യുവതി പിന്മാറുകയായിരുന്നു. 1200 പോലീസുകാരാണ് സന്നിധാനത്തുള്ളത്.

പമ്പാ ഗണപതി കോവിലില്‍ ആഞ്ജനേയ ഓഡിറ്റോറിത്തില്‍ ശരണം വിളിച്ചുകൊണ്ട് തീര്‍ഥാടകരുടെ പ്രതിഷേധം. ചേര്‍ത്തല സ്വദേശിനിയായ യുവതി ദര്‍ശനത്തിന് സംരക്ഷണമാവശ്യപ്പെട്ട് പമ്പ പോലീസ് സ്‌റ്റേഷനിലെത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധം. ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികലയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഐ ജി അശോക് യാദവ് അടക്കമുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നിരോധനാജ്ഞ നിലനില്‍ക്കുന്നയിടമായിട്ടും പോലീസിന് ഒന്നും ചെയ്യാനായിട്ടില്ല. കഴിഞ്ഞ പതിനഞ്ച് മിനിറ്റായി ഭക്തര്‍ പ്രതിഷേധത്തിലാണ്. നിയമനടപടികള്‍ സ്വീകരിക്കാമെങ്കിലും ക്ഷേത്രപരിസരത്തെ ബലപ്രയോഗമുണ്ടായാല്‍ അത് ഏത് തരത്തില്‍ നീളുമെന്ന ആശങ്കയിലാണ് പോലീസ്.

മുമ്പ് നാല് സ്ത്രീകളുള്‍പ്പെടുന്ന സംഘത്തെ തീര്‍ഥാടകര്‍ തടഞ്ഞു. കുട്ടിുടെ ചേറൂണിന് വേണ്ടിയെത്തിയ സംഘത്തെയാണ് തീര്‍ഥാടകര്‍ തടഞ്ഞത്.സന്നിധാനത്തേക്ക് പോവില്ല എന്നും കുഞ്ഞും കുഞ്ഞിന്റഎ അച്ഛനും മാത്രമേ സന്നിധാനത്തേക്ക് പോവൂ എന്നും സ്ത്രീകള്‍ തീര്‍ഥാടകരോട് ആവര്‍ത്തിച്ച് അറിയിച്ചിട്ടും ഒരു കൂട്ടം തീര്‍ഥാടകര്‍ ഇവര്‍ക്കെതിരെ ശരണം വിളിച്ചുകൊണ്ട് പ്രതിഷേധിച്ചു. പോലീസെത്തി പ്രതിഷേധക്കാരെ മാറ്റി. നാളെ രാവിലെ ഇവര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കുമെന്ന് പോലീസ് പറഞ്ഞു.


അഡ്വ. പി.എസ്‍.ശ്രീധരൻ പിള്ളയെ താൻ ഫോണിൽ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര്. ആരോടും നിയമോപദേശം ചോദിച്ചിട്ടില്ല.


ചിത്തിര ആട്ടവിശേഷ ചടങ്ങുകള്‍ക്കായി ശബരിമല നട തുറന്നു; ദര്‍ശനത്തിന് എത്തിയത് 5000ല്‍ അധികം ഭക്തര്‍


ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല ക്ഷേത്ര നട അല്‍പസമത്തിനകം തുടരും. ഇന്ന് വൈകീട്ട് അഞ്ചോടെയാണ് ക്ഷേത്രനട തുറക്കുന്നത്. അതേസമയം, പതിവില്‍ കവിഞ്ഞ് ഭക്തജന പ്രവാഹമാണ് ഇത്തവണ ശബരിമലയിലേക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. അയ്യായിരത്തോളം പേര്‍ ഇതിനോടകം പമ്പയിലും പരിസരങ്ങളിലും എത്തിയിട്ടുള്ളതായി അധികൃതര്‍ പറയുന്നു.


രാഹുല്‍ ഈശ്വറും സംഘവും പമ്പയില്‍


തീര്‍ത്ഥാടകര്‍ക്ക് പോകാന്‍ ആവശ്യത്തിന് കെ എസ് ആര്‍ ടി സി ബസ്സില്ല. രാഹുല്‍ ഈശ്വര്‍ കാല്‍നടയായി പമ്പയിലേക്ക്.


ശബരിമലയിലേക്ക് വന്ന തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ പൊലീസ് കടത്തിവിടുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് ബി.ജെ.പിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടയുന്നു. ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് ബസുകള്‍ തടയുന്നത്.


നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ പുറപ്പെട്ട ആദ്യസംഘം പമ്പയില്‍ എത്തി. തിരക്ക് കൂടുമ്പോള്‍ മൊബൈല്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് സൂചന.


നിലയ്ക്കലില്‍ തീര്‍ഥാടകരെ തടഞ്ഞതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തും കൊല്ലത്തും കെഎസ്ആര്‍ടിസി ബസ് തടഞ്ഞു. തിരുവനന്തപുരം മുതല്‍ ബസുകളില്‍ പോലീസ് ഇടവിട്ട് പരിശോധനകള്‍ നടത്തും. മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് തന്ത്രിക്കും മേല്‍ശാന്തിക്കും വിലക്ക്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ തന്ത്രിയുടെ മുറിക്ക് മുന്നില്‍ കാവല്‍. തന്ത്രിയുടെ മുറിക്ക് പുറത്ത് മൊബൈല്‍ ജാമര്‍ ഘടിപ്പിച്ചതായും റിപ്പോര്‍ട്ട്.


നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. 11.10ന് ആദ്യ ബസ് കടത്തിവിട്ടു. ബസ്സില്‍ എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥും പമ്പയിലേക്ക്. ഹിന്ദുഐക്യവേദി അധ്യക്ഷയും ശബരിമല കര്‍മ്മ സമിതി വര്‍ക്കിങ് പ്രസിഡന്റുമായി കെ പി ശശികലയും നിലയ്ക്കലെത്തി. സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാത്ത സാഹചര്യത്തില്‍ കെഎസ് ആര്‍ടിസി ബസില്‍ ശശികല പമ്പയിലേക്ക് പോവും.


ശബരിമലയില്‍ യുവതികള്‍ എത്തുന്നത് തടയാന്‍ ബിജെപി നടത്തുന്ന സമരം തുടരുമെന്ന് പി.എസ് ശ്രീധരന്‍പിള്ള. സഹന സമരമാണ് പാര്‍ട്ടി നടത്തുക. തങ്ങളെ തടയുന്നവരെ മറികടക്കാന്‍ ഭകതര്‍ക്ക് അറിയാം. മാധ്യമങ്ങളെ തടയുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കെഎസ് ആര്‍ടിസി ഉള്‍പ്പെടെ വിട്ടുനല്‍കാതിരിക്കുന്നു. ശബിമല വിഷയത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ മൗനം കുറ്റകരമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു


ശബരിമലയില്‍ യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അറിയിച്ചതായി റിപ്പോര്‍ട്ട്. സന്നിധാനത്തെ സുരക്ഷാചുമതലയുള്ള ഐ ജി അജിത്ത് കുമാറുമായ കൂടിക്കാഴ്ചയിലാണ് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഇക്കാര്യം അറിയിച്ചത്. തന്ത്രി കണ്ഡര് രാജീവര് എത്തിയ ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നുമാണ് മേൽശാന്തി പറയുന്നു.


നിലയ്ക്കലിൽ നിന്ന് തീർഥാടകരെ പമ്പയിലേക്ക് കടത്തിവിടുന്നു. നടന്നാണ് ഇവർ പമ്പയിലേക്ക് പോകുന്നത്. പോലീസ് ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.


ദര്‍ശനത്തിന് സുരക്ഷ തേടി ഇതുവരെ ഒരു വനിത പോലും സമീപിച്ചിട്ടില്ലെന്ന് നിലയ്ക്കല്‍ പമ്പ എന്നിവിടങ്ങളുടെ ചുമതലയുള്ള ഐ ജി മഞ്ജുനാഥ് അറിയിച്ചു. തീര്‍ത്ഥാടകരെ വൈകീട്ട് മുതല്‍ പമ്പയില്‍ നി്ന്നും കടത്തിവിടുമെന്നും അദ്ദേഹം പറയുന്നു.


ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്തുന്നവരെ തടയുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് പോലീസ്. ഇത്തരത്തില്‍ യാതൊരു നീക്കവും ഉണ്ടാവില്ലെന്നും പോലീസ് അറിയിച്ചു.


ചിത്തിര ആട്ടവിശേഷത്തിനായി ഇന്ന് വൈകീട്ട് ശബരിമല നടതുറക്കുന്ന സാഹചര്യത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.


സുരക്ഷയുടെ ഭാഗമായി അയ്യപ്പഭക്തരെ നാലിടങ്ങളില്‍ പരിശോധിക്കുമെന്ന് പോലീസ്. എരുമേലി, പത്തനംതിട്ട, വടശേരിക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണു പരിശോധനയുണ്ടാവുക. സംശയം തോന്നുന്നവരോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുമെന്നും പോലീസ് അറിയിച്ചു.


സ്വകാര്യവാഹനങ്ങളെ കടത്തി വിട്ടു തുടങ്ങി,  എരുമേലിയില്‍ നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തി വിട്ടു തുടങ്ങി. ഉപരോധം അവസാനിച്ചു.


എരുമേലിയില്‍ പമ്പയിലേക്കുള്ള റോഡ്‌ ഉപരോധിക്കുന്നു. ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലാണ് ഉപരോധം. വാഹനങ്ങള്‍ കടന്നു പോകാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.


സന്നിധാനത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തിവിട്ടു തുടങ്ങി. നിലയ്ക്കലില്‍ നിന്ന് തീര്‍ഥാടകരെ പമ്പയിലേക്ക് നടന്നു പോകാന്‍ അനുവദിച്ചു. കെഎസ്ആര്‍ടിസി 11.30 മുതല്‍ സര്‍വീസ് ആരംഭിക്കും. നിലയ്ക്കലില്‍ സ്ഥിതിഗതികള്‍ ശാന്തം.

തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നത് തുടങ്ങിയിട്ടില്ല. എരുമേലിയില്‍ നിന്ന് പോയ രണ്ടു ബസുകള്‍ പോലീസ് വഴിയില്‍ തടഞ്ഞു. എരുമേലിയില്‍ റോഡ്‌ ഉപരോധിച്ച് തീര്‍ഥാടകരുടെ പ്രതിഷേധം. പോലീസിന്റെ നിര്‍ദേശം ഇല്ലാത്തതിനാല്‍ കൂടുതല്‍ ബസ് അയയ്ക്കാന്‍ സാധിക്കില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍.


ശബരിമല സന്നിധാനത്ത് പ്രായമുള്ള സ്ത്രീകളെ എത്തിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധം നടത്താന്‍ സാധ്യതയുള്ളതിനാല്‍ 15 വനിതാ പോലീസുകാരെ വിന്യസിച്ചു. 50 വയസിനു മുകളില്‍ പ്രായമുള്ള വനിതാ പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

പോലീസ് വലയത്തില്‍ ശബരിമല. ചിത്തിര ആട്ട പ്രത്യേക പൂജകള്‍ക്കായി നടതുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ് ശബരിമലയില്‍ നിലയുറപ്പിച്ചു കഴിഞ്ഞു. എന്ത് വിധേനയും ശബരിമലയില്‍ യുവതീ പ്രവേശനം തടയുമെന്ന് പ്രഖ്യാപിച്ച് ഹൈന്ദവ സംഘടനകളും ബിജെപിയും രംഗത്തുണ്ട്. യുവതികള്‍ ക്ഷേത്രസന്ദര്‍ശനത്തിനെത്തിയാല്‍ തടയുമെന്ന് സംഘപരിവാര്‍ സംഘടനകളും ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പിച്ച് പോലീസും മുന്നോട്ട് പോവുകയാണ്. ഇരു കൂട്ടരും ബലാബലം നില്‍ക്കുമ്പോള്‍ ശബരിമല നട തുറന്നിരിക്കുന്ന 29 മണിക്കൂര്‍ എന്ത് നടക്കുമെന്ന ആകാംക്ഷയിലാണ് ഏവരും. ക്ഷേത്ര ദര്‍ശനത്തിന് യുവതികള്‍ എത്തുമോ? എത്തിയാല്‍ എന്താവും സാഹചര്യങ്ങള്‍? ഏവരും ശബരിമലയിലേക്കാണ് ഉറ്റുനോക്കുന്നത്. സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ ഇനി കേരളം സാക്ഷ്യം വഹിക്കാന്‍ പോവുന്നത് പിരിമുറക്കത്തിന്റെ 29 മണിക്കൂറുകള്‍ ആയിരിക്കും.

ഇതേവരെ ക്ഷേത്രദര്‍ശനത്തിന് യുവതികള്‍ ആരും അപേക്ഷ നല്‍കിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരും സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസും വ്യക്തമാക്കുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ചിത്തിരയാട്ട പ്രത്യേക പൂജകള്‍ക്കായി ശബരിമല നട തുറക്കുക. ആറിന് രാത്രി ഒമ്പത് മണിക്കാണ് നടയടക്കും. ഇതിനിടയില്‍ ഏതെങ്കിലും യുവതികള്‍ ദര്‍ശനത്തിന് ആഗ്രഹിച്ചാല്‍ അതിന് സംരക്ഷണം ഒരുക്കുമെന്ന നിലപാടിലാണ് പോലീസും സര്‍ക്കാരും. എന്നാല്‍ ‘ആക്ടിവിസ്റ്റുകള്‍’ക്ക് സംരക്ഷണം നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആക്ടിവിസ്റ്റുകളായി എത്തുന്നവര്‍ക്ക് ശബരിമലയില്‍ സംരക്ഷണം നല്‍കില്ല. ആക്ടിവിസ്റ്റുകള്‍ എന്ന് ഉദ്ദേശിച്ചത് ഗൂഡോദ്ദേശത്തോടെ ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവരെയാണെന്നുമാണ് കടകംപള്ളി പറഞ്ഞത്.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് തുലാംമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നത്. നടതുറന്നിരുന്ന അഞ്ച് ദിവസവും പ്രതിഷേധക്കാര്‍ ശബരിമലയില്‍ വിവിധയിടങ്ങളിലായി സംഘം ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടു. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും അതെല്ലാം ലംഘിച്ച് പ്രതിഷേധക്കാര്‍ ശബരിമലയില്‍ തന്നെ തുടര്‍ന്നു. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഒമ്പത് യുവതികള്‍ക്ക് പാതിവഴിയില്‍ മടങ്ങേണ്ടി വന്നു. പോലീസ് സംരക്ഷണയോടെ നടപ്പന്തല്‍ വരെയെത്തിച്ച രഹ്ന ഫാത്തിമ എന്ന യുവതിയെ നടപ്പന്തലില്‍ വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് ആക്ടവിസ്റ്റുകള്‍ക്കുള്ള ഇടമല്ല ശബരിമല എന്നും, ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിനാവില്ല എന്നും പറഞ്ഞുകൊണ്ട് മന്ത്രി കടകംപള്ളി നേരിട്ട് ഐ ജി ശ്രീജിത്തിനെ വിളിച്ച് രഹന ഫാത്തിമയെ മടക്കി അയക്കാന്‍ ആവശ്യപ്പട്ടു. പിന്നീട് ദര്‍ശനത്തിനെത്തിയ സ്ത്രീകളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയതിന് ശേഷം പോലീസ് ശബരിമലയിലേക്ക് എത്തിക്കാമെന്ന് പറഞ്ഞെങ്കിലും അഞ്ച് ദിവസവും യുവതീ പ്രവേശനം സാധ്യമായില്ല. അപ്രതീക്ഷതമായ കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തെ എങ്ങനെ ചെറുക്കണമെന്നറിയാതെ പലപ്പോഴും പ്രതിസന്ധിയിലാവുകയും ചെയ്തു. എന്നാല്‍ ഇത്തവണ വീഴ്ചകളെല്ലാം പരിഹരിച്ച് ശക്തമായ സുരക്ഷാ സംവിധാനമാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.

ശബരിമലയിലെ സുരക്ഷക്കായി കൂടുതല്‍ വനിതാ പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും അമ്പത് വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് മാത്രം സന്നിധാനത്ത് ചുമതല നല്‍കിയാല്‍ മതിയെന്നാണ് പോലീസ് തീരുമാനം. കമാന്‍ഡോകളടക്കം 1850 പോലീസുകാരെയാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. കനത്ത സുരക്ഷയാണ് നിലയ്ക്കലും പമ്പയിലും ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെപ്പോലും സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിട്ടത്. മാധ്യമ വാഹനങ്ങള്‍ക്ക് ത്രിവേണിപ്പാലത്തിനപ്പുറം പോവാനുള്ള അനുമതി നല്‍കിയിട്ടില്ല. സാങ്കേതിക സംവിധാനങ്ങളുള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി പോലീസ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. തുലാംമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ അക്രമം നടത്തിയവരെ കുടുക്കാന്‍ ‘ഫേസ് ഡിറ്റക്ഷന്‍’ സാങ്കേതിക വിദ്യയും ഒരുക്കിയിട്ടുണ്ട്. പോലീസ് തയ്യാറാക്കിയ ലിസ്റ്റില്‍ പെടുന്നവര്‍ ആരെങ്കിലും ശബരിമലയിലെത്തിയാല്‍ ക്യാമറ അത് കണ്ട് പിടിക്കുകയും കണ്‍ട്രോള്‍ റൂമിലേക്ക് വിവരം കൈമാറുകയും ചെയ്യും.

ഇതിനിടെ പോലീസിനെയും സര്‍ക്കാരിനേയും വെല്ലുവിളിച്ച് ശബരിമലയിലേക്കെത്താന്‍ തയ്യാറെടുക്കുകയാണ് ഹൈന്ദവ സംഘടനകള്‍. ഇരുമുടിക്കെട്ടുകളുമായി ‘അമ്മമാരെ’ എത്തിക്കുമെന്ന് ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദര്‍ശനത്തിനെത്തുന്ന യുവതികളെ അമ്മമാരെ ഉപയോഗിച്ച് പിന്തിരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. അയ്യപ്പ കര്‍മ്മ സമിതി പ്രവര്‍ത്തകരും അവരുടെ നേതൃത്വത്തിലുള്ള സംഘവും ശബരിമലയില്‍ ഭക്തരായി എത്തുമെന്ന സൂചനയാണ് കര്‍മ്മ സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ പി ശശികലയുള്‍പ്പെടെ നല്‍കിയത്. എന്ത് വന്നാലും ആചാരലംഘനം അനുവദിക്കില്ലെന്നും ഹൈന്ദവ സംഘടനകള്‍ ആവര്‍ത്തിച്ച് പറയുന്നു. പോലീസ് വലയത്തെ ഭേദിച്ച് ‘ഭക്ത’രായി ശബരിമലയിലെത്താമെന്നാണ് സംഘടനകളുടെ പ്രതീക്ഷ. ഇത് നടന്നാല്‍ യുവതീ പ്രവേശനത്തെ ഏത് വിധേനയും തടയുമെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി.

മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലം അടുത്തിരിക്കെ സര്‍ക്കാരിനും പോലീസിനും ഹൈന്ദവസംഘടനകള്‍ക്കും ഇന്ന് അഞ്ച് മണി മുതല്‍ നടതുറന്നിരിക്കുന്ന ഓരോ മണിക്കൂറും നിര്‍ണായകമാണ്.

സൂക്ഷിക്കണം, ഇതൊരു വല്ലാത്ത കാലമാണ്; ആര് ആരെ എപ്പോൾ കൊല്ലുമെന്ന് പറയാൻ പറ്റാത്ത കാലം

‘ചാവേറുകളാ’യി ഇരുമുടിക്കെട്ടുമായി ആര്‍എസ്എസ് ശബരിമലയിലേക്ക്; ഭക്തര്‍ സന്നിധാനത്തുണ്ടാവുമെന്ന് കര്‍മ്മസമിതി

കേരളം പിടിക്കാന്‍ സംഘപരിവാര്‍ പ്രചരിപ്പിച്ച 10 നുണകള്‍

എംടിയുടെ കൂടെയോ രാമന്‍നായരുടെ കൂടെയോ? ഈ ചോദ്യത്തിന് മലയാളി ഉത്തരം പറഞ്ഞേ പറ്റൂ

അയ്യപ്പഭക്തർ കരുതിയിരിക്കുക, അവർ ബലിദാനികൾക്കായുള്ള നെട്ടോട്ടത്തിലാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍