UPDATES

പത്ത്ചങ്ങലയിലെ മൂന്ന് ചങ്ങലയെ ഒഴിവാക്കി പട്ടയം; ഹൈറേഞ്ച് വീണ്ടും സമരത്തീച്ചൂളയില്‍

അണക്കെട്ടിന്റെ സുരക്ഷ എന്ന പേരില്‍ സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനം കര്‍ഷകര്‍ അംഗീകരിക്കുന്നില്ല

സമരത്തീച്ചൂളയില്‍ വീണ്ടും ഹൈറേഞ്ച്. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളും പട്ടയ പ്രശ്‌നങ്ങളുമുയര്‍ത്തി സമരങ്ങളില്‍ സജീവമായിരുന്ന ഹൈറേഞ്ച് ജനത ഇപ്പോള്‍ മറ്റൊരു പ്രശ്‌നത്തിന്റെ പേരില്‍ സമരത്തിലാണ്. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തില്‍ ഇടുക്കി ഡാമിനോട് ചേര്‍ന്ന ‘പത്തുചങ്ങല’ പ്രദേശത്തെ കര്‍ഷക കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വര്‍ഷങ്ങളായുള്ള കര്‍ഷകരുടെ ആവശ്യം പരിഗണിക്കുക വഴി ഹൈറേഞ്ച് മേഖലയില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ സ്വാധീനമുറപ്പിക്കാനും ഈ തീരുമാനം വഴിവക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ‘പത്തുചങ്ങല’ പ്രദേശത്തെ ‘മൂന്ന് ചങ്ങല’യെ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് പട്ടയം നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനം ഭൂരിഭാഗം കര്‍ഷകരുടേയും പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഭരണകക്ഷിയായ സിപിഐയും കര്‍ഷകരുടെ സമരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്നത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനിടയുണ്ട്. മൂന്ന് ചങ്ങല പ്രദേശത്തെ കര്‍ഷകര്‍ക്കും പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ നടപടിയുണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മൂന്ന് ചങ്ങലയെ ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും സമരസമിതിയുടേയും നേതൃത്വത്തില്‍ ഇടുക്കിയിലെ നാല് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

കട്ടപ്പന പത്ത് ചങ്ങല പ്രദേശത്തെ ജനങ്ങളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പിന് ആറ് പതിറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം പരമാവധി വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശം കെ.എസ്.ഇ.ബി. അളന്നു തിരിക്കുകയും ജെണ്ട കെട്ടുകയും ചെയ്തു. ജെണ്ടയില്‍ നിന്ന് പത്ത് ചങ്ങല ചുറ്റളവില്‍ കൂടുതല്‍ ഭൂമി അളന്ന് തിരിക്കുകയും അത് പിന്നീട് അണക്കെട്ടിനോട് ചേര്‍ക്കാനും കെ.എസ്.ഇ.ബി. അന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ജണ്ടയ്ക്ക് പുറത്തുള്ള പ്രദേശം അണക്കെട്ടിനോട് ചേര്‍ക്കേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി. ചീഫ് എഞ്ചിനീയറായിരുന്ന ഡാര്‍വിന്‍ പറയുകയും ചെയ്തിരുന്നു. പിന്നീട് കെ.എസ്.ഇ.ബി. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. അണക്കെട്ട് കമ്മീഷന്‍ ചെയ്തയുടനെ തന്നെ പത്ത് ചങ്ങല പ്രദേശം കര്‍ഷകര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ ഉണ്ടായതുമില്ല. പട്ടയത്തിന് 2010 ല്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുകൂലമായ തീരുമാനം സര്‍ക്കാരുകളില്‍ നിന്നുണ്ടായില്ല. എന്നാല്‍ കഴിഞ്ഞ 19ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പത്ത് ചങ്ങല പ്രദേശത്തെ ഏഴ് ചങ്ങലയിലുള്ള കര്‍ഷകര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തീരുമാനത്തെ പ്രദേശത്തെ കര്‍ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുമ്പോഴും ജെണ്ടയോട് ചേര്‍ന്ന മൂന്ന് ചങ്ങലയെ ഇതില്‍ നിന്ന് ഒഴിവാക്കിയതിലാണ് കര്‍ഷകരുടെ പ്രതിഷേധം. നാലായിരത്തോളം കുടുംബങ്ങളാണ് പത്ത് ചങ്ങല മേഖലയില്‍ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്നത്. ഇതില്‍ രണ്ടായിരത്തോളം കുടുംബങ്ങളും താമസിക്കുന്നത് ഒഴിവാക്കിയ മൂന്ന് ചങ്ങല പ്രദേശത്താണ്.

തീരുമാനം പുന:പരിശോധിക്കണമെന്നും മൂന്ന് ചങ്ങല പ്രദേശത്തെ കര്‍ഷകരെ കൂടി പട്ടയം വിതരണത്തില്‍ ഉള്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് കര്‍ഷകരുടെ നേതൃത്വത്തില്‍ സമരസമിതിയും രൂപീകരിച്ചു. സമരസമിതി കണ്‍വീനറായ വി.ആര്‍ ശശി സംസാരിക്കുന്നു: “ഞങ്ങള്‍ ഇടുക്കി ഡാമിന്റെ പത്ത് ചെയിന്‍ മേഖലയിലാണ് താമസിക്കുന്നത്. ഇതിലെ ഏഴ് ചെയിന്‍ മേഖലയിലുള്ളവര്‍ക്ക് പട്ടയം കൊടുക്കാമെന്ന് കഴിഞ്ഞ 19-ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, ഉപ്പുതറ പഞ്ചായത്തുകളിലായി രണ്ടായിരത്തിയഞ്ഞൂറിലധികം വരുന്ന കര്‍ഷകരാണ് താമസിക്കുന്നത്. ഇടുക്കി ഡാമിന്റെ ആവശ്യത്തിന് വേണ്ടി വരുമെന്ന് പറഞ്ഞ് കെ.എസ്.ഇ.ബി. മാറ്റിയിട്ടിരുന്ന സ്ഥലമാണ് പത്ത് ചെയിന്‍. പിന്നീട് കൃഷിക്കാര്‍ക്ക് അവിടെ താമസിക്കുന്നതില്‍ തടസ്സമില്ലെന്നും ഡാമിന് ആവശ്യമില്ലെന്നും അന്ന് ചീഫ് എഞ്ചിനീയറായിരുന്ന ഡാര്‍വിന്‍ പറഞ്ഞിരുന്നു. അതോടെ ഞങ്ങളുടെ പൂര്‍വികരായിരുന്നവര്‍ സമരപരിപാടികളെല്ലാം അവസാനിപ്പിച്ച് കൃഷി ചെയ്ത് വരികയുമായിരുന്നു. 1957-ന് മുമ്പ് കുടിയേറിയ സ്ഥലമാണിത്. ഏഴ് ചെയിന്‍ പ്രദേശത്തെ ആളുകള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ബാക്കി വരുന്ന മൂന്ന് ചെയിന്‍ പ്രദേശത്താണ് പത്തുചെയിനിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരും താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്നത്. രണ്ടായിരത്തോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഞങ്ങളുടെ അവകാശത്തെയാണ് സര്‍ക്കാര്‍ തീരുമാനം ഹനിക്കുന്നത്. ആ തീരുമാനം പുന:പരിശോധിച്ചുകൊണ്ട് ജണ്ട മുതല്‍ മുകളിലേക്കുള്ള മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കണം എന്ന ആവശ്യമാണ് സമരസമിതി മുന്നോട്ട് വക്കുന്നത്.

1979ലും 80-തിലുമായി കാഞ്ചിയാര്‍ പഞ്ചായത്തിന്റെ കെട്ടുചിറ മുതല്‍ തൂക്കുപാലം വരെയുള്ള എണ്‍പതോളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ ഒരേക്കര്‍ സ്ഥലവും പട്ടയവും നല്‍കിയിരുന്നു. ഇത് മൂന്ന് ചെയിന്‍ മേഖലയില്‍ വരുന്നതാണ്. അന്ന് റവന്യൂവകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്നുള്ള തീരുമാനമായിരുന്നു അത്. അന്ന് ഇല്ലാത്ത ദൂരപരിധി ഇപ്പോള്‍ നടപ്പാക്കുന്നതിലാണ് ഞങ്ങള്‍ക്ക് പ്രതിഷേധം. മൂന്ന് ചെയിന്‍ പ്രദേശം കെ.എസ്.ഇ.ബി.യ്ക്ക് ഏത് സമയവും ആവശ്യം വരാമെന്നുള്ള ഡാം സേഫ്റ്റി അതോറിറ്റി കമ്മീഷന്റെ നിര്‍ദ്ദേശമാണ് ഈ തീരുമാനത്തിന് പിന്നില്‍. യഥാര്‍ഥത്തില്‍ ഞങ്ങളുടെ അവകാശത്തിന്റെ കടക്കല്‍ കത്തിവക്കുകയാണ്. ഉപ്പുതറ പോലീസ് സ്‌റ്റേഷന്‍, അയ്യപ്പന്‍ കോവില്‍ വില്ലേജ് ഓഫീസ്, നിരവധി ആരാധനാലയങ്ങള്‍, അംഗനവാടികള്‍ എല്ലാം മൂന്ന് ചെയിനിലുള്‍പ്പെട്ടിരിക്കുന്നു.”

ഒരു ചെയിന്‍ എന്നത് 20 മീറ്റര്‍ ആയാണ് കണക്കാക്കപ്പെടുന്നത്. സര്‍ക്കാര്‍ തീരുമാനം വഴി ജെണ്ട മുതല്‍ അറുപത് മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെയാണ് പട്ടയം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ജെണ്ടയോട് ചേര്‍ന്ന് നില്‍ക്കുന്ന ഭൂപ്രദേശമായതിനാല്‍ ഫലഭൂയിഷ്ടിയും ജലലഭ്യതയും ഏറിയിരിക്കുന്നതിനാല്‍ ഭൂരിഭാഗം കര്‍ഷകരും ഈ പ്രദേശമാണ് കൃഷിക്കും താമസത്തിനുമായി തിരഞ്ഞെടുത്തത്. മൂന്ന് ചങ്ങലയെ പട്ടയത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് കെ.എസ്.ഇ.ബി. പറയുന്ന ന്യായങ്ങള്‍ അര്‍ഥശൂന്യമാണെന്ന് ഹൈറേഞ്ച് സമര സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറയുന്നു. “മൂന്ന് ചങ്ങലയെ ഒഴിവാക്കാന്‍ കാരണമായി പറയുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, അണക്കെട്ടിന്റെ സുരക്ഷയ്ക്കായി അണക്കെട്ടിനോട് അടുത്ത് പ്രദേശങ്ങള്‍ വെറുതെയിടണം അല്ലെങ്കില്‍ അവരുടെ നിയന്ത്രണത്തില്‍ നില്‍ക്കണമെന്നാണ് പറയുന്നത്. പക്ഷെ അതിന് അടിസ്ഥാനമില്ല. അവിടെ ആളുകള്‍ വര്‍ഷങ്ങളായി താമസിക്കുന്നതാണ്. അണക്കെട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ ദൂരെയാണ് പത്ത് ചങ്ങല. രണ്ട്, മണ്ണിളക്കുമ്പോള്‍ മണ്ണ് ഒലിച്ചുവന്ന് ഡാം നിറയും, അത് സംഭരണ ശേഷി കുറക്കും എന്നാണ്. എന്നാല്‍ മണ്ണ് ഒഴുകി വന്നാലും ഡാമിലെ കുഴികളില്‍ മാത്രമേ അത് നിറയൂ. അതുകൊണ്ട് ഉപയോഗിക്കാവുന്ന വെള്ളത്തിന്റെ അളവില്‍ വലിയ വ്യത്യാസം വരില്ല. ഈ സ്ഥലം ഏറ്റെടുക്കുമെന്ന് പറയുന്നതല്ലാതെ കെ.എസ്.ഇ.ബി. ഇന്നേവരെ ഏറ്റെടുത്തിട്ടില്ല. വേണമെങ്കില്‍ നിയമവ്യവസ്ഥയനുസരിച്ച് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കി അവര്‍ ഭൂമിയേറ്റെടുക്കട്ടെ. അറുപത് വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നയാളുകള്‍ക്ക് ന്യായമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.”

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫാണ് പ്രദേശത്ത് സമരത്തിന് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ തീരുമാനം വന്നതിന് പിറ്റേദിവസം കോണ്‍ഗ്രസ് പ്രദേശത്ത് കരിദിനം ആചരിച്ചിരുന്നു. യു.ഡി.എഫ്. ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് സമരസമിതിയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയറിയിച്ചിട്ടുണ്ട്. ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, ഇരട്ടയാര്‍ എന്നീ പഞ്ചായത്തുകളില്‍ 24 മണിക്കൂര്‍ ഹര്‍ത്താലാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുന്നത് സംബന്ധിച്ച് കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ നിലപാടിലെത്തിയിരുന്നെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ ഇത് ഉത്തരവാക്കാനായില്ലെന്നും ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറയുന്നു. “യുഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് ഒരു ചങ്ങല ഒഴിച്ച് ബാക്കി സ്ഥലത്ത് പട്ടയം അനുവദിക്കാമെന്ന് കെ.എസ്.ഇ.ബി. സമ്മതിച്ചിരുന്നതാണ്. ആ ഒരു ചങ്ങല കൂടി ഒഴിവാക്കാനാവുമോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കെ.എസ്.ഇ.ബി.ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പിന്നീട് ഉത്തരവുകള്‍ ഉണ്ടായില്ല. യഥാര്‍ഥത്തില്‍ ഒരു ചങ്ങല പോലും ഒഴിവാക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഇവിടെയുള്ളത്. പ്രകൃതി ദുരന്തങ്ങളോ, അണക്കെട്ടിന് പൊട്ടലുണ്ടായാല്‍ പോലും  ജെണ്ട കെട്ടിയ പരമാവധി ജലപരിധിയ്ക്കപ്പുറത്തേക്ക് വെള്ളം കയറില്ലെന്ന് കെ.എസ്.ഇ.ബി.യുടെ പഠനത്തില്‍ തെളിഞ്ഞതാണ്. ഈ റിപ്പോര്‍ട്ട് കെ.എസ്.ഇ.ബി. മുമ്പ് സര്‍ക്കാരിന് കൈമാറിയിട്ടുള്ളതുമാണ്. പിന്നെ, അണക്കെട്ടിന്റെ സുരക്ഷ എന്ന പേരില്‍ സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനം കര്‍ഷകര്‍ക്ക് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല.”

ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.ഐയും സമരക്കാര്‍ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യം ന്യായമാണെന്നും അവരോടൊപ്പം നില്‍ക്കുമെന്നും സിപിഐ എം.എല്‍.എ, ഇ.എസ് ബിജിമോള്‍ പറഞ്ഞു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍