UPDATES

ക്വാറികള്‍ക്ക് അതിവേഗ എന്‍ ഒ സികള്‍; മല തുരന്നോ നവകേരള നിര്‍മ്മാണം?

വിഴിഞ്ഞം പദ്ധതിക്കായി വന്‍തോതില്‍ മലപൊട്ടിക്കാനുള്ള നടപടികള്‍ അദാനി കമ്പനി തുടങ്ങി. ഇതിന്റെ ഭാഗമായി 11 ക്വാറികള്‍ക്കുള്ള അപേക്ഷകള്‍ കമ്പനി സമര്‍പ്പിച്ചു-ഭാഗം 1

നവകേരള നിര്‍മ്മിതിക്ക് തുടക്കം കുറിച്ചുകൊണ്ട് മലപൊട്ടിക്കലിന് അതിവേഗ എന്‍ ഒ സികള്‍. പശ്ചിമഘട്ട മലകള്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ച ആയുസ്സ് പത്ത് ദിവസം. മലകള്‍ പൊട്ടിച്ച് നീക്കാന്‍ അദാനിയെത്തുമ്പോള്‍ അതിന് കൂട്ടായി സര്‍ക്കാരും. വിഴിഞ്ഞം തുറമുഖം പദ്ധതിക്കായി പാറകള്‍ പൊട്ടിക്കാന്‍ തടസ്സങ്ങളില്ലാതെ എന്‍ഒസി ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. പ്രളയത്തിന് മുമ്പെടുത്ത തീരുമാനം നടപ്പാക്കാന്‍ പ്രളയാനന്തര ദിവസങ്ങളില്‍ പരക്കം പായുകയാണ് ഉദ്യോഗസ്ഥര്‍. സ്ഥലമളന്നുതിരിച്ച് പാറപൊട്ടിക്കാന്‍ അനുമതി നല്‍കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ എതിര്‍പ്പുമായി ജനങ്ങള്‍ രംഗത്തെത്തിയതോടെ ‘പത്ത് ദിവസത്തിനകം’ എന്‍ഒസി എന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാനാവാതെ ഉദ്യോഗസ്ഥര്‍ വെട്ടിലായി!. പരിസ്ഥിതിക്ക് പ്രധാന്യം നല്‍കി നവകേരളം സൃഷ്ടിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ മലതുരക്കാനുള്ള അനുമതി നല്‍കിയാണോ സര്‍ക്കാര്‍ നവകേരളം സൃഷ്ടിക്കുന്നതെന്ന സംശയമാണ് ജനങ്ങളും പരിസ്ഥിതി സംരക്ഷകരും ഉന്നയിക്കുന്നത്.

വിഴിഞ്ഞം പദ്ധതിക്കായി വന്‍തോതില്‍ മലപൊട്ടിക്കാനുള്ള നടപടികള്‍ അദാനി കമ്പനി തുടങ്ങി. ഇതിന്റെ ഭാഗമായി 11 ക്വാറികള്‍ക്കുള്ള അപേക്ഷകള്‍ കമ്പനി സമര്‍പ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ആറും, കൊല്ലം ജില്ലയില്‍ മൂന്നും, പത്തനംതിട്ട ജില്ലയില്‍ രണ്ടും ക്വാറികള്‍ക്കാണ് അദാനി കമ്പനി അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ പറയുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് 3100 മീറ്റര്‍ നീളത്തിലാണ് പുലിമുട്ട് നിര്‍മ്മിക്കേണ്ടത്. എന്നാല്‍ ഇതേവരെ 600 മീറ്റര്‍ പുലിമുട്ട് മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. കല്ലിന്റെ ലഭ്യതക്കുറവാണ് പദ്ധതി ഇഴഞ്ഞുനീങ്ങാന്‍ കാരണമാവുന്നതെന്ന് അധികൃതര്‍ പറയുന്നു. ജൂലൈ മൂന്നിന് വിഴിഞ്ഞം പദ്ധതിക്ക് പാറ ലഭ്യമാക്കുന്നതിനുള്ള പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ റവന്യൂ, തുറമുഖ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള അപേക്ഷകളിലെല്ലാം പത്ത് ദിവസത്തിനുള്ളില്‍ പരിശോധിച്ച് എന്‍ ഒ സി ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് യോഗത്തിലെ പ്രധാന തീരുമാനം. വിഴിഞ്ഞം പദ്ധതി സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായി പരിഗണിച്ച് ആവശ്യമായ നടപടികള്‍ കളക്ടര്‍മാര്‍ സ്വീകരിക്കണം. സമയനഷ്ടം ഒഴിവാക്കാന്‍ എന്‍ ഒ സിക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് സമാന്തരമായി മൈനിങ് പ്ലാന്‍ തയ്യാറാക്കല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ അദാനി കമ്പനി പൂര്‍ത്തീകരിക്കണം. മൈനിങ് പ്ലാന്‍ സമര്‍പ്പിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ പരിശോധനകള്‍ നടത്തി ആവശ്യമായ റിപ്പോര്‍ട്ടിന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അംഗീകാരം നല്‍കണം. ആവശ്യമായ അനുമതികള്‍ ലഭിച്ചാല്‍ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ പാരിസ്ഥിതിക അനുമതി നല്‍കാന്‍ ജില്ലാ കളക്ടറോ പരിസ്ഥിതി വകുപ്പോ നടപടികളെടുക്കണം. കളക്ടര്‍മാര്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം. ആഗസ്ത് 20ന് മുമ്പ് എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് കാലവര്‍ഷം കഴിയുന്നതോടെ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പാറ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നുമാണ് അന്ന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍.

പ്രളയം വന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്ന റവന്യൂ, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഭൂമി അളന്നു തിരിച്ചു തുടങ്ങി. എന്നാല്‍ പലയിടത്തും ഭൂമി അളന്നു തിരിക്കാന്‍ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തീകരിക്കാതെ ഉദ്യോഗസ്ഥര്‍ക്ക് മടങ്ങേണ്ടി വന്നു. കേരളത്തില്‍ ഏറ്റവുമധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന, പാറഖനനം കൊണ്ട് തകര്‍ന്നുപോയ പ്രദേശമാണ് പത്തനംതിട്ടയിലെ കലഞ്ഞൂര്‍ പഞ്ചായത്ത്. ഇവിടുത്തെ ക്വാറി വിരുദ്ധ സമരങ്ങള്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ കലഞ്ഞൂരില്‍ തന്നെയാണ് വീണ്ടും അദാനിക്കായി ക്വാറി അനുവദിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ക്വാറികള്‍ക്കായി അപേക്ഷ നല്‍കിയ കള്ളിപ്പാറയിലും രാക്ഷസന്‍ പാറയിലും നാട്ടുകാര്‍ സര്‍വേയ്ക്ക് വന്ന ഉദ്യോഗസ്ഥരെ തടഞ്ഞു. ഇവിടെ ക്വാറികള്‍ക്ക് എന്‍ഒസി നല്‍കണമെന്ന ഹൈക്കോടതി വിധി അദാനി കമ്പനി നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ നിയമപ്രകാരം പാരിസ്ഥിതികാനുമതി ലഭിക്കാന്‍ കാലതാമസമുണ്ടാവുമെന്നും അതിനാല്‍ പത്തനംതിട്ട കോന്നി താലൂക്കിലെ കൂടല്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 30ല്‍ സര്‍വേ നമ്പര്‍ 116,341, ബ്ലോക്ക് നമ്പര്‍ 32 സര്‍വേ നമ്പര്‍ 251,288 എന്നിവയില്‍ പെട്ട സര്‍ക്കാര്‍ ഭൂമി കമ്പനിക്ക് കൈമാറണമെന്ന് കാണിച്ച് അദാനി കമ്പനി ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കൈമാറിയതിന് ശേഷം അനുമതികള്‍ നേടിയെടുക്കാന്‍ അനുവദിക്കണമെന്നും കത്തില്‍ പറയുന്നു.

വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍

11 അപേക്ഷകള്‍ നല്‍കിയതില്‍ തിരുവനന്തപുരം നഗരൂരില്‍ മാത്രമാണ് അനുമതി നല്‍കിയതെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായതിനാല്‍ ഇതേവരെ ക്വാറി തുടങ്ങാനായിട്ടില്ല. എന്നാല്‍ നഗരൂരില്‍ മറ്റ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഒരു ക്വാറി മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ പറ്റില്ല എന്ന നാട്ടുകാരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ വാദം. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടം ആവശ്യമായ നടപടികളെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിര്‍ദ്ദേശിച്ചതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വിജിലന്‍സ് വിഭാഗം ഫയലുകള്‍ പരിശോധിക്കുകയും പിടിച്ചെടുക്കുകയും ചെയ്യുന്ന പ്രവണതയുണ്ടെന്നും ഇതിനാല്‍ പല ഉദ്യോഗസ്ഥരും അവധിയില്‍ പ്രവേശിക്കേണ്ടി വരുന്ന അവസ്ഥയുണ്ടെന്നും മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ പ്രത്യേക യോഗത്തില്‍ പരാതിപ്പെട്ടിരുന്നു. വിജിലന്‍സ് ഇടപെടലുകള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടരി യോഗം വിളിച്ച് ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ അവധിയില്‍ പോവുന്നത് നിയമവിധേയമല്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നതുകൊണ്ടാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആക്ഷേപം. വിജിലന്‍സ് പരിശോധനകള്‍ കൊണ്ട് ബുദ്ധിമുട്ടിക്കരുതെന്നും സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്.

പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി മുറവിളികള്‍ ഉയരാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും കേരളത്തില്‍ അപ്പാടെ നാശം വിതച്ച പ്രളയവും ഉരുള്‍പൊട്ടലുകള്‍ക്കും ശേഷം ആ ആവശ്യം ശക്തി പ്രാപിച്ചിരിക്കുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പുറമെ പ്രകൃതിദുരന്തത്തിന്റെ കെടുതികള്‍ അനുഭവിച്ചവരും ഇതേ ആവശ്യം ഉന്നയിച്ച് മുന്നിട്ടിറങ്ങുന്നു. എന്നാല്‍ അതേസമയം തന്നെ കൂടുതല്‍ പാറകള്‍ പൊട്ടിക്കാനുള്ള അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഇനിയും പാഠം പഠിച്ചിട്ടില്ലെന്ന് ഗാഡ്ഗില്‍ കമ്മിറ്റി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ.വി.എസ്.വിജയന്‍ പറയുന്നു. ‘ഇത്രയൊക്കെ കണ്ടിട്ടും പഠിച്ചില്ലെങ്കില്‍ ഇനി സര്‍ക്കാര്‍ എന്നാണ് പഠിക്കാന്‍ പോവുന്നത്? പരിസ്തിതിയെ മാനിച്ചുകൊണ്ട് നവകേരളത്തെ കെട്ടിപ്പടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ആ പ്രഖ്യാപനത്തിന് കടകവിരുദ്ധമായ കാര്യമാണ് ഇപ്പോള്‍ ചെയ്യുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 1900ത്തില്‍ അധികം ക്വാറികളില്‍ അറുപത് ശതമാനവും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതാണ്. ആ ക്വാറികള്‍ നിരോധിക്കാന്‍ സര്‍ക്കാരിന് എളുപ്പം സാധിക്കുന്നതേയുള്ളൂ. പക്ഷെ അത് ചെയ്യില്ല. അതില്ല എന്ന് മാത്രമല്ല കൂടുതല്‍ ക്വാറികള്‍ക്ക് അനുമതി നല്‍കുകയും ചെയ്യുന്നു. ഇനിയും പാഠമുള്‍ക്കൊണ്ട് മുന്നോട്ട് പോയില്ലെങ്കില്‍ അത് വലിയ തിരിച്ചടികളാവും എന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ ജനങ്ങള്‍ക്കേ ഇനിയെന്തെങ്കിലും ചെയ്യാന്‍ പറ്റൂ. കായികമായി ഇതിനെ നേരിടുക തന്നെ വേണ്ടി വരും.’

പ്രളയവും ഉരുള്‍പൊട്ടലുമുള്‍പ്പെടെയുള്ളവ തളര്‍ത്തിയ സ്ഥലമാണ് പത്തനംതിട്ട. ക്വാറികള്‍ക്കെതിരെ സമരം ചെയ്ത് തളര്‍ന്ന നാടുമാണ്. അവിടെയാണ് ഇനിയും രണ്ട് വലിയ പാറകള്‍ കൂടി പൊട്ടിക്കാനുള്ള നീക്കം നടക്കുന്നത്. കൊല്ലം ജില്ലയിലെ ഒരു ക്വാറിയൊഴികെ മറ്റെല്ലാം രണ്ട് വര്‍ഷമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. അംഗീകൃതമായതിലും അധികം താഴ്ചയില്‍ പാറകള്‍ പൊട്ടിച്ച് അഗാധ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനാല്‍ ഇനി പാറപൊട്ടിക്കണമെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഒന്നുകൊണ്ട് മാത്രമാണ് അവയില്‍ ഭൂരിഭാഗവും പൂട്ടേണ്ടി വന്നത്. എന്നാല്‍ ആ പ്രദേശത്ത് വീണ്ടും മൂന്ന് ക്വാറികള്‍ കൂടി വരുന്നത് ഒരു തരത്തിലും അനുവദിക്കാന്‍ കഴിയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാര്‍. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഏതെല്ലാം പ്രദേശത്താണ് അവയെന്ന് വ്യക്തതയില്ല. പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ പൂട്ടിക്കാനുള്ള ശ്രമത്തിലാണ് നഗരൂരിലെ നാട്ടുകാര്‍. അതിനിടയിലാണ് സര്‍ക്കാര്‍ അദാനിക്കായി മറ്റൊരു ക്വാറിക്ക് അനുമതി നല്‍കിയത്. ക്വാറികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് അനുമതിക്കായി അദാനി കമ്പനി കാത്തിരിക്കുന്ന പാറകളെക്കുറിച്ചും പ്രദേശങ്ങളെക്കുറിച്ചും സാമൂഹിക പാരിസ്ഥിതി സാഹചര്യങ്ങളെക്കുറിച്ചും വരുംദിവസങ്ങളില്‍.

(തുടരും)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍