UPDATES

അദാനി കണ്ണുവെച്ച കൂടലിലെ ക്വാറിക്കെതിരെ സമരം തുടങ്ങിയത് 1994ല്‍ നിത്യ ചൈതന്യ യതി; ഇപ്പോള്‍ ഇവിടെ 9 ക്വാറികളും 5 ക്രഷറുകളും

‘ഞങ്ങളുടെ നാടിനെ സംരക്ഷിച്ച് നിര്‍ത്തുന്ന രണ്ട് മലകളാണ് രാക്ഷസന്‍പാറയും കിള്ളിപ്പാറയും. അതുകൂടി പൊട്ടിക്കാന്‍ വന്നാല്‍ എന്തുവില കൊടുത്തും ഞങ്ങള്‍ തടയും’-ഭാഗം 2

നവകേരള നിര്‍മ്മിതിക്ക് തുടക്കം കുറിച്ചുകൊണ്ട് മലപൊട്ടിക്കലിന് അതിവേഗ എന്‍ ഒ സികള്‍. പശ്ചിമഘട്ട മലകള്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ച ആയുസ്സ് പത്ത് ദിവസം. മലകള്‍ പൊട്ടിച്ച് നീക്കാന്‍ അദാനിയെത്തുമ്പോള്‍ അതിന് കൂട്ടായി സര്‍ക്കാരും. വിഴിഞ്ഞം തുറമുഖം പദ്ധതിക്കായി പാറകള്‍ പൊട്ടിക്കാന്‍ തടസ്സങ്ങളില്ലാതെ എന്‍ഒസി ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. കെ‌ ആര്‍ ധന്യയുടെ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം- ക്വാറികള്‍ക്ക് അതിവേഗ എന്‍ ഒ സികള്‍; മല തുരന്നോ നവകേരള നിര്‍മ്മാണം?

‘ഇഞ്ചപ്പാറയില്‍ ഇനി ആകെ അവശേഷിക്കുന്നത് രണ്ട് മലകളാണ്. അതുകൂടി തകര്‍ത്ത് കളയാന്‍ ഞങ്ങള്‍ എന്തുവന്നാലും അനുവദിക്കില്ല. ഞങ്ങളുടെ നാടിനെ സംരക്ഷിച്ച് നിര്‍ത്തുന്ന രണ്ട് മലകളാണ് രാക്ഷസന്‍പാറയും കിള്ളിപ്പാറയും. അതുകൂടി പൊട്ടിക്കാന്‍ വന്നാല്‍ എന്തുവില കൊടുത്തും ഞങ്ങള്‍ തടയും’ രോഷത്തോടെയാണ് വിശ്വംഭരന്‍ പ്രതികരിച്ചത്. വിശ്വംഭരന്‍ പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയാണ്. ക്വാറികള്‍ തകര്‍ത്ത നാടിന്റെ പ്രതിനിധി. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പാറകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അതിവേഗം നടപടികള്‍ നീക്കുമ്പോള്‍ തങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കാനായി പോരാടുകയാണ് കലഞ്ഞൂരിലെ മണ്‍തരികള്‍ പോലും.

പത്തനംതിട്ട ജില്ലയില്‍ ചെറുതും വലുതുമായ 352 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നല്‍കുന്നതല്ല ഈ കണക്ക്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് ‘കഴിഞ്ഞ വര്‍ഷം ലൈസന്‍സ് നല്‍കിയതോ, ലൈസന്‍സ് പുതുക്കി നല്‍കിയതോ ആയ ക്വാറികളുടെ കണക്ക് മാത്രമാണ് കയ്യിലുള്ളതെന്ന്’ അധികൃതര്‍ പറയുന്നു. പീച്ചി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോറസ്റ്റ് ഹെല്‍ത്ത് ഡിവിഷനിലെ ഡോ.ടി.വി.സജീവ് നടത്തിയ അനൗദ്യോഗിക പഠനത്തിലാണ് ഈ കണക്കുകള്‍ രേഖപ്പെടുത്തുന്നത്. ഇതില്‍ തന്നെ ഏറ്റവും അധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് കോന്നി താലൂക്കിലാണ്. പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമടക്കം ഏറ്റവും അധികം നാശം വിതച്ച സ്ഥലങ്ങളിലൊന്നാണ് കോന്നി താലൂക്ക്. നൂറ്റമ്പതിലധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് കോന്നി താലൂക്കിനുള്ളിലാണ്.

കോന്നി താലൂക്കിലെ കൂടല്‍ വില്ലേജില്‍ മാത്രം ഒമ്പത് ക്വാറികളും പാറ പൊടിച്ച് മണ്ണാക്കുന്ന അഞ്ച് ക്രഷര്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നതായാണ് ഞെട്ടിക്കുന്ന വിവരം. കൂടല്‍ വില്ലേജില്‍ ഉള്‍പ്പെടുന്നതാണ് പാറസമൂഹമായ ഇഞ്ചപ്പാറ. കിള്ളിപ്പാറ, രാക്ഷസന്‍പാറ, തട്ടുപാറ, പടപ്പാറ, കുറവന്‍കുറത്തിപ്പാറ, പുലിപ്പാറ അങ്ങനെ നിരവധി പാറകളായി നിരന്നു കിടക്കുന്നതാണ് ഇഞ്ചപ്പാറ. ഇതില്‍ കിള്ളിപ്പാറയും രാക്ഷസന്‍പാറയും ഒഴികെയുള്ള എല്ലാ പാറകളും പാറമടകളോ ക്രഷര്‍ യൂണിറ്റുകളോ ആയി മാറിയിട്ട് വര്‍ഷങ്ങളായി. ചില പാറകള്‍ ഇനി പൊട്ടിക്കാന്‍ പോലുമാവാത്ത വിധം അഗാധ ഗര്‍ത്തങ്ങള്‍ മാത്രമായി അവശേഷിക്കുന്നു.

ഇതില്‍ അവശേഷിക്കുന്ന രണ്ട് പാറകളെ കൂടി പൊട്ടിച്ച് നീക്കാനാണ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പുലിമുട്ടുകള്‍ നിര്‍മ്മിക്കണമെങ്കില്‍ പാറകള്‍ വേണം. പാറകള്‍ ലഭിക്കാത്തത് കൊണ്ടു മാത്രമാണ് പദ്ധതി നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്ന് കരാര്‍ എടുത്തിരിക്കുന്ന അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ പലതവണയായി അറിയിച്ചിരുന്നു. എന്നാല്‍ ആ പ്രശ്നം പരിഹരിക്കാനായി അദാനി കമ്പനി അപേക്ഷ സമര്‍പ്പിച്ചാലുടന്‍ നടപടികള്‍ വേഗത്തിലാക്കി അതിവേഗം എന്‍ ഒ സികള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

കലഞ്ഞൂര്‍ പഞ്ചായത്തിലെ രാക്ഷസന്‍പാറയാണ് അദാനി പാറപൊട്ടിക്കാനായി അപേക്ഷ സമര്‍പ്പിച്ച പാറകളിലൊന്ന്. ക്വാറി വിരുദ്ധ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പേരുകേട്ട നാട് കൂടിയാണ് കലഞ്ഞൂര്‍. കലഞ്ഞൂരിലെ സമരങ്ങള്‍ കേരളത്തില്‍ ആകെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കുടിവെള്ളമില്ലാതെ, പൊടിപടലത്തിനുള്ളില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടപ്പോള്‍ നാട്ടുകാര്‍ പൊറുതിമുട്ടിയാണ് സമരങ്ങള്‍ക്കിറങ്ങിയത്. 1994-ല്‍ നിത്യചൈതന്യ യതിയാണ് സമരം തുടങ്ങിവച്ചത്. ‘പാറയെ പൊടിച്ച് , ലോകത്തെ പൊടിച്ച് കളയുകയാണെന്ന്’ പറഞ്ഞുകൊണ്ടാണ് അന്ന് യതി സമരം ആരംഭിച്ചതെന്ന് നാട്ടുകാര്‍ ഓര്‍മ്മിക്കുന്നു. പ്രകൃതി കനിഞ്ഞ് നല്‍കിയ മലനിരകളുടെ അടിവാരത്തില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞിരുന്നവരുടെ ജീവിതം അന്നു മുതല്‍ക്കാണ് മാറാന്‍ തുടങ്ങിയത്. ആവശ്യത്തിലധികം ശുദ്ധജലവും മഴയും പ്രകൃതിവിഭവങ്ങളും ലഭ്യമായിരുന്ന ജനതക്ക് ക്രമേണ അവയെല്ലാം നഷ്ടമായി. പാറകളെയെല്ലാം ഓരോന്നോരോന്നായി പൊട്ടിച്ചും പൊടിച്ചും ഇല്ലാതാക്കിയപ്പോള്‍ തകര്‍ന്നത് അവരുടെ ജീവിതങ്ങള്‍ കൂടിയാണ്.

എലിക്കോട് കള്ളിപ്പാറയാണ് അദാനി കമ്പനി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന മറ്റൊരു പാറ. കള്ളിപ്പാറയുടെ എതിര്‍വശത്തായി അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന പാറ ഇപ്പോള്‍ പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളം കെട്ടി നില്‍ക്കുന്ന വലിയ ഗര്‍ത്തമാണെന്നും നാട്ടുകാര്‍ പറയുന്നു. പശ്ചിമഘട്ടത്തിലെ പാരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളുമായ രണ്ട് മലകള്‍ കൂടി പൊട്ടിച്ചാല്‍ അത് തങ്ങളെ തന്നെ ഇല്ലായ്മ ചെയ്യുന്നതിന് തുല്യമാണെന്ന് കലഞ്ഞൂരുകാര്‍ പറയുന്നു. വിശ്വംഭരന്‍ തുടരുന്നു ‘കൂടല്‍ എന്ന കൊച്ചു ഗ്രാമത്തില്‍ തന്നെ 115 പാറമടകളായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളെല്ലാം സമരം ചെയ്താണ് അത് പൂട്ടിച്ചത്. ഇപ്പോഴുമുണ്ട് 14 എണ്ണം. അവ അനിയന്ത്രിതമായി പാറപൊട്ടിക്കലും തുടരുന്നു. ഐതിഹ്യത്താല്‍ പ്രസിദ്ധമായ രാക്ഷസന്‍ പാറയിലാണ് നിത്യ ചൈതന്യ യതി എഴുതാനായി വന്ന് താമസിച്ചിരുന്നത്. ഇവിടെ ക്രഷര്‍ യൂണിറ്റുകളും പാറമടകളും വരുന്ന സമയം 1994-ല്‍ യതിയാണ് ഞങ്ങളെയെല്ലാവരേയും വിളിച്ചുകൂട്ടി മല തകര്‍ക്കാന്‍ അനുവദിക്കരുതെന്ന് പറഞ്ഞത്. അന്ന് തുടങ്ങിയ സമരങ്ങളാണ് ഇഞ്ചപ്പാറക്ക് വേണ്ടി. 24 വര്‍ഷങ്ങള്‍ക്ക് ശേഷവും ഞങ്ങള്‍ അത് തുടരുകയാണ്.

ജൈവവൈവിധ്യത്താല്‍ സമ്പുഷ്ടമാണ് ഇപ്പോള്‍ അവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാക്ഷസന്‍പാറയും കിള്ളിപ്പാറയും. രണ്ടും വനഭൂമിയോട് ചേര്‍ന്നുള്ള പാറകളുമാണ്. ഇപ്പോള്‍ തന്നെ ഞങ്ങള്‍ കുടിവെള്ള വിതരണ വണ്ടികളെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത്. സമൃദ്ധമായി വെള്ളം കിട്ടിയിരുന്ന പ്രദേശത്തിന്റെ അവസ്ഥ അതായി. ഇനി ഈ രണ്ട് പാറകള്‍ കൂടി പോയാല്‍ ഉള്ളതുകൂടി ഇല്ലാതാവും എന്ന കാര്യത്തില്‍ സംശയമില്ല. സ്വന്തമായിരുന്നതെല്ലാം ഓരോന്നോരോന്നായി ഇല്ലാതാവുന്ന കാഴ്ച വര്‍ഷങ്ങളായി ഞങ്ങള്‍ കാണുന്നതാണ്. രാക്ഷസന്‍ പാറയുടെ മുകളില്‍ കയറി നിന്നാല്‍ കൊല്ലംവും പത്തനംതിട്ടും മുഴുവന്‍ കാണാം. അത്രയും ഉയരത്തിലുള്ള പാറയാണ്. ദേവന്‍മാരും അസുരന്‍മാരും യുദ്ധം ചെയ്തപ്പോള്‍ അസുരന്‍മാര്‍ ഒളിച്ചിരുന്ന പാറയാണ് ഇതെന്നാണ് ഐതിഹ്യം. അതില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ആവാം. പക്ഷെ അത് വിശ്വസിക്കുന്നവരുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ അവകാശമുണ്ട്. ഈ മലകള്‍ കൂടി പോയാല്‍ ഞങ്ങള്‍ക്ക് പിന്നെ കാറ്റ് പോലും ഉണ്ടാവില്ല. ഇപ്പോള്‍ തന്നെ കാറ്റുകുറഞ്ഞു, മഴ കുറഞ്ഞു. കള്ളിപ്പാറയുടെ എതിര്‍വശത്തായി ഒരു പാറമട പ്രവര്‍ത്തിച്ചിരുന്നു. അവിടെ രൂപപ്പെട്ട അഗാധ ഗര്‍ത്തത്തില്‍ ഒരു ഡാമിലുള്ളതിനേക്കാള്‍ വെള്ളമാണ് കെട്ടി നില്‍ക്കുന്നത്. ഈ പാറ പൊട്ടിക്കുമ്പോള്‍ പാറയില്‍ വിള്ളലുണ്ടായി ആ വെള്ളമെങ്ങാന്‍ പൊട്ടിയൊഴുകിയാല്‍ പിന്നെ ഞങ്ങളുണ്ടാവില്ല. പാറമടകള്‍ രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും കറവപ്പശുക്കള്‍ ആണ്. കൃത്യമായി കിട്ടുന്ന മാസപ്പടിക്കായി മലകളേയും പാറകളേയും തീറെഴുതി കൊടുക്കുകയാണ് എല്ലാവരും.’

കൂടല്‍ വില്ലേജിലെ സ്ഥലങ്ങളില്‍ ഭൂരിഭാഗവും കൃഷിക്കും താമസത്തിനുമായി സര്‍ക്കാര്‍ അനുവദിച്ച ഭൂമിയാണ്. ഇവയില്‍ വ്യവസായം അനുവദിക്കാന്‍ പാടുള്ളതല്ല. ആ പ്രദേശത്താണ് ഒരു ഡസന്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി പുലിമുട്ട് നിര്‍മ്മിക്കാവാവശ്യമായ പാറകള്‍ ലഭ്യമാക്കുന്നതിന് അദാനി ഗ്രൂപ്പ് 11 ക്വാറികള്‍ക്കാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. തിരുവനന്തപുരത്ത് ആറും കൊല്ലം ജില്ലയില്‍ മൂന്നും പത്തനംതിട്ടയില്‍ രണ്ടും ക്വാറികള്‍ക്കുള്ള അപേക്ഷയാണ് സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതി എന്ന നിലക്ക് മുന്‍ഗണ നല്‍കി എത്രയും വേഗം എന്‍ഒസി കള്‍ അനുവദിച്ച് നല്‍കണമെന്ന് അതത് ജില്ലാ കളക്ടര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥര്‍ രാക്ഷസന്‍പാറയിലും കള്ളിപ്പാറയിലും ഭൂമി അളന്നുതിരിക്കാന്‍ വന്നെങ്കിലും നാട്ടുകാര്‍ പ്രതിഷേധിച്ച് തിരിച്ചയച്ചു. എന്നാല്‍ അദാനി ഗ്രൂപ്പിന് ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി ലഭിച്ചിട്ടുള്ളതിനാല്‍ നിയമപരമായി ഇതിനെ തടയുക എളുപ്പമല്ല എന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് ലൈസന്‍സ് ലഭിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് പഞ്ചായത്ത് അധികൃതരാണെന്നും ഇവര്‍ ആരോപിക്കുന്നു. കലഞ്ഞൂര്‍ സ്വദേശിയായ അവിനാശ് പറയുന്നത് ‘ അദാനി ഗ്രൂപ്പ് പാറകള്‍ പൊട്ടിക്കുന്നതിനുള്ള അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അപേക്ഷ സ്വീകരിച്ചെന്നോ നിരസിച്ചെന്നോ പോലും പഞ്ചായത്ത് ഒരു മറുപടി നല്‍കിയില്ല. പഞ്ചായത്തിന്റെ മറുപടി ലഭിക്കാതായതോടെ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ലൈസന്‍സ് നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു. ഇപ്പോള്‍ പഞ്ചായത്ത് ഒരു സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ട്. പക്ഷെ അതുകൊണ്ടൊന്നും പാറപൊട്ടിക്കല്‍ തടയാന്‍ കഴിയില്ല.’

ചോദിക്കുന്നവര്‍ക്കെല്ലാം തോന്നും പടി പാറപൊട്ടിക്കാന്‍ അനുമതി നല്‍കുന്ന അധികൃതരോട് യുദ്ധം ചെയ്ത് തങ്ങളുടെ ജീവിതം ഇല്ലാതാവുകയാണെന്ന് കലഞ്ഞൂരുകാര്‍ പറയുന്നു. എന്നാല്‍ കുടിക്കാനുള്ള വെള്ളവും ശ്വാസവായുവും ഇല്ലാതാക്കുന്ന ക്വാറികള്‍ ഇനി അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇവര്‍.

(തുടരും)

ക്വാറികള്‍ക്ക് അതിവേഗ എന്‍ ഒ സികള്‍; മല തുരന്നോ നവകേരള നിര്‍മ്മാണം?

പത്തനംതിട്ട കലഞ്ഞൂരിലെ നടരാജന്‍ എന്ന ഭൂപ്രഭുവിന്‍റെ കഥ

പോത്തുപാറയിലെ ടിപ്പര്‍ മുതലാളിമാര്‍ അഥവാ നിശബ്ദതയുടെ രാഷ്ട്രീയം

ചിത്രങ്ങള്‍  – കോന്നി വാര്‍ത്ത

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍