UPDATES

ആ കന്യാസ്ത്രീകള്‍ നടത്തുന്നത് ചരിത്ര പോരാട്ടമാണ്; സര്‍ക്കാരില്ലെങ്കിലും കേരള സമൂഹം ഒപ്പമുണ്ടാകണം

സഭയ്ക്കുള്ളിലെ തെമ്മാടിത്തരങ്ങളെ എതിര്‍ത്ത് പുരോഹിതവര്‍ഗ്ഗത്തിന്റെ അതിക്രമങ്ങളെ ചോദ്യം ചെയ്ത് പുറത്തുവരാന്‍ ഒരു കന്യാസ്ത്രീ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്?

“ഡോക്ടറായി സേവനം അനുഷ്ഠിച്ച ഒരു കന്യാസ്ത്രീയുടെ അവസാന നാളുകളില്‍ അവരെ ശുശ്രൂഷിച്ച് കൂടെ നിന്നത് മറ്റൊരു കന്യാസ്ത്രിയാണ്. മരണക്കിടക്കയില്‍ കിടന്ന് ഡോക്ടര്‍ തനിക്കും പങ്കാളിയാകേണ്ടി വന്ന ചില പാപങ്ങള്‍ തനിക്കൊപ്പമുള്ള സിസ്റ്ററോട് പങ്കുവച്ചു. സഭയിലെ പല കന്യാസ്ത്രീകളുടെയും പ്രസവം നോക്കിയതും അബോര്‍ഷന്‍ നടത്തിയതുമൊക്കെ അവര്‍ തുറന്നുപറഞ്ഞു. ഈ വിവരങ്ങള്‍ കേട്ട സിസ്റ്റര്‍ അക്കാര്യങ്ങളെല്ലാം കുറിച്ചെടുത്തിരുന്നു. ഡോക്ടറുടെ മരണശേഷം താന്‍ അറിഞ്ഞ വിവരങ്ങളെല്ലാം ചേര്‍ത്ത് ഒരു പുസ്തകം എഴുതാന്‍ സിസ്റ്റര്‍ തീരുമാനിച്ചു. തന്റെ റൂമില്‍ ഇരുന്ന് എഴുത്തിന്റെ ആദ്യപടികള്‍ കടന്നപ്പോള്‍ തന്നെ സിസ്റ്ററുടെ നീക്കം ചിലര്‍ മണത്തറിഞ്ഞു. എന്നാല്‍ അതിനു മുന്നേ താന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ദുബൈയില്‍ ഉള്ള സഹോദരനോട് സിസ്റ്റര്‍ സംസാരിച്ചിരുന്നു. താന്‍ ഇങ്ങനെയൊരു പുസ്തകം എഴുതാന്‍ പോവുകയാണെന്നും എന്താണ് നടക്കാന്‍ പോകുന്നതെന്ന് അറിയില്ലെന്നും പേടിയുണ്ടെന്നുമൊക്കെ സിസ്റ്റര്‍ പറഞ്ഞു. ഇത് കേട്ട്, ആശങ്ക തോന്നിയ സഹോദരന്‍ വിവരങ്ങള്‍ കേരള വനിത കമ്മിഷനില്‍ വിളിച്ചറിയിച്ചു. കമ്മിഷന്‍ അംഗങ്ങള്‍ സിസ്റ്ററെ തിരക്കിയെത്തിയപ്പോള്‍ സിസ്റ്റര്‍ക്കുള്ള ശിക്ഷ നടപ്പാക്കപ്പെട്ടു കഴിഞ്ഞിരുന്നു…”

സിസ്റ്റര്‍ ജസ്മിയാണ് മേല്‍ വിവരിച്ച സംഭവത്തെക്കുറിച്ച് പറഞ്ഞത്. താന്‍ ആ സമയം കന്യാസ്ത്രി വസ്ത്രം ഉപേക്ഷിച്ച് രക്ഷതേടി എറണാകുളത്ത് താമസിക്കുന്ന കാലമായിരുന്നുവെന്നും വനിത കമ്മീഷന്‍ അംഗങ്ങള്‍ തന്നോട് ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും അങ്ങനെയാണ് ഈ വിവരം താന്‍ മനസിലാക്കുന്നതെന്നും സി. ജെസ്മി പറയുന്നു.

“മാനസികാരോഗ്യ കേന്ദ്രത്തില്‍ ബലമായി അടച്ചിടപ്പെട്ട ആ സിസ്റ്ററെ കാണാന്‍ കമ്മീഷന്‍ അംഗങ്ങള്‍ ചെന്നിരുന്നു. വളരെ അകലത്തില്‍ ഔദ്യോഗിക വാഹനം നിര്‍ത്തി, സാധാരണക്കാരെപോലെ പെരുമാറിയാണ് കമ്മീഷന്‍ അംഗങ്ങള്‍ അകത്ത് കടന്ന് സിസ്റ്ററെ കണ്ടത്. അംഗങ്ങള്‍ സിസ്റ്ററോട് പറഞ്ഞത്, നിങ്ങള്‍ തിരുവസ്ത്രം ഉപേക്ഷിച്ച് പുറത്തു വരൂ, സമാധാനത്തോടെ കഴിയൂ, എല്ലാ സഹായങ്ങളും ഞങ്ങള്‍ ചെയ്തു തരാം എന്നായിരുന്നു. എന്റെ കാര്യമാണ് അവര്‍ ഉദാഹരണമായി സിസ്റ്ററോട് പറഞ്ഞത്. എന്നാല്‍ ആ ക്ഷണം നിരസിച്ചുകൊണ്ട് സിസ്റ്റര്‍ മറുപടി പഞ്ഞത്; പത്തറുപത് വര്‍ഷമായി ഈ വസ്ത്രത്തിനുള്ളിലാണ് എന്റെ ജീവിതം… ഇതുപേക്ഷിച്ച് ഇനിയൊരു ജീവിതം എനിക്ക് വേണ്ട… ഞാനിവിടെ മരിച്ചു വീഴട്ടെ’ എന്നായിരുന്നു. ഒരുപക്ഷേ ആ സിസ്റ്റര്‍ പുറത്ത് വന്ന് അവര്‍ എഴുതാന്‍ ഉദ്ദേശിച്ചത് പൂര്‍ത്തിയാക്കി ഒരു പുസ്തകം പുറത്തിറക്കിയിരുന്നെങ്കില്‍ അത് ആമേന്‍ (സിസ്റ്റര്‍ ജസ്മി എഴുതിയത്) ഉണ്ടാക്കിയതിനെക്കാള്‍ വലിയ ആഘാതം സഭയ്ക്ക് ഉണ്ടാക്കുമായിരുന്നു…”

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാതെ ഇരയ്ക്ക് നീതി നിഷേധിക്കുന്ന സഭയുടെയും സര്‍ക്കാരിന്റെയും പോലീസിന്റെയും നിലപാടുകള്‍ക്കെതിരെ ചരിത്രപരം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ കുറവിലങ്ങാട് മഠത്തില്‍ നിന്നും അഞ്ച് കന്യാസ്ത്രീകള്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ പ്രത്യക്ഷ പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് സംസാരിക്കുകായിരുന്നു ജസ്മി.

കാലങ്ങളായി കന്യാസ്ത്രീകള്‍ നേരിടുന്ന പീഢനങ്ങള്‍ രക്തം മരവിപ്പിക്കുന്നതാണ്. വിരലില്‍ എണ്ണാവുന്നവര്‍ സഹനത്തിന്റെ പാരമ്യത കടക്കുമ്പോള്‍ എല്ലാം ഉപേക്ഷിച്ച് പുറത്തു വരും. അതില്‍ ജസ്മിയെപോലെ ഒന്നോ രണ്ടോപേര്‍ തങ്ങളുടെ പോരാട്ടവുമായി സമൂഹത്തിന്റെ മുഖ്യധാരയില്‍ തന്നെ നില്‍ക്കും. ബാക്കിയുള്ളവര്‍ എവിടെ? എങ്ങനെ? എന്നറിയാതെ മറഞ്ഞുപോകും. പുറത്തു വരുന്നവര്‍ വളരെ കുറച്ചാണങ്കില്‍ എല്ലാം ഉള്ളിലൊതുക്കി, തുടക്കത്തില്‍ പരാമര്‍ശിച്ച സിസ്റ്ററെപോലെ മരണംവരെ ഉള്ളില്‍ തന്നെ തുടരുന്നവരാണ് ഭൂരിഭാഗവും. അത്തരമൊരു സാഹചര്യത്തില്‍ നിന്നും അഞ്ച് കന്യാസ്ത്രീകള്‍ നീതിക്കായി തെരുവില്‍ ഇറങ്ങുമ്പോള്‍ അത് സഭയുടെ കേരളത്തിലെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്. പക്ഷേ, അങ്ങനെയൊരു നീക്കത്തിലേക്ക് അവര്‍ക്ക് കടക്കേണ്ടി വരുമ്പോള്‍ അതിന്റെ നാണക്കേടും പാപഭാരവും പേറേണ്ടത് ഇവിടുത്തെ സര്‍ക്കാരാണ്. സഭ ഞങ്ങളുടെ കൂടെയില്ല, സഭയില്‍ നിന്നും ഞങ്ങള്‍ക്ക് നീതി കിട്ടില്ല എന്നു മനസിലാക്കി അവര്‍ സമീപിച്ചത് സര്‍ക്കാരിനെയാണ്, ഇവിടുത്തെ നീതി, നിയമ സംവിധാനത്തെയാണ്. പക്ഷേ, പരാതി ഉണ്ടായിട്ട്, എല്ലാ തെളിവുകളും നല്‍കിയിട്ടും എഴുപത്തിയഞ്ച് ദിവസങ്ങള്‍ക്കിപ്പുറവും ബിഷപ്പ് ഫ്രാങ്കോ ഇപ്പോഴും സംരക്ഷിക്കപ്പെടുമ്പോള്‍, ആ കന്യാസ്ത്രീകള്‍ നിരാശയോടെ പറയുന്നത്; “ഞങ്ങളെ സംരക്ഷിക്കാന്‍ സഭയില്ല, ഞങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇല്ല, ഞങ്ങളെ സംരക്ഷിക്കാന്‍ പോലീസ് ഇല്ല…” എന്നാണ്.

“ഞങ്ങള്‍ ഝാന്‍സി റാണിമാരല്ല, ഫൂലന്‍ ദേവിമാരുമല്ല… ഞങ്ങള്‍ക്ക് ആശങ്കകളും ഭയവുമുണ്ട്, പക്ഷേ ഞങ്ങള്‍ പോരാടുകയാണ്” എന്നാണ് ഹൈക്കോടതി ജംഗ്ഷനിലെ പ്രതിഷേപ്പന്തലില്‍ നിന്ന് ആ കന്യാസ്ത്രിമാര്‍ പറഞ്ഞത്.

സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തില്‍ നീതി തേടി ഒരു കന്യാസ്ത്രീയും തെരുവില്‍ ഇറങ്ങിയിട്ടില്ല. അതേസമയം അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുരോഹിതര്‍ അറസ്റ്റിലായപ്പോള്‍ അവര്‍ക്ക് നീതി തേടി ഇറങ്ങിയിട്ടുണ്ട് കന്യാസ്ത്രീകള്‍… ഭൂമി തട്ടിപ്പ് നടത്തിയ കര്‍ദ്ദിനാളിനു വേണ്ടിയും പ്ലക്കാര്‍ഡുകള്‍ പിടിച്ച് മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അതെല്ലാം അവര്‍ സ്വമനസാലെ ഇറങ്ങിയതല്ല, അവരെക്കൊണ്ട് ചെയ്യിക്കുന്നതാണ്. ദൈവത്തിന്റെ പേര് പറഞ്ഞ്, ദൈവത്തിന്റെ പ്രതിനിധികളായ ബിഷപ്പുമാരെയും പുരോഹിതന്മാരെയും സംരക്ഷിക്കാനും അനുസരിക്കാനും ഉള്ള ബാധ്യതകള്‍ ഓര്‍മിപ്പിച്ച് സഭയുടെ സല്‍പ്പേര് നിലനിര്‍ത്താന്‍ വേണ്ടി അടിമകളെയെന്നപോലെ കന്യാസ്ത്രീമാരെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എക്കാലവും അവര്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി, സകലതും സഹിച്ച് കൂടെ നില്‍ക്കുമെന്ന പുരോഹിതരുടെ വിശ്വാസത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട് പുറത്തു വന്ന് നീതി തേടി സംസാരിച്ച ആ കന്യാസ്ത്രീകള്‍ അവര്‍ പറഞ്ഞതുപോലെ ഝാന്‍സി റാണിമാരോ ഫൂലന്‍ദേവിമാരോ അല്ലായിരിക്കാം, ദൈവവിശ്വാസം മുറുകെ പിടിച്ച് സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ജീവിക്കുന്ന സാധാരണക്കാര്‍ മാത്രമായിരിക്കാം. പക്ഷേ, ഇന്നവര്‍ ചെയ്ത പ്രവര്‍ത്തിയാല്‍ അവര്‍ ധീരരായിരിക്കുകയാണ്.

"</p

“ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമായിരിക്കുമെന്ന് അറിയില്ല. ഞങ്ങളെ പുറത്താക്കുമോ? മഠത്തില്‍ കയറ്റാതിരിക്കുമോ എന്നൊന്നും അറിയില്ല. പക്ഷേ, ഞങ്ങള്‍ മുന്നോട്ടു പോകും” എന്ന അവരുടെ വാക്കുകളില്‍ വല്ലാത്തൊരു ധൈര്യമുണ്ട്.

“താന്‍ നേരിടേണ്ടി വന്ന അപരാധത്തിനെതിരേ പരാതി നല്‍കി എഴുപത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും കുറ്റക്കാരനെതിരേ ഒരു നടപടിയും എടുക്കാതെ വരുമ്പോള്‍ ഞങ്ങളുടെ സഹോദരിയാണ് വിഷമത്താലും ദുഖത്താലും കഴിയുന്നത്. ഞങ്ങളാണത് കാണുന്നത്. എന്തുകൊണ്ട് ആ ദുഃഖം സഭ കാണുന്നില്ല? സര്‍ക്കാര്‍ കാണുന്നില്ല? എന്തുകൊണ്ട് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നില്ല? ഫ്രാങ്കോയ്ക്ക് എന്തെങ്കിലും അവകാശങ്ങള്‍ ഉള്ളതുകൊണ്ടാണോ? അധികാരം ഉള്ളതുകൊണ്ടാണോ? ഞങ്ങള്‍ക്ക് ഇതിനൊക്കെ ഉത്തരം കിട്ടണം. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണം”; അവരുടെ ഈ വാക്കുകളിലുണ്ട് മുന്‍മാതൃകകള്‍ ഇല്ലാത്ത ഒരു പ്രതിഷേധത്തിലേക്ക് എന്തുകൊണ്ട് ആ കന്യാസ്ത്രീകള്‍ എത്തിയെന്നതിന് ഉത്തരം.

സഭയ്ക്കുള്ളിലെ തെമ്മാടിത്തരങ്ങളെ എതിര്‍ത്ത് പുരോഹിതവര്‍ഗ്ഗത്തിന്റെ അതിക്രമങ്ങളെ ചോദ്യം ചെയ്ത് പുറത്തുവരാന്‍ ഒരു കന്യാസ്ത്രീ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? പുറത്തു വന്നാല്‍ അവള്‍ എന്തു ചെയ്യും എന്നൊരു ചോദ്യം ഉത്തരമില്ലാതെ നില്‍ക്കുന്നത് കൊണ്ട്. സ്വന്തം വീട്ടുകാര്‍ സ്വീകരിക്കാന്‍ തയ്യാറാകില്ല. ഒരു സംരക്ഷണ കേന്ദ്രം അവര്‍ക്ക് കിട്ടുന്നില്ല. ജോസഫ് പുലിക്കുന്നിലൊക്കെ പുറത്തു വരുന്ന കന്യാസ്ത്രീകളെ സംരക്ഷിക്കാന്‍ സാഹചര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും പിന്നീടത് നിലച്ചുപോകാന്‍ കാരണം സഭ പിന്നില്‍ നിന്നും കളിച്ച കളികള്‍ തന്നെയാണ് എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അകത്ത് നിന്ന് അനുഭവിക്കുന്നതിനേക്കാള്‍ കഠിനമായ സാഹചര്യങ്ങളായിരിക്കും പുറത്തുവന്നാല്‍ തങ്ങള്‍ നേരിടേണ്ടി വരികയെന്ന് ചിന്തിക്കുന്നിടത്താണ് പല രോദനങ്ങളും മഠങ്ങളിലെ ചുവരുകള്‍ക്കപ്പുറത്തേക്ക് കേള്‍ക്കാതെ പോകുന്നത്.

പ്രതിരോധിക്കുമ്പോള്‍, പ്രതിഷേധിക്കുമ്പോള്‍ ഒപ്പം നില്‍ക്കാന്‍ ആരുമുണ്ടാകില്ലെന്ന ചിന്തകളും കുടഞ്ഞെറിച്ചിരിക്കുകയാണ് ഈ കന്യാസ്ത്രീകള്‍. കുറവിലങ്ങാട് നിന്ന് എറണാകുളത്ത് സമരപ്പന്തലില്‍ അവരെത്തിയത് ഒപ്പം കുടുംബാംഗങ്ങളുമായാണ്. സ്വന്തം കുടുംബത്തിന്റെപോലും പിന്തുണ നിങ്ങള്‍ക്കുണ്ടാവില്ല എന്ന ഭയപ്പെടുത്തലില്‍ വീണുപോയിട്ടുള്ളവര്‍ക്ക് ഈ കന്യാസ്ത്രീകളും അവരുടെ കുടുംബങ്ങളും സൃഷ്ടിക്കുന്ന മാതൃക വിശ്വാസമേകും. ഇരയാക്കപ്പെട്ട കന്യാസ്ത്രീക്ക് നീതി കിട്ടുംവരെ എത്രദൂരം വേണമങ്കിലും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കന്യാസ്ത്രീകള്‍ പറയുമ്പോള്‍, അവര്‍ക്ക് പൂര്‍ണ പിന്തുണയറിക്കുകയാണ് കുടുംബാംഗങ്ങള്‍. തങ്ങളുടെ സഹോദരിയെ ഉപദ്രവിച്ചതും പോരാഞ്ഞ്, കേസ് വന്നപ്പോള്‍ വീണ്ടും വീണ്ടും വാക്കുകളാല്‍ അപമാനിക്കുന്ന പി സി ജോര്‍ജ് എംഎല്‍എയെപോലുള്ള ജനപ്രതിനിധികളോടും രാഷ്ട്രീയക്കാരോടും വൈദികരോടും തങ്ങള്‍ക്കുള്ള രോഷവും അവരാരും മറച്ചുവയ്ക്കുന്നില്ല. കുടുംബത്തില്‍ ഒരു സ്ത്രീയെങ്കിലും ഉള്ളവര്‍ക്ക് ഇതുപോലെ അപമാനകരമായ വാക്കുകള്‍ ആ സഹോദരിയെക്കുറിച്ച് പറയാന്‍ തോന്നുമോ എന്നാണവര്‍ ചോദിക്കുന്നത്. നേരില്‍ കണ്ടാല്‍, ഇപ്പോള്‍ പാലിക്കുന്ന സംയമനം പി.സി ജോര്‍ജിനു നേരെ ഉണ്ടാവില്ലെന്നും ഇരയുടെ സഹോദരനും കുടുംബാഗങ്ങളും പറയുന്നു.

"</p

ഞാറയ്ക്കലില്‍ സിഎംസി കന്യാസ്ത്രീകള്‍ ഒരു സ്‌കൂള്‍ നടത്തിയിരുന്നു. സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് യാത്രകളും മറ്റും പലപ്പോഴും വേണ്ടി വരുന്നതിനാല്‍ സ്‌കൂള്‍ മാനേജരായി കപ്പേളയില്‍ വരുന്ന പുരോഹിതനെയാണ് നിയമിച്ചിരുന്നത്. കാലം പോകെ കര്‍മലീത്ത സിസ്റ്റര്‍മാരുടെ ഉടമസ്ഥതിയിലുള്ള സ്‌കൂള്‍ മാനേജരായി സേവനമനുഷ്ഠിച്ച ഒരു പുരോഹിതന്‍ വ്യാജരേഖകള്‍ ഉണ്ടാക്കി സ്കൂള്‍ ബിഷപ്പിന്റെ സ്വന്തമാക്കി വച്ചു. വളരെ വൈകിയാണ് ഈ വിവരം സിസ്റ്റര്‍മാര്‍ അറിഞ്ഞത്. അന്നവരുടെ കൂട്ടത്തില്‍ അഭിഭാഷകയായ ഒരു സിസ്റ്ററും ഉണ്ടായിരുന്നു. കള്ളത്തരം കണ്ടുപിടിച്ചതോടെ സിസ്റ്റര്‍മാര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കി. കേസ് നല്‍കുന്ന സമയം വരെ സിസ്റ്റര്‍മാര്‍ക്ക് ഒപ്പം നിന്ന ജനറാളമ്മ (മദര്‍ സുപ്പീരിയര്‍) പിന്നെ കാലുമാറി ബിഷപ്പിനൊപ്പമായി. കേസ് കൊടുത്തതിനുള്ള ശിക്ഷയായി അഭിഭാഷകയായ സിസ്റ്ററിനെ ഉള്‍പ്പെടെ പത്തുപേരെ വെവ്വേറെ മഠങ്ങളിലേക്ക് സ്ഥലം മാറ്റി. സാധാരണ ഇത്തരം സ്ഥലമാറ്റങ്ങള്‍ ചോദ്യം ചെയ്യാന്‍ പാടില്ല. സഭാ നിയമങ്ങളും ചട്ടങ്ങളും അത്ര കണിശമാണ്. എന്നാല്‍ കേസ് തീരുന്നതുവരെ തങ്ങളാരും തന്നെ സ്ഥലം മാറ്റം അംഗീകരിക്കുന്നില്ലെന്ന് തറപ്പിച്ചു പറയുകയായിരുന്നു ആ സിസ്റ്റര്‍മാര്‍. ഒടുവില്‍ കേസ് സിസ്റ്റര്‍മാര്‍ക്ക് അനുകൂലമായി വിധിച്ചു. വ്യാജരേഖകള്‍ കോടതിക്ക് ബോധ്യമായി. ഈ വിധി പറച്ചിലിനൊപ്പം തന്നെ സിസ്റ്റര്‍മാരെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയതിനെക്കുറിച്ചും കോടതി പരാമര്‍ശം നടത്തി. കോടതി അന്ന് പറഞ്ഞത്, ‘നിങ്ങളുടെ കോണ്‍സ്റ്റിറ്റ്യൂഷന്‍ വായിച്ചു നോക്കുകയുണ്ടായി, അതില്‍ മദര്‍ സുപ്പീരിയറെ വിശേഷിപ്പിക്കുന്നത് ‘ദാസികളുടെ ദാസി’ എന്നാണ്. അങ്ങനെയുള്ളൊരാള്‍ക്ക് എങ്ങനെയാണ് കല്‍പ്പനകള്‍ പുറപ്പെടുവിക്കാന്‍ കഴിയുക?’ കോടതിയുടെ ചോദ്യമതായിരുന്നു. സഭാ നിയമങ്ങളെപ്പോലും വെല്ലുവിളിച്ച് കേസ് നടത്തി ജയിച്ച ആ സിസ്റ്ററുമാരുടെ പ്രവര്‍ത്തി ചരിത്രപരമാണ്. പക്ഷേ, ഇന്ന് അവരുടെ അവസ്ഥ എന്താണെന്നോ നിയമപോരാട്ടത്തിലൂടെ തിരിച്ചു പിടിച്ച സ്‌കൂള്‍ ഇപ്പോഴും അവരുടെ കൈകളില്‍ തന്നെയാണോ എന്നും അറിയില്ല. ആ സംഭവവും ചരിത്രപരമാണെന്ന് പറയുമ്പോള്‍ പോലും ഈ കന്യാസ്ത്രീകള്‍ നീതി തേടി തെരുവിലേക്ക് ഇറങ്ങിയതുപോലെ ധൈര്യമൊന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ല.

ലിബറേഷന്‍ തിയോളജി മൂവ്‌മെന്റിന്റെ ഭാഗമായി മത്സത്തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് സമരം ചെയ്യാന്‍ രംഗത്തു വന്ന അഞ്ചു പുരോഹിതര്‍ക്കൊപ്പം മെഡിക്കല്‍ മിഷനിലെ കന്യാസ്ത്രീകളും ഉണ്ടായിരുന്നു. പുരോഹിതരെ സഭ പിന്നീട് പുറത്താക്കി. സിസ്റ്റര്‍മാര്‍ക്കെതിരേ നടപടിയുണ്ടായില്ല. കാരണം മെഡിക്കല്‍ മിഷന്‍ അംഗങ്ങളായ അവര്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്. അഭികാമ്യമല്ലാത്ത ഇടങ്ങളില്‍ സാന്നിധ്യം ഉണ്ടാകരുതെന്നാണ് കന്യാസ്ത്രീകള്‍ക്കുമേലുള്ള നിയമം. ഈ നിയമം ഉപയോഗിച്ച് തങ്ങള്‍ക്ക് അഭികാമ്യമല്ലെന്നു തോന്നുന്നിടമെല്ലാം അവര്‍ക്കും അഭികാമ്യമല്ലെന്ന് തീര്‍പ്പുണ്ടാക്കി കന്യാസ്ത്രീകളെ നിശബ്ദരാക്കാന്‍ സഭയ്ക്ക് കഴിയാറുണ്ട്. പൊതുസ്ഥലങ്ങള്‍ പോലും അഭികാമ്യമായ ഇടം അല്ലെന്നവര്‍ വിധിച്ചു കളയും. ഇത്തരം ഭയപ്പെടുത്തലുകള്‍ നിലനിര്‍ത്തിയാണ് കന്യാസ്ത്രീകളെ സഭയിലെ ഉന്നതന്മാര്‍ തളച്ചിടുന്നത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ ശബ്ദയമുയര്‍ത്തി രംഗത്തു വന്ന കന്യാസ്ത്രീകള്‍ അവരുടെ സഭയില്‍ മറ്റുള്ളവരില്‍ നിന്നും കുറച്ചു കൂടി സ്വാതന്ത്ര്യമനുഭവിക്കുന്നവരാണ്. ഒരുപക്ഷേ അതായിരിക്കാം അവരെ പുറത്തേക്കിറക്കിയതും. പക്ഷേ, ആര്‍ക്കെതിരേ, എന്തിനുവേണ്ടി അവര്‍ പോരാടുന്നുവെന്നത് ഈ കന്യാസ്ത്രീകളുടെ ഭാവിയും ജീവിതത്തിലും ഭയം വിതറുന്നുണ്ട്. തങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്ന് അറിയില്ലെന്നാണ് അവര്‍ പറയുന്നതും. പക്ഷേ, പിന്മാറില്ലെന്നാണ് ഉറപ്പ്. തങ്ങളെ സംരക്ഷിക്കാന്‍ സഭയോ സര്‍ക്കാരോ പോലീസോ ഇല്ലെന്ന് വ്യക്തമായിട്ടും, കൂടെ നില്‍ക്കാന്‍ മാധ്യമങ്ങളും ചില സംഘടനങ്ങളും മാത്രമാണുള്ളതെന്നു തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണവര്‍ പരസ്യമായി ശബ്ദം ഉയര്‍ത്തി പറയുന്നത്; “മിസ്റ്റര്‍ ഫ്രോങ്കോയുടെ അറസ്റ്റ് അനിവാര്യമാണ്. ഇവിടെ പീഡിപ്പിക്കപ്പെട്ടത് ഞങ്ങളുടെ സഹോദരിയാണ്. ആ സഹോദരിക്കുവേണ്ടി എന്തും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇനിയും കൂടുതല്‍ സമരം ചെയ്യണമെങ്കില്‍ അതിനും തയ്യാര്‍. ഞങ്ങളുടെ സഹോദരിക്ക് നീതി കിട്ടും വരെ ഞങ്ങള്‍ മുന്നോട്ടു പോകും…”

ഒരു കാര്യം കൂടി സര്‍ക്കാരും പൊതു സമൂഹവും വിവേകമുള്ള വിശ്വാസികളും തിരിച്ചറിയേണ്ടതുണ്ട്. കടുത്ത അനീതി നേരിടേണ്ടിവരുമ്പോഴും ശാരീരികമായും മാനസികമായും പീഢിപ്പിക്കപ്പെടുമ്പോഴും കന്യാസ്ത്രീകള്‍ നിശബ്ദരായി നിലകൊള്ളേണ്ടി വരുന്നത്, പ്രതികരിച്ചാല്‍ അപകടത്തിലാകുന്ന, അനിശ്ചിതത്വത്തിലാകുന്ന നിലനില്‍പ്പിനെക്കുറിച്ചോര്‍ത്താണ്. എതിര്‍ത്ത് പുറത്തുവരുന്നവര്‍ പിന്നീട് നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ എന്തായിരിക്കുമെന്ന് സര്‍ക്കാരിനോ പൊതുസമൂഹത്തിനോ നിശ്ചയമില്ല. അതിനെക്കുറിച്ച് ആരും അന്വേഷിച്ചിട്ടില്ല. മതം എന്ന രാവണന്‍കോട്ടയ്ക്ക് അകത്തു കയറാന്‍ ഇപ്പോഴും ജനാധിപത്യസംവിധാനങ്ങള്‍ക്കുപോലും കഴിഞ്ഞിട്ടില്ല. ഒന്നോ രണ്ടോ അല്ല, ഒരുപാട് ഇരകള്‍ അതിനകത്തുണ്ട്. അവരെല്ലാം പുറത്തേക്കിറങ്ങുന്നൊരു ദിവസം വരുമെന്നത് ആഗ്രഹിക്കാന്‍ മാത്രമെ കഴിയൂ.

സിസ്റ്റര്‍ ജസ്മി തന്നെ പറയുന്നുണ്ട്; നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് കാനഡയിലുള്ള ഒരു സുഹൃത്ത് വിളിച്ചിരുന്നു. പുറത്തേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഒരു കന്യാസ്ത്രീക്ക് അഭയം കൊടുക്കാന്‍ കഴിയുമോയെന്ന്! തന്നെക്കൊണ്ട് കഴിയുന്നപോലെ ചെയ്യാമെന്ന് ജസ്മിയും പറഞ്ഞു. പിന്നീട് അക്കാര്യത്തില്‍ കൂടുതല്‍ വിളിയും അന്വേഷണങ്ങളും നടന്നില്ല. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കാനഡയിലുള്ള സുഹൃത്ത് വീണ്ടും ജസ്മിയെ വിളിച്ചു, അന്ന് താന്‍ പറഞ്ഞത് ബിഷപ്പ് ഫ്രാങ്കോയാല്‍ ഇരയാക്കപ്പെട്ട ഈ സിസ്റ്ററെക്കുറിച്ചാണെന്നവര്‍ പറഞ്ഞു. എന്തുകൊണ്ടവര്‍ അന്നേ പുറത്തിറങ്ങിയില്ല? പി.സി ജോര്‍ജിനെ പോലുള്ളവര്‍ ഇപ്പോള്‍ നടത്തുന്ന ആക്ഷേപവും ഇതൊക്കെയാണ്. പന്ത്രണ്ട് തവണ പീഡിപ്പിച്ചപ്പോളും ഒന്നും മിണ്ടാതിരുന്നവര്‍ പതിമൂന്നാം തവണ പീഡിപ്പിച്ചപ്പോള്‍ മാത്രം പരാതിയുമായി വന്നതെന്താണെന്നാണ് ആ കന്യാസ്ത്രീയെ മോശക്കാരിക്കി കൊണ്ട് ജോര്‍ജ് ചോദിക്കുന്നത്. അവര്‍ക്ക് താന്‍ ആദ്യമായി അപമാനിക്കപ്പെട്ടപ്പോള്‍ തന്നെ പുറത്തേക്കു പോരാമായിരുന്നു. അങ്ങനെ പോന്നവരും അക്കൂട്ടത്തില്‍ ഉണ്ട്. പക്ഷേ, താന്‍ മാത്രം രക്ഷപ്പെട്ടു പോകുന്നതില്‍ അവര്‍ താത്പര്യം കാണിച്ചില്ല. തന്നെപ്പോലെ ഏറെ വേദനിക്കുന്നവര്‍ വേറെയും അവിടെയുണ്ട്. അവര്‍ക്കെല്ലാം നീതി കിട്ടണമെന്ന് ഈ കന്യാസ്ത്രീ ആഗ്രഹിച്ചിട്ടുണ്ട്. അതിനുവേണ്ടിയാണ് ഇപ്പോഴവരുടെ പോരാട്ടം. ഒപ്പം നില്‍ക്കാന്‍ തയ്യാറായി മറ്റുള്ളവരും മുന്നോട്ടു വന്നപ്പോള്‍ സഭയ്ക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പോരാട്ടത്തിന് തുടക്കമായിരിക്കുകയാണ്. എത്ര ആക്ഷേപിച്ചാലും ഏക്കറു കണക്കിനു ഭൂമിയും പണവും പാരിതോഷികം പ്രഖ്യാപിച്ചാലും കൊന്നുകളയാന്‍ മടിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാലും തങ്ങള്‍ ഇനി പിന്നോട്ടില്ലെന്ന് പറഞ്ഞ് ഈ കന്യാസ്ത്രീകള്‍ മുന്നോട്ടു പോവുകയാണ്… ലക്ഷ്യം നേടുമെന്ന് തന്നെ വിശ്വസിച്ച്‌.

രണ്ടു ഗ്ലാസ് വൈനിന്റെ ബലത്തില്‍ ഇടയലേഖനം വായിക്കുന്നതു പോലെയല്ല നീതിക്ക് വേണ്ടി തെരുവിലിറങ്ങിയ കന്യാസ്ത്രീകള്‍ എന്നോര്‍മ വേണം

അഭിഭാഷക കുപ്പായം പൊരുതി നേടി സിസ്റ്റര്‍ (അഡ്വ.) ടീന ജോസ്; “ഞാന്‍ നിശബ്ദയാകില്ല, പോരാട്ടം നീതിയുടേയും നിയമത്തിന്റെയും വഴിയില്‍”

ഇത്രയും മൂടിവച്ചിട്ട് ഇങ്ങനെയോരോന്ന് പുറത്തുചാടുന്നുണ്ടെങ്കില്‍ എത്രയേറെ അകത്ത് നടക്കുന്നുണ്ട്? – സിസ്റ്റര്‍ ജെസ്മി സംസാരിക്കുന്നു

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍