UPDATES

ട്രെന്‍ഡിങ്ങ്

ദുരന്തം കഴിഞ്ഞു ഒരു മാസം; വീടില്ല, പോകാന്‍ മറ്റൊരിടവുമില്ല; തീരാ വേദനകളില്‍ ഒരു കുടുംബം

എപ്പോള്‍ വേണമെങ്കിലും പൊട്ടി വരാവുന്ന അപകടത്തിന്റെ കീഴില്‍ കഴിയേണ്ടി വരുന്ന ഒരു വൃദ്ധന്റെയും കുടുംബത്തിന്റെയും നിസ്സഹായ ജീവിതം

ഏതു നിമിഷവും ദുരന്തം പൊട്ടിയൊലിച്ചു വരുമെന്ന് അറിഞ്ഞിട്ടും രക്ഷപ്പെടാന്‍ കഴിയാത്തവന്റെ നിസ്സഹായാവസ്ഥയിലാണ് 67 കാരനായ ജോസ്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടത്ത് ചട്ടേക്കലില്‍ താമസിക്കുന്ന ജോസിനേയും കുടുംബത്തെയും ഇടുക്കിയെ പൊട്ടിച്ചിതറിച്ച ഉരുള്‍പൊട്ടലുകള്‍ വെറുതെ വിട്ടെങ്കിലും ഇനി അങ്ങനെയൊരു രക്ഷപ്പെടലിന് അവസരം കിട്ടാത്തവണ്ണം അപകടകരമായൊരു സാഹചര്യത്തിലാണ് ഈ വൃദ്ധനും കൂടെയുള്ളവരും തുടര്‍ന്നും ജീവിക്കുന്നത്. എന്തുകൊണ്ട് ഒരപകടം വരുന്നതിനു മുന്നേ മറ്റൊരിടത്തേക്ക് മാറിക്കൂടാ എന്ന ചോദ്യത്തിന് ജോസിന് ഉത്തരമില്ല, പകരം തിരിച്ചൊരു ചോദ്യം മാത്രം; ഇവിടെ നിന്നും എങ്ങോട്ട് പോകാനാണ്? പോകാനൊരിടമില്ലാത്തവന്റെ, അതിനു കഴിവില്ലാത്തവന്റെ നിരാശ കലര്‍ന്ന ചോദ്യം.

ചട്ടേക്കല്ലില്‍ ജോസിന്റെ വീടിരിക്കുന്ന പ്രദേശത്ത് ഉരുള്‍പൊട്ടിയില്ലെങ്കിലും തൊട്ടടുത്ത പറമ്പില്‍ ഉണ്ടായി. ദുരിതം ജോസിനെയും കുടുംബത്തേയും ബാധിച്ചത് മറ്റൊരു വിധത്തിലായിരുന്നു. അതിനു മുമ്പ് ജോസിന്റെ ജീവിത പശ്ചാത്തലത്തെ കുറിച്ച് പറയാം.

മുപ്പത് സെന്റ് ഭൂമിയില്‍ ചെറിയ തോതില്‍ കൃഷിയും മേസ്തരിമാര്‍ക്കൊപ്പം സഹായിയായി പോയുമൊക്കെയായിരുന്നു ജോസ് കുടുംബം നോക്കിയിരുന്നത്. ഉള്ളതില്‍ നിന്നൊക്കെ മിച്ചം പിടിച്ച് രണ്ട് പെണ്‍മക്കളെ വിവാഹം ചെയ്തയച്ചു. പിന്നെയുള്ളത് ഒരു മകനാണ്. ജീവിതം പ്രാരാബ്ദങ്ങളില്‍ കുരുങ്ങി മുന്നോട്ടു പോകുന്നതിനിടയിലായിരുന്നു താമസിച്ചിരുന്ന വീട് തകര്‍ന്നു വീണത്. കയറിക്കിടക്കാന്‍ ഒരു കൂര വേണമെന്നുള്ളതുകൊണ്ട് വെറും മണ്ണില്‍ നാലു വശവും മുകളിലും പടുത മറച്ച്  ഒരു ഷെഡ് കെട്ടിയതിലേക്ക് മാറി. അടച്ചുറപ്പുള്ള ചെറിയൊരു വീട്; അതായിരുന്നു ജോസിന്റെ പിന്നീടുള്ള സ്വപ്നം. അഞ്ചു വര്‍ഷം മുമ്പ് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ആയിരത്തിയൊരുന്നൂറ് സക്വയര്‍ ഫീറ്റില്‍ അടിത്തറ കെട്ടിയിട്ടു ജോസ്. പക്ഷേ, അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഭാര്യ ഏലിക്കുട്ടി അസുഖമായി വീണു. പരിശോധനയില്‍ ഗുരുതരമായ രോഗങ്ങളാണ് ഏലിക്കുട്ടിക്ക് കണ്ടെത്തിയത്. ഹൃദയത്തിന്റെ മൂന്നു വാല്‍വുകള്‍ ചുരുങ്ങിപ്പോയിരുന്നു. തലയിലെ ഒരു ഞരമ്പില്‍ ബ്ലോക്കും കൂടാതെ കിഡ്‌നിക്കും തകരാറും. കോലഞ്ചേരി ആശുപത്രിയില്‍ രണ്ടു മൂന്നു മാസത്തോളം കിടന്നു. കട്ടിലില്‍ തന്നെ ജീവിതം കഴിക്കേണ്ട അവസ്ഥയിലാണ് ഏലിക്കുട്ടി തിരിച്ച് വീട്ടിലെത്തിയത്. രോഗിയായ ഭാര്യയുടെ അടുത്ത് നിന്നും മാറാന്‍ കഴിയാതെയായി ജോസിന്. മകന്‍ ജെയ്‌സന് സ്ഥിര വരുമാനമുള്ള ജോലിയൊന്നും ഇല്ല. വണ്ടിയില്‍ സഹായായി പോയും കടകളില്‍ നിന്നുമൊക്കെ കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് ജെയ്‌സന് കുടുംബം പുലര്‍ത്തേണ്ട അവസ്ഥയായി. അഞ്ചു വര്‍ഷം മുമ്പ് അടിത്തറ കെട്ടിയതിനു മുകളിലേക്ക് ഒരു കല്ല് വയ്ക്കാന്‍ പോലും ഇതുവരെ ഇവര്‍ക്കായിട്ടില്ല.

"</p

ഭാര്യയെ എല്ലാ മാസവും ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടു പോകണം. രണ്ടു മൂന്നു ദിവസം അവിടെ കിടക്കേണ്ടിയും വരും. മരുന്നും ടെസ്റ്റുകളും താമസിക്കുന്നതിന്റെ ചെലവുമൊക്കൊയി ആറായിരം ഏഴായിരം രൂപ എല്ലാ മാസവും ചെലവ് വരും. ക്ഷേമ പെന്‍ഷനായി എനിക്കും ഭാര്യയ്ക്കും ആയിരത്തിയിരുന്നൂറു രൂപ വീതം കിട്ടും. അത് കിട്ടുമ്പോഴെ ബാങ്കില്‍ കൊണ്ടുപോയി ഇടും. കൈയില്‍ വച്ചാല്‍ ചെലവായി പോകും. ആശുപത്രിയില്‍ പോകാന്‍ ഗതിയില്ലാതെയാകും. അതുകൊണ്ടാണ് ബാങ്കില്‍ ഇടുന്നത്. പെന്‍ഷന്‍ കാശാണ് ആകെയുള്ള ഞങ്ങളുടെ വരുമാനം. ആ പണവും മറ്റുള്ളവരുടെ സഹായവും കൊണ്ടാണ് ചികിത്സ നടന്നു പോകുന്നത്. സൗജന്യ റേഷന്‍ കിട്ടുന്നതാണ് മറ്റൊരാശ്വാസം. ഇതിനിടയില്‍ വീട് വയ്ക്കാനോ ഒന്നിനും കഴിയില്ല. മകനാണെങ്കില്‍ സ്ഥിരവരുമാനമില്ല. ഇപ്പോള്‍ പത്തുപതിനഞ്ചു ദിവസമായി ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകുന്നുണ്ട്. അവിടെ നിന്നും എത്ര കിട്ടുമെന്നൊന്നും അറിയാറായിട്ടില്ല. വളരെ കഷ്ടമാണ് ജീവിതം. ഭാര്യയുടെ ചികത്സയ്ക്ക് സഹായം തേടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയപ്പോള്‍ അയ്യായിരം രൂപ കിട്ടിയായിരുന്നു. അതു കൂടാതെ സഹായമൊന്നും കിട്ടിയിട്ടില്ല; ജോസ് തന്റെ അവസ്ഥ പറയുന്നു.

നിരപ്പായ ഭൂമിയിലാണ് അടിത്തറ കെട്ടിയതെങ്കിലും ഇപ്പോള്‍ താമസിക്കുന്ന കൂര മലയ്ക്ക് മുകളിലായിട്ടാണ്.  ഈ കൂരയില്‍ ജെയ്‌സന്റെ ഭാര്യയും എട്ട് മാസം പ്രായമുള്ള കുഞ്ഞും കൂടിയുണ്ട്. പടുത കൊണ്ട് മറച്ച  അടിത്തറ പാകാത്ത ആ കൂരയില്‍ തണുപ്പും കാറ്റുമൊക്കെ ഏറ്റാണ് ഒരു പിഞ്ചു കുഞ്ഞും  രോഗിയും അടക്കം ജോസിന്റെ അഞ്ചംഗ കുടുംബം കഴിഞ്ഞുപോരുന്നത്. ഞങ്ങടെ അവസ്ഥ കാണുന്നവരൊക്കെ ഇവിടെയെങ്ങനെ കഴിയുമെന്ന് ചോദിക്കുകയാണ്. ഇവിടെയെങ്കിലും കിടക്കാന്‍ പറ്റണുണ്ടല്ലോ എന്നു മാത്രമാണ് ഞങ്ങള്‍ സമാധാനം കൊള്ളുന്നത്. ഒരു കൈയാലയുടെ മുകളിലും താഴെയുമായാണ് ഇപ്പോഴുള്ള കൂര. മുകളില്‍ ഒരു കോഴിക്കൂട് ആയിരുന്നു. അത് നെറ്റും ചാക്കുമൊക്കെ കൊണ്ട് മറച്ച് അവിടെയാണ് കുഞ്ഞിനേയും കൊണ്ട് മകനും ഭാര്യയും കിടക്കുന്നത്. താഴെയായി ഞാനും ഭാര്യയും. മുറിയൊന്നും തിരിച്ചിട്ടില്ല…രണ്ട് കട്ടിലുകളുണ്ട്. ഇതൊക്കെയാണ് ഞങ്ങളുടെ അവസ്ഥ; ജോസ് പറയുന്നു.

ഇങ്ങനെയൊരു സാഹചര്യത്തില്‍ കഴിഞ്ഞുപോകുന്നതിനിടയിലാണ് പ്രളയകാലം ഈ കുടുംബത്തെ തകര്‍ത്തത്. ജോസിന്റെ പറമ്പിന്റെ തൊട്ടടുത്ത പറമ്പില്‍ ഉരുള്‍പൊട്ടിയപ്പോള്‍ ഇവരുടെ കൂരയിരിക്കുന്ന മലയില്‍ പെട്ടെന്ന് ഉറവകള്‍ രൂപപ്പെട്ട് അതില്‍ നിന്നും വെള്ളം പുറത്തേക്ക് ചീറ്റിയൊഴുകുകയാണുണ്ടായത് ഈ വെള്ളം ഇവരുടെ കൂരയുടെ ഉള്ളിലൂടെ ഒഴുകി അതില്‍ മുഴുവന്‍ വെള്ളം നിറഞ്ഞു.

ഓഗസ്റ്റ് പതിനാറാം തീയതിയായിരുന്നു വീട്ടില്‍ വെള്ളം നിറഞ്ഞത്. അതിന്റെ തലേന്ന് ഞാന്‍ ഭാര്യയേയും കൊണ്ട് ആശുപത്രിയിലേക്ക് പോയിരുന്നു. മഴയായതുകൊണ്ട് വണ്ടിയൊക്കെ കുറവായിരിക്കുമെന്ന് കേട്ടാണ് തലേന്ന് പോയത്. പക്ഷേ, തൊടുപുഴയില്‍ എത്തിയപ്പോള്‍ അവിടെ കുടുങ്ങിപ്പോയി. പിന്നെ, അവിടെയുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ കൂടി. ആശുപത്രിയിലൊക്കെ പോയി, എട്ടു ദിവസം കഴിഞ്ഞാണ് തിരിച്ച് വീട്ടില്‍ വരുന്നത്. അതിനിടയ്ക്ക് അവിടുത്തെ അവസ്ഥയൊക്കെ ഞങ്ങള്‍ അറിഞ്ഞിരുന്നു. മകനും ഭാര്യയും കുഞ്ഞിനേയും കൊണ്ട് പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂളെ ക്യാമ്പിലേക്ക് പോയിരുന്നു. ഞങ്ങള് തിരിച്ചെത്തിയിട്ട് അയല്‍വക്കത്തുള്ള ഒരു വീട്ടിലാണ് കഴിഞ്ഞത്.  വീട്ടില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അകത്ത് മണ്ണാണല്ലോ, അവിടെ മുഴുവന്‍ വെള്ളം നില്‍ക്കുകയായിരുന്നു. കുറച്ച് ദിവസം മറ്റിടങ്ങളിലൊക്കെയായി താമസിച്ചു. പിന്നെ ആ വീട്ടിലേക്ക് തന്നെ പോയി. ഇപ്പോഴും മണ്ണ് നനഞ്ഞ് തന്നെ കിടക്കുകയാണ്. കുഞ്ഞിനെ തറയില്‍ വിടാന്‍ പോലും പറ്റില്ല. കട്ടിലില്‍ കിടത്തിയും കൈയില്‍ പിടിച്ചുമൊക്കെയാണ് നോക്കുന്നത്. ഭയങ്കര തണുപ്പാണ് അകത്ത്. അതും സഹിക്കണം. ശരിക്കും പറഞ്ഞാല്‍ താമസിക്കാന്‍ കൊള്ളത്തില്ല. പക്ഷേ, വേറെ എങ്ങോട്ട് പോകാനാണ്. ഒരു വീട് കെട്ടാനുള്ള യാതൊരു സ്ഥിതിയും ഞങ്ങള്‍ക്കിപ്പോള്‍ ഇല്ല. ഇവിടെ വിറ്റ് എങ്ങോട്ടെങ്കിലും പോകാന്നുവച്ചാല്‍ അതും നടക്കില്ല. ഈ ഭൂമി ഇനിയാരും വാങ്ങില്ല. അടുത്ത് ഉരുള്‍പൊട്ടിയതല്ലേ… ഇവിടെയും എപ്പോള്‍ വേണമെങ്കിലും പൊട്ടാം. ഇത് വില്‍ക്കാതെ മറ്റെവിടെയെങ്കിലും ഭൂമി വാങ്ങാന്നുവച്ചാല്‍ അതിനും കഴിവില്ല. രണ്ട് സെന്റ് സ്ഥലം വാങ്ങാനാണെങ്കില്‍ പോലും കുറഞ്ഞത് അമ്പതിനായിരം രൂപയെങ്കിലും വേണം. മൂന്നുനേരം ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ക്ക് എങ്ങനെയാണ് അത്രയും പണം ഉണ്ടാക്കാന്‍ കഴിയുക? ഭാര്യയുടെ ചികിത്സയ്ക്കുപോലും കാശ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്.

"</p

ഈ സ്ഥലത്ത് ഇനിയും താമസിക്കുന്നത് അപകടമാണെന്ന് എല്ലാവരും പറയുന്നുണ്ട്. ഞങ്ങക്കുമത് അറിയാം. വയ്യാത്തൊരാളും ഒരു പിഞ്ചുകുഞ്ഞും ഉണ്ട്. അതുങ്ങളേയും കൊണ്ട് ഇവിടെ കിടക്കേണ്ടി വരുന്നതിന്റെ ഗതികേട് ഒന്നോര്‍ത്ത് നോക്കൂ? മരിക്കണതുവരെ ഇവിടെ കിടക്കാനാണ് വിധി. അല്ലാതെ എന്തുചെയ്യാനാണ്? ജോസ് വിതുമ്പലോടെ ചോദിക്കുന്നു…

കഴിഞ്ഞ ദിവസം രാമപുരത്തു നിന്നും ഒരു കറവ പശുവിനെ സൗജന്യമായി ജോസിന് കിട്ടി. ഇനി ഇതാണൊരു ആശ്രയമെന്ന് ജോസ് പറയുന്നു. ഒരു പള്ളി വികാരിയുടെ നല്ല മനസ് കൊണ്ട് കിട്ടിയതാണ് ആ പശു. അഞ്ചാറ് ലിറ്റര്‍ പാലു കിട്ടുന്നുണ്ട്. അതു വിറ്റു കിട്ടുന്നതുകൊണ്ട് എങ്ങനെയെങ്കിലും കഴിഞ്ഞുപോകാമെന്ന് കരുതുന്നു. പക്ഷേ, ഒരു വീട് വയ്ക്കാനോ സ്ഥലം വാങ്ങാനോ ഭാര്യയുടെ ചികിത്സ മുടങ്ങാതെ നടത്തിക്കൊണ്ടു പോകാനോ ആവില്ല… അതിനൊക്കെയൊരു വഴി എന്നെങ്കിലും ഉണ്ടാകുമോയെന്ന് പ്രതീക്ഷയുമില്ല; ജോസ് പറയുന്നു.

ഇതേ പറമ്പില്‍ തന്നെയാണ് ജോസിന്റെ മകളും ഭര്‍ത്താവും മൂന്നു കുഞ്ഞുങ്ങളും കഴിയുന്നത്. ജോസിന്റെ കൂരയേക്കാള്‍ ദയനീയമാണ് മരുമകന്‍ സജീവ് ഭാര്യയും ഒരു പിഞ്ചു കുട്ടിയടക്കം മൂന്നു കുട്ടികളുമായി കഴിയുന്നത്. ഇവരുടെ വീടും ഒട്ടും താമസയോഗ്യമല്ല. എന്തു ചെയ്യുമെന്ന് ഒരു പിടിയുമില്ല; സജീവും തങ്ങളുടെ അവസ്ഥ പറയുന്നു. സര്‍ക്കാരില്‍ നിന്നോ നല്ല മനസുള്ള ആരെങ്കിലും നിന്നോ എന്തെങ്കിലും സഹായം തങ്ങള്‍ക്ക് കിട്ടുമെന്ന പ്രതീക്ഷ മാത്രമാണ് ഇവരുടെ ജീവിതത്തില്‍ ഇപ്പോഴുള്ളത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍