UPDATES

നഴ്സുമാരുടെ സംഘടനയെ തകര്‍ക്കാന്‍ ആശുപത്രി ലോബിയുടെ പി ആര്‍ കളികള്‍

ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയില്ലാതെ, അംഗങ്ങള്‍ക്കിടയിലെ ഐക്യം ഒന്നുകൊണ്ടുമാത്രം നാള്‍ക്കുനാള്‍ വികസിച്ചുവരുന്ന യു.എന്‍.എയെ ഉടമകളും മാനേജ്‌മെന്റും ഭയക്കുന്നു എന്നതിന്റെ അവസാന തെളിവാണ് ഭാരത് ഹോസ്പിറ്റലില്‍ കാണാന്‍ കഴിയുന്നത്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ സംഘടനയെ അട്ടിമറിക്കാന്‍ ആശുപത്രി മാനേജ്‌മെന്റുകളുടെ ഗൂഢ നീക്കമെന്ന് ആരോപണം. ഒരു കാലത്ത് അസംഘടിതരായിരുന്ന, തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെയും നീതിയെയും കുറിച്ച് ശബ്ദമുയര്‍ത്താതിരുന്ന ഭൂമിയിലെ മാലാഖമാരുടെ പൊടുന്നനെയുള്ള സംഘടിത മുന്നേറ്റമാണ് പല കുത്തക മുതലാളിമാരുടെയും ഉറക്കം കെടുത്തിയിരിക്കുന്നത്. നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്‌സ് അസോസിയേഷന്റെ (യു.എന്‍.എ) വളര്‍ച്ചയും അവര്‍ക്ക് കേരളത്തില്‍ ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള സ്വാധീനവും കോര്‍പ്പറേറ്റ് ലോബിക്ക് തലവേദനയായി കഴിഞ്ഞിരിക്കുന്നു.

മാസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ വ്യാപകമായി നടന്ന, മാന്യമായ വേതനത്തിനുവേണ്ടിയുളള നേഴ്‌സുമാരുടെ സമരത്തിന്റെയും അതിന് ജനങ്ങള്‍ക്കിടയില്‍ ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള സ്വാധീനവും അതിന്റെ വ്യാപ്തിയുമാണ് കോര്‍പ്പറേറ്റ് ലോബിയെ പരിഭ്രാന്തരാക്കിയത്. അതുകൊണ്ട് തന്നെ എന്തു വിലകൊടുത്തും ഇത്തരം സംഘടനകളെ അട്ടിമറിക്കാനുളള നീക്കമാണ് അവര്‍ ആസുത്രണം ചെയ്യുന്നതെന്ന് സംഘടനാപ്രവര്‍ത്തകര്‍ പറയുന്നു. കോട്ടയം ഭാരത് ഹോസ്പിറ്റലിലാണ് മുതലാളിമാരുടെ പുതിയ കുതന്ത്രങ്ങളുടെ അരങ്ങേറ്റമെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. 113 ദിവസമായി നേഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തിനെതിരെയുള്ള നീക്കങ്ങള്‍ക്കായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പി.ആര്‍ ഏജന്‍സിയെ കൂട്ടുപിടിച്ചതായും സംഘടന ആരോപിക്കുന്നു. പുതിയ ശമ്പള പരിഷ്‌കരണം ഫെബ്രുവരി അവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്നിരിക്കെ, 2017 ഒക്ടോബര്‍ 1 മുതലുള്ള മുന്‍കാല പ്രാബല്യമടക്കം വലിയ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലുകളാണ് ആശുപത്രി മാനേജ്‌മെന്റുകളെ ഇത്തരം പ്രവര്‍ത്തി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സംഘടന പറയുന്നത്.

വെള്ളയുടുപ്പിട്ട മാലാഖമാര്‍ എന്ന വിളിപ്പേര് പോര; ജീവിക്കാനെങ്കിലുമുള്ള പൈസ വേണം; നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്

യു.എന്‍.എയുടെ ദേശീയ ഉപാധ്യക്ഷന്‍ ഹാരിസ് മണലമ്പാറ പറയുന്നതിങ്ങനെ:

“ചുരുങ്ങിയ കാലയളവുകൊണ്ടാണ് യു.എന്‍.എയ്ക്ക് ജനങ്ങളിലെ ഒരു ഭൂരിഭാഗത്തിന്റെ പിന്തുണയും അംഗീകാരവും പിടിച്ചുപറ്റാനായത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന ഏതൊരാള്‍ക്കും ഡോക്ടറെ പോലെ തന്നെ, ഒരുപക്ഷേ അതിലേറെ പരിചരണം ലഭിച്ചിട്ടുണ്ടാവുക നേഴ്‌സ്മാരില്‍ നിന്നുമാണ്. മാത്രവുമല്ല, യു.എന്‍.എ നടത്തിയ സമരങ്ങളിലൂടെയാണ് സ്വകാര്യ ആശുപത്രികള്‍ എന്ന അറവുശാലകളുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങിയത്. രോഗികളില്‍ നിന്ന് ഈടാക്കുന്ന അനാവശ്യ ചാര്‍ജുകളും അമിത ചിലവുകളുമെല്ലാം പുറത്തുകൊണ്ടുവരാന്‍ നഴ്‌സുമാരുടെ സമരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയില്ലാതെ, അംഗങ്ങള്‍ക്കിടയിലെ ഐക്യം ഒന്നുകൊണ്ടുമാത്രം നാള്‍ക്കുനാള്‍ വികസിച്ചുവരുന്ന യു.എന്‍.എയെ ഉടമകളും മാനേജ്‌മെന്റും ഭയക്കുന്നു എന്നതിന്റെ അവസാന തെളിവാണ് ഭാരത് ഹോസ്പിറ്റലില്‍ കാണാന്‍ കഴിയുന്നത്. നിത്യവൃത്തി നടത്താന്‍, ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനം ആവശ്യപ്പെടുന്ന ഒരു വിഭാഗം സാധാരണക്കാരായ നഴ്‌സുമാരെ ഹോസ്പിറ്റലുകളില്‍ നിന്നും തൂത്തു കളയാനാണ് ഉടമകള്‍ കോടികള്‍ ചെലവിട്ട് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. നഴ്‌സുമാരുടെ സംഘടനയെ അടിച്ചമര്‍ത്താന്‍ അവര്‍ എന്തും ചെയ്യും. ആരെയും വിലയ്ക്ക് വാങ്ങും. സമീപ കാലങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ നേഴ്‌സുമാര്‍ക്ക് അനുകൂലമായി വളര്‍ന്നുവരുന്ന പ്രവണതയെ ഇല്ലാതാക്കാന്‍ പല ഓണ്‍ലൈന്‍ ഏജന്‍സികളെയും അവര്‍ വിലയ്‌ക്കെടുത്തു.

ജീവിതത്തിലൂടെ കയറിയിറങ്ങിപ്പോയ എല്ലാ നഴ്സുമാരോടുമുള്ള നന്ദിയാണ് ഈ കുറിപ്പ്

ഇതിന് പുറമെ നഴ്‌സുമാരുടെ സമരം പരാജയപ്പെട്ടെന്ന തരത്തില്‍ പല കുപ്രചരണങ്ങളും ഇവര്‍ അഴിച്ചുവിടുന്നു. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള നുണ പ്രചരണങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. ഏതെല്ലാം രീതിയില്‍, തങ്ങള്‍ക്ക് നേരെ വരുന്ന എതിര്‍പ്പുകളെ ഇല്ലായ്മ ചെയ്യാന്‍ കഴിയുമോ അതെല്ലാം ഉടമകള്‍ പരീക്ഷിക്കുന്നുണ്ട്. ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളുടെ ഉടമസ്ഥത ഏതെങ്കിലും മത വിഭാഗത്തിന്റെ സംരക്ഷണയിലാണെങ്കില്‍, ആ മതവിഭാഗത്തിനെതിരെ നേഴ്‌സുമാര്‍ ശബ്ദമുയര്‍ത്തുന്നു എന്ന തരത്തിലുള്ള വര്‍ഗീയ വിഷം കുത്തിവെച്ചുകൊണ്ടുള്ള പ്രചാരണങ്ങളും അവര്‍ നടത്തുന്നു. എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്ന പിന്തുണ ഇല്ലായ്മ ചെയ്യുക, നഴ്‌സുമാര്‍ക്ക് അനുകൂലമായി ഉയരുന്ന കാര്യങ്ങളെ ഇകഴ്ത്തി കാണിക്കുക, തങ്ങളുടെ കൊള്ളലാഭം എക്കാലവും നിലനിര്‍ത്തുവാന്‍ ശബ്ദമുയര്‍ത്തുന്നവരെ മുഴുവന്‍ പല രീതികളിലും അടിച്ചമര്‍ത്തുക ഇതെല്ലാമാണ് മാനേജ്‌മെന്റുകള്‍ ചെയ്തുവരുന്നത്.

എന്നാല്‍, യു.എന്‍.എ ധൈര്യപൂര്‍വ്വം എല്ലാം നേരിടും. 2011-ലാണ് യുണൈറ്റഡ് നേഴ്സ് അസോസിയേഷന്‍ എന്ന സംഘടന രൂപം കൊള്ളുന്നത്. പ്രതിസന്ധികള്‍ ഒരുപാടുണ്ടായെങ്കിലും അന്ന് തൊട്ടിന്നുവരെ ഐക്യബലം ഒന്നുകൊണ്ടു മാത്രമാണ് ഈ കൂട്ടായ്മ വിജയിച്ചുവന്നത്. 3000 അല്ലെങ്കില്‍ 4000 രൂപ ശമ്പളം വാങ്ങിയ സാഹചര്യത്തില്‍ നിന്നും ഒരുവിഭാഗം നഴ്‌സുമാര്‍ക്കെങ്കിലും അടിസ്ഥാന വേതനമായ 20,000 രൂപ നേടിക്കൊടുക്കാന്‍ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വളരെ ശക്തമായ ജനപിന്തുണ ലഭിക്കുന്നു എന്നൊരു ആത്മധൈര്യം കോര്‍പ്പറേറ്റുകള്‍ക്കെതിരെ മുന്നേറാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു.”

മുഖ്യമന്ത്രിയുടെ വാക്കിനും പുല്ലുവില; കോട്ടയം ഭാരത് ആശുപത്രി പിരിച്ചുവിട്ടത് 19 നഴ്‌സുമാരെ

സംസ്ഥാന വ്യാപകമായി സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ സമരത്തിന് കേരളം സാക്ഷ്യം വഹിച്ചതാണ്. ദിവസങ്ങളും മാസങ്ങളും നീണ്ടു നിന്ന സമരത്തിന് ഫലം കണ്ടത് അടിസ്ഥാന ശമ്പളം നല്‍കാമെന്ന സ്വകാര്യ മാനേജ്‌മെന്റുകളുടെയും സര്‍ക്കാരിന്റെയും ഒത്തുതീര്‍പ്പിന്മേലാണ്. എന്നാല്‍, നാളിതുവരെയും ഒരു വലിയ വിഭാഗത്തിന് മേല്‍പ്പറഞ്ഞ അടിസ്ഥാന ശമ്പളം ലഭിച്ചിട്ടില്ല. രാപ്പകലില്ലാതെ രോഗികള്‍ക്ക് കാവലിരിക്കുന്ന, ഹോസ്പിറ്റലുകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഏറ്റവുമധികം അധ്വാനിക്കുന്ന നേഴ്‌സ്മാര്‍ക്കാണ് ഈ ദുരവസ്ഥ.

എല്ലാ വിധത്തിലുമുള്ള സാമ്പത്തിക ചൂഷണങ്ങളും മുതലെടുപ്പുകളും ഇവിടെ നടക്കുന്നുണ്ട്. 3 വര്‍ഷം മുന്‍പാണ് ഞാന്‍ ഭാരത് ഹോസ്പിറ്റലില്‍ ജോലിക്ക് പ്രവേശിക്കുന്നത്. അന്ന് ബ്ലാങ്ക് മുദ്രപത്രങ്ങളിലും ബ്ലാങ്ക് ഫയലുകളിലും ഞങ്ങളെക്കൊണ്ട് ഒപ്പിടുവിച്ചിരുന്നു. ശമ്പളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും മറ്റുമാണ് ഇതെന്നും, ജോലിയില്‍ നിന്നും പിരിഞ്ഞുപോകുന്ന ദിവസം ഇത് തിരികെ നല്‍കുമെന്ന് ഉറപ്പ് തന്നുമാണ് അന്നവര്‍ അത് വാങ്ങിവെച്ചത്. എന്നാല്‍ നേഴ്സുമാരുടെ സംഘടന ഹോസ്പിറ്റലില്‍ രൂപപ്പെട്ടപ്പോള്‍ അവര്‍ അത് കോണ്‍ട്രാക്റ്റ് ആക്കി മാറ്റിയെഴുതി. അവര്‍ക്ക് തോന്നിയ പ്രകാരം പലതും ബ്ലാങ്ക് പേപ്പറുകളില്‍ എഴുതിച്ചേര്‍ത്തു. അതിന്‌ശേഷം, പുതുതായി ജോലിക്ക് പ്രവേശിച്ച സൂര്യ എന്ന കുട്ടി ഇതിനെതിരെ ശബ്ദമുയര്‍ത്തി. ബ്ലാങ്ക് ആയൊരു ഫയലില്‍ ഒപ്പുവെയ്ക്കില്ലെന്നും മറ്റു സ്ഥാപനങ്ങളിലെല്ലാം ചെയ്യുന്ന പോലെ എഴുതി തയ്യാറാക്കിയ മുദ്രപ്പത്രത്തില്‍ മാത്രമേ ഒപ്പുവെയ്ക്കുകയുള്ളൂവെന്നും അവള്‍ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സൂര്യയെ ഹോസ്പിറ്റലില്‍ നിന്നും പുറത്താക്കി എന്ന വാര്‍ത്തയാണ് അറിയാന്‍ കഴിഞ്ഞത്. സൂര്യയ്ക്ക് പിന്നാലെ ഏഴോളം നേഴ്സുമാരെയാണ് കാരണമില്ലാതെ പിരിച്ചുവിട്ടത്. സൂര്യയെ പുറത്താക്കിയ ദിവസം തന്നെ സമരം പ്രഖ്യാപിച്ച് നോട്ടീസ് ഞങ്ങള്‍ ഹോസ്പിറ്റലിന് കൈമാറിയിരുന്നു. അതിനുശേഷം 16 ദിവസം കഴിഞ്ഞാണ് സമരം ആരംഭിച്ചത്. ആ സമരത്തെയും മാനേജ്‌മെന്റ് അടിച്ചമര്‍ത്തി. സമരത്തിനിരുന്ന നേഴ്സുമാരുടെയെല്ലാം വീടുകളിലേക്ക് കോണ്‍ട്രാക്റ്റ് കാലാവധി കഴിഞ്ഞെന്ന് കാണിച്ചുകൊണ്ട് നോട്ടീസ് വന്നു. 16 പേരെ അതിന്റെ പേരില്‍ പിരിച്ചുവിട്ടു. ഇങ്ങനെ എല്ലാ തരത്തിലും ഞങ്ങളെ ക്രൂശിക്കുകയാണ് മാനേജ്‌മെന്റ്. നിലവില്‍ ഹോസ്പിറ്റലില്‍ എത്ര നേഴ്സുമാര്‍ ജോലി ചെയ്യുന്നുണ്ടെന്ന കണക്ക് അധികാരികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 200 ന് പുറമേയുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. അതില്‍ ഞങ്ങള്‍ 60 പേരാണ് സമരത്തിനിരുന്നത്. ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടികളെ ഓരോന്നായി അവര്‍ സ്വാധീനിച്ചു. എല്ലാ ഹോട്ടലുകളും ഞങ്ങള്‍ക്ക് ഭക്ഷണം നിഷേധിച്ചു. താമസിക്കാന്‍ റൂം കിട്ടാതായി. ചുരുങ്ങിയപക്ഷം, സ്ത്രീകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ബാത്‌റൂമില്‍ പോകാന്‍ പോലും കോട്ടയം സിറ്റിയില്‍ സ്ഥലം ലഭിക്കുന്നില്ല എന്ന അവസ്ഥയിലേക്കെത്തി.

അങ്ങയുടെ നല്ല വാക്കുകള്‍ക്ക് നന്ദി, പക്ഷേ ഞങ്ങളും മനുഷ്യരല്ലേ? രാഷ്ട്രപതിക്ക് ഒരു നഴ്‌സിന്റെ തുറന്ന കത്ത്‌

എല്ലാ വിഭാഗങ്ങളെയും ഹോസ്പിറ്റലിന്റെ പണക്കൊഴുപ്പില്‍ സ്വാധീനിച്ചിരുന്നു. എന്നാല്‍, അതെല്ലാം മറികടന്ന് ഞങ്ങളെ സഹായിക്കാന്‍ വന്ന ഈ നാട്ടിലെ ഒരു സാധാരണ മനുഷ്യനുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തെയും അവര്‍ വിലയ്‌ക്കെടുത്തു. പണത്താല്‍ സ്വാധീനിക്കപ്പെട്ടതിനാല്‍ പിന്നീട് അദ്ദേഹത്തിന്റെ സഹായവും ഞങ്ങള്‍ക്ക് ലഭിക്കാതായി. ഇത്രയെല്ലാം ത്യാഗങ്ങള്‍ സഹിച്ച് ഞങ്ങള്‍ സമരം ചെയ്യുന്നത്, ഞങ്ങള്‍ അര്‍ഹിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി മാത്രമാണ്. ഹോസ്പിറ്റലുമായി പരമാവധി സൗഹൃദം നിലനിര്‍ത്തിയാണ് സമരം ചെയ്തുപോന്നത്. ഹോസ്പിറ്റല്‍ ഉടമയുടെ മരണത്തില്‍ അനുശോചിച്ച് കുറച്ച് ദിവസത്തേക്ക് സമരം നിര്‍ത്തിവെച്ചതുമെല്ലാം ഞങ്ങളുടെ ഭാഗത്തുനിന്നും പരമാവധി സഹകരണം ഉണ്ടാകണം എന്ന വസ്തുത മനസിലാക്കിയാണ്. എന്നാല്‍ അതെല്ലാം നിഷ്ഫലമായി. സമരം ചെയ്ത നേഴ്സുമാരെ ഇനി തിരിച്ചെടുക്കില്ല എന്നവര്‍ പറഞ്ഞു. ഡിസംബര്‍ വരെയുള്ള മൂന്നു മാസത്തെ ശമ്പളം നല്‍കാമെന്ന ഉറപ്പും ഇതിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. വാസ്തവത്തില്‍ അവര്‍ ഞങ്ങളെ പിരിച്ചുവിടുകയല്ല, ഞങ്ങള്‍ സ്വമേധയാ പിരിഞ്ഞു പോവുകയാണ്. വീണ്ടും ജോലിക്ക് കയറിയാല്‍ പല തരത്തിലുമുള്ള കെണികളില്‍ ഞങ്ങള്‍ അകപ്പെടും. പ്രത്യക്ഷമായും പരോക്ഷമായും ഞങ്ങള്‍ക്കെതിരെ വെല്ലുവിളികളും ഭീഷണികളും മാനേജ്‌മെന്റ് ഉയര്‍ത്തിയിട്ടുണ്ട്. ഒരു ആതുരാലയത്തില്‍ ചികിത്സിക്കുന്നവരും ഉടമകളും തമ്മില്‍ യുദ്ധമെങ്കില്‍, ആ സാഹചര്യം ഒഴിവാക്കുന്നതാണ് നല്ലത്. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഭാരത് ഹോസ്പിറ്റല്‍ എന്ന ദുരന്ത കടലില്‍ നിന്നും സ്വമേധയാ നീന്തി കയറാന്‍ ഒരുങ്ങുന്നു.”  ഭാരത് ഹോസ്പിറ്റലിലെ നേഴ്‌സും, സമരത്തില്‍ പങ്കെടുത്തവരില്‍ ഒരാളുമായ ശ്രുതി പറയുന്നു.

സര്‍ക്കാര്‍ 2013-ല്‍ നിശ്ചയിച്ച ശമ്പളം പോലും നഴ്‌സുമാര്‍ക്ക് നല്‍കുന്നില്ല: ലേബര്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്

“തുടര്‍ച്ചയായി 16 ദിവസം ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെനിക്ക്. ഒരു ഓഫും ലീവും ഒന്നും അനുവദിച്ച് തരാറില്ല. കാരണമില്ലാതെ ഞങ്ങളില്‍ ഓരോരുത്തരെയായി പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. മാന്യമായ വേതനം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തെ പണക്കൊഴുപ്പ് കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. പിന്തുണ പ്രഖ്യാപിച്ചവരെയെല്ലാം മാനേജ്‌മെന്റ് വിലയ്ക്ക് വാങ്ങുന്നു. സര്‍ക്കാരും മന്ത്രിമാരും ആരും ഞങ്ങളുടെ പ്രശ്‌നത്തില്‍ ഇതുവരെ ഒരു സ്വാധീനം ചെലുത്തിയിട്ടില്ല, അല്ലെങ്കില്‍ തന്ന വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ല. അടിസ്ഥാന ശമ്പളം പോലും ഞങ്ങള്‍ക്കിനിയും ലഭിച്ചിട്ടില്ല. രാപ്പകല്‍ നീളുന്ന അധ്വാനമാണ് ഒരു നേഴ്‌സിന്‍േറത്. എന്നാല്‍,ലഭിക്കുന്നത് തുച്ഛ വരുമാനവും. മാനേജ്‌മെന്റ് അവര്‍ക്ക് തലപര്യമുള്ളവര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കാറുണ്ട്. എല്ലാം അവര്‍ക്ക് തോന്നിയ പോലെ മാത്രം. ധാര്‍മികത എന്നൊരു ഘടകം അതിനിടയിലില്ല. 113 ദിവസമാണ് ഞങ്ങള്‍ സമരമിരുന്നത്. 60 പേരാണ് സമരത്തിലുണ്ടായിരുന്നത്. അതിനിടയ്ക്ക് ഞങ്ങളുടെ കൂട്ടത്തിലെ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നൊരു സാഹചര്യം വരെയുണ്ടായി. എന്നാല്‍, ഒരുതരത്തിലുമുള്ള പ്രതികരണവും മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല. സമരത്തില്‍ പങ്കെടുക്കാത്ത നേഴ്സുമാര്‍ക്കും മറ്റു രോഗികള്‍ക്കുമെല്ലാം ഞങ്ങള്‍ ന്യൂനപക്ഷ വിഭാഗം നടത്തിയ സമരത്തിന്റെ ഫലം ഒരുപാടുണ്ടായിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷം കൂടെയുണ്ടെന്ന വിശ്വാസമാണ് ഞങ്ങള്‍ക്കെതിരെ നീക്കങ്ങള്‍ നടത്താന്‍ ഹോസ്പിറ്റലിനെ പ്രേരിപ്പിക്കുന്നത്. ഞങ്ങളുടെ സമരം വിജയിച്ചു എന്ന പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയാണ് ഡിസംബറില്‍ രാജിയ്‌ക്കൊരുങ്ങുന്നത്. ചുരുങ്ങിയ പക്ഷം, മാനുഷിക പരിഗണനകള്‍ പോലും നല്‍കാതെ സമരത്തെ അടിച്ചമര്‍ത്തുന്ന ഒരു മാനേജ്‌മെന്റിന് കീഴില്‍ പണിയെടുക്കുന്നതിലും അന്തസ്സ് സ്വമേധയാ ഇറങ്ങിപ്പോരുന്നതാണ്” ഭാരത് ഹോസ്പിറ്റലിലെ നേഴ്‌സ് അഞ്ജു പറയുന്നു.

ഇവരെ ഇനിയും തെരുവില്‍ നിര്‍ത്തരുത്; സമരം ചെയ്യേണ്ടവരല്ല ഭൂമിയിലെ മാലാഖമാര്‍

അടച്ചിട്ട് സ്വകാര്യ ആശുപത്രികള്‍ ആരെയാണ് വെല്ലുവിളിക്കുന്നത്?

ട്രോമ യൂണിറ്റില്‍ ഈച്ച കയറിയാല്‍ പിഴ, ചെരിപ്പ് റാക്കിലല്ലെങ്കില്‍ പിഴ, രോഗി ഓടിയാല്‍ പിഴ… ശമ്പളവുമില്ല, പിരിച്ചുവിടലും; ചേര്‍ത്തല കെ.വി.എം ആശുപത്രി നഴ്സുമാരുടെ നരകജീവിതം

ജുലെനയിലെ നേഴ്സുമാര്‍; അതിജീവനത്തിന്റെ ഡല്‍ഹി പാഠങ്ങള്‍

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍