ഹൈക്കോടതി ഉത്തരവ് വന്ന് ആറു ദിവസം കഴിഞ്ഞിട്ടും കേരള വര്‍മ കോളേജിലെ ഹോസ്റ്റല്‍ സമയത്തില്‍ മാറ്റമില്ലാതിരുന്നതിനെതുടര്‍ന്ന് ഗേള്‍സ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സമരത്തിലായിരുന്നു
ഒടുവില്‍ തൃശൂര്‍ ശ്രീ കേരള വര്‍മ കോളേജിലെ പ്രിന്‍സിപ്പാലും മാനേജ്‌മെന്റും ആ പെണ്‍കുട്ടികള്‍ക്കു മുന്നില്‍ തോല്‍വി സമ്മതിച്ചു. ഗേള്‍സ് ഹോസ്റ്റലിലെ സമയക്രമത്തില്‍ വിവേചനമോ നിയന്ത്രണമോ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് വന്നിട്ടും, തുടര്‍ന്നു വന്ന നിയമങ്ങള്‍ മാറ്റാന്‍ തയ്യാറാകാതിരുന്ന കേരള വര്‍മ കോളേജ് അധികാരികള്‍ വെള്ളിയാഴ്ച്ച രാത്രിയോടെ സമയപുനഃക്രമീകരണത്തിന് തയ്യാറാവുകയായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ ദിവസങ്ങളോളം തുടര്‍ന്നു വന്ന സമരങ്ങള്‍ക്കൊടുവിലാണ് മാനേജ്‌മെന്റും പ്രിന്‍സിപ്പാലും മുട്ടുമടക്കിയത്. തിങ്കളാഴ്ച്ച മുതല്‍ രാത്രി എട്ടരവരെ ആയിരിക്കും ഹോസ്റ്റലില്‍ പ്രവേശിക്കാനുള്ള സമയം. ഈ തീരുമാനം പ്രിന്‍സിപ്പാല്‍ കൃഷ്ണകുമാരി വിദ്യാര്‍ത്ഥികളെ വായിച്ചു കേള്‍പ്പിച്ചു. അതേസമയം ഈ തീരുമാനം രക്ഷകര്‍ത്താക്കളുടെ ഒരു എക്‌സിക്യൂട്ടീവ് യോഗത്തില്‍ കൂടി ചര്‍ച്ച ചെയ്യുമെന്നും പ്രിന്‍സിപ്പാല്‍ പറയുന്നുണ്ട്.
ഹൈക്കോടതി ഉത്തരവ് വന്ന് ആറു ദിവസം കഴിഞ്ഞിട്ടും കേരള വര്‍മ കോളേജിലെ ഹോസ്റ്റല്‍ സമയത്തില്‍ മാറ്റമില്ലാതിരുന്നതിനെതുടര്‍ന്ന് ഗേള്‍സ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സമരത്തിലായിരുന്നു. വ്യാഴാഴ്ച്ച വൈകിട്ട് മാനേജ്‌മെന്റുമായി വിദ്യാര്‍ത്ഥിനികള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമൊന്നും ആകാതെ വന്നതിനെ തുടര്‍ന്ന് രാത്രി ഒമ്പത് മണിക്ക് ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങി 12 വരെ പ്രതിഷേധിച്ചിരുന്നു. വെള്ളിളാഴ്ച്ചയും വിദ്യാര്‍ത്ഥിനികളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായില്ല. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ വീണ്ടും തങ്ങളുടെ ഉപരോധ സമരം നടത്തി. തുടര്‍ന്ന് വീണ്ടും പ്രിന്‍സിപ്പാല്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയാണ് രാത്രിയോടെ സമയപുനഃക്രമീകരണത്തിന് തയ്യാറായത്. നിലവില്‍ വൈകിട്ട് നാലരയ്ക്ക് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ പ്രവേശിക്കണം. ആഴ്ച്ചയില്‍ മൂന്നുദിവസം മാത്രം മുന്‍കൂട്ടി എഴുതി നല്‍കി വൈകിട്ട് മൂന്നര മുതല്‍ ആറര വരെ പുറത്തിറങ്ങാം. ഈ സമയക്രമമാണ് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതി ഉത്തരവിന്റെ കൂടി പിന്‍ബലത്തില്‍ സമരം ചെയ്ത് പുനഃക്രമീകരിച്ചിരിക്കുന്നത്.
വ്യവസ്ഥകള്‍ മാറ്റാമോ എന്നു ചോദിക്കുന്ന കോളേജധികൃതര്‍
പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സമയത്തിലെ നിയന്ത്രണത്തിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതും കേരള വര്‍മയിലെ വിദ്യാര്‍ത്ഥികളായിരുന്നു. എന്നാല്‍ അതേ കോളേജില്‍ തന്നെയായിരുന്നു കോടതി വിധി അംഗീകരിക്കാനും മടി കാണിച്ചത്. പെണ്‍കുട്ടികളുടെ സുരക്ഷിതത്വവും സദാചാര പ്രശ്‌നങ്ങളും തന്നെയായിരുന്നു ഇതിനെ ന്യായീകരിക്കാന്‍ അധികൃതര്‍ ഉപയോഗിച്ചതും. പെണ്‍കുട്ടികളുടെ ആവശ്യം അംഗീകരിക്കപ്പെടുന്നതിനു മുമ്പ് അഴിമുഖത്തോട് അഴിമുഖത്തോട് സംസാരിച്ച പ്രിന്‍സിപ്പാള്‍ കൃഷ്ണകുമാരി ചൂണ്ടിക്കാണിച്ചതും ഇതേ കാര്യങ്ങള്‍ തന്നെയായിരുന്നു; സമയത്തെ സംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കളുമായി ആലോചിച്ചിട്ട് തീരുമാനം എടുക്കാം എന്നാതായിരുന്നു എന്റെ നിലപാട്. വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങളൊക്കെ ഞാനും അംഗീകരിക്കുന്നു. അവരുടെ അവകാശങ്ങള്‍ക്ക് വിഘാതമായ തീരുമാനങ്ങള്‍ എടുക്കാനും ആഗ്രഹിക്കുന്നില്ല. പക്ഷേ, ഹോസ്റ്റലില്‍ പ്രവേശിക്കേണ്ട സമയം പുനഃക്രമീകരിക്കുന്നതില്‍ മാനേജ്‌മെന്റിന്റെയും രക്ഷിതാക്കളുടെയും അനുവാദം വേണം. പക്ഷേ, കുട്ടികള്‍ അത് സമ്മതിക്കുന്നില്ല. അവര്‍ പ്രായപൂര്‍ത്തിയായവര്‍ ആണ്. പക്ഷേ, അവരുടെ കാര്യത്തില്‍ നമുക്ക് ഒരു ഉത്തരവാദിത്വമുണ്ട്. കോടതി പറഞ്ഞിട്ടുണ്ടെന്നു കരുതി, കുട്ടികളെ കോളേജില്‍ കൊണ്ടുവന്നു ചേര്‍ക്കുന്നത് രക്ഷിതാക്കളാണ്. അവര്‍ വന്ന് നിങ്ങളോടാരാണ് സമയം മാറ്റാന്‍ പറഞ്ഞതെന്നു ചോദിച്ചാല്‍, കുട്ടികള്‍ പ്രായപൂര്‍ത്തിയായവരാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ കോളേജ് പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ എനിക്കാവില്ല. സ്വതന്ത്രമായി ചിന്തിക്കുകയാണെങ്കില്‍ കുട്ടികള്‍ പറയുന്നതിനെ ഞാനും അനുകൂലിക്കുകയാണ്. പക്ഷേ, ഒരു സ്ഥാപനത്തിന്റെ മേലധികാരിയെന്ന നിലയില്‍ ഏകപക്ഷീയമായ തീരുമാനം എടുക്കാന്‍ കഴിയില്ല. കോളേജിനും ഹോസ്റ്റിലിനുമൊക്കെ ഒരു വ്യവസ്ഥ വേണം. എല്ലാ ദിവസവും എട്ടുമണിയെന്നത് പ്രായോഗികമല്ല. അതെനിക്കൊരു പ്രശ്‌നമല്ലെങ്കില്‍ കൂടി മാതാപിതാക്കളോടു കൂടി ഇക്കാര്യം കൂടിയാലോചിക്കുന്നതില്‍ അസ്വഭാവികതയൊന്നും ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. രക്ഷകര്‍ത്താക്കളുടെ എക്‌സിക്യൂട്ടീവ് മീറ്റിംഗ് വിളിച്ചിട്ടുണ്ട്. അവിടെ ഇക്കാര്യം ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തില്‍ എത്താം.
എന്തായിരുന്നു കോടതി പറഞ്ഞത്
നിലവില്‍ പറഞ്ഞുകൊണ്ടേയിരുന്ന അതേ പെണ്‍കുട്ടികളുടെ കാര്യത്തിലെ ഉത്കണ്ഠകള്‍ തന്നെയാണ് ഒരു കോടതി ഉത്തരവ് അവഗണിക്കാനും കോളേജ് അധികാരികള്‍ ഉപയോഗിച്ചിരുന്നത്. ഈ ‘ ഉത്കണ്ഠകളും, ജാഗ്രത’കളുമാണ് ഹൈക്കോടതി ഉത്തരവില്‍ വിമര്‍ശനത്തിനു വിധേയമായതും. ‘ഹോസ്റ്റല്‍ മാനേജ്‌മെന്റിന്റെ ധാര്‍മികതയും തീരുമാനങ്ങളും ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു വ്യക്തമായിരിക്കുന്നു. ഇത്തരത്തിലുള്ള പിതൃത്വഭാവഭരണ രീതി അംഗീകരിച്ചുകൊടുക്കാനാകില്ല. ആണ്‍കുട്ടികള്‍ക്കുള്ള അതേ അവകാശങ്ങളാണ് ഇവിടെ പെണ്‍കുട്ടികള്‍ക്കുമുള്ളത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ ഇത്തരത്തിലുള്ള ഒരു നിയന്ത്രണവുമില്ല. ഫസ്റ്റ് ഷോയ്‌ക്കോ സെക്കന്റ് ഷോയ്‌ക്കോ പോകണോ എന്നത് വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കേണ്ട കാര്യമാണ്. ഹോസ്റ്റല്‍ ആക്ടിവിറ്റിക്കു പുറത്തുള്ളതാണ് അത്തരം കാര്യങ്ങള്‍.’ ഹോസ്റ്റല്‍ സമയവുമായി ബന്ധപ്പെട്ടു കേരള ഹൈക്കോടതി നടത്തിയ സുപ്രധാനമായ വിധിന്യായത്തില്‍ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പറഞ്ഞ കാര്യങ്ങളിങ്ങനെയാണ്. ലേഡീസ് ഹോസ്റ്റലുകളില്‍ എല്ലായിടത്തും നിലവിലുള്ള കര്‍ഫ്യൂ സമയങ്ങള്‍ പുനര്‍നിര്‍ണയിക്കപ്പെടണമെന്നും, പുറത്തു പോകുമ്പോള്‍ മുന്‍കൂട്ടി അറിയിക്കുക, സിനിമകള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച ദിവസങ്ങളില്‍ മാത്രം പോകുക, പൊതു പരിപാടികളില്‍ പങ്കെടുക്കാതിരിക്കുക, രാഷ്ട്രീയമായ അഭിപ്രായങ്ങള്‍ ഇല്ലാതിരിക്കുക എന്നിങ്ങനെ പലയിടങ്ങളിലും നിലവിലുള്ള വിചിത്രമായ നിയമങ്ങള്‍ എടുത്തുമാറ്റുക എന്നിങ്ങനെ പല നിര്‍ദ്ദേശങ്ങളും ഈ വിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഹോസറ്റലുകളില്‍ വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന കൊടിയ അവകാശ ലംഘനങ്ങളുടെ വാര്‍ത്തകള്‍ പലയിടങ്ങളില്‍ നിന്നായി കേട്ടു കൊണ്ടിരിക്കുന്ന സമയത്തുതന്നെയാണ് നിര്‍ണാകമായ വിധി വന്നത്.
കേരള വര്‍മയില്‍ നിന്നും കോടതിയിലേക്ക്
കേരളത്തിലെ വിദ്യാര്‍ത്ഥിനികളുടെ കാലങ്ങളായുള്ള സമരത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരിക്കുന്ന ഈ വിധി വന്നിരിക്കുന്നത്, 2017ല്‍ ശ്രീ കേരളവര്‍മ കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന അഞ്ജിത കെ. ജോസ് നല്‍കിയ പരാതിയിന്മേലാണ്. ഹോസ്റ്റലിലെ കാടന്‍ നിയമങ്ങളെ അകത്തു നിന്നു തന്നെ നേരിടാന്‍ പല തവണ ശ്രമിച്ചു പരാജയപ്പെട്ട ശേഷമാണ് അഞ്ജിത ലീഗല്‍ കളക്ടീവ് ഫോര്‍ സ്റ്റുഡന്റ്‌സ് റൈറ്റ്‌സ് എന്ന സംഘടനയുടെ സഹായത്തോടെ ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നത്. അന്നു മുതല്‍ക്കാരംഭിച്ച പോരാട്ടമാണ് ഇന്ന് ഭാഗികമായെങ്കിലും ഫലപ്രാപ്തയിലെത്തിയിരിക്കുന്നത്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിനികള്‍ നടത്തിയ ബ്രേക് ദ കര്‍ഫ്യൂ ക്യാംപയിനും സമരവുമായിരുന്നു ഈ ഗണത്തില്‍ അടുത്തകാലത്ത് കേരളം കണ്ട പ്രധാന പ്രതിഷേധങ്ങളിലൊന്ന്. ഹോസ്റ്റല്‍ അധികൃതരോടും കോളജ് അധികൃതരോടും പോരാടി എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍ കര്‍ഫ്യൂ സമയം ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റേതിനു സമാനമാക്കിയ വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതേ മാതൃകയില്‍ത്തന്നെയാണ് തലശ്ശേരി ബ്രണ്ണന്‍ കോളേജിലും വിദ്യാര്‍ത്ഥിനികള്‍ സമരപ്രഖ്യാപനവുമായി ഇറങ്ങിയതും. ലൈബ്രറിയും ലാബുകളും ആണ്‍കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്നത്ര കാര്യക്ഷമമായി ഉപയോഗിക്കാനാകില്ലെന്നതു തുടങ്ങി, കോളേജിനു പുറത്ത് സ്വതന്ത്രമായൊരു വ്യക്തിജീവിതം കെട്ടിപ്പടുക്കാനാവില്ലെന്നതു വരെ അനവധി പ്രതിസന്ധികളാണ് ഹോസ്റ്റല്‍ നിയമങ്ങള്‍ കാരണം വിദ്യാര്‍ത്ഥിനികള്‍ നേരിട്ടു പോന്നിരുന്നത്. പ്രായപൂര്‍ത്തിയായ ഒരു യുവതിക്ക് ഹോസ്റ്റലുകളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത് ഒരര്‍ത്ഥത്തില്‍ മൗലികാവകാശങ്ങളുടെ ലംഘനം തന്നെയാണ്. പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ ഗോവയിലേക്ക് യാത്ര ചെയ്തതിന്റെ പേരില്‍ ഹോസ്റ്റലില്‍ നേരിടേണ്ടിവന്ന പ്രശ്‌നങ്ങള്‍ വാര്‍ത്തയായതും ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. ഒറ്റയടിക്ക് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പോലും, വലിയ പ്രതീക്ഷയാണ് ഈ പുതിയ വിധി കൊണ്ടുവന്നിരിക്കുന്നത്.
രാഷ്ട്രീയം പാടില്ല, പുറത്തിറങ്ങാന്‍ അനുമതിയില്ല
രാഷ്ട്രീയപ്പാര്‍ട്ടികളുടെ മീറ്റിംഗുകളിലോ ജാഥകളിലോ സമരങ്ങളിലോ ഹോസ്റ്റലില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കാന്‍ പാടില്ല, വാര്‍ഡന്‍ നിര്‍ദ്ദേശിക്കുന്ന ദിവസങ്ങളിലല്ലാതെ പുറത്തിറങ്ങുകയോ സിനിമകള്‍ക്കു പോകുകയോ ചെയ്യരുത്, ഫസ്റ്റ് ഷോയ്ക്കും സെക്കന്റ് ഷോയ്ക്കും ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ പോകരുത് അഞ്ജിതയെ കോടതിയിലെത്തിച്ച കേരള വര്‍മ കോളേജ് ഹോസ്റ്റലിലെ നിയമങ്ങളില്‍ ചിലതുമാത്രമാണിത്. ഈ നിയമങ്ങള്‍ എടുത്തുകളയണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. അഭിപ്രായസ്വാതന്ത്രത്തിനുള്ള മൗലികാവകാശത്തെ ഹനിക്കുന്ന രീതിയിലുള്ള ഇത്തരം നിയമങ്ങള്‍ എടുത്തുകളയാനും, വിദ്യാര്‍ത്ഥിനികളുടെ രാഷ്ട്രീയ താല്‍പര്യത്തില്‍ തലയിടാതിരിക്കാനുമുള്ള നിര്‍ദ്ദേശമാണ് പ്രധാനമായും ഹോസ്റ്റല്‍ അധികൃതര്‍ക്ക് കോടതി നല്‍കിയിട്ടുള്ളത്. ‘ആദ്യത്തെ രണ്ടു വര്‍ഷം കോളജിനകത്തു നിന്നു തന്നെ എന്തെങ്കിലും ചെയ്യാന്‍ നോക്കിയിരുന്നു. കോളേജ് അധികൃതരുടെ അടുത്തും കോളേജ് മാനേജ്‌മെന്റായ ദേവസ്വം ബോര്‍ഡിലും പോയി സംസാരിച്ച് തീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നു. അവസാനമാണ് സുഹൃത്തിന്റെ സംഘടന വഴി കേസ് ഫയല്‍ ചെയ്തത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടികള്‍ ഇറങ്ങാറില്ല എന്നൊന്നും പറയാനാകില്ലെങ്കിലും, അത്തരം ഇടപെടലുകള്‍ നിയന്ത്രിച്ചു കൊണ്ടുള്ള നിയമങ്ങള്‍ നിലവിലുണ്ട്. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏതോ വിഷയത്തില്‍ പ്രതിഷേധത്തിനിറങ്ങിയ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളിലാരോ വീട്ടില്‍ നിന്നും വിളിച്ചപ്പോള്‍, ‘മോളെ കാണണമെങ്കില്‍ ടിവി വച്ച് നോക്കൂ. ഇവിടെ ഇതൊന്നും പാടില്ലെന്നു പറഞ്ഞിട്ടല്ലേ അഡ്മിഷന്‍ തന്നത്’ എന്നെല്ലാം പറഞ്ഞ സംഭവമുണ്ടായിട്ടുണ്ട്. അങ്ങിനെയൊരു ഘട്ടത്തിലാണ് ഇവിടെ സംസാരിച്ചിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞത്.‘ അഞ്ജിത പറയുന്നു.
ഹോസ്റ്റലിനകത്തു കയറാനുള്ള സമയത്തില്‍ മാറ്റം വേണമെന്നും, ഒപ്പം രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള നിയന്ത്രണങ്ങള്‍ പാടേ പിന്‍വലിക്കണമെന്നുമായിരുന്നു പെറ്റീഷനിലെ പ്രധാന ആവശ്യങ്ങള്‍. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നു വിളിക്കപ്പെടുന്ന തൃശ്ശൂര്‍ ജില്ലയില്‍, പല പരിപാടികളിലും പങ്കാളികളാകാമെന്നും സമൂഹവുമായി അടുത്തിടപഴകാമെന്നും ചിന്തിച്ചെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാര്‍ക്കും കേരള വര്‍മയില്‍ പഠിക്കുന്ന കാലത്ത് അതു സാധ്യമാകാറില്ലായിരുന്നെന്നും, ലിംഗപരമായി നേരിടുന്ന അത്തരം പ്രശ്‌നങ്ങള്‍ക്ക് അറുതി വേണമെന്നും കണക്കുകൂട്ടിത്തന്നെയായിരുന്നു അഞ്ജിതയുടെയും സുഹൃത്ത് റിന്‍ഷയുടെയും നീക്കം. ആഴ്ചയില്‍ മൂന്നു ദിവസം മാത്രം വൈകീട്ട് ആറര വരെ പുറത്തിറങ്ങാന്‍ അനുമതിയുള്ള, മറ്റു ദിവസങ്ങളിലെല്ലാം നാലരയ്ക്കുള്ളില്‍ ഹോസ്റ്റലില്‍ കയറേണ്ടതുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് സാംസ്‌കാരിക പരിപാടികള്‍ ബാലികേറാമല തന്നെയാണ്. ‘മറ്റു ജില്ലക്കാരോ തൃശ്ശൂരിന്റെ തന്നെ ദൂരപ്രദേശങ്ങളില്‍ നിന്നുള്ളവരോ ആണ് ഹോസ്റ്റലുകളില്‍ നിന്നു പഠിക്കുന്നത്. കേരളവര്‍മ പോലൊരു കോളേജ് അവര്‍ തിരഞ്ഞെടുക്കുന്നത് സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, ഇറ്റ്‌ഫോക്ക് നാടകോത്സവം എന്നിങ്ങനെയുള്ള പല സാധ്യതകളും കണ്ടുകൊണ്ടു തന്നെയാണ്. എന്നാല്‍ അത്തരമൊരു പരിപാടികള്‍ക്കും സംബന്ധിക്കാന്‍ ആര്‍ക്കും സാധിക്കാറില്ല. മൂന്നു ദിവസങ്ങളില്‍ മാത്രം അനുവാദമുള്ള ആറര മണി കര്‍ഫ്യൂ സമയത്തിനുള്ളില്‍ ഹോസ്റ്റലില്‍ കയറണമല്ലോ. കുട്ടികള്‍ക്ക് ഒരു സിനിമ കാണാനോ പുറത്തു പോകണമെങ്കിലോ അതു സാധിക്കില്ല. പുറത്തു നിന്നുള്ള ഭക്ഷണം പോലും ഓര്‍ഡര്‍ ചെയ്ത് കഴിക്കാന്‍ സാധിക്കില്ല. കേസിനു പോയെന്ന പേരില്‍ മോശമായ അനുഭവം നേരിട്ടുണ്ടായിട്ടില്ലെങ്കിലും, വാര്‍ഡന്‍ എന്നെപ്പറ്റി കുട്ടികളോട് മോശമായി സംസാരിക്കാറുണ്ടായിരുന്നു. ഇങ്ങിനെയൊരു പ്രതിഷേധം ഭാവിയില്‍ ഉണ്ടാകാതിരിക്കാനും, ഹോസ്റ്റലിലെ കുട്ടികളുടെ പിന്തുണ നേടിയെടുക്കാനും വേണ്ടി പുതിയതായി അഡ്മിഷനെടുത്ത കുട്ടികളുടെയടുത്ത് അങ്ങിനെ എന്നെക്കുറിച്ച് സംസാരിച്ചിട്ടുള്ളതായി അറിയാം. ‘ചേച്ചി കാരണമാണല്ലേ ഞങ്ങള്‍ ഇവിടെ ഇതൊക്കെ അനുഭവിക്കേണ്ടിവരുന്നത്’ എന്ന് കുട്ടികള്‍ എന്നോടു വന്നു ചോദിച്ചിട്ടൊക്കെയുണ്ട്. ഞാന്‍ കാരണമാണ് ഹോസ്റ്റലില്‍ ഇത്ര സ്ട്രിക്ട് ആകേണ്ടി വരുന്നത് എന്നായിരുന്നു പറഞ്ഞുകൊടുത്തുകൊണ്ടിരുന്നത്’
വിധിയ്ക്കു ശേഷവും തുടരേണ്ടിവന്ന സമരം
കോടതി ഉത്തരവ് പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളവര്‍മയുടെ ഹോസ്റ്റലില്‍ കാര്യങ്ങള്‍ പഴയപടി തന്നെയായിരുന്നു. വിധിയുടെ പകര്‍പ്പ് കൈയില്‍ കിട്ടിയില്ലെന്നും, മാതാപിതാക്കളുടെ യോഗം കൂടാതെ ഒന്നും തീരുമാനിക്കാനാകില്ലെന്നുമെല്ലാം ന്യായങ്ങള്‍ ആദ്യം നിരത്തി.വിദ്യാര്‍ത്ഥിനികള്‍ പ്രായപൂര്‍ത്തിയായവരാണെന്നും, അവരുടെ മൗലികാവകാശങ്ങളെ ഹനിക്കുന്ന നയങ്ങള്‍ ആവിഷ്‌കരിക്കാന്‍ മാതാപിതാക്കളുടെ പിന്തുണയുണ്ടെങ്കിലും അതു കണക്കിലെടുക്കാനാകില്ലെന്നും വിധിന്യായത്തില്‍ വ്യക്തമായി പറയുന്നുണ്ടെന്നിരിക്കേ, മാനേജ്‌മെന്റ് നിരത്തുന്ന വാദഗതികള്‍ അംഗീകരിക്കാനാകില്ലെന്ന ഉറച്ച നിലപാടില്‍ വിദ്യാര്‍ത്ഥിനികളും നിന്നു. ഇക്കാര്യത്തിലൊരു നീക്കുപോക്ക് ആവശ്യപ്പെട്ട് പ്രിന്‍സിപ്പാളിനെ കണ്ടിരുന്നെങ്കിലും, അനുകൂലമായ മറുപടി വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ബുധനാഴ്ച രാത്രി കര്‍ഫ്യൂ നിഷേധിച്ച് നൂറോളം വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ നിന്നുമിറങ്ങി രാത്രി കോളേജ് ക്യാംപസ്സില്‍ മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടി. വാര്‍ഡനും അധ്യാപകരും സ്ഥലത്തെത്തി അടുത്ത ദിവസം ചര്‍ച്ച നടത്താമെന്ന് ഉറപ്പു നല്‍കിയതിന്റെ പേരില്‍ സമരമവസാനിപ്പിച്ച് തിരികെ പോന്നെങ്കിലും, അടുത്ത ദിവസവും അനുകൂലമായ ഒരു നീക്കവുമുണ്ടായില്ല. മാതാപിതാക്കളുടെ യോഗം വിളിക്കണമെന്ന മാനേജ്‌മെന്റിന്റെ കടുംപിടിത്തത്തില്‍ പ്രതിഷേധിച്ച്, വ്യാഴാഴ്ച രാത്രിയിലും ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥിനികള്‍ ഇറങ്ങി കോളേജിലെത്തി പ്രതിഷേധം ആരംഭിച്ചിരുന്നു. രാത്രി വൈകിയും പ്രതിഷേധങ്ങള്‍ അവര്‍ തുടര്‍ന്നു.
Read More: വരാന്‍ പോകുന്നത് ‘ഗോമൂത്ര’ ഗവേഷണത്തിന്റെ കാലം-ഡോ. മീന ടി. പിള്ള സംസാരിക്കുന്നു
ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന സല്‍മ കെ.പി പറയുന്നതിങ്ങനെ ‘വിധിന്യായത്തെ രണ്ടു തരത്തില്‍ പരിശോധിക്കേണ്ടതുണ്ട്. ഒന്നാമതായി, അത് വലിയൊരു മുന്നേറ്റം തന്നെയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യമുറപ്പാക്കുന്ന പല മാറ്റങ്ങളും കോടതി അതില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷേ, മറ്റൊരു തരത്തില്‍ നോക്കിയാല്‍, മാനേജ്‌മെന്റിന് പൂര്‍ണ സ്വാതന്ത്ര്യം കൊടുക്കുന്ന നിലപാടാണ് വിധിയില്‍ സ്വീകരിച്ചിട്ടുള്ളത് എന്നും പറയേണ്ടിവരും. കര്‍ഫ്യൂവിന്റെ കാര്യത്തിലൊന്നും കോടതി പൂര്‍ണമായി ഇടപെട്ടിട്ടില്ല. വിദ്യാര്‍ത്ഥിനികളുമായി ചര്‍ച്ച ചെയ്ത്, ഹോസ്റ്റലിന്റെ ഡിസിപ്ലിനെ നശിപ്പിക്കാത്ത തരത്തിലുള്ള സമയക്രമം സ്വീകരിക്കാമെന്നാണ് വിധിയില്‍ പറയുന്നത്. കോടതി വിധി വന്ന് അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞു. കുട്ടികളുമായി ചര്‍ച്ച നടത്തിയ ശേഷം ഹോസ്റ്റലിലെ സമയക്രമം പുനര്‍ നിര്‍ണയിക്കണമെന്ന് വിധിയില്‍ പറയുന്നുണ്ടെന്നും, അതിനുവേണ്ടിയുള്ള നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും കാണിച്ച് ഞങ്ങള്‍ പ്രിന്‍സിപ്പാളിനെ പോയിക്കണ്ടിരുന്നു. പല ന്യായങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അവര്‍ക്ക് വിധിയുടെ പകര്‍പ്പ് കിട്ടിയില്ലെന്നും, മാനേജ്‌മെന്റിനോട് ഇക്കാര്യം അങ്ങോട്ടാവശ്യപ്പെടാനാകില്ലെന്നുമെല്ലാമായിരുന്നു വാദം. രണ്ടു മൂന്നു തവണ കയറിയിറങ്ങിയിട്ടും കാര്യമില്ലാതെ വന്നപ്പോള്‍ ഞങ്ങള്‍ രാത്രി ഹോസ്റ്റലിനു പുറത്തിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.’
ഏറെ ബുദ്ധിമുട്ടിക്കുന്ന പല നിയമങ്ങളും കേരള വര്‍മയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. ആഴ്ചയില്‍ മൂന്നു ദിവസങ്ങളൊഴികെ നാലരയ്ക്കു ഹോസ്റ്റലില്‍ തിരികെ കയറേണ്ടിവരുന്നതു മുതല്‍, പുറത്തേക്കു പോകുമ്പോള്‍ എവിടേക്കെന്ന് കൃത്യമായി എഴുതിവയ്‌ക്കേണ്ടി വരുന്നതുവരെ പല നിയമങ്ങളും ഇപ്പോഴും ഇവിടെ നിലനില്‍ക്കുകയാണ്. മൂന്നര മണിയ്ക്കു ശേഷം ഹോസ്റ്റലിലെത്തി വേണം പുറത്തു പോകുന്നത് അറിയിക്കാനും സ്ഥലം എഴുതിവയ്ക്കാനും. ബ്ലോക്കിലോ മറ്റോ പെട്ട് ആറരയ്ക്കു ശേഷമാണ് ഹോസ്റ്റലിലെത്തുന്നതെങ്കില്‍ വീണ്ടും മാപ്പെഴുതിക്കൊടുക്കുന്നതടക്കമുള്ള മറ്റു നടപടികള്‍ നേരിടേണ്ടിവരും. ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ വീട്ടിലേക്കു പോകുന്നു എന്നെഴുതിവച്ച് പോയി എന്നതിന്റേ പേരില്‍ സസ്‌പെന്‍ഷന്റെ വക്കോളമെത്തിയ പെണ്‍കുട്ടികള്‍ ഇവിടെയുണ്ട്. കോണ്‍ഫറന്‍സ് എന്നു പറഞ്ഞാല്‍ നേരിടേണ്ടി വരുന്ന വലിയ നടപടിക്രമങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഹോം രജിസ്റ്ററില്‍ പേരെഴുതിയതുപോലും ഹോസ്റ്റലിനെ സംബന്ധിച്ചിടത്തോളം ഗുരുതരമായ കുറ്റമാണ്. ചലച്ചിത്ര മേളയ്ക്ക് പോയപ്പോഴും ഇതേ പ്രശ്‌നം തന്നെ നേരിടേണ്ടി വന്നിരുന്നു ഇവര്‍ക്ക്.
വിധിയിലെ ചില പോരായ്മകള്‍
കോടതിവിധിയിലെ മറ്റു ചില പോരായ്മകളെയും കേരള വര്‍മയിലെ വിദ്യാര്‍ത്ഥിനികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. Mischievous ആയ, അഥവാ ദോഷഫലങ്ങളുണ്ടാക്കിയേക്കാവുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന കുട്ടികളെ പുറത്താക്കാന്‍ വാര്‍ഡന് അധികാരം നല്‍കുന്ന നിയമം നിലവിലുണ്ട്. ഏതെല്ലാമാണ് അത്തരം പ്രവൃത്തികള്‍ എന്നു വ്യക്തമാക്കുന്നില്ല താനും. ഈ നിബന്ധന കോടതി എടുത്തുമാറ്റിയിട്ടില്ല. അത്തരം പ്രവര്‍ത്തികള്‍ കണ്ടാല്‍ വാര്‍ഡന് പുറത്താക്കാം എന്നു പറയുമ്പോള്‍ത്തന്നെ, വിദ്യാര്‍ത്ഥികള്‍ക്ക് അവകാശ ലംഘനമായി അനുഭവപ്പെടുന്ന കാര്യങ്ങളുണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നു നിര്‍ദ്ദേശിച്ചിരിക്കുന്നത് ഇതിന്റെ മറ്റൊരു വശം. കര്‍ഫ്യൂ സമയം പുനര്‍നിര്‍ണയിക്കുന്നത് മാനേജ്‌മെന്റുമായുള്ള ചര്‍ച്ചകളിലൂടെ വേണമെന്നു പറയുമ്പോഴും, സെക്കന്റ് ഷോ സിനിമ കാണണോ വേണ്ടയോ എന്നത് വിദ്യാര്‍ത്ഥിനികളുടെ തീരുമാനമാണെന്നും കോടതി പറയുന്നുണ്ട്. ഇങ്ങനെ പരസ്പര വിരുദ്ധമായ പല നിര്‍ദ്ദേശങ്ങളും വിധിയിലുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വിശദീകരിക്കുന്നു. പ്രിന്‍സിപ്പാളിനെ കണ്ട് സംസാരിക്കാന്‍ പോയപ്പോഴും, കോളേജ് പ്രതിനിധികള്‍ ഇവരോട് ഊന്നിപ്പറഞ്ഞത് മാനേജ്‌മെന്റിനു മാത്രം തീരുമാനിക്കാവുന്ന കാര്യങ്ങളാണിതെന്നാണ്. ഇതും വിധിയുടെ ബാക്കിപത്രമാണ്.
‘ പ്രിന്‍സിപ്പാളുമായി മീറ്റിംഗ് വേണമെന്നു മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം. ബുധനാഴ്ച വൈകീട്ടും ഇക്കാര്യത്തില്‍ തീരുമാനമാകാതെ വന്നതോടെ അഞ്ചര മണിക്ക് ഞങ്ങള്‍ ഹോസ്റ്റലില്‍ നിന്നുമിറങ്ങി കോളേജിലെത്തി ഇരുന്ന് പാട്ടുപാടിയും മറ്റും പ്രതിഷേധിച്ചു. എട്ടുമണിയോടെ വാര്‍ഡനെത്തി അടുത്ത ദിവസം തന്നെ തീരുമാനമുണ്ടാക്കാമെന്ന് ഉറപ്പു തന്നശേഷമാണ് പിരിഞ്ഞുപോയത്. വ്യാഴാഴ്ച വൈകിട്ടോടെ മീറ്റിംഗുണ്ടാകുകയും ഹോസ്റ്റലില്‍ നിന്നും പ്രതിനിധികള്‍ പോകുകയും ചെയ്തിരുന്നു. മാനേജ്‌മെന്റും മാതാപിതാക്കളുമായി ഞായറാഴ്ച ചര്‍ച്ച വയ്ക്കുമെന്നായിരുന്നു മീറ്റിംഗില്‍ അവരെടുത്ത നിലപാട്. അതിനെ പ്രതിനിധികള്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു. മാതാപിതാക്കളുമായല്ല, പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥികളുമായാണ് ചര്‍ച്ച നടത്തേണ്ടതെന്ന് വ്യക്തമായി വിധിയില്‍ പറയുന്നുണ്ട്. മാതാപിതാക്കളുട തീരുമാനമല്ല എടുക്കുക, പക്ഷേ അവരും കാര്യമറിയണമെന്നാണ് മാനേജ്‌മെന്റിന്റെ പക്ഷം. എന്നാല്‍, വെള്ളിയാഴ്ച തന്നെ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി കര്‍ഫ്യൂ സമയം തീരുമാനിക്കണമെന്നും കോടതിവിധിയെ മാനിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ആരുടെ മാതാപിതാക്കളായും, ഫസ്റ്റ് ഷോ സെക്കന്റ് ഷോ എന്നെല്ലാം കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും അസ്വസ്ഥരാകും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സാന്നിധ്യത്തില്‍ ഒന്നും ആവശ്യപ്പെടാന്‍ സാധിക്കാതെയാകും. ഇവരുടെ ഉദ്ദേശവും അതുതന്നെയായിരുന്നു.
തങ്ങള്‍ക്ക് അനുകൂലമായുള്ള കോടതിവിധി കൈവശമുണ്ടായിട്ടും, അതു നടപ്പിലാക്കാനായി വീണ്ടും സമരം ചെയ്യേണ്ടി വന്നെങ്കിലും ആ പോരാട്ടം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദ്യാര്‍ത്ഥിനികള്‍. തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ സമരം ചെയ്തു നേടിയെടുത്ത കേരള വര്‍മയിലെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍, ഇതേ സാഹചര്യം നിലനില്‍ക്കുന്ന മറ്റു കോളേജുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കും പ്രചോദനമാകും. ©
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”