UPDATES

ട്രെന്‍ഡിങ്ങ്

‘ശിക്ഷിക്കാനും’ സഹതപിക്കാനും ഇനിയും ബാക്കിയുണ്ട് മധുമാര്‍; അവര്‍ക്ക് നേരെ കണ്ണടച്ചത് കൂടി ഓര്‍ത്തിട്ട് മതി

കോടികള്‍ ഒഴുക്കിയിട്ടും ഇന്നും ഒരു ആദിവാസി വിശന്നപ്പോള്‍ മോഷ്ടിക്കേണ്ടി വന്നെങ്കില്‍…അവനെ വിചാരണ ചെയ്യുന്നതിനു മുമ്പ് പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടിയിരുന്നത് ആരൊക്കെയാണ്?

മധുവിനെക്കുറിച്ചല്ല, ആദിവാസിയെക്കുറിച്ച് ചിലതുണ്ട് പറയാന്‍. 2017 നവംബര്‍ മാസത്തിലാണ്, അട്ടപ്പാടിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ആദിവാസി വിഭാഗത്തിലുള്ളവര്‍ വിവേചനം നേരിടുന്നതായി വിജിലന്‍സ് കണ്ടെത്തിയത് അഴിമുഖം ഉള്‍പ്പെടെയുള്ള ഒന്നുരണ്ടു മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. അഗളി ഗവ. എച്ച് എസ് എസില്‍ നടക്കുന്ന വിവേചനപരമായ പ്രവര്‍ത്തികളെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ മനസിലാക്കിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് വിജിലന്‍സ് പറഞ്ഞിരുന്നു. അധ്യാപക നിയമനത്തിലെ വിവേചനം മുതല്‍ സ്‌കൂളില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്ന ദുരവസ്ഥകള്‍ വരെ കേരളത്തിന് നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണെന്നാണ് അട്ടപ്പാടിയിലെ സ്‌പെഷല്‍ ഓഫിസര്‍ കൂടിയായ വിജിലന്‍സ് സി ഐ കെ കൃഷ്ണന്‍കുട്ടി അഴിമുഖത്തോട് പറഞ്ഞത്.

ആദിവാസി പഠിപ്പിച്ചാല്‍ ശരിയാവില്ലെന്നു പറഞ്ഞ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ നിന്നും ആദിവാസി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കുന്നു. അതും മതിയായ വിദ്യാഭ്യാസയോഗ്യതകള്‍ ഉള്ളവരെ, അട്ടപ്പാടി മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന കൊടുക്കണമെന്ന നിര്‍ദേശം മറികടന്ന്. ഇനി ആദിവാസി കുട്ടികളുടെ കാര്യം. അവരെ പ്രത്യേക ഡിവിഷനുകളാക്കി ഇരുത്തുന്നു. എഴുത്തും വായനയും അറിയാത്തവരും പറഞ്ഞാല്‍ മനസിലാകാത്തവരുമൊക്കെയായി അധ്യാപകര്‍ക്ക് തോന്നുന്നവരാണ് അവിടുത്തെ ആദിവാസിക്കുട്ടികള്‍. അതുകൊണ്ട് തന്നെ അവരെ പ്രത്യേകം ക്ലാസുകളില്‍ ഇരുത്തണം, മറ്റ് കുട്ടികളുടെ കൂടെ ഇരുത്തേണ്ടതില്ല! പൊതുവായ പാഠാവലികളും അവര്‍ക്ക് വേണ്ടെന്ന് തീരുമാനിക്കുന്നു. അക്ഷരങ്ങള്‍ എഴുതാനും കൂട്ടാനുമൊക്കെ പഠിപ്പിച്ചാല്‍ മതി. ആദിവാസി കുട്ടികള്‍ പഠിച്ചില്ലെങ്കിലും വല്യ കുഴപ്പമൊന്നുമില്ല, പക്ഷേ അവര്‍ ഉച്ചഭക്ഷണം ചുമന്ന് കൊണ്ടുവരാന്‍ എപ്പോഴും തയ്യാറായിരിക്കണം. മറ്റു കുട്ടികള്‍ക്കു മാത്രമല്ല, അധ്യാപകര്‍ക്കും ചുമന്നുകൊണ്ടു വന്ന ഭക്ഷണം വിളമ്പി കൊടുക്കണം….

കേരളം കാണാതിരിക്കരുത്; അട്ടപ്പാടിയിലെ ആദിവാസിക്ക് പഠിക്കാനും പഠിപ്പിക്കാനും കഴിവില്ലെന്നാണ് ഈ സര്‍ക്കാര്‍ സ്കൂള്‍ തീരുമാനിച്ചത്

ഇതൊക്കെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളാണ്. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചോ? സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുത്തോ? ഈ വാര്‍ത്ത മാധ്യമങ്ങളെല്ലാം അറിഞ്ഞിരുന്നോ? ചര്‍ച്ച ചെയ്‌തോ? പൊതുജനം അറിഞ്ഞോ? പ്രതിഷേധിച്ചോ? ഒന്നും അറിയില്ല.

മധുവിലേക്ക് വരുന്നതിനു മുമ്പ് ചിലതുകൂടി പറയാനുണ്ട്…

എപ്പോഴാണ് ആദിവാസി മേഖലയിലെ വിദ്യാഭ്യാസപ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഒരു സമരം നടന്നിട്ടുള്ളത്? ആര്‍ക്കാണ് അതില്‍ ആവലാതിയുള്ളത്?

അട്ടപ്പാടിയില്‍ നിന്നും അഗളിയില്‍ നിന്നും (ഏത് ആദിവാസി ഊരുകളില്‍ നിന്നുമാകട്ടെ) പുറത്ത്, അതായത് കേരളത്തിന്റെ പൊതുഇടങ്ങളില്‍- അത് നഗരങ്ങളുമാകാം, നഗരസമാന ഗ്രാമങ്ങളുമാകാം- വന്ന് പഠിക്കാനും ജോലി ചെയ്യാനും എത്ര ആദിവാസികള്‍ക്ക് കഴിയുന്നുണ്ട്. ഒരു തമാശപോലെ ഇപ്പോള്‍ തോന്നുന്നതും, എന്നാല്‍ അന്ന് അനുഭവിച്ച വേദനയുടെ വിങ്ങലുകള്‍ പൂര്‍ണമായി മറച്ചു വയ്ക്കാന്‍ ആകാതെയും ഷോളയൂര്‍ ഗവ. സ്‌കൂളിലെ ഗസ്റ്റ് അധ്യാപിക ലേഖ പറഞ്ഞ കാര്യം പങ്കുവയ്ക്കട്ടെ;

ഹോസ്റ്റല്‍ മെസില്‍ വച്ചായിരുന്നു ആ പെണ്‍കുട്ടി എന്നോടതു ചോദിച്ചത്; ചേച്ചി അട്ടപ്പാടിയില്‍ നിന്നാണല്ലേ?

ഞാനൊളിപ്പിച്ച വലിയൊരു രഹസ്യം കണ്ടുപിടിച്ചതുപോലെയായിരുന്നു അതു ചോദിക്കുമ്പോഴുള്ള അവളുടെ ഭാവം. എന്താണ് ആ പെണ്‍കുട്ടിയോട് മറുപടി പറയേണ്ടതെന്ന് ഒരു നിമിഷം ശങ്കിച്ചു. പിന്നെ ഒരു ചിരിയില്‍ മറുപടിയൊതുക്കി. ആ പെണ്‍കുട്ടി പോയിക്കഴിഞ്ഞപ്പോഴാണ് ഞാനാലോചിച്ചത്, അവളിതിത്ര രഹസ്യമായി വന്ന് എന്നോടിതു പറയേണ്ടതിന്റെ ആവശ്യം? അട്ടപ്പാടിയെക്കുറിച്ച് ഇപ്പോഴും പുറത്തുള്ളവരുടെ കാഴ്ച്ചപ്പാട് ഒട്ടും മാറിയിട്ടില്ലെന്നാണോ?

വാസ്തവത്തില്‍ ഞാനെവിടെ നിന്നാണു വരുന്നതെന്ന കാര്യം മറ്റൊരാള്‍ അയാളുടെ നാടിനെ കുറിച്ച് പറയുന്നത്ര ആവേശത്തോടെ പറഞ്ഞിട്ടില്ല, ഞാനെന്നല്ല, അട്ടപ്പാടിയില്‍ നിന്നുവരുന്ന ഒട്ടുമിക്കവരും, പ്രത്യേകിച്ച് പുതുതലമുറ. നാടെവിടെയാണെന്നു ചോദിച്ചാല്‍ പാലക്കാട് എന്നു പറയും. പാലക്കാട് എവിടെയെന്നു ചോദിച്ചാല്‍ മണ്ണാര്‍ക്കാടെന്നും. പിന്നെയും ചോദിച്ചാല്‍ മടിച്ചു മടിച്ച് അട്ടപ്പാടിയെന്നു പറയും. ഈ മടി, ആത്മവിശ്വാസക്കുറവ് ഞങ്ങളായിട്ടുണ്ടാക്കിയതല്ല, അതു നിങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണ്.

മന്ത്രി ബാലന്‍, നിങ്ങളുടെ അശ്ലീല കോമഡി കേട്ട് തോന്നുന്നത് അവജ്ഞ മാത്രമാണ്

ലേഖ ആദിവാസിയല്ല. അട്ടപ്പാടി സ്വദേശിയുമല്ല. ലേഖയുടെ അച്ഛനുമമ്മയും ഇവിടെ ജോലിയന്വേഷിച്ച് വരികയും പിന്നീട് അവിടെ താമസമാക്കുകയും ചെയ്തവരാണ്. പക്ഷേ, ആദിവാസികളായവര്‍, നഴ്‌സിംഗും ബിഎഡ്ഡും ഒക്കെ കഴിഞ്ഞിട്ടും സ്വന്തം ഊരുകളില്‍ തന്നെ സ്വയം ശപിച്ച് കഴിയേണ്ടിവരുന്നവര്‍ വേറെയുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രവേശനം കിട്ടിയിട്ടും ബിനേഷ് ബാലന്‍ എന്ന വിദ്യാര്‍ത്ഥി തന്റെ സ്വപ്‌നങ്ങളിലേക്ക് പറന്നെത്താന്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞത് മറന്നിട്ടില്ലല്ലോ! ആദിവാസി ആയി പോയി എന്നതല്ലാതെ മറ്റെന്തായിരുന്നു ബിനേഷിന്റെ കുറ്റം? ബിനേഷിനു മുമ്പും ശേഷവും എത്രയെത്ര ബിനേഷുമാര്‍….

അതുപോലെയാണ് മധുവും. സി കെ ജാനു പറഞ്ഞപോലെ മധു ഒരു തുടര്‍ച്ച മാത്രമാണ്, പലതരത്തില്‍ ഇല്ലാതാക്കി കൊണ്ടിരിക്കുന്ന ആദിവാസികളുടെ തുടര്‍ച്ച… ഇപ്പോഴത്തെ ഈ ആവേശമൊക്കെ അടങ്ങി കഴിയുമ്പോള്‍ വീണ്ടും മധുമാര്‍ സൃഷ്ടിക്കപ്പെടും. കാരണം, ആദിവാസിയുടെ ശത്രുക്കളെ മുഴുവന്‍ ആരും പിടികൂടിയിട്ടില്ല. ഇപ്പോള്‍ കുറ്റക്കാരായി പിടിച്ചവര്‍ മാത്രമാണ് കാടിന്റെ മക്കളുടെ എതിരാളികളെന്ന് ധരിക്കരുതേ… അവരുടെ ശത്രു ഒരു വ്യവസ്ഥിതിയാണ്. ഭരണകൂടവും പൊതുസമൂഹവും ചേര്‍ന്ന് അരക്കിട്ട് ഉറപ്പിച്ചെടുത്തൊരു വ്യവസ്ഥിതി. അതെത്രമേല്‍ ശക്തമായിരിക്കുന്നുവോ അത്രകാലത്തോളം, ആദിവാസി അടിയേറ്റു കൊല്ലപ്പെടും. പട്ടിണി കിടന്നു മരിക്കും, ചികിത്സിക്കാന്‍ വഴിയില്ലാതെ രോഗം വന്നു മരിക്കും, തോറ്റുപോയവന്റെ വേദനയോടെ അവനവനാല്‍ മരിക്കും. ആ വ്യവസ്ഥിതി എത്രമേല്‍ ശക്തമായി നിലകൊള്ളുന്നുവോ അത്രകാലത്തോളം, ആദിവാസി… ആ വിളിയുടെ പേരില്‍ അപമാനിക്കപ്പെട്ടു കൊണ്ടിരിക്കും, അവഗണിക്കപ്പെട്ടു കൊണ്ടിരിക്കും, നഷ്ടപ്പെട്ടവനായിക്കൊണ്ടിരിക്കും, പ്രതീക്ഷകളില്ലാത്തവനായിക്കൊണ്ടിരിക്കും… ആ വ്യവസ്ഥിതി എത്രമേല്‍ ശക്തമായി നിലകൊള്ളുന്നുവോ അത്രകാലത്തോളം ആദിവാസി വിശപ്പ് മാറാന്‍ മോഷ്ടിക്കേണ്ടി വരും, യാചിക്കേണ്ടി വരും… കറുത്തവനും ദുര്‍ഗന്ധം വമിക്കുന്നവനും ഭംഗിയില്ലാത്തവനും ആയിത്തനെയിരിക്കേണ്ടി വരും…ആ വ്യവസ്ഥിതി മാറാത്തിടത്തോളം ആദിവാസി ഇന്നത്തെ അതേ അവസ്ഥയില്‍ തന്നെ തുടരും… അങ്ങനെ വരുമ്പോഴാണ് മധുമാര്‍ ഇനിയും അടിയേറ്റ് ചാകുന്നത്, വിദ്യാഭ്യാസമുണ്ടായിട്ടും ആദിവാസിയായതുകൊണ്ട് ജോലി കിട്ടാതെ പോകുന്നത്, ജോലി കിട്ടിയിട്ടും പരിഹാസവും വിവേചനവും പേടിച്ച് അതിനു പോകാന്‍ കഴിയാതെ വരുന്നത്.

നവകേരളത്തിലെ ഒരു ആദിവാസി അടിമ; അവന് വിളിപ്പേര് പൊട്ടാടി; ഞെട്ടിക്കും ഈ ജീവിത ചിത്രം

മധു കുറുമ്പ സമുദായത്തില്‍പ്പെട്ട വ്യക്തിയാണ്. ചോലനായ്ക്കരെ പോലെ പ്രിമേച്ചര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസി സമൂഹമാണ് കുറുമ്പരും. കാടിനോട് ഏറെ ചേര്‍ന്നവര്‍. കാടിനെ നന്നായി അറിഞ്ഞവര്‍. പക്ഷേ, ഇന്നീ വിഭാഗത്തില്‍ നിന്നും ഉന്നത വിദ്യഭ്യാസം നേടിയവരും ജോലിക്കാരുമുണ്ട്. മധുവിന്റെ ഒരു ബന്ധു തന്നെ ബിടെക് ബിരുദധാരിയാണെന്നു പറയുന്നു. മധുവിനെ മാനസികാസ്വാസ്ഥ്യമെന്നു പറയുമ്പോള്‍ പോലും, അയാള്‍ എങ്ങനെ അത്തരത്തില്‍ ആയി എന്നൊരന്വേഷണം ആവശ്യമുണ്ട്. ആ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹികപ്രവര്‍ത്തകരില്‍ നിന്നും മനസിലാക്കുന്നത് മധുവിനെ പോലുള്ളവര്‍ ജന്മനാ അത്തരത്തില്‍ ആയിപ്പോയവരല്ല, സാഹചര്യങ്ങളും വ്യവസ്ഥിതികളുടെ സമ്മര്‍ദ്ദത്താല്‍ തകര്‍ക്കപ്പെട്ടുപോയവരുമാണെന്നാണ്. ഇനിയും ഉണ്ട് അവിടെ മധുമാര്‍ എന്ന്! അയാള്‍ 15 വര്‍ഷത്തോളമായി ഊരില്‍ വരാറില്ല, കാട്ടിലാണെന്നു പറയുന്നു… ഊരും കാടും തമ്മില്‍ ആദിവാസിക്ക് എന്ത് അന്തരം? കാടും നാടും നമ്മില്‍ ഉണ്ടവര്‍ക്ക് അത്തരം അന്തരം. കാടവര്‍ക്ക് വീട് തന്നെയാണ്, പക്ഷേ അവരുടെ ഊരിനു പുറത്തുള്ള നാടുണ്ടല്ലോ, അതവര്‍ക്ക് അന്യസ്ഥലം പോലെയാണ്. അവിടെ കാശുള്ളവനുണ്ട്, തൊലിവെളുത്തവനുണ്ട്, സംസ്‌കാരം പറയുന്നവനുണ്ട്. അവന്റെ മുന്നില്‍ ആദിവാസി ഒരു ശല്യമാണ്… മുക്കാലി പോലെ, ടൂറിസ്റ്റ് സാധ്യതകള്‍ ഉള്ളൊരിടത്ത്, അതിന്റെ സാഹചര്യങ്ങള്‍ മുതലെടുത്ത് സമ്പന്നരായി കൊണ്ടിരിക്കുന്ന മനുഷ്യര്‍ക്ക് ഈ ആദിവാസികളൊക്കെ ശല്യക്കാരും കുടിയന്മാരും, കള്ളന്മാരുമൊക്കെയാണ്… മധു അങ്ങനെയുള്ളവര്‍ക്കിടയിലേക്ക് പോയി പെട്ടതാണ്…

ഓര്‍മ്മയുണ്ടോ ഈ ഗോഞ്ചിയൂര്‍? പാലക്കാട് ദത്തെടുക്കുന്നതിന് മുന്‍പ് സുരേഷ് ഗോപിയോട് ഒരു ചോദ്യം

ജയ അരികൊടുത്തും കസവ് മുണ്ടുകൊടുത്തും നമ്മുടെ ഭരണാധികാരികള്‍ ആദിവാസിയെ ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. അവരുടെ ഊരില്‍ അവര്‍ക്കൊപ്പം പോയി സദ്യ ഉണ്ണുന്നവര്‍, ആദിവാസിയെ കെട്ടിപ്പിടിച്ച് ഫോട്ടോയെടുക്കുന്നവര്‍, തൊപ്പി വച്ച് കൊമ്പൂതുന്നവര്‍; ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും ആദിവാസി പ്രേമത്തിന്റെ എത്രയെത്ര ദൃശ്യങ്ങളാണ് നാം കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതും. എത്രയൊക്കെ കൊടുത്തു, എത്രയെത്ര കൊടുത്തുകൊണ്ടിരിക്കുന്നു… വീട്, കക്കൂസ്, റോഡ്, വാട്ടര്‍ കണക്ഷന്‍, എന്തൊക്കെയാണ് കൊടുത്തത്… ആദിവാസി വികസനത്തിന് സര്‍ക്കാരുകള്‍ ഒഴുക്കിയ കോടികള്‍ക്ക് കണക്കില്ല… കണക്കില്ലാത്ത കോടികള്‍ ഒഴുക്കിയിട്ടും ഇന്നും ഒരു ആദിവാസി വിശന്നപ്പോള്‍ മോഷ്ടിക്കേണ്ടി വന്നെങ്കില്‍… അവനെ വിചാരണ ചെയ്യുന്നതിനു മുമ്പ് പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടിയിരുന്നത് ആരൊക്കെയാണ്? പറയില്ല, അതിനുത്തരം പറയാന്‍ നമുക്കാര്‍ക്കും കഴിയില്ല, കാരണം, ആ കൂട്ടിലേക്ക് കയറാന്‍ വരിനില്‍ക്കേണ്ടവരില്‍ നമ്മളുമുണ്ടല്ലോ…

എസ്എഫ്ഐക്കാര്‍ തല്ലിയ, ഉദ്യോഗസ്ഥര്‍ അയിത്തം കാണിച്ച ഒരു ആദിവാസിയാണ് ഞാന്‍; ബിനേഷ് ബാലന്‍ തുറന്നു പറയുന്നു

2013 ജൂണില്‍ അഴിമുഖം അട്ടപ്പടിയിലെത്തി തയാറാക്കിയ റിപ്പോര്‍ട്ടുകളില്‍ ഒന്നാണിത്. ഇന്നും ഈ അവസ്ഥയ്ക്ക് എന്തെങ്കിലും മാറ്റമുണ്ടോ?

അട്ടപ്പാടിയിലേത് വംശഹത്യ: അഴിമുഖം അന്വേഷണം

അതിനും നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ഇങ്ങനെ എഴുതേണ്ടി വന്നു. 2017 സെപ്റ്റംബറില്‍

അട്ടപ്പാടിയില്‍ അവസാന ആദിവാസിയും മരിച്ചു വീഴുന്ന ഒരു കാലത്തിനായാണോ നമ്മള്‍ കാത്തിരിക്കുന്നത്?

പട്ടിണിയിലൂടെ തുടരുന്ന വംശഹത്യകള്‍; ഉത്തരവാദികള്‍ ഇവിടെത്തന്നെയുണ്ട്

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍