UPDATES

ആലപ്പാട്: ഒരു ഗ്രാമം കേരളത്തിന്റെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുകയാണ്; കാത്തിരിക്കുന്നത് കടല്‍ ഇരച്ചു കയറുന്ന മഹാദുരന്തം

ആലപ്പാടെന്ന മണൽബണ്ട് ഇല്ലാതാകുന്നതോടെ ഓണാട്ടുകര, അപ്പർ കുട്ടനാട് എന്നിവ ഉൾപ്പെട്ട കാർഷിക ജനവാസ മേഖല കടൽവെള്ളം കയറി നശിക്കാനുള്ള സാധ്യത ഏറെയാണ്

തലമുറകളായി ജീവിച്ചുപോരുന്ന മണ്ണിൽ നിന്നും പെട്ടെന്നൊരു ദിവസം പുറത്താക്കപ്പെടുക. തൊട്ടടുത്ത കരഭൂമി പതുക്കെപ്പതുക്കെ  കടൽ കയറി ഭൂപടത്തിൽ  നിന്ന് തന്നെ ഇല്ലാതാകുന്നത് ഭീതിയോടെ തിരിച്ചറിയുക. വിശപ്പടക്കാൻ  പൂർവ്വികന്മാർ നനച്ചു വളർത്തിയ വിശാലമായ നെൽപ്പാടങ്ങൾ ഒന്നൊന്നാകെ ഇല്ലാതാകുന്നതും തങ്ങളുടെ ഏക വരുമാനമാർഗ്ഗമായ മത്സ്യബന്ധനത്തിന് മീതെ കരിമണൽ ലോബികൾ കരിനിഴൽ വീഴ്ത്തുന്നതും നിസ്സഹായതയോടെ കണ്ടുനിൽക്കേണ്ടി വരിക. കൊല്ലം ചവറ മുതൽ ആലപ്പാട്  വരെയുള്ള തീരദേശമേഖലയിലെത്തിയാൽ ആയിരക്കണക്കിന് മനുഷ്യരെ പലായനത്തിന് നിർബന്ധിതരാക്കുന്ന ഇത്തരം അനേകം കാഴ്ചകൾ കാണാനാകും. ഒരു ഗ്രാമത്തെ ഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഭീകരമായ കാഴ്ച വേറെയും.

പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ ഏര്‍ത് ലിമിറ്റഡ്  (ഐ.ആർ.ഇ.എൽ) ഉം, കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്  (കെ.എം.എം.എൽ) ഉം തീരദേശഗ്രാമങ്ങളിൽ നടത്തുന്ന അശാസ്ത്രീയമായ ഖനനം മൂലം പ്രദേശം വിട്ടൊഴിയേണ്ട ഗതികേടിലാണ് ഇവിടെയുള്ളവർ. ലോകരാഷ്ട്രങ്ങൾക്കിടയിൽ സംഭവിക്കുന്നതുപോലെ പോലെ യുദ്ധമോ ദാരിദ്ര്യമോ ഒന്നുമല്ല ഇവരെ ജനിച്ച മണ്ണിൽ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരാക്കുന്നത്. ഇവർ ചവിട്ടി നിൽക്കുന്ന മണ്ണ് വലിയൊരു സമ്പത്തിന്റെ സ്രോതസ്സാണ് എന്ന ഒറ്റക്കാരണം മാത്രം. വിയർപ്പിന്റെ ഓരോ തുള്ളിയും ചേർത്തുവച്ചു കെട്ടിപ്പൊക്കിയ കിടപ്പാടങ്ങൾ സ്വയം ഇടിച്ചു നിരത്തി പരിചയമില്ലാത്ത മറ്റൊരു നാട്ടിലേക്ക് മുന്‍പെതന്നെ ആയിരങ്ങൾ പലായനം ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവർ കുടിയൊഴിപ്പിക്കൽ ഭീഷണിയിലും.

കൊല്ലം നീണ്ടകര മുതൽ കായംകുളം വരെ 23 കി.മീ. നീളത്തിൽ കിടക്കുന്ന കടൽത്തീരത്തെ മണലിൽ 1925-കളിൽത്തന്നെ വലിയ തോതിലുള്ള ധാതുമണൽ നിക്ഷേപമുള്ളതായി കണ്ടെത്തിയിരുന്നുവെന്നു പറയപ്പെടുന്നു. അതുകൊണ്ടുതന്നെ വിദേശീയരും സ്വദേശീയരുമായ  വ്യവസായികളുടെ കണ്ണ്  ഇരുജില്ലകളിലെയും തീരദേശ മേഖലകളിലായിരുന്നു. ഏതാണ്ട് 1950  കാലയളവിൽത്തന്നെ വിദേശ കമ്പനികൾ തീരദേശമേഖലകളിലേക്ക് ഖനന പ്രവർത്തനങ്ങളുമായെത്തി. പ്രാദേശിക ജനവിഭാഗങ്ങളുടെ പ്രതിഷേധങ്ങളും സമരവും തൊഴിൽപ്രശ്നങ്ങളും മൂലം തുടക്കത്തിൽ ഇഴഞ്ഞു നീങ്ങിയ ഖനന പ്രവർത്തനങ്ങൾ സജീവമായത് ഐ.ആർ.ഇ.എല്ലിന്റെ വരവോടെയാണ്. കഴിഞ്ഞ 60 വർഷത്തിലധികമായി തുടരുന്ന കരിമണൽ ഖനനം കൂടുതൽ ആഘാതമേല്പിച്ചതാകട്ടെ കിഴക്ക് ടി.എസ് കനാലിനും പടിഞ്ഞാറ് അറബിക്കടലിനും ഇടയിലായി റിബ്ബണ്‍ പോലെ നീളത്തിൽ  കിടക്കുന്ന ചവറ മുതൽ  ആലപ്പാട് വരെയുള്ള പ്രദേശങ്ങളെയും. ആലപ്പാട് – ചവറ  മേഖലകളിൽ വിവിധ കമ്പനികൾ നടത്തിയ  അശാസ്ത്രീയമായ ഖനനം മൂലം എതാണ്ട് 7200 ഹെക്ടറിലധികം ഭൂമി നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്.

സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങളുടെ അശാസ്ത്രീയ ഖനനം തകർത്ത തീരദേശമേഖല

ആലപ്പാട് പഞ്ചായത്തിലെ വെള്ളനാതുരുത്തിലേക്ക് എത്തുമ്പോൾ  കടലിനു സമാന്തരമായി രണ്ടു തരം റോഡുകൾ കാണാം. ഒന്ന് കടൽ കയറി വീതികുറഞ്ഞുകുറഞ്ഞ് ഇല്ലാതായിപ്പോയ തകർന്ന റോഡിന്റെ അവശിഷ്ടം. മറ്റൊന്ന് ഇതേ റോഡിനു സമാന്തരമായി പുതിയതായി നിർമ്മിച്ച മറ്റൊരു റോഡ്. കടൽത്തീരത്തു നടക്കുന്ന ഖനനം മൂലം കടൽ കരയിലേക്ക് വ്യാപിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ രണ്ടു റോഡുകളും.

വെള്ളനാതുരുത്തിൽ കടൽ കയറി ഇല്ലാതായ റോഡും തൊട്ടടുത്ത്‌ പുതിയതായി നിർമ്മിച്ച റോഡും

കടൽവെള്ളം കരയിലേക്ക് കയറിവരുന്നതിനനുസരിച്ചു സമാന്തര റോഡുകൾ  വീണ്ടും വീണ്ടും കരയിലേക്ക് കയറ്റി നിർമ്മിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും. ചെറുപ്പക്കാരായ പ്രദേശവാസികൾ പറയുന്നത് തങ്ങളുടെ ഓർമയിൽത്തന്നെ അഞ്ചു വർഷത്തിനിടയിൽ കടലിനു സമാന്തരമായി നിർമ്മിച്ച നാലാമത്തെ റോഡാണിതെന്നാണ്.

കരിമണൽ ഖനനത്തിന് മുൻപ് ലിത്തൊ മാപ്പ് പ്രകാരം 89. 5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയായിരുന്നു ആലപ്പാട് പഞ്ചായത്തിനുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ  വെറും 7.6 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തൃതി. വർഷങ്ങളായി മേഖലയിൽ നടക്കുന്ന കരിമണൽ ഖനനത്തിലൂടെ ടി.എസ്‌ കനാലിനും കടലിനും ഇടയ്ക്കുള്ള മണൽബണ്ട് മാത്രമായി മാറി ആലപ്പാട്, പൊന്മന, ചവറ മേഖലകൾ. ചിലയിടങ്ങളിൽ കടലും കായലും ഒന്നായിത്തീർന്നിട്ടുമുണ്ട്. ഇത്തരത്തിൽ കര പതുക്കെ പതുക്കെ കടലായി മാറുന്ന പ്രതിഭാസമാണ് മത്സ്യത്തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പല പ്രദേശങ്ങളും ഇപ്പോൾ ഭൂപടത്തിൽ നിന്ന് പോലും ഇല്ലാതായി. കമ്പനികൾ തന്നെ നിയോഗിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻ.ഐ.ഐ.എസ്‌.ടി) തയ്യാറാക്കിയ പഠന റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

NIIST തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ കാണിച്ചിരിക്കുന്ന ആലപ്പാട്, പൊന്മന ഉൾപ്പെട്ട ബ്ലോക്ക് നാലിലെ ഏരിയൽവ്യൂ. കടൽ കരയിലേക്ക് വ്യാപിച്ചിരിക്കുന്നതും ഇതിൽ മാർക് ചെയ്തിട്ടുണ്ട്

“എന്റെ ഓർമയിൽ എന്റെ  വീട്ടിൽ നിന്നും കടലിലേക്ക് പോകണമെങ്കിൽ കുറെയേറെ ദൂരം സഞ്ചരിക്കണമായിരുന്നു. ഏതാണ്ട് ഒന്നര മുതൽ രണ്ടു കിലോമീറ്റർ ദൂരം. എന്നാൽ ഇപ്പോൾ ദൂരം  300-ഓ 400-ഓ മീറ്ററായി ചുരുങ്ങി. ഇവിടെ ആലപ്പാട് പഞ്ചായത്തിൽ നിരവധി ക്രിക്കറ്റ്, ഫുട്ബാൾ ഗ്രൗണ്ടുകൾ ഉണ്ടായിരുന്നു. അതൊന്നും ഇപ്പോഴില്ല. അവിടെയെല്ലാം കടലായി മാറി. ചെറിയഴീക്കൽ ഫുട്ബാൾ അസോസിയേഷന്റെ ഒരു ഗ്രൗണ്ട് മാത്രമാണ് പേരിനെങ്കിലുമുള്ളത്. അതിന്റെയും മുൻപുണ്ടായിരുന്ന വിസ്തൃതി ഇന്നില്ല”, ആലപ്പാട് ഗ്രാമപഞ്ചായത്ത് അംഗം ആർ. ബേബി പറയുന്നു.

നിലവിൽ കമ്പനികൾ കോരിയെടുക്കുന്നത് കടൽത്തീരത്ത് വന്നടിയുന്ന മണലാണ്. നിരന്തരം ഇതേ പ്രക്രിയ തുടരുന്നതിനാൽ സമീപ പ്രദേശങ്ങളിലെ കരമണൽ കടലിലേക്ക് ഒലിച്ചിറങ്ങി പോയ്ക്കൊണ്ടിരുന്നു. ഇത് മൂലം പലയിടത്തും കരയിടിഞ്ഞു തുടങ്ങി. വീടുകളുടെ നിലനിൽപ്പും ഭീഷണിയിലായിരിക്കുകയാണ്. പ്രദേശത്തെ ആയിരക്കണക്കിന് ഭൂവുടമകൾക്ക് നഷ്ടപരിഹാരം കൊടുക്കാതെ തന്നെ പ്രദേശം വിട്ടുപോകാൻ അവരെ നിർബന്ധിതരാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയെന്ന ഗൂഢതന്ത്രമാണ് ഇതിനു പിന്നിലുള്ളതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പൊന്മനയില്‍ നടക്കുന്ന ഖനനം

ഖനനം വരുത്തിവച്ച പാരിസ്ഥിതികാഘാതങ്ങൾ

തീരദേശത്തെ നല്ലൊരു ശതമാനം ആളുകൾക്കും വരുമാനം നേടിക്കൊടുക്കുന്ന പരമ്പരാഗത മത്സ്യബന്ധനരീതിയായിരുന്നു കമ്പവലയിടൽ. കടൽത്തീരത്തോട്‌ ചേർന്ന് കിടക്കുന്ന ചെറുമത്സ്യങ്ങളെ കമ്പവലയിട്ടാണ് പിടിച്ചിരുന്നത്. ഇത്തരം ചെറുമത്സ്യങ്ങളെല്ലാം ഖനനത്തോടെ പൂർണമായും ഇല്ലാതായി. ഇതോടെ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ നിത്യദാരിദ്ര്യത്തിലുമായി.

വിദേശത്തേക്ക് വരെ കയറ്റിയയച്ചിരുന്ന പ്രസിദ്ധമായ ആലപ്പാടൻ കയറിന്റെ നിർമാണവും ഇന്നില്ല. കടൽത്തീരങ്ങളിൽ വന്നടിയുന്ന കക്ക തീരദേശ മേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും വരുമാനമാർഗ്ഗമായിരുന്നു. കക്ക വന്നടിയുന്ന പ്രതിഭാസവും ഇല്ല. ആലപ്പാടിന്റെ തെക്കു മുതൽ വടക്കുഭാഗം വരെ തീരമേഖലയിലുണ്ടായിരുന്ന ഏക്കർ കണക്കിന് കണ്ടൽക്കാടുകൾ, കടലാക്രമണത്തെ തടയുന്നതിനായി കടൽത്തീരങ്ങളിൽ വച്ചുപിടിപ്പിച്ച കാറ്റാടികൾ എന്നിവയും നശിപ്പിക്കപ്പെട്ടു. ആലപ്പാട് വില്ലേജിൽ റീസർവേ ബ്ലോക്ക് എട്ടിൽ ഉൾപ്പെട്ട 12-ഓളം റീസർവേ നമ്പറുകളിലെ ഏക്കർ കണക്കിന് കൃഷിഭൂമി  ഇല്ലാതായി. ജലസ്രോതസ്സുകൾ വറ്റി തീരദേശ മേഖല രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലായി. മുൻപ് ശുദ്ധജലം സമൃദ്ധമായി ലഭിച്ചിരുന്ന ആലപ്പാട് പഞ്ചായത്ത് ഇന്ന് ശുദ്ധജലത്തിനായി സമരം ചെയ്യേണ്ട ഗതികേടിലാണ്.

രാജ്യത്ത് വ്യവസ്ഥാപിതമായി നിലനിൽക്കുന്ന നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് കമ്പനികൾ ഇവിടെ  നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടത്തെ ജനങ്ങളുടെ മൗലികമായ എല്ലാ അവകാശങ്ങളും പതുക്കെപ്പതുക്കെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഖനനം ഇനിയും തുടർന്നാൽ ആലപ്പാട് പഞ്ചായത്ത് പൂർണമായും ഭൂപടത്തിൽ നിന്ന് തന്നെ ഇല്ലാതാകും. കടലിനും കായലിനും ഇടയിൽ വരമ്പ് പോലെ കിടക്കുന്ന ആലപ്പാട് പ്രദേശം ഇല്ലാതായാൽ പശ്ചിമതീര ദേശീയ ജലപാത ഇല്ലാതാവുകയും കായൽ കടലായി മാറുകയും ചെയ്യും. ഇപ്പോൾ ദേശീയ ജലപാതയ്ക്ക് കിഴക്കുള്ള ഭൂമി സമുദ്രനിരപ്പിൽ നിന്ന് താഴെയാണ്. അതുകൊണ്ടുതന്നെ ആലപ്പാടെന്ന മണൽബണ്ട് ഇല്ലാതാകുന്നതോടെ ഓണാട്ടുകര, അപ്പർ കുട്ടനാട് എന്നിവ ഉൾപ്പെട്ട കാർഷിക ജനവാസ മേഖല കടൽവെള്ളം കയറി നശിക്കാനുള്ള സാധ്യത ഏറെയാണ്”, തീരദേശ സംരക്ഷണ സമിതി മുൻ പ്രസിഡന്റും ഇപ്പോൾ പ്രവർത്തകനുമായ കെ.സി ശ്രീകുമാർ പറയുന്നു.

അതേസമയം പഞ്ചായത്തിൽ ഖനനം മൂലം നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സെലീന പറയുന്നത്. മുൻപ് കമ്പനികൾ അനധികൃതമായും അനുമതിയില്ലാതെയും ഖനനം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആറുമാസമായി വിവിധ വകുപ്പുകളുടെ അനുമതിയോടെയാണ് ഖനനം നടത്തുന്നത്. തീരദേശമേഖലയിൽ നടക്കുന്ന ഖനനത്തെ എതിർക്കുന്നത് ഒരു വിഭാഗം ആളുകൾ മാത്രമാണ് എന്നും അവര്‍ പറയുന്നു.

Also Read: കടല്‍മണല്‍ കൊള്ളയ്ക്ക് പച്ചക്കൊടി; മുമ്പെതിര്‍ത്തവര്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല

പക്ഷേ, ആലപ്പാട് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭൂരിഭാഗം അംഗങ്ങളും ഖനനത്തിന് എതിരാണെന്ന് മറ്റു  ഗ്രാമപഞ്ചായത്തംഗങ്ങൾ പറയുന്നു. ഖനനവുമായി ബന്ധപ്പെട്ട് ഒന്നര വർഷം മുൻപ് നടന്ന പബ്ലിക്  ഹിയറിങ്ങിൽ സീ വാഷിങ് പൂർണമായും ഒഴിവാക്കി ശാസ്ത്രീയമായ ഖനനം ആകാം എന്ന നിലയിൽ പ്രമേയം പാസ്സാക്കിയിരുന്നു. എന്നാൽ ഖനനം ഗ്രാമങ്ങളെത്തന്നെ ഇല്ലാതാക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ എട്ടു മാസം മുൻപ് നടന്ന പബ്ലിക് ഹിയറിങ്ങിൽ ഖനനം പൂർണമായും അവസാനിപ്പിക്കണമെന്ന രീതിയിലുള്ള പ്രമേയം ഐകകണ്ഠ്യേന പാസ്സാക്കുകയായിരുന്നു. കൊല്ലത്ത്  കളക്ടറുടെ കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്ങിൽ ജില്ലാ കളക്ടർ, ആലപ്പാട്  ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി. സെലീന, ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, തീരദേശമേഖലാ നിവാസികൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

കടല്‍മണല്‍ കൊള്ളയ്ക്ക് പച്ചക്കൊടി; മുമ്പെതിര്‍ത്തവര്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല

കല്ലിട്ട് കോടികള്‍ മുക്കിയിട്ടും ഈ ജീവിതങ്ങളെ കടലെടുക്കുന്നതെന്തുകൊണ്ട്?

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍