UPDATES

‘ചൂടും ചൂരു’മില്ലാത്ത സോളാര്‍ കേസ് ഇപ്പോള്‍ ആര്‍ക്ക് വേണം? ഒരു രാഷ്ട്രീയ-ബിസിനസ് തട്ടിപ്പ് കേസ് ഇല്ലാതാകുന്നത് ഇങ്ങനെ

ഒരു കാലത്ത് സരിതയുടെ ഓരോ വാക്കുകള്‍ക്കും കാതോര്‍ത്തിരിക്കുകയും അവരുടെ സിഡിയ്ക്കായി പോലീസ് വാഹനത്തിന് പിന്നാലെ പായുകയും ചെയ്ത മാധ്യമങ്ങള്‍ക്ക് പക്ഷേ പുതിയ സംഭവവികാസങ്ങളോട് അധികം താത്പര്യമില്ല.

സോളാര്‍ തട്ടിപ്പിലെ മറ്റൊരു കേസില്‍ നിന്നു കൂടി സരിത എസ് നായരും ബിജു രാധാകൃഷ്ണനും കുറ്റവിമുക്തരായിരിക്കുകയാണ്. വ്യവസായി ടി.സി മാത്യുവില്‍ ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ഇപ്പോള്‍ ഇരുവരും കുറ്റവിമുക്തരായത്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആര്‍.ബി നായര്‍ എന്ന പേരില്‍ ബിജു രാധകൃഷ്ണനും കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിത എസ് നായരുമാണ് സോളാര്‍ ഉപകരണ ഇടപാടിനായി ടി.സി മാത്യുവിനെ സമീപിച്ചത്. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കാന്‍ പോകുകയാണെന്നും പദ്ധതിയില്‍ മുതല്‍ മുടക്കണമെന്നും സരിതയും ബിജുവും മാത്യുവിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സോളാര്‍ ഉപകരണങ്ങളുടെ മൊത്തവിതരണവും വാഗ്ദാനം ചെയ്തിരുന്നു. 2013ലാണ് ഈ തട്ടിപ്പ് നടന്നത്.

കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയാകുകയും ഒരു സര്‍ക്കാരിനെ തന്നെ പിടിച്ചു കുലുക്കുകയും ചെയ്ത സോളാര്‍ കേസില്‍ ഇന്ന് എന്ത് സംഭവിക്കുന്നുവെന്ന് ആരും ശ്രദ്ധിക്കുന്നില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് രണ്ട് ദിവസം മുമ്പ് സരിതയെയും ബിജു രാധാകൃഷ്ണനെയും തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടിട്ടും അത് യാതൊരു വിധത്തിലും ചര്‍ച്ചയാകാതിരുന്നത്. കേവലം സാമ്പത്തിക തട്ടിപ്പിനപ്പുറത്ത് ലൈംഗിക പീഡനക്കഥകള്‍ കൂടി പുറത്തുവന്നപ്പോഴാണ് സോളാര്‍ കേസ് എല്ലാ അര്‍ത്ഥത്തിലും ചൂടുപിടിച്ചത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ലൈംഗിക ആരോപണം നേരിടാത്ത ഏതെങ്കിലും മന്ത്രിയുണ്ടെങ്കില്‍ അത് പികെ ജയലക്ഷ്മിയാണെന്ന് വരെ ട്രോളുകള്‍ അക്കാലത്ത് ഇറങ്ങിയിരുന്നു. ഉമ്മന്‍ ചാണ്ടി, എം.എം ഹസന്‍, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ജോസ് കെ മാണി, ഹൈബി ഈഡന്‍, എപി അബ്ദുള്ളക്കുട്ടി അങ്ങനെ ഈ കേസില്‍ ഉള്‍പ്പെട്ട യുഡിഎഫ് നേതാക്കള്‍ നിരവധിയാണ്.

ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് സോളാര്‍ തട്ടിപ്പ്. കേരള രാഷ്ട്രീയത്തില്‍ ഇതുപോലെ മറ്റൊരു കേസ് കണ്ടെത്താന്‍ കഴിയില്ല. ടീം സോളാര്‍ എന്ന അംഗീകാരമില്ലാത്ത കമ്പനി സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ പലരില്‍ നിന്നായി പണം തട്ടിയെടുത്തെന്നതാണ് കേസ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടന്നതെന്ന ആരോപണം കേസിനെ രാഷ്ട്രീയമായും വിവാദമാക്കി. ആരോപണത്തെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പിഎ ടെന്നി ജോപ്പന്‍ അറസ്റ്റിലായി. മറ്റൊരു സ്റ്റാഫ് ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ് എന്നിവര്‍ക്കുനേരെയും ആരോപണമുയര്‍ന്നു. സോളാറിന്റെ പേരില്‍ പണം തട്ടിയെന്നാരോപിച്ച് ശ്രീധരന്‍ നായര്‍ കൊടുത്ത പരാതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ടായിരുന്നത് ഏറെ വിവാദങ്ങളാണ് ഉയര്‍ത്തിയത്.

പലരില്‍ നിന്നും പണം വാങ്ങിയതിനാല്‍ തന്നെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളാണ് സോളാര്‍ കേസിലുണ്ടായിരുന്നത്. ഇതില്‍ പല കേസുകളും പണം തിരികെ കൊടുത്ത് പറഞ്ഞ് തീര്‍ത്തിരുന്നു. കേസില്‍ ലൈംഗിക ആരോപണങ്ങളും ഉയര്‍ന്നതിനാല്‍ പരാതിക്കാരില്‍ പലര്‍ക്കും ഏത് വിധേനയും കേസ് അവസാനിപ്പിച്ചാല്‍ മതിയെന്നായിരുന്നു. അതിനാല്‍ തന്നെ അവരില്‍ പലരും പരാതി പിന്‍വലിക്കുകയും ചെയ്തു. സാമ്പത്തിക തട്ടിപ്പില്‍ കോടതിയിലെത്തിയ ആദ്യ കേസിലെ വിധിയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കങ്ങളുണ്ടാക്കിയ കേസ് അങ്ങനെ ഓരോന്നായി അവസാനിക്കുകയാണ്. ഒരു കാലത്ത് സരിതയുടെ ഓരോ വാക്കുകള്‍ക്കും കാതോര്‍ത്തിരിക്കുകയും അവരുടെ സിഡിയ്ക്കായി പോലീസ് വാഹനത്തിന് പിന്നാലെ പായുകയും ചെയ്ത മാധ്യമങ്ങള്‍ക്ക് പക്ഷേ പുതിയ സംഭവവികാസങ്ങളോട് അധികം താത്പര്യമില്ല. ഇത്രമാത്രം വിവാദമാകുകയും എല്‍ഡിഎഫിന് രാഷ്ട്രീയ നേട്ടമുണ്ടാകുകയും ചെയ്ത കേസില്‍ സരിതയ്ക്കും ബിജുവിനും എങ്ങനെയാണ് ഇത്രയെളുപ്പത്തില്‍ ഊരിപ്പോകാനാകുന്നതെന്നാണ് മറ്റൊരു ചോദ്യം. ശിക്ഷ ഉറപ്പാക്കേണ്ട പോലീസ്, നിയമ സംവിധാനങ്ങള്‍ അതിന് വേണ്ടി പണിയെടുക്കുന്നില്ലെന്നല്ലേ ഇതിന്റെ അര്‍ത്ഥമെന്നും ചോദിക്കേണ്ടി വരുന്നു.

തട്ടിപ്പ് കേസിനൊപ്പം കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇതിലെ ഒരു കേസ് അന്വേഷണം നിലച്ചിരിക്കുന്നതായി ചൂണ്ടിക്കാട്ടി പരാതിക്കാരി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തന്റെ പരാതിയില്‍ അന്വേഷണം നിലച്ചതായും അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍