UPDATES

ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ കാര്യം നില്‍ക്കട്ടെ; ഈ കണക്കുകള്‍ നോക്കൂ; കുട്ടികളുടെ എന്തു കാര്യമാണവര്‍ നോക്കുന്നത്?

ദളിത്‌, ആദിവാസി കുട്ടികളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കിയിട്ടുള്ള ഏതൊരംഗമാണ് 2013 മുതല്‍ ഈ കമ്മിഷനില്‍ ഉള്ളത്?

ബാലാവകാശ കമ്മീഷനിലെ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ക്കെതിരെ ഹൈക്കോടതി പരാമര്‍ശം ഉണ്ടാവുകയും പിന്നീട് ഡിവിഷന്‍ ബഞ്ച് ഇത് മാറ്റുകയും ഒക്കെ ചെയ്ത വിവാദ സംഭവങ്ങളായിരുന്നു ഏതാനും ദിവസങ്ങളായി നടക്കുന്നത്. ഷൈലജ ടീച്ചറുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിരാഹാര സമരം നടത്തുക വരെ ചെയ്തു. എന്നാല്‍ ഭരണപക്ഷമാണെങ്കിലും പ്രതിപക്ഷമാണെങ്കിലും അറിയാത്ത, ശ്രദ്ധിക്കാത്ത കുറച്ച് കാര്യങ്ങള്‍ കൂടിയുണ്ട്. ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെയും അവയുടെ പ്രസക്തിയെ തന്നെയും തന്നെ ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ് അവ.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രിസ്തീയ വൈദികന്‍ ഫാദര്‍ റോബിന്‍ വടക്കാഞ്ചേരി ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പെണ്‍കുട്ടി പ്രസവിക്കുകയും ഈ വിഷയം ആരുമറിയാതെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തത് പുറത്തായതിനെ തുടര്‍ന്ന് പ്രതികൂട്ടിലായ ഒരു സംവിധാനമായിരുന്നു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സിഡബ്ല്യുസി). വയനാട് സിഡബ്ല്യുസി ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകം നേരിട്ട് തന്നെ ഫാദര്‍ റോബിനെ സംരക്ഷിക്കാനും പെണ്‍കുട്ടിക്ക് നീതി നിഷേധിക്കാനും ശ്രമിച്ചെന്നു തെളിയിക്കപ്പെടുകയും ചെയ്തതോടെ സിഡബ്ല്യുസിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന വ്യാപകമായി ഓഡിറ്റിംഗിന് വിധേയമാവുകയും കുട്ടികളുടെ അവകാശങ്ങളെക്കാള്‍ അവരെ ചൂഷണത്തിനും പീഢനത്തിനും ഉപയോഗിക്കുന്ന പ്രതികളുടെ സംരക്ഷണത്തിനാണ് അര്‍ധ ജുഡീഷ്യല്‍ ബോഡിയായ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയതുമാണ്. ബാലാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട, ജുഡീഷ്യല്‍ അധികാരമുള്ള ഒരു സംവിധാനമാണ് സിഡബ്ല്യുസി എന്നോര്‍ക്കണം. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എന്നപോലെ ബാലാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനായി രൂപീകരിച്ച ഒന്നാണ് സംസ്ഥാന ബാലാവകാശ കമ്മിഷന്‍.

എന്താണ് ബാലാവകാശ കമ്മിഷന്‍
കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, താത്പര്യങ്ങള്‍ പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ 2013 ജൂണ്‍ 3 ന് സാമൂഹിക നീതി വകുപ്പിന് കീഴിലായി രൂപീകൃതമായ സ്വതന്ത്ര ബോഡിയാണ് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ (KSCPCR). ഒരു അധ്യക്ഷനും ആറ് അംഗങ്ങളും അടങ്ങിയതാണ് കമ്മിഷന്‍. അംഗങ്ങള്‍ക്ക് വിവിധ ജില്ലകളുടെ ചുമതല വീതിച്ചു നല്‍കിയിരിക്കുകയാണ്. പോക്‌സോ നിയമത്തിന്റെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി പോക്‌സോ സെല്ലും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസാവകാശ നിയമത്തിന്റെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി ആര്‍ടിഇ സെല്ലും കമ്മിഷന്റെ ഭാഗമാണ്.

ബാലാവകാശസംരക്ഷണത്തിനായി നിലവിലുള്ള നിയമവ്യവസ്ഥകള്‍ പരിശോധിക്കാനും അവലോകനം ചെയ്യാനും ഫലപ്രദമായി നടത്തിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാനും കമ്മിഷന് അധികാരമുണ്ട് (കമ്മിഷന്റെ കര്‍ത്തവ്യങ്ങളും അധികാരങ്ങളും വിശദമായി മനസിലാക്കാന്‍ kescpcr.kerala.gov.in സന്ദര്‍ശിക്കുക).

കമ്മീഷന്‍ എന്തു ചെയ്യുന്നു?
18 വയസില്‍ താഴെയുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവര്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കുകയും ചെയ്യേണ്ട ഒന്നാണെങ്കിലും, അതിന്റെ കര്‍ത്തവ്യങ്ങളും അധികാരങ്ങളും വിപുലമാണെങ്കിലും ഈ സ്വതന്ത്രബോഡി എന്താണ് കേരളത്തിലെ കുട്ടികള്‍ക്കു വേണ്ടി ചെയ്തു പോരുന്നത് എന്നത് വലിയ ചോദ്യമാണ്. 2015ല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ചൈല്‍ഡ് റേപ്പ് കേസ് 720, 2016 ല്‍ 924. 2016 ല്‍ കുട്ടികള്‍ക്കെതിരേ നടന്നതായി രജിസ്റ്റര്‍ ചെയ്ത ക്രൈം കേസുകളുടെ എണ്ണം 2,899. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പോസ്‌കോ (Protection of children from sexual offenses act) കേസുകളുടെ എണ്ണം 2,093.

ഇനി മറ്റൊരു കണക്കിലേക്ക് പോകാം. 2012 മുതല്‍ 2015 വരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3711 ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് (CSA) കേസുകളില്‍ തീര്‍പ്പു കല്‍പ്പിച്ചത് വെറും ഏഴുശതമാനം മാത്രം! 3,500 ലൈംഗികാതിക്രമ കേസുകള്‍ പെന്‍ഡിംഗില്‍ ആണ്. 53 കേസുകളില്‍ മാത്രമാണ് പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയത്. 197 കേസുകളില്‍ കുറ്റാരോപിതരെ വെറുതെ വിടുകയും ചെയ്തു. 2012-2015 കാലത്ത് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കേസ് 1050. ഇതില്‍ തീര്‍പ്പാക്കിയത് 24 കേസുകള്‍. തീരുമാനാകാത്തത് 1026. ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം രണ്ട്! 22 കേസുകളില്‍ പ്രതികളെ വെറുതെവിട്ടു. കൊല്ലത്ത് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 335 കേസുകള്‍. ഇതില്‍ 327 കേസിലും തീര്‍പ്പുണ്ടായില്ല. എട്ടുകേസുകളില്‍ വിധി പറഞ്ഞു. രണ്ടു പേര്‍ ശിക്ഷിക്കപ്പെട്ടു. തൃശൂരില്‍ 304 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 229 എണ്ണവും പെന്‍ഡിംഗില്‍. അഞ്ചുകേസുകളില്‍ വിധിയുണ്ടായപ്പോള്‍ രണ്ടുപേര്‍ ശിക്ഷിക്കപ്പെടുകയും മൂന്നുപേരെ വെറുതെ വിടുകയും ചെയ്തു.

ഈ കണക്കുകള്‍ മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ നോക്കുമ്പോള്‍ അമ്പരപ്പിക്കുന്ന ഒരേയൊരു കാര്യം കേസുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനയാണ്. അതേസമയം കേസുകള്‍ നടക്കുന്നുമില്ല, പ്രതികളായവര്‍ ശിക്ഷിക്കപ്പെടുന്നുമില്ല. പ്രത്യക്ഷത്തില്‍ ഇതിന്റെയെല്ലാം കുറ്റം പൊലീസിനുമേല്‍ ആണല്ലോ എന്നു തോന്നാമെങ്കിലും സംസ്ഥാനത്തെ കുട്ടികളുടെ അവകാശങ്ങള്‍ക്കായി നിയമിതമായിരിക്കുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ബാലാവാകശ കമ്മീഷന്‍ എന്നീ സംവിധാനങ്ങളുടെ പരാജയം ഇക്കാര്യങ്ങളിലെല്ലാം വലിയ തോതില്‍ സംഭവിച്ചിരിക്കുന്നതായി കാണാം.

താഴെ പറയുന്നവ ശ്രദ്ധിക്കുക;

ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുളള ആക്റ്റ് 2012 (പോക്‌സോ ആക്റ്റ്) 44ാം വകുപ്പ്, പോക്‌സോ ചട്ടങ്ങളിലെ ചട്ടം 6 എന്നിവ പ്രകാരം ബാലാവകാശ കമ്മീഷന്റെ നിരീക്ഷണാധികാരങ്ങളില്‍ ചില കാര്യങ്ങള്‍.

  1. കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്നും സംരക്ഷിക്കുന്നതിനുളള ആക്റ്റ് (പോക്‌സോ ആക്റ്റ്), 2012ലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് നിരീക്ഷിക്കുക.
  2. പോക്‌സോ കേസുകള്‍ വിചാരണ ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപവത്ക്കരിച്ച പ്രത്യേക കോടതി (സ്‌പെഷ്യല്‍ കോര്‍ട്ട്) മുഖേനയുള്ള കേസുകളുടെ വിചാരണാഘട്ടങ്ങളും പോക്‌സോ നിയമത്തിലെ വ്യവസ്ഥകളും ശിശുസൗഹാര്‍ദ്ദ നടപടിക്രമങ്ങളും പാലിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിക്കുക.
  3. വിചാരണവേളകളിലും അതിനുമുന്‍പും കുട്ടികളെ സഹായിക്കുന്നതിന് നിയമത്തിലെ 39ാം വകുപ്പ് പ്രകാരം മാനസികാരോഗ്യം, സാമൂഹ്യമേഖല, ശാരീരികാരോഗ്യം, ശിശുവികസനം എന്നീ മേഖലകളില്‍ സര്‍ക്കാരിതരസംഘടനകളെയും വിദഗ്ദ്ധരെയും നിയോഗിക്കുന്നതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നതും അവയുടെ ഫലപ്രദമായ പ്രയോഗം എന്നിവ നിരീക്ഷിക്കുക.
  4. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അധികാരപരിധിയില്‍ വരുന്ന കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുക.
  5. നിയമപ്രകാരം സ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ, ലൈംഗിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചും അവയുടെ തീര്‍പ്പ് സംബന്ധിച്ചും ബന്ധപ്പെട്ട ഏജന്‍സികളില്‍നിന്ന് വിവരങ്ങളും സ്ഥിതിവിവരക്കണക്കും ശേഖരിക്കുക. നിയമത്തിന്‍കീഴില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളള കുറ്റകൃത്യങ്ങളുടെ എണ്ണവും വിശദവിവരങ്ങളും, പ്രത്യേക കേസുകളില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ കുട്ടിക്ക് പ്രത്യേകശ്രദ്ധയും പരിചരണവും ലഭ്യമാക്കുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ച് നിയമപ്രകാരമുളള നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.
  6. പോക്‌സോ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് വിലയിരുത്തുകയും നിയമസഭയില്‍ സമര്‍പ്പിക്കുന്ന കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അധ്യായമായി ഉള്‍പ്പെടുത്തുകയും ചെയ്യുക.

ബാലാവകശങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങളും അവ നടപ്പാക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും സംവിധാനങ്ങളുമുള്ള ഒരു സംസ്ഥാനത്ത് ദിനംപ്രതിയെന്നോണം ചൂഷണങ്ങള്‍ക്കും അവകാശലംഘനങ്ങള്‍ക്കും കുട്ടികള്‍ വിധേയരായിക്കൊണ്ടിരിക്കുന്നു എന്നു കാണാം. മേല്‍പ്പറഞ്ഞ നിരീക്ഷിണാധികാരങ്ങളുള്ള ഒരു കമ്മീഷന്‍ പ്രവര്‍ത്തിക്കുമ്പോള്‍ 2015 ല്‍ ഏഴു ശതമാനവും 2016 ല്‍ ഒമ്പതു ശതമാനവും മാത്രമാണ് പോക്‌സോ കേസുകളില്‍ തീര്‍പ്പ്‌ ഉണ്ടായിരിക്കുന്നതെന്നു കൂടി മനസിലാക്കണം. 90 ശതമാനത്തിനും മുകളില്‍ കേസുകള്‍ പെന്‍ഡിംഗില്‍ ആയിക്കിടക്കുന്ന സ്ഥിതി കൂടി ചേര്‍ത്തുവച്ച് കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാല്‍ തീര്‍ത്തും നിരാശയാണ് ഫലം എന്നു കാണാം.

ഒരുദാഹരണം ചൂണ്ടിക്കാണിക്കാം. സര്‍ക്കാര്‍ വക ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന ഒരു പെണ്‍കുട്ടി. പലരാല്‍ പീഢനത്തിനിരയായ കുട്ടി. വീട്ടില്‍ സഹോദരന്‍ ഒഴിച്ച് ബാക്കിയെല്ലാവരും – അമ്മ, അച്ഛന്‍, രണ്ടാനച്ഛന്‍ ഉള്‍പ്പെടെ – കേസില്‍ പ്രതികള്‍. കേസിന്റെ വിചാരണവേളയില്‍ പലതവണ, പലമാര്‍ഗത്തില്‍ കുട്ടിയെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി. കുട്ടിയുടെ മൊഴി നിര്‍ണായകമാണ്. പക്ഷേ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും കുട്ടിയെ കാണുന്നതിന് അനുമതി കിട്ടുന്നില്ല. കോടിക്കണക്കിനു രൂപ വാഗ്ദാനം ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ മാസം അറുപതിനായിരം രൂപ കുട്ടിയുടെ വീട്ടില്‍ കൊടുക്കുന്നതു കൂടാതെയാണ്. പെണ്‍കുട്ടിയുടെ പിതാവും പിന്നീട് സഹോദരനും കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. കോടതി പക്ഷേ കുട്ടിയെ കാണാന്‍ ഇവരെ അനുവദിച്ചില്ല.

ഇതൊരു ഒറ്റപ്പെട്ടസംഭവമായി കാണാം. കാരണം, മറ്റു കേസുകളിലെല്ലാം കുട്ടിയെ, വീട്ടുകാരെ സ്വാധീനിക്കാന്‍ എല്ലാം പ്രതികള്‍ക്ക് സാധിക്കും. കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിനും പ്രതികള്‍ രക്ഷപ്പെടുന്നതിനുമെല്ലാം കാരണവും ഇതാണ്. കൊട്ടിയൂര്‍ കേസിലെ കാര്യം തന്നെ എടുക്കുക. പീഡനമോ മറ്റേതെങ്കിലും തരത്തിലുള്ള ചൂഷണമോ നടന്നാല്‍ ആദ്യം സിഡബ്ല്യുസി ആണെങ്കിലും ബാലാവകാശ കമ്മീഷന്‍ ആണെങ്കിലും ചെയ്യേണ്ടത് കുട്ടിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക എന്നതാണ്. കേസിന്റെ വിചാരണവേളയിലും മറ്റും കുട്ടി ബാഹ്യതലത്തില്‍ നിന്നുള്ള ഭീഷണിക്കോ സ്വാധീനശ്രമത്തിനോ ഒന്നും വിധേയമാകാതെ കാക്കാനും മാനസികവും ശാരീരികവുമായി സംരക്ഷണം കൊടുക്കാനുമൊക്കെ കമ്മീഷനുകള്‍ക്കും കമ്മിറ്റികള്‍ക്കും ഉത്തരവാദിത്വം ഉണ്ട്. എന്നാല്‍ പല കേസുകളിലും ഇരകളായ കുട്ടികളെ അവര്‍ എവിടെ നിന്നു പീഡനം നേരിട്ടുവോ അങ്ങോട്ട് തന്നെ അയയ്ക്കപ്പെടുന്നു. ആരാല്‍ പീഡിപ്പിക്കപ്പെട്ടോ അവരുടെ സാന്നിധ്യമുള്ളിടത്തേക്ക് അയക്കുന്നു. അമ്മയുടെ സഹായത്തോടെ നടന്ന പീഡനമാണെങ്കില്‍ പോലും കുട്ടിയെ പിന്നീട് അതേ അമ്മയ്‌ക്കൊപ്പം തന്നെ വിടാനും മടി കാണിക്കുന്നില്ല. പ്രലോഭനങ്ങള്‍ക്ക് കമ്മീഷനുകളും മറ്റും വശംവദരാകുന്നുവെന്നാണ് ഇതു കാണിക്കുന്നത്.

ബാലാവകാശ കമ്മീഷനെയും സിഡബ്ല്യുസിയെയുമെല്ലാം ഒത്തുതീര്‍പ്പ് ബോഡികള്‍ എന്നു വിളിക്കുന്നതിലെ അപകടകരമായ വസ്തുത സര്‍ക്കാര്‍ ആണ് മനസിലാക്കേണ്ടത്.
ഒരു കേസില്‍ അന്യായമായ രീതിയില്‍ കാര്യങ്ങള്‍ പോകുന്നുവെന്നു മനസിലാക്കിയാല്‍ ബാലാവകാശ കമ്മീഷന് പൊലീസിനോട്, സിഡബ്ല്യുസിയോട്, സര്‍ക്കാരിനോടുപോലും റിപ്പോര്‍ട്ട് തേടാം.

എന്താണ് ബാലാവകാശങ്ങള്‍?
വിദ്യാഭ്യാസം ഉറപ്പുവരുത്തുക, ബാലവേലയില്‍ അകപ്പെടാതിരിക്കുക, ലൈംഗികമായും ശാരീരികമായും ചൂഷണത്തിന് വിധേയരാകാതിരിക്കുക, ആരോഗ്യപരിരക്ഷ ഉറപ്പാക്കുക; എന്നിവയൊക്കെ കുട്ടികള്‍ക്ക് ഭരണകൂടം ഉറപ്പാക്കേണ്ട അവകാശങ്ങളാണ്. ബാലാവകാശ കമ്മീഷന്‍ ഇതിലൊക്കെ എത്രമാത്രം ഇടപെടല്‍ നടത്തുന്നുണ്ട്? സ്‌കൂളുകളില്‍ മുടി അഴിച്ചിട്ടു നടക്കാനുള്ള അവകാശം, ഷൂസ് ഇടാതിരിക്കാനുള്ള സ്വാതന്ത്ര്യം, സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുക, ചാനലിലെ കുട്ടികളുടെ പ്രോഗ്രാമിന് നിയന്ത്രണം ഏര്‍പ്പെടുത്തുക, യുവജനോത്സവങ്ങളിലെ അപ്പീലുകള്‍ തീര്‍പ്പാക്കുക എന്നീ കാര്യങ്ങളിലൊക്കെ ബാലാവാകാശ കമ്മീഷന്‍ ഇടപെടലുകള്‍ വാര്‍ത്തകളായി വരാറുണ്ട്. മേല്‍പ്പറഞ്ഞവയും അവകാശ സംരക്ഷണം തന്നെ.

എന്നാല്‍ മറ്റു ചില കാര്യങ്ങള്‍ കൂടി; നിര്‍ബന്ധിത വിദ്യാഭാസം കേരളത്തിലെ എല്ലാ കുട്ടികള്‍ക്കും ലഭിക്കുന്നുണ്ടോ? ഓരോ പ്രദേശത്തും മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌കൂളുകള്‍ വേണമെന്ന നിര്‍ബന്ധം പാലിക്കപ്പെടുന്നുണ്ടോ? കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ എത്താന്‍ ഗതാഗത സൗകര്യം ഉറപ്പാക്കുന്നുണ്ടോ?

ആരോഗ്യപരിപാലനം ലഭ്യമാകുന്നുണ്ടോ? ചികിത്സ നിഷേധിക്കപ്പെടുന്നുണ്ടോ? സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥമൂലം ബാല/ശിശു മരണങ്ങള്‍ സംഭവിക്കുന്നുണ്ടോ?

മാനസിക/ശാരീരിക/ ലൈംഗിക പീഡനത്തിന് കുട്ടികള്‍ ഇരയാകുന്നുണ്ടോ? ബാലവേലകള്‍ വര്‍ദ്ധിക്കുന്നുണ്ടോ? കാണാതാകുന്ന കുട്ടികളുടെ കാര്യത്തില്‍ അടിയന്തര ഇടപെടലുകളും അന്വേഷണങ്ങളും ഉറപ്പാക്കുന്നുണ്ടോ?

ഇത്തരം ഇടപെടലുകള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്ന ചോദ്യമാണ് ബാലാവകാശ കമ്മിഷനോടും സര്‍ക്കാരിനോടും ചോദിക്കേണ്ടത്.

എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നവകാശപ്പെടുന്ന കേരളത്തിലെ അട്ടപ്പാടിയില്‍ എത്ര കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടുന്നുണ്ട്? എത്ര കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകുന്നുണ്ട്? ആവശ്യമായ സകൂളുകളുണ്ടോ? ഇടുക്കിയില്‍ സ്‌കൂളുകള്‍ പോലുമില്ലാത്ത പ്രദേശങ്ങള്‍ ഉണ്ടെന്ന വസ്തുത കമ്മീഷന്‍ മനസിലാക്കായിട്ടുണ്ടോ? ഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ സ്‌കൂളുകളില്‍ പോകാന്‍ കഴിയാത്ത കുട്ടികളുണ്ടെന്നതോ? ഭാഷാ പ്രയാസംമൂലം പഠനം ഒഴിവാക്കുന്ന കുട്ടികളുടെ കാര്യത്തില്‍ ആവശ്യമായ ഇടപെടലുകള്‍?

വയനാട്ടില്‍ ആദിവാസി കുട്ടികളുടെ ദേഹത്ത് സ്റ്റെതസ്‌കോപ് വയ്ക്കാന്‍ പോലും മടിക്കുന്ന ഡോക്ടര്‍മാരുണ്ടെന്ന ആക്ഷേപം വരുന്നുണ്ട്. ഇടുക്കിയിലും വയനാട്ടിലുമൊക്കെ സാധാരണമായി തീര്‍ന്ന ബാല/ശിശുമരണങ്ങളില്‍ ഇടപെടല്‍ നടത്തുന്നുണ്ടോ?

കേരളത്തില്‍ നിന്നും കാണാതാകുന്ന കുട്ടികളുടെ എണ്ണം ഭീതിജനകമായ രീതിയില്‍ വര്‍ദ്ധിക്കുകയാണ്. മുതിര്‍ന്ന ഒരു വ്യക്തിയുടെ കാര്യത്തില്‍ എടുക്കുന്നതിനെക്കാള്‍ ഗൗരവം കുട്ടികളെ കാണാതാകുന്ന വിഷയത്തില്‍ ഉണ്ടായിരിക്കണം. കാരണം കുട്ടികള്‍ പലരീതിയില്‍ ഉപയോഗിക്കപ്പെടാം. ലൈംഗിക ചൂഷണം, ബാലവേല, അവയവങ്ങള്‍ക്കായി ഉപയോഗപ്പെടുത്തല്‍ എന്നിവ കുട്ടികളുടെ കാര്യത്തില്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. നിര്‍ഭാഗ്യവശാല്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയും ആശ്വാസ്യകരമായ അന്വേഷണങ്ങള്‍ ഉണ്ടാകുന്നുമില്ല. ഈ കാര്യത്തില്‍ ബാലാവകാശ കമ്മീഷന്‍ അവരുടെ ഉത്തരവാദിത്വം എത്രത്തോളം നിര്‍വഹിക്കുന്നുണ്ട്?

ആരൊക്കെയാകണം ബാലാവകാശ കമ്മിഷന്‍ അംഗങ്ങള്‍
കുട്ടികളുമായി ബന്ധപ്പെട്ട മേഖലയില്‍ അഞ്ചുവര്‍ഷത്തെയെങ്കിലും പ്രവര്‍ത്തി പരിചയം പറയുന്നുണ്ട് ബാലാവകാശ കമ്മീഷന്‍ അംഗമായി നിയമനം കിട്ടാന്‍. ബാലാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ക്കും തന്നെ അപേക്ഷിക്കാം. രാഷ്ട്രീയക്കാര്‍ക്ക് വിലക്കൊന്നുമില്ല. ചൈല്‍ഡ് വെല്‍ഫെയയര്‍ കമ്മിറ്റി ചെയര്‍മാന്‍ ആകാന്‍ അനാഥാലയം നടത്തി പരിചയം മതിയെന്നപോലെ, കുട്ടികള്‍ ഉള്ളവര്‍ക്ക് ബാലാവകാശ കമ്മിഷന്‍ അംഗമാകാമെന്നപോലെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്നുമാത്രം. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതുപോലെ രാഷ്ട്രീയപ്രവര്‍ത്തനം അധമമായതോ രാഷ്ട്രീയക്കാര്‍ മോശക്കാരോ ആകുന്നില്ല. പക്ഷേ ബാലാവകാശ കമ്മിഷന്‍ പോലുള്ള സംവിധാനങ്ങളുടെ ഭാഗമാകുന്നവര്‍ക്ക് രാഷ്ട്രീയക്കാരുടെ പൊതുപ്രവര്‍ത്തന പരിചയമോ അതല്ലെങ്കില്‍ ഒരു പിഎച്ഡിയോ മാത്രം യോഗ്യതയായാല്‍ പോരാ. പ്രത്യേകിച്ച് ഒത്തുതീര്‍പ്പ് സംവിധാനം എന്നൊക്കെ ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍.

കേരളം ഒരു മധ്യവര്‍ത്തി സമൂഹമാണെന്നു പറയുമ്പോള്‍ തന്നെ രൂക്ഷമായ പ്രതിസന്ധികള്‍ നേരിടുന്ന ഒരു പാര്‍ശ്വവത്കൃത വിഭാഗം കേരളത്തിലുണ്ട്. ദളിത്/ആദിവാസികളൊക്കെ ഇപ്പോഴും ആ വ്യവസ്ഥയില്‍ തന്നെ നില്‍ക്കുന്നു. ഇവരില്‍പ്പെടുന്ന കുട്ടികള്‍ക്കും അവകാശങ്ങളുണ്ട്, അത് സംരക്ഷിക്കപ്പെടുകയും വേണം. ആദിവാസി കുട്ടികളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കിയിട്ടുള്ള ഏതൊരംഗമാണ് 2013 മുതല്‍ ഈ കമ്മിഷനില്‍ ഉള്ളത്? എത്രയോ ആദിവാസി സ്ത്രീകള്‍ അവരുടെ വിഭാഗത്തിലെ കുട്ടികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ദളിത് വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വേറെ… ഇവരില്‍ നിന്നാരും ഇതുപോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമാകുന്നില്ല. സംവരണമല്ല, പ്രവര്‍ത്തിപരിചയമാണ് ചൂണ്ടിക്കാണിക്കുന്നത്.

ഇത്തരത്തില്‍ ഒന്നും നടക്കാതെ, പ്രവര്‍ത്തന നിര്‍ദേശങ്ങളോ കര്‍ത്തവ്യങ്ങളോ പാലിക്കപ്പെടാതെ ബാലാവകാശ കമ്മീഷനെ പോലൊരു പ്രധാനപ്പെട്ട സംവിധാനം പ്രവര്‍ത്തിച്ചു പോരുകയാണ് ചെയ്യുന്നതെങ്കില്‍ അതാണ് സര്‍ക്കാര്‍ നടത്തുന്ന ഏറ്റവും വലിയ ഭരണഘടന ലംഘനം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍