UPDATES

‘കൃപാസനത്തെ തൊടാനാവില്ല’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡയറക്ടര്‍ ഫാ. വി.പി ജോസഫ്

“ഉടമ്പടിക്ക് ശേഷം കേരളം ആകെപ്പാടെ മാറിയിട്ടുണ്ട്. ദൈവത്തെ അന്വേഷിക്കുന്നവരുടെ എണ്ണം കൂടി”

ചവിട്ടുനാടകം എന്ന കലാരൂപത്തിന് സംഭവിച്ച അപചയത്തില്‍ നിന്ന് ആ കലയെ പുനരുദ്ധരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടയാളാണ് ഫാ. വി.പി ജോസഫ് വലിയവീട്ടില്‍. താന്‍ കൂടി അംഗമായ ചവിട്ടുനാടക സംഘത്തില്‍ നിന്ന് ലഭിച്ച അറിവുകളേക്കാള്‍ ചവിട്ടുനാടകത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും അന്വേഷിക്കുകയും ചെയ്ത പ്രതിഭ. കളരികള്‍ പുനരുദ്ധരിപ്പിക്കുവാനും കൂട്ടായ പരിശ്രമത്തിലൂടെ ചവിട്ടുനാടകം എന്ന കലാരൂപത്തെ വീണ്ടും ജനങ്ങളിലേക്ക് എത്തിക്കാനും തന്റേതായ പരിശ്രമം വേണമെന്ന് മനസ്സിലാക്കിയ അദ്ദേഹത്തിന്റെ ചിന്തയില്‍ നിന്ന് രൂപംകൊണ്ടതാണ് ‘കൃപാസനം’ എന്ന ആശയം. ചവിട്ടുനാടകം ഉള്‍പ്പെടെ തീരദേശ കലകളുടെ ഗവേഷണത്തിനും പരിശീലനത്തിനും കലകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കുമായി ഒരു സ്ഥാപനം തുടങ്ങുന്നത് അങ്ങനെയാണ്. 1989-ലാണ് കൃപാസനം പൗരാണിക കലാ രംഗപീഡം എന്ന സ്ഥാപനമുണ്ടാവുന്നത്. പിന്നീട് വര്‍ഷങ്ങളോളം ചവിട്ടുനാടക കലയുടെ പുനരുജ്ജീവനത്തിലൂന്നിയ പ്രവര്‍ത്തനങ്ങളിലൂടെ കൃപാസനം പേരെടുത്തു. ഒരു വശത്ത് കലാപ്രവര്‍ത്തനം മുന്നോട്ട് പോവുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ, തീരദേശ ജനതയുടെ പ്രതിനിധിയായും ഫാ. വി.പി ജോസഫ് അച്ചന്‍ മുന്നില്‍ വന്നു. തീരദേശ ജനതയുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും ഫാ.ജോസഫിന്റെ ഇടപെടലുണ്ടായി. സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്ന വി.പി ജോസഫ് വലിയവീട്ടില്‍ എന്ന വൈദികനും അദ്ദേഹം തുടങ്ങിയ കൃപാസനം എന്ന സ്ഥാപനവും ആധ്യാത്മിക പാതയിലേക്കെത്തുന്നത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. എപ്പോള്‍, എവിടെ വച്ച് കൃപാസനത്തിന്റെ രൂപവും ഭാവവും മാറിയെന്നത് ആര്‍ക്കും വ്യക്തമായ മറുപടിയില്ല. എന്നാല്‍ ചെറിയ രീതിയില്‍ മാസത്തില്‍ ഒരു ധ്യാനം എന്ന രീതിയില്‍ തുടങ്ങിയ ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ പിന്നീട് വളര്‍ന്ന് കൃപാസനം എന്ന മരിയന്‍ ധ്യാന കേന്ദ്രത്തിലെത്തി നില്‍ക്കുന്നു. ദിവസേന ആയിരക്കണക്കിനും, പ്രാര്‍ഥനാ ദിനങ്ങളായ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കണക്കില്ലാത്തത്രയും ആളുകളും കൃപാസനത്തിലേക്കെത്തുന്നു. കൃപാസനം എന്ന സ്ഥാപനത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യമായ സാംസ്‌ക്കാരിക പ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും ആത്മീയ കച്ചവടത്തിലേക്ക് സ്ഥാപനം മാറിയെന്ന് ഇതിനിടെ വിമര്‍ശനങ്ങളുയര്‍ന്നു. കൃപാസനം പത്രവുമായും മറ്റും ബന്ധപ്പെടുത്തി നിരവധി കഥകളും പ്രചരിച്ചു. ഇതോടെയാണ് എന്താണ് കൃപാസനത്തില്‍ നടക്കുന്നതെന്ന അന്വേഷണം അഴിമുഖം നടത്തുന്നത്. അത് ഇവിടെ വായിക്കാം: ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ

ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ഇതിന് അഴിമുഖത്തോട് മറുപടി പറയുകയാണ് കൃപാസനം ഡയറക്ടര്‍ ഫാ. വി.പി ജോസഫ്  വലിയവീട്ടില്‍.

കൃപാസനം

കൃപാസനം എന്നത് വ്യക്തികളുടെ ജീവിത നവീകരണത്തിലൂന്നിയ കുടുംബ സുസ്ഥിതിക്കും സാമൂഹ്യ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക, സാംസ്‌ക്കാരിക വേദിയാണ്. കുടുംബസുസ്ഥിതിയും സാമൂഹ്യക്ഷേമവും സാംസ്‌ക്കാരിക പ്രവര്‍ത്തനവുമുണ്ട്. അതിന് പറ്റുന്ന മിഷന്‍സ് അവിടെ നടക്കുന്നുണ്ട്. ഇതില്‍ 33ശതമാനമാണ് സാംസ്‌കാരിക പ്രവര്‍ത്തനത്തിന് പ്രൊവിഷന്‍ ഉള്ളത്. 33 ശതമാനം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും 33 ശതമാനം ആധ്യാത്മികത്തിനും. അങ്ങനെയാണ് ഇത് പ്രവര്‍ത്തിച്ച് പോരുന്നത്. ഉടമ്പടി വന്നപ്പോള്‍ ജനബാഹുല്യം വര്‍ധിച്ചു എന്ന മാത്രമേയുള്ളൂ. അത് ആ മേഖലയില്‍ ഉണ്ടായ വളര്‍ച്ചയാണ്. പക്ഷെ അതിന്റെ പേരില്‍ മറ്റ് മേഖല തളര്‍ന്നിട്ടില്ല. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നതാണ് കൃപാസനം. കടലാക്രമണമായാലും പ്രകൃതി ദുരന്തമായാലും കൃപാസനം എത്തും.”

ആരോപണങ്ങളും വിമര്‍ശനങ്ങളും മാറ്റിനിര്‍ത്താം. കൃപാസനത്തില്‍ എത്തുന്ന വിശ്വാസി ചെയ്യേണ്ട കാര്യങ്ങള്‍ പരിശോധിക്കാം. സഫലീകരിക്കേണ്ട ആഗ്രഹങ്ങളോ പ്രാര്‍ഥനകളോ അടങ്ങിയ ഒരു ലിസ്റ്റ് മാതാവിന്റെ മുന്നില്‍ വച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കാം. ഒരാള്‍ക്ക് ആറ് ആഗ്രഹങ്ങള്‍ വരെ എഴുതാം. 225 രൂപ അടച്ചാല്‍ ഉടമ്പടി പത്രം ലഭിക്കും. ഉടമ്പടി പത്രത്തില്‍ വിശ്വാസി ദൈവവുമായി പാലിക്കേണ്ട ഉടമ്പടികള്‍ ‘ടിക്’ ഇട്ട് ബോധ്യപ്പെടുത്തിക്കഴിഞ്ഞാല്‍ ഉടമ്പടി എടുത്തതിന് പകരമായി കൃപാസനം ഉടമ്പടി കവര്‍ നല്‍കും. പ്രാര്‍ഥനാ പുസ്തകം, നീലനിറത്തിലും പച്ചനിറത്തിലുമുള്ള മെഴുകുതിരി, ഉപ്പ്, തൈലം, കാശ് രൂപം എന്നിവ ആ കവറില്‍ ഉണ്ടാവും. മൂന്ന് മാസം കൂടുമ്പോള്‍ ഈ ഉടമ്പടി പുതുക്കണം. ഉടമ്പടി പുതുക്കണമെങ്കില്‍ പ്രേക്ഷിതപ്രവര്‍ത്തനത്തിന് ‘കൃപാസനം’ പത്രം വാങ്ങിയതിന്റെ മൂന്ന് രശീതുകളെങ്കിലും ഉടമ്പടി പത്രത്തിനൊപ്പമുണ്ടാവണം. ഒരു പത്രത്തിന് അഞ്ച് രൂപ നിരത്തില്‍ ചുരുങ്ങിയത് 25 പത്രമാണ് ഒരു വിശ്വാസി ഉടമ്പടി പുതുക്കുന്നതിനായി രശീത് ലഭിക്കാന്‍ വാങ്ങേണ്ടത്. ഫാ. വി.പി ജോസഫിനെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങുകയാണ് വിശ്വാസികളുടെ ലക്ഷ്യം. വിശ്വാസി അനുഗ്രഹം തേടുമ്പോള്‍ തന്നോട് ദൈവം പറയുന്ന കാര്യങ്ങള്‍ വൈദികന്‍ വിശ്വാസിയ്ക്ക് കൈമാറും എന്ന് പറയപ്പെടുന്നു. യുക്തിക്ക് നിരക്കാത്തതായ സാക്ഷ്യം പറച്ചിലുകള്‍ മറ്റൊരു ഭാഗത്ത്. അത്ഭുത പ്രവര്‍ത്തികളുടെ ഒരു നിര തന്നെ വിശ്വാസികള്‍ പത്രത്തിലൂടെയും നേരിട്ടും പങ്കുവക്കുന്നു. കൃപാസനം പത്രം എന്നത് പ്രേക്ഷിത പ്രവര്‍ത്തനത്തിനാണെങ്കിലും ചില വിശ്വാസികളെങ്കിലും അന്ധമായി ഈ പത്രത്തെ അത്ഭുത ശക്തിയുള്ള ഒന്നായി കണക്കാക്കുന്നു. ഇതിനിടെ കൃപാസനം പത്രം ഭക്ഷണത്തില്‍ അരച്ച് നല്‍കിയതോടെ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന സംഭവം വലിയ ചര്‍ച്ചയായി. ഇതോടെ കൃപാസനം പത്രത്തിനെതിരെ ഒരു വിഭാഗം ആളുകള്‍ സോഷ്യല്‍മീഡിയ വഴി കാമ്പയിനും ആരംഭിച്ചു. വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണ് ഫാ. വി.പി ജോസഫ് വലിയവീട്ടിലിനെ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇതോടെ കൃപാസനം ഡയറക്ടര്‍ക്കും കൃപാസനത്തിനും എതിരെ കാമ്പയിന്‍ ശക്തിപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങളിലുള്ള ഫാ. ജോസഫിന്റെ പ്രതികരണം ഇങ്ങനെയാണ്:

കൃപാസനം പത്രം

കൃപാസനം പത്രത്തെ സംബന്ധിക്കുന്ന എല്ലാ വിവാദങ്ങളും ഏതാണ്ട് പരിപൂര്‍ണമായി കെട്ടടങ്ങിയ രീതിയിലാണ്. ഒന്നാമത്തെ വിഷയം, ഒരു റീസണബിള്‍ മനുഷ്യന്‍ പത്രം അല്ലെങ്കില്‍ എന്തെങ്കിലും വസ്തു രോഗസൗഖ്യത്തിനായി ഉപയോഗിക്കുമെന്ന് ആരും കരുതുന്നില്ല. പാവപ്പെട്ടവര്‍ എന്തെങ്കിലും അവരുടെ അറിവില്ലായ്മകൊണ്ട്, അല്ലെങ്കില്‍ വിശ്വാസത്തിന്റെ ഭാഗമായി ചെയ്തിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും അത് അവരുടെ അനുഭവങ്ങളാണ്. കൃപാസനം പത്രത്തില്‍ ഞാന്‍ ഡിസ്‌ക്ലെയ്മര്‍ കൊടുത്തിട്ടുണ്ട്. കൃപാസനത്തില്‍ നടക്കുന്ന മിഷന്‍സ് ജനങ്ങളിലേക്കെത്തിക്കുകയാണ് ഒരു മാധ്യമം എന്ന രീതിയില്‍ കൃപാസനം പത്രത്തിന്റെ ദൗത്യം. അത് ഭംഗിയായി നിര്‍വ്വഹിക്കപ്പെടുന്നുണ്ട് എന്നതാണ് ഞങ്ങളുടെ അനുഭവങ്ങള്‍”

അസുഖം വന്നാല്‍ ആശുപത്രിയില്‍ പോണം

അസുഖം വന്നപ്പോള്‍ എന്നെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യങ്ങളും ചര്‍ച്ചകളുമുണ്ടായത്. ഞാന്‍ വര്‍ഷങ്ങളായിട്ട് ഹോസ്പിറ്റലില്‍ പോവുന്ന ആളാണ്. എന്തെങ്കിലും അസുഖം വന്നാല്‍ ആദ്യം നമ്മള്‍ ആശുപത്രിയില്‍ പോണം. ബൈബിള്‍ പറയുന്നതും ആശുപത്രിയില്‍ പോവണമെന്നാണ്. വൈദ്യനെ ബഹുമാനിക്കണം അവരെ നിശ്ചയിച്ചത് കര്‍ത്താവാണ് എന്നാണ്. പക്ഷെ ചില രോഗങ്ങള്‍ ആശുപത്രിയില്‍ പോയാലും ചിലപ്പോള്‍ സുഖപ്പെടണമെന്ന് നിര്‍ബന്ധമില്ല. അങ്ങനെയുള്ളവര്‍ ആ ഒരു അവസ്ഥയിലാണ് ദൈവത്തെ ആശ്രയിക്കുന്നത്. അത് സെക്കന്‍ഡ് റഫറന്‍സ് ആണ്. ഫസ്റ്റ് റഫറന്‍സില്‍ നമ്മള്‍ വൈദ്യനെക്കൂടി സമര്‍പ്പിച്ച് പ്രാര്‍ഥിക്കും. ഡയഗ്നോസിസ് കൃത്യമാവാന്‍ വേണ്ടി, തരുന്ന മരുന്നുകള്‍ ശരീരത്തില്‍ പിടിക്കാന്‍ വേണ്ടി അത് ചെയ്യും. പിന്നീട് മരുന്നിനെ സമര്‍പ്പിച്ച് പ്രാര്‍ഥിക്കും. പ്രാര്‍ഥനയും കൂടിയാവുമ്പോള്‍ നമ്മുടെ ശരീരത്തില്‍ മരുന്ന് പിടിച്ച് പത്ത് ദിവസം കൊണ്ട് സുഖപ്പെടാനുള്ളത് ചിലപ്പോള്‍ രണ്ട് ദിവസംകൊണ്ട് സുഖപ്പെടും. എന്നാല്‍ വൈദ്യന്റെ കയ്യില്‍ നിന്ന് വിട്ടുപോവുന്ന ഒത്തിരിയേറെ രോഗങ്ങളുണ്ട്. അതാണ് പാവപ്പെട്ടവന്‍ ദൈവത്തില്‍ ആശ്രയിക്കുന്നത്. ആതുര സേവന രംഗത്ത് ലോകത്ത് വിപ്ലവം ഉണ്ടാക്കിയിരിക്കുന്നത് കാത്തലിക് ചര്‍ച്ചിന്റെ ഹോസ്പിറ്റലുകളാണ്. കൃപാസനം ഒരു കാത്തലിക് ഇന്‍സ്റ്റിറ്റ്യൂഷനാണ്. ദാര്‍ശനികവും പ്രായോഗികവുമായിട്ടുള്ള ചരിത്രപാരമ്പര്യത്തിനപ്പുറം കൃപാസനത്തിന് വേറെ മിഷന്‍സ് ഒന്നുമില്ല”.

പത്രത്തിന്‍മേലുള്ള സാക്ഷ്യം ഇപ്പോഴില്ല

“ഒരു വര്‍ഷമായിട്ട്, 2018 മെയ് 12 തൊട്ട് ഇങ്ങോട്ട് വരുന്ന പത്രങ്ങളിലൊന്നും പത്രവുമായി ബന്ധപ്പെട്ട സാക്ഷ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആലപ്പുഴ ബിഷപ്പ് ഒരു ദിവസം ഈ വിഷയത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. അതാണ് അത് നിര്‍ത്താന്‍ കാരണമായത്. പണ്ട് ഉള്ള പത്രത്തിന്റെ ഇഷ്യൂസ് ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അതിപ്പോള്‍ പ്രസക്തമല്ല. കൃപാസനം ഒരു ആത്മീയ പ്രസിദ്ധീകരണമാണ്. ഇപ്പോള്‍ ജനങ്ങള്‍ക്ക് സ്പിരിച്വല്‍ ലിറ്ററേച്ചര്‍ കുറവാണ്. അതിനായാണ് പത്രങ്ങള്‍ നല്‍കുന്നത്. മുമ്പ് ആശുപത്രികളില്‍ അത് കൊടുക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ആശുപത്രിയില്‍ കൊടുക്കേണ്ട എന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ആരെങ്കിലും പത്രം വാങ്ങിച്ചിട്ട് വീടുകളിലും ആശുപത്രികളിലും കൊടുക്കുന്നവരുണ്ട്. അത് പ്രേക്ഷിത പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. നമുക്ക് ഒരു സാധനം കിട്ടിയാല്‍ അത് സ്‌നേഹത്തോടെ പങ്കുവയ്ക്കുക എന്ന ഉദ്ദേശമേ അതിലുള്ളൂ. അല്ലാതെ ആളുകള്‍ പറഞ്ഞ് നടക്കുന്നത് പോലെ മതപരിവര്‍ത്തനമോ അതുപോലുള്ള വിഷയങ്ങളോ ഇല്ല”.

സാക്ഷ്യം പറച്ചില്‍ വ്യക്തികളുടെ അനുഭവമാണ്

ഇത്രയും ആളുകള്‍ സൗഖ്യപ്പെടുകയും ശക്തമായ സാക്ഷ്യങ്ങള്‍ പറയുകയും ചെയ്യുന്നതെല്ലാം എല്ലാം ഓണ്‍ലൈന്‍ ആയതുകൊണ്ട് ആര്‍ക്കും കേള്‍ക്കാവുന്നതാണ്. ഇതില്‍ വേറെ ആരുടേയും ഇന്റര്‍വെന്‍ഷന്‍ ഇല്ല. ഉടമ്പടി ചെയ്യുന്നു, അവര്‍ക്ക് ദൈവാനുഭവം കിട്ടുന്നു, അവര്‍ വന്ന് സാക്ഷ്യപ്പെടുത്തുന്നു. ആയിരം സാക്ഷ്യം വരുമ്പോള്‍ അതില്‍ അമ്പത് സാക്ഷ്യമാണ് ഞങ്ങള്‍ പുറത്തേക്ക് വിടുന്നത്. സാക്ഷ്യങ്ങള്‍ വരുമ്പോള്‍ അത് യുക്തിപരമാണോ എന്ന വിഷയങ്ങള്‍ വരും. പക്ഷെ ചില കാര്യങ്ങള്‍ യുക്തികൊണ്ട് ആലോചിച്ചാല്‍ അതിന് ഉത്തരം കിട്ടണമെന്നില്ല. വിശ്വാസത്തിന്റെ മാറ്റര്‍ ആണ്. ചില വ്യക്തികളുടെ അനുഭവ സാക്ഷ്യങ്ങള്‍ എന്നാണ് അതിനെ പറയുന്നത്. ഒരു വ്യക്തി എന്ത് അനുഭവിക്കുന്നു, ആ അനുഭവങ്ങള്‍ പറയുന്നത് അവരുടെ ആധ്യാത്മിക അവകാശത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ക്ക് പോലും അതില്‍ ഇടപെടുന്നതിന് പരമിതികളുണ്ട്. ആര്‍ക്ക് വേണമെങ്കിലും വിമര്‍ശിക്കാം. അനുഭവം പബ്ലിക്കായി പറയാന്‍ ഒരു വ്യക്തി തീരുമാനിക്കുമ്പോള്‍ തന്നെ അവര്‍ക്ക് അതിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നുള്ളത് നമുക്ക് മനസ്സിലാവും. പരമാവധി റീസണബിള്‍ ആണോ എന്ന് ഞങ്ങള്‍ നോക്കും. അങ്ങനെയല്ലാത്ത സാക്ഷ്യങ്ങള്‍ അനുവദിക്കാറില്ല. പണ്ട് കൃപാസനത്തില്‍ ഒത്തിരി പാവപ്പെട്ടവര്‍ വരുമായിരുന്നു. ഇപ്പോഴും വരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓഡിയന്‍സിന് മാറ്റം വന്നിട്ടുണ്ട്. നല്ല എജ്യുക്കേറ്റഡ് ആയ ആളുകളാണ് എഴുപത് ശതമാനവും വരുന്നത്. സാക്ഷ്യം പറയുന്നവരും 60 ശതമാനത്തോളം നല്ല വിദ്യാഭ്യാസം നേടിയവരാണ്. നിങ്ങള്‍ ഈ പറയുന്ന സാക്ഷ്യം മാധ്യമങ്ങളിലേക്ക് കൊടുക്കാന്‍ ഞങ്ങള്‍ക്ക് സമ്മതമാണ് എന്ന് അവര്‍ എഴുതിത്തന്നിട്ടാണ് ഞങ്ങള്‍ പറയിപ്പിക്കുന്നത്. മാധ്യമങ്ങളിലേക്ക് പോവുമ്പോള്‍ എല്ലാത്തരം ആളുകളും കാണുന്നതാണെന്നും, അതിനാല്‍ അത് പെര്‍ഫക്ട് ആയിരിക്കണമെന്നും അവര്‍ക്കറിയാം. അങ്ങനെയുള്ള സാക്ഷ്യങ്ങളാണ് കൃപാസനത്തിലുള്ളത്. പാവപ്പെട്ടവനും സാക്ഷ്യം പറയും. അവന്റെ അറിവിന്റെയും അനുഭവത്തിന്റെയും തലമുണ്ട്. അത് ബഹുമാനിച്ച് അവരുടെ വിശ്വാസ അനുഭവങ്ങള്‍ പങ്കുവക്കാനുള്ള അവസരം കൃപാസനം കൊടുക്കുന്നതാണ്.”

ഉടമ്പടി എന്ന ആശയം

ഞാന്‍ ശുശ്രൂഷ 1990ല്‍ തുടങ്ങിയതാണ്. കാല്‍നൂറ്റാണ്ട് ഉപവാസമായി. ദൈവത്തിന്റെയും ജനങ്ങളുടേയും ഇടയ്ക്കാണല്ലോ നമ്മള്‍ നില്‍ക്കുന്നത്. കാല്‍നൂറ്റാണ്ട് കാലത്തെ ഉപവാസവും പ്രാര്‍ഥനയുമാവുമ്പോള്‍ തന്നെ ജനത്തെ നയിക്കാനായി ദൈവം പുതിയ പുതിയ കാഴ്ചപ്പാടുകളും ആത്മീയാനുഭവങ്ങളും പ്രാര്‍ഥനാ രൂപങ്ങളും തരും. ഞാന്‍ നടത്തുന്ന കൗണ്‍സിലിങ്ങും അതിനകത്ത് ഉപയോഗിക്കുന്ന സങ്കേതങ്ങളും സാധാരണ കാണുന്നതല്ല. ഉദാഹരണത്തിന്, ബൈബിള്‍ മെസ്സേജ്. ഒരാള്‍ ഒരു വിഷയം പറയുമ്പോള്‍ ദൈവത്തിന്റെ തിരുമനസ്സ് എന്താണെന്ന് അറിയാനായി ദൈവത്തിന്റെ വാക്ക് നോക്കിയാല്‍ മതി. വാക്ക് എന്ന് പറയുന്നത് മനസ്സില്‍ നിന്ന് വരുന്നതാണ്. ദൈവത്തിന്റെ മനസ്സറിയാന്‍ ദൈവത്തിന്റെ വാക്ക് നോക്കിയാല്‍ മതി. വിശ്വപ്രമാണം ചൊല്ലിയിട്ട് വചനത്തില്‍ വിശ്വാസമുള്ളവര്‍ക്ക് വചനസംബന്ധിയായ മെസ്സേജ് കൈമാറും. അത് പൊതുവായുള്ള രീതിയല്ല. അതുപോലെ തന്നെയാണ് ഉടമ്പടിയും. കൃപാസനത്തില്‍ നടക്കുന്നത് മരിയന്‍ ഉടമ്പടിയാണ്. ദൈവവചനം മനുഷ്യന്‍ ജീവിതത്തില്‍ പാലിക്കാന്‍ വേണ്ടിയാണുള്ളതെന്നാണ് ബൈബിളിന്റെ പൊതുവായിട്ടുള്ള ഫ്രെയിം. അത് പാലിക്കുന്നതിനനുസരിച്ചാണ് ഇവര്‍ക്ക് ആത്മശക്തിയും ആത്മവിശുദ്ധിയും കിട്ടുന്നത്. മനുഷ്യന് ആത്മവിശുദ്ധിയും ശക്തിയും കിട്ടുന്ന തരത്തില്‍ ഓരോ മൂന്ന് മാസം കൂടുമ്പോഴും പുതിയ ആത്മീയ അഭ്യാസങ്ങള്‍ നല്‍കും.

ഉടമ്പടി പ്രകാരം പരിശുദ്ധ അമ്മ വഴിയാണ് ദൈവത്തോട് ഉടമ്പടി ചെയ്യുന്നത്. കാനായിലെ കല്യാണം എന്ന ഒരു ഭാഗം ബൈബിളിലുണ്ട്. കാനായിലെ കല്യാണത്തില്‍ യേശുവും അമ്മയും പങ്കെടുത്തിരുന്നു. കല്യാണം നടത്തുന്ന കുടുംബം വീഞ്ഞ് തികയാതെ വന്ന് മനുഷ്യരുടെ മുന്നില്‍ അപമാനപ്പെടുവാനുള്ള സാഹചര്യം വന്നു. അമ്മ അവിടെ പ്രവര്‍ത്തിക്കുന്നത് അടുക്കളയുടെ ആശങ്കയായിട്ടാണ്. ഈശോയോട് പറഞ്ഞാല്‍ അടുക്കളയുടെ ആശങ്കയ്ക്ക് ഒരു പരിഹാരം ഉണ്ടാവുമെന്ന് അമ്മയ്ക്കറിയം. അമ്മ അത് പറയും. എന്നാല്‍ ഈശോയുടെ പരസ്യജീവിതം, അടയാളങ്ങളിലൂടെ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കാന്‍ സമയമുണ്ട്. അത് പിതാവിന്റെ മനസ്സിലാണ്. ആ സമയം ആയിട്ടില്ല എന്ന സാങ്കേതികമായ തടസ്സം ഈശോ പറയും. അത് പറയുമ്പോള്‍ അമ്മയ്ക്ക് ലഭിക്കുന്ന ബോധജ്ഞാനമാണ് അവന്‍ പറയുന്നപോലെ ചെയ്യ് എന്നുള്ളത്. പഴയനിയമത്തിലും ഇതുപോലെ ഒരു പ്രശനമുണ്ടായി. ഈജിപ്തിന്റെ അടമത്വത്തില്‍ നിന്ന് മോസസ് ജനങ്ങളെ ചെങ്കടല്‍ പിളര്‍ത്തി വാഗ്ദാന നാട്ടിലേക്ക് വിമോചിപ്പിച്ച് കൊണ്ടുപോരുകയാണ്. ആ സമയം ജനങ്ങളുടെ മുന്നില്‍ വലിയ പ്രശ്‌നങ്ങളുണ്ടായി. ജറീക്കാക്കോട്ടയില്‍ യുദ്ധ രാക്ഷസന്‍മാരാണ്. ഇവരെല്ലാം കര്‍ഷകരും നിര്‍മ്മാണ ജോലികള്‍ ചെയ്യുന്നവരുമാണ്. അതിനാല്‍ രാക്ഷസന്‍മാരുമായി യുദ്ധം ചെയ്താല്‍ ശരിയാവില്ല. ജറീക്കാക്കോട്ടയില്‍ നിന്ന് രക്ഷപെട്ട് മുന്നോട്ട് പോയാല്‍ തന്നെ ജോര്‍ദാന്‍ നദിയുണ്ട്. അതിനപ്പുറത്ത് ഭീകരന്‍മാരായ രാക്ഷസവര്‍ഗമുണ്ട്. ആ സമയത്ത് ജനം അസ്തപ്രജ്ഞരായി നില്‍ക്കുകയാണ്. പലരും പറയും നമുക്ക് പുറകോട്ട് പോവാം എന്ന്. ഫറവോയുടെ അടുത്ത് പോയി പറഞ്ഞ് പട്ടിണിയില്ലാതെ ജീവിച്ചാല്‍ മതി, വിമോചനവും വാഗ്ദാനനാടും വേണ്ട എന്നാവും. എന്നാല്‍ ദൈവം അപമാനിക്കപ്പെടാനുള്ള സാഹചര്യമാണ് ഇതെന്ന് മനസ്സിലാക്കി മോസ്സസ് ദൈവത്തോട് പ്രാര്‍ഥിക്കും. അപ്പോള്‍ ദൈവം പറയുന്ന പോംവഴിയാണ് ഞാന്‍ നിങ്ങളുടെ കൂടെ വരാം എന്ന്. അതാണ് ഉടമ്പടിയുടെ മര്‍മ്മം. ജനങ്ങള്‍ അശക്തരാവുന്ന സമയത്ത് ജനങ്ങളെ ശാക്തീകരിക്കാനാണ് ദൈവത്തിന്റെ സാന്നിധ്യം വരുന്നത്. ഞാന്‍ നിങ്ങളുടെ കൂടെ വരാം എന്ന് ദൈവം പറയുന്നത് ഒരു വാഗ്ദാനമാണ്. ഉടമ്പടിയിലും വാഗ്ദാനമാണ്. ആ വാഗ്ദാനം ജനങ്ങളോട് ദൈവം പാലിക്കും. പക്ഷെ അതിന് കുറച്ച് നിബന്ധനകളുണ്ട്. പത്ത് പ്രമാണങ്ങള്‍ ദൈവം നല്‍കും. അപ്പോള്‍ ജനം പറയുന്ന വാക്കാണ് കര്‍ത്താവ് പറഞ്ഞത് പോലെ ഞങ്ങള്‍ ചെയ്യാം എന്ന്. എപ്പോഴും വ്യക്തിയുടെ വിശുദ്ധീകരണത്തിനും ശാക്തീകരണത്തിനും വേണ്ടിയുള്ള ബൈബിള്‍ ഫോര്‍മുലയാണ് അവന്‍ പറയുന്നത് പോലെ ചെയ്യുക എന്നത്. അമ്മയും ആ ഫോര്‍മുലയാണ് കാനായിലെ കല്യാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ആ ഫോര്‍മുലയാണ് മരിയന്‍ ഉടമ്പടിയില്‍ ഉപയോഗിച്ചിരിക്കുന്നത്. മരിയന്‍ ഉടമ്പടി വയ്ക്കുന്ന മക്കള്‍ കര്‍ത്താവ് പറഞ്ഞത് പോലെ ചെയ്യാന്‍ വേണ്ടി ഓരോ മൂന്ന് മാസവും കൂടുമ്പോഴും ആവശ്യമെങ്കില്‍ ഉടമ്പടി പുതുക്കുന്നത്. ഉടമ്പടിയെടുത്താല്‍ അത് പാലിക്കുന്നുണ്ടോ എന്ന് ഞങ്ങള്‍ നോക്കും. അതല്ലാതെ മറ്റൊന്നും നോക്കാറില്ല.”

കാമ്പയിനുകള്‍ ശക്തിപ്പെട്ടെങ്കിലും കേരള ശാസ്ത്ര സാഹിത്യ പരിഷത് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പരാതികള്‍ നല്‍കിയെങ്കിലും നടപടികളേതും ഉണ്ടായില്ല. പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ ആറിത്തണുത്തു. പ്രതിഷേധിച്ചിരുന്നവരും പ്രതികരിച്ചിരുന്നവരും ഭൂരിഭാഗം പേരും അതില്‍ നിന്ന് പിന്‍വലിഞ്ഞു. അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുക, വ്യാജ ചികിത്സ എന്നിവ തടയുന്നതിനുള്ള നിയമ പ്രകാരം കേസ് എടുക്കണമെന്ന് പരിഷത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസുകള്‍ ഒന്നും ഇതേവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല. എന്നാല്‍ ഇതുകൊണ്ടെന്നും കൃപാസനത്തെ ഇല്ലാതാക്കാനാവില്ല എന്ന ഫാ. വി.പി ജോസഫ് പറയുന്നു.

കൃപാസനത്തെ തൊടാനാവില്ല

“ഉടമ്പടിക്ക് ശേഷം കേരളം ആകെപ്പാടെ മാറിയിട്ടുണ്ട്. ദൈവത്തെ അന്വേഷിക്കുന്നവരുടെ എണ്ണം കൂടി. ദൈവ അനുഭവമുള്ളവരുടെ എണ്ണം കൂടി. വര്‍ഷങ്ങളായുള്ള കടങ്ങള്‍, രോഗങ്ങള്‍, ജോലിയില്ലാതെ അലഞ്ഞ് നടക്കുന്ന് കടംകേറിയ കുടുംബങ്ങള്‍- ഇത്തരക്കാര്‍ക്ക് അനുഭവം കിട്ടിക്കഴിഞ്ഞാല്‍ അവര്‍ പെട്ടെന്ന് ആരും പറയാതെ തന്നെ അനുഭവങ്ങള്‍ പറയും. കൃപാസനത്തിനെതിരെ ഇത്രയും ആരോപണങ്ങള്‍ വന്നു. കൃപാസനത്തേയും എന്നെയും ടാര്‍ജറ്റ് ചെയ്തു. നമ്മളോര്‍ക്കും അണുബോംബിട്ട പോലെ കൃപാസനം തകര്‍ന്നുകാണുമെന്ന്. പക്ഷെ ആളുകള്‍ പിന്നെയും കൂടിക്കൊണ്ടിരിക്കുന്നത് കൃപാസനത്തില്‍ ചെന്നുനോക്കിയാല്‍ മനസ്സിലാവും. സാക്ഷ്യങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു, ശുശ്രൂഷയ്ക്ക് ഒരു മങ്ങലുമില്ല. കൃപാസനത്തിന്റെ അടിത്തറ ജനങ്ങളല്ല, ദൈവാനുഗ്രഹം പ്രാപിച്ച ജനലക്ഷങ്ങളാണ്. ദൈവാനുഭവം പ്രാപിച്ചവനോട് ഒന്നും ചെയ്യാനാവില്ല. അത് അവന്റെ ആന്തരിക ബോധ്യമാണ്. അനുഭവമുള്ള ഒരു സമൂഹം ജീവിക്കുന്നിടത്തോളം കാലം ആശയങ്ങളെക്കൊണ്ട് അവരെ പ്രതിരോധിക്കാന്‍ പാടായിരിക്കും. അതാണ് കൃപാസനം സര്‍വൈവ് ചെയ്ത് പോവുന്നതിന് പിന്നിലുള്ള സത്യം. പട്ടിയെ പേപ്പട്ടിയെന്ന് വിളിച്ചാല്‍ തല്ലിക്കൊല്ലാന്‍ എളുപ്പമാണ്. പക്ഷെ കൃപാസനത്തെ തൊടാനാവില്ല. ഉടമ്പടി ക്രൈസ്തവരെ ടാര്‍ജറ്റ് ചെയ്തുള്ളതാണ്. അക്രൈസ്തവര്‍ക്ക് ഉടമ്പടിയുടെ ഫോര്‍മാറ്റ് നല്‍കില്ല. കാരണം അത് ക്രിസ്തീയ രീതിയിലുള്ള ഒന്നാണ്. എന്നാല്‍ കാന്‍സര്‍ ബാധിച്ച ഒരു അക്രൈസ്തവന്‍ ഓടിവന്നാല്‍ അക്രൈസ്തവനാണ് മാറിനില്‍ക്കാന്‍ പറയില്ല. നിങ്ങള്‍ നിങ്ങളുടെ രീതിയില്‍ പ്രാര്‍ഥിച്ച് പോവാനാണ് പറയുക. മതത്തിന്റെ വക്താവായല്ല, മനുഷ്യന്റെ മുന്നിലാണ് നില്‍ക്കുന്നത്.”

പൗരാണിക കലാ ഗവേഷണത്തിനും പരിശീലനത്തിനുമായുള്ള സ്ഥാപനത്തിന് സര്‍ക്കാര്‍ പണം നല്‍കി സഹായിക്കുന്നു. 2010-ല്‍ തോമസ് ഐസക് എംഎല്‍എ ഫണ്ടില്‍ നിന്ന് കൃപാസനം മ്യൂസിയം നിര്‍മ്മാണത്തിന് നല്‍കിയത് 25 ലക്ഷം രൂപ. പിന്നീട് 2015ല്‍ എ.പി അനില്‍കുമാര്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ ഓഡിറ്റോറിയം നിര്‍മ്മാണത്തിന് പത്ത് ലക്ഷം രൂപ അനുവദിച്ചു. കൃപാസനം പൂര്‍ണമായും മരിയന്‍ ധ്യാനകേന്ദ്രം എന്ന ബാനറിലേക്ക് മാറുമ്പോഴും 2016-17 ബജറ്റില്‍ മന്ത്രി തോമസ് ഐസക് 50 ലക്ഷം കൃപാസനം ഫോക്ക് അക്കാദമിക്കായി അനുവദിച്ചു. എന്നാല്‍ സര്‍ക്കാര്‍ കൃപാസനത്തിന് നല്‍കിയതിനേക്കാള്‍ കൃപാസനം സര്‍ക്കാരിനും പൊതുജനത്തിനുമാണ് സംഭാവനകള്‍ നല്‍കിയിട്ടുള്ളതെന്ന് ഫാ. ജോസഫ് പറയുന്നു

ചവിട്ടുനാടകവും സര്‍ക്കാര്‍ ധനസഹായവും

“അച്ചന്‍ ഇപ്പോള്‍ ചവിട്ടുനാടകം വിട്ടു എന്ന് ചിലര്‍ പറയും. പള്ളിത്തോട്ടില്‍ കഴിഞ്ഞ മെയ് മാസം സമ്പൂര്‍ണ കളരിയാണ് നടന്നത്. സൗദിയില്‍ ഏപ്രില്‍ മാസത്തില്‍ ചവിട്ടുനാടകം നടന്നു. പുതിയ തലമുറയിലേക്ക് ഈ പൈതൃകം കൈമാറണമെങ്കില്‍ സ്‌കൂള്‍ യുവജനോത്സവത്തില്‍ ഇത് മത്സരയിനമാവണമെന്ന് എനിക്ക് തോന്നി. 17 കൊല്ലം അതിനായി പ്രവര്‍ത്തിച്ച് വിജയിച്ചു. പക്ഷെ അപ്പോള്‍ പാരമ്പര്യ കളരികളിലെ ആശാന്‍മാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ പോയി. പാരമ്പര്യ കളരി എട്ട് മുതല്‍ 16 മണിക്കൂര്‍ വരെയാണ്. യുവജനോത്സവത്തില്‍ വന്നപ്പോള്‍ അത് 12 മിനിറ്റ് ആയി. ഒരു തലമുറ കഴിഞ്ഞാല്‍ വിരക്ഷണ ചവിട്ടുനാടമാവും കാണാന്‍ കഴിയുക. അപ്പോള്‍ ഒറിജിനല്‍ ചവിട്ടുനാടകം നഷ്ടപ്പെട്ട് പോവും. അത് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ 12 പാരമ്പര്യ കളരികളെ പുനരുദ്ധരിപ്പിച്ചു. കൊച്ചി മുതല്‍ പള്ളിത്തോട് വരെയുള്ള കളരികള്‍. അവര്‍ ഇപ്പോഴും റിഹേഴ്‌സല്‍ തുടരുന്നുണ്ട്. ഇത് സര്‍ക്കാരോ പൊതുജനമോ പറഞ്ഞിട്ട് തുടങ്ങിയതല്ല. നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായ ഒന്ന് നഷ്ടപ്പെട്ട് പോവുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ സ്വന്തമായിട്ട് തുടങ്ങിയതാണ്. കോസ്റ്റല്‍ ഫോക്ക് ആര്‍ട്ടിനുള്ള ഇന്ത്യയിലെ ഒരേയൊരു ലൈവ് മ്യൂസിയമാണ് കൃപാസനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 45 മിനിറ്റുകൊണ്ട് കേരളത്തിലെ തീരദേശ കലകളെ മനസ്സിലാക്കുന്ന തരത്തിലാണ് മ്യൂസിയം. ആ ആശയം ദൈവം തന്നതാണ്. സര്‍ക്കാര്‍ ഫണ്ട് ചെയ്തു. ഞാനത് നടപ്പിലാക്കി. സര്‍ക്കാര്‍ നല്‍കിയതിലും ഇരട്ടി പണമാണ് അതില്‍ ഇറക്കിയിരിക്കുന്നത്. തോമസ് ഐസക് സാറ് വന്ന് നോക്കിയപ്പോള്‍ തന്നെ അത് മനസ്സിലാക്കിയിട്ടുള്ളതാണ്”.

ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍