UPDATES

ട്രെന്‍ഡിങ്ങ്

കൃപാസനം തടിച്ചുകൊഴുക്കുന്നത് സര്‍ക്കാര്‍ ചിലവില്‍; ചവിട്ടുനാടകം വളര്‍ത്താന്‍ തോമസ്‌ ഐസക് അനുവദിച്ചത് 50 ലക്ഷം, വളരുന്നത് ധ്യാനകേന്ദ്രം

ആരോപണങ്ങള്‍ക്ക് പ്രതികരണം തേടി മന്ത്രി തോമസ് ഐസക്കിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല

ചവിട്ടുനാടകം എന്ന കലാരൂപത്തിന് സംഭവിച്ച അപചയത്തില്‍ നിന്ന് ആ കലയെ പുനരുദ്ധരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടയാളാണ് ഫാ. വി.പി ജോസഫ് വലിയവീട്ടില്‍. താന്‍ കൂടി അംഗമായ ചവിട്ടുനാടക സംഘത്തില്‍ നിന്ന് ലഭിച്ച അറിവുകളേക്കാള്‍ ചവിട്ടുനാടകത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും അന്വേഷിക്കുകയും ചെയ്ത പ്രതിഭ. കളരികള്‍ പുനരുദ്ധരിപ്പിക്കുവാനും കൂട്ടായ പരിശ്രമത്തിലൂടെ ചവിട്ടുനാടകം എന്ന കലാരൂപത്തെ വീണ്ടും ജനങ്ങളിലേക്ക് എത്തിക്കാനും തന്റേതായ പരിശ്രമം വേണമെന്ന് മനസ്സിലാക്കിയ അദ്ദേഹത്തിന്റെ ചിന്തയില്‍ നിന്ന് രൂപംകൊണ്ടതാണ് ‘കൃപാസനം’ എന്ന ആശയം. ചവിട്ടുനാടകം ഉള്‍പ്പെടെ തീരദേശ കലകളുടെ ഗവേഷണത്തിനും പരിശീലനത്തിനും കലകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കുമായി ഒരു സ്ഥാപനം തുടങ്ങുന്നത് അങ്ങനെയാണ്. 1989-ലാണ് കൃപാസനം പൗരാണിക കലാ രംഗപീഡം എന്ന സ്ഥാപനമുണ്ടാവുന്നത്. പിന്നീട് വര്‍ഷങ്ങളോളം ചവിട്ടുനാടക കലയുടെ പുനരുജ്ജീവനത്തിലൂന്നിയ പ്രവര്‍ത്തനങ്ങളിലൂടെ കൃപാസനം പേരെടുത്തു. ഒരു വശത്ത് കലാപ്രവര്‍ത്തനം മുന്നോട്ട് പോവുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ, തീരദേശ ജനതയുടെ പ്രതിനിധിയായും ഫാ. വി.പി ജോസഫ് അച്ചന്‍ മുന്നില്‍ വന്നു. തീരദേശ ജനതയുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും ഫാ.ജോസഫിന്റെ ഇടപെടലുണ്ടായി. സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്ന വി.പി ജോസഫ് വലിയവീട്ടില്‍ എന്ന വൈദികനും അദ്ദേഹം തുടങ്ങിയ കൃപാസനം എന്ന സ്ഥാപനവും ആധ്യാത്മിക പാതയിലേക്കെത്തുന്നത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. എപ്പോള്‍, എവിടെ വച്ച് കൃപാസനത്തിന്റെ രൂപവും ഭാവവും മാറിയെന്നത് ആര്‍ക്കും വ്യക്തമായ മറുപടിയില്ല. എന്നാല്‍ ചെറിയ രീതിയില്‍ മാസത്തില്‍ ഒരു ധ്യാനം എന്ന രീതിയില്‍ തുടങ്ങിയ ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ പിന്നീട് വളര്‍ന്ന് കൃപാസനം എന്ന മരിയന്‍ ധ്യാന കേന്ദ്രത്തിലെത്തി നില്‍ക്കുന്നു. ദിവസേന ആയിരക്കണക്കിനും, പ്രാര്‍ഥനാ ദിനങ്ങളായ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കണക്കില്ലാത്തത്രയും ആളുകളും കൃപാസനത്തിലേക്കെത്തുന്നു. കൃപാസനം എന്ന സ്ഥാപനത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യമായ സാംസ്‌ക്കാരിക പ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും ആത്മീയ കച്ചവടത്തിലേക്ക് സ്ഥാപനം മാറിയെന്ന് ഇതിനിടെ വിമര്‍ശനങ്ങളുയര്‍ന്നു. കൃപാസനം പത്രവുമായും മറ്റും ബന്ധപ്പെടുത്തി നിരവധി കഥകളും പ്രചരിച്ചു. ഇതോടെയാണ് എന്താണ് കൃപാസനത്തില്‍ നടക്കുന്നതെന്ന അന്വേഷണം അഴിമുഖം നടത്തുന്നത്. 

അതിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം: ആത്മീയ വ്യവസായത്തിലേക്കുള്ള ചവിട്ടുനാടകങ്ങള്‍; എന്താണ് കൃപാസനം, അവിടെ നടക്കുന്നതെന്ത്? ആ കഥ

ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ കൃപാസനം ഡയറക്ടര്‍ ഫാ. വി.പി ജോസഫ്  വലിയവീട്ടില്‍ ഇതിന് അഴിമുഖത്തോട് മറുപടി പറഞ്ഞത് ഇങ്ങനെയാണ്:   ‘കൃപാസനത്തെ തൊടാനാവില്ല’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡയറക്ടര്‍ ഫാ. വി.പി ജോസഫ്

എന്നാല്‍ ചവിട്ടുനാടകം എന്ന കലാരൂപത്തെ പുനരുദ്ധരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയും അത് വിജയിപ്പിക്കുകയും ചെയ്ത ഫാ. വി.പി ജോസഫ് വലിയവീട്ടില്‍ ഇതിനായി ലഭിക്കുന്ന സര്‍ക്കാര്‍ ഫണ്ട് എന്ത് ചെയ്യുന്നു? ഞങ്ങളുടെ അന്വേഷണത്തില്‍ മനസിലായത് ഇത് കൃപാസനം ധ്യാനകേന്ദ്രത്തിന്റെ വളര്‍ച്ചയ്ക്കാണ് മുതല്‍ക്കൂട്ടാവുന്നത് എന്നാണ്. അത് ഇവിടെ വായിക്കാം.

ഭാഗം 3

കൃപാസനത്തിന്റെ വളര്‍ച്ച സര്‍ക്കാര്‍ ചെലവില്‍. കൃപാസനം പള്ളിത്തോട് കോസ്റ്റല്‍ ഫോക്ക് അക്കാദമി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നല്‍കിയത് 50 ലക്ഷം. ഉപാധികളില്ലാതെ സര്‍ക്കാര്‍ പണം അനുവദിച്ചിട്ട് രണ്ടര വര്‍ഷം തികയുമ്പോഴും അക്കാദമിയുടെ ശിലാസ്ഥാപനമല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. പകരം ഈ സ്ഥലത്ത് നടക്കുന്നത് ദിവസേനയുള്ള പ്രാര്‍ഥനാ യോഗം. മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ തുകയുപയോഗിച്ചുള്ള നിര്‍മ്മാണങ്ങളെ കൃപാസനം ദുരുപയോഗം ചെയ്യുകയാണെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ് വീണ്ടും അമ്പത് ലക്ഷം നല്‍കി സര്‍ക്കാര്‍ സഹായം. ചവിട്ടുനാടകമുള്‍പ്പെടെ തീരദേശ പൗരാണിക കലകളെ പുനരുജ്ജീവിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്. എന്നാല്‍ ഫോക്ക് അക്കാദമിയുടെ മറവില്‍ പ്രാര്‍ഥനാ കേന്ദ്രമാണ് കൃപാസനം ലക്ഷ്യമിടുന്നതെന്ന വിമര്‍ശനം ശക്തമാണ്.

2016-17 വര്‍ഷത്തെ പുതുക്കിയ ബജറ്റില്‍ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പള്ളിത്തോട്ടില്‍ കൃപാസനം കോസ്റ്റല്‍ ഫോക്ക് അക്കാദമി സ്ഥാപിക്കുന്നതിനായി 50 ലക്ഷം പ്രഖ്യാപിച്ചു. 2017 മാര്‍ച്ച് 31ന് ഈ തുക അനുവദിച്ച് സാംസ്‌ക്കാരിക വകുപ്പ് ഉത്തരവിറക്കി. ബജറ്റ് പ്രസംഗത്തെ അടിസ്ഥാനപ്പെടുത്തി പ്രോജക്ട് പ്രൊപ്പോസല്‍ സമര്‍പ്പിച്ച് കൃപാസനം ഭാരവാഹികള്‍ തുക ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭരണാനുമതി നല്‍കി തുക അനുവദിച്ചു. 2017 നവംബര്‍ നാലിന് മന്ത്രി ഡോ ടി.എം തോമസ് ഐസക് കേരള കോസ്റ്റല്‍ ഫോക്ക് അക്കാദമിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. എന്നാല്‍ തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ പെടുന്ന സ്ഥലമായതിനാല്‍ പഞ്ചായത്ത് നിര്‍മ്മാണത്തിന് അനുമതി നല്‍കിയില്ല. പ്രോജക്ടിന് അനുമതി നല്‍കാത്തതിനാല്‍ തങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ പണം കൈപ്പറ്റിയില്ലെന്ന് കൃപാസനം ഡയറക്ടര്‍ ഫാ. വി.പി ജോസഫ് വലിയവീട്ടില്‍ പറയുന്നു. എന്നാല്‍ കൃപാസനത്തിനായി പണം നല്‍കിയെന്നും മൂന്ന് മാസത്തിനുള്ളില്‍ വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിര്‍ദ്ദേശം കൈമാറിയിരുന്നെന്നുമാണ് സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മറ്റൊരു പ്രദേശത്തേക്ക് അക്കാദമി മാറ്റി സ്ഥാപിക്കാന്‍ കൃപാസനം മറ്റൊരു പ്രൊപ്പോസല്‍  നല്‍കിയെങ്കിലും ഇതും തീരദേശ പരിപാലന നിയമത്തിന് കീഴില്‍ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല.

അക്കാദമിക്കായി കണ്ടെത്തിയിരിക്കുന്ന സ്ഥലം കൃപാസനം ഡയറക്ടര്‍ ഫാ. ജോസഫിന്റെ കുടുംബവീടും സ്ഥലവുമാണ്. “അമ്പത് ലക്ഷം രൂപ തന്നതിന് ഇത്രയും ബഹളം വയ്ക്കുന്നവര്‍ ഒന്ന് മനസ്സിലാക്കണം. ഞാനെന്റെ കുടുംബ സ്വത്ത് സര്‍ക്കാരിന് എഴുതി നല്‍കിയിരിക്കുകയാണ്. ഫോക്ക് അക്കാദമിക്കായി എന്റെ അപ്പന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈമാറിയിരിക്കുകയാണ്” എന്നാണ് ഫാ. ജോസഫ് പറയുനത്. എന്നാല്‍ ഫോക്ക് അക്കാദമി സര്‍ക്കാര്‍ പദ്ധതിയല്ല. സര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കുന്ന കൃപാസനം പദ്ധതിയാണ്. സര്‍ക്കാരില്‍ നിന്ന് ഫണ്ട് തട്ടിയെടുക്കാന്‍ കൃപാസനം ചെയ്യുന്ന പ്രവര്‍ത്തികളുടെ കൂട്ടത്തിലാണ് പള്ളിത്തോട് ഫോക്ക് അക്കാദമി പ്രോജക്ടും എന്ന ആരോപണമാണ് പൊതുപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. ഈ സ്ഥലത്ത് പ്രാര്‍ഥനാ യോഗങ്ങള്‍ നടക്കുന്നതിനെതിരെയും അവര്‍ വിമര്‍ശനമുന്നയിക്കുന്നു. പൊതുപ്രവര്‍ത്തകനായ റോബിന്‍ ചാക്കോ പറയുന്നു: “അച്ചന്റെ കുടുംബവീടും സ്ഥലവുമാണ് ഫോക്ക് അക്കാദമിക്കായി എഴുതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് സര്‍ക്കാരിന് എഴുതി നല്‍കിയതല്ല. ഫോക്ക് അക്കാദമിക്കായി കൃപാസനത്തിന് എഴുതി നല്‍കിയതാണ്. കൃപാസനം സ്ഥാപകനും ഡയറക്ടറുമായ ഫാ. ജോസഫ് തന്റെ പേരിലേക്ക് തന്നെ സ്ഥലം കൈമാറ്റം ചെയ്തതായേ ഇതിനെ കണക്കാക്കേണ്ടതുള്ളൂ. ഇനി അദ്ദേഹം പറയുന്നത് പോലെ സര്‍ക്കാരിനാണ് എഴുതി നല്‍കിയതെങ്കില്‍ എങ്ങനെയാണ് ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്ക് ആ സ്ഥലം ഉപയോഗിക്കുക? അദ്ദേഹത്തിന്റെ കുടുംബവീടാണ് കൃപാസനം ഓഫീസ് ആയി പ്രവര്‍ത്തിക്കുന്നത്. എല്ലാ ദിവസവും അതിന് മുന്നില്‍ പ്രാര്‍ഥനാ യോഗങ്ങള്‍ സംഘടിപ്പിക്കും. പ്രദേശവാസികളും അകലെ നിന്നുള്ളവര്‍ പോലും അവിടെ നടക്കുന്ന പ്രാര്‍ഥനകളില്‍ പങ്കെടുക്കാന്‍ വരും. ഓരോ വര്‍ഷവും അവധിക്കാല ചവിട്ടുനാടക കളരികളുള്‍പ്പെടെ ഒന്നോ രണ്ട് ക്യാമ്പ് സംഘടിപ്പിക്കുന്നതൊഴിച്ചാല്‍ അവിടെ ചവിട്ടുനാടകവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. ഇത്തരത്തില്‍ കലാ ക്യാമ്പുകള്‍ സംഘടിപ്പിച്ച് അതിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്ന് പണം വാങ്ങുന്നുമുണ്ട്. അതിന് പുറമെയാണ് കലാ പുനരുജ്ജീവനത്തിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നത്.”

ചവിട്ടുനാടകമുള്‍പ്പെടെ തീരദേശ പൗരാണിക കലകള്‍ക്കായി 1989ല്‍ തുടങ്ങിയ ആലപ്പുഴ കലവൂര്‍ കൃപാസനം ഇന്ന് പൂര്‍ണമായും മരിയന്‍ ധ്യാന കേന്ദ്രമായി മാറി. ഉടമ്പടി പ്രാര്‍ഥനക്കും ധ്യാനത്തിനും അനുഭവ സാക്ഷ്യങ്ങള്‍ വെളിപ്പെടുത്തുന്നതിനുമായി പതിനായിരക്കണക്കിന് ആളുകള്‍ ദിവസേന കൃപാസനത്തിലേക്കെത്തുന്നു. പൗരാണിക കലാ ഗവേഷണ കേന്ദ്രത്തിനായി സര്‍ക്കാര്‍ ഫണ്ടില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയവും സ്‌റ്റേജും ഉള്‍പ്പെടെ ധ്യാനത്തിനും പ്രാര്‍ഥനയ്ക്കുമാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെതിരെ കാലങ്ങളായി വിമര്‍ശനം ഉയരുന്നുണ്ട്. അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്ന കേന്ദ്രത്തിന് സര്‍ക്കാര്‍ നല്‍കിയ ഫണ്ട് തിരികെ പിടിക്കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് വീണ്ടും അമ്പത് ലക്ഷം കൂടി കൃപാസനത്തിനായി അനുവദിച്ചത്. ആത്മീയ വ്യവസായത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതിന്റെ തെളിവാണിതെന്ന് സാമൂഹിക പ്രവര്‍ത്തകനായ ജോമോന്‍ കടത്തുകടവ് പറയുന്നു: “ചവിട്ടുനാടകത്തിനായാണ് സര്‍ക്കാരുകള്‍ ഫണ്ട് അനുവദിച്ചത്. ചവിട്ടുനാടകത്തിനായി അച്ചന്‍ ചെയ്ത കാര്യങ്ങളുമുണ്ട്. എന്നാല്‍ അതെല്ലാം ഇപ്പോള്‍ എന്തിന് സഹായകമാവുന്നു എന്നതാണ് പ്രശ്‌നം. സര്‍ക്കാര്‍ ഫണ്ടില്‍ നിര്‍മ്മിച്ചതെല്ലാം കൃപാസനം ധ്യാന കേന്ദ്രത്തിന്റെ നടത്തിപ്പിനായാണ് ഉപയോഗിക്കുന്നത്. നല്‍കിയ പണമെല്ലാം തിരികെ പിടിക്കണമെന്നത് ഞങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ ചെയ്തത് നേരെ മറിച്ചാണ്. ഇത്രയും വിമര്‍ശനങ്ങളും പരാതികളുമുള്ളപ്പോള്‍ സര്‍ക്കാര്‍ വീണ്ടും അമ്പത് ലക്ഷം അനുവദിച്ചത് ശരിയായ നടപടിയല്ല. ധാര്‍മ്മികമായും നിയമപരമായും അത് തെറ്റാണ്. എന്നാല്‍ പണം അനുവദിക്കുന്നതിന് പുറമെ അടുത്തകാലത്ത് യുനസ്‌കോ നാഷണല്‍ ഡയറക്ടര്‍ എറിക് ഫോള്‍ട്ട് കേരളത്തില്‍ വന്നപ്പോള്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് കൃപാസനം ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയൊരുക്കിയത്. ഇതിനെല്ലാം മന്ത്രി മറുപടി പറയേണ്ടതുണ്ട്. പൊതുഫണ്ട് നല്‍കി കൃപാസനത്തെ പ്രോത്സാഹിപ്പിക്കാനുള്ള എന്ത് ബാധ്യതയാണ് സര്‍ക്കാരിനുള്ളത്? ചവിട്ടുനാടകവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതില്‍ അല്‍പ്പമെങ്കിലും ന്യായമുണ്ട്. എന്നാല്‍ വര്‍ഷത്തിലൊരിക്കലോ അല്ലെങ്കില്‍ രണ്ട് തവണയോ ചവിട്ടുനാടക അവതരണമോ ക്യാമ്പോ അല്ലാതെ മറ്റൊന്നും ഇതിന്റെ പേരില്‍ നടക്കുന്നില്ല. ഇതെല്ലാം കണക്കിലെടുത്ത് മുമ്പ് നല്‍കിയതും ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ അമ്പത് ലക്ഷവുമുള്‍പ്പെടെ സര്‍ക്കാര്‍ തിരികെ പിടിക്കണം”.

ആരോപണങ്ങള്‍ക്ക് പ്രതികരണം തേടി മന്ത്രി തോമസ് ഐസക്കിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. കൃപാസനവുമായി ബന്ധപ്പെട്ട ഒരു വിഷയങ്ങള്‍ക്കും മന്ത്രി മറുപടി പറയില്ലെന്നും മറുപടി പറയേണ്ട ആവശ്യമില്ലെന്നുമാണ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച പ്രതികരണം.

ചവിട്ടുനാടക കലാ പ്രോത്സാഹനത്തിന് സര്‍ക്കാര്‍ സഹായങ്ങള്‍ കൃപാസനത്തിന് ലഭിക്കുമ്പോഴും ചവിട്ടുനാടക കലാകാരന്‍മാരുടെ അവസ്ഥ എന്താണ്? ചവിട്ടുനാടക കലാകാരനായ മത്തായി പറയുന്നു: “ഒന്നര ലക്ഷം രൂപയെങ്കിലും വേണം തട്ടേല്‍ കേറാന്‍. വേഷവും ചമയവും പരിശീലനവും സ്റ്റേജും എല്ലാംകൂടി അതില്‍ കൂടിയാലേയുള്ളൂ. ഇതൊന്നും ഒരാളെക്കൊണ്ടോ ഒരു സംഘത്തെക്കൊണ്ടോ നടക്കുന്ന കാര്യമല്ല. റിഹേഴ്‌സല്‍ ചെയ്യാന്‍ നല്ലൊരു സ്ഥലം, നല്ലൊരു വേദി ഇതെല്ലാം ഞങ്ങളുടെ സ്വപ്‌നമാണ്. ഒരു നാടകം ചെയ്യണമെന്ന് അച്ചനോട് പറഞ്ഞാല്‍ അച്ചന്‍ സ്റ്റേജ് ഇട്ട് തരാമെന്ന് പറയും. അല്ലെങ്കില്‍ പതിനഞ്ചോ ഇരുപതിനായിരമോ തരും. പക്ഷെ അതുകൊണ്ട് എവിടെയും എത്തുന്നില്ലല്ലോ. ബ്ലേഡ് പലിശക്കാരുടെ കയ്യീന്ന് വാങ്ങിയും കുടുംബശ്രീ വായ്പയെടുത്തും ഒക്കെയാണ് നാടകം അവതരിപ്പിക്കാന്‍ പറ്റുന്നത്. പിള്ളേരൊക്കെ താത്പര്യമെടുത്ത് നാടകത്തിന് വരുന്നുണ്ടെങ്കിലും കയ്യില്‍ പണമില്ലാതെ, പരിശീലനത്തിന് നല്ലൊരു സ്ഥലമില്ലാതെ നാടകവുമായി മുന്നോട്ട് പോവാന്‍ വലിയ ബുദ്ധിമുട്ടാണ്.”

 

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍