UPDATES

കഥയും സിനിമയും ഒക്കെയായി; പക്ഷേ ഇപ്പോഴും ‘മാന്‍ഹോളി’ല്‍ തുടരുന്ന കോളനി ജീവിതം

“ഇനിയും കോളനികളായി നിൽക്കാൻ ഞങ്ങൾക്ക് താൽപ്പര്യമില്ല. സർക്കാർ ഇനിയെങ്കിലും ഞങ്ങളെ സ്വതന്ത്രരായി ജീവിക്കാൻ വിടണം. ഇനിയും കോളനികളല്ല ഞങ്ങൾക്ക് വേണ്ടത്”

കൊല്ലം നഗരത്തിലെ കപ്പലണ്ടിമുക്കിലെത്തിയാൽ നിങ്ങൾക്ക് രണ്ടു കാലഘട്ടങ്ങളെ ഓർമ്മപ്പെടുത്തുന്ന വ്യത്യസ്തങ്ങളായ രണ്ട് ചിത്രങ്ങൾ കാണാനാകും. അതിലൊന്ന് പുതിയ കാലഘട്ടത്തിന്റെ എല്ലാ വികസന സങ്കല്പങ്ങളെയും അടയാളപ്പെടുത്തിയ കൊല്ലം നഗരം. രണ്ടാമത്തേത് കൊല്ലം ലിങ്ക് റോഡിൽ നിന്ന് പത്തടി വച്ചാൽ വികസനമെന്ന ഒരു പ്രക്രിയ ഉണ്ടോയെന്നുപോലും സംശയം തോന്നുന്ന തരത്തിൽ അവികസിതമായൊരു കോളനി. മുൻപ് തോട്ടിപ്പണി തൊഴിലാക്കിയിരുന്നവരുടെ ഒരു ചെറുസമൂഹം താമസിക്കുന്ന ഇടം. സംസ്ഥാന സർക്കാരിന്റെ മികച്ച സിനിമയ്ക്കും സംവിധായികയ്ക്കുള്ള അവാർഡ് നേടിയ ‘മാൻഹോൾ’ സിനിമയിലെ കഥയ്ക്ക് ആധാരമായ കോളനി. സിനിമയിലെ കഥാപാത്രങ്ങളിലേറെയും ഇവിടെയുണ്ട്. മാറ്റമില്ലാത്ത ജീവിതാവസ്ഥയും ദുരിതം പേറുന്ന ജീവിതരീതികളുമായി. ഇവർക്കായി ശബ്ദിക്കാനും അവകാശ പോരാട്ടങ്ങൾക്കുമായി ഇവരല്ലാതെ ആരുമില്ലെന്നുതന്നെ പറയേണ്ടിവരും. ശബ്ദമുയർത്തിയുയർത്തി ശബ്ദമില്ലാതായിപ്പോയവരുടെ മുൻതലമുറകൾ തങ്ങളുടെ പ്രതിഷേധങ്ങൾ തമ്മിൽ തമ്മിൽ പറഞ്ഞു തീർക്കുന്നയിടം വരെയെത്തി നിൽക്കുന്നു കാര്യങ്ങൾ.

“പത്രക്കാരോട് ഞങ്ങളിപ്പോൾ സംസാരിക്കാറില്ല. അവരോടുള്ള വിരോധം കൊണ്ടല്ല. പല മാധ്യമങ്ങളിൽ പലവട്ടം വന്നിട്ടും ഞങ്ങളുടെ അവസ്ഥയ്ക്ക് ഇതേവരെ മാറ്റം വന്നിട്ടില്ല. ഏതാണ്ട് 10 വർഷം മുൻപ് തുടങ്ങി ഞങ്ങളെക്കുറിച്ചു എഴുതിത്തുടങ്ങിയതാണ്. ഏറ്റവുമൊടുവിൽ സിനിമയും വന്നു. എഴുതിയവരേയും സിനിമ നിർമ്മിച്ചവരേയും സർക്കാർ അംഗീകരിച്ചു. എന്നാൽ ഇതിനെല്ലാം ആധാരമായ കുറച്ച് മനുഷ്യരിവിടെ ജീവിക്കുന്നുണ്ട്. അവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ഓരോ തവണ ഓരോരുത്തർ വരുന്നു. ഞങ്ങൾ നിന്നു കൊടുക്കുന്നു. ഞങ്ങളുടെ സമൂഹത്തിന് മാറ്റം വരുമെന്ന തോന്നലുകൊണ്ടാണിത്. സാധാരണ മനുഷ്യർ ജീവിക്കുന്നതുപോലെ ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ്”; കോളനിയിലെത്തിയപ്പോൾ രവികുമാർ എന്ന ചെറുപ്പക്കാരൻ പറഞ്ഞതാണിത്. ‘മാൻഹോളി’ൽ ശ്രദ്ധേയമായ വേഷം ചെയ്തയാളാണ് രവികുമാർ.

ഉച്ചയ്ക്ക് അതിശക്തമല്ലാതെ പെയ്തു തീർന്ന മഴക്കുശേഷം വൈകുന്നേരത്തോടെയായിരുന്നു ഞങ്ങൾ കോളനിയിലെത്തിയത്. കോളനിയുടെ പ്രവേശന കവാടത്തിലും കോളനിക്കുള്ളിലെ കോണ്‍ക്രീറ്റ് പാതകളിലും കൊല്ലം ലിങ്ക് റോഡിൽ നിന്നും ഒഴുകിയെത്തി കെട്ടിക്കിടക്കുന്ന മലിനജലം. കോളനിയിലെ വീടുകളുടെ മുറ്റത്തും ദീർഘനേരം കെട്ടിക്കിടന്നിരുന്ന വെള്ളം മണ്ണിലേക്ക് താഴുന്നതേയുള്ളൂ. വെള്ളം വലിഞ്ഞ പാതകളിലും മുറ്റങ്ങളിലും ഈച്ചകൾ ആർക്കുന്നു. മുറികളിലുമുണ്ട് ഈച്ചകൾ. ഞങ്ങളെക്കണ്ട് വീടിന് പുറത്തേക്ക് വന്ന കോളനിയിലെ പാപ്പാത്തിയമ്മ പറഞ്ഞു: “മഴയൊന്നു ചാറിയാൽ ഞങ്ങടെ കോളനി വെള്ളത്തിലാകും. മഴ കനത്താൽ മുറികളിലും വെള്ളം കയറും. റോഡ് പൊക്കം കൂട്ടിയത് മുതലാണ് വെള്ളം കോളനീലേക്കെത്താൻ തുടങ്ങീത്. റോഡിന്‌ പൊക്കം കൂടിയതിനനുസരിച്ച് ഞങ്ങൾ ഞങ്ങടെ മുറ്റവും മണ്ണിട്ട് പൊക്കി. ഇപ്പൊ വീട്ടിനകത്തെക്കുള്ള പടിയുടെ മൂന്ന് പടികളും മണ്ണിനടിയിലാണ്. ഇനി എവിടേക്കാണ് മണ്ണിട്ട് പൊക്കുക?” കോളനിയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് 75 വയസ്സുള്ള പാപ്പാത്തിയമ്മ. പാപ്പാത്തിയമ്മയുടെ വാക്കുകളിൽ സത്യമുണ്ടെന്ന് കോളനിക്ക് ചുറ്റുമൊന്നു നടന്നാൽ വ്യക്തമാകും.

കൊല്ലത്തേക്ക് കോളനി നിവാസികളുടെ പിന്മുറക്കാർ വന്ന ചരിത്രം.

1920 – 1921കളിലാണ് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നായി ചക്കിലിയൻ വിഭാഗക്കാരെ ശുചീകരണ ജോലികൾക്കായി കേരളത്തിലേക്ക് കൊണ്ടുവരുന്നത്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്നത് കുഴി കക്കൂസുകളായിരുന്നു. ഇത് വൃത്തിയാക്കുന്നതിന് വേണ്ടിയായിരുന്നു ഇവരെ കൊണ്ടുവന്നത്. ഇതേ കാലഘട്ടത്തിൽ തന്നെയാണ്‌ അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗവും ഇന്നത്തെ തമിഴ്‌നാടിന്റെ ഭാഗവുമായ ചെങ്കോട്ട താലൂക്കിലെ വിവിധ ഗ്രാമങ്ങളിൽ നിന്ന് ചക്കിലിയൻ സമുദായങ്ങൾ കൊല്ലത്തെത്തുന്നത്. തമിഴ്‌നാട്ടിലെ ജമീന്ദാർമാർ വഴി നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും ജോലിക്കായി ഇവരെ റിക്രൂട്ട് ചെയ്യുകയായിരുന്നു. ഉയർന്ന കൂലിയും മെച്ചപ്പെട്ട താമസ സൗകര്യവും വാഗ്ദാനം ചെയ്തായിരുന്നു ഇവരെ കൊല്ലത്തേക്ക് കൊണ്ടു വന്നത്. എന്നാൽ പറഞ്ഞ വാക്കുകൾക്ക് വിരുദ്ധമായി അന്ന് കൊല്ലം നഗരത്തിൽ നിന്നും ദൂരെ മാറി ശ്മശാനത്തിനോട് ചേർന്ന സ്ഥലത്തേക്ക് ഇവരെ കൂട്ടത്തോടെ ഒതുക്കി. അതിരാവിലെ അഞ്ചോടെ ചൂലും ബക്കറ്റുമായി ഇറങ്ങുന്ന ഇവർ രാവിലെ ഏഴോടെ തെരുവിലെ കുഴി കക്കൂസുകൾ വൃത്തിയാക്കി മടങ്ങും. ക്രമേണ ശ്മശാനത്തിനോട് ചേർന്ന സ്ഥലത്ത്‌ മുനിസിപ്പാലിറ്റി ഇന്ന് കാണുന്ന വീടുകൾ വച്ചു കൊടുത്തു. റേഷൻ കാർഡ്, ആധാർ കാർഡ് , വോട്ടവകാശം എല്ലാമുണ്ടെങ്കിലും ഇന്നും ഇവർക്ക് സ്വന്തം പേരിൽ വീട്‌ മാത്രമില്ല.

മരണനിരക്ക് കൂടുതൽ

കുഴി കക്കൂസുകൾ ആധുനികവത്ക്കരിച്ചതോടെ ശുചീകരണ ജോലിയുടെ അപകട സാധ്യതയും ആരോഗ്യപ്രശ്നങ്ങളും വർദ്ധിച്ചു. അമോണിയ, മീഥേൻ, നൈട്രജൻ, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങി അപകടകരമായ വിഷവാതകങ്ങൾ അടങ്ങിയിട്ടുള്ള സെപ്റ്റിക് ടാങ്കുകൾ
യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളോ മുൻകരുതലുകളോ ഒന്നുമില്ലാതെയാണ് ഇവർ വൃത്തിയാക്കിയിരുന്നത്. അതുകൊണ്ടു തന്നെ ശുചീകരണ സമയത്ത് അപകട മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന് പുറമെ രോഗബാധിതരായി മരിച്ചവരും നിരവധിയാണ്.
കോളനിയിലെ ശുചീകരണത്തൊഴിലാളികളിൾ പകുതിയിലേറെപ്പേരും 50 വയസ്സിനു മുൻപേ പലതരം രോഗങ്ങൾ പിടിപെട്ട് മരിച്ചവരാണ്. അതുകൊണ്ടു തന്നെ ഇവരുടെയിടയിൽ ആശ്രിത നിയമനങ്ങളായിരുന്നു കൂടുതലും.

ആദ്യ സിനിമയാണ്; പക്ഷേ പറയുന്നത് നമ്മുടെ ഇടയിലെ ജീവിതങ്ങളെക്കുറിച്ചാണ്- വിധു വിന്‍സെന്‍റ്/അഭിമുഖം

പരിമിതമായ സ്ഥലസൗകര്യം. സുരക്ഷിതമല്ലാത്ത വീട്‌

കൊല്ലം ലിങ്ക്‌ റോഡിനോട് ചേർന്ന് 80 സെന്റ് സ്ഥലത്താണ് കോളനി നിൽക്കുന്നത്. 67 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഏകദേശം 50 വർഷങ്ങൾക്ക് മുൻപ് മുനിസിപ്പാലിറ്റി നിർമ്മിച്ചു കൊടുത്ത വീടുകളിലാണ് (ക്വർട്ടേഴ്‌സുകൾ) ഇവർ ഇപ്പോഴും താമസിക്കുന്നത്. രണ്ടും മൂന്നും വീടുകൾക്കായുള്ളത് ഒറ്റ മേൽക്കൂര. കാലപ്പഴക്കം മൂലം ഏതു നിമിഷവും നിലംപൊത്തി വീഴാവുന്ന അവസ്ഥയിലാണ് ഓരോ വീടും. വീടുകളുടെ ഭിത്തികൾ പലയിടത്തും വിണ്ടു നിൽക്കുന്നു. ഏകദേശം 300 ചതുരശ്രയടിയിൽ താഴെ മാത്രം വരുന്ന കൊച്ചുകൊച്ചു വീടുകൾ. കിടപ്പുമുറി, സന്ദർശകമുറി എന്നൊക്കെ വിശേഷിപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള മുറികളൊന്നുമല്ല. രണ്ടു മുറിയും അടുക്കളയും എന്നു വേണമെങ്കിൽ പറയാം. സന്ദർശകമുറിയിൽ നിന്ന് നോക്കിയാൽ കാണുന്ന വാതിലുകളില്ലാത്ത അടുത്ത മുറിയാണ് ഇവരുടെ കിടപ്പുമുറി. അടുക്കളുടെ പിന്നാമ്പുറത്തായി കുടിവെള്ള പൈപ്പ്, കക്കൂസ്, കുളിമുറി, അലക്കുവാനുള്ള സൗകര്യം, സെപ്റ്റിക് ടാങ്ക് എന്നിവ. ഇവിടെ വന്നടിയുന്ന മലിനജലം പുറത്തേക്ക് ഒഴുക്കിവിടാനും സംവിധാനമില്ല.

സഫലമാകാതെ പോയ കേന്ദ്രസർക്കാരിന്റെ പുനരധിവാസ നിയമം.

2013 സെപ്റ്റംബറിൽ ഇന്ത്യൻ പാർലമെന്റ് തോട്ടിപ്പണി (manual scavenging) നിരോധിക്കുകയും ഇത്തരം തൊഴിലിൽ ഏർപ്പെട്ടിരുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി നിയമം (ദി
പ്രൊഹിബിഷൻ ഓഫ് എംപ്ലോയ്‌മെന്റ് അസ് മാന്വൽ സ്‌കാവഞ്ചേഴ്‌സ് ആൻഡ് റീഹാബിലിറ്റേഷൻ ആക്ട് 2013) കൊണ്ടുവരികയും ചെയ്തു. എന്നാൽ യാതൊരു പുനരധിവാസ പദ്ധതിയും ഇതേവരെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. കോളനി നിവാസികളുടെ നിരന്തരമായ പരാതിയെത്തുടർന്ന് നാലു വർഷം മുൻപ് കോളനിയുടെ ഓടിട്ട മേൽക്കൂര മാറ്റി ഷീറ്റിട്ടിരുന്നു. കോളനിക്കകത്തെ പാതകൾ കോണ്‍ക്രീറ്റ് ചെയ്യുകയും വീടുകളിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുകയുമുണ്ടായി. ഇതാണ് സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് കോളനിക്കായി ചെയ്ത ആകെയുള്ള വികസന പ്രവൃത്തികളെന്ന് കോളനി നിവാസികൾ പറയുന്നു. ഒൻപത് വർഷം മുൻപ് ഇവരെ പുനരധിവസിപ്പിക്കുന്നതിനായി കാക്കത്തോപ്പിൽ ഒന്നരയേക്കർ സ്ഥലം കൊല്ലം കോർപ്പറേഷൻ അനുവദിച്ചിരുന്നു. എന്നാൽ അവിടെ വീടുകൾക്ക് പകരം ഫ്ലാറ്റ് നിർമ്മിക്കാനാണ് കോർപ്പറേഷന്റെ തീരുമാനമെന്ന് മനസ്സിലാക്കിയതോടെ അവിടെ പോയി താമസിക്കാൻ തങ്ങള്‍ വിസമ്മതിക്കുകയായിരുന്നുവെന്നും കോളനി നിവാസികൾ പറയുന്നു.

കോളനിനിവാസികളുടെ ആവശ്യം

യാതൊരു സൗകര്യവുമില്ലാത്ത സ്ഥലത്ത് ഞങ്ങളെങ്ങനെ പോയി താമസിക്കും? മാത്രവുമല്ല ഇനിയും കോളനികളായി നിൽക്കാൻ ഞങ്ങൾക്ക് താൽപ്പര്യമില്ല. സർക്കാർ ഇനിയെങ്കിലും ഞങ്ങളെ സ്വതന്ത്രരായി ജീവിക്കാൻ വിടണം. ഇനിയും കോളനികളല്ല ഞങ്ങൾക്ക് വേണ്ടത്. ഞങ്ങൾക്ക് വ്യക്തിഗത ആനുകൂല്യങ്ങൾ നൽകി മറ്റ്‌ സമൂഹത്തോടൊപ്പം താമസിക്കാൻ സൗകര്യം ചെയ്തു തരണം. എന്നാൽ മാത്രമേ കോളനി ജീവിതത്തിന്റെ പരിതാപകരമായ അവസ്ഥയിൽ നിന്നും ഞങ്ങൾക്ക് മോചനം കിട്ടു. അതിന് കഴിയുന്നില്ലെങ്കിൽ നിലവിലുള്ള സ്ഥലത്ത് വാസയോഗ്യമായ ഫ്‌ളാറ്റുകൾ നിർമ്മിച്ചു തരണം”.

കൊല്ലം നഗരസഭ മേയർക്ക് പറയാനുള്ളത്.

നിലവിൽ അവർ താമസിക്കുന്ന സ്ഥലത്തിന് പട്ടയം കൊടുക്കണമെന്നാണ് അവരുടെ ആവശ്യം. അക്കാര്യത്തിൽ സർക്കാരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. കോളനി നിൽക്കുന്ന സ്ഥലത്തു തന്നെ ഫ്ലാറ്റ് നിർമ്മിച്ചു കൊടുക്കുന്ന കാര്യവും ഒപ്പം ചർച്ച ചെയ്യും.

ദിവ്യ ഭാരതി/അഭിമുഖം; ആദ്യം തകര്‍ക്കേണ്ടത് വീടിനുള്ളിലേയും പാര്‍ട്ടിക്കുള്ളിലേയും ഹിന്ദുത്വയെയാണ്

സുസ്ഥിര വികസന കേരളമേ, ഇതാ ഒരു കോളനി ജീവിതം; വീടില്ല, കക്കൂസില്ല, വെള്ളമില്ല…

ഗോവിന്ദാപുരം; ജാതിരഹിത, ആധുനിക കേരളമെന്ന മേനി പറച്ചില്‍ ഇവിടെ തകരുകയാണ്

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍