UPDATES

എന്നോ മരിച്ചുപോയ മീനന്തറയാര്‍ തേടിയിറങ്ങിയ കോട്ടയത്തെ ഒരുകൂട്ടം മനുഷ്യര്‍, അവര്‍ തിരിച്ചു പിടിച്ചത് 1200 കി.മീ ജലവ്യൂഹവും 3000 ഏക്കര്‍ നെല്‍പ്പാടങ്ങളും

സിഎംഎസ് കോളേജിലെ രസതന്ത്രം അധ്യാപകനായിരുന്ന പ്രൊഫ. ജേക്കബ് ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ക്ക് ഒപ്പം സംസ്ഥാന സര്‍ക്കാരും എല്ലാ സഹായങ്ങളുമായി കൂടെനിന്നു

‘ആറ്റിലിറങ്ങരുത്. എലിപ്പനി ബാധയ്ക്ക് സാധ്യത’ നാഗമ്പടം മീനന്തറയാറിന്റെ കരകളില്‍ കോട്ടയം നഗരസഭ ഇങ്ങനെയൊരു ഫ്ലക്‌സ് വലിച്ചുകെട്ടി; ഏതാണ്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ആറ്റിലിറങ്ങിയ രണ്ട് പേര്‍ക്ക് എലിപ്പനി ബാധിച്ചു. അതില്‍ ഒരാള്‍ മരിച്ചു. തുടര്‍ന്ന് നഗരസഭ നല്‍കിയ മുന്നറിയിപ്പായിരുന്നു ആ ഫ്ലക്‌സ് ഷീറ്റ്. മീനന്തറയാറിന്റെ ഓരത്താണ് സിഎംഎസ് കോളേജിലെ രസതന്ത്രം അധ്യാപകനായിരുന്ന പ്രൊഫ. ജേക്കബ് ജോര്‍ജ് താമസിക്കുന്നത്. ഒരിക്കല്‍ ഉത്സവങ്ങളും ആനന്ദങ്ങളും നല്‍കിയിരുന്ന പുഴ ഇന്ന് ആളുകള്‍ തൊടാന്‍ അറയ്ക്കുന്ന, മരണഭയത്താല്‍ കാലൊന്ന് നനയ്ക്കാന്‍ മടിക്കുന്ന ഒന്നായി മാറിയതില്‍ അദ്ദേഹം വേദനിച്ചു. ആ വേദനയില്‍ നിന്നാണ് വിപ്ലവമുണ്ടായത്. കോട്ടയത്തെ കേരളത്തിന്റെ മാതൃകയാക്കാവുന്ന തരത്തില്‍ ഒരു വിപ്ലവം.

“അപ്പനപ്പൂപ്പന്മാരുടെ കാലം മുതല്‍ ഈ ആറിന്റെ കരയിലാണ് ഞങ്ങള്‍. ഞാനുണ്ടായതും വളര്‍ന്നതും ഇപ്പോള്‍ ജീവിക്കുന്നതുമെല്ലാം ഇവിടെ തന്നെ. മീനച്ചിലാറിന്റെ കൊച്ചു കൈവഴിയാണ് മീനന്തറയാര്‍. അത് മീനച്ചിലാറിനോട് വന്ന് ചേരുന്നത് എന്റെ തറവാട് വീടിന്റെയടുത്തായിരുന്നു. കുടുംബത്തിലുള്ളവരെപ്പോലെ അടുപ്പമായിരുന്നു ആ പുഴയാട്. ഒരു തരം സ്പിരിച്വല്‍ അറ്റാച്ച്‌മെന്റ്. ഒരുപാട് മീനും നല്ല തെളിനീരും, അതായിരുന്നു മീനന്തറയാര്‍. വളരെ പതിയെ അത് ഇല്ലാതാവാന്‍ തുടങ്ങി. 25-30 വര്‍ഷം കൊണ്ടാണ് അത് സംഭവിക്കുന്നത്. ഞാന്‍ സിഎംഎസ് കോളേജില്‍ കെമിസ്ട്രി അധ്യാപകനായാരുന്നു. പക്ഷെ അതിലുപരിയായി എന്റെ പ്രധാന പഠന വിഷയം വെള്ളം ആയിരുന്നു. വെള്ളത്തിന്റെ സയന്റിഫിക്, സ്പിരിച്വല്‍, എക്കണോമിക്കല്‍ വശങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. പഠിച്ചുകൊണ്ടേയിരുന്നതിനാല്‍ വെള്ളമാണ് ഏറ്റവും പ്രഷ്യസ് ആയതെന്നും അത് പോയാല്‍ പോയി എന്നും എനിക്കറിയാമായിരുന്നു. റിട്ടയര്‍മെന്റ് കഴിഞ്ഞ് വീട്ടിലിരിക്കാന്‍ തുടങ്ങിപ്പോഴാണ് പുഴയെ ശ്രദ്ധയോടെ നോക്കാന്‍ തുടങ്ങിയത്. അപ്പഴേക്കും ഒരു കാലത്ത് ഞങ്ങള്‍ ആഘേഷമാക്കിയിരുന്ന പുഴ നശിച്ച് നാറാണക്കല്ലായിപ്പോയിരുന്നു.

നല്ല മണലാണ് മീനച്ചിലേലയും മീനന്തറയിലേയും. ആ മണല്‍ പലരും കടത്തിക്കൊണ്ട് പോയി. പായല്‍ വന്നടിഞ്ഞ് മല പോലെയായി. നാട്ടുകാര്‍ ടോയ്‌ലറ്റ് ഔട്ട്‌ലറ്റ് പോലും പുഴയിലേക്ക് വച്ചിരിക്കുന്നു. പുഴക്കരയിലുള്ള ഇല്ലികള്‍ വീണ്, അത് ആരും നീക്കം ചെയ്യാതെ അതില്‍ തങ്ങി പായലും മറ്റ് മാലിന്യങ്ങളും അടിഞ്ഞു. അതായിരുന്നു അവസ്ഥ. സങ്കടം തോന്നി. ഞങ്ങളെയൊക്കെ നിലനിര്‍ത്തിയിരുന്ന ഒരു ജീവനാണ് പിടഞ്ഞുകൊണ്ടിരുന്നത്. ജൂണില്‍ മഴ പെയ്ത് തുടങ്ങുമ്പോള്‍ ആറില്‍ വെള്ളം നിറയും. അപ്പോള്‍ മീന്‍ കയറി വരും. ഞങ്ങള്‍ അതിന് ‘ഊത്ത’ എന്നാണ് പറയാറ്. ധാരാളം കുട്ടികളുമെല്ലാം വന്ന് ഊത്തപിടിക്കും. ആറിന്റെ കരകളില്‍ ഉത്സവം തന്നെയായിരിക്കും. പക്ഷെ സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത തരത്തില്‍ പുഴയങ്ങ് നശിച്ചുപോയി. 2017 ജൂണ്‍ മാസത്തില്‍ മഴ തുടങ്ങി. ഊത്ത വരണ്ട സ്ഥാനത്ത് പുഴയിലൂടെ കരിയോയില്‍ ഒഴുകാന്‍ തുടങ്ങി. ഏതാണ്ട് രണ്ടാഴ്ചയോളം അത് തുടര്‍ന്നു. എന്താണ് കാരണമെന്ന് ആര്‍ക്കും എത്തും പിടിയും കിട്ടിയില്ല. പായലും ഇലകളും ചീഞ്ഞ് വരുന്ന എണ്ണയുടെ അംശമാണെന്ന് ചിലര്‍, എംആര്‍എഫ് കമ്പനിയില്‍ നിന്നുകൊണ്ടുവന്നിടുന്ന മാലിന്യങ്ങളില്‍ നിന്നാണിതെന്ന് മറ്റുചിലരും. മീനുകളെല്ലാം ചത്തുപൊങ്ങി. മീന്‍ പിടിക്കാന്‍ പിള്ളേരാരും എത്തിയില്ല. ഇക്കാര്യം കളക്ടര്‍, എംഎല്‍എ, നഗരസഭ, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് തുടങ്ങി എല്ലാവരേയുും അറിയിച്ചു. വിളിച്ചും നേരിട്ടും പറഞ്ഞു. എന്നാല്‍ ഫണ്ട് ഇല്ല എന്ന് പറഞ്ഞ് എല്ലാവരും ഡിസ്‌കറേജ് ചെയ്തു.”

പിന്നീട് ഗ്രീന്‍ ഫ്രറ്റേണിറ്റിയുണ്ടായി. പ്രൊഫ. ജേക്കബ് ജോര്‍ജ് അടക്കം 15 പേരുടെ നേതൃത്വത്തില്‍ 100 അംഗങ്ങള്‍. മീനന്തറയാറിനെ രക്ഷിക്കാന്‍ മാത്രമായി ഉണ്ടായ കൂട്ടായ്മയാണ് ഗ്രീന്‍ ഫ്രറ്റേണിറ്റി. “ഇത് ചെയ്യേണ്ടവരെല്ലാം കയ്യൊഴിഞ്ഞപ്പോള്‍ കൂട്ടായ്മയില്‍ അംഗമായ എന്റെ സുഹൃത്ത് ഗോപു നട്ടാശേരിയോട്, നമുക്കിത് നന്നാക്കിയെടുക്കാമെടോ എന്ന് ഞാന്‍ പറഞ്ഞു.”  “എന്റെ പൊന്നു സാറേ, നിസ്സാര പൈസ പോര, നല്ല ചെലവ് വരും, നമ്മളെക്കൊണ്ട് ഒറ്റയ്ക്ക് ഒക്കത്തില്ല” എന്ന് ഗോപു പറഞ്ഞു. പക്ഷെ അപ്പോ ഞാന്‍ പറഞ്ഞ ഒരു കാര്യമുണ്ട്. “നമ്മുടെ വീട്ടിലെ അനുജനോ അനുജത്തിക്കോ അസുഖം വന്നു എന്ന് വയ്ക്കുക. എത്ര പണം ചെലവഴിച്ചും നമ്മള്‍ ചികിത്സിക്കും. അവരുടെ ജീവന്‍ രക്ഷിക്കാന്‍ നോക്കും. ആറിനെ നമ്മുടെ വീട്ടിലെ കുഞ്ഞനുജത്തിയായി കണ്ടാല്‍ മതി. അവള്‍ക്കൊരു അസുഖം വന്നു. എന്ത് വിലകൊടുത്തും നമുക്കത് മാറ്റിയെടുക്കണം. അതിന് എന്റെ കയ്യിലുള്ള പണം ചെലവാക്കുമെന്ന് പറഞ്ഞു.”

പക്ഷെ അപ്പോഴാണ് അടുത്ത പ്രതിസന്ധി ഇവരെ കാത്തിരുന്നത്. ആറ്റിലിറങ്ങിയയാള്‍ എലിപ്പനി ബാധിച്ച് മരിച്ചതോടെ ആരും വെള്ളത്തിലിറങ്ങാന്‍ തയ്യാറായിരുന്നില്ല. റോഡ് സൗകര്യം വന്നതോടെ പ്രദേശത്ത് എവിടെയും വള്ളവും കിട്ടിയില്ല. ഒടുവില്‍ എഴ് കിലോമീറ്റര്‍ അപ്പുറമുള്ള നീലിക്കാട് പോയി വള്ളവും അതില്‍ അഞ്ച് പണിക്കാരേയും കൊണ്ടുവന്നു. ഏഴ് കിലോമീറ്റര്‍ വള്ളത്തില്‍ തുഴഞ്ഞാണ് അവര്‍ എത്തിയത്. “ഒരു മിന്നല്‍ പരിപാടിയായിരുന്നു എല്ലാം. ആറ് ചാവരുതെന്ന് മാത്രമേ നമുക്കുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഒന്നും നോക്കിയില്ല. പക്ഷെ നമുക്ക് കിട്ടിയത് അഞ്ച് മിടുക്കന്‍മാരെയായിരുന്നു. അവര്‍ ജോലി തുടങ്ങുമ്പോള്‍ ആറിന്റെ ഒഴുക്ക് നിലച്ചിരിക്കുകയായിരുന്നു. ഇരുവശവും തിട്ടകള്‍ വന്ന് കൊതുമ്പുവള്ളത്തിന് മാത്രം പോവാവുന്ന സ്ഥലമേയുണ്ടായിരുന്നുള്ളൂ. വീണുകിടന്ന ഇല്ലികള്‍ ബണ്ടുകളായിരുന്നു. ഏറെ പണിപ്പെട്ടാണ് അവരതെല്ലാം കുത്തിപ്പൊട്ടിച്ച് ഒഴുക്കി വിട്ടത്. ആ പിള്ളേര്‍ തോണിയില്‍ കയറി പണി തുടങ്ങുമ്പോള്‍ വെള്ളത്തിലിറങ്ങിയാല്‍ ചത്തുപോവുമെന്ന് ആറ്റിന്റെ കരയില്‍ നിന്ന് പലരും പറഞ്ഞുകൊണ്ടേയിരുന്നു. അവന്‍മാര്‍ അതൊന്നും മൈന്‍ഡ് ചെയ്തില്ല. അവരുടെ കൂടെ ഞാനും വള്ളത്തില്‍ കയറി. എങ്ങാനും ആര്‍ക്കെങ്കിലും അപകടം പറ്റിയാല്‍ അതിനൊപ്പം ഞാനും കൂടി പോവട്ടെ എന്നായിരുന്നു മനസ്സില്‍. ഗോപുവും അഡ്വ. സന്തോഷും എല്ലാം എല്ലാ പ്രവര്‍ത്തനത്തിനും കൂട്ടായി നിന്നു. അഞ്ച് പേര്‍ 14 ദിവസം രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെ പണിയെടുത്തു. ആരും പറഞ്ഞിട്ടല്ല. കൂലി കൊടുത്തിട്ടാണാ ജോലി ചെയ്യുന്നതെങ്കിലും നമ്മുടെ ഇന്റന്‍ഷന്‍ അറിഞ്ഞപ്പോള്‍ അവര്‍ ഡിവോട്ടഡ് ആയി ജോലി ചെയ്തു. പതിനാലാംപക്കം- മറ്റേ ആറ്റില്‍ നിന്ന് മീനന്തറയിലേക്ക് നല്ല മനോഹരമായ വെള്ളം കയറിയിങ്ങ് വന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അച്ചീവിമെന്റ് ആയിരുന്നു അത്. ഒരു വലിയ മൊമന്റമായി ഞാനത് ഡോക്യുമെന്റ് ചെയ്ത് വച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഒഴുകാതെ കിടന്ന ആറിലൂടെ നല്ല വെള്ളം കയറി ഒഴുക്ക് തുടങ്ങി.നാലഞ്ച് കിലോമീറ്റര്‍ മാത്രമേ എനിക്ക് നന്നാക്കാനായുള്ളൂ. വളരെയധികം പണച്ചെലവുള്ള കാര്യമായിരുന്നു. എന്റെ കയ്യിലെ പണം തീര്‍ന്നു. പിന്നെ എന്ത് ചെയ്യുമെന്ന് അറിയാതെ ഇരിക്കുകയായിരുന്നു. പക്ഷെ പിന്നീട് അതിശയിപ്പിക്കുന്ന പോലൊരു മാസ് മൂവ്‌മെന്റാണ് കണ്ടത്. കോട്ടയം ഒരു മാതൃകയാവുന്ന തരത്തില്‍ വലിയൊരു മൂവ്‌മെന്റ്. അതിന് ഞാനൊരു കാരണമായി എന്നതില്‍ എനിക്ക് വളരെയധികം അഭിമാനമുണ്ട്. ഞാനൊരു ലേഖനം എഴുതുന്നുണ്ട്. ‘ ദ ബെസ്റ്റ് മണി ഐ ഹാവ് എവര്‍ സ്‌പെന്റ്’ എന്നായിരിക്കും അതിന്റെ തലക്കെട്ട്.”

‘നദീ സംയോജന പദ്ധതി’

ഗോപുവും അഡ്വ. സന്തോഷ് കണ്ടഞ്ചിറയും ചേര്‍ന്നാണ് അഡ്വ. കെ അനില്‍കുമാറിനെ കാണുന്നത്. അഞ്ച് കിലോമീറ്റര്‍ വൃത്തിയാക്കിയതിനെ തുടര്‍ന്ന് പണമില്ലാത്തതിനാല്‍ നിര്‍ത്തിവച്ച മീനന്തറയാറിന്റെ പുനരുദ്ധാരണം അനിലിനെ അറിയിച്ചു. ഇനിയെന്ത് ചെയ്യാനാവും എന്നതായിരുന്നു അവര്‍ക്ക് മുന്നിലുള്ള സംശയം. എന്നാല്‍ ഗ്രീന്‍ ഫ്രറ്റേണിറ്റി ഉണ്ടാക്കിയ ഊര്‍ജ്ജത്തില്‍ നിന്ന് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ‘നദീ സംയോജന പദ്ധതി’ക്ക് ഒരുക്കംകൂട്ടി. പുഴകളെ മാത്രമല്ല, അവയെ ബന്ധിപ്പിക്കുന്ന ഉറവകളേയും തോടുകളേയും കൂടി പുനരുജ്ജീവിപ്പിച്ചാലേ ശാശ്വത പരിഹാരമാവൂ എന്ന് ഈ കൂട്ടായ്മ ഉറപ്പിച്ചു. അഡ്വ. അനില്‍കുമാര്‍ പറയുന്നു: “മീനന്തറയാര്‍ പുനരുജ്ജീവിപ്പിക്കാന്‍ ഗ്രീന്‍ ഫ്രറ്റേണിറ്റി നടത്തിയ ശ്രമങ്ങള്‍ ഫണ്ടില്ലാത്തതിനാല്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ആ പോരായ്മകൂടി പരിഹരിച്ച് വേണം മുന്നോട്ട് പോവാന്‍ എന്നായിരുന്നു ആലോചന. മീനച്ചില്‍-മീനന്തറ-കുറൂരാര്‍ ഈ മൂന്ന് നദികളെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം അവയെ പരസ്പരം കണക്ട് ചെയ്യുന്ന, അവയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാ തോടുകളേയും ഉറവകളേയും പുനരുജ്ജീവിക്കണം എന്ന് തന്നെ ഉറപ്പിച്ചു. കൈത്തോടുകളും ഉറവകളും സജീവമാക്കിയാലേ വര്‍ഷങ്ങളായി തരിശുകിടക്കുന്ന ഇവിടുത്തെ നിലങ്ങളില്‍ കൃഷി മടക്കിക്കൊണ്ടുവരാന്‍ സാധിക്കുമായിരുന്നുള്ളൂ. ജലവ്യൂഹത്തെ തന്നെ സംരക്ഷിക്കാനായി, അവയുടെ പുനര്‍സംയോജനത്തിനായി നദീസംയോജന പദ്ധതി ഉണ്ടാക്കി. അതിനായി ഒരു കൂട്ടായ്മ രൂപീകരിച്ചു. 3000 കിലോമീറ്ററാണ് തോടും ആറും എല്ലാ ചേര്‍ന്ന്. അത് തിരികെ കൊണ്ടുവരണമെങ്കില്‍ പണം വേണമായിരുന്നു. ജനപങ്കാളിത്തം ഒന്നുകൊണ്ട് മാത്രം ഒന്നേകാല്‍ കോടി രൂപ പിരിച്ചു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 3000 കിലോമീറ്ററില്‍ 1200 കിലോമീറ്റര്‍ ജലവ്യൂഹം (ഉറവകള്‍, കൈത്തോടുകള്‍, നദികള്‍ ഉള്‍പ്പെടെ) വെട്ടിത്തെളിച്ചു. ഞങ്ങള്‍ നടന്നപ്പോള്‍ ഞങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാരും എത്തി. ധനമന്ത്രി എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത് കൂടെ നിന്നു. ഹരിത കേരളമിഷന്‍, ശുചിത്വമിഷന്‍, ജലം, കൃഷി, വൈദ്യുതി വകുപ്പുകള്‍, തദ്ദേശസ്ഥാപനങ്ങള്‍ എല്ലാം ഇന്ന് ഞങ്ങളോട് സഹകരിച്ചുണ്ട്. 30 സംഘടനകളും സാധാരണ ജനങ്ങളും ഉള്‍പ്പെടുന്ന വലിയൊരു കൂട്ടായ്മയാണ് ഞങ്ങള്‍ രൂപീകരിച്ചത്. 65 ജനകീയ കമ്മറ്റികള്‍ തന്നെയുണ്ട്. ഇനിയും ഏറെ ദൂരം പോവാനുണ്ട്.’ നദീ സംയോജന പദ്ധതി വഴി കോട്ടയത്തെ പുഴകളും തോടുകളും പുനരുദ്ധരിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം കൂട്ടിനുണ്ടെങ്കിലും ജനകീയ കൂട്ടായ്മയാണ് പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കുന്നത്. നദികള്‍ ശുദ്ധീകരിക്കപ്പെട്ടപ്പോള്‍ അതിനുചുറ്റുമുള്ള വയലുകളിലെല്ലാം വര്‍ഷങ്ങള്‍ക്ക് ശേഷം വിതയിറക്കി. നദിയുടെ ഓരങ്ങളില്‍ പ്രാദേശിക ജലടൂറിസം പദ്ധതി നടപ്പാക്കി. വിജയകരമായ നദീപുനരുദ്ധാരണത്തിന്റെ മോഡല്‍ ആണ് കോട്ടയം കേരളത്തിന് മുന്നിലേക്ക് വക്കുന്നത്”.

3000 ഏക്കറില്‍ കൃഷി

ജലവ്യൂഹങ്ങള്‍ വീണ്ടും ജീവിപ്പിച്ചപ്പോള്‍ ഇരുപതിലധികം വര്‍ഷങ്ങളായി തരിശുകിടന്നിരുന്ന വയലുകളും പുനരുജ്ജീവിച്ചു. 3000 ഏക്കര്‍ പാടശേഖരങ്ങളില്‍ ഇത്തവണ നെല്‍വിത്തുകള്‍ വിതച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോട്ടയത്ത് മൊബിലിറ്റി ഹബ്ബ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് 250 ഏക്കര്‍ നെല്‍വയല്‍ നികത്തിക്കൊണ്ടായിരുന്നു. ഈ സ്ഥലവും ഇന്ന് കൃഷിഭൂമിയാണ്. വയല്‍ നികത്തി മൊബിലിറ്റി ഹബ് നിര്‍മ്മിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുമ്പോഴാണ് ജനങ്ങള്‍ നദീസംയോജന പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങുന്നത്. ഈരയില്‍ കടവിലേയും മുപ്പായിക്കാട്ടെയും ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലുള്ള നെല്‍വയലുകള്‍ നികത്തുമെന്ന തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാരിന് മുകളില്‍ ജനങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍ വയല്‍ നികത്തുന്നതിന് നല്‍കിയ അനുമതി ജില്ലാ കളക്ടര്‍ റദ്ദാക്കി. എന്നാല്‍ പ്രതിസന്ധികള്‍ അവിടെയും തീര്‍ന്നില്ല. സ്ഥലമുടമകള്‍ കൃഷിയിറക്കാന്‍ തയ്യാറായിരുന്നില്ല. കൃഷി വകുപ്പ് ഉടമകള്‍ക്കെല്ലാം കത്ത് നല്‍കി. എന്നാല്‍ കൃഷിയിറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ച് നിന്നു. പിന്നീട് കൃഷിവകുപ്പ് കര്‍ഷകരെ തേടി. ഈ ഭൂമിയില്‍ കൃഷിയിറക്കാന്‍ താത്പര്യമുള്ള കര്‍ഷകരെ അന്വേഷിച്ച് അറിയിപ്പ് നല്‍കി. കര്‍ഷകര്‍ വന്നു. അവര്‍ക്ക് വേണ്ട സഹായം കൃഷി വകുപ്പ് നല്‍കി. കാട് പിടിച്ചു കിടന്ന 250 ഏക്കര്‍ വയല്‍ കൃഷി ചെയ്യാന്‍ പാകത്തിന് ഒരുക്കി. മുവ്വായിരം എക്കറും ഇത്തരത്തില്‍ ഒരുക്കിയെടുക്കാന്‍ മുന്നിട്ടിറങ്ങിയത് ജനകീയക്കൂട്ടായ്മ തന്നെയാണ്. വൈദ്യുതി കണക്ഷനുകള്‍ അടിയന്തിരമായി അനുവദിച്ച് വൈദ്യുതി വകുപ്പും കൂട്ടത്തില്‍ കൃഷി, ജലസേചന വകുപ്പുകളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ തരിശു നിലങ്ങളെല്ലാം നെല്‍പാടങ്ങളായി മാറി. മന്ത്രി വി എസ് സുനില്‍കുമാര്‍ എത്തിയാണ് പാടശേഖരങ്ങളില്‍ നെല്ല് വിതയ്ക്ക് തുടക്കം കുറിച്ചത്.

ഇനി ഇവരുടെ കാത്തിരിപ്പ് നൂറ് മേനി വിളവിനായാണ്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍